തു­ടരു­ന്ന നാ­ട്ടാ­ന വേ­ട്ട


ടമലയാർ ആനവേട്ടക്കേസിൽ ഓരോ ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നുണ്ടെങ്കിലും ആനക്കൊന്പ് കച്ചവടത്തിലെ ഉന്നതരിലേയ്ക്ക് വനംവകുപ്പിന്റെ അന്വേഷണം നീളുന്നില്ലെന്ന ആരോപണം ശക്തമാണ്. അന്വേഷണം മുറുകിയ വേളയിൽ ആനവേട്ടയുടെ രഹസ്യങ്ങൾ പലതും അറിയാമായിരുന്നുവെന്ന് കരുതപ്പെടുന്ന വേട്ടക്കാരൻ അയ്ക്കരമറ്റം വാസുവിനെ ദുരൂഹസാഹചര്യത്തിൽ മഹാരാഷ്ട്രയിലെ ഒരു ഫാം ഹൗസിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് ഉന്നതരുടെ ഇടപെടലുകൾ മൂലം അധികം വൈകാതെ ആനവേട്ടക്കേസ്സ് ആറോ ഏഴോ പ്രതികളിലേയ്ക്ക് മാത്രമായി ചുരുങ്ങുമെന്നും ഉറപ്പാണ്. പക്ഷേ കാട്ടാനവേട്ടയെപ്പറ്റി ഇത്രത്തോളം നാം വേവലാതിപ്പെടുന്പോൾ തന്നെ, പകൽ വെളിച്ചത്തിൽ സംസ്ഥാനത്ത് നടക്കുന്ന നാട്ടാന വേട്ടകളെപ്പറ്റി നാം ഒരു ഇരട്ടത്താപ്പുകാരന്റെ മൗനം അവലംബിക്കുന്നുണ്ടെന്നതാണ് വാസ്തവം. ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ നിന്നും കേവലം മൂന്നു കിലോമീറ്റർ മാത്രം വടക്ക് സ്ഥിതി ചെയ്യുന്ന പുന്നത്തൂർകോട്ടയെന്ന ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനക്കോട്ടയിൽ കഴിയുന്ന 59 ആനകളുടെ ജീവിതം ദുരിതമയമാണെന്ന് കേന്ദ്ര വനം−പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങളായിട്ടും സർക്കാരോ നീതിന്യായ കോടതികളോ ഇനിയും അതിനെതിരെ ചെറുവിരൽ പോലും അനക്കാൻ തയ്യാറായിട്ടില്ലെന്നതാണ് സത്യം. ഭക്തജനസംബന്ധിയായ വിഷയമായതിനാൽ ഇക്കാര്യത്തിൽ ബഹുഭൂരിപക്ഷം മാധ്യമങ്ങളും അർത്ഥഗർഭമായ മൗനമാണ് അവലംബിക്കുന്നത്. ആനയുടെ സൗന്ദര്യവും എടുപ്പും നോക്കി ആസ്വദിക്കുന്ന ഭക്തജനങ്ങൾക്കാകട്ടെ ഈ ജീവികളുടെ നിസ്സഹായതയിൽ യാതൊരു ദയാവായ്പവും തോന്നുന്നില്ലെന്നതാണ് ഏറ്റവും ദയനീയം.

ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള ആനത്താവളമായ പുന്നത്തൂർ കോട്ടയിലെ 59 ആനകളുടെ ദുരവസ്ഥ സംബന്ധിച്ച് കേന്ദ്ര വനം−പരിസ്ഥിതി മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് 2014 ആഗസ്റ്റ് 13−നാണ് വന്യജീവി റിസർച്ച് ആന്റ് വെറ്റിനറി ഓപ്പറേഷൻസ് ഡയറക്ർ ഡോക്ടർ അരുൺ എ ഷായുടേയും കംപാഷൻ അൺലിമിറ്റഡ് പ്ലസ് ആക്ഷൻ സഹസ്ഥാപകയായ സുപർണാ ബക്‌സി ഗാംഗുലിയുടേയും നേതൃത്വത്തിൽ ആനക്കോട്ടയിൽ 2014 ആഗസ്റ്റ് 26, 27, 28 തീയതികളിൽ വിശദമായ പരിശോധന നടത്തിയത്.  സംസ്ഥാനത്തെ മൊത്തം നാട്ടാനകളിൽ 13 ശതമാനത്തോളം ഇന്ന് പുന്നത്തൂർകോട്ടയിലാണുള്ളത്.  ആനകളെ പുന്നത്തൂർ കോട്ടയിൽ പാർപ്പിച്ചിട്ടുള്ളത് അത്യന്തം ദയനീയമായ സാഹചര്യങ്ങളിലാണെന്നും അവയ്ക്ക് സ്വതന്ത്രവിഹാരത്തിന് അവിടെ അവസരം ലഭിക്കുന്നില്ലെന്ന കാര്യവും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് അവർ അന്വേഷണത്തിന് മുതിർന്നതെന്നും അന്വേഷണത്തിൽ അവർ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയെന്നും തൃശ്ശൂരിലെ ഹെറിറ്റേജ് അനിമൽ ടാസ്‌ക് ഫോഴ്‌സിന്റെ സെക്രട്ടറി വി കെ വെങ്കിടാചലം പറയുന്നു. പ്രായാധിക്യം വന്ന ആനകൾക്കു പോലും പരിഗണനകളില്ലാത്ത ഇടം, മാലിന്യം നിറഞ്ഞ അന്തരീക്ഷം, വ്യായാമത്തിനുള്ള അവസരങ്ങളില്ലാത്തതിനാൽ മാനസികവും ശാരീരികവുമായ ആരോഗ്യക്ഷിതി സംഭവിച്ച ആനകൾ, ക്ഷയരോഗബാധിതരായ ഏഴ് ആനകളും ഒരേ മട്ടിലുള്ള ഭക്ഷണം മാത്രം നൽകപ്പെടുന്നതിനാൽ അസുഖബാധിതരാകുന്ന ആനകളും.− ഗുരുവായൂരിലേത് ആനകളുടെ കോൺസൻട്രേഷൻ ക്യാന്പാണെന്ന് നേരത്തെ മൂന്ന് സമിതികളുടെ റിപ്പോർട്ടുകളുണ്ടായിട്ടും ഇക്കാര്യത്തിൽ സർക്കാർ കേന്ദ്ര സർക്കാരിന്റെ സമിതി റിപ്പോർട്ടിനോട് ഏതു മട്ടിലാകും പ്രതികരിക്കുക? ഇതാ ഈ റിപ്പോർട്ടിൽ നിന്നുള്ള ചില ഭാഗങ്ങൾ തന്നെ നോക്കാം. എട്ട് ആനകൾക്കായി നിർമ്മിച്ച ഷെഡ്ഡുകൾ മാത്രമേ അവിടെയുള്ളു. ബാക്കിയുള്ളവയൊക്കെ പൊരിവെയിലും മഴയും സഹിച്ച് 24 മണിക്കൂറും ചങ്ങലയിൽ തന്നെ കഴിയണം. മേഞ്ഞു നടക്കാനുള്ള സംവിധാനമൊന്നും 11 ഏക്കർ വരുന്ന ആ സ്ഥലത്ത് ഒരുക്കിയിട്ടില്ല. ഏഴെട്ട് ആനകൾ ക്ഷയരോഗത്തിന്റെ പിടിയിലാണ്. പ്രദേശത്തെ മൂന്നു കുളങ്ങളും പായൽ മൂടിക്കിടക്കുന്നതിനാൽ ആനകളുടെ കുളിയൊക്കെ കുഴൽ വഴി ചീറ്റിക്കുന്ന വെള്ളം ഉപയോഗിച്ചാണ്. കാട്ടിലുള്ള ആന 72 ഇനത്തിലുള്ള വസ്തുക്കളുള്ള ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഗുരുവായൂർ ദേവസ്വത്തിന്റെ ആനകൾ വർഷത്തിൽ ഒരു മാസത്തെ സുഖ ചികിത്സാ കാലത്തൊഴികെ ബാക്കിയെല്ലാം സമയത്തും പച്ചപ്പുല്ലും (പച്ചപ്പുല്ല് നൽകുന്നുണ്ടെന്നാണ് പറയുന്നുണ്ടെങ്കിലും സമിതിയുടെ മൂന്നു ദിവസത്തെ സന്ദർശന സമയത്ത് ഒരിക്കൽ പോലും അത് നൽകി കണ്ടില്ല) പനയോലയും മാത്രമാണ് ഭക്ഷിക്കുന്നത്. ഈ 59 ആനകളുടെ വിസർജ്യങ്ങൾ ദിനംപ്രതി ഏതാണ്ട് 3−5 ടണ്ണോളം വരും. ഇതൊക്കെ പ്രദേശത്തു തന്നെയാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇത് വിവിധ പകർച്ചവ്യാധികൾക്കിടയാക്കിയേക്കും. പുന്നത്തൂർകോട്ടയിൽ ഈ ലേഖകൻ നടത്തിയ അന്വേഷണത്തിൽ കുടിവെള്ളം പോലും നിഷിദ്ധമായ നിലയിൽ നിൽക്കുന്ന പല ആനകളേയും കണ്ടു, പൊരിവെയിലത്ത് ആയുഷ്‌കാലം മുഴുവനും ചെലവിടാൻ വിധിക്കപ്പെട്ടവർ, ചങ്ങല കൊണ്ട് പിൻകാലുകളും മുൻകാലുകളും ബന്ധിച്ച് ചലനസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട് പ്രതിമ കണക്കെ നിൽക്കുകയാണ് ആ കാഴ്ചമൃഗങ്ങൾ!

പുന്നത്തൂർ കോട്ടയിൽ ആകെയുള്ള 59 ആനകളിൽ 53 ആനകൾക്ക് (90 ശതമാനം) പാദസംബന്ധിയായ അസുഖങ്ങളുടെ ചരിത്രമുണ്ട്. 33 ആനകൾക്ക് (56 ശതമാനം) ദഹനക്കേട് സംബന്ധിയായ അസുഖങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മദപ്പാട് ആനകളുടെ ആന്തരിക ആരോഗ്യത്തിന്റെ ലക്ഷണമാണെന്നിരിക്കേ, പുന്നത്തൂർ കോട്ടയിലെ 54 കൊന്പനാനകളിൽ 39 ശതമാനം ആനകൾക്കും മദപ്പാട് ഇല്ലെന്നത് വേറെ കാര്യം.  2008 മുതൽ 2014 വരെയുള്ള കഴിഞ്ഞ ആറു വർഷക്കാലത്തിനിടയ്ക്ക് മാത്രം 68 വയസ്സുകാരനായ ആന തൊട്ട് 17−കാരനായ ആന വരെ എട്ട് ആനകളുടെ മരണങ്ങൾ കോട്ടയിൽ നടന്നിട്ടുമുണ്ട്. ദഹനക്കേടു മുതൽ പാദസംബന്ധിയായ അസുഖം വരെയും പാപ്പാന്മാരുടെ പീഡനം മൂലമുണ്ടായ മുറിവു തൊട്ട് ക്ഷയരോഗം വരെയും ഇടിമിന്നൽ തൊട്ട് ഹൃദയാഘാതം വരെയും ഈ മരണങ്ങളുടെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

പുന്നത്തൂർകോട്ടയിലെ 59 ആനകളിൽ 38 ആനകളെ ഉത്സവങ്ങൾക്കായും മറ്റു പരിപാടികൾക്കായും വാടകയ്ക്ക് നൽകാറുള്ളവയാണ്. 2014 ജനുവരി ഒന്നു മുതൽ 2014 ഏപ്രിൽ 30 വരെയുള്ള (120 ദിവസം) ഉത്സവകാലത്ത് 74 വയസ്സുള്ള ഗുരുവായൂർ പത്മനാഭനെപ്പോലും 55 ദിവസത്തേക്കാണ് ഉത്സവങ്ങൾക്ക് എഴുന്നെള്ളിപ്പിച്ചതെന്ന് റെക്കോർഡുകൾ പറയുന്നു. 18−20 മണിക്കൂറാണ് ഈ ദിവസങ്ങളിൽ പത്മനാഭൻ തൊഴിലെടുത്തത്. 52−കാരനായ ഗോപീകൃഷ്ണനേയും ദേവസ്വം വെറുതെ വിട്ടില്ലത്രേ. 77 ദിവസങ്ങളാണ് 120 ദിവസത്തിൽ ഗോപീകൃഷ്ണൻ പണിയെടുത്തത്. നാലു മാസക്കാലം മാത്രം 38 ആനകളെ നാലുമാസത്തേക്ക് ഉത്സവാഘോഷങ്ങൾക്ക് നൽകിയപ്പോൾ അവ മൊത്തം 1363 ദിവസങ്ങളാണ് തൊഴിലെടുത്തത്. അതായത് ഒരാനയ്ക്ക് ശരാശരി 35 ദിവസത്തെ തൊഴിൽ ദിനം. സപ്തംബർ ഒന്നു മുതലാണ് ഉത്സവകാലമെന്നിരിക്കേ അടുപ്പിച്ച് ഈ ആനകൾ തൊഴിലെടുക്കുന്ന ദിനങ്ങൾ ഇതിനേക്കാൾ വളരെയധികമാണെന്നതാണ് വാസ്തവം. ഒരാനയ്ക്ക് 75,000 രൂപയാണ് പ്രതിദിന വാടക. 2014−15 കാലയളവിൽ പുന്നത്തൂർകോട്ടയിൽ നിന്നുള്ള വരുമാനമായി ദേവസ്വം കണക്കാക്കുന്നത് 3,71,50,000 രൂപയാണ്.  പുന്നത്തൂർ കോട്ടയിലെ ആനകളെ പൂരത്തിനും ഉത്സവങ്ങൾക്കുമൊക്കെ ഉപയോഗിക്കുന്നതിനാൽ ഗുരുവായൂർ ദേവസ്വം സെൻട്രൽ  അതോറിട്ടിയിലും ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും ഗുരുവായൂർ ദേവസ്വത്തിന് പെർഫോമിങ് ആനിമൽസ് രജിസ്‌ട്രേഷൻ വേണമെന്നും സമിതി പറയുന്നു. വന്യജീവി സംരക്ഷണ നിയമത്തിന്റെ കീഴിൽ ഷെഡ്യൂൾ ഒന്നിൽപ്പെടുന്ന മൃഗമാണ് ഏഷ്യൻ ആനയെന്നതിനാൽ അതീവ ശ്രദ്ധയോടെ അത് പരിപാലിക്കപ്പെടണമെന്നും റിപ്പോർട്ട് പറയുന്നു. 2002−ൽ ഭേദഗതി വരുത്തിയ വന്യജീവി സംരക്ഷണ നിയമപ്രകാരം പൂരത്തിലും ജാഥകളിലുമൊക്കെ ആനകളെ പങ്കെടുപ്പിക്കുന്ന നിയമത്തിന്റെ ലംഘനമാണെന്നും സമിതി റിപ്പോർട്ട് പറയുന്നു. ആനകളെ ഉത്സവങ്ങളിൽ പങ്കെടുപ്പിക്കുന്നതിന് മതപരമായ പ്രാധാന്യമൊന്നും തന്നെയില്ല. പകരം കച്ചവടപരമായ താൽപ്പര്യങ്ങളാണ് അതിലൂടെ സംരക്ഷിക്കപ്പെടുന്നത്. സാംസ്‌കാരികമായ പാരന്പര്യങ്ങളെ നാടിന്റെ നിയമങ്ങൾക്കുമേൽ പ്രതിഷ്ഠിക്കാൻ പാടില്ല, റിപ്പോർട്ടിൽ പറയുന്നു. ദേവസ്വം പൂരത്തിനും മറ്റ് കച്ചവടപരമായ പ്രകടനങ്ങൾക്കുമായി ആനകളെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും റിപ്പോർട്ട് പറയുന്നു.

ഇതെല്ലാം നേരിട്ട് കണ്ടറിയാവുന്നതേയുള്ളു. ജീവിക്കുന്ന രക്തസാക്ഷികളായ നിരവധി ആനകളെ നമുക്ക് പുന്നത്തൂർ കോട്ടയിൽ കാണാനാകും. രണ്ടായിരത്തിരണ്ടിൽ ആറു വയസ്സുള്ളപ്പോഴാണ് ആദിത്യനെ ചലച്ചിത്രതാരം ഗണേഷ് ബാബു ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തുന്നത്. പാപ്പാന്മാരുടെ ക്രൂര മർദ്ദനം മൂലം മുൻകാലുകൾ ഒടിഞ്ഞ പതിനെട്ടുകാരനായ ആദിത്യൻ ഇന്നൊരു വികലാംഗനാണ്. പോരാത്തതിന് ഇടതും വലതും ചെവികളിൽ തോട്ടിയിട്ടു പിടിച്ചതിന്റെ തുളകൾ. അതേ വർഷം തന്നെയാണ് നടൻ സുരേഷ് ഗോപി പത്തു വയസ്സുള്ള കീർത്തിയെ നടയിരുത്തിയത്. കടുത്ത നടപടികൾ മൂലം ഏതാണ്ട് സമനില തെറ്റിയ അവസ്ഥയിലാണ് ഇന്ന് 23−24 മണിക്കൂറും ചങ്ങലയിൽ കഴിയുന്ന ഈ ആന. മുപ്പത്തിനാലുകാരനായ മുകുന്ദനെ ഗുരുവായൂരിൽ നടയിരുത്തിയത് ആറാം വയസ്സിൽ 1986−ലാണ്. പിൻകാലുകളിലൊന്ന് ഒടിഞ്ഞതിനാൽ മൂന്നു കാലുകളിലാണ് ഇന്ന് ഈ പാവത്തിന്റെ ജീവിതം. പാപ്പാന്മാരുടെ ക്രൂരത മൂലം മുൻകാലുകളൊടിഞ്ഞ 51−കാരനായ കൃഷ്ണന്റെ രണ്ടു കണ്ണുകളിലും അന്ധത വ്യാപിച്ചിരിക്കുന്നു.  ഒരു ആനയുടെ വിരമിക്കൽ പ്രായം 65 വയസ്സായാണ് കണക്കാക്കപ്പെട്ടിരിക്കുന്നതെങ്കിലും 74−കാരനായ ഗുരുവായൂർ പത്മനാഭനെ ഇപ്പോഴും ഉത്സവങ്ങൾക്ക് എഴുന്നെള്ളിക്കുക പതിവാണ്. ഏതാണ്ടിതേ പ്രായത്തോട് അടുത്തുവരുന്ന അഞ്ച് മറ്റ് ആനകളുടെ കാര്യവും തഥൈവ! വൃദ്ധരാണെങ്കിലും യാതൊരു ദയാദാക്ഷിണ്യവുമില്ല. ദേവസ്വം പണം കിട്ടുന്ന ഏർപ്പാടുകളൊന്നും വിട്ടുകളയില്ലാത്തതിനാൽ ഏതെങ്കിലും അഭയകേന്ദ്രത്തിൽ അന്ത്യകാലം കഴിച്ചുകൂട്ടേണ്ട ഇവർ ഇപ്പോഴും എല്ലുമുറിയെ പണിയെടുക്കുന്നു. ഇതെല്ലാം നടക്കുന്നത് ഭഗവാന്റെ സന്നിധിയിലാണെന്നതാണ് ഏറ്റവും ദയനീയം.

1975−ലാണ് ഗുരുവായൂർ ദേവസ്വം ഗുരുവായൂർ ക്ഷേത്രത്തിന് വടക്കുഭാഗത്ത് മൂന്നു കിലോമീറ്റർ അകലെയുള്ള 10 ഏക്കർ ഭൂമി പുന്നത്തൂർകോട്ടയിൽ വാങ്ങിയത്. ആനത്താവളത്തിന്റെ ഭരണം ഇന്ന് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്കും മാനേജിങ് കമ്മിറ്റിയുടെ സെക്രട്ടറിക്കുമാണ്. ചെയർമാൻ ടി.വി ചന്ദ്രമോഹൻ അദ്ധ്യക്ഷനായ ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങൾക്കാണ് അദ്ദേഹം റിപ്പോർട്ട് ചെയ്യേണ്ടത്. ആനിമൽ വെൽഫെയർ ബോർഡിന്റെ റിപ്പോർട്ടിന് ഗുരുവായൂർ ദേവസ്വം മറുപടി നൽകിയിട്ടുണ്ടെന്നും  ബോർഡ് അതിൽ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ഇപ്പോൾ തന്നെ നടപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നുണ്ടെന്നുമാണ് ടി.വി ചന്ദ്രമോഹൻ പറയുന്നത്.  2009−ലെ റിപ്പബ്ലിക് ദിന പരേഡ് മുതൽ ആനകളെ, ധീരതയ്ക്കുള്ള പുരസ്‌കാരം ലഭിച്ച കുട്ടികളെ ആനപ്പുറത്ത് എഴുന്നെള്ളിക്കുന്നത് അവസാനിപ്പിച്ചത് വി.വി.ഐ.പികൾക്കും ജനങ്ങൾക്കുമുണ്ടായേക്കാവുന്ന സുരക്ഷാ പ്രശ്‌നങ്ങൾ മുൻ നിർത്തിയാണ്. അതേ ന്യായം വച്ചുകൊണ്ടു തന്നെ കേരളത്തിൽ ആനങ്ങളെ ഉത്സവങ്ങൾക്ക് എഴുന്നെള്ളിക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്. ഇതു സംബന്ധിച്ച നിവേദനം പ്രധാനമന്ത്രിക്ക് ഞാൻ നൽകിക്കഴിഞ്ഞു, വെങ്കിടാചലം പറയുന്നു. കച്ചവട ആവശ്യങ്ങൾക്ക് ആനകളെ ഉപയോഗിക്കരുതെന്ന നിർദ്ദേശമൊന്നും പക്ഷേ ദേവസ്വത്തിന് അംഗീകരിക്കാനാവില്ല. ഉത്സവത്തിന്റെ ആവശ്യങ്ങൾക്ക് ദേവസ്വം ആനകളെ തുടർന്നും ഉപയോഗിക്കും,’’ ടി.വി ചന്ദ്രമോഹൻ അതിനെ ചെറുക്കുന്നു.

ആനകളെ നടയിരുത്തുന്നതും കൈമാറ്റം ചെയ്യുന്നതും ലീസിന് നൽകുന്നതുമൊക്കെ അനധികൃതമായി കണക്കാക്കണമെന്നും മുഖ്യ വന്യജീവി വാർഡൻ ഇതിന് സഹായിക്കുന്ന എല്ലാ അനുമതികളും തടയണമെന്നും റിപ്പോർട്ട് പറയുന്നു. ആനകളുടെ ക്ഷേമത്തിനായുള്ള ദേവസ്വം കമ്മിറ്റിയിൽ നിലവിൽ ദേവസ്വം അംഗങ്ങൾ മാത്രമേയുള്ളുവെന്നും മൃഗക്ഷേമവകുപ്പിൽ നിന്നും വനംവകുപ്പിൽ നിന്നുമുള്ളവർ അതിലുണ്ടായിരിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. പുന്നത്തൂർകോട്ടയിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്നതു വഴി പീഡനം നടത്തുന്ന പാപ്പാന്മാരെ കണ്ടെത്താനാകും. പ്രായാധിക്യം വന്നതും (65 വയസ്സിനു മേൽ പ്രായമുള്ള ആനകൾ) അസുഖബാധിതരായ ആനകളേയും സംസ്ഥാനവനംവകുപ്പിന്റെ അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുകയും അവിടെ ജീവിതാന്ത്യം വരെ തുടരാൻ അനുവദിക്കുകയും വേണമെന്നും സമിതി നിർദ്ദേശിക്കുന്നു. ആനയോട്ടം പോലുള്ള പരിപാടികളിൽ ആനകൾക്കുനേരെ കടുത്ത ക്രൂരത ഉണ്ടാകുന്നുവെന്നും കടുത്ത വിമർശനങ്ങൾ ഇതേപ്പറ്റി നിലനിൽക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

61നും 74−നും ഇടക്ക് പ്രായമുള്ള നാല് ആനകളും 40−നും 59−നും ഇടയ്ക്ക് പ്രായമുള്ള 26 ആനകളും 22−നും 39−നും ഇടയ്ക്ക് പ്രായമുള്ള 23 ആനകളും 16−നും 19−നും ഇടക്ക് പ്രായമുള്ള ആറ് ആനകളുമാണ് പുന്നത്തൂർ കോട്ടയിലുള്ളത്. ആനകളെ സംബന്ധിച്ച പരിശോധനാ രേഖകളും പൂർണ്ണമല്ലെന്ന് സമിതിയുടെ പരിശോധനയിൽ വ്യക്തമായി. ചില ആനകളുടെ വാക്‌സിനേഷൻ റെക്കോർഡുകളിൽ പലതും കാലഹരണപ്പെട്ടതും അപൂർണ്ണവുമായിരുന്നു. മറ്റു ആനകൾക്കാകട്ടെ ഇതൊന്നും തന്നെ ഉണ്ടായിരുന്നില്ല. രോഗചികിത്സ സംബന്ധിച്ച ഒരു രേഖയും ഒരു ആനയുടേയും കാര്യത്തിൽ ദേവസ്വത്തിൽ സൂക്ഷിക്കുന്നുമില്ല.

ക്ഷേത്രത്തിലേയ്ക്ക് ലഭിച്ച ആനകൾ ഏതു മാർഗ്ഗത്തിലൂടെ എങ്ങനെയാണ് അവയുടെ ഉടമസ്ഥരുടെ കൈകളിൽഎത്തപ്പെട്ടതെന്നതിനെപ്പറ്റിയും അനിശ്ചിത്വങ്ങളുണ്ടെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്. ആനകളുടെ മുൻകാല റെക്കോർഡുകൾ പലതും ലഭ്യമല്ല. പുന്നത്തൂർ കോട്ടയിലെ ആനകളുടെ ദുരവസ്ഥയെപ്പറ്റിയുള്ള റിപ്പോർട്ട് വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വനം മന്ത്രി പറയുന്പോഴും ആനയുടെ കസ്‌റ്റോഡിയന്മാർ ദേവസ്വമായതിനാൽ അവരാണ് ആനയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന ഒഴുക്കൻ മറുപടിയിലാണ് വനംമന്ത്രിക്ക് താൽപര്യം.

You might also like

Most Viewed