ചക്കി­ക്കൊ­ത്ത ചങ്കരൻ


ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഇക്കഴിഞ്ഞ ജൂലൈ 23−ന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് നാവെടുക്കുംമുന്പേ തിരുവനന്തപുരത്തിരുന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഡ്വക്കേറ്റ് ജനറൽ കെ.പി ദണ്ധപാണിയുടെ ഓഫീസിൽ പൂർണ്ണവിശ്വാസമാണെന്ന് പ്രഖ്യാപിച്ചു കളഞ്ഞു. അതാണ് ഉമ്മൻ ചാണ്ടി. സ്‌നേഹിക്കുന്നവരെ കൈവിടില്ല−. കാര്യപ്രാപ്തിയില്ലെങ്കിലും സ്വന്തം കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞാൽ അതിനെ കാര്യക്ഷമത എന്നാണ് മുഖ്യമന്ത്രി വിളിക്കുക. കഴിഞ്ഞ കുറേക്കാലമായി അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് പലവിധ വിവാദങ്ങളിൽ മുങ്ങിത്താണപ്പോഴും മുഖ്യമന്ത്രി ഒരു ജ്വല്ലറിയുടെ പരസ്യത്തിലെന്നപോലെ, വിശ്വാസം, പൂർണ്ണവിശ്വാസം എന്നൊക്കെ ആണയിട്ടുകൊണ്ടേയിരിക്കുകയായിരുന്നു. അല്ലെങ്കിൽ തന്നെയും മുഖ്യമന്ത്രി കെ.പി ദണ്ധപാണിയെ എങ്ങനെ പിന്തുണയ്ക്കാതിരിക്കും? മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലിം രാജിന്റെ ടെലിഫോൺ കോൾ റെക്കോർഡുകൾ പിടിച്ചെടുത്ത് ഹാജരാക്കാൻ 2013 ആഗസ്റ്റിൽ ജസ്റ്റിസ് വി.കെ മോഹനൻ ഉത്തരവിട്ടപ്പോൾ അതൊഴിവാക്കാൻ ടെലിഫോൺ റെക്കോർഡുകൾ പിടിച്ചെടുക്കുന്നത് സലിംരാജിന്റെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ് കേസ്സിൽ സലിം രാജിനായി വക്കാലത്ത് പറഞ്ഞയാളാണല്ലോ ഈ ദണ്ധപാണി. ഇതിനൊക്കെ പുറമേ, കള്ളപ്പണക്കാരുടേയും ബാറുടമകളുടെയുമൊക്കെ പിണിയാളുകളെയാണ് ദണ്ധപാണി ഗവൺമെന്റ് പ്ലീഡർമാരായി നിയമിക്കുന്നതെന്നും ആരോപണമുയർന്നിരുന്നു. ഒരേ സമയം സർക്കാരിനായി കേസ്സു വാദിക്കുന്പോൾ തന്നെ കൊച്ചിയിലെ കെ.പി ദണ്ധപാണി അസോസിയേറ്റ്‌സ് എന്ന അഡ്വക്കേറ്റ് ജനറലിന്റെ സ്ഥാപനം സർക്കാരിനെതിരെയും കേസ്സുകളിൽ ഹാജരാകുന്നുണ്ടെന്നതും വേറെ കഥ. ഈയിടെ കേരളാ ഗവർണർക്ക് ഹൈക്കോടതി അഡ്വക്കേറ്റ് ജെ.എസ് അജിത്കുമാർ അയച്ച പരാതി പ്രകാരം ഭരണഘടനാ ചുമതലയിൽ ഇരുന്നുകൊണ്ട് ജൂനിയർമാർ വഴി (ഇതിൽ ഭാര്യ സുമതി ദണ്ധപാണിയും മകൻ മില്ലു ദണ്ധപാണിയും ഉൾപ്പെടും) സർക്കാരിന്റെ എതിർകക്ഷികൾക്കായി നേരിട്ട് കേസ് ഫയൽ ചെയ്യുകയാണെന്നാണ് സംസാരം. എ.ജിയുടെ ഭാര്യയും മകനുമൊക്കെ എതിർ കക്ഷികൾക്കായി ഹാജരാകുന്പോൾ സർക്കാർ അഭിഭാഷകർ പാതി മനസ്സോടെയാണ് കേസ്സു വാദിക്കുന്നതെന്നും അത് സർക്കാർ കേസ്സു തോൽക്കാൻ കാരണമാകുന്നുവെന്നുമാണ് ആരോപണം. 

എന്തായാലും ബാർ കൗൺസിലിനു മുന്നിലെത്തിയ ഈ പരാതിയ്ക്കുശേഷം ഇപ്പോഴാണ് ഒരു ഹൈക്കോടതി ജഡ്ജി അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനെ നഖശിഖാന്തം വിമർശിച്ചുകൊണ്ട് വാക്കാലുള്ള പരാമർശം നടത്തുന്നത്. പോലീസിനെതിരെ നിരവധി കേസ്സുകൾ നടത്തുകയും വിജയിക്കുകയുമൊക്കെ ചെയ്ത ഒരു അഭിഭാഷകനെ മദ്യപിച്ച് വാഹനമോടിച്ചുവെന്ന കള്ളക്കേസിൽ കുടുക്കുകയും ചെയ്തുവെന്ന കേസ്സ് പരിഗണിക്കവേയായിരുന്നു അലക്‌സാണ്ടർ തോമസ് കാര്യക്ഷമമായി കേസ്സ് നടത്തുന്നതിൽ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനുള്ള കഴിവുകേടിനെപ്പറ്റി പരസ്യമായി പരാമർശിക്കാൻ നിർബന്ധിതനായത്. “കേരളത്തിൽ ഇന്നുള്ള 120 സർക്കാർ പ്ലീഡർമാരിൽ ഭൂരിപക്ഷം പേരും അബ്കാരികളടക്കമുള്ള പലരുടേയും നോമിനികളാണെന്നും കോടതി ആവശ്യപ്പെടുന്ന വിവരങ്ങളൊന്നും അവർ നൽകുന്നില്ലെന്നും പ്രവർത്തനം കാര്യക്ഷമമല്ലെന്നുമാണ്’’ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് തുറന്നടിച്ചത്. ഇതിനെല്ലാം പുറമേ കേരളത്തിലെ എ.ജിയുടെ ഓഫീസ് എങ്ങനെ പ്രവർത്തിക്കണമെന്ന് തമിഴ്‌നാട്ടിലെ എ.ജി ഓഫീസിനെ കണ്ടു പഠിക്കണമെന്നു വരെ പറഞ്ഞുവെച്ചു ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്. അലക്‌സാണ്ടർ തോമസിനെതിരെ അടുത്ത ദിവസം തന്നെ സർക്കാർ പ്ലീഡർമാർ പരാതിയുമായി ചീഫ് ജസ്റ്റിസിനെ സമീപിക്കാൻ വൈകിയില്ല. തങ്ങളുടെ വിലയിടിച്ചു കാട്ടുന്നതാണ് പരാമർശമെന്നായിരുന്നു സർക്കാർ പ്ലീഡർമാരുടെ വാദം. പക്ഷേ ജഡ്ജി പറഞ്ഞതിൽ പതിരില്ലെന്ന് കണക്കുകൾ പരിശോധിക്കുന്നവർക്ക് ബോധ്യപ്പെടും. ആകെയുള്ള 120 സർക്കാർ പ്ലീഡർമാരിൽ 50 പേർ കോൺഗ്രസ് നോമിനികളും 30 പേർ കേരളാ കോൺഗ്രസ് (മാണി)യുടേയും മറ്റുള്ളവരുടേയും 20 പേർ മുസ്ലിം ലീഗിന്റേയും 10 പേർ മറ്റു സംഘടനകളുടേയും 10 പേർ തിരുവനന്തപുരത്തെ കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണിലിന്റേയും നോമിനികളാണ്. ഇതിനെല്ലാം പുറമേ സർക്കാർ പ്ലീഡർമാരുെട ശന്പളത്തിലും സമീപകാലത്തും ഗണ്യമായ വർദ്ധനയുണ്ടായി. 2013 സപ്തംബർ മുതൽ സർക്കാർ പ്ലീഡർമാരുടെ ശന്പളം 50 ശതമാനമാണ് വർദ്ധിപ്പിച്ചത്. ഒരു സ്‌പെഷ്യൽ സർക്കാർ പ്ലീഡർക്ക് 75,000 രൂപയും ഒരു സീനിയർ സർക്കാർ പ്ലീഡർക്ക് 65,000 രൂപയും സർക്കാർ പ്ലീഡർക്ക് 55,000 രൂപയുമാണ് ശന്പളം. പ്ലീഡർ പണി അത്ര ചെറിയ ചെലവിലൊന്നുമല്ല സാധ്യമാകുന്നതെന്നതിനാൽ അതിന് പാർട്ടികളുടെ നോമിനിഭാരം അത് ചുമക്കേണ്ടി വരുന്നുണ്ടെന്നത് യാഥാർത്ഥ്യം മാത്രം. ഇതിൽ തന്നെ എത്ര പേർ ബാർ ലോബിയുടേയും മറ്റ് തരികിടകളുടേയും നോമിനികളാണെന്ന് ആർക്കറിയാം?

ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് പെട്ടെന്നൊരു പ്രകോപനത്തിന്റെ പേരിൽ പറഞ്ഞുപോയതാണ് ഇതൊക്കെയെന്ന് ധരിക്കരുത്. വളരെ കാലങ്ങളായി തന്നെ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിന്റെ വിവിധ വിഷയങ്ങളിലുള്ള ഇടപെടലുകൾ വിവാദമായിത്തീർന്നത് അറിയാവുന്ന ആളാണല്ലോ അദ്ദേഹവും. ഇതിനു മുന്പ് ജസ്റ്റിസ് ഹാറൂൺ അൽ റഷീദും അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനു നേരെ 2013−ൽ നിശിതമായ വിമർശനം നടത്തിയിട്ടുള്ളതുമാണ്. ബാർ കൗൺസിലിനു മുന്നിൽ ഇപ്പോഴും നിലനിൽക്കുന്ന അഡ്വക്കേറ്റ് ജെ.എസ് അജിത്കുമാറിന്റെ പരാതിയിലാകട്ടെ ഭരണഘടനാപരമായ ഒരു സ്ഥാനത്തിരുന്നുകൊണ്ട് അഡ്വക്കേറ്റ് ജനറൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിക്കപ്പെട്ടത്. കെ.പി ദണ്ധപാണി അസോസിയേറ്റ്‌സ് എന്ന സ്വകാര്യ സ്ഥാപനം നടത്തുകയും അവർ സർക്കാരിനെതിരെയുള്ള കേസ്സുകൾ ഏറ്റെടുക്കുകയും ചെയ്യുക വഴി ഒരേ സമയം സർക്കാരിൽ നിന്നും എതിർകക്ഷികളിൽ നിന്നും പണം ദണ്ധപാണിയിലേയ്ക്ക് എത്തുന്നുവെന്നായിരുന്നു പരാതിക്കാരന്റെ ആക്ഷേപം. മാത്രവുമല്ല, കെ.പി ദണ്ധപാണി അഡ്വക്കേറ്റ് ജനറലായതിനു ശേഷം സുമതി ദണ്ധപാണിക്കും മകൻ മില്ലു ദണ്ധപാണിക്കും ലഭിക്കുന്ന കേസ്സുകളിൽ വലിയ വർദ്ധനവുണ്ടായിട്ടുള്ളതായും പരാതിക്കാരൻ പറയുന്നുണ്ട്. സുമതി ദണ്ധപാണിയോ മില്ലു ദണ്ധപാണിയോ പ്രതിഭാഗത്ത് നിലയുറപ്പിക്കുന്ന ഒരു കേസ്സിൽ ഒരു ഗവൺമെന്റ് പ്ലീഡർ അവർക്കെതിരെ നിലകൊള്ളുന്നത് അസാധ്യമായ കാര്യമാണെന്നും പരാതിക്കാരൻ പറയുന്നുണ്ട്. ഇതു സംബന്ധിച്ച് നേരത്തെ കെ.പി ദണ്ധപാണിയുമായി ഈ ലേഖകൻ ബന്ധപ്പെട്ടപ്പോൾ “അതെല്ലാം കോടതി തീരുമാനിക്കേണ്ട കാര്യമാണെന്നും പത്രലേഖകനോട് വിശദീകരിക്കേണ്ടതില്ലെന്നു’’മായിരുന്നു ദണ്ധ
പാണിയുടെ പ്രതികരണം. ഇതിനു മുന്പും രണ്ട് അഡ്വക്കേറ്റ് ജനറലുകളുടെ ബന്ധുക്കൾ അവർ അഡ്വക്കേറ്റ് ജനറലുകളായി പ്രവർത്തിക്കുന്പോൾ പ്രാക്ടീസ് ചെയ്തിരുന്നുവെന്ന വാദവും അദ്ദേഹം നിരത്തി. എന്നാൽ അതിലെ ന്യായാന്യായം നിശ്ചയിക്കേണ്ടത്  കോടതിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 

ദണ്ധപാണിയെ ദണ്ധിക്കേണ്ടതിന്റെ ആവശ്യകതയിലാണ് പ്രതിപക്ഷനേതാവ് വി. എസ് അച്യുതാനന്ദനും ഊന്നുന്നത്. ഇതേ വരെ സർക്കാരിനായി ഒരു കേസ്സും തോൽക്കാത്തയാളാണ് ദണ്ധപാണിയെന്ന ചാണ്ടിയുടെ പ്രസ്താവന ശുദ്ധ നുണയാണെന്ന് വി.എസ് തുറന്നടിച്ചു. ദണ്ധപാണിയെപ്പോലെ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ദുരുപയോഗം ചെയ്ത മറ്റൊരാളില്ലെന്നാണ് അച്യുതാനന്ദൻ പറയുന്നത്. പാമോലിൻ കേസ്സിലെ തൃശൂർ വിജിലൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച അഡ്വക്കേറ്റ് ജനറലിനെതിരെയും പ്രോസിക്യൂഷനെതിരെയും നിശിത പരാമർശങ്ങൾ ഹൈക്കോടതി നടത്തിയതിനാൽ സുപ്രീം കോടതിയിലേയ്ക്ക് കേസ്സുമായി പോകാൻ പോലും അധീരനായിരുന്നു അഡ്വക്കേറ്റ് ജനറലെന്നും വി.എസ് വ്യക്തമാക്കി. മുല്ലപ്പെരിയാർ ഡാം കേസ്സിൽ അണക്കെട്ട് പൊട്ടുന്നപക്ഷം മുല്ലപ്പെരിയാറിലെ ജലം മുഴുവൻ ഇടുക്കി ഡാം ഉൾക്കൊള്ളുമെന്ന് കാണിച്ച് സത്യവാങ്മൂലം സമർപ്പിച്ച പാരന്പര്യവുമുണ്ട് ദണ്ധപാണിക്ക്. എം.ആർ.എഫിന്റെ വക്കാലത്തുള്ള ദണ്ധപാണി സർക്കാരിനായി എം.ആർ എഫിനെതിരായ കേസ്സിൽ ഹാജരായെന്നും വി.എസ് വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയിൽ കേസ്സ് തോറ്റതിനെ തുടർന്ന് സുപ്രീം കോടതിയിൽ സർക്കാർ ഫയൽ ചെയ്ത സ്‌പെഷ്യൽ ലീവ് പെറ്റീഷനുകൾ പരിശോധിച്ചാൽ തന്നെ അഡ്വക്കേറ്റ് ജനറലിന്റെ കാര്യശേഷി വ്യക്തമാകുമെന്നും വി.എസ് പരിഹസിച്ചു. ഇതിനൊക്കെ പുറമേ, നിലവിലെ മന്ത്രിസഭയിലുള്ള ഒരു മന്ത്രിയുടെ ബന്ധുവിനായി മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ കേസ്സിൽ ഹാജരായതും ഇതേ ദണ്ധപാണി തന്നെയായിരുന്നത്രേ.

മുഖ്യമന്ത്രിയുടെ സ്വന്തം ആളാണ് കെ.പി ദണ്ധപാണിയെന്നതിനാൽ അലക്‌സാണ്ടർ തോമസിനെ ആക്ഷേപിക്കുന്ന വാക് ശരങ്ങളുമായി രംഗത്തെത്താൻ അൽപ്പം പോലും മടിച്ചില്ല സംസ്‌കാരിക മന്ത്രി കെ.സി ജോസഫ്. ചായക്കൂട്ടിൽ വീണ കുറുക്കനെന്നാണ് ഈസോപ്പ് കഥകളെ ഉദ്ധരിച്ച് അലക്‌സാണ്ടർ തോമസിനെ കെ.സി ജോസഫ് അപമാനിച്ചത്. മുഖ്യമന്ത്രിയാകട്ടെ വന്നവഴി ന്യായാധിപർ മറക്കരുതെന്ന മട്ടിൽ ഒരു പരാമർശം നടത്തുകയും പിന്നീട് കെ.സി ജോസഫിന്റെ പരാമർശത്തെ ന്യായീകരിക്കുകയും ചെയ്തു. എന്തായാലും ജസ്റ്റിസ് അലക്‌സാണ്ടർ തോമസിനെതിരെ മോശപ്പെട്ട പരാമർശം നടത്തിയ കെ.സി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സെക്രട്ടറി ബി. രാജേന്ദ്രൻ ചീഫ് ജസ്റ്റിസിന് പരാതി നൽകിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനെതിരെ ജഡ്ജി പരാമർശം നടത്തിയതിനെ തുടർന്നാണ് കെ.സി ജോസഫ് ഇത്തരമൊരു പരാമർശം നടത്തിയതെന്നതിനാൽ അഡ്വക്കേറ്റ് ജനറൽ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നൽകാനിടയില്ലാത്തതിനാൽ അഡ്വക്കേറ്റ് ജനറലിന്റെ അനുമതിയില്ലാതെ തന്നെ വ്യക്തികൾ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കോടതിക്ക് സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാമെന്ന് സുപ്രീം കോടതിയുടെ 2011−ലെ ഉത്തരവിലുള്ളതിനാൽ തന്റെ പരാതി പരിഗണിക്കണമെന്ന് രാജേന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്.

2014 ജനുവരി 23−നാണ് അലക്‌സാണ്ടർ തോമസ് ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേറ്റെടുത്തത്. 1996 മുതൽ 1998 വരെ സർക്കാർ പ്ലീഡറുമായിരുന്നു അദ്ദേഹം. സംസ്ഥാന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകാൻ എടുത്ത നടപടികളെക്കുറിച്ച് വിവരം നൽകാൻ കഴിഞ്ഞ ജൂൺ 18−ന് അലക്‌സാണ്ടർതോമസ് സർക്കാരിന് നിർദ്ദേശം നൽകിയിരുന്നുവെങ്കിലും സർക്കാർ ഇതിനെതിരെ ഉടനടി ഒരു അപ്പീൽ നൽകുകയും വിഷയത്തിൽ സ്‌റ്റേ വാങ്ങുകയും ചെയ്തിരുന്നു. മാണി ബാർ കോഴ വിവാദത്തിൽപ്പെട്ട സമയത്തായിരുന്നു ഈ നിർദ്ദേശം അലക്‌സാണ്ടർ തോമസ് നൽകിയതെന്നതും വേറെ കാര്യം. സർക്കാരിന് ഈ ജഡ്ജിയോടുള്ള കലിപ്പിനു കാരണം ഇതൊക്കെ തന്നെയാണെന്ന് വ്യക്തം. ഓരോ വിവാദവും മൂടിവയ്ക്കാൻ പണമിറക്കേണ്ടി വരുന്ന രാഷ്ട്രീയക്കാർക്ക് നീതിയിലും സത്യത്തിലും വിശ്വാസമർപ്പിച്ച ജഡ്ജിമാർ ചതുർത്ഥികളാകുന്നത് സ്വാഭാവികം മാത്രം. ദണ്ധപാണിയെ ദണ്ധിക്കാതിരിക്കാൻ ഏതറ്റം വരേയും ചാണ്ടി നീങ്ങുമെന്നു തന്നെയാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനെതിരെ ജഡ്ജി പരാമർശം നടത്തിയപ്പോൾ ജഡ്ജിയെ ആക്രമിക്കാൻ ചാണ്ടിയും സംഘവും കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്ന് വ്യക്തം.

You might also like

Most Viewed