കോർപറേറ്റ് ലോകത്തെ “കടക്കു പുറത്ത് ”!
ജെ. ബിന്ദുരാജ്
‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’ അഥവാ പെൺകുട്ടിയെ സംരക്ഷിക്കുകയും അവൾക്ക് വിദ്യാഭ്യാസം നൽകുകയും ചെയ്യുക എന്നത് മൂന്നു വർഷങ്ങൾക്കു മുന്പ്, 2015 ജനുവരി 22-ന് കേന്ദ്ര സർക്കാരിന്റെ വനിതാ ശിശുവികസന വകുപ്പും കുടുംബാരോഗ്യവകുപ്പും മാനവശേഷി വികസന വകുപ്പും സംയുക്തമായി ആരംഭിച്ച ഒരു പദ്ധതിയാണ്. ഒളിന്പിക്സിൽ ഗുസ്തിക്ക് വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം സാക്ഷി മാലിക്കാണ് ഈ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ. രാജ്യത്തെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അനുപാതത്തിൽ ഗണ്യമായ വ്യത്യാസമുണ്ടാകുകയും പെൺകുട്ടികളുടെ എണ്ണം ആയിരം ആൺകുട്ടികൾഡക്ക് 918 ആയി കുറയുകയും ചെയ്ത സ്ഥിതിവിശേഷം തിരിച്ചറിഞ്ഞാണ് പെൺകുട്ടിയെ സംരക്ഷിക്കാൻ സർക്കാർ ഈ പദ്ധതിക്ക് തുടക്കമിട്ടത്. പെൺഭ്രൂണഹത്യകളാണ് ഈ സ്ഥിതിവിശേഷത്തിന് ഇടയാക്കുന്നതെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പ്രധാനമായും ഉത്തരപ്രദേശ്, ഹരിയാന, ഉത്തരാഖണ്ധ്, പഞ്ചാബ്, ബീഹാർ, ഡൽഹി സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ച് ഇത്തരമൊരു പദ്ധതിക്ക് കേന്ദ്ര സർക്കാർ ജന്മം നൽകിയത്. പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയ്ക്കാൻ വലിയ സ്ത്രീധനം നൽകേണ്ടി വരുമെന്നതാണ് ഈ സംസ്ഥാനങ്ങളിൽ പെൺഭ്രൂണഹത്യ വ്യാപകമാകാനിടയാക്കിയതും അത് പെൺകുഞ്ഞുങ്ങളുടെ എണ്ണത്തിൽ തന്നെ വലിയ കുറവുണ്ടാക്കിയതും. ഹരിയാനയിലേയ്ക്ക് കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്നും പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്ന ഒരു സാഹചര്യം പോലും നിലനിന്നിരുന്നുവെന്ന് ഈ ലേഖകൻ ഇന്ത്യാ ടുഡേയ്ക്കു വേണ്ടി റിപ്പോർട്ട് ചെയ്തിരുന്നതാണ്. അന്ന് ഹരിയാനയിലെ ഹൻസി എന്ന സ്ഥലത്തു മാത്രം വിവാഹം കഴിച്ചെത്തിയ കണ്ണൂരുകാരികളായ സ്ത്രീകളുടെ എണ്ണം മൂന്നൂറിലധികമായിരുന്നു.
ഹരിയാനയിലെ ബീബിപൂർ ഗ്രാമത്തിന്റെ പഞ്ചായത്ത് പ്രസിഡന്റായ സുനിൽ ജഗ്ലന് 2012 ജനുവരിയിൽ ഒരു പെൺകുഞ്ഞു ജനിച്ചപ്പോൾ അതീവ സന്തോഷത്തോടെ അദ്ദേഹം ആശുപത്രിയിലെ ജീവനക്കാർക്ക് മധുരപലഹാര വിതരണം നടത്തി. എന്നാൽ പെൺകുഞ്ഞ് ജനിക്കുന്പോൾ എന്തിനാണ് മധുരപലഹാര വിതരണം എന്നായിരുന്നു ആശുപത്രിയിലെ നഴ്സുമാരുടേയും മറ്റു ജീവനക്കാരികളുടേയും അദ്ദേഹത്തോടുള്ള ചോദ്യം. ഈ ചോദ്യം സുനിലിനെ അക്ഷരാർത്ഥത്തിൽ സ്തംബ്ധനാക്കി. തന്റെ പെൺകുഞ്ഞ് ജീവിക്കേണ്ടുന്ന ലോകം പെൺകുഞ്ഞുങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന കാര്യമാണ് അദ്ദേഹത്തെ ഞെട്ടിപ്പിച്ചത്. 2015-ൽ തന്റെ മൂന്നര വയസ്സുകാരിയായ മകൾ നന്ദിനിക്കൊപ്പം അദ്ദേഹം ഫേസ്ബുക്കിൽ നടത്തിയ മകൾക്കൊപ്പം ഒരു സെൽഫി എന്ന കാംപെയ്ൻ പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മൻകീ ബാത്ത് പ്രഭാഷണത്തിൽ പോലും പരാമർശിക്കപ്പെടുംവിധം രാജ്യത്ത് ഒരു തരംഗമായി മാറുകയും ചെയ്തു. പെൺകുഞ്ഞുങ്ങളെ നിഷ്ക്കരുണം കൊലചെയ്തിരുന്ന നാട്ടിൽ പെൺകുഞ്ഞ് രാജ്യത്തിന്റേയും കുടുംബത്തിന്റേയും സ്വത്താണെന്നും പെൺകുഞ്ഞിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ജനതയെ ബോധവൽക്കരിക്കാൻ ഈ മുപ്പത്തിയാറുകാരനായ പഞ്ചായത്ത് പ്രസിഡന്റിന് കഴിഞ്ഞു. 2010-ൽ പഞ്ചായത്ത് പ്രസിഡന്റായശേഷം സ്ത്രീശാക്തീകരണത്തിനായി നൂറിലധികം പദ്ധതികൾക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. ഒരുപക്ഷേ ബേട്ടി ബചാവോ ബേട്ടി പഠാവോ എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ബീജാവാപം പോലും ബീബിപൂരിലെ ഈ പഞ്ചായത്ത് പ്രസിഡന്റിന്റെ പദ്ധതികളിൽ നിന്നായിരിക്കണം രൂപം കൊണ്ടത്. ഹരിയാനയിലെ പാനിപട്ടിൽ നിന്നും പ്രധാനമന്ത്രി ഈ പദ്ധതിക്ക് തുടക്കമിട്ടതിനു കാരണവും ഒരുപക്ഷേ അതു തന്നെയായിരിക്കണം.
സമൂഹത്തിൽ സാന്പത്തികഭദ്രതയുള്ളവളും പുരുഷനൊപ്പം തന്നെ സ്ഥാനമുള്ളവളുമായി സ്ത്രീ വളരണമെങ്കിൽ തൊഴിൽപരമായ തുല്യത അവൾ കൈവരിച്ചേ മതിയാകുകയുള്ളു. പക്ഷേ തുല്യതയ്ക്കപ്പുറം അത് രാഷ്ട്രത്തിനും സാന്പത്തികമായി ഗുണകരമായി മാറുമെന്നാണ് പഠനങ്ങൾ പറയുന്നത്. പെൺകുഞ്ഞിനെ പഠിപ്പിക്കുന്നതു കൊണ്ട് എന്തു കാര്യം എന്നു ചോദിക്കുന്നവർക്കുള്ള മറുപടി മകിൻസേ ആന്റ് കോയുടെ പവർ ഓഫ് പാരിറ്റി റിപ്പോർട്ട് സമീപകാലത്ത് നൽകിയിരുന്നു. ഇന്ത്യയുടെ ജിഡിപിയുടെ വളർച്ചയിൽ തന്നെ നിർണായകശക്തിയാകാൻ പോകുന്നത് തൊഴിൽ ചെയ്യുന്ന സ്ത്രീകളാണെന്നായിരുന്നു അവരുടെ കണ്ടെത്തൽ. കൂടുതൽ സ്ത്രീകളെന്നാൽ കൂടുതൽ പണം! കൂടുതൽ സ്ത്രീകൾ തൊഴിൽ ശക്തിയിലെത്തിയാൽ ഇന്ത്യയുടെ ജിഡിപിയിൽ 2025-ഓടെ 700 ബില്യൺ ഡോളർ കൂടി അധികമായി എത്തപ്പെടുമെന്ന് അവർ പറയുന്നു. നിലവിൽ 27 ശതമാനമായ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 35 ശതമാനമായി വളരാനിടയുണ്ടെന്നും അത് ജിഡിപി വളർച്ച 16 മുതൽ 60 ശതമാനം വരെ വർദ്ധിപ്പിക്കുമെന്നുമാണ് ആഗോള സാന്പത്തികപണ്ധിതന്മാരുടെ മതം. ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകൾ പുരുഷന്മാരേക്കാൾ 12 മുതൽ 60 ശതമാനം വരെ പ്രൊഫഷണൽ തൊഴിലുകളിലെത്തപ്പെടുമെന്നും വിദഗ്ദ്ധർ പറയുന്നു.
എന്നാൽ ആ സ്വപ്നങ്ങളെല്ലാം അട്ടിമറിക്കപ്പെടാൻ പോകുകയാണെന്നതാണ് ഞെട്ടിക്കുന്ന സത്യം. തൊഴിൽരംഗത്ത് അവൾക്ക് പുതിയൊരു ഭീഷണി ഉയർന്നിരിക്കുകയാണ് ഇപ്പോൾ. സ്ത്രീസഹായത്തിനായി സർക്കാർ കൊണ്ടുവന്ന ഒരു നിയമഭേദഗതി തന്നെയാണ് അതിനിടയാക്കിയിരിക്കുന്നത്. തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് ശന്പളത്തോടു കൂടിയ പ്രസവകാല അവധി 12 ആഴ്ചയിൽ നിന്നും 26 ആഴ്ചകളാക്കി മാറ്റിക്കൊണ്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പ്രസവാനുകൂല്യ ഭേദഗതി നിയമമാണ് സ്ത്രീകളെ തൊഴിലുകളിൽ നിയമിക്കുന്നതിന് പുതിയ ഭീഷണിയായി മാറിയിരിക്കുന്നതെന്നതാണ് വിരോധാഭാസം. 2017-ൽ ഈ നിയമം പാസ്സാക്കിയതു മുതൽ തന്നെ സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങൾ അതിനെതിരെ രംഗത്തുവന്നു തുടങ്ങിയതാണ്. ഇപ്പോഴിതാ, കഴിഞ്ഞയാഴ്ച പുറത്തുവന്ന ടീംലീസ് സർവ്വീസസിന്റെ മെറ്റേർനിറ്റി റിപ്പോർട്ട് ആ ഭീതി സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു. 2018-2019 കാലയളവിൽ ഈ നിയമം മൂലം 11 ലക്ഷം മുതൽ 18 ലക്ഷം വരെ സ്ത്രീകൾക്ക് സ്ഥാപനങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ട് പറയുന്നത്. സ്റ്റാർട്ട് അപ്പ് കന്പനികളും ഇടത്തരം ബഹുരാഷ്ട്ര കന്പനികളും ചെറുകിട വ്യവസായ സ്ഥാപനങ്ങളും സ്ത്രീകൾക്ക് തൊഴിൽ നൽകുന്നത് കുറയ്ക്കുകയും സ്ത്രീകളുടെ ശന്പളത്തിൽ കുറവു വരുത്തുകയും ചെയ്യുമെന്നും റിപ്പോർട്ട് പറയുന്നു.
സർക്കാർ നല്ല ലക്ഷ്യത്തോടെ, വനിതാ സൗഹാർദ്ദപരമായി ഒരു നിയമം കൊണ്ടുവന്നപ്പോൾ അതിനെ എങ്ങനെയാണ് കോർപ്പറേറ്റ് മേലാളന്മാർ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ടീംലീസ് സർവ്വീസസ് പുറത്തുവിട്ട ഈ റിപ്പോർട്ട്. ഇന്ത്യൻ തൊഴിൽശേഷിയിൽ 2017-ൽ സ്ത്രീസാന്നിദ്ധ്യം കേവലം 27 ശതമാനം മാത്രമായി തുടരുന്ന അവസ്ഥയിലാണ് ഒരു നിയമം മൂലം തൊഴിൽശേഷിയിൽ സ്ത്രീകളുടെ എണ്ണം ഇനിയും കുറയാൻ പോകുന്നതെന്നതാണ് ദയനീയമായ കാര്യം. തൊഴിൽ രംഗത്ത് സ്ത്രീകളുടെ സാന്നിദ്ധ്യം കുറഞ്ഞുവരുന്ന ഒരു സമയത്താണ് നിയമഭേദഗതി മൂലം വീണ്ടും സ്ത്രീകൾക്ക് തൊഴിൽ നഷ്ടം ഉണ്ടാകാൻ പോകുന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 2004-നും 2012-നുമിടയിൽ മാത്രം തൊഴിൽ രംഗത്തു നിന്നും രണ്ടു കോടി സ്ത്രീകൾ ഇല്ലാതായിട്ടുണ്ടെന്നാണ് ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നതെങ്കിൽ തൊഴിൽ രംഗത്തുള്ള സ്ത്രീകളുടെ എണ്ണം 36 ശതമാനത്തിൽ നിന്നും 24 ശതമാനത്തിലേയ്ക്ക് താഴ്ന്നിട്ടുണ്ടെന്നാണ് മറ്റൊരു റിപ്പോർട്ട് പറയുന്നത്.
അനൗദ്യോഗിക മേഖലയിലാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം സ്ത്രീകൾ തൊഴിലെടുക്കുന്നത്. 13.8 കോടി പേരിൽ 13.2 കോടി പേർ (95.9 ശതമാനം) അനൗദ്യോഗിക തൊഴിലിലാകട്ടെ മൊത്തം 33.8 കോടിയിൽ 13.2 കോടി പേർ സ്ത്രീകളും (28 ശതമാനം). എന്നാൽ ഔദ്യോഗിക തൊഴിലിൽ മൊത്തം 4 കോടി പേരിൽ കേവലം 56 ലക്ഷം പേർ മാത്രമേ സ്ത്രീകളുള്ളു (14 ശതമാനം). നഗരങ്ങളിലെ സ്ത്രീകളേക്കാൾ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളാണ് ഇന്ത്യയിൽ തൊഴിലെടുക്കുന്നതെന്നത് അവർ ചെയ്യുന്ന തൊഴിലിന്റെ നിലവാരത്തെപ്പറ്റിയുള്ള സൂചനകളും നമുക്ക് നൽകുന്നുണ്ട്. ഗ്രാമങ്ങളിൽ 26.7 ശതമാനം സ്ത്രീകൾ തൊഴിലെടുക്കുന്പോൾ നഗരപ്രദേശങ്ങളിൽ 16.2 ശതമാനം സ്ത്രീകൾ മാത്രമേ തൊഴിലെടുക്കുന്നുള്ളു. എന്നാൽ നഗരപ്രദേശങ്ങളിലെ സ്ത്രീകൾക്കു ലഭിക്കുന്ന വരുമാനത്തിന്റെ നാലിലൊന്ന് പോലും ഗ്രാമപ്രദേശങ്ങളിൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുന്പോൾ ഇന്ത്യയിലെ സ്ത്രീകൾക്ക് ഒരേ തൊഴിലിന് രണ്ടു കൂലിയാണ് ലഭിക്കുന്നതെന്നതും കടുത്ത വിവേചനമാണെന്ന കാര്യത്തിൽ സംശയമില്ല. പുരുഷന്മാർക്ക് ലഭിക്കുന്ന കൂലിയുടെ 57 ശതമാനം മാത്രമേ അതേ ജോലി ചെയ്യുന്ന സ്ത്രീയ്ക്ക് ലഭിക്കുന്നുള്ളുവെന്നാണ് കണക്കുകൾ പറയുന്നത്. വിദ്യാഭ്യാസം കൂടുന്തോറും അതേ യോഗ്യതയുള്ള പുരുഷനും സ്ത്രീയ്ക്കും ലഭിക്കുന്ന വേതനത്തിലും വലിയ അന്തരമുണ്ടാകുന്നുണ്ട് താനും. 2015-ലെ ആഗോള ലിംഗ റിപ്പോർട്ടിൽ ഇന്ത്യ 144 രാഷ്ട്രങ്ങളിൽ 136ാം സ്ഥാനത്തായത് എന്തുകൊണ്ടാണെന്നതിന് ഇതിൽപരം മറ്റെന്ത് തെളിവുകൾ വേണം?
മാധ്യമരംഗത്തും ടെലികമ്യൂണിക്കേഷൻ രംഗത്തും ടെക്നോളജി രംഗത്തുമെല്ലാം സ്ത്രീകളുടെ തൊഴിൽ പ്രാതിനിധ്യം വർദ്ധിക്കുന്നുണ്ടെന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. ഈ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് മറ്റു മേഖലകളിലുള്ളവരേക്കാൾ തൊഴിലിന്റെ കാര്യത്തിൽ മേൽക്കോയ്മ ലഭിക്കുന്നുണ്ടെന്നത് അത്തരം മേഖലകളിലുള്ള സ്ഥാപനങ്ങളുടെ ബോർഡുകളിൽ സ്ത്രീകൾ കൂടുതലായി ഉണ്ടെന്നതിൽ നിന്നും വ്യക്തവുമാണ്. പക്ഷേ മറ്റ് മേഖലകളിലെ അവസ്ഥ പരിതാപകരമാണ്. ഇന്ത്യയിലെ മൊത്തം സ്ത്രീ തൊഴിൽ ശക്തി പരിശോധിക്കുന്പോൾ കേവലം 7.7 ശതമാനം സ്ത്രീകൾ മാത്രമേ ബോർഡുകളിൽ അംഗങ്ങളായിട്ടുള്ളുവെന്നും കേവലം 2.7 ശതമാനം പേർ മാത്രമേ ബോർഡുകളുടെ ചെയർപേഴ്സൺ സ്ഥാനം അലങ്കരിക്കുന്നുള്ളുവെന്നും കാണാം. ബോംബെ ഓഹരിവിപണിയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള 100 കന്പനികളിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാകാൻ യോഗ്യരായിട്ടുള്ളവരായി കണക്കാക്കപ്പെടുന്ന എക്സിക്യൂട്ടീവ് ഡയറക്ടർഷിപ്പ് സ്ഥാനങ്ങളിൽ കേവലം എട്ടുപേർ മാത്രമേ സ്ത്രീകളായിട്ടുള്ളുവെന്നതും സ്ത്രീകളോട് കോർപ്പറേറ്റ് ലോകം കാട്ടുന്ന അവഗണനയുടെ ഉത്തമ ഉദാഹരണമാണ്.
സിഇഒ-മാരുടെ അവസ്ഥയും അതുപോലെ തന്നെ. ഐസിഐസിഐ ബാങ്കിൽ നിന്നും ഇപ്പോൾ അഴിമതിയാരോപണത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ടിരിക്കുന്ന ചന്ദാ കൊച്ചാർ, ബാലാജി ടെലിഫിലിംസിന്റെ ഏക്താ കപൂർ, പെൻഗ്വിൻ ബുക്സിന്റെ ചികി സർക്കാർ, പെപ്സികോയുടെ ഇന്ദ്ര നൂയി, ബയോകോണിന്റെ കിരൺ മജുംദാർ ഷോ, അപ്പോളോ ഹോസ്പിറ്റലിന്റെ പ്രീതാ റെഡ്ഢി, എപീജേ സുരേന്ദ്ര ഹോട്ടൽസിന്റെ പ്രിയാ പോൾ, എസ്ബിഐയുടെ അരുന്ധതി ഭട്ടാചാര്യ തുടങ്ങി വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രമേ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉന്നതസ്ഥാനത്തേയ്ക്ക് എത്തിയിട്ടുള്ളു. അച്ഛന്റെയോ ബന്ധുക്കളുടെയോ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ പേരിന് മാത്രം സിഇഒ സ്ഥാനത്തിരിക്കുന്നവരുണ്ടാകാം. അത്തരക്കാരെ ഒഴിച്ചുനിർത്തിയാൽ കഴിവുറ്റ സ്ത്രീകളെ കോർപ്പറേറ്റ് ലോകം കണക്കിലെടുത്തിട്ടില്ലെന്നോ പുരുഷാധിപത്യത്തിനു കീഴിൽ അവർ താഴെത്തട്ടുകളിൽ ഒതുങ്ങിക്കഴിയുകയോ ആണ് ചെയ്തിരിക്കുന്നതെന്നു കാണാം.
തൊഴിലെടുക്കുന്ന സ്ത്രീ എല്ലാത്തരത്തിലും തൊഴിൽരഹിതയായ ഒരു സ്ത്രീയേക്കാൾ പതിന്മടങ്ങ് ശക്തയാണെന്ന് കാണാം. കുടുംബത്തിൽ അവൾ മാനിക്കപ്പെടുകയും സാന്പത്തികമായി അവൾ സ്വതന്ത്രയായതിനാൽ അവൾക്ക് കുടുംബത്തിൽ തീരുമാനങ്ങളെടുക്കുന്നതിനും അവസരങ്ങൾ ലഭിക്കുന്നു. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും 27 ശതമാനം സ്ത്രീകൾ മാത്രം തൊഴിൽ ശക്തിയുടെ ഭാഗമായി തുടരുന്നത് ഇന്ത്യൻ സ്ത്രീയുടെ സാമൂഹികാവസ്ഥയുടെ പ്രതിഫലനം തന്നെയാണ്. ചൈനയിൽ 64 ശതമാനം സ്ത്രീകളും അമേരിക്കയിൽ 56 ശതമാനം സ്ത്രീകളും തൊഴിലെടുക്കുന്നുണ്ടെന്നും എന്തിന്, ഇന്ത്യയുടെ അയൽദേശങ്ങളായ നേപ്പാളിന്റേയും ബംഗ്ലാദേശിലും പോലും ഇന്ത്യയേക്കാൾ മെച്ചപ്പെട്ട അവസ്ഥയാണ് തൊഴിലിന്റെ കാര്യത്തിൽ സ്ത്രീകളുടേതെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. ഒരേ സമയം കുടുംബത്തിലെ പാചകമടക്കം കുഞ്ഞുങ്ങളുടെ പരിപാലനം വരെ സ്ത്രീകളുടെ ഉത്തരവാദിത്തമായാണ് ഇന്ത്യൻ പുരുഷാധിപത്യസമൂഹം കൽപ്പിച്ചുനൽകിയിരിക്കുന്നത്. ഒരു സ്ത്രീയ്ക്ക് തൊഴിലിന് പോകണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിൽ പോലും അതിന് അടിയന്തരമായി വേണ്ട സൗകര്യങ്ങൾ പോലും നമ്മുടെ നാട്ടിലില്ലെന്നതാണ് സത്യം. കുഞ്ഞിനെ കൊണ്ടുചെന്നാക്കാനുള്ള ക്രഷോ രാത്രികാലങ്ങളിൽ സുരക്ഷിതമായി യാത്ര ചെയ്യാനാകുംവിധമുള്ള സൗകര്യങ്ങളോ ഇനിയും ഇന്ത്യയിൽ വികസിച്ചിട്ടില്ല. സ്വാതന്ത്യം ലഭിച്ച് എഴുപതുവർഷമായിട്ടും മാന്യമായി മലമൂത്രവിസർജനം നടത്താനുള്ള സൗകര്യങ്ങൾ പോലും നഗരങ്ങളിലും ഗ്രാമങ്ങളും ലഭ്യമാക്കാനായിട്ടില്ലാത്ത രാജ്യത്തോട് കുഞ്ഞുങ്ങളെ നോക്കാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നമുക്കാവശ്യപ്പെടാനുമാവില്ലല്ലോ.
സ്ത്രീകൾ ജോലിക്കുപോകുന്നത് കുടുംബഛിദ്രത്തിന് ഇടയാക്കുമെന്ന് പ്രചരിപ്പിക്കുന്ന മതനേതാക്കളും സ്ത്രീ വാഹനമോടിച്ചാൽ അപകടങ്ങളുണ്ടാകുമെന്ന് പ്രചരിപ്പിക്കുന്നവരും സ്ത്രീകളെത്തിയാൽ പല തൊഴിലിടങ്ങളിലും ലൈംഗികഅരാജകത്വത്തിനിടയാകുമെന്നു പറയുന്നവരും സ്ത്രീകൾ തൊഴിലിലെത്തിയാൽ, അവർ സാന്പത്തിക സ്വാതന്ത്ര്യം നേടിയാൽ പുരുഷാധിപത്യ സമൂഹം തകർന്നടിയുമെന്ന് ഉള്ളാലെ ഭയക്കുന്നവരാണെന്നതാണ് വാസ്തവം. അത്തരക്കാരാണ് സ്ത്രീകൾക്കെതിരെ തൊഴിലിടത്തിൽ അപവാദപ്രചാരണങ്ങൾ നടത്തുന്നതും അവരെ തൊഴിലിടത്തിൽ നിശ്ശബ്ദരാക്കാനും ദുർബലരാക്കാനും അവർക്കെതിരെ പീഡനമാർഗങ്ങൾ അവലംബിക്കുന്നതും. ഒരു മാധ്യമസ്ഥാപനം കേരളത്തിൽ ആർത്തവകാലയളവിൽ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് അവധിയെടുക്കാൻ അനുവദിച്ചപ്പോൾ അതിനെതിരെപ്പോലും മോശപ്പെട്ട കമന്റുകൾ പ്രചരിപ്പിച്ചവരുടെ നാടാണ് നമ്മുടേത്. തൊഴിലിട പീഡനം നേരിടാൻ സ്ഥാപനത്തിൽ സമിതി വേണമെന്ന് നിയമത്തിൽ നിഷ്കർഷിച്ചിട്ടും വലിയൊരു ശതമാനം സ്ഥാപനങ്ങളും ഇനിയും അത് ആരംഭിക്കാൻ പോലും ശ്രമിച്ചിട്ടില്ലെന്നതും ഗൗരവമായി തന്നെ നാം കാണണം.
കാരണങ്ങൾ പലതുണ്ടാകാം. പക്ഷേ തൊഴിൽ രംഗത്ത് ഇന്ത്യയിൽ സ്ത്രീകളുടെ എണ്ണം കുറയുന്നത് ഗൗരവതരമായി കണക്കിലെടുക്കേണ്ട കാര്യം തന്നെയാണ്. ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ പോലുള്ള ക്രിയാത്മകമായ പദ്ധതികൾ നടപ്പാക്കുന്പോൾ തന്നെയാണ് കോർപ്പറേറ്റുകൾ പ്രസവാനൂകൂല്യ നിയമ ഭേദഗതിയുടെ പേരിൽ സ്ത്രീകളെ തൊഴിൽ രംഗത്തു നിന്നും ഒഴിവാക്കാൻ ശ്രമം നടത്തുന്നതെന്നത് അപലപനീയമായ കാര്യം തന്നെയാണ്. സ്ത്രീസുരക്ഷയെപ്പറ്റി സദാ പറഞ്ഞുകൊണ്ടിരിക്കുന്ന സർക്കാർ ആ കോർപ്പറേറ്റ് ഭീകരതയ്ക്കെതിരെ എന്തു നടപടികൾ സ്വീകരിക്കുമെന്നതും കണ്ടറിയേണ്ട കാര്യം.