പെരുംനുണകളുടെ പ്രളയകാലത്ത്!
ജെ. ബിന്ദുരാജ്
jbinduraj@gmail.com
സത്യം ചെരുപ്പിടാനെടുക്കുന്ന സമയംകൊണ്ട് നുണകൾ ലോകത്തിന്റെ പകുതിയോളം സഞ്ചരിച്ചുകഴിഞ്ഞിരിക്കുമെന്നാണ് പ്രമാണം. പുതിയകാലത്ത് എന്തുകൊണ്ടും ശരിയാണത്. പ്രത്യേകിച്ചും വാട്ട്സ്ആപ്പിന്റേയും ഫേക്ക് വാർത്തകളുടേയും കാലത്ത്. നുണയേത്, സത്യമേത് എന്ന് തിരിച്ചറിയാനാകാത്തവിധം വിദഗ്ദ്ധമായി നുണയെ സത്യസന്ധമായ വാർത്തകളായി പൊതിഞ്ഞവതരിപ്പിക്കുന്ന വിദഗ്ദ്ധരുടെ സുവർണകാലമാണിത്. നവയുഗ മാധ്യമങ്ങളിലൂടെ അത് അതിവേഗമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. പെരുംനുണകളുടെ പ്രളയകാലത്ത് നുണകൾ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും രാഷ്ട്രീയ പാർട്ടികൾ സൈബർ സംഘങ്ങളെ തന്നെ ശന്പളത്തിന് നിയോഗിച്ചിരിക്കുന്നുവെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. നൂറു കണക്കിന് സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ഒരേസമയം പ്രവർത്തിപ്പിക്കുന്ന ഫേക്കുകൾ തങ്ങളുടെ പാർട്ടിക്ക് അനുകൂലമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനൊപ്പം എതിർപാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കുമെതിരായ നുണപ്രചാരണങ്ങളും അപകീർത്തിപ്പെടുത്തലുകളും നടത്തിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതല്ല. ഇതിനു പുറമേയാണ് വർഗീയത ഇളക്കിവിടാനുള്ള ശ്രമങ്ങൾ. വലിയ കലാപങ്ങൾക്കും നരഹത്യകൾക്കും അത് വഴിവച്ചേക്കും. പ്രത്യേകിച്ചും മതപരമായ വിഷയങ്ങൾ ഇന്ത്യയിൽ ആളിക്കത്തിക്കുക വളരെ എളുപ്പമാണെന്നതിനാൽ. വാട്ട്സ്ആപ്പ് ഒന്നുമില്ലാത്ത കാലത്താണ് ഗുജറാത്തിൽ ഗോധ്ര സംഭവത്തിന്റെ പേരിൽ വലിയ വംശഹത്യ അരങ്ങേറിയതെന്നത് നാം മറക്കരുത്. തെറ്റായ വാർത്തകൾ ഫോണിലൂടേയും മൈക്ക് അനൗൺസ്മെന്റുകളിലൂടേയും പ്രചരിപ്പിച്ചുപോലും അത്രയും വലിയ ഒരു വംശഹത്യ സാധ്യമാണെങ്കിൽ പുതിയകാല ഡിജിറ്റൽ യുഗത്തിൽ വ്യാജ വാർത്തകളിലൂടെ എത്ര വലിയ കലാപവും കൊലപാതകങ്ങളും നടത്തുവാൻ സാമൂഹ്യവിരുദ്ധശക്തികൾക്ക് കഴിയുമെന്ന് ചിന്തിച്ചുനോക്കൂ.
നാസി പാർട്ടിക്ക് അടിത്തറയിടാനും പാർട്ടി ശക്തിപ്പെടുത്താനും ഹിറ്റ്ലറുടെ കൂട്ടാളിയായിരുന്ന പോൾ ജോസഫ് ഗീബൽസ് ആശ്രയിച്ചിരുന്നതും വ്യാജ വാർത്തകളുടെ പ്രചാരണം തന്നെയായിരുന്നു. ജർമ്മനിയിൽ ജൂതസമൂഹത്തിനെതിരെ വന്പൻ പ്രചാരണമാണ് ഗീബൽസ് അഴിച്ചുവിട്ടത്. തെരുവിൽ ജൂതന്മാർ ആക്രമിക്കപ്പെടുന്ന സ്ഥിതിവിശേഷം പോലും ഗീബൽസിന്റെ നേതൃത്വത്തിലുള്ള പ്രചാരണം സൃഷ്ടിച്ച ഘട്ടത്തിലാണ് 1927ൽ നാസി പാർട്ടിയെ ബെർലിൻ നഗരത്തിൽ നിരോധിച്ചതെന്ന് മറക്കരുത്. പാർട്ടിക്ക് വിലക്കുണ്ടായിരുന്ന ഈ കാലഘട്ടത്തിലാണ് ദർ ആംഗ്രിഫ് അഥവാ ആക്രമണം എന്ന് അർത്ഥം വരുന്ന ഒരു പത്രം ഗീബൽസ് തുടങ്ങിയതും അതിലൂടെ കലാപമുണ്ടാക്കാനായി വ്യാജ വാർത്തകൾ നൽകാൻ ആരംഭിച്ചതും. ജൂതന്മാർക്കും കമ്യൂണിസ്റ്റുകൾക്കുമെതിരെയായിരുന്നു ഗീബൽസിന്റെ പത്രത്തിലെ വാർത്തകൾ എല്ലാം തന്നെ. പിൽക്കാലത്ത് ജർമ്മനിയിലെ എല്ലാ പത്രങ്ങളുടേയും സർക്കാർ റേഡിയോയുടേയും നിയന്ത്രണം ഗീബൽസിന്റെ കൈയിലേക്ക് എത്തിച്ചേർന്നതോടെ ഹിംസാത്മകമായ നാസി ക്രൂരതകളുടെ കാലം ശക്തിപ്പെട്ടു. പ്രൊപ്പഗാണ്ട മന്ത്രാലയം ഗീബൽസിന് ഏൽപിച്ചു നൽകിയതോടെ, കീഴക്കുന്ന രാജ്യങ്ങളിലെ വാർത്തകളെ തങ്ങൾക്ക് അനുകൂലമായി മാറ്റുന്നതിന് റേഡിയോ നിലയങ്ങളിലെ അവതാരകരിലൂടെ തന്നെ വ്യാജ വാർത്തകൾ അവതരിപ്പിച്ചു ഗീബൽസിന്റെ സംഘം. റേഡിയോയ്ക്കു പുറമേ പ്രൊപ്പഗാണ്ട സിനിമകൾക്കു പോലും രൂപം നൽകി ജനത്തെ സത്യം മനസ്സിലാക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയാണ് ഗീബൽസ് ചെയ്തത്. ഇതേ തന്ത്രം തന്നെയാണ് ഇന്ന് ഹിന്ദുത്വയുടെ പ്രചാരകന്മാർ ഇന്ത്യയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. ഗോസംരക്ഷകരെന്ന വിഭാഗം സൃഷ്ടിച്ച് ഗോവധം നടത്തിയെന്ന് ആരോപിച്ച് മുസ്ലീം ജനവിഭാഗത്തിൽപ്പെട്ടവരെ ആൾക്കൂട്ടഹത്യകളിലൂടെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നു. ഹിന്ദുരാഷ്ട്രത്തിന്റെ പിറവിയാണ് ആത്യന്തികമായി സംഘ്പരിവാർ സംഘങ്ങൾ ഗീബൽസിയൻ തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നത്. നാസി ജർമ്മനി ആര്യൻ രക്തത്തിന്റെ മേൽക്കോയ്മയ്ക്കായി നിലകൊണ്ടതുപോലെ സംഘ്പരിവാർ ഹിന്ദുരാഷ്ട്ര പിറവിക്കായി നുണപ്രചാരണങ്ങളുടെ കെട്ടഴിച്ചുവിട്ടിരിക്കുകയാണിപ്പോൾ.
പക്ഷേ രാഷ്ട്രീയഅജണ്ടകൾക്കപ്പുറത്തേക്കും വ്യാജ വാർത്തകളുടെ ലോകം ഇന്ന് വളർന്നിരിക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളെന്ന് ആരോപിച്ച് ഇതിനകം തന്നെ ഇരുപത്തിയഞ്ചിലധികം പേരാണ് ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലായി കൊല്ലപ്പെട്ടിരിക്കുന്നത്. വ്യാജ വാർത്തകളുടെ പ്രചാരണമുണ്ടാക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളുടെ ഈറ്റില്ലമായി മാറിയിരിക്കുന്നു ഇന്ന് ഇന്ത്യ. മധ്യപ്രദേശിൽ മാനസിക വൈകല്യമുള്ള ഒരു സ്ത്രീയുടെ ചിത്രം ആരോ വാട്ട്സ് ആപ്പിലൂടെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സ്ത്രീ എന്ന ക്യാപ്ഷനോടുകൂടി വാട്ട്സ്ആപ്പ് സന്ദേശമാക്കി പ്രചരിപ്പിച്ചതാണ് ജൂലൈ 23ന് ആ സ്ത്രീയെ ജനക്കൂട്ടം മർദ്ദിച്ചുകൊല്ലാനിടയാക്കിയത്. പശുവിന്റെ മാംസം വീട്ടിൽ സൂക്ഷിച്ചിരിക്കുന്നുവെന്ന വ്യാജ വാർത്ത മൂലമാണ് ദൽഹിയിൽ ആൾക്കൂട്ടം ഒരാളെ കൊല ചെയ്തത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് കാണിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചിലർ പങ്കുവച്ച വീഡിയോയാണ് കർണാടകയിലെ ബിഡാറിൽ നിന്നുള്ള ഐ.ടിക്കാരനായ മുഹമ്മദ് അസത്തിന്റെ മരണത്തിലേക്കും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവരുടെ മർദ്ദനത്തിനും വഴിവച്ചത്. ഒരു യാത്രയ്ക്കിടെ കുട്ടികൾക്ക് സ്നേഹപൂർവം ചോക്ലേറ്റ് നൽകിയ ഇദ്ദേഹത്തിന്റെ വീഡിയോ ചിലർ പകർത്തുകയും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളാണെന്ന മട്ടിൽ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഒരു സന്ദേശം ഒരേ സമയം അഞ്ചിലധികം പേർക്ക് ഫോർവേഡ് ചെയ്യാനാവില്ലെന്ന് വാട്ട്സ്ആപ്പ് ഇന്ത്യയിൽ നിബന്ധന കൊണ്ടുവന്നതിനു പ്രധാന കാരണം തന്നെ ആൾക്കൂട്ട ഹത്യകളിലേക്കും ആക്രമണങ്ങളിലേക്കും വാട്ട്സ് ആപ്പ് വഴിയുള്ള വ്യാജസന്ദേശങ്ങൾ കാരണമാകുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് സർക്കാർ നൽകിയ നിർദ്ദേശത്തെ തുടർന്നായിരുന്നു. ആപ്പിലെ ക്യുക്ക് ഫോർവേഡ് ഓപ്ഷനും ഇനി മുതൽ ഇന്ത്യയിലുണ്ടാവില്ല. പ്രകോപനപരവും സ്ഫോടനാത്മകവുമായ സന്ദേശങ്ങൾ വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിക്കുന്നത് ഇല്ലാതാക്കണമെന്നാണ് സർക്കാർ വാട്ട്സ് ആപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. 20 കോടിയോളം വാട്ട്സ് ആപ്പ് ഉപയോക്താക്കളുള്ള ഇന്ത്യയിൽ വ്യാജവാർത്തകൾക്കെതിരെ കരുതിയിരിക്കാൻ എല്ലാ പത്രങ്ങളിലും വാട്ട്സ് ആപ്പ് പരസ്യം നൽകുകയും ചെയ്തു. പക്ഷേ അതൊന്നും തന്നെ ഈ ഡിജിറ്റൽ യുഗത്തിൽ വ്യാജവാർത്തകളെ തടയാൻ പര്യാപ്തമല്ലെന്നതാണ് വാസ്തവം.
ഹനാൻ എന്ന പെൺകുട്ടിയുടെ അവസ്ഥ തന്നെ ഫേക്ക് ന്യൂസുകൾ എത്ര വലിയ അപകടമാണ് ഉണ്ടാക്കുന്നതെന്നതിനുള്ള തെളിവാണ്. ഈ പെൺകുട്ടിയുടെ കഥ മാതൃഭൂമി ദിനപ്പത്രത്തിൽ വന്നതിനെ തുടർന്ന് സംവിധായകൻ അരുൺ ഗോപി സിനിമയിൽ അവൾക്ക് അവസരം നൽകിയതിനെ തുടർന്നാണ് സിനിമയ്ക്കായുള്ള പബ്ലിസിറ്റി സ്റ്റണ്ടാണ് ഇതെന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നത്. വഴിയേ പോയവരെല്ലാം ആ അധ്വാനശീലയായ പെൺകുട്ടിയെ ചീത്ത വിളിക്കുന്നതിനാണ് അതിടയാക്കിയത്. പഠനത്തിനൊപ്പം തൊഴിൽ ചെയ്ത് ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിച്ച ആ ശക്തയായ പെൺകുട്ടിയെപ്പോലും മാനസികമായി തളർത്തിക്കളഞ്ഞു ആ ആൾക്കൂട്ട ആക്രമണം. ആ പെൺകുട്ടിയെപ്പറ്റി സമൂഹമാധ്യമങ്ങളിലുണ്ടായ തെറ്റായ വാർത്തയെ പ്രതിരോധിക്കാൻ മാതൃഭൂമി പത്രം മുൻപേജടക്കം എഡിറ്റോറിയൽ പേജ് തന്നെ മാറ്റിവച്ചുവെന്നത് മാധ്യമപ്രവർത്തനത്തിലെ ഏറ്റവും മികച്ച ഒരു മനുഷ്യസ്നേഹ സന്ദേശം തന്നെയായി മാറുന്നതും നാം കണ്ടു. വ്യാജവാർത്തകൾ എങ്ങനെയാണ് അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് എത്തുന്നതെന്നതിന് തെളിവായി ഈ സംഭവം. ഐ ടി നിയമത്തിലെ 66(എ) വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് സാമൂഹികമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള ആക്രമണോത്സുകമായ പെരുമാറ്റം കൂടൂതൽ ദൃശ്യമായി തുടങ്ങിയത് എന്നതും ശ്രദ്ധേയം. നിയമം പൂർണമായി ഒഴിവാക്കുന്നതിന് പകരം അത് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശിക്ഷാനടപടി കൈക്കൊള്ളാനുള്ള ഭേദഗതി നിയമത്തിൽ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് ഈ സംഭവം തെളിയിക്കുകയും ചെയ്തു.
നാസി ജർമ്മനിയിലെന്നപോലെ പത്രപ്രവർത്തനം തന്നെ പ്രൊപ്പഗാണ്ട ആയി മാറാൻ പോകുന്ന കാലമാണ് വരാനിരിക്കുന്നത്. അധികാരം ആരുടെ കൂടെയാണോ അവരോടൊപ്പം ചായുന്നവരായി മാറിയിരിക്കുന്നു കോർപ്പറേറ്റുകളാൽ നിയന്ത്രിതമായ പുതിയകാല മാധ്യമലോകം. തങ്ങളുടെ കാര്യസാധ്യങ്ങൾക്ക് സഹായിക്കുന്ന രാഷ്ട്രീയകക്ഷികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യമാണ് പല ദേശീയ ഇംഗ്ലീഷ് ദിനപ്പത്രങ്ങളും പുലർത്തിപ്പോരുന്നത്. കോബ്രാ പോസ്റ്റ് നടത്തിയ ഒളിക്യാമറ അന്വേഷണത്തിൽ ഹിന്ദുത്വയുടെ പ്രചാരണത്തിന് എത്ര പെയ്ഡ് ന്യൂസ് നൽകാനും തയ്യാറാകുന്ന മാധ്യമ മുതലാളിമാരെ നമ്മൾ നേരിൽക്കണ്ടതാണല്ലോ. പക്ഷേ പെയ്ഡ് ന്യൂസ് അല്ലാതെ തന്നെയും വസ്തുനിഷ്ഠമല്ലാത്ത വാർത്തകളുടെ ഘോഷയാത്ര തന്നെയാണ് ഇന്ന് പലയിടത്തും നമുക്ക് കാണാനാകുന്നത്. അമേരിക്കൻ ചരിത്രകാരനും നോവലിസ്റ്റുമായ എഡ്വേർഡ് എഗ്ലെസ്ടൺ പത്രപ്രവർത്തനത്തെ തന്നെ ‘ഒരു സംഘടിത ഗോസിപ്പ്’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. വാർത്ത വസ്തുനിഷ്ഠമല്ലാതിരിക്കുകയും വാർത്തയിൽ കലർപ്പുകൾ കലരുകയും ചെയ്തിരുന്ന പത്തൊന്പതാം നൂറ്റാണ്ടിലെ അമേരിക്കൻ മാധ്യമപ്രവർത്തനത്തെ അങ്ങനെ വിശേഷിപ്പിക്കുന്നതിൽ അത്ര തെറ്റില്ലായിരുന്നു താനും. മാധ്യമപ്രവർത്തനം വസ്തുതകളെ ആശ്രയിച്ചാണ് ഇന്ന് നടക്കുന്നതെങ്കിലും മാധ്യമങ്ങൾ തമ്മിലുള്ള കടുത്ത കിടമത്സരം മൂലം പലപ്പോഴും വാർത്തയുടെ ആധികാരികത വേണ്ടവിധം പരിശോധിക്കപ്പെടാതെ പോകുന്നുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. കൈയിൽ കിട്ടിയ വാർത്ത പരിശോധിക്കുന്നതിന് മുന്പു തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും പിന്നീട് വാർത്തയുമായി ബന്ധപ്പെട്ടവരെ അതിന്റെ യാഥാർത്ഥ്യമറിയുന്നതിനായി സമീപിക്കുകയും ചെയ്യുന്ന പ്രവണത മുഖ്യധാരാ മാധ്യമങ്ങളിലടക്കം പ്രകടമാണ് താനും. തങ്ങൾക്ക് മുന്പ്, മറ്റൊരു ചാനൽ ബ്രേക്കിങ് ന്യൂസായി അത് നൽകുന്നത് ഒഴിവാക്കുന്നതിനാണ് പലപ്പോഴും വിശദാംശങ്ങളും ഇരുവശങ്ങളും തേടാതെയുള്ള ഈ സ്റ്റോറി നിർമ്മിക്കൽ.
പക്ഷേ പക്ഷപാതപരമായ റിപ്പോർട്ടിങ് എന്നോ വസ്തുതകൾ ശേഖരിക്കാതെയുള്ള സ്റ്റോറി തയ്യാറാക്കലെന്നോ എന്നതിനപ്പുറം വ്യാജ വാർത്തയെന്ന തലത്തിലേക്ക് അതിനെ നോക്കിക്കാണാനാവില്ല. വ്യാജ വാർത്തയെന്നത് ചില പ്രത്യേക ലക്ഷ്യങ്ങൾക്കായി കരുതിക്കൂട്ടി നിർമ്മിക്കപ്പെടുന്ന വാർത്ത തന്നെയാണ്. വർഗീയ കലാപം സൃഷ്ടിച്ച്, രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനും ഏതെങ്കിലും പ്രത്യേക സമുദായങ്ങൾക്കുനേരെ ആരോപണങ്ങളുന്നയിച്ച് അവരെ നിശ്ശബ്ദരാക്കുന്നതിനുമൊക്കെയാണ് അത് പലരും ഇന്ന് പ്രയോഗിക്കുന്നത്. വാർത്തയുടെ നിജസ്ഥിതി വെളിവാകുന്നതിനു മുന്പു തന്നെ വാർത്ത പരക്കുകയും അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നതാണ് അതിന്റെ ഏറ്റവും അപകടകരമായ വശം. 2019ലെ പൊതുതിരഞ്ഞെടുപ്പ് വ്യാജ വാർത്തകളുടേയും വ്യാജപ്രചാരണങ്ങളുടേയും പ്രളയകാലമായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. അതിന്റെ മുന്നോടിയായാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രാദേശികതലങ്ങളിൽ പോലും നിരവധി വാട്ട്സ്ആപ്പ് കൂട്ടായ്മകൾക്ക് രൂപം നൽകിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിസം ദൽഹിയിലെ ബിജെപി ഘടകം 1800 വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കുകയും അവയിലെല്ലാം തന്നെ ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുടെ നന്പർ ചേർക്കുകയും ചെയ്തുവെന്ന് ബിജെപി ഘടകം വാർത്ത പുറത്തുവിട്ടിരുന്നത് ഇതിന്റെ തുടക്കമായി വേണം കാണാൻ. വ്യാജവാർത്തകൾ പരത്തുകയും പാർട്ടിയുടെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്തുന്നതും ഒഴിവാക്കുന്നതിനായാണ് തങ്ങളുടെ ഈ വാട്ട്സ് ആപ്പ് കൂട്ടായ്മകൾ എന്നാണ് ബിജെപി പൊതുസമക്ഷം പറഞ്ഞിട്ടുള്ളത്. പക്ഷേ തങ്ങൾക്കെതിരായ ഏത് ആക്രമണത്തേയും പ്രതിരോധിക്കുന്നതിനായും തിരഞ്ഞെടുപ്പുകാല നുണപ്രചാരണങ്ങൾക്കുമായാണ് അവ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് ആർക്കും ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാവുന്നതേയുള്ളു.
2014ലെ പൊതുതിരഞ്ഞെടുപ്പിൽ സംഘ്പരിവാർ ബിജെപിയുടെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചത് കേംബ്രിഡ്ജ് അനലറ്റിക്കയുടെ മാതൃകന്പനിയായ എസ്.സി.എൽ ഗ്രൂപ്പ് നടത്തിയ വ്യാജവാർത്ത പ്രചാരണങ്ങൾ വലിയൊരു പരിധി വരെ കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ച് മോഡിയെ പ്രകീർത്തിക്കുന്നതായ ചിത്രങ്ങൾ തിരഞ്ഞെടുപ്പിന് മുന്പ് വ്യാപകമായി തന്നെ പ്രചരിപ്പിക്കപ്പെട്ടിരുന്നുവെന്നത് നമ്മൾ കണ്ടതാണ്. ജൂലിയൻ അസാഞ്ച് താൻ നരേന്ദ്രമോഡിയെ പ്രകീർത്തിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമാക്കിയപ്പോഴാണ് വ്യാജപ്രചാരണമായിരുന്നു അതെന്ന കാര്യം പുറത്തായത്. ഇതേപോലെ തന്നെ എത്രയോ വ്യാജപ്രചാരണങ്ങൾ മോഡി ഗുജറാത്തിലുണ്ടാക്കിയ വികസനത്തെപ്പറ്റി പുറത്തുവന്നിട്ടുണ്ടാകാം. ഇവയെല്ലാം തന്നെ നിഷ്പക്ഷരും വികസനകാംക്ഷികളുമായ ഇന്ത്യയിലെ 20 ശതമാനത്തോളം വരുന്ന വിഭാഗത്തെ വലിയ തോതിൽ സ്വാധീനിച്ചിരിക്കാനിടയുണ്ട്. ഓരോ വർഷവും രണ്ടു കോടി പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്നും സ്വിസ്ബാങ്കുകളിലുള്ള കള്ളപ്പണം ഇന്ത്യയിലെത്തിച്ച് 15 ലക്ഷം രൂപ വീതം ഓരോ ഇന്ത്യക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നുമുള്ള ബിജെപിയുടെ കൊഴുപ്പിച്ച വ്യാജവാഗ്ദാനങ്ങളാകട്ടെ സാധാരണക്കാരേയും ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് കാരണമായിട്ടുണ്ടാകാം. അമേരിക്കൻ തിരഞ്ഞെടുപ്പ് സമയത്ത് കേംബ്രിഡ്ജ് അനലിറ്റിക്ക ഡൊണാൾഡ് ട്രംപിന് അനുകൂലമായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ഉപയോഗിച്ചുവെന്ന വാർത്തകൾ ഇന്ത്യയിലും തിരഞ്ഞെടുപ്പിന് ഉപയോഗിക്കാനിടയുണ്ടെന്ന സൂചനകളാണ് അത് നൽകുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മുൻ ഗവേഷണ ഡയറക്ടർ ക്രിസ്റ്റഫർ വൈലി ബ്രി്ട്ടീഷ് പാർലമെന്റ് സമിതിക്കു മുന്നിൽ കോൺഗ്രസ് പാർട്ടി തങ്ങളുടെ ക്ലയന്റ് ആണെന്നു വെളിപ്പെടുത്തിയത് കോൺഗ്രസിന്റെ വിശ്വാസ്യതയ്ക്കു മേലും കളങ്കം ചാർത്തുകയുണ്ടായി. ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് അടുക്കാറായ സമയത്ത് ബിജെപി സംഘ്പരിവാർ ശക്തികൾ വീണ്ടും വർഗീയതയെ ഇപ്പോൾ ആയുധമാക്കിയെടുക്കാൻ ശ്രമിക്കുകയാണെന്നതിന്റെ തെളിവാണ് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയും ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുമൊക്കെ നടത്തിയ പ്രസ്താവനകൾ. കോൺഗ്രസ് മുസ്ലിംകളുടെ പാർട്ടിയാണെന്നു പറഞ്ഞ പ്രധാനമന്ത്രിയും അയോധ്യയിൽ രാമക്ഷേത്രം തിരഞ്ഞെടുപ്പിനു മുന്പ് നിർമ്മിക്കുമെന്ന് പ്രസ്താവിച്ച ബിജെപി അദ്ധ്യക്ഷനും വർഗീയത കുത്തിപ്പൊക്കി രാജ്യത്തെ വിഭജിച്ച് വോട്ടുനേടാനുള്ള പഴയ തന്ത്രം തന്നെയാണ് പൊടിതട്ടിയെടുത്തിരിക്കുന്നതെന്ന് വ്യക്തം. സ്വാഭാവികമായും 2019ലെ പൊതുതിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന വേളയിൽ ഇന്ത്യൻ വോട്ടർമാർ ഇത്തവണ ഏറ്റവുമധികം അഭിമുഖീകരിക്കാൻ പോകുന്നത് വർഗീയമായ ചേരിതിരിവുകൾ ശക്തിപ്പെടുത്തുന്ന വ്യാജ പ്രചാരണങ്ങൾ ആയിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ഏതാനും മാസങ്ങൾക്കു മുന്പ് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ട ഒരു വീഡിയോ തന്നെ നോക്കൂ. സെൻട്രൽ അമേരിക്കയിൽ നടന്ന ഒരു ആൾക്കൂട്ട കൊലപാതകം ആന്ധ്രാപ്രദേശിൽ നടന്നതാണെന്ന മട്ടിലാണ് ഹിന്ദുത്വ പ്രചാരകർ ഇന്ത്യയിൽ പ്രചരിപ്പിച്ചത്. ആന്ധ്രാപ്രദേശിൽ ഒരു മുസ്ലിം യുവാവിനെ വിവാഹം ചെയ്ത ഹിന്ദു മാർവാഡി യുവതിയെ അവർ ബുർഖ ധരിക്കാൻ വിസമ്മതിച്ചതിനാൽ മർദ്ദിച്ചവശയാക്കിയശേഷം ജീവനോടെ കത്തിച്ചുവെന്നായിരുന്നു 2017 മാർച്ചിൽ പുറത്തിറങ്ങിയ വീഡിയോയിൽ പറഞ്ഞിരുന്നത്. വലതുപക്ഷ ഹിന്ദുത്വവാദികൾ എത്ര നീചമായ മട്ടിലാണ് ഇന്ത്യയിൽ വർഗീയത പടർത്താനും കലാപമുണ്ടാക്കാനും ശ്രമിക്കുന്നതെന്നതിന്റെ നേർ ചിത്രമായിരുന്നു അത്. ഗോട്ടിമാലയിൽ രണ്ടു വർഷം മുന്പ് നടന്ന ഒര സംഭവത്തിന്റെ വീഡിയോ ആണെന്ന് കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ വൻതോതിൽ വിദ്വേഷപ്രചാരണത്തിന് ഈ വ്യാജ വീഡിയോയെ ഹിന്ദുത്വശക്തികൾ ഉപയോഗപ്പെടുത്തിയേനെ. അതേപോലെ തന്നെയാണ് ബംഗ്ലാദേശിൽ അവാമി ലീഗ് നേതാവിനെ വധിക്കുന്നതിന്റെ വീഡിയോ ബീഹാറിൽ മുസ്ലിംകൾ ഒരു ഹിന്ദു യുവാവിനെ കൊല്ലുന്നതാണെന്ന അടിക്കുറിപ്പോടെ പ്രചരിപ്പിച്ചതും. ഈ രണ്ടു വീഡിയോകളും വാർത്ത നരേന്ദ്രമോഡിയിലേക്ക് എത്തിക്കുന്നതിനായി ഹിന്ദുക്കൾ ഫോർവേഡ് ചെയ്യണമെന്ന അഭ്യർത്ഥനയോടു കൂടിയാണ് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടതെന്നും ഓർക്കണം. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ വളരെ വ്യാപകമായി തന്നെ ഏതാനും മാസങ്ങളായി ഇന്ത്യയിൽ നടന്നുവരുന്നുണ്ടെന്ന് പല പോസ്റ്റുകളും വീഡിയോകളും തെളിയിക്കുന്നുണ്ട്. അതിന്റെ ഏറ്റവുമൊടുവിലെ ഇരയായിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച എസ്. ഹരീഷിന്റെ മീശ എന്ന നോവൽ. നോവലിൽ രണ്ടു കഥാപാത്രങ്ങൾ തമ്മിൽ നടത്തുന്ന സംഭാഷണം അടർത്തിയെടുത്ത് മാതൃഭൂമി ലേഖനത്തിലൂടെ ഹിന്ദു പൂജാരിമാരേയും സ്ത്രീകളേയും അവഹേളിച്ചു എന്ന മട്ടിലാണ് ഹിന്ദുത്വശക്തികൾ പ്രചാരണം നടത്തിയത്. ഹിന്ദുക്കൾക്കെതിരെ സംസാരിക്കുന്ന ഹിന്ദുവാണ് ഏറ്റവും അപകടകാരി എന്ന മട്ടിലാണ് അന്ന് ഹിന്ദുത്വവാദികളുടെ പ്രതികരണങ്ങൾ. ഹിന്ദു സമൂഹത്തെ ഭീഷണിപ്പെടുത്തി ഹിന്ദുത്വവാദികളുടെ പിടിയിലേക്ക് അവരെ ഉൾച്ചേർക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു അത്. ഇരവാദം ഉന്നയിച്ചാൽ കൂടുതൽ ജനങ്ങളിലേക്കും സമുദായത്തിലേക്കും എത്തപ്പെടാനാകുമെന്ന ഇസ്ലാമിക വർഗീയ സംഘടനകളുടെ അതേ പ്രത്യയശാസ്ത്രം തന്നെയാണ് ഇപ്പോൾ ഹിന്ദുത്വശക്തികളും പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് ആർക്കാണറിയാത്തത്? ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ആർഎസ്എസിന്റെ അജണ്ടയിലേക്ക് ഇന്ത്യയിലെ ഹിന്ദു സമൂഹത്തെ എത്തിക്കാനുള്ള നടപടികളുടെ ആദ്യപടിയാണ് ഇതെല്ലാം തന്നെ.
ഇത്തരത്തിലുള്ള വ്യാജ വാർത്തകളുടെ പ്രളയകാലത്തിനാണ് 2019ലെ പൊതുതിരഞ്ഞെടുപ്പിനു മുന്പ് ഇന്ത്യ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഓരോ വാർത്തയും അപകടകരമാംവിധ കലാപങ്ങൾക്ക് വഴിമരുന്നിടുന്നതാകാം എന്ന കാര്യത്തിൽ സംശയമില്ല. എന്താണ് സംഭവമെന്ന് തിരക്കി യാഥാർത്ഥ്യം മുഖ്യധാരാ മാധ്യമങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനു മുന്പു തന്നെ സംഭവിക്കാനുള്ളത് സംഭവിച്ചിരിക്കുമെന്നതാണ് ഭീതിദമായ കാര്യം. പെരുംനുണകൾക്ക് അതിവേഗം സഞ്ചരിക്കാനുള്ള കഴിവുണ്ടെന്നത് നിസ്തർക്കമായ കാര്യമാണ്. അതിലെ അതിശയോക്തിപരമായ പ്രസ്താവനങ്ങളും ഞെട്ടിക്കൽ ഘടകവുമാണ് ആ വേഗതയ്ക്ക് കാരണം. അതുകൊണ്ടു തന്നെ പെരുംനുണകളെ പ്രതിരോധിക്കാനും രാജ്യത്തെ സമാധാനപരമായി നിലനിർത്തുന്നതിനും മാധ്യമങ്ങൾ സദാ ജാഗരൂഗരായിരിക്കേണ്ട സമയമാണിത്. അതെല്ലെങ്കിൽ ഗീബൽസിയന്മാർ ഇന്ത്യൻ ജനാധിപത്യത്തെ തന്നെ കശാപ്പുചെയ്യുന്നത് നാം കാണേണ്ടതായി വരും.