ഉട്ടോപ്യയിലെ രാജാവും കുറെ കഴുതകളും !!


ജനങ്ങളെ എന്നും എപ്പോഴും പ്രതീക്ഷകളിലും സ്വപ്‌നങ്ങളിലും ജീവിപ്പിക്കാൻ രാഷ്ട്രീയ നേതാക്കന്മാരോളം കഴിവുള്ളവർ വേറെ ഉണ്ടാകില്ല. ഗരീബി ഹഠാവോ മുതൽ അച്ഛാദിൻ വരെ നീളുന്നു അത്. കേരളത്തിലാണെങ്കിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇഷ്ട വാചകം കാലങ്ങളായി നാടിന്റെ അടിസ്ഥാന സൗകര്യവികസനമാണ്. സംസ്ഥാന ഖജനാവിൽ നയാപൈസയില്ലെങ്കിലും ഈ ഉട്ടോപ്യയിലെ രാജാവ് എപ്പോഴും വലിയ സ്വപ്‌നങ്ങൾ കണ്ടുകൊണ്ടിരിക്കുകയും ഒരു പവർ പോയിന്റ് പ്രസന്റേഷൻ പോലെ പ്രസംഗങ്ങളിലൂടെ ജനങ്ങളുടെ മനസ്സിലും അതെല്ലാം വാരിവിതറുകയും ചെയ്യും. അക്കാര്യത്തിൽ ചാണ്ടിയോളം ഭാവനാസന്പന്നനായ മറ്റൊരു മുഖ്യമന്ത്രി കേരളം മുന്പൊരിക്കലും കണ്ടിട്ടില്ലെന്നതും വാസ്തവം. ഏതാണ്ട് ആറേഴ് മാസം മുന്പുവരെ ചാണ്ടിയുടെ തകർപ്പൻ പരസ്യ പ്രചാരണം മിഷൻ 676 എന്നതായിരുന്നു. നിയമസഭാ തെരഞ്ഞടുപ്പിനു മുന്പ് ബാക്കിയുള്ള ദിനങ്ങളിൽ ചെയ്യാൻ പോകുന്ന വികസനപദ്ധതികളായിരുന്നുവത്രേ അതിലെ പ്രതിപാദ്യ വിഷയം. പക്ഷേ ഇപ്പോൾ അതേപ്പറ്റി ആരും കമാ എന്നൊരക്ഷരം പോലും പറയുന്നില്ല. അതിനർത്ഥം പകൽ പോലെ വ്യക്തമാണ്− അടിസ്ഥാന സൗകര്യവികസനത്തിനൊന്നും ചെലവാക്കാൻ സർക്കാരിന്റെ കൈയിൽ ഇപ്പോൾ പണമില്ല. ഉട്ടോപ്യയിലെ രാജാവ് ജനങ്ങളെ അക്ഷരാർത്ഥത്തിൽ കഴുതകളാക്കിയിരിക്കുന്നു. 

ഈ പ്രതിസന്ധിയുടെ ആഴം കഴിഞ്ഞ വർഷം തന്നെ ബോധ്യപ്പെട്ടു തുടങ്ങിയിരുന്നതാണ്. പക്ഷേ ബാർ കോഴയും സരിതയുമൊക്കെയായി മാധ്യമങ്ങൾ ആറാടിക്കൊണ്ടിരുന്നതിനാൽ ആരും തന്നെ അതൊന്നും അത്ര കാര്യമാക്കിയില്ല. 2014 സപ്തംബർ 17−ന് ചേർന്ന മന്ത്രിസഭായോഗത്തിൽ സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നും ഉടനടി പുതിയ നികുതിമാർഗ്ഗങ്ങളിലൂടെ അധികവരുമാനം സൃഷ്ടിച്ചില്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാകുമെന്നുമുള്ള സത്യം മുഖ്യമന്ത്രി മന്ത്രിമാർക്കു മുന്നിൽ വെളിപ്പെടുത്തിയിരുന്നതാണ്. തോന്നിയപോലെ പദ്ധതികൾ പ്രഖ്യാപിച്ച് ധനവ്യയം വർധിപ്പിച്ചത് മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലി കൊണ്ടാണെന്ന ആക്ഷേപം ശക്തിപ്പെട്ട സമയത്തായിരുന്നു ആ യോഗം. സ്മാർട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം പോലുള്ള കാലങ്ങളായി പറഞ്ഞുപോരുന്ന ചില കാര്യങ്ങൾ യാഥാർത്ഥ്യത്തോട് ഏതാണ്ട് കൊണ്ട് അടുപ്പിക്കുന്നതിനപ്പുറം മിഷൻ 676 ഒന്നും ഈ ഭരണകാലയളവിൽ യാഥാർത്ഥ്യമാകാൻ പോകുന്നില്ലെന്ന ബോധോദയം ആ യോഗത്തിൽ ഉണ്ടായെന്നാണ് പൊതുസംസാരം.   

അതായത് കരികറുത്ത, മിനുമിനുത്ത ടാറടിച്ച റോഡുകളും ട്രാഫിക് കുരുക്ക് ഒഴിവാക്കാൻ പദ്ധതിയിട്ട പുതിയ ഫ്‌ളൈ ഓവറുകളുമൊക്കെ സ്വപ്നങ്ങളായി തന്നെ തുടരുമെന്നർത്ഥം. സംസ്ഥാനത്ത് നടന്നുവന്നിരുന്ന പൊതുമരാമത്ത് ജോലികൾ പലതും ഒച്ചിഴയും പോലെ മാത്രം നീങ്ങും. പൊതുമരാമത്ത് വകുപ്പിൽ നടന്നുവരുന്ന മൊത്തം 14,500 കോടി രൂപയുടെ പദ്ധതികളിൽ പാതിയും എങ്ങുമെത്തില്ല.  മിഷൻ 676−ന്റെ ഭാഗമായ സ്പീഡ് കേരളയിലെ 6000 കോടി രൂപയുടെ പദ്ധതികളും നവരത്‌ന പദ്ധതികളും മറ്റ് പ്രധാനപ്പെട്ട പദ്ധതികളുമൊക്കെയായി 12,000 കോടി രൂപയുടെ പദ്ധതികളും ആ ഇഴച്ചിലിൽ അകപ്പെടും. ഇതിനു പുറമേ 12,000 കോടി രൂപയ്ക്കുമേലുള്ള പദ്ധതി നിർദ്ദേശങ്ങളുടെ അവസ്ഥയും തഥൈവ! സ്പീഡ് കേരള പദ്ധതി പ്രകാരം കേരളത്തിൽ പ്രഖ്യാപിക്കപ്പെട്ട 23 പദ്ധതികൾക്ക് 2013 ജൂണിലാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിന്റെ ഒന്നാം ഘട്ടത്തിൽ അനുമതി നൽകപ്പെട്ട പത്ത് പദ്ധതികളും ധനപ്രതിസന്ധി മൂലം ഇഴഞ്ഞു നീങ്ങുകയാണിപ്പോൾ. 108 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഇടപ്പള്ളി ഫ്‌ളൈഓവർ, 72.6 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പാലാരിവട്ടം ഫ്‌ളൈഓവർ, 145 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന കോഴിക്കോട് ബൈപാസ്, 109 കോടി രൂപ ചെലവുള്ള വൈറ്റില ഫ്‌ളൈഓവർ, 80 കോടി രൂപ ചെലവുള്ള കുണ്ടന്നൂർ ഫ്‌ളൈഓവർ, 268 കോടി രൂപയുടെ കൊല്ലം ബൈപാസ്, 256 കോടി രൂപയുടെ ആലപ്പുഴ ബൈപാസ്, 21 കോടി രൂപയുടെ എടപ്പാൾ ഫ്‌ളൈഓവർ തുടങ്ങി പത്ത് പദ്ധതികളുടേയും അവസ്ഥ മരവിച്ചിരിക്കുന്നു. ഈ പദ്ധതികൾക്കെല്ലാം ആവശ്യമായ തുക കേരളാ റോഡ് ഫണ്ട് ബോർഡ് വഴി നൽകുമെന്നായിരുന്നു സർക്കാർ ഉത്തരവായതെങ്കിലും ഇതിനൊന്നും ആവശ്യമായ തുക ഇതുവരെയും സർക്കാരിന് ലഭ്യമാക്കാനായിട്ടില്ല. റോഡ് ഫണ്ട് ബോർഡിനാകട്ടെ കഴിഞ്ഞ മൂന്നു വർഷമായി റോഡ് നികുതിയിനത്തിൽ നിന്നും ലഭിക്കേണ്ട 500 കോടി രൂപയോളം സർക്കാർ ഇനിയും നൽകിയിട്ടുമില്ല. ആകെ ഖജനാവിൽ നിന്നും ലഭിച്ചത് ഇടപ്പള്ളി ഫ്‌ളൈഓവറിനുള്ള 25 കോടി രൂപ മാത്രം. മിഷൻ 676−ൽ ഉൾപ്പെടുത്തിയിരുന്ന മോണോറെയിൽ പദ്ധതിയുടെ കാര്യവും തഥൈവ തന്നെ. നവരത്‌ന പദ്ധതിയായി പ്ലാൻ ചെയ്ത തിരുവനന്തപുരം കോഴിക്കോട് മോണോറെയിൽ പദ്ധതിക്ക് യഥാക്രമം 3590 കോടി രൂപയും 1991 കോടി രൂപയുമാണ് പദ്ധതിയിട്ടത്. എന്നാൽ ഒരേയൊരു കന്പനി മാത്രമാണ് ടെണ്ടർ നൽകിയതെന്നതിനാലും കന്പനി വളരെ കൂടിയ തുകയാണ് ക്വാട്ട് ചെയ്തതെന്നതിനാലും ടെണ്ടർ നിരസിക്കുകയും ലൈറ്റ് മെട്രോ പോലൊരു പദ്ധതി മതിയെന്ന് തീരുമാനിക്കുകയും ചെയ്തതിനാൽ ആ പദ്ധതിയും  മുന്നോട്ടുപോകാനുള്ള സാധ്യതകളില്ല. പദ്ധതി റിപ്പോർട്ടും കാബിനറ്റിന്റെ അംഗീകാരവുമൊക്കെയായി വരുന്പോൾ ഈ സർക്കാർ അധികാരത്തിൽ നിന്നിറങ്ങിയാലും അത് എങ്ങുമെത്തില്ല. ഡി.എം.ആർ. സിയാകട്ടെ അത് തിരിച്ചറിഞ്ഞ് കോഴിക്കോട്ടെ മോണോറെയിൽ ഓഫീസ് രണ്ടാഴ്ച മുന്പ് ഒഴിയുകയും ചെയ്തിരിക്കുന്നു.

ദേശീയപാതാ വികസനവും മുടങ്ങിക്കിടക്കുകയാണിപ്പോൾ. സംസ്ഥാനത്തെ 350 കിലോമീറ്റർ ദേശീയ പാത വികസിപ്പിക്കാനും 4800 കിലോമീറ്റർ പൊതമരാമത്ത് റോഡിന്റെ ഉപരിതലം പുതുക്കുന്നതിനും പദ്ധതിയിട്ടിരുന്നുവെങ്കിൽ സാന്പത്തികപ്രതിസന്ധിയിൽ തട്ടി അതും മുടങ്ങിയിരിക്കുന്നു. ചേർത്തല മുതൽ കഴക്കൂട്ടം വരെയുള്ള 170 കിലോമീറ്റർ പാത ആറുവരിയാക്കാൻ നിശ്ചയിച്ചിരുന്നുവെങ്കിലും 30 മീറ്റർ സ്ഥലം മാത്രമാണ് പാതയ്ക്കായി ഏറ്റെടുത്തതെന്നതിനാൽ 45 മീറ്റർ വേണമെന്ന പുതിയ നിബന്ധനയുള്ളതിനാൽ അതും മുടങ്ങും. പദ്ധതി നടത്തിപ്പുകൾക്കാവശ്യമായ തുക റോഡ് ഫണ്ട് ബോർഡിന് സർക്കാർ ലഭ്യമാക്കാത്തപക്ഷം കരാറുകാർ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.  2403 കോടി രൂപ ചെലവിൽ ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കെ.എസ്.ടി.പി രണ്ടാം ഘട്ട പ്രവർത്തനങ്ങളും സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാരണം നമ്മുടെ വീതം പദ്ധതിയിലേക്ക് ഇട്ടാൽ മാത്രമേ ലോകബാങ്കിൽ നിന്നും അതിനനുസൃതമായുള്ള പണം നമുക്ക് ലഭിക്കുകയുള്ളു. 133 കോടി രൂപയുടെ കാസർകോഡ്−-കാഞ്ഞങ്ങാട് പാതയും 118 കോടി രൂപയുടെ പിലാത്തറ−-പാപ്പിനിശ്ശേരി പാതയും 234 കോടി രൂപയുടെ തലശ്ശേരി−വളവുപാറ പാതയും അതോടെ അനിശ്ചിതത്വത്തിലാകും. മൊത്തം 882 കോടി രൂപയുടെ കെ.എസ്.ടി. പിയുടെ രണ്ടാം ഘട്ട പദ്ധതികളായ പൊൻകുന്നം-−തൊടുപുഴ, പൊൻകുന്നം-−പുനലൂർ, പെരിന്പിലാവ്-−പെരിന്തൽമണ്ണ പാതകളും കുഴപ്പത്തിലേയ്ക്ക് തന്നെയാണ് പോകുന്നത്.  കുത്തുപാളയെടുത്തവന്റെ കൈയിൽ എവിടെ നിന്ന് പണം? ഇതിനു പുറമേ ഏതാണ്ട് 1700 കോടി രൂപയോളം പൊതുമരാമത്ത് കരാറുകാർക്കായി സർക്കാർ കൊടുത്തു തീർക്കാനുള്ളതായി ബാക്കിനിൽക്കുന്ന അവസ്ഥ വേറെയമുണ്ട്. കുറഞ്ഞപക്ഷം കുഴികളില്ലാത്ത റോഡുകളിലൂടെ സഞ്ചരിക്കാമെന്ന പ്രതീക്ഷയും അസ്ഥാനത്താകും. എറണാകുളം ജില്ലയിൽ 275 കിലോമീറ്റർ ദൂരത്തിൽ റോഡുകളിലെ കുഴിയടയ്ക്കുന്നതിന് വിഭാവനം ചെയ്ത പദ്ധതിയും താളം തെറ്റിയിരിക്കുന്നു. ആകെ ചെയ്യാനാകുന്നത് ചെറുകിട ജോലികൾ മാത്രം. 

സർക്കാർ ചെന്നുപെട്ടിരിക്കുന്ന വലിയ സാന്പത്തിക പ്രതിസന്ധി രണ്ടോ മൂന്നോ വർഷം കൊണ്ടുണ്ടായതല്ലെന്നതാണ് സത്യം. വർഷങ്ങളായി ദൈനംദിന ചെലവുകൾക്കായി കടമെടുക്കുകയും അതേസമയം നികുതി വരുമാനം കുറഞ്ഞുവരികയും ചെയ്തതിന്റെ പ്രത്യാഘാതമാണ് കേരളം ഇപ്പോൾ രൂഢമൂലമായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കടമെടുക്കുകയെന്നത് തെറ്റൊന്നുമല്ല. ബിസിനസ് വിപുലീകരിക്കാൻ കടമെടുക്കാതെ വ്യാപാരികൾക്കും ബിസിനസ്സുകാർക്കുമൊന്നും വേറെ മാർഗമില്ല. വിപുലീകരിക്കപ്പെട്ട ബിസിനസിൽ നിന്നു ലഭിക്കുന്ന ലാഭം കൊണ്ട് അവർ ആ കടം വീട്ടുകയും വീണ്ടും കടമെടുത്തു തന്നെ വീണ്ടും വിപുലീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും. പക്ഷേ കേരള സർക്കാരിന്റെ കാര്യം മറിച്ചാണ്. ദൈനംദിന ആവശ്യങ്ങൾക്കും പദ്ധതിച്ചെലവുകൾക്കുമായി സംസ്ഥാനം കടമെടുത്തുകൊണ്ടേയിരിക്കുന്നുവെന്നല്ലാതെ  തിരിച്ചടവ് ഉണ്ടാകുന്നതേയില്ല. പൊതുമേഖലാ സ്ഥാപനങ്ങൾക്കായി കടമെടുത്ത തുക മുഴുവൻ ഏതാണ്ട് വെള്ളത്തിലാണ്. കെടുകാര്യസ്ഥതയും അഴിമതിയും മൂലം കോടികളുടെ നഷ്ടമാണ് പലരും പേറുന്നത്. ഇതിനിടയ്ക്കാണ് ശന്പളം, പെൻഷൻ പോലുള്ള നിത്യനിദാന ചെലവുകൾക്കായി കേരളം വീണ്ടും കടമെടുപ്പ് തുടരേണ്ടി വരുന്നത്. വരവറിഞ്ഞ് ചെലവാക്കാത്ത, അടിസ്ഥാന സാന്പത്തികശാസ്ത്രം പോലുമറിയാതെ പ്രവർത്തിക്കുന്ന ലക്കുകെട്ട മദ്യപനെപ്പോലെ സർക്കാരുകൾ പ്രവർത്തിക്കുന്നതിന്റെ ഫലം ഇന്ന് 1,17,596 കോടി രൂപയിലെത്തി നിൽക്കുന്ന പൊതുകടത്തിലൂടെ നമ്മുടെ മുന്നിൽ അനാവൃതമാകുന്നുണ്ട്. 2011−12−ലെ കണക്കുപ്രകാരം കേരളത്തിലെ മൊത്തം റവന്യൂ വരുമാനത്തിന്റെ 16.56 ശതമാനത്തോളം കടമെടുപ്പിന്റെ പലിശച്ചെലവ് മാത്രമാണെന്നതാണ് വാസ്തവം. 

വ്യക്തമായ കണക്കെടുക്കാൻ മടിക്കുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്. നമ്മുടെ ഭരണച്ചെലവിന്റെ യഥാർത്ഥ കണക്കാണത്. കേരളം ഭരിക്കാൻ നമ്മുടെ മന്ത്രിമാർക്കും ഉദ്യോഗസ്ഥവൃന്ദത്തിനുമൊക്കെയായി മൊത്തം ചെലവിടുന്ന തുകയാണത്. ഏതാണ്ട് 60,000 കോടി രൂപയോളം മാത്രം റവന്യൂ വരൂമാനം പ്രതീക്ഷിക്കപ്പെടുകയും ചെലവുകൾ തോന്നിയപോലെ നിർവഹിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്ത് ഭരണച്ചെലവുകൾ അനുദിനം വർധിച്ചുവരുന്നതാകട്ടെ പ്രശ്‌നങ്ങൾ കൂടുതൽ രൂഢമൂലമാക്കുകയും ചെയ്യുന്നു. തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ ആളോഹരി റവന്യൂ ചെലവുകളിൽ കേരളമാണ് മറ്റ് മൂന്ന് സംസ്ഥാനങ്ങളേക്കാൾ മുന്നിൽ നിൽക്കുന്നതെന്നറിയുന്പോൾ തന്നെ കാര്യങ്ങളുടെ സ്ഥിതി വ്യക്തമാകുകയും ചെയ്യും. സെക്രട്ടറിയേറ്റും ജില്ലാ ഭരണകേന്ദ്രങ്ങളുമടക്കമുള്ള ഭരണചെലവിൽ കേരളത്തിലെ 2011−2012 കാലത്തെ ആളോഹരി റവന്യൂ ചെലവ് 1007.19 രൂപയാണെങ്കിൽ കേരളത്തേക്കാൾ വലിയ സംസ്ഥാനങ്ങളായ ആന്ധ്രയിൽ അത് 787.72 രൂപയും കർണാടകയിൽ 697.79 രൂപയും തമിഴ്‌നാട്ടിൽ അത് 882.95 രൂപയുമാണ്. പലിശയും തിരിച്ചടവിന്റേയും കാര്യത്തിലും പെൻഷന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേരളത്തിൽ മാത്രം ഭരണച്ചെലവ് കുത്തനെ ഉയർന്നുകൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാകും? ജീവനക്കാരുടെ ആനുകൂല്യങ്ങളിലും ശന്പളത്തിലുമുണ്ടാക്കുന്ന ക്രമാതീതമായ വർദ്ധനവും സെക്രട്ടറിയേറ്റ് പോലുള്ള ഭരണനിർവ്വഹണ സ്ഥാപനങ്ങളിലെ കെടുകാര്യസ്ഥതയും ആവശ്യമില്ലാത്ത തസ്തികകൾ നിർത്തലാക്കി ജീവനക്കാരെ പുനർവിന്യസിപ്പിക്കാൻ തീരുമാനമെടുത്ത് നടപ്പാക്കുന്നതിലുള്ള വൈമുഖ്യവുമൊക്കെയാണ് പ്രധാനമായും അതിനിടയാക്കുന്നത്. ധനകാര്യവകുപ്പിന്റെ കീഴിൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി സംസ്ഥാനത്ത് 30,000 അനാവശ്യ തസ്തികകളുണ്ടെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകുകയും ജീവനക്കാരുടെ പുനർവിന്യസത്തിനായി കാബിനറ്റിന്റെ അംഗീകാരത്തിന് ഒരു നിർദ്ദേശം നേരത്തെ സമർപ്പിച്ചുവെങ്കിലും സാന്പത്തിക പ്രതിസന്ധി പാരമ്യത്തിലെത്തിയശേഷം മാത്രമാണ് അതിൽ 9500 ജീവനക്കാരെയെങ്കിലും പുനർവിന്യസിപ്പിക്കാനുള്ള തീരുമാനം സർക്കാർ സ്വീകരിച്ചത്. 

നികുതിവെട്ടിപ്പിന്റെ കാര്യം പറയാതിരിക്കുകയാകും ഭേദം. ധനവകുപ്പ് കൈകാര്യം ചെയ്യുന്നവരടക്കം തുക്കടാ രാഷ്ട്രീയക്കാർ വരെ സർക്കാരിന്റെ നികുതി വരുമാനം പരമാവധി കുറച്ചുകൊണ്ടുവരുന്നതിൽ ആവുന്നത്ര സംഭാവന ചെയ്യുന്നുണ്ടെന്നത്രേ. മന്ത്രിയെ നേരിട്ടുകണ്ട് അഞ്ചു ലക്ഷം രൂപ വീശിയാലുടനെ തന്നെ കിട്ടും നികുതിപിരിച്ചെടുക്കുന്നതിന് ഒരു കോടി രൂപയ്ക്കു പോലും ഒരു സ്‌റ്റേ. ഇപ്പോൾ പക്ഷേ അതിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. വകുപ്പുമന്ത്രിയും ധനമന്ത്രിയും മുഖ്യമന്ത്രിയും തീരുമാനിച്ചാൽ മാത്രമേ ഇനി മുതൽ ഒരു ലക്ഷം രൂപയ്ക്കു മേലുള്ള തുക പിരിക്കുന്നതിന് ഇനി സ്‌റ്റേ അനുവദിക്കാനാകൂ. ഉപഭോഗത്തിന്റെ കാര്യത്തിൽ ഒന്നാമതാണ് കേരളമെങ്കിൽ ഉപഭോഗത്തിൽ നിന്നുള്ള മൂല്യവർദ്ധിത നികുതിയുടേയും ഉപഭോഗത്തിന്റേയും അനുപാതത്തിന്റെ (8.89 ശതമാനം) കാര്യത്തിൽ ഇന്ത്യയിൽ എട്ടാം സ്ഥാനത്താണ് കേരളം എന്നതാണ് ദയനീയം.  ഉപഭോഗത്തിന്റെ കാര്യത്തിൽ കേരളത്തിൽ നിന്നും വളരെ പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളായ ഒഡിഷയിൽ ഇത് 9.56 ശതമാനവും ഛത്തിസ്ഗഡിൽ 9.49 ശതമാനവും ഉത്തരാഖണ്ധിൽ ഇത് 11.05  ശതമാനവും തമിഴ്‌നാട്ടിൽ 11.07 ശതമാനവുമൊക്കെയാണ്. ആളോഹരി മൂല്യവർദ്ധിത നികുതിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിൽ (2932.09 രൂപ) നികുതിവെട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണത്. ഇതിന് ചൂട്ടുപിടിക്കുന്നതാകട്ടെ ഇവിടത്തെ രാഷ്ട്രീയപ്രവർത്തകരാണെന്ന കാര്യത്തിൽ സംശയം വേണ്ട.  പെട്രോൾ, മദ്യം, ഭാഗ്യക്കുറി പോലുള്ള സർക്കാർ ബന്ധിതമായ സ്ഥാപനങ്ങളിൽ നിന്നുള്ള പരോക്ഷ നികുതികൾ കൃത്യമായി കിട്ടുന്നുണ്ടെന്നതൊഴിച്ചാൽ മറ്റു പരോക്ഷനികുതികൾ പലതും നികുതി വെട്ടിപ്പിന് ഇടയാകുന്നുവെന്നതിനാൽ പ്രതീക്ഷിക്കപ്പെടുന്ന വരുമാനത്തിന്റെ ചെറിയൊരു അംശം മാത്രമേ സർക്കാരിന് അതിലൂടെ ലഭിക്കുന്നുള്ളു. പ്രത്യക്ഷ നികുതികൾ വർദ്ധിപ്പിക്കുന്നതിലൂടെ ജനങ്ങളുടെ ശാപം ക്ഷണിച്ചുവരുത്താൻ രാഷ്ട്രീയക്കാർ പൊതുവേ ആഗ്രഹിക്കാത്തതിനാൽ പ്രത്യക്ഷ നികുതിയ്ക്കു പകരം പരോക്ഷ നികുതികളെ ആശ്രയിച്ച് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു ഒട്ടുമിക്ക സർക്കാരുകളും. വ്യാപാരികളുടേയും ബിസിനസ് സ്ഥാപനങ്ങളുടേയും നികുതി വെട്ടിപ്പ് വർദ്ധിച്ചതോടെ സർക്കാരിന് പരോക്ഷനികുതികളിൽ നിന്നു ലഭിച്ചിരുന്ന വരുമാനം ഗണ്യമായി കുറയുകയും ചെയ്തു. ഇതിനു പുറമേ കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളിൽ നിന്നും കോടതി നടപടികളുമായി മുന്നോട്ടുപോയി നികുതി പിരിച്ചെടുക്കുന്ന കാര്യത്തിൽ സർക്കാർ അലംഭാവവും കാണിച്ചു. അതുകൊണ്ടാണ് ഏതാണ്ട് 15,000 കോടി രൂപയിലധികം അരിയേഴ്‌സ് ആയി ഇപ്പോഴും സർക്കാരിന് കിട്ടാനുള്ളത്.

മിഷൻ 676 എന്ന പ്രഖ്യാപനം വെറും വാക്കായിരുന്നുവെന്ന് അടിസ്ഥാന സൗകര്യ വികസനരംഗത്ത് 12,000 കോടി രൂപയുടെ പദ്ധതികൾ അവസ്ഥ കാണുന്പോൾ തന്നെ നമുക്കിപ്പോൾ ബോധ്യപ്പെടും. വ്യക്തമായ പഠനത്തിന്റെ അഭാവത്തിൽ പ്രഖ്യാപിക്കപ്പെടുന്ന പല പദ്ധതികളും മന്ത്രിമാർക്കും ഘടകക്ഷികൾക്കും കീശ വീർപ്പിക്കാനുള്ള തന്ത്രങ്ങളാണെന്ന് തിരിച്ചറിയാനുള്ള ബോധമൊക്കെ ഇന്നു മലയാളിക്കുണ്ട്. എമർജിങ് കേരളയിലെ പദ്ധതികളൊക്കെ തന്നെ പൈപ്പ്‌ലൈനിലാണെന്ന ഒഴുക്കൻ മറുപടിക്കപ്പുറം എന്ത് നിക്ഷേപമാണത് കേരളത്തിലെത്തിച്ചതെന്ന കാര്യത്തിൽ വ്യവസായ മന്ത്രി പോലും നിശ്ശബ്ദത പാലിക്കുന്നു. പക്ഷേ എന്തു ചെയ്യാം ഉട്ടോപ്യയിലെ പ്രജകൾക്കും മാധ്യമങ്ങൾക്കുമൊക്കെയും ഇന്ന് ചില കെട്ടുകാഴ്ചളോടാണ് കന്പം. ജനസന്പർക്ക പരിപാടി മുതൽ ഇടയ്ക്കിടെ നടത്തുന്ന ഒരു കാലത്തും യാഥാർത്ഥ്യമാകാൻ പോകുന്നില്ലാത്ത ഉദ്ഘാടന മഹാമഹങ്

You might also like

Most Viewed