കല പ്രതിരോധമൊരുക്കേണ്ട കാലം!


ജെ. ബിന്ദുരാജ്

ആ ദിവസം മറക്കാനാവില്ല. 2012 നവംബറിൽ, ആദ്യത്തെ കൊച്ചി മുസിരിസ് ബിനാലെ ആരംഭിക്കുന്നതിന് കൃത്യം ഒരു മാസം മുന്പ് ആദ്യ ബിനാലെയുടെ ക്യുറേറ്റർമാരായ ബോസ് കൃഷ്ണമാചാരിയേയും റിയാസ് കോമുവിനേയും കണ്ട ദിവസം. ബിനാലെയ്‌ക്കെതിരെയുള്ള പ്രചാരണങ്ങൾ കൊടുന്പിരി കൊണ്ടിരിക്കുന്ന സമയമാണത്. ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ കെട്ടിടത്തിനകത്ത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു ഇന്ത്യാ ടുഡേയ്ക്കായുള്ള കൂടിക്കാഴ്ച. മാധ്യമങ്ങളിലെല്ലാം തന്നെ ബിനാലെയ്ക്കായി സർക്കാർ കോടികൾ അനുവദിച്ചതിനെതിരെയുള്ള പ്രചാരണങ്ങൾ നടക്കുന്ന സമയം. ബോസും റിയാസും തീർത്തും അപ്രസന്നവാന്മാരായിരുന്നു. ആരും പിന്തുണയ്ക്കാനില്ലാത്ത അവസ്ഥ. ഞാൻ ഏതു മട്ടിലായിരിക്കും ചോദ്യങ്ങൾ ചോദിക്കുന്നതെന്ന ആശങ്ക ഇരുവർക്കുമുണ്ടായിരുന്നുവെന്ന് മുഖഭാവങ്ങളിൽ നിന്നു തന്നെ എനിക്ക് മനസ്സിലായിരുന്നു. ഞാൻ ആരുടേയും വക്താവല്ലെന്നും കേരളത്തിലേയ്ക്ക് കലയുടെ വിരുന്ന് എത്തുന്നതിൽ സന്തോഷിക്കുന്ന ഒരു സാധാരണക്കാരനാണെന്നും ഞാൻ അവരോട് പറഞ്ഞു. കലാകാരന്മാരെപ്പറ്റി നേരത്തെ ഇന്ത്യാ ടുഡേയിൽ എഴുതിയ ചില ലേഖനങ്ങൾ ബോസ് വായിച്ചിരുന്നതിനാൽ ഞാനും ഏതെങ്കിലുമൊരുപക്ഷത്തിന്റെ വക്താവായിരിക്കുമെന്നാണ് അവർ ഇരുവരും ധരിച്ചുവച്ചിരുന്നത്. പക്ഷേ സംസാരിക്കാൻ തുടങ്ങിയതോടെ ഇരുവരും അടുത്തു. തുറന്ന ഭാഷണമായി. തങ്ങളെ കള്ളന്മാരായി ചിത്രീകരിക്കുകയും ബിനാലെയ്‌ക്കെതിരെ കുപ്രചാരണങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്നവരെക്കുറിച്ചുള്ള രോഷം ഇരുവരുടേയും വാക്കുകളിലുണ്ടായിരുന്നു.

മാധ്യമങ്ങൾ മുഴുവനും എതിരായിരിക്കുന്ന അവസ്ഥയിൽ തങ്ങൾക്ക് പറയാനുള്ളത് ആരും തന്നെ കേൾക്കുന്നില്ലെന്ന പരിഭവം റിയാസിനുണ്ടായിരുന്നു. വലിയ പ്രതീക്ഷയോടെ കലാവിരുന്നൊരുക്കാനെത്തി കള്ളന്മാരാക്കപ്പെട്ട നിലയിലായിരുന്നു ഇരുവരും. അന്ന്, ആനന്ദ് ജോഷിയുടേയും എൽഎൻ തല്ലൂരിന്റേയും വിവാൻ സുന്ദരത്തിന്റേയും ഇൻസ്റ്റലേഷനുകൾ മാത്രമേ ആസ്പിൻവാൾ ഹൗസിൽ തുടങ്ങിവച്ചിരുന്നുള്ളു. മുറികൾ വർഷങ്ങളുടെ പൊടിയും മണ്ണുമൊക്കെ നിറഞ്ഞ് ആകെ അലങ്കോലപ്പെട്ട അവസ്ഥ. സ്‌പോൺസർമാരായി വരാനിരുന്ന ബിസിനസ് പ്രമുഖർ പോലും കുപ്രചാരണങ്ങൾ മൂലം പിന്മാറിയ കഥ വിഷമത്തോടെയാണ് ആ ദിവസം ബോസും റിയാസും ആസ്പിൻവാളിലെ പഴയ ബോട്ടു ജെട്ടിയിൽ കുത്തിയിരുന്നു കൊണ്ട് പറഞ്ഞത്. ‘’ഈ ബിനാലെ ഒന്നു കഴിയട്ടെ. ഞങ്ങൾ എന്താണ് ഇവിടെ അവതരിപ്പിക്കാൻ പോകുന്നതെന്ന് ജനം മനസ്സിലാക്കട്ടെ. അതോടെ അതിനോടുള്ള എല്ലാ എതിർപ്പുകളും കെട്ടടങ്ങും’ ആത്മവിശ്വാസത്തോടെ അന്ന് റിയാസ് കോമു പറഞ്ഞതോർക്കുന്നു. അങ്ങനെ കേരളത്തിലെ മാധ്യമങ്ങൾ മുഴുവനും ബിനാലെയ്‌ക്കെതിരെ ഘോരഘോരം ശബ്ദിച്ചിരുന്ന സമയത്താണ് ഇന്ത്യാ ടുഡേ വിശ്വകലയുടെ ഈ മഹാമഹത്തെപ്പറ്റി, അതിൽ പങ്കെടുക്കുന്ന കലാകാരന്മാരെപ്പറ്റി, അത് എങ്ങനെ കേരളത്തിന്റെ കലാഭൂപടം മാറ്റിമറിക്കുമെന്നതിനെപ്പറ്റി ആദ്യമായി എഴുതുന്നത്. റിയാസിനേയും ബോസിനേയും ഞാൻ ആദ്യമായി കാണുകയാണെങ്കിലും അവരുടെ വാക്കുകളിലെ ആത്മാർത്ഥതയും സത്യസന്ധതയും ആരുമില്ലെങ്കിലും തങ്ങളിത് യാഥാർത്ഥ്യമാക്കുമെന്ന തന്റേടവുമായിരുന്നു വാസ്തവത്തിൽ ആദ്യ ബിനാലെയുടെ കർട്ടൻ റെയ്‌സർ എഴുതുന്പോൾ ആകെയുണ്ടായിരുന്ന കൈമുതൽ. വാരിക പുറത്തിറങ്ങിയ ദിവസം വൈകിട്ട് റിയാസ് കോമുവിന്റെ കോൾ എത്തി. ‘’നിങ്ങളെ ആരും ചീത്ത വിളിച്ചില്ലേ? എന്തായാലും ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി.’’

ആദ്യ ബിനാലെയുടെ മൂന്നു മാസക്കാലവും ഇടയ്ക്കിടെ അവിടം സന്ദർശിക്കുന്പോൾ ബിനാലെ സന്ദർശിക്കാനെത്തുന്നവരെ അതിഥികളെയെന്നോണം സ്വീകരിച്ച് അവരുടെ സംശയങ്ങൾക്ക് നിവൃത്തി വരുത്തിക്കൊണ്ട് വിയർത്തൊലിച്ച് ഓടി നടക്കുകയായിരുന്നു ബോസും റിയാസും. കലയുടെ പതിവുകെട്ടുകാഴ്ചകൾ പ്രതീക്ഷിച്ച് ബിനാലെയിലെത്തിയവർ ഞെട്ടി. കലയെന്നാൽ ചിത്രകലയും ശിൽപകലയും മാത്രമാണെന്ന് ധരിച്ചിരുന്നവർ ബിനാലെയിലെ വീഡിയോ, സംഗീത, സുഗന്ധ ഇൻസ്റ്റലേഷനുകൾ കണ്ട് തരിച്ചു നിന്നു. കലയുടെ ലോകത്ത് തങ്ങൾ എത്രയോ പിന്നിലായിരുന്നുവെന്ന് അവർ അടക്കം പറഞ്ഞു. കലയുടെ ലോകത്തെ വേറിട്ട സ്‌കൂളുകൾ പോലെ ഇൻസ്റ്റലേഷനുകളുടെ ലോകത്തും വേറിട്ട സ്‌കൂളുകളുണ്ടെന്ന് തൊല്ലൊരു അത്ഭുതത്തോടെ അവർ തിരിച്ചറിഞ്ഞു. കല ജനകീയമായി മാറുന്ന അസാധാരണമായ കാഴ്ചയ്ക്കാണ് വിമർശകർ “കോർപ്പറേറ്റ്’’ ബിനാലെ എന്നു പേരിട്ടു വിളിച്ച കലാമഹാമഹം സാക്ഷിയായത്.

ഡിസംബർ 12ന് ബിനാലെയുടെ നാലാമത്തെ എഡിഷന് കൊടിയുയരുന്പോൾ ആദ്യം മനസ്സിൽ വന്നത് ഈ ചിത്രങ്ങളാണ്. ബിനാലെയെപ്പറ്റിയുള്ള പ്രതിഷേധസ്വരങ്ങളൊക്കെ തന്നെയും അവസാനിച്ചിരിക്കുന്നു. ബിനാലെയിലേയ്ക്ക് പുതിയ കലാപരീക്ഷണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക് (Possibilities for a non-alienated life) എന്നു പേരിട്ടിരിക്കുന്ന നാലാമത്തെ ബിനാലെ എഡിഷന്റെ ക്യുറേറ്റർ പ്രശസ്ത ചിത്രകാരിയായ അനിതാ ദുബെയാണ്. എഡിബിൾ ആർക്കൈവ്‌സ് എന്ന പേരിൽ ഭക്ഷണത്തെ കലാസൃഷ്ടിയായി അവതരിപ്പിക്കുന്ന മൂന്നു പ്രോജക്ടുകൾ കൂടി സജ്ജമാക്കപ്പെട്ടിരിക്കുന്നു ബിനാലെയുടെ വേദികളായ ആസ്പിൻവാൾ ഹൗസിലും കബ്രാൾ യാർഡിലും. കലയെ പ്ലേറ്റിൽ തന്നെ ആസ്വദിക്കാൻ കൂടി അവസരമൊരുക്കപ്പെടുകയാണ് ഇതാദ്യമായി ബിനാലെയിൽ. കബ്രാൾ യാർഡിൽ തന്നെ രണ്ട് ഭക്ഷണ കലാപ്രദർശനങ്ങളുണ്ട്. അതിലൊന്ന് പ്രത്യേക പരിശീലനം സിദ്ധിച്ച കുടുംബശ്രീ ജീവനക്കാർ നടത്തുന്പോൾ മറ്റൊന്ന് നെല്ലിന്റെ പൈതൃക ഭേദങ്ങൾ പരീക്ഷിക്കുന്ന ഒന്നാണ്. പാചകവിദഗ്ദ്ധയും എഴുത്തുകാരിയുമായ പ്രേമ കുര്യനും ഷെഫ് അനുമിത്ര ഘോഷ് ദസ്തീദാറും ചേർന്നാണ് രണ്ടാമത്തെ ഭക്ഷ്യകലാസൃഷ്ടി ഒരുക്കുന്നത്. ആസ്പിൻവാൾ ഹൗസിലാകട്ടെ ആർട്ടിസ്റ്റ് വിപിൻ ധനുർദ്ധരൻ ഫോർട്ടുകൊച്ചി− മട്ടാഞ്ചേരി പ്രദേശത്തെ വീടുകളിലുണ്ടാക്കുന്ന വീട്ടുപലഹാരങ്ങളുടെ കലയാണ് ഓപ്പൺ കിച്ചണിൽ പരീക്ഷിക്കുന്നത്. കാഴ്ച മാത്രമല്ല കലയെ രുചിച്ചറിയാൻ കൂടി അവസരമൊരുക്കുന്നു ഈ ബിനാലെയെന്ന് ചുരുക്കം.

ലോകത്തെ മറ്റ് പല സമകാലിക കലാപ്രദർശനങ്ങളുമായും താരതമ്യം ചെയ്യുന്പോൾ പങ്കെടുക്കുന്ന കലാകാരന്മാരുടേയും പ്രദർശനത്തിന്റേയും നിലവാരത്തിന്റെ കാര്യത്തിൽ കൊച്ചി മുസിരിസ് ബിനാലെ വളരെ മുന്നിലാണെന്ന് ആദ്യബിനാലെ സന്ദർശിക്കാനെത്തിയ ഗൂഗിൾ ഇന്ത്യാ മേധാവി രാജൻ ആനന്ദൻ പറഞ്ഞത് വെറുതെയല്ല. സംഗീതവും നാടകവും പാരന്പര്യ കലകളുമൊക്കെ ബിനാലെയിൽ കഴിഞ്ഞ മൂന്നു എഡിഷനുകളിൽ കൈകോർക്കുന്ന കാഴ്ചകളും നാം കണ്ടിരുന്നു. കളമെഴുത്തുപാട്ടും മെഹ്ബൂബ് സംഗീത നിശയും നങ്ങ്യാർകൂത്തും ഗോതുരുത്തിലെ ചവിട്ടുനാടക മഹോത്സവവുമൊക്കെ ഓരോ ദിവസവും കലയുടെ പുതിയ വാതായനങ്ങൾ മലയാളിക്കു മുന്നിൽ തുറന്നിട്ടുകൊടുക്കുകയായിരുന്നു. ദന്തഗോപുരത്തിൽ നിന്നും കലയെ ജീവിതത്തിന്റെ പച്ചപ്പിലേക്കും യാഥാർത്ഥ്യത്തിന്റെ തുറസ്സുനിലത്തേക്കും പറിച്ചു നട്ടപ്പോൾ ബിനാലെ എന്ന ഇറ്റാലിയൻ വാക്ക് മലയാളിയുടെ നാവിൽ കലയുടെ പര്യായമായി മാറുകയായിരുന്നു. പക്ഷേ അസൂയാലുക്കളായ പലരും മാറി നിന്നു. ചിലർ തലയിൽ മുണ്ടിട്ടുവന്ന് കലാപ്രദർശനം കണ്ടിട്ടുപോയി, മറ്റുചിലർ ഭാര്യയെ വീഡിയോ ക്യാമറയുമായി ബിനാലെയ്ക്ക് അയച്ച്, ബിനാലെ പൂർണ്ണമായും ചിത്രീകരിച്ച് വീട്ടിലിരുന്നു കണ്ടു.

കലാകാരന്മാരെ അടുത്ത് പരിചയപ്പെടാനും അവരിലൂടെ കലയെ അറിയാനും ജനങ്ങൾക്ക് ലഭിച്ച അസുലഭാവസരമാണ് ഓരോ ബിനാലെ എഡിഷനുകളും. ആദ്യ ബിനാലെയിൽ അന്താരാഷ്ട്ര പ്രശസ്തരായ ഹുസൈൻ വെൽമനിഷും എൽ എൻ തല്ലൂരും വിവാൻ സുന്ദരവും സുബോധ് ഗുപ്തയും ഷീലാ ഗൗഡയും ആഞ്ജലിക്കാ മെസിറ്റിയും മായാ അരുൾ പ്രകാശവും (എംഐഎ) വാഗെൻചി മുട്ടുവും വത്സൻ കൂർമ കൊലേരിയും ഏർണസ്റ്റോ നെറ്റോയും ഇബ്രാഹിം ഖുറൈശിയും അതുൽ ദോഡിയയും കെപി റെജിയും പാരീസ് വിശ്വനാഥനും അമർ കൻവാറും റിഗോയുമൊക്കെ കൊച്ചിക്കാരായി ആസ്പിൻവാളിലും മൊയ്തു ഹെറിറ്റേജിലും പെപ്പർ ഹൗസിലും പരേഡ് ഗ്രൗണ്ടിലുമൊക്കെയായി ചുറ്റിക്കറങ്ങി നടക്കുന്ന കാഴ്ച ലോകം കൊച്ചിയിലേക്ക് എത്തിയ പ്രതീതിയാണുണ്ടാക്കിയത്. പൈതൃകത്തിന്റെ തിരുശേഷിപ്പുകളെ മുഴുവൻ ആവാഹിച്ച് അതിൽ നിന്നും ഭാവനയുടെ പുതുരൂപങ്ങൾ വിളയിച്ചെടുക്കുകയായിരുന്നു അവരുെട പലരുടേയും കലാസൃഷ്ടികൾ.

ആസ്പിൻവാൾ ഹൗസിൽ നിന്നും ബോട്ട് ജെട്ടിയിലേയ്ക്ക് ഷീലാ ഗൗഡ കൊച്ചിയിൽ നിന്നു ശേരിച്ച പഴയ അരകല്ലുകൾ നിരത്തിയിട്ടപ്പോൾ പുറത്ത് ബോട്ടിൽ നിന്നു നോക്കുന്ന സഞ്ചാരിക്ക് അത് കൊച്ചിയിലേക്ക് കപ്പലിറങ്ങിയ സഞ്ചാരിയുടെ കാൽപടവുകൾ പോലെയാണ് തോന്നിപ്പിച്ചത്. മൊയ്തൂസ് ഹെറിറ്റേജിന്റെ തട്ടിൻ പുറത്തേക്ക് ബ്രസീലിയൻ കലാകാരൻ ഏണസ്റ്റോ നെറ്റോ ഫോർട്ടുകൊച്ചിയുടെ സുഗന്ധവ്യഞ്ജന ഗന്ധം മുഴുവൻ ആവാഹിച്ചപ്പോൾ ലോകം എങ്ങനെയാണ് വ്യാപാരം കൊച്ചിയുമായി കെട്ടിപ്പടുത്തതെന്ന് നാം കണ്ടു. എറണാകുളത്തെ മാർക്കറ്റിൽ നിന്നും ശേരിച്ച നീലയും വെളുപ്പും ഓറഞ്ചും കളറുകളുള്ള പരുത്തിത്തുണികളിൽ സുഗന്ധവ്യഞ്ജനങ്ങൾ പൊടിച്ച് തൂക്കിയിരിക്കുകയായിരുന്നു ഏണസ്റ്റോ. ഗന്ധവും കാഴ്ചയും ഒരുമിക്കുന്ന ഈ ഇൻസ്റ്റലേഷന്റെ സമീപത്തു നിന്നു നോക്കിയാൽ കപ്പൽചാലുകൾ കാണാമായിരുന്നു. ചരിത്രം മൊയ്തൂസിന്റെ തട്ടിൻ പുറത്തുകൂടി കൊച്ചിയിലേക്ക് തിരിച്ചുവരുന്നതു പോലെയുള്ള ഒരു അനുഭൂതി.

ബിനാലെയുടെ രണ്ടാമത്തെ എഡിഷൻ ജിതീഷ് കല്ലാട്ടും മൂന്നാമത്തെ എഡിഷൻ സുദർശൻ ഷെട്ടിയുമാണ് ക്യുറേറ്റ് ചെയ്തത്. ആർട്ടിസ്റ്റുകൾക്ക് എത്ര ഭംഗിയായി കലാപ്രദർശനങ്ങൾ ക്യുറേറ്റ് ചെയ്യാനാകുമെന്ന് തെളിയിച്ചു ഈ മൂന്നു ബിനാലെകളും. ഇത്തവണത്തെ ബിനാലെ നടക്കുന്ന സമയത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. കേരളത്തെ സംഘ് പരിവാർ ശക്തികൾ വർഗീയമായി ഭിന്നിപ്പിക്കാൻ ശബരിമലയടക്കമുള്ള വിഷയങ്ങൾ ഉപയോഗിക്കുന്ന സമയമാണിത്. ജാതീയതയുടെ ഭൂതങ്ങളെ അവർ വീണ്ടും നിരത്തിലേക്കിറക്കി, ജനമനസ്സുകളെ വിറളി പിടിപ്പിക്കാൻ ശ്രമിക്കുന്നു. മനുഷ്യജാതിയിൽപ്പെട്ടവരാണ് നമ്മളെല്ലാവരുമെന്നതു മറന്ന് നായരും നന്പൂതിരിയും ഈഴവനും പുലയനും പറയനുമൊക്കെയായി വീണ്ടും സ്വയം വേർതിരിവിന്റെ മതിലുകളുണ്ടാക്കാൻ ഓരോരുത്തരും ശ്രമിക്കുന്നു. ജാതി നേതാക്കൾക്ക് വലിയ സ്ഥാനം കൽപിച്ചുകൊടുത്ത് അവരെ നവോത്ഥാന വനിതാമതിലുണ്ടാക്കാൻ നടക്കുന്നു ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി! സംഘ് പരിവാറിന് കേരളത്തിൽ വളരാനുള്ള മണ്ണും വളവും ഇട്ടുകൊടുക്കുകയാണ് പിണറായി വിജയനും സംഘവും എന്നറിയാതെ, അണികളും അനുകൂലികളും അവരെ പിന്തുണച്ച് വിനാശത്തിലേക്കുള്ള വഴി സ്വയം തെരഞ്ഞെടുത്തിരിക്കുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മതമേലാളന്മാരിൽ നിന്നും കർക്കശമായ വിലക്കുകൾ വരുന്പോൾ അവയ്ക്ക് വഴങ്ങിക്കൊടുന്ന ഭരണകൂടത്തിന്റെ ചിത്രവും നാം കാണുന്നുണ്ട്. എസ് ഡി പി ഐ പോലുള്ള പ്രസ്ഥാനങ്ങൾ ജില്ലാ യുവജനോത്സവത്തിൽ സമ്മാനിതമായ “കിത്താബ്” എന്ന നാടകത്തിനെതിരെ പ്രതിഷേധമുയർത്തിയപ്പോൾ സി പി എം നിയന്ത്രണത്തിലുള്ള മേമുണ്ട സ്‌കൂൾ സംസ്ഥാന യുവജനോത്സവത്തിന് നാടകം അയക്കാതെ പിന്മാറിയത് ഈ തീവ്രവാദികളോടുള്ള സന്ധിചെയ്യലായി മാത്രമേ കാണാനാകൂ. റഫീക്ക് മംഗലശ്ശേരി എന്ന നാടകസംവിധായകൻ നാടകത്തിൽ ഇസ്ലാം വിരുദ്ധമായതൊന്നും തന്നെയില്ലെന്ന് വ്യക്തമാക്കിയിട്ടും സിപിഎം തീവ്രവാദികളുടെ ഭീഷണിക്ക് വഴങ്ങുകയായിരുന്നുവെന്നതാണ് ദയനീയമായ കാര്യം. ബഹുഭാര്യാത്വം, സ്വർഗത്തിലേക്കുള്ള സ്ത്രീകളുടെ പ്രവേശനത്തെപ്പറ്റിയുള്ള ഇസ്ലാമിലെ മൗനം പാലിക്കൽ എന്നീ കാര്യങ്ങളെപ്പറ്റിയുള്ള പരാമർശമാണ് തീവ്രവാദികളെ ചൊടിപ്പിച്ചത്. കിത്താബിന്റെ ഗതി തന്നെയാകും ഭാവിയിൽ സർവമാന കലാരൂപങ്ങൾക്കും ഉണ്ടാകാനിരിക്കുന്നതെന്ന് വ്യക്തം.

ഇതിനൊപ്പം തന്നെയാണ് പരിസ്ഥിതി വിനാശ മാഫിയയ്ക്ക് ചൂട്ടുകത്തിച്ചുകൊണ്ടു നീങ്ങുന്ന ഭരണകൂടം. 123 പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഖനനത്തിന് സർക്കാർ അനുവാദം നൽകിക്കഴിഞ്ഞിരിക്കുന്നു. ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ കേരളത്തിലുണ്ടായ പ്രളയദുരന്തവും ഉരുൾപൊട്ടലുകളുമൊന്നും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള ഒരു ബോധവും സർക്കാരിൽ ഉണ്ടാക്കിയിട്ടില്ലെന്നതിന്റെ സൂചനകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഭരണകൂടം ഭീഷണിയുടെ സ്വരത്തിൽ ശബ്ദിക്കുകയും ഏകാധിപതിയുടെ കാൽക്കീഴിൽ അമരുകയും ചെയ്യുന്പോൾ മറുവശത്ത് ജാതീയതയുടെ ദുർഭൂതങ്ങളെ തുറന്നുവിട്ടുകൊണ്ടിരിക്കുകയാണ് സംഘ് പരിവാർ ഭീകരത.

കല പ്രതിരോധത്തിനായുള്ള ഉപാധിയാകേണ്ടതിന്റെ കാലമാണിതെന്ന് വ്യക്തം. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അധഃപതനത്തിന്റെ പരകോടിയിലേക്ക് പോകുന്പോൾ സമൂഹത്തിന്റെ പുനരുജ്ജീവനത്തിനുള്ള ഉപാധിയായി മാറുന്നത് പലപ്പോഴും കലയിലൂടെയുള്ള പ്രതിഷേധങ്ങളും വീണ്ടെടുപ്പിനായുള്ള ആഹ്വാനങ്ങളുമാണ്. ലോകത്ത് പലയിടത്തും ഭരണകൂട ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിയിട്ടുള്ളത് കലാകാരന്മാരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മകളായിരുന്നു. മുൻകാലങ്ങളിൽ കഥാപ്രസംഗത്തിലൂടെയും നാടകത്തിലൂടെയുമൊക്കെയായിരുന്നു അതിനുള്ള ആഹ്വാനമെങ്കിൽ പുതിയകാലത്ത് ചിത്രകലയിലൂടേയും ശിൽപകലയിലൂടെയും ഇൻസ്റ്റലേഷനുകളിലൂടെയും വരെ അത് സംവദിക്കപ്പെടേണ്ടതുണ്ട്. പക്ഷേ കലാസ്വാതന്ത്ര്യത്തിനും പരിധികൾ വയ്ക്കുന്ന ഭരണകൂടങ്ങളാണ് ഇന്ന് ലോകത്തുള്ളത്. കലാസ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം നടത്തിയ ക്യൂബൻ ഇൻസ്റ്റലേഷൻ, പെർഫോമൻസ് ആർട്ടിസ്റ്റായ താനിയ ബ്രുഗേറയെ ഏതാനും ദിവസങ്ങൾക്കു മുന്പാണ് ക്യൂബൻ സർക്കാർ പിടികൂടി ജയിലടച്ചത്. കൊച്ചി മുസിരിസ് ബിനാലെയിൽ പങ്കെടുക്കേണ്ടിയിരുന്ന കലാകാരിയാണ് ഇന്ന് ഫിദൽ കാസ്‌ട്രോയുടെ നാട്ടിൽ ജയിലഴിക്കു പിന്നിൽ കഴിയുന്നതെന്നത് ഒരു വിരോധാഭാസമാകാം. ഭരണകൂടങ്ങൾ എങ്ങനെയാണ് സമചിത്തതയില്ലാതെ പൊരുമാറുന്നതെന്നും ഏതുതരത്തിലാണ് വിമർശനങ്ങളോട് അസഹിഷ്ണരായി അവർ മാറുന്നതെന്നും മനസ്സിലാക്കാൻ ഈ അറസ്റ്റിനാവുന്നുണ്ട്. കേരളത്തിൽ മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും വിവരവകാശ നിയമത്തെ അട്ടിമറിക്കാനും ഭരണത്തിലേറിയ നാൾ മുതൽ പിണറായി വിജയൻ നടത്തിവരുന്ന ശ്രമങ്ങളും നാം ഇതേ ജാഗ്രതയോടെ തന്നെ വേണം നോക്കിക്കാണാൻ. സംഘ് പരിവാറിനെ പ്രതിരോധിക്കുമെന്ന് പറയുന്ന ഭരണകൂടം സംഘ് പരിവാറിന് വളരാനുള്ള മണ്ണാണ് കേരളത്തിൽ ഒരുക്കിക്കൊടുത്തുകൊണ്ടിരിക്കുന്നതെന്നാണ് ഇതിൽ നിന്നെല്ലാം തന്നെ വ്യക്തമാകുന്നത്. ഇസ്ലാമിക തീവ്രവാദികളാകട്ടെ സംഘ് പരിവാറിനെതിരെയുള്ള പ്രതിരോധവാദം ഉന്നയിച്ചും ഇരവാദം ഉന്നയിച്ചുമാണ് ഇവിടെ പച്ചപിടിക്കാൻ നോക്കുന്നത്.

കല പരിഷ്‌കരണത്തിലേക്കും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനുമായുള്ള കലാപമായി മാറേണ്ടതിന്റെ ആവശ്യകതയാണ് ഈ ബിനാലെ അക്കമിട്ട് നിരത്തുന്നതെന്ന് പറയാതെ വയ്യ. കേരളത്തിലെ എഴുത്തുകാരന്മാരിൽ ഭൂരിപക്ഷവും ഇടതുപക്ഷത്തിന്റെ മൂടുതാങ്ങികളും സ്ഥാനമോഹികളും പുരസ്‌കാര മോഹികളുമായി കഴിയുന്പോൾ അവരിൽ നിന്നും സർക്കാരിന്റെ കൊള്ളരുതായ്മകൾക്കെതിരെയുള്ള വിയോജനസ്വരങ്ങൾ നമുക്ക് പ്രതീക്ഷിക്കാൻ പോലുമാകില്ലെന്നതാണ് സത്യം. സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു കാഴ്ചപ്പാട് ഉരുത്തിരിയാൻ അന്താരാഷ്ട്ര കലാകാരന്മാരടങ്ങുന്ന ബിനാലെ കൂട്ടായ്മ തന്നെ വേണം. ജനം കലയെ നോക്കിക്കണ്ട രീതി മാത്രമല്ല ഇക്കാലയളവിൽ ബിനാലെ തിരുത്തിയെഴുതിയത്. നമ്മുടെ സംസ്‌കാരത്തേയും രാഷ്ട്രീയത്തേയും ആശയങ്ങളേയും കുറിച്ചുള്ള ധാരണകളെല്ലാം മാറ്റിമറിച്ച ഒരു കലാവിരുന്നായിരുന്നു അത്. പൊട്ടക്കുളത്തിൽ കഴിഞ്ഞിരുന്നവർക്ക് ഇക്കാലമത്രയും പുളവന്മാർ ഫണീന്ദ്രന്മാരായിരുന്നുവെങ്കിൽ കലയിലെ ഈ അന്താരാഷ്ട്രവൽക്കരണം രാഷ്ട്രീയമായും സാംസ്‌കാരികമായും കേരളത്തെ വളർത്തുകയും പുതിയ ചിന്താസരണിയിലേക്ക് വേരുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാരിനെ സംബന്ധിച്ചിടത്തോളം ബിനാലെ ടൂറിസം മേഖലയെ വളർത്തുകയും കൊച്ചിയെ ബിസിനസ് ഹബ്ബായി ഉയർത്തുകയും ചെയ്യുന്ന കലാപ്രദർശനം മാത്രമാണെങ്കിൽ ഇന്ന് മലയാള നാടിന്റെ സാംസ്‌കാരികവും സാമൂഹികവുമായ മൂലധനത്തിന് അത് എത്രമാത്രം സംഭാവന നൽകിയിട്ടുണ്ടെന്ന് പറയാൻ ഒരു കെ പി എം ജിക്കുമാകില്ല. പകരം സാംസ്‌കാരികചർച്ചകളിലൂടേയും ആശയങ്ങളുടെ കൊടുക്കൽ വാങ്ങലുകളിലൂടേയും പുറംലോകത്തിന്റെ അവസരങ്ങളിലേക്കും അറിവുകളിലേക്കും അത് നമ്മെ നയിക്കേണ്ടതുണ്ട്. ലോകം മാറ്റങ്ങൾക്ക് വിധേയമാകുന്നതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുള്ളത് കലാകാരന്മാരും അവരുടെ സൃഷ്ടികളുമാണെന്നത് നാം മറന്നുകൂടാ. രണ്ടാഴ്ച മുന്പ് ബോസ് കൃഷ്ണമാചാരിയെ കണ്ടപ്പോൾ അദ്ദേഹവും ഈ ആശങ്കകളൊക്കെ തന്നെയാണ് പങ്കുവച്ചത്. കലാകാരൻ കലയിലൂടെ നവോത്ഥാനത്തിന്റെ കാഹളമുയർത്തേണ്ടതിന്റെ ആവശ്യകതയും കലയെ പ്രതിരോധ ആയുധമാക്കേണ്ടതിനെപ്പറ്റിയുമാണ് അദ്ദേഹവും വാചാലനായത്.

സ്വാതന്ത്ര്യത്തിന്റേയും സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സർവോപരി മാനുഷികതയുടേയും ഒരു പുലരിയാണ് ഏതൊരു കലയും ആത്യന്തികമായി ലക്ഷ്യമിടുന്നത്. സംസ്‌കരിക്കപ്പെട്ടതും മനനം ചെയ്യപ്പെട്ടതുമായ ആശയങ്ങളുടെ പ്രസരണോപാധി കൂടിയാണത്. കൊച്ചി മുസിരിസ് ബിനാലെ ആ അർത്ഥത്തിൽ ഭാവി കേരളത്തേയും ഇന്ത്യയേയും നവോത്ഥാന സരണിയിലേക്ക് നയിക്കാൻ പര്യാപ്തമാകുന്ന കലാസപര്യയായി മാറുന്നത് ആ അർത്ഥത്തിലാണ്. സംസ്‌കാരങ്ങളുടെ സങ്കലനത്തിലൂടെ ആർജിക്കുന്ന അറിവുകളോളം വലുതായി മറ്റൊന്നുമില്ലല്ലോ. കലയോളം അതുൾക്കൊള്ളുന്ന മറ്റൊന്നും ഇവിടെയില്ലല്ലോ. അതുകൊണ്ടു തന്നെ പ്രതീക്ഷിക്കാനേറെയുണ്ട്, വരുംകാലത്തെങ്കിലും യാഥാർത്ഥ്യമാകുന്ന സ്വപ്നങ്ങൾ!

You might also like

  • Lulu Exchange
  • Straight Forward

Most Viewed