കുഴിച്ചെടുക്കുന്ന കേരളം
ഉമ്മൻ ചാണ്ടി സർക്കാരിന്റെ പാറമട പ്രണയം പ്രശസ്തമാണ്. സർക്കാരിന് ലഭിക്കേണ്ട കോടിക്കണക്കിനു രൂപയുടെ റോയൽറ്റി നേതാക്കളുടെ കീശയിലെത്തുന്പോൾ സംഭവിക്കുന്ന സാന്പത്തികാഘാതത്തിനു പുറമേ, അതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതവും ചെറുതല്ല.
പശ്ചിമഘട്ടമേലയിലെ മലയോരകർഷകന്റെ ലേബലിൽ കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരേയും ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെയുമൊക്കെ പാതിരിമാരുടെ ചെലവിൽ കർഷകനെ തെറ്റിദ്ധരിപ്പിച്ച് കുറെപ്പേർ പടപൊരുതിയതിന്റെ രഹസ്യം കുടികൊള്ളുന്നത് അവിടുത്തെ ചില പാറമടകളിലാണ്. വെറും പാറമടകളല്ല. മാഫിയകളായി വളരുകയും ഒരു നാടിനെ കൊള്ളയടിക്കുകയും വരാനിരിക്കുന്ന തലമുറകളുടെ ജീവിതം കുഴിതോണ്ടുകയും പാരിസ്ഥികാഘാതം വരുത്തിവെയ്ക്കുകയും ചെയ്യുന്ന മാഫിയകളാണ് അവ. കസ്തൂരിരംഗൻ റിപ്പോർട്ട് വിരുദ്ധ സമരത്തിന് ചുക്കാൻ പിടിച്ചവർക്ക് പണമൊഴുകിയത് ഈ മാഫിയകളിൽ നിന്നായിരുന്നു. കർഷകന്റെ ഭൂമിസംരക്ഷണത്തിനെന്നോണം അവർക്കൊപ്പം ചേർന്ന് മുറവിളി കൂട്ടിയ രാഷ്ട്രീയക്കാരുടെ കണ്ണ് പതിഞ്ഞിരുന്നതും ഈ പാറമടക്കാരുടെ കോടികളുെട ബിസിനസുകളുടെ പങ്കുപറ്റലിലായിരുന്നുവെന്നതാണ് വാസ്തവം.
സംശയമുണ്ടെങ്കിൽ ഇടുക്കിയിലെ ചതുരംഗപ്പാറയിലേയ്ക്ക് പോകുക. ഇടുക്കിയിലെ ചതുരരംഗപ്പാറ കാർഡമം ഹിൽ റിസർവ്വ് വനപ്രദേശത്താണ് നിലകൊള്ളുന്നത്. കൃഷി ആവശ്യങ്ങൾക്കാണ് ഇവിടങ്ങളിലെ ഭൂമി സർക്കാർ ആളുകൾക്ക് പതിച്ചുകൊടുക്കുന്നത്. സർക്കാർ ഏലപ്പാട്ടവും ഏലപ്പട്ടയവും നൽകിയ ഈ വനപ്രദേശത്ത് ഇന്ന് 22 പാറമടകളാണ് പ്രവർത്തിക്കുന്നതെന്ന് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിൽ തന്നെ പറയുന്നുണ്ട്. അതിനകത്ത് തന്നെ സർക്കാർ പതിച്ചുകൊടുക്കാത്ത സർക്കാർ ഭൂമികളിൽ− ചിന്നക്കനാലിലേയ്ക്ക് പോകുന്ന വഴി− പ്രവർത്തിക്കുന്ന പാറമടകളുടെ വിവരങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സർക്കാർ ഭൂമി കയ്യേറി നടക്കുന്ന പാറഖനനങ്ങൾക്കെതിരെ യാതൊരു നടപടികളും ഇതുവരേയ്ക്കും ഉണ്ടായിട്ടുമില്ല. പോരാത്തതിന് ഉമ്മൻ ചാണ്ടി സർക്കാർ അവരെ വളർത്തി വലുതാക്കാൻ വേണ്ട എല്ലാ സഹായങ്ങളും കനിഞ്ഞു നൽകുന്നുമുണ്ട്.
കേരളത്തിൽ ലൈസൻസ് നൽകപ്പെട്ട 4100ത്തോളം പാറമടകളിൽ 2146 പാറമടകൾക്കും ലൈസൻസ് നൽകപ്പെട്ടത് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നശേഷമാണെന്നത് മാത്രം മതി പാറമട ലോബിയുടെ പിടിയിലാണ് സർക്കാർ എന്നു തെളിയിക്കാൻ! ഇതിനു പുറമേയാണ് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും ചെയർമാൻ ഡോക്ടർ എ.ഇ മുത്തുനായകം അഭിപ്രായഭിന്നതകളെ തുടർന്ന് 2013 സപ്തംബറിൽ രാജിവെച്ചൊഴിഞ്ഞശേഷം 2013 ഒക്‌ടോബറിൽ പരിസ്ഥിതി കാലാവസ്ഥാ ഡയറക്ടർ പി. ശ്രീകണ്ഠൻ നായർ ഡയറക്ടറായിരിക്കേ 17 പാറമടകൾക്ക് ഒറ്റയടിക്ക് ലൈസൻസ് നൽകാനുള്ള തീരുമാനമെടുത്തതും അത് വിവാദമായതുമൊക്കെ ഈ 17 പാറമടകളും ഒരേ ഏജൻസി വഴിയാണ് അനുമതി നേടിയെടുത്തതെന്നത് അതിന്റെ പിന്നിലെ കളികൾ കൂടുതൽ വെളിപ്പെടുത്തുകയും ചെയ്തു. എന്തു പറഞ്ഞാലും ഉളുപ്പില്ലാതെ തെളിവു കൊണ്ടുവരൂ എന്ന് പറഞ്ഞൊഴിയുന്ന ചാണ്ടിയ്ക്കും കൂട്ടർക്കും പാറമടയെന്നുെവച്ചാൽ ജീവന്റെ ജീവനാണെന്ന് വ്യക്തം. അതിനിടെ ഉപേക്ഷിക്കപ്പെട്ട പാറമടകളിൽ വീണ് മരണപ്പെട്ടവരുടെ എണ്ണം കേരളത്തിൽ ആയിരത്തിനുമേലെയെത്തിയിരിക്കുന്നു; ഉപക്ഷേിക്കപ്പെട്ട പാറമടകൾ മണ്ണിട്ട് മൂടണമെന്ന നിബന്ധനകൾ ഇവിടെ കാറ്റിൽ പറത്തപ്പെട്ടിരിക്കുന്നു.
പാറ എന്ന വിഭവം രണ്ടു തരത്തിലാണുള്ളത്.− സർക്കാരിന്റെ സ്ഥലത്തുള്ള പാറയും സ്വകാര്യ ഭൂമിയിലുള്ള പാറയും. സർക്കാർ ഭൂമിയിലുള്ള പാറയുടെ ഉടമസ്ഥാവകാശം സർക്കാരിനാണെന്നും സ്വകാര്യഭൂമിയിലുള്ള പാറകളുടെ ഉടമസ്ഥാവകാശം സ്വകാര്യഭൂവുടമകൾക്കാണെന്നും കേരളം അതിനെതിരായി കൊടുത്ത കേസ്സിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ രണ്ടായാലും സർക്കാരിന് പാറമടകളിൽ നിന്നുള്ള ഖനനത്തിന്റെ റോയൽറ്റിക്ക് അവകാശമുണ്ട്. പക്ഷേ നാമമാത്രമായ തുക മാത്രമാണ് ഇപ്പോൾ റോയൽറ്റിയായി സർക്കാർ ഈടാക്കുന്നത്. ‘’പാറയുടെ വിലയുടെ പത്തിലൊന്നോ നൂറിലൊന്നോ ഒക്കെയാണ് ഇപ്പോൾ റോയൽറ്റിയായി പാറ ഖനനക്കാർ സർക്കാരിന് നൽകി വരുന്നത്. 16 രൂപയാണ് ടണ്ണിന് റോയൽറ്റി ഈടാക്കുന്നത്. 2009 വരെ ഈ റോയൽറ്റി നൽകേണ്ടത് അതിന്റെ ടണ്ണേജ് കണക്കാക്കിക്കൊണ്ടായിരുന്നു. എന്നാൽ 2009−ൽ ഏകോപിത റോയൽറ്റി സംവിധാനം കൊണ്ടു വന്നു. അങ്ങനെ വന്നപ്പോൾ 10 സെന്റ് മുതൽ 20 സെന്റ് വരെയുള്ള നിശ്ചിത സ്ഥലത്ത് താൽക്കാലിക പാറമട ഖനന പെർമിറ്റുകൾ വാങ്ങിച്ചിട്ട് ആ സ്ഥലത്തുള്ള പാറ ഖനനം ചെയ്യുന്നതിന് ഒരു നിശ്ചിത തുക അടച്ചാൽ മതിയെന്ന് വന്നു. യഥാർത്ഥത്തിൽ കൊടുക്കേണ്ടതിന്റെ പത്തിലൊന്നോ നൂറിലൊന്നോ ഒക്കെ മാത്രമേ ഇങ്ങനെ വരുന്പോൾ പാറമട ഉടമകൾക്ക് സർക്കാരിലേയ്ക്ക് റോയൽറ്റി കൊടുക്കേണ്ടതായി വരുന്നുള്ളു,’’ വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടനയുടെ പ്രവർത്തകനായ അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ പറയുന്നു. എന്നാൽ 12 ഏക്കർ സ്ഥലത്തെ പാറ പൊട്ടിച്ചു കഴിഞ്ഞാൽ 50 കോടി രൂപയോളം പാറമട ഉടമയ്ക്ക് ലഭ്യമാകുമെന്നിരിക്കേയാണിത്.
നിലവിലുള്ള നിയമം അനുസരിച്ച്− കേരള മൈനർ മിനറൽ കൺസഷൻസ് റൂൾസ് 1967− പ്രകാരം ആണ് കേരളത്തിൽ പാറഖനനം അനുവദിക്കാനാകുന്നത്. സർക്കാർ ഭൂമി ദീർഘകാലത്തേയ്ക്കുള്ള ലീസ് അടിസ്ഥാനത്തിലും സ്വകാര്യഭൂമിയിൽ ഒരു വർഷത്തേയ്ക്കുള്ള താൽക്കാലിക ലൈസൻസും വഴിയാണ് ഇന്ന് പാറഖനനം അനുവദിച്ചിട്ടുള്ളത്. 20 അടി ആഴത്തിൽ (6 മീറ്റർ) മാത്രമേ പാറ ഖനനം അനുവദിക്കാവൂ എന്നാണ് സർക്കാർ ചട്ടമെങ്കിലും അതിന്റെ പത്തിരട്ടിയെങ്കിലും കേരളത്തിലെ പാറമടകളിൽ ഇന്ന് ഖനനം നടക്കുന്നുണ്ടെന്നാണ് വസ്തുത. ആറു മീറ്ററിലധികം താഴ്ചയിൽ ഖനനം നടത്തണമെങ്കിൽ കേന്ദ്ര മൈനിങിങ് ഡിപ്പാർട്ട്‌മെന്റിന്റെ അനുവാദം ആവശ്യമാണെന്ന വ്യവസ്ഥ പാടേ ലംഘിച്ചാണ് ഖനനം ഇവിടെ നിർബാധം തുടർന്നുവരുന്നത്. പടിപടിയായി മാത്രമേ ഓരോ ഘട്ടം ഘട്ടമായി ആറു മീറ്റർ വരെയുള്ള ഖനനം പാടുള്ളുവെന്നാണ് നിയമം പറയുന്നതെങ്കിലും കേരളത്തിലെ പാറമടകളിൽ ആദ്യഘട്ടത്തിൽ തന്നെ ആറു മീറ്റർ പൊട്ടിച്ചുകൊണ്ടാണ് പാറപൊട്ടിക്കൽ ആരംഭിക്കുന്നതു തന്നെ. ആർക്കും എവിടേയും സ്വന്തമായി ഡൈനാമിറ്റ് വച്ച് പാറപൊട്ടിച്ചെടുക്കാമെന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നിരിക്കേ, കേരളത്തിൽ ആകെ എത്ര പാറമടകളുണ്ടെന്ന കാര്യത്തിൽ സർക്കാരിന്റെ കൈയിൽ ഇന്ന് വ്യക്തമായ ഒരു കണക്കുമില്ല; നിയന്ത്രണ അതോറിട്ടിയുമില്ല. റവന്യൂ ഡിപ്പാർട്ട്‌മെന്റിന്റെ അനുമതിയോടെ ഭൂമിയുടെ സ്‌കെച്ച് കൊണ്ടുവന്നാൽ ജിയോളജിസ്റ്റാണ് ഒരു പ്രദേശത്ത് 1967−ലെ ചട്ടപ്രകാരം പാറമടയ്ക്ക് അനുമതി നൽകേണ്ടത്. അനുമതി വാങ്ങാതെ പൊട്ടിച്ചാൽ തന്നെയും 5000 രൂപ പിഴയും പൊട്ടിച്ച പാറയുടെ റോയൽറ്റിയും അടച്ചാൽ ഒരാൾക്ക് കേസ്സിൽ നിന്നും ഊരിപ്പോരുകയുമാകാം. കേരളത്തിലെ ഒട്ടുമിക്ക പാറമടക്കാരും 5000 രൂപ പിഴയൊടുക്കിയിട്ടുള്ളവരാണെന്നിരിക്കേ, എത്ര ശുഷ്‌കമാണ് ഈ നിയമമെന്ന് വ്യക്തമാകും. 5000 രൂപ പിഴ വേണമെങ്കിലും എല്ലാ ദിവസവും ഒടുക്കാൻ അവർ തയ്യാറാണ്. അത്രയ്ക്ക് ലാഭമാണ് ഓരോ മടയിൽ നിന്നും അവർ ഉണ്ടാക്കുന്നത്. ഹൈക്കോടതിയിൽ എത്തിയിട്ടുള്ള എല്ലാ കേസ്സുകളിലും 5000 രൂപ പിഴയൊടുക്കിയും പൊട്ടിച്ച ഭാഗം അധികൃതമാക്കി മാറ്റുകയും ചെയ്യുകയാണ് ചെയ്തിട്ടുള്ളത്. പിടിക്കപ്പെടുന്ന ദിവസം 5000 രൂപ പിഴയും പൊട്ടിച്ചെടുത്ത പാറയുടെ റോയൽറ്റിയും കൊടുത്ത് നിസ്സാരമായി കേസ്സിൽ നിന്നും ഊരിപ്പോരുന്ന അവസ്ഥയാണ് ഇന്നുള്ളത്.
നേരത്തെ കേരള മൈനർ മിനറൽ കൺസഷൻസ് ചട്ടം വ്യവസായ വകുപ്പിന് കീഴിലായിരുന്നെങ്കിലും പിന്നീടത് മൈനിങ് ആന്റ് ജിയോളജി വകുപ്പിന് കീഴിലാക്കി മാറ്റുകയായിരുന്നു. അത് റവന്യൂ വകുപ്പിന്റെ കീഴിലായതിനാൽ നിയന്ത്രണം ഉണ്ടായിരുന്നു. സർക്കാർ ഭൂമിയിലാണോ വനഭൂമിയാണോ പുറന്പോക്ക് ഭൂമിയിലാണോ റവന്യൂ ഭൂമിയിലാണോ ഖനനം നടക്കുന്നതെന്ന് അറിയാനുള്ള സാധ്യത അന്നുണ്ടായിരുന്നു. ഇപ്പോൾ വീണ്ടുമത് വ്യവസായ വകുപ്പിന് കീഴിലേയ്ക്ക് തന്നെ മാറ്റിയിരിക്കുകയാണ്. അതുമൂലം ഇപ്പോൾ വേണമെങ്കിൽ വനഭൂമിയ്ക്ക് അകത്തും റവന്യൂ ഭൂമിയിലും സർക്കാർ പുറന്പോക്ക് ഭൂമിയിലുമൊക്കെ ആ വകുപ്പുകൾ അറിയാതെ തന്നെ സ്വകാര്യവ്യക്തികൾക്ക് പാറമടകൾക്ക് അനുമതി ലഭിക്കും. സർക്കാർ ലൈസൻസ് നൽകിയതായി 4100 ഓളം പാറമടകളാണ് ഇന്നുള്ളതെന്നിരിക്കേ, അവയിൽ നിന്നും ലഭിക്കുന്ന റോയൽറ്റി അവയുടെ യഥാർത്ഥ ഉൽപ്പാദനത്തിന്റെ വളരെക്കുറച്ചു മാത്രമേ വരുകയുള്ളുവെന്നതാണ് വാസ്തവം. അതായത് പ്രതിവർഷം ഇപ്പറഞ്ഞ പാറമടകളിൽ നിന്നു മാത്രം 800 കോടി രൂപയുടെ നഷ്ടം സർക്കാരിനുണ്ടാകുന്നുണ്ട്. ഇതിനു പുറമേയാണ് അനധികൃതമായി നടത്തുന്ന പാറമടകളുടെ അവസ്ഥ. മൂന്നു മാസങ്ങൾക്കു മുന്പ് ബയോഡൈവേഴ്‌സിറ്റി ബോർഡ് അനധികൃത പാറമടകളെപ്പറ്റി നടത്തിയ അനൗദ്യോഗിക കണക്കെടുപ്പിൽ 1800 പാറമടകൾ പഞ്ചായത്തിന്റേയോ മൈനിങ് വകുപ്പിന്റെ അനുമതിയോ കൂടാതെ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കൃത്യമായി കണക്കെടുക്കുകയാണെങ്കിൽ പ്രതിവർഷം പാറമടകളിൽ നിന്നുള്ള റോയൽറ്റി ഇനത്തിൽ മാത്രം 1500 കോടി രൂപയോളം സർക്കാരിന് ലഭിക്കുമെന്നിരിക്കേയാണ് അത് ഇത്തരത്തിൽ കളഞ്ഞുകുളിക്കപ്പെടുന്നത്.
നിലവിലുള്ള 1967−ലെ കേരളാ മൈനർ മിനറൽ കൺസഷൻ റൂളും ഇപ്പോഴത്തെ സാഹചര്യത്തിൽ അസ്ഥാനത്താണ്. 1986−ൽ ദേശീയ പരിസ്ഥിതി സംരക്ഷണ നിയമം ഉണ്ടാക്കിയിട്ടും ആ നിയമത്തെ കാലത്തിനനുസരിച്ച് മാറ്റി മനഷ്യത്വപരമായി സമീപിക്കാൻ കഴിഞ്ഞിട്ടില്ല. 50 മീറ്ററാണ് തൊട്ടടുത്ത വീടുകളിൽ നിന്നും ഈ നിയമപ്രകാരം പാറമടകളിലേയ്ക്കുള്ള മിനിമം ദൂരം. 1967−ൽ യന്ത്രാധിഷ്ഠിത ഖനനം നിലവിലില്ലാതിരുന്ന കാലയളവിൽ രൂപപ്പെടുത്തിയ ഈ നിയമത്തിന്റെ പിൻബലത്തിൽ ജനസാന്ദ്രത ഏറെയുള്ള കേരളത്തിൽ പാറമടക്കാർ മൂലം പരിസരപ്രദേശങ്ങളിൽ പ്രദേശവാസികൾക്ക് ജീവിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഈ നിയമം അപ്രായോഗികമാണെന്നു കാട്ടി നിയമസഭാ പരിസ്ഥിതി കമ്മിറ്റിക്കു മുന്നിൽ പരാതി നൽകിയപ്പോഴാകട്ടെ ക്വാറി ഉൽപ്പന്നങ്ങളുടെ വർദ്ധിച്ച ഉപയോഗം മൂലം ദൂരപരിധിയിൽ മാറ്റം വരുത്താനാകില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. 2009−ൽ എളമരം കരീം വ്യവസായ മന്ത്രിയായിരിക്കുന്ന കാലയളവിലാകട്ടെ ജാക്ക് ഹാമർ പോലുള്ള കൂടുതൽ ശക്തിയായി പാറപൊട്ടിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള അനുവാദം കൂടി നൽകുന്ന വിധത്തിൽ നിയമം ഭേദഗതി ചെയ്തു നൽകുകയും ചെയ്തു. പരിസ്ഥിതി പ്രശ്‌നത്തേക്കാൾ പാറപൊട്ടിക്കലിന്റെ സുരക്ഷാ പ്രശ്‌നങ്ങൾ മൂലമുള്ള കേസ്സുകളാണ് ഇന്ന് പ്രധാനമായും വരുന്നതെന്നിരിക്കേ, പാറമടകളുടെ ദൂരപരിധി അടിയന്തരമായി 300 മീറ്ററായി മറ്റു സംസ്ഥാനങ്ങളിലേതു പോലെ ഉയർത്തേണ്ടത് അനിവാര്യമാണ്. പാറമടകളിൽ നിന്നും വീടുകളിലേയ്ക്കുള്ള ആകാശദൂരമാണ് അളക്കേണ്ടതെന്നിരിക്കേ, കേരളത്തിൽ പഞ്ചായത്ത് റോഡുകൾ വഴിയുള്ള ദൂരമളന്ന് പാറമടകൾക്ക് ലൈസൻസ് നൽകുന്നതാകട്ടെ പ്രദേശവാസികളുടെ ജീവിതം ദുരിതമയമാക്കുന്നു. പഞ്ചായത്ത് സെക്രട്ടറി നാട്ടുകാർക്ക് പ്രശ്‌നങ്ങളുണ്ടോയെന്ന് അന്തിമമായി പരിശോധിച്ചശേഷം മാത്രമേ അനുമതി നൽകാൻ പാടുള്ളുവെങ്കിലും സെക്രട്ടറി നാട്ടുകാരുടെ എതിർപ്പ് മുൻ നിർത്തി അനുമതി നിഷേധിച്ച കേസ്സുകൾ തുലോം തുച്ഛമാണ്.
2011 വരെ അഞ്ച് ഹെക്ടർ വരെയുള്ള ഖനനത്തിന് പരിസ്ഥിതി ആഘാത നിർണ്ണയ കമ്മിറ്റിയുടെ അനുമതി ആവശ്യമില്ലായിരുന്നു. അഞ്ചു മുതൽ 50 ഹെക്ടർ വരെയുള്ള ഖനനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ആഘാത സമിതിക്ക് അനുമതി നൽകാനുമാകും. 50 ഹെക്ടറിനു മുകളിൽ അനുമതി നൽകേണ്ടത് കേന്ദ്ര സർക്കാരിന്റെ മൈനിങ് ആന്റ് ജിയോളജി വകുപ്പാണ്. അഞ്ച് ഹെക്ടറിൽ താഴെയുള്ളവയ്ക്ക് പരിസ്ഥിതി അനുമതി ആവശ്യമില്ലാത്തതിനാൽ 4.99 ഹെക്ടറായി അപേക്ഷ ചുരുക്കിയെഴുതിക്കൊണ്ട് ഒരു ദിവസം 50 അപേക്ഷകൾ പോലും കേരളത്തിൽ നൽകപ്പെടുന്നുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ‘’ദീപക് കുമാറും ഹരിയാന സർക്കാരും തമ്മിലുള്ള കേസ്സിലെ സുപ്രീം കോടതി വിധിയെ അട്ടിമറിക്കുന്നതിനായി വിധിയിൽ ലീസ് നൽകുന്ന കാര്യമാണ് പറഞ്ഞിട്ടുള്ളതെന്നും തങ്ങൾ ഒരു വർഷത്തേക്കുള്ള ഖനന പെർമിറ്റ് ആണ് കൊടുക്കുന്നതെന്നും പറഞ്ഞ് കേരള സർക്കാർ ഉത്തരവിറക്കിയതിനാൽ കേരളത്തിൽ പ്രവർത്തിക്കുന്ന പാറമടകൾക്കൊന്നും തന്നെ ഇപ്പോൾ പരിസ്ഥിതി അനുമതി വേണ്ടാത്ത അവസ്ഥയാണുള്ളത്,’’ ഹരീഷ് പറയുന്നു.
ഉപേക്ഷിക്കപ്പെടുന്ന പാറമടകളിൽ മണ്ണിട്ട് നികത്തി പൂർവ്വസ്ഥിതിയിലാക്കണമെന്നും കൃഷിയോഗ്യമാക്കണമെന്നുമാണ് നിയമമെങ്കിലും കേരളത്തിൽ ഇത് പൂർണ്ണമായും ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഉപേക്ഷിക്കപ്പെട്ട പാറമടകളിൽ വീണ് മരിക്കുന്നവരുടെ എണ്ണം കേരളത്തിൽ ഇന്ന് വർദ്ധിച്ചിരിക്കുന്നു. ഇതുവരെ ആയിരത്തിലധികം പേർ ഇത്തരം പാറമടകളിൽ ദുരന്തങ്ങളിൽപ്പെട്ട് മരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. അതിൽ തന്നെ 2000−2007 വരെയുള്ള കാലയളവിൽ മരിച്ചവരുടെ എണ്ണം 257 ആണെന്നിരിക്കേ ഏതാണ്ട് 780−ൽ അധികം മരണങ്ങൾ നടന്നത് കഴിഞ്ഞ ആറു വർഷത്തിനിടയിൽ മാത്രമാണ്. കേരളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 8000−ത്തോളം പാറമടകൾ ഉണ്ടെന്നിരിക്കേ, അവ ഉണ്ടാക്കാനിടയുള്ള അപകടങ്ങളും വളരെ വലുതാണ്. ഇതിനെല്ലാം പുറമേയാണ് പാറമടകൾ മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും. പക്ഷേ ഇവയ്‌ക്കെല്ലാം നേരെ കണ്ണടച്ചുകൊണ്ട്, പാറമട ലോബികൾക്കായി കണ്ണും കാതും തുറന്നുവച്ചിരിക്കുകയാണ് സർക്കാർ. അവരുടെ കാതുകളിൽ ആ പരിദേവനങ്ങളൊന്നും തന്നെ വീഴാനിടയില്ല താനും. പണത്തിനു മീതെ ഇവിടെ ഏത് പരുന്ത് പറക്കും?
ജെ. ബിന്ദുരാജ്