ലഹരിക്കുരുക്കുകളിൽ കേരളം
കൊച്ചിയിലേയ്ക്ക് ലഹരി മാഫിയ പിടിമുറുക്കിക്കഴിഞ്ഞുവെന്നതിന്റെ സൂചനകളാണ് സമീപകാലത്തു കണ്ട അറസ്റ്റുകളെല്ലാം തന്നെ. കഴിഞ്ഞ ജൂലൈ 23−നാണ് കൊച്ചിയിലെ സ്റ്റാർ ഹോംസ് അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിലെ ഒരു ഫ്‌ളാറ്റിൽ നിന്നും ഐ.ടി പ്രൊഫഷണലുകളായ മൂന്നു യുവാക്കളെ കൊക്കെയ്ൻ അടക്കമുള്ള ലഹരിമരുന്ന് കൈവശം വെച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്പതു ദിവസങ്ങൾക്കുശേഷം അവരുടെ കൂട്ടാളികളായ രണ്ട് എഞ്ചിനീയറിങ് ബിരുദധാരികളെ പോലീസ് തൃപ്പൂണിത്തുറ റെയിൽവേ സ്‌റ്റേഷനടുത്തുള്ള ഒരു അപ്പാർട്ട്‌മെന്റിൽ നിന്നും പിടികൂടി. തൃശ്ശൂർ സ്വദേശികളായ ഇരുപത്തിനാലുകാരായ നിതിൻ ഗോപാലകൃഷ്ണനും മുന്ന സണ്ണിയുമാണ് അറസ്റ്റിലായത്. ഇവരുടെ ഫ്‌ളാറ്റിൽ നിന്നും 40,000 രൂപ വിലവരുന്ന 14 ഗ്രാം കൊക്കൈയ്‌നും 30,000 രൂപയോളം വില വരുന്ന 14 എൽ.എസ്.ഡിയും (ലിസർജിക് ആസിഡ് ഡൈ എത്തിലൈമെഡ്) കഞ്ചാവു പൊടിയുമൊക്കെ പോലീസ് കണ്ടെത്തുകയും ചെയ്തു. 20 എൽ.എസ്.ഡി സ്റ്റാന്പുകളുമായി പിടിയിലായ മൂന്ന് ഐ.ടി പ്രൊഫഷണലുകളിൽ− എബിൻ സി സ്ലീബ, സ്റ്റീവ്‌സൺ, ഗീവർ ജോൺ എന്നിവരിൽ− നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് വലയിലാക്കിയത്. നിതിനേയും മുന്ന സണ്ണിയേയും ചോദ്യം ചെയ്തതിൽ നിന്നും കൊച്ചിയിലേക്കുള്ള ലഹരി മരുന്നു വരവിന്റെ പുതിയ പല കണ്ണികളേയും പോലീസ് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ചെന്നൈയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയശേഷം ചെന്നൈയിലും ബംഗലുരുവിലും ഡിജേ പാർട്ടികളുടെ സംഘാടനത്തിൽ ഏർപ്പെട്ടിരുന്നവരാണ് ഇവർ ഇരുവരും. ബംഗലൂരുവിലെ ബ്രിഗേഡ് റോഡിൽ നിതിന് ഒരു ഡാൻസ് ഫ്‌ളോർ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഡിജേ പാർട്ടികളുടെ മറവിൽ അത്തരം പാർട്ടികൾക്കെത്തുന്നവർക്ക് ലഹരിമരുന്നു കച്ചവടം നടത്തുന്ന ഒരു വലിയ അന്താരാഷ്ട്ര ശൃംഖലയുമായി അവർ ബന്ധപ്പെട്ടിരിക്കാനുള്ള സാധ്യതകളാണ് പോലീസ് ഇപ്പോൾ അന്വേഷിച്ചുവരുന്നത്.
ഡാൻസ് ഫ്‌ളോറിൽ തെന്നിത്തെറിച്ചു നീങ്ങുന്ന കടുംചായങ്ങളിലേക്കും മുറുകുന്ന താളത്തിലേക്കും അതുണ്ടാക്കുന്ന വിഭ്രമാത്മകമായ അന്തരീക്ഷത്തിന് ചൂടും ചൂരും പകരാൻ ലഹരിയുടെ വഴികൾ തേടുന്നവരുടെ എണ്ണം കൊച്ചിയിൽ വർദ്ധിച്ചുവരികയാണെന്നതിന്റെ സൂചനകളാണ് ഇതെല്ലാം. മടുപ്പിക്കുന്ന തൊഴിലിൽ നിന്നും ഏതാനും മണിക്കൂറുകളോളം നീളുന്ന ആഘോഷങ്ങളിലൂടെയുള്ള മോചനത്തിന് ലഹരിയുടെ കൂട്ടുകൂടി വേണമെന്ന പക്ഷക്കാരായിരിക്കുന്നു ഒരു വിഭാഗം നഗര യൗവനങ്ങൾ. ഇത്തരം പാർട്ടികളിലേക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘങ്ങൾ പ്രവർത്തിച്ചു വരുന്നതായി ഞങ്ങൾക്കറിയാം. അവർക്കു പിന്നിൽ പ്രവർത്തിക്കുന്ന വന്പന്മാർ ആരാണെന്നു മാത്രമേ ഇനി അറിയേണ്ടതുള്ളു, ഒരു അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. മദ്യത്തിന്റെ ഉപയോഗം കുറയുന്ന പാർട്ടികൾ നിരീക്ഷിക്കുന്നതിലൂടെയാണ് മയക്കുമരുന്ന് അവിടെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് തിരിച്ചറിയുകയെന്ന് പോലീസ് പറയുന്നു. എൽ.എസ്.ഡി പോലുള്ള എവിടേയും എളുപ്പത്തിൽ കൊണ്ടു നടക്കാവുന്ന മയക്കുമരുന്നുകൾ വ്യാപകമായതോടെ അവ കണ്ടെത്തുക പോലീസിനെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമായ കാര്യമാണ്. സ്ഥിരം പാർട്ടികളിൽ പങ്കെടുക്കുന്ന പലർക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോയെന്ന് ഞങ്ങൾ നിരീക്ഷിച്ചുവരികയാണ്, പോലീസ് പറയുന്നു.
കൊച്ചി-കടവന്ത്ര റോഡിലുള്ള സ്‌കൈലൈൻ ടൊപാസ് അപ്പാർട്ട്‌മെന്റിലെ 13 എഫ്/14 എഫ് ഡ്യൂപ്ലക്‌സിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോയേയും ബംഗലുരുവിൽ നിന്നുള്ള ഡിസൈനർ ബ്ലെസി സിൽവസ്റ്ററേയും മോഡലായ രേഷ്മ രംഗസ്വാമിയേയും കൊച്ചിയിലെ മോഡലായി പതിയെ ഉയർന്നുവരുന്ന എഞ്ചിനീയറിങ് ബിരുദധാരിണിയായ കരുനാഗപ്പിള്ളിക്കാരി ടിൻസി ബാബുവിനേയും ബിസിനസുകാരിയായ സ്‌നേഹ ബാബുവിനേയും കൊൈക്കയ്ൻ ഉപയോഗിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ജനുവരി 31−ന് പോലീസ് അറസ്റ്റ് ചെയ്‌തതോടെയാണ് ലഹരിയുടെ വല നഗരത്തെ എത്രത്തോളം ബാധിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് പലരും മനസ്സിലാക്കിയത്. കഴിഞ്ഞ ഡിസംബറിൽ ഫോർട്ട് കൊച്ചിയിൽ കൊച്ചി-മുസിരിസ് ബിനാലെയ്‌ക്കെത്തിയ വിദേശികൾക്ക് മൂന്നു ഗ്രാം കൊക്കെയ്ൻ വാസ്‌കോഡഗാമ സ്‌ക്വയറിൽ നിന്നും വിൽക്കാൻ ശ്രമിക്കവേ രണ്ട് കോഴിക്കോട് സ്വദേശികൾ അറസ്റ്റിലായിരുന്നു. നാലാഴ്ചകൾക്കു മുന്പ് എട്ട് ഗ്രാം കൊക്കൈയ്ൻ കൈവശം വെച്ചതിന് അങ്കമാലിയിൽ നിന്നും ഒരു നൈജീരിയൻ പൗരനേയും അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവങ്ങൾക്കും ഇപ്പോഴത്തെ കേസ്സുകൾക്കും തമ്മിലുള്ള ബന്ധവും പോലീസ് അന്വേഷിച്ചുവരികയാണ്.
കേരളത്തിൽ മയക്കുമരുന്ന് കേസ്സുകളുടെ എണ്ണം സമീപകാലത്തായി ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്നാണ് ഇതു സംബന്ധിച്ച കേസ്സുകൾ വ്യക്തമാക്കുന്നത്. 2008−ൽ കേവലം 508 കേസ്സുകളാണ് എൻ.ഡി.പി.എസ് പ്രകാരം രജിസ്റ്റർ ചെയ്തതെങ്കിൽ 2014 നവംബർ മാസം വരെ മാത്രം 1968 കേസ്സുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ആറു വർഷങ്ങളിലായി ഇത്തരം കേസ്സുകളിൽ ഓരോ വർഷവും വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2014−ലാണ് കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ഏറ്റവുമധികം കേസ്സുകൾ രജിസ്റ്റർ ചെയ്തതെന്നതും പ്രധാനം. നേരത്തെ ഇത്തരം മയക്കുമരുന്നുകളുടെ കാരിയർമാർ യുവാക്കളായിരുന്നുവെങ്കിൽ പോലീസിന്റെ കെണിയിൽ നിന്നും രക്ഷപ്പെടുന്നതിനായി ഒട്ടും തന്നെ സംശയിക്കപ്പെടാത്ത യുവതികളെയാണ് ഇന്ന് ഈ രംഗത്തുള്ളവർ ആശ്രയിക്കുന്നത്. ഷൈൻ ടോം ചാക്കോയ്‌ക്കൊപ്പം പിടിയിലായ രേഷ്മയ്ക്കും ബ്ലെസിയ്ക്കും നേരത്തെ വൻ നഗരങ്ങളിൽ പലയിടത്തും സ്‌മോക്ക് പാർട്ടികൾ സംഘടിപ്പിച്ച അനുഭവ പരിചയമുണ്ടെന്നാണ് പോലീസ് പറയുന്നത്. സന്പന്ന സമൂഹത്തിലും ചലച്ചിത്രപ്രവർത്തകർക്കിടയിലും വിലകൂടിയ മയക്കുമരുന്നുകളുടെ ഉപയോഗം വർദ്ധിച്ചിട്ടുണ്ടെന്നതിന്റെ തെളിവായിരുന്നു നീലാകാശം പച്ചക്കടൽ ചുവന്നഭൂമി എന്ന സിനിമയുടെ തിരക്കഥാകൃത്തായ ഹാഷിർ മുഹമ്മദിനെ കഴിഞ്ഞ വർഷം കൊച്ചിയിലെ ഒരു ഫ്‌ളാറ്റിൽ വെച്ച് മയക്കുമരുന്നിന്റെ സ്വാധീനത്തിൽ പൂർണ്ണ നഗ്നനായി ഒരു വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. താൻ ദൈവകൽപ്പന അനുസരിക്കുകയായിരുന്നുവെന്നും ഏഴ് പാപങ്ങൾ ചെയ്യാൻ മുതിരുകയായിരുന്നുവെന്നും ഹാഷിർ പറഞ്ഞപ്പോൾ ഞെട്ടിത്തരിച്ചു കേട്ടിരിക്കാനായിരുന്നു പോലീസിന്റെ വിധി.
നേരത്തെ സ്റ്റാർ ഹോട്ടലുകളിലും ബോട്ടുകളിലും റിസോർട്ടുകളിലുമൊക്കെയായി നടന്നിരുന്ന കൊച്ചിയിലെ നിശാപാർട്ടികളിലും ഡീജേ പാർട്ടികളിലുമെല്ലാം ലഹരിമരുന്നിന്റെ വ്യാപകമായ ഉപയോഗം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലഹരിമരുന്നു വിൽപ്പന സംഘം തങ്ങളുടെ വിരുന്നുകൾ പലതും വാടകയ്‌ക്കെടുക്കുന്ന ഫ്‌ളാറ്റുകളിലേക്ക് മാറ്റിയത്. ഇത്തരത്തിൽ നഗരത്തിലെ പല ആഡംബര ഫ്‌ളാറ്റുകളിലും പാർട്ടികൾ നടക്കുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ പോലീസിന് ലഭിച്ചിരുന്നുവെങ്കിലും അന്വേഷണം വഴിമുട്ടിനിൽക്കുകയായിരുന്നു. പാർട്ടിയിലേക്ക് ക്ഷണിക്കപ്പെടുന്നവർ മാറിമാറി വരുന്നതും അപ്പാർട്ടുമെന്റുകൾ അതിവേഗം മാറ്റുന്നതുമൊക്കെ പോലീസിനെ സംബന്ധിച്ചിടത്തോളം ഇവരെ കണ്ടെത്തുക ദുഷ്‌കരമാക്കിയിരുന്നു. പലപ്പോഴും പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും കൈമാറപ്പെട്ടു, ഒരു പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു. വാട്ട്‌സ്അപ്പിലൂടേയും ഫെയ്‌സ്ബുക്കിലൂടേയുമൊക്കെ പൊതു സുഹൃത്തുക്കൾ വഴി ഉണ്ടാക്കിയെടുത്ത ബന്ധങ്ങൾ വഴിയാണ് മിക്ക വിൽപ്പനകളും നടക്കുന്നതെന്നാണ് പോലീസ് പറയുന്നത്.
മദ്യത്തിനപ്പുറം ലഹരി മരുന്നുകളുടെ പ്രധാന വ്യാപാരകേന്ദ്രമായി കൊച്ചി മാറുകയാണെന്ന് സമീപകാല പല സംഭവങ്ങളും തെളിയിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ജൂൺ പതിനെട്ടിനാണ് കടമക്കുടി സ്വദേശിയായ ഫാബ്രിക്കേഷൻ ജോലിക്കാരൻ ഷിജു തോമസ് (29) എന്ന യുവാവ് അബുദാബി വിമാനത്താവളത്തിലിറങ്ങിയപ്പോൾ അവിടത്തെ പോലീസ് പിടിയിലായത്. ഷിജുവിന്റെ കൈവശമുണ്ടായിരുന്ന ബിസിനസ് സ്റ്റഡീസ് പാഠപുസ്തകത്തിനുള്ളിൽ ഒന്പത് ലിസർജിക് ആസിഡ് ഡൈ എത്തിൽ അമേഡ് സ്റ്റാന്പുകൾ അഥവാ എൽ.എസ്.ഡി സ്റ്റാന്പുകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. പക്ഷേ അബുദാബി വിമാനത്താവളത്തിൽ എത്തുന്ന സാരംഗ് എന്ന എം.ബി.ഐ വിദ്യാർത്ഥിക്ക് നൽകുന്നതിനായി അമൽ എന്നയാൾ ഏൽപ്പിച്ച പാഴ്‌സലായിരുന്നു ആ പുസ്തകമെന്ന് ഷിജു വ്യക്തമാക്കി. അച്ഛന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി അബുദാബിയിൽ നിന്നുമുള്ള സഹപ്രവർത്തകനായ റിനോയ് ആണ് തന്റെ സുഹൃത്തായ അമലിന്റെ കസിനായ സാരംഗിനായി ഈ പുസ്തകങ്ങൾ എത്തിക്കാമോയെന്ന് ചോദിക്കുന്നത്. ഷിജു വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് തൊട്ടു മുന്പാണ് അതുവരെ കാണുക പോലും ചെയ്യാത്ത അമൽ ഏൽപ്പിച്ച പാഴ്‌സലുമായി ഷിജു നെടുന്പാശ്ശേരിയിൽ നിന്നും പുറപ്പെട്ടതും അബുദാബിയിൽ പോലീസ് പിടിയിലാകുന്നതും.
തുടർന്ന് ഷിജുവിന്റെ സഹോദരൻ ജോഷി നൽകിയ പരാതിയെ തുടർന്ന് ചേരാനെല്ലൂർ സ്വദേശിയായ ബി.ബി.എ വിദ്യാർത്ഥി അമൽ കേരളത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടു. തന്റെ സുഹൃത്തും എഞ്ചിനീയറിങ് ബിരുദ വിദ്യാർത്ഥിയുമായ കടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് സാദിൽ നിന്നുമാണ് പാഴ്‌സൽ ലഭിച്ചതെന്ന് അമൽ വ്യക്തമാക്കി. മുഹമ്മദ് സാദ് ആ പ്രദേശത്തെ കോൺഗ്രസ് നേതാവായ തോപ്പിൽ അബുവിന്റെ മകനായ കീഴ്മാട് സ്വദേശി തോപ്പിൽ അൻസാർ ആണ് ഈ പുസ്തകം പാഴ്‌സലായി ഗൾഫിലെത്തിക്കാൻ തന്നെ ഏൽപിച്ചതെന്ന് വ്യക്തമാക്കി. അൻസാറിനെ അറസ്റ്റ് ചെയ്തതോടെയാണ് ഗോവയിൽ നിന്നും കൊച്ചിയിലേക്കും കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് എൽ. എസ്.ഡി അടക്കമുള്ള മയക്കുമരുന്ന് കടത്തുന്ന ശൃംഖലയെപ്പറ്റി പോലീസിന് വിവരം ലഭിച്ചത്. ഗോവയിൽ നിന്നും ഒരു സ്റ്റാന്പിന് 200−250 രൂപയ്ക്ക് വാങ്ങുന്ന അൻസാർ കേരളത്തിലത് 2000 രൂപ വിലയ്ക്കായിരുന്നവത്രേ ആവശ്യക്കാരിലെത്തിച്ചിരുന്നത്. എന്തായാലും കേരളത്തിലേക്ക് വിവിധയിടങ്ങളിൽ നിന്നും എൽ.എസ്. ഡിയും മറ്റ് മയക്കുമരുന്നുകളും വ്യാപകമായി ഒഴുകിത്തുടങ്ങിയെന്ന് പോലീസിനെ ബോധ്യപ്പെടുത്തുന്നതായി മാറി ആ സംഭവം. ഇതിനുശേഷമാണ് ജൂലൈ അഞ്ചാം തീയതി കൊച്ചിയിലെ ഡ്രീം ഹോട്ടലിൽ പാർട്ടി നടന്നുകൊണ്ടിരിക്കെ പൊലീസ് സംഘം ഇരച്ചു കയറി പരിശോധനകൾ നടത്തിയത്. ഈ റെയ്ഡിലും മയക്കുമരുന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് നഗരത്തിലെ ഒരു പ്രമുഖ ഹോട്ടൽ തങ്ങളുടെ നൈറ്റ് ക്ലബ് പുനരുദ്ധാരണ പരിപാടികളുടെ പേരിൽ അടച്ചുപൂട്ടുകയും ഡ്രീം ഹോട്ടൽ ഡാൻസ് ഫ്‌ളോർ ഒഴിവാക്കാനുള്ള തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു. തുടർന്ന് 2014 ജൂലൈ 27−ാം തീയതി മൈ കൊച്ചി ഓൺലൈൻ സംഘടിപ്പിച്ച ഫ്‌ളോ ആന്റ് ഫ്‌ളൈ ക്രൂസ് ബോട്ട് പാർട്ടിയിൽ നിന്നും പെർമിറ്റ് ഇല്ലാതെ സൂക്ഷിച്ച നിലയിൽ മദ്യം കണ്ടെത്തിയതിനു പുറമേ കഞ്ചാവും കണ്ടെത്തിയത്. കൊച്ചിയിലെ ഒരു പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ വ്യക്തിയിലേയ്ക്ക് അതിന്റെ അന്വേഷണം എത്തപ്പെട്ടതോടെ അത് പിന്നെ മുന്നോട്ടു നീങ്ങിയില്ല.
കൊക്കെയ്ൻ ഉപയോഗം കേരളത്തിൽ ശക്തിപ്പെട്ടു തുടങ്ങിയത് പാർട്ടി കൾച്ചറിന്റെ ശക്തിപ്പെടലോടെയാണെങ്കിലും എൽ. എസ്.ഡിയും കഞ്ചാവും ഹെറോയിനും നൈട്രോസോൾ ഗുളികകളും കോഡിനും ഓപ്പിയവുമെല്ലാം കേരളത്തിൽ നേരത്തെ തന്നെ ഉപയോഗിച്ചു വരുന്നതായാണ് പോലീസ് പറയുന്നത്. ഇതിനു പുറമേ സ്‌കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നു മാഫിയ കേരളത്തിൽ പിടിമുറുക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ആഭ്യന്തരമന്ത്രി ക്ലീൻ കാന്പസ് സേഫ് കാന്പസ് എന്ന മുദ്രാവാക്യവുമായി മയക്കുമരുന്ന് ഉപഭോഗം കുറയ്ക്കാൻ ഇറങ്ങിത്തിരിച്ചത് കാന്പസുകളിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നായിരുന്നു. യുവാക്കളെ ലഹരിയിലേക്ക് ആകർഷിക്കാനും പിന്നീട് അവരെ അടിമപ്പെടുത്തി വ്യാപാരം ശക്തിപ്പെടുത്താനും ലഹരി മരുന്നു മാഫിയ ചെറിയ പ്രായത്തിൽ തന്നെ അവരെ ആകർഷിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. പക്ഷേ പിടികൂടുന്ന പല കേസ്സുകളിലും കാരിയർമാരെ പിടികൂടുന്നതിനപ്പുറം അന്വേഷണം യഥാർത്ഥ മയക്കുമരുന്നു കച്ചവടക്കാരിലേയ്ക്ക് പോകാറില്ല,’’ നാർകോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ ടി.എം ജോസഫ് സാജു പറയുന്നു. മഹാരാജാസ് കോളേജിൽ മയക്കുമരുന്നിനെതിരെ പ്രതികരിച്ച ബികോം വിദ്യാർത്ഥിയായ നിലന്പൂർ സ്വദേശിയായ വിവേകിനെ മയക്കുമരുന്ന് മാഫിയക്കാർ പരീക്ഷാദിവസം കോളേജിൽ കയറി വിരൽ വെട്ടിമാറ്റിയ സംഭവം പോലും നടന്നിരുന്നു. കോളേജ് ഹോസ്റ്റലിലും പരിസരത്തും കഞ്ചാവും ലഹരിവസ്തുക്കളും വിതരണം ചെയ്തിരുന്ന കോളേജിലെ അവസാന വർഷ ബികോം വിദ്യാർത്ഥിയായ ലൂയിസ് ആണ് വിവേകിനേയും ആക്രമണം തടുക്കാൻ ശ്രമിച്ച ബിബിൻ ബേബിയേയും ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ചത്.
തങ്ങൾക്ക് മയക്കുമരുന്ന് കൈമാറിയത് തങ്ങൾക്ക് പരിചിതനായ ആളല്ല എന്നു പറഞ്ഞ് പിടിക്കപ്പെട്ടവർ ഒഴിയുകയാണ് പതിവ്. അന്യസംസ്ഥാന തൊഴിലാളികളുടെ വരവ് വർദ്ധിച്ചതോടെ പശ്ചിമ ബംഗാളിൽ നിന്നും മറ്റുമായി കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകൾ കേരളത്തിലേയ്ക്ക് പ്രവഹിക്കുന്നുണ്ട്. പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ്സെടുക്കാൻ പോലീസിനാവില്ല. ഒരു കിലോഗ്രാമിനു മേലെ കഞ്ചാവ് പിടിച്ചു കഴിഞ്ഞാൽ മാത്രമേ ജാമ്യം കിട്ടാത്ത വകുപ്പ് അനുസരിച്ച് കേസ്സെടുക്കാൻ കഴിയുകയുള്ളു, ടി.എം ജോസഫ് സാജു പറയുന്നു. കിലോയ്ക്ക് 300 രൂപ മുതൽ 700 രൂപ വരെ വിലയ്ക്ക് ബംഗാളിലും മറ്റും ലഭിക്കുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് കിലോയ്ക്ക് 15,000 രൂപ നിരക്കിൽ വരെ വിൽക്കപ്പെടുന്നുവെന്നിരിക്കേ, കൊക്കെയ്ൻ പോലുള്ള കടുത്ത മയക്കുമരുന്നുകൾക്കുള്ള വിപണിയും മയക്കുമരുന്ന് മാഫിയ കേരളത്തിൽ ലക്ഷ്യം വെയ്ക്കുന്നുണ്ടെന്ന് വ്യക്തം. കൊക്കെയ്ൻ ഗ്രാമിന് 20,000 രൂപ വരെ നൽകാൻ തയ്യാറുള്ളവർ കേരളത്തിലുണ്ടെന്നാണ് പോലീസ് പറയുന്നത്.
നഗരത്തിലേക്ക് എത്തുന്ന മയക്കുമരുന്നിന്റെ 10−15 ശതമാനം മാത്രമേ പോലീസ് പിടിയിലാകുന്നുള്ളുവെന്നതാണ് ഇത്തരം മാഫിയകൾ കേരളത്തിൽ ശക്തിപ്പെടാൻ കാരണം. വൻകിടക്കാർക്കായി മയക്കുമരുന്ന് എത്തിക്കുന്ന മോഡലുകളും ഫാഷൻ കോ−ഓഡിനേറ്റർമാരും തൊട്ട് ചെറിയ പെട്ടിക്കടക്കാർ മുതൽ നഗരത്തിലെ ചിലയിടങ്ങളിൽ സ്ഥിരമായി തങ്ങുന്ന യാചകവേഷധാരികൾ വരെ മയക്കുമരുന്നിന്റെ വിൽപ്പനക്കാരായതിനാൽ പോലീസിന് അവരെ കണ്ടെത്തുക എളുപ്പമല്ല. സംഘടിതമായ മയക്കുമരുന്ന് മാഫിയ കേരളത്തിൽ ശക്തിപ്പെട്ടിട്ടുണ്ടെങ്കിലും നാർകോട്ടിക് സെല്ലിന് ഇനിയും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന വന്പൻ സ്രാവുകളെ പിടിയിലാക്കാൻ കഴിഞ്ഞിട്ടില്ല. അതിനിടെ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ ട്രാൻസിറ്റ് പോയിന്റായി തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾ മാറുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ 16−ന് ദൽഹിയിൽ നിന്നുമെത്തിയ സിംബാവേക്കാരിയായ എൽദറിന്റെ പക്കൽ നിന്നും 10 കോടി രൂപ വിലമതിക്കുന്ന 25 കിലോഗ്രാം എഫെഡ്രിൻ നാർകോട്ടിക് ബ്യൂറോ പിടിച്ചെടുത്തിരുന്നു. ഹെയർ ആക്‌സസറിയെന്ന മട്ടിൽ ഈ പായ്ക്ക