ടൂറിസം അതിജീവന ഭീഷണിയാകുന്പോൾ!
ജെ. ബിന്ദുരാജ്
കൊച്ചിയിൽ വരാപ്പുഴയ്ക്കടുത്തുള്ള കടമക്കുടി എന്ന കർഷകഗ്രാമം അതിസുന്ദരമായ ഒരു പ്രദേശമാണ്. നൂറുകണക്കിനു ഏക്കറുകളോളം നീളുന്ന പൊക്കാളിപ്പാടങ്ങൾ. മത്സ്യക്കൃഷിയിടങ്ങൾ. വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തൊളം ഗ്രാമ്യ സുന്ദരമായ കാഴ്ചകളുടെ പറുദീസയാണവിടം. എന്നാൽ കടമക്കുടിയിലേയ്ക്ക് പ്രവേശിക്കുന്ന ഏതൊരു സഞ്ചാരിയേയും അവിടുത്തെ നാട്ടുകാർ ശത്രുതാ മനോഭാവത്തോടെയാണ് കാണുന്നതെന്ന് അവരുടെ പെരുമാറ്റത്തിൽ നിന്നും വ്യക്തം. സഞ്ചാരികൾ അവർ ആരായാലും വിവാഹ ഫോട്ടോഗ്രഫിക്കെത്തുന്നവർ മുതൽ വാരാന്ത്യ സന്ദർശനത്തിനെത്തുന്നവർ വരെയുള്ളവർ നാട്ടുകാരുടെ ഈ അമർഷം നേരിട്ടനുഭവിച്ചിട്ടുള്ളവരുമായിരിക്കും. എന്തുകൊണ്ടാണ് അവർ അത്തരത്തിൽ പെരുമാറുന്നത് എന്നറിയാൻ പക്ഷേ ആരും ശ്രമിക്കാറില്ലെന്നു മാത്രം. പക്ഷേ അതിന് വ്യക്തമായ ഒരു കാരണമുണ്ട്. തങ്ങളുടെ അന്നദായകിയായ ഭൂമിയെ നശിപ്പിക്കാനെത്തുകയും തങ്ങളെ അപകടങ്ങളിൽപെടുത്തുകയും ചെയ്യുന്നവരായും ഈ ഗ്രാമവാസികൾ സഞ്ചാരികളെ കാണുന്നതുകൊണ്ടു തന്നെയാണത്.
സംശയമുണ്ടെ- ങ്കിൽ കടമക്കുടി മേനോൻ വീട്ടിൽ ജയൻ എന്ന യുവാവിനോട് ചോദിച്ചുനോക്കൂ. രണ്ടാഴ്ചകൾക്കു മുന്പ് കടമക്കുടിയിൽ ഒരു ഞായറാഴ്ച പ്രഭാതത്തിൽ ജയനെ കാണുന്പൊൾ അദ്ദേഹം തന്റെ പാടശേഖരത്തിൽ നിന്നും കുപ്പിച്ചില്ലുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും പെറുക്കുകയായിരുന്നു. തലേന്നു രാത്രി കാറിലെത്തി, കാറിലിരുന്ന് മദ്യപിച്ചശേഷം വയലിലേക്ക് അവർ വലിച്ചെറിഞ്ഞ പൊട്ടിയ കുപ്പികളാണ് ജയൻ രാവിലെ തന്നെ പെറുക്കിക്കൊണ്ടിരുന്നത്. കുപ്പികൾ വയലിലേയ്ക്ക് വലിച്ചെറിയുകയും പിന്നീട് അവ കല്ലെറിഞ്ഞ് തകർക്കുകയും ചെയ്യുകയാണത്രെ ചില മദ്യപരായ ടൂറിസ്റ്റുകളുടെ ഒരു വിനോദം. ഈ കുപ്പിച്ചില്ലുകൾ കാലിൽ തറച്ചു കയറി മാസങ്ങളോളം വീട്ടിലിരിക്കേണ്ടിവന്ന നിരവധി കർഷകരുണ്ട് കടമക്കുടിയിൽ. എന്തൊരു ക്രൂരതയാണ് വിനോദസഞ്ചാരികൾ കടമക്കുടിയോടും അവിടത്തെ സാധുക്കളായ ജനതയോടും ചെയ്യുന്നതന്നു നോക്കൂ.
ഇതേ ക്രൂരതയുടെ ഫലം തന്നെയാണ് ഗ്രാമീണടൂറിസം കേന്ദ്രങ്ങളിൽ പലയിടത്തും തന്നെ ഇന്ന് കാണാനാകുന്നത്. പ്രളയജലം കയറിയപ്പോൾ എറണാകുളത്ത് ചന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വലിയ പഴന്പിള്ളിത്തുരുത്തിൽ ജലത്തിനൊപ്പമെത്തിയത് പ്ലാസ്റ്റിക് മാലിന്യങ്ങളുടേയും മാലിന്യ പായ്ക്കറ്റുകളുടേയും ഒരു കൂന്പാരമായിരുന്നു. ചീഞ്ഞളിഞ്ഞ ഭക്ഷ്യവസ്തുക്കളും പ്ലാസ്റ്റിക്കുകളുമൊക്കെ അതീവ ദുർഗന്ധം വമിപ്പിച്ചു- കൊണ്ട് വലിയ പഴന്പിള്ളിത്തുരുത്ത് എന്ന സുന്ദരമായ ഗ്രാമത്തിലുടനീളം കിടന്നു. ടൂറിസ്റ്റുകൾ പലയിടങ്ങളിൽ തള്ളിയ മാലിന്യങ്ങളായിരുന്നു അവയെല്ലാം തന്നെ. ഇവയെക്കുറിച്ചെല്ലാം പറയുമ്പോൾ പഞ്ചായത്തുകൾ മാലിന്യസംഭരണി പലയിടങ്ങളിൽ വെച്ചാൽ തീരുന്ന പ്രശ്നമേയുള്ളു ഇതെന്ന് പറഞ്ഞ് പ്രശ്നത്തെ നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുന്നവരുണ്ട്. പക്ഷേ തൊട്ടുമുന്നിൽ ഒരു വേയ്സ്റ്റ് ബിൻ ഉണ്ടെങ്കിൽ പോലും മാലിന്യം അതിലിടാത പൊതുവഴിയിൽ തള്ളുന്നവരാണ് നമ്മൾ മലയാളികളെന്ന് മറക്കരുത്. മലയാളിയെ സംബന്ധിച്ചി- ടത്തൊളം മാലിന്യത്തിന്റെ കാര്യത്തിലും അവൻ ഒരു ഇരട്ടത്താപ്പുകാരനാണ്. സ്വന്തം വീട്ടിലെ മാലിന്യം തെരുവിലേയ്ക്ക് തള്ളുകയോ അയൽവാസിയുടെ പറന്പിലേക്ക് വലിച്ചെറിയുകയോ ചെയ്തുകൊണ്ട് ശുചിത്വത്തെപ്പറ്റി സംസാരിക്കുന്നതാണ് അവന്റെ ഹോബി. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തള്ളപ്പെടുന്ന മാലിന്യങ്ങൾ ലോകത്തെന്പാടും വിനോദസഞ്ചാര കേന്ദ്രങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്.
വിനോദസഞ്ചാരികൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളും പ്ലാസ്റ്റിക് ഡിസ്പൊസിബിൾ വസ്തുക്കളും തൊട്ട് ഹൊട്ടലുകളിലും റസ്റ്റൊറന്റുകളിൽ നിന്നുമുള്ള മാലിന്യങ്ങൾ വരെ നീളുന്നു അത്. ഹൊട്ടൽ റൂമുകളിൽ സഞ്ചാരികൾക്ക് ഉപയോഗിക്കാൻ നൽകുന്ന ഷാന്പുവിന്റെ ചെറിയ കവറുകൾ, കടൽ മത്സ്യങ്ങളുടെ ജീവനു ഭീഷണിയാകുന്ന ഭീകരമായ പ്ലാസ്റ്റിക് മാലിന്യമാണെന്നും മുന്പൊരു ലേഖനത്തിൽ ഈ ലേഖകൻ ചൂണ്ടിക്കാട്ടിയതുമാണ്. സാധാരണക്കാരനായ ഒരു വ്യക്തി ഉപയോഗിക്കുന്നതിനക്കാൾ കൂടുതൽ ജലവും വൈദ്യുതിയുമൊക്കെ ഹൊട്ടൽവാസിയായ ഒരു സഞ്ചാരി ഉപയോഗിക്കുന്നുണ്ടെന്നും അയാൾ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങളുടെ അളവ് ഒരു സാധാരണക്കാരൻ ഉൽപാദിപ്പിക്കുന്ന മാലിന്യങ്ങളുടെ അഞ്ചിരട്ടിയാണെന്നും വികസിതരാജ്യങ്ങളിൽ വിനൊദസഞ്ചാരികളെ കേന്ദ്രീകരിച്ചു നടന്ന പഠനങ്ങൾ വെളിവാക്കുന്നുമുണ്ട്. വിനൊദസഞ്ചാരകേന്ദ്രങ്ങളിൽ ഉണ്ടാകുന്ന ഈ വന്പൻ മാലിന്യക്കൂന്പാരങ്ങൾ പരിസ്ഥിതിയെപ്പൊലും ദോഷകരമായി ബാധിക്കുന്ന തലത്തിലേയ്ക്ക് പലയിടത്തും അവ മാറിയിട്ടുമുണ്ട്.
തേക്കടിയിലും മൂന്നാറിലുമൊക്കെ പരസ്യമായി തോടുകളിലേയ്ക്ക് മാലിന്യം ഹൊട്ടലുകൾ തള്ളുന്ന കാഴ്ച സർവ്വസാധാരണമാണ്. പ്ലാസ്റ്റി- ക്കും ഇറച്ചി മാലിന്യങ്ങളുമൊക്കെ കലർന്ന ജലമാണ് അരുവികളിലൂടെ റിസർവ് ഫോറസ്റ്റുകളിലേയ്ക്ക് ഇന്ന് എത്തപ്പെടുന്നതും വന്യജീവികൾ അവ ദാഹമകറ്റാൻ ഉപയോഗിക്കുന്നതും. ഇതുണ്ടാക്കുന്ന ഗ്രത്യാഘാതങ്ങളെപ്പറ്റി എടുത്തുപറയേണ്ട ആവശ്യമില്ലല്ലൊ. പ്രകൃത്യാ ഉള്ള വന്യജീവികളുടെ ആവാസവ്യവസ്ഥയെത്തന്നെ അത് അപ്പാടെ തകർക്കുകയും ജീവികളുടെ ജീവന് ഭീഷണിയാകുകയും ചെയ്യും. ചത്ത കാട്ടുമാനുകളെ പൊസ്റ്റ്മോർട്ടം ചെയ്യുന്പൊൾ അവയുടെ മരണകാരണമായി പലപ്പൊഴും കണ്ടെത്തപ്പെടുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. എന്തിന് അരുവികളിലെ മത്സ്യസന്പത്ത് പൊലും അവയില്ലാതാക്കുന്നു.
വിനോദസഞ്ചാരികൾ ലോകത്തെന്പാടും ഉണ്ടാക്കുന്ന ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ വിദേശരാജ്യങ്ങൾ കർശ്ശനമായ നിയന്ത്രണങ്ങൾ പല രാജ്യങ്ങളിലും ഇതിനകം തന്നെ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒരു വനപ്രദേശത്തേയ്ക്ക് തങ്ങൾ ഭക്ഷ്യവസ്തുക്കളുമായി പോകുന്പോൾ കൊണ്ടുപോകുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ വിവരം രേഖപ്പെടുത്തുകയും തിരികയെത്തുന്പോൾ അവ അവിടെയുള്ള മാലിന്യപെട്ടികളിൽ അവർ നിക്ഷേപിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുന്നതാണ് ആ രീതി. ഭക്ഷണസാമഗ്രികൾ കൊണ്ടുപോകാൻ സ്റ്റീൽ പാത്രങ്ങൾ വിനോദസഞ്ചാരികൾ ഉപയോഗിക്കണമെന്ന് നിഷ്കർഷിച്ചിട്ടുള്ള രാജ്യങ്ങളുമുണ്ട്. ലോകത്തെ മൊത്തത്തിലുള്ള മാലിന്യ ഉൽപ്പാദനം വർദ്ധിച്ചുവരുന്ന അവസ്ഥയിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുറഞ്ഞപക്ഷം വന്യജീവി കേന്ദ്രങ്ങളേയും പരിസ്ഥിതി ദുർബല പ്രദേശങ്ങളേയും സംരക്ഷിക്കാൻ കുറച്ചൊക്കെ സഹായിക്കും.
പക്ഷേ മാലിന്യത്തിന്റെ അളവ് പ്രതിദിനം ലോകത്ത് വർദ്ധിച്ചു കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. 2050ഓടെ ലോകത്തെ പ്രതിദിന മാലിന്യ ഉൽപ്പാദനം 27 ബില്യൺ ടൺ ആയി മാറുമെന്നാണ് കണക്കുകൾ. ഇതിന്റെ മൂന്നിലൊരു ഭാഗത്തിനു ഉത്തരവാദി ഏഷ്യയായിരിക്കുമെന്നും ഏഷ്യയിൽ മാലിന്യത്തിന്റെ ഭൂരിഭാഗവും വരുന്നത് ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുമാകുമെന്നുമാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. 2025ഓടെ തന്നെ ഇന്ത്യയിലെ നഗര പ്രദേശങ്ങളിൽ നിന്നുള്ള മാലിന്യം ഒരു വ്യക്തിക്ക് 700 ഗ്രാം ആയിരിക്കുമെന്നും 1999നേക്കാൾ ആറിരട്ടിയാണിതെന്നും അറിയുക. നിലവിൽ ഇന്ത്യയിൽ നഗര പ്രദേശത്ത് പ്രതിദിനം 1,70,000 ടൺ മാലിന്യങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇത് അഞ്ചു ശതമാനം കണ്ട് വർദ്ധിക്കാനുള്ള സാധ്യതകളാണ് കാണുന്നത്. വരും തലമുറയ്ക്ക് ഈ ഭൂമിയിൽ ജീവിതം തന്നെ അസാധ്യമാക്കും വിധമാണ് കഴിഞ്ഞ നാലു ദശാബ്ദത്തിനിടയിൽ ലോകത്തുണ്ടായിട്ടുള്ള മാലിന്യനിക്ഷേപത്തിന്റെ കണക്കുകൾ.
എന്നാൽ ലോകത്ത് ഇന്നുണ്ടാകുന്ന ഖരമാലിന്യത്തിന്റെ 14 ശതമാനത്തിനും ഉത്തരവാദികളായവർ വിനോദസഞ്ചാരികളാണെന്നാണ് യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം കണക്കുകൂട്ടുന്നത്. ഇങ്ങനെ വിനോദസഞ്ചാരികളാൽ ഉൽപാദിപ്പിക്കുന്ന ഖരമാലിന്യങ്ങൾ രാജ്യങ്ങളിലെ ഗ്രാമങ്ങളിലെ മാലിന്യനിർമ്മാർജന സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാനാകാത്തവിധം ഭീകരമാണെന്നും അവർ പറയുന്നു. എന്തിന് വികസിതരാജ്യങ്ങളിൽ പോലും ഗ്രാമപ്രദേശങ്ങളിൽ ടൂറിസ്റ്റുകൾ മൂലം ഉണ്ടാകുന്ന മാലിന്യത്തിന്റെ പ്രത്യാഘാതങ്ങൾ ഏറെ വലുതാണെന്നാണ് പറയുന്നത്. പലയിടത്തും ഭൂഗർഭജലത്തിന്റെ മലിനീകരണത്തിനും വയലുകളിൽ മണ്ണിന്റെ മലിനീകരണത്തിനുമൊക്കെ ഇത് കാരണമാകുകയും ചെയ്യുന്നുണ്ടത്രെ. വിനോദസഞ്ചാര പ്രദേശങ്ങളിൽ വിനോദസഞ്ചാരികൾ ഉപക്ഷിച്ചുപോകുന്ന പ്ലാസ്റ്റിക് കുടിവെള്ള ബോട്ടിലുകളും പാക്കേജിങ്ങുകളും വലിയ തോതിൽ സമുദ്ര ജല ജീവിതത്തിനു വരെ തീരപ്രദേശങ്ങളിൽ കാരണമാകുന്നുണ്ട്. 2016ൽ പരിസ്ഥിതി കൺസൾട്ടിങ് ഏജൻസിയായ യുനോമിയ റിസർച്ച് ആന്റ് കൺസൾട്ടിങ് നടത്തിയ പഠനപ്രകാരം സമുദ്രത്തിലേയ്ക്ക് ഓരോ വർഷവും എത്തപ്പെടുന്ന 1.22 കോടി ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ 80 ശതമാനവും പ്ലാസ്റ്റിക് കുടിവെള്ള ബോട്ടിലുകളും പാക്കേജിങ് സാമഗ്രികളുമാണെന്നത് വിനോദസഞ്ചാരികൾ മൂലമുണ്ടാകുന്ന മലിനീകരണത്തിന്റെ തെളിവുമാണ്.
ലോകപൈതൃക നഗരമായ നോർവേയിൽ ബോസ്നെറ്റ് എന്ന പേരിൽ ഉണ്ടാക്കിയിട്ടുള്ള മാലിന്യനിർമ്മാർജന സംവിധാനം ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മാതൃകയാക്കാവുന്നതാണ്. നഗരത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള രണ്ട് വേയ്സ്റ്റ് ബിന്നുകളിൽ ഒരെണ്ണത്തിൽ റീസൈക്കിൾ ചെയ്യാവുന്ന മാലിന്യങ്ങളും മറ്റേതിൽ ഡിസ്പോസിബിൾ പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിക്കാവുന്നതാണ്. നിക്ഷേപിച്ചാലുടനെ തന്നെ അണ്ടർപ്രൗണ്ട് വാക്വം പൈപ്പുകളിലൂടെ അവ മാലിന്യപ്ലാന്റിലയ്ക്ക് വായുവിന്റെ സഹായത്തോടെ വലിച്ചടുക്കപ്പെടും. മാലിന്യങ്ങൾ മണ്ണിനടിയിലുള്ള പൈപ്പുകളിലൂടെയാണ് നീങ്ങുന്നതെന്നതിനാൽ എലികളുടെ ഉപദ്രവമോ തീയോ മാലിന്യങ്ങൾ ബിന്നിന്പുറത്തുചാടുന്നതോ ഒഴിവാക്കപ്പെടുന്നു. ഒരു സ്മാർട്ട് കാർഡ് പോലുള്ള സംവിധാനം ഉപയോഗിച്ചാൽ മാത്രമേ ഈ ബിന്നുകൾ ഉപയോഗത്തിനായി തുറക്കാൻ പോലുമാകൂ. പ്രതിവർഷം അഞ്ചുകോടിൽ അധികം ടൂറിസ്റ്റുകൾ എത്തുന്ന ന്യൂയോർക്കിലെ റൂസവെൽറ്റ് ഐലണ്ടും ഇപ്പോൾ വാക്വം അസിസ്റ്റഡ് മാലിന്യ ശേഖരണ സംവിധാനം ഏർപ്പെടുത്തുവാൻ പോകുകയാണ്.
ചെറായി പോലുള്ള മത്സ്യത്തൊഴിലാളികൾ ധാരാളമായി വസിക്കുന്ന കടൽത്തീരങ്ങളിലും ടൂറിസ്റ്റുകൾ മൂലം ഉണ്ടാകുന്ന മാലിന്യങ്ങൾ ഇന്ന് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ബീച്ചിന്റെ ഇരുവശങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉടനീളം കാണാം. കടലിലേയ്ക്ക് വൻതോതിൽ അവ ഒലിച്ചുപോകുകയും ചെയ്യുന്നുണ്ട്. ബീച്ചിന്റെ പരിസരങ്ങളിലുടനീളം മാലിന്യം സംഭരണ ശേഖരണികൾ വെയ്ക്കുകയും ദിവസവും അവ കൃത്യമായി ശുചിയാക്കുകയും ചെയ്തില്ലെങ്കിൽ വിനോദസഞ്ചാരികൾ വൈകാതെ ഈ ബീച്ചിനെ കയ്യൊഴിയുമെന്നുറപ്പാണ്. ആരും മാലിന്യക്കൂന്പാരം കാണുന്നതിനായി ബീച്ചുകളിലേയ്ക്ക് എത്തുകയില്ലല്ലോ. കുടുംബശ്രീ പ്രവർത്തകരെ ഇത്തരമൊരു പദ്ധതി ഏൽപ്പിച്ചാൽ തന്നെയും മാലിന്യങ്ങളുടെ കുത്തൊഴുക്ക് ഒഴിവാക്കാനാകും.
വിനോദസഞ്ചാര മഖലയിൽ പ്ലാസ്റ്റിക് പാക്കേജിങ് ഉള്ള വസ്തുക്കൾ പരമാവധി ഒഴിവാക്കുകയും വിനോദസഞ്ചാരികളെ അവരുടെ കൈവശമുള്ള സ്റ്റീൽ പാതങ്ങളിൽ ഭക്ഷണം വാങ്ങുവാൻ പ്രേരിപ്പിക്കുകയും ചെയ്താൽ മാലിന്യത്തിന്റെ അളവ് വലിയൊരു പരിധി വരെ കുറയ്ക്കാനുമാകും. ബീച്ചിലെ ഹോട്ടലുകളിൽ നിന്നുണ്ടാകുന്ന മാലിന്യങ്ങൾ അവർ കൃത്യമായി തദ്ദേശസ്ഥാപനങ്ങളുടെ മാലിന്യനിർമ്മാർജന സംവിധാനങ്ങളെ ഏൽപ്പിക്കുന്നുണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.
അവധിക്കാലം ആസ്വദിക്കപ്പെടേണ്ടതാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ നമ്മുടെ അവധിക്കാല യാത്രകൾ ഗ്രാമീണരായ പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നവിധമായാൽ അധികം വൈകാതെ, തങ്ങളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന ടൂറിസത്തിനെതിരെ അവർ ശബ്ദിക്കാനാരംഭിക്കും. അതിനിടയാക്കാതിരിക്കുന്ന ഉത്തരവാദിത്തം ടൂറിസ്റ്റുകൾക്കുള്ളതാണ്. കടമക്കുടിയിലെ അതിസാധാരണക്കാരായ ജനതയുടെ അതിജീവനോപാധിയായ കൃഷിയിടങ്ങളിലയ്ക്ക് കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചറിയുന്നവർ ചെയ്യുന്നത് അക്ഷന്തവ്യമായ അപരാധമാണെന്ന് അവർ തിരിച്ചറിയുന്നില്ലെന്നതാണ് വാസ്തവം. കുപ്പിച്ചില്ലുകൊണ്ട് കൈകാലുകൾ മുറിഞ്ഞ്, തൊഴിലും വരുമാനവും നഷ്ടമാകുന്നതു മാത്രമല്ല പ്രശ്നം, പ്ലാസ്റ്റിക് മാലിന്യങ്ങൾ അവരുടെ കൃഷിഭൂമിയില മണ്ണു തന്നെ നശിപ്പിക്കുന്നുവെന്നതാണ് യഥാർത്ഥ ഭീകരത. കഴിഞ്ഞ വർഷം കേരളാ ടൂറിസം വകുപ്പ് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി സംസ്ഥാനത്തെ 83 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഗ്രീൻ കാർപെറ്റ് പദ്ധതിയുമായി രംഗത്തുവന്നെങ്കിലും അത് കടമക്കുടിയും ചെറായിയും പോലുള്ള ഗ്രാമപ്രദേശങ്ങളിലക്ക് വ്യാപിപ്പിച്ചിട്ടില്ല. ടൂറിസ്റ്റ് കേന്ദ്രങ്ങളിലക്ക് ഗേറ്റും പരിശോധനയും രജിസ്‌ട്രേഷനും നടത്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ അകത്തേക്ക് കടത്തിവിടില്ലാത്ത മട്ടിലാണ് ഇന്ന് ഈ 83 ടൂറിസ്റ്റ് കേന്ദ്രങ്ങളുടേയും പ്രവർത്തനം. എന്നാൽ എത്ര ബോധവൽക്കരണം നടത്തിയാലും പ്ലാസ്റ്റിക് ബോട്ടിലുകളും പാക്കിങ്ങുകളും ടൂറിസ്റ്റ് സ്ഥലങ്ങളിൽ തന്നെ തള്ളുകയും അത് വൃത്തിയാക്കേണ്ട ചുമതല സർക്കാരിനാണെന്നും വിശ്വസിക്കുന്ന വലിയൊരു വിഭാഗം കേരളത്തിലുണ്ട്.
കാടുകളിൽ ശുചീകരണത്തിന് തൊഴിലാളികളെ ഏർപ്പാടു ചെയ്യുന്നത് പ്രയോകമല്ലാത്ത കാര്യമാണെന്ന് അറിയുമെങ്കിലും അവർ പ്ലാസ്റ്റിക് വസ്തുക്കൾ കാട്ടിൽ വലിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. ഓരോ വിനോദസഞ്ചാരിയും അകത്തേക്ക് കൊണ്ടുപോകുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ കണക്കുകൾ നൽകുകയും അവ തിരിക വരുന്പോൾ കവറുകളായി കൊണ്ടുവരുന്നുണ്ടോയെന്ന് പരിശോധിക്കുകയും ഇല്ലെങ്കിൽ വലിയ പിഴ ഈടാക്കുകയും ചെയ്യുക മാത്രമാണ് ഏക പരിഹാരം. കുട്ടികളുടെ കൈവശമുള്ള ചോക്ലേറ്റുകളാണ് ഏറ്റവും വലിയ അപകടം. മധുരത്തിന്റെ അംശമുള്ള ഈ പ്ലാസ്റ്റിക് റാപ്പറുകൾ മാനുകളും കുരങ്ങുകളും ഭക്ഷിക്കുന്നത് അവയുടെ ദഹനത്തെ അപകടത്തിലാക്കുകയും മരണത്തിനിടയാക്കുകയും ചെയ്യും. സംസ്ഥാന ടൂറിസം ഡയറക്ടറായ ബാലകിരൺ ഐഎഎസിനോട് സമീപകാലത്ത് പല വിദേശവിനോദസഞ്ചാരികളും ഇന്ത്യക്കാർ വിനോദസഞ്ചാരകേന്ദ്രങ്ങളെ മലിനമാക്കുന്നതിനെപ്പറ്റി പരാതിപ്പെടുക പോലും ചെയ്തിരുന്നു.
ഇന്തോനേഷ്യയില പാരഡൈസ് ഐലണ്ട്. എങ്ങനെയാണ് സ്വർഗമെന്ന അതിന്റെ പേര് പ്ലാസ്റ്റിക് മാലിന്യങ്ങളിലൂടെ നരകമാക്കിത്തീർത്തതെന്ന് നാം നേരത്തെ വായിച്ചിട്ടുള്ളതാണ്. അവിടത്തെ ടൂറിസ്റ്റുകൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഐലന്റിലെ കടൽത്തീരത്തെ എങ്ങനെയാണ് നശിപ്പിച്ചതെന്നും ഹോട്ടലുകൾ പോലും മാലിന്യങ്ങൾ കടൽത്തീരത്ത് കുഴിച്ചിട്ടതുമൊക്കെ നാം കേട്ടറിഞ്ഞതാണ്. 80 ലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കഴിഞ്ഞ വർഷം ലോകത്തെ ബീച്ചുകളിൽ നിന്നും ഓഷ്യൻ കൺസർവൻസിയുടെ ഇന്റർനാഷണൽ കോസ്റ്റൽ ക്ലീനപ്പ് ഡ്രൈവിലൂടെ നീക്കം ചെയ്തതെന്ന് അറിയുന്പോൾ തന്നെ നമ്മുടെ കടൽത്തീരങ്ങളെ ത്രസിച്ചിരിക്കുന്ന അപകടാവസ്ഥ എത്രത്തോളം ഭീതിദമാണെന്ന് നമുക്ക് ബോധ്യപ്പെടുകയും ചെയ്യും.
ബോധവൽക്കരണവും ടൂറിസ്റ്റ് സ്ഥലങ്ങളിൽ കർശനമായ പരിശോധനയും പിഴയടക്കമുള്ള ശിക്ഷാവിധികൾ നടപ്പാക്കുകയും മാത്രമാണ് നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങളേയും പരിസ്ഥിതിയേയും ഗ്രാമങ്ങളേയും സംരക്ഷിക്കാനുള്ള ഏക മാർഗം. കടമക്കുടി പോലുള്ള സ്ഥലങ്ങളിൽ വിനോദസഞ്ചാരികളെ പരിശോധനയോടെ, പ്ലാസ്റ്റിക്കുകളും മദ്യക്കുപ്പികളുമായി പ്രവേശിക്കാൻ അനുവദിക്കാതിരിക്കുകയാണ് ഏറ്റവും ഉത്തമം. അതിനായി പഞ്ചായത്ത് പ്രവേശന കവാടം സ്ഥാപിക്കുകയും പരിശോധനകൾ നടത്തുകയും വേണം....