സലിം രാജുമാർ ഉണ്ടാകുന്നത്
കടകംപള്ളി ഭൂമിതട്ടിപ്പു കേസ്സിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന സലിം രാജ് കളമശ്ശേരി ഭൂമി തട്ടിപ്പുകേസ്സിൽ പ്രതിസ്ഥാനത്തില്ലെന്നാണ് ജൂലൈ 22−ന് സി.ബി. ഐ പ്രത്യേക കോടതി മുന്പാകെ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ പറയുന്നത്. തണ്ടപ്പേര് തിരുത്തി കളമശ്ശേരി പത്തടിപ്പാലം ബി.എം.വി റോഡിൽ എൻ.എ ഷെരീഫയുടേയും മക്കളുടേയും 25 കോടി രൂപ വിലവരുന്ന ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന കേസ്സിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ ഗൺമാനെ പ്രതിസ്ഥാനത്തു നിന്നും നീക്കം ചെയ്തുകൊണ്ട് സി.ബി.ഐ കുറ്റപത്രം നൽകിയിരിക്കുന്നത്. സലിംരാജിനെ പ്രസ്തുത കേസ്സിൽ പ്രതിയാക്കാനുള്ള തെളിവുകളില്ലെന്നാണ് സി.ബി.ഐയുടെ നിലപാട്. പക്ഷേ സലിംരാജിന്റെ ബന്ധുക്കളായ അബ്ദുൾ മജീദ്, അബ്ദുൾ സലിം എന്നിവരും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരായ തൃക്കാക്കര മുൻ വില്ലേജ് ഓഫീസറായ കെ.വി സാബു, കണയന്നൂർ അഡീഷണൽ തഹസീൽദാർ കൃഷ്ണകുമാരി, തൃക്കാക്കര നോർത്ത് വില്ലേജിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസറായിരുന്ന ചേർത്തല സ്വദേശി ഇ. മുറാദ്, എറണാകുളം ജില്ലാ കളക്ടറേറ്റിലെ ലാൻഡ് റവന്യൂ വിഭാഗം യു.ഡി ക്ലാർക്ക് ഇ.സി ഗീവർഗീസ് എന്നിവർ കേസ്സിൽ പ്രതികളാണ്. അനധികൃതസ്വത്ത് സന്പാദനത്തിന്റെ പേരിൽ തൊഴിൽരഹിതനായി കഴിയുന്ന മുൻ ലാൻഡ് റവന്യൂ കമ്മീഷണർ ടി.ഒ സൂരജിനെതിരെയും തെളിവുകളില്ലാത്തതിനാൽ സാക്ഷി സ്ഥാനത്താണ് കുറ്റപത്രത്തിൽ പെടുത്തിയിട്ടുള്ളത്. കീഴുദ്ദ്യോഗസ്ഥർ നൽകിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷെരീഫയുടെ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കാൻ താൻ അനുവാദം നൽകിയതെന്നായിരുന്നു സൂരജിന്റെ വാദം. നുണപരിശോധനയ്ക്ക് വിധേയനാക്കപ്പെട്ട സൂരജ് ഒന്നും മറച്ചുവെയ്ക്കുന്നില്ലെന്ന് ഫോറൻസിക് ലാബ് റിപ്പോർട്ട് നൽകിയതിനെ തുടർന്നായിരുന്നു ഒഴിവാക്കൽ.
റവന്യൂ ഉദ്യോഗസ്ഥരും ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചവരും ഈ കേസ്സുകളിൽ പ്രതിയാകുന്നത് സ്വാഭാവികം മാത്രം. പക്ഷേ ഹെഡ് കോൺസ്റ്റബിൾ റാങ്കിലുള്ള സലിം രാജ് എന്ന മുഖ്യമന്ത്രിയുടെ ഗൺമാൻ ഇതിലൊക്കെ എങ്ങനെയാണ് ചെന്നുപെട്ടത്? മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്ന ചുമതല മാത്രമുണ്ടായിരുന്ന ഒരാൾ കടകംപള്ളി ഭൂമി തട്ടിപ്പുകേസ്സിൽ എങ്ങനെയാണ് പ്രതിയായത്? ആ വഴിയാണ് നമുക്ക് പോകേണ്ടത്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ ഗൺമാനായിരുന്ന സലിം രാജ് ഇപ്പോൾ ജാമ്യത്തിലാണ്. കടകംപള്ളി ഭൂമി തട്ടിപ്പുകേസ്സിൽ സലിംരാജിനുള്ള പങ്ക് സി.ബി.ഐ കണ്ടെത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഈ പഴയ അനുചരൻ അറസ്റ്റിലായത്. അതിനു തൊട്ടു മുന്പുവരെ സലിം രാജ് എന്ന സാധാരണക്കാരനായ ഹെഡ് കോൺസ്റ്റബിളിനെ രക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ വരെ ചാണ്ടി ദുർവിനിയോഗം ചെയ്‌തെങ്കിലും സി. ബി.ഐ ഒടുവിൽ സത്യം കണ്ടെത്തുകയായിരുന്നു. കടകംപള്ളി ഭൂമി തട്ടിപ്പുകേസിൽ സലിം രാജിന്റെ ഫോൺ രേഖകൾ പിടിച്ചെടുക്കാൻ സിംഗിൾ ബെഞ്ച് ജഡ്ജി വി.കെ മോഹനൻ ഉത്തരവിട്ടപ്പോൾ അഡ്വക്കേറ്റ് ജനറൽ കെ.പി ദണ്ധപാണി ശരം കണക്കെ പാഞ്ഞതും സലിംരാജിന്റെ ഫോൺ റെക്കോർഡുകൾ പുറത്തുവിടുന്നത് അയാളുടെ സ്വകാര്യതയ്ക്കു മേലുള്ള കടന്നുകയറ്റമാണെന്ന് ഡിവിഷൻ ബെഞ്ചിനെ ബോധിപ്പിച്ച് കേസ്സിൽ േസ്റ്റ വാങ്ങിയതുമൊന്നും ഇനിയും മറക്കാറായിട്ടില്ല. ഒരു സാധാരണ പോലീസുകാരന് സംസ്ഥാനത്തെ മുഖ്യമന്ത്രിക്കു മേൽ ഇത്രമേൽ സ്വാധീനം ചെലുത്താനാകുന്നതെങ്ങനെയെന്ന് പലരും അന്ന് അത്ഭുതപ്പെട്ടു. തലസ്ഥാനത്തും പുറത്തും ഇതുസംബന്ധിച്ച് പല കഥകളും പ്രചരിക്കുകയും ചെയ്തു. അവയിൽ ചിലത് നാറ്റക്കഥകളുമായിരുന്നു. പ്രതിപക്ഷ നേതാവ് അത്തരമൊരു കഥ നിയമസഭയിൽ വ്യക്തമാക്കുകയും പിന്നീടത് സഭാരേഖകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടതും ചരിത്രം. സോളാർ കേസ്സിലും ഭൂമിതട്ടിപ്പുകേസിലും പെട്ട് 2013 ജൂൺ 14ന് സലിം രാജ് മുഖ്യമന്ത്രിയുടെ ഗൺമാൻ സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ടെങ്കിലും ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസ്സിൽ പിടിയിലായിട്ടും സംസ്ഥാന പൊലീസ് സലിം രാജിനെതിരെ ഒരു ചെറുവിരൽ പോലും അനക്കിയില്ലെന്നത് ഉമ്മൻ ചാണ്ടിക്കുമേൽ സലിം രാജ് പുലർത്തിവന്നിരുന്ന സ്വാധീനത്തിന് ഉത്തമ ദൃഷ്ടാന്തമായിരുന്നു. പക്ഷേ സി.ബി.ഐയുടെ പിടിയിൽ ഒടുവിൽ സലിം രാജ് വീണു.
സലിം രാജ് എന്ന വ്യക്തിയുടെ ശക്തി കുടികൊണ്ടതെവിടെയായിരുന്നുവെന്ന് തിരിച്ചറിയാൻ ആ പോലീസുകാരന്റെ കുടുംബ പശ്ചാത്തലം അറിയേണ്ടതുണ്ട്. ഹെഡ് കോൺസ്റ്റബിളായി വണ്ടൻമേടു നിന്നും 23 വർഷം മുന്പ് വിരമിച്ച പൊൻകുന്നം ചേന്ദന്പിള്ളിൽ എസ് സെയ്ദ് മുഹമ്മദിന്റേയും ചേർത്തല വെട്ടയ്ക്കൽ സ്വദേശിനി ജമീലയുടേയും നാലു മക്കളിൽ മൂത്തവനായ സലിം രാജ് 22ാം വയസ്സിലാണ് സംസ്ഥാന പോലീസ് സർവ്വീസിലെത്തിയത്. തൃശൂർ പോലീസ് അക്കാദമിയിലായിരുന്നു പരിശീലനം. അതിനുശേഷം സലിംരാജ് കമാൻഡോ ഫോഴ്‌സിലേക്ക് പരിശീലനത്തിനു പോകുകയും അവിടെ മികച്ച കേഡറ്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് നെടുങ്കണ്ടത്തും കട്ടപ്പനയിലും ജോലി ചെയ്ത ശേഷമാണ് പ്രതിപക്ഷ നേതാവായ ഉമ്മൻ ചാണ്ടിക്കൊപ്പം ഗണ്മാനായി ചേർന്നത്. അതിനുശേഷമാണ് ഭൂമാഫിയകളുടേയും പല തട്ടിപ്പുകാരുടേയും പിണിയാളാകുകയും സർക്കാരിൽ സ്ഥലംമാറ്റത്തിനും നിയമനത്തിനുമൊക്കെ വരെ സ്വാധീനം ചെലുത്താനാകുന്ന ഒരാളായുമൊക്കെ സലിം രാജ് മാറിയത്. ഭൂമി ഇടപാടുകളിൽ സലിം രാജിന്റെ കൂട്ടാളികളായി പ്രവർത്തിക്കുന്നത് പ്രധാനമായും അയാളുടെ ‘അളിയൻ’ അബ്ദുൾ മജീദും നേരത്തെ ബീഡിക്കന്പനി നടത്തിയിരുന്ന കൊച്ചി തമ്മനം സ്വദേശി ദിലീപ് എന്നയാളും സ്പിരിറ്റ് കച്ചവടത്തിലേർപ്പെട്ടിരുന്ന ജയറാമുമാണെന്നാണ് സി ബി.ഐയുടെ കണ്ടെത്തൽ. അവർക്കൊപ്പം ഭൂമി കൈവശപ്പെടുത്തൽ സംബന്ധിച്ച പരാതികളിൽ ഇടം തേടിയിട്ടുണ്ട് സലിമിന്റെ ഭാര്യയും റവന്യു വകുപ്പിൽ അപ്പർ ഡിവിഷൻ ക്ലാർക്കുമായിരുന്ന ഇടുക്കി നെടുങ്കണ്ടത്ത് വെള്ളാശ്ശേരിയിൽ വീട്ടിൽ ഷംഷാദ് എം. എസ്. സലിം രാജിന്റെ ഭൂമി ഇടപാടുകളിൽ അയാളെ സഹായിക്കുന്നതിനാണ് ഭാര്യ ഷംഷാദ് ലാൻഡ് റവന്യൂ കമ്മീഷൻ ഓഫീസിൽ ജീവനക്കാരിയായി ചുമതലയേറ്റെടുത്തതെന്നു പോലും സി.ബി.ഐ സംശയിക്കുന്നുണ്ട്. കളമശ്ശേരിയിൽ പത്തടിപ്പാലത്ത് ഷെരീഫയുടേയും മകൻ എ.കെ നാസറിന്റേയും കൈവശമുള്ള ഭൂമി അവരുടെ അയൽവാസിയും സലിം രാജിന്റെ അളിയൻ അബ്ദുൾ മജീദും (മജീദിന്റെ ഭാര്യയുടെ അമ്മയുടെ ജേഷ്ഠത്തി ജമീലയുടെ മകനാണ് സലിംരാജ്) അയാളുടെ സഹോദരൻ അബ്ദുൾ സലാമും തട്ടിയെടുക്കാനുള്ള ശ്രമം നടത്തി വരുന്പോഴായിരുന്നുവത്രേ ഷംഷാദിന്റെ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലുള്ള നിയമനം. വിവിധ പ്രദേശങ്ങളിൽ എന്തെങ്കിലും തരത്തിൽ ആധാരത്തിലോ തണ്ടപ്പേരിലോ ഒക്കെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തുന്ന ഭൂമികളിൽ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ രേഖകൾ പലതും മുക്കിക്കൊണ്ട് ഭൂവുടമകളെ കെണിയിൽ വീഴ്ത്തി, അവരുടെ ഭൂമി ചുളുവിലയ്ക്ക് അടിച്ചുമാറ്റുന്നതായിരുന്നു ഇവരുടെ പ്രവർത്തനശൈലി.
പഴയ കെ.എസ്.യുക്കാരനാണെന്നതു മാത്രമാകണമെന്നില്ല മുഖ്യമന്ത്രിയുടെ ഗൺമാൻ ജോലിക്ക് സലിം രാജിനെ തിരെഞ്ഞടുക്കാനുള്ള യോഗ്യത. യജമാനനോട് നൂറു ശതമാനം കൂറും സ്‌നേഹവും അവർക്കായി എന്തും ചെയ്യാനുള്ള സന്നദ്ധതയും സലിമിനെ ഇഷ്ട തോഴനാക്കുന്നതിൽ ഉമ്മൻ ചാണ്ടി പരിഗണിച്ചു കാണുമെന്നുറപ്പാണ്. മുന്നും പിന്നും നോക്കാതെ സുഹൃത്തുക്കൾക്കായി എന്ത് ത്യാഗവും ചെയ്യാൻ സദാ സന്നദ്ധനാണ് സലിം രാജ് എന്നാണ് അയാളോട് അടുത്തയാളുകൾ പറയുന്നത്. അതുകൊണ്ടു തന്നെയായിരിക്കുമല്ലോ ഗൺമാൻ പദവിയിൽ നിന്നും നീക്കം ചെയ്യപ്പെട്ട വേളയിൽ പോലും ഒരു സ്ത്രീയെ സുഹൃത്തിന്റെ ആവശ്യപ്രകാരം കടത്താൻ സലിം രാജ് കോഴിക്കോട് എത്തിയതും നാട്ടുകാരുടെ പിടിയിലായതും. മേലാളന്മാരുടെ പിൻബലമില്ലെങ്കിൽ ഒരു വ്യക്തിക്ക് ഇത്രത്തോളം ധീരത ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് താനും. ആ പിന്തുണ സലിം രാജിനുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കളമശ്ശേരി ഭൂമി തട്ടിപ്പുകേസിലെ പരാതിക്കാരനായ എ.കെ നാസറിന്റെ വെളിപ്പെടുത്തലുകൾ. 2013 ജൂൺ 13ാം തീയതി രാത്രി പത്തുമണിക്ക് ക്ലിഫ് ഹൗസിലെത്തി എ.കെ നാസർ മുഖ്യമന്ത്രിയെ കണ്ട് പരാതി ബോധിപ്പിച്ചയുടനെ സലിം രാജിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് സലിംരാജ് നടന്ന കാര്യങ്ങളൊക്കെ ഒരു ധീരനെപ്പോലെ നിന്ന് മുഖ്യമന്ത്രിയോട് ഒരു ഉളുപ്പുമില്ലാതെ പറയുകയും സർക്കാർ ഉത്തരവ് ഇറക്കിയതടക്കമുള്ള എല്ലാ കാര്യങ്ങളും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്താണെന്ന് മുഖ്യമന്ത്രിയോട് സമ്മതിക്കുകയും ചെയ്തുവത്രേ. മുഖ്യമന്ത്രിയുടെ മുന്നിൽ നിന്നു തന്നെ സലിം രാജ് ധാർഷ്ഠ്യത്തിൽ ‘ഇതിനൊക്കെ എന്താണ് നിങ്ങളുടെ കൈയിൽ തെളിവുള്ളതെന്ന്’ പരാതിക്കാരോട് ചോദിക്കുകയും ചെയ്തുവത്രേ. സലിം രാജിനെതിരെ നടപടിയുണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പക്ഷേ അതിൽ മുന്നോട്ടു പോയില്ല. ഭൂമി പ്രശ്‌നത്തിൽ മേൽ നടപടിളൊന്നും സ്വീകരിക്കാതിരുന്നതിനെ തുടർന്ന് ജൂൺ 21ാം തീയതി നാസർ വീണ്ടും മുഖ്യമന്ത്രിയെ കണ്ടപ്പോൾ അയാളുടെ നിലവിലുള്ള ഭൂമി കണ്ടുകെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയാണത്രേ മുഖ്യമന്ത്രി ചെയ്തത്. സലിം രാജിന് മുഖ്യമന്ത്രിയുടെ മേലുള്ള സ്വാധീനം എത്രത്തോളമാണെന്ന് വെളിപ്പെടുത്തിയ സംഭവമായാണ് നാസർ ഇതിനെ കാണുന്നത്. ഡി.ജി.പി മുതൽ അസിസ്റ്റന്റ് കമ്മീഷണർ വരെയുള്ളവർക്ക് 19 സ്ഥലങ്ങളിൽ ഇതേ തുടർന്ന് നാസർ പരാതി നൽകി. എന്നിട്ടും ഒരു പ്രയോജനവുമുണ്ടായില്ല. അതിനുശേഷമാണ് അവർ ഹൈക്കോടതിയിൽ പരാതി നൽകിയതും കോടതി സംഭവത്തിൽ സി.ബി. ഐ അന്വേഷണം പ്രഖ്യാപിച്ചതും തുടർന്ന് സലിം രാജും കൂട്ടാളികളും അറസ്റ്റിലായതും.
സലിം രാജ് എന്ന ഹെഡ് കോൺസ്റ്റബിൾ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നുകൊണ്ട് നിർഭയം ഇത്തരം തട്ടിപ്പുകൾ നടത്താനുള്ള ധൈര്യം ഉണ്ടായത്. ഒന്നുകിൽ മുഖ്യമന്ത്രി ഇതൊന്നും അറിയാത്ത ഒരു മരമണ്ടനായിരിക്കണം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഓഫീസ് തട്ടിപ്പുകളുടെ സിരാകേന്ദ്രവും ഇതുപോലുള്ള അസ്മാദികൾക്ക് എന്തും ചെയ്യാനാകുന്ന ഒരിടമായിരിക്കണം. അതുമല്ലെങ്കിൽ വിത്തുഗുണം പത്തുഗുണമെന്നപോലെ അവിടെ തട്ടിപ്പുകൾ സ്വാഭാവികമായ ഒരു കാര്യമായതിനാൽ ഇതൊന്നും ആരും പരിഗണിക്കുകപോലും ചെയ്യാത്ത നിസ്സാര ഇടപാടുകൾ മാത്രമായിരിക്കാം. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽപ്പെട്ട മുൻ അംഗങ്ങളായ ജിക്കുമോൻ ജേക്കബ്ബും ടെനി ജോപ്പനും പെണ്ണുകേസിൽപ്പെട്ട് മറ്റൊരുത്തനും പുറത്താകുകയും ആർ.കെ എന്ന ആർ.കെ ബാലകൃഷ്ണനെതിരെ ഫയാസ് വിഷയത്തിൽ ഫോൺ ബന്ധം ആരോപിക്കപ്പെടുകയും ചെയ്തതോടെ കുഴപ്പം മൊത്തത്തിൽ ആ ഓഫീസിനാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എറണാകുളം ഗസ്റ്റ് ഹൗസിലെ അടച്ചിട്ട മുറിയിൽ സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി ഒരു മണിക്കൂറിലേറെ നേരം ഏതോ കുടുംബ വിഷയം ചർച്ച ചെയ്യാൻ മാത്രം മഹാനുഭാവനാണോ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്നത് വേറെ കാര്യം. സരിതയാണെങ്കിൽ തട്ടിപ്പിനു നാട്ടുകാരെ വീഴ്ത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണത്രേ തെരഞ്ഞടുത്തത്. എത്ര മഹത്തായ മാതൃകകൾ വേറെയും!
കടിഞ്ഞാണിനു തന്നെ ഭ്രാന്ത് പിടിച്ചാൽ സംഭവിക്കുന്നവയാണ് ഇതൊക്കെയെന്ന് വ്യക്തം. സലിം രാജ് ഏതെങ്കിലും ഒറ്റപ്പെട്ട ഒരു പ്രതിഭാസമല്ല. മറിച്ച് ഒരു ദുഷിച്ച ഒരു വ്യവസ്ഥിതിയിൽ നിന്നും മുളപൊട്ടുന്ന അഴിഞ്ഞാട്ടക്കാരുടെ ചെറിയൊരു അടയാളം മാത്രമാണ് അയാൾ. അത് ഉമ്മൻ ചാണ്ടിയുടെ ഓഫീസിലേക്ക് മാത്രം ഒതുങ്ങുന്നതല്ല. പൊതുമരാമത്തു മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിലുള്ളവരെപ്പറ്റി നേരത്തെ തന്നെ ഗണേഷ് കുമാർ ആരോപണമുയർത്തിയതാണ്. ടി.ഒ സൂരജിനെപ്പോലുള്ള ഐ.എ.എസുകാർ അനധികൃത സ്വത്ത് സന്പാദനത്തിന്റെ ആശാന്മാരാകുന്നതും നാം കണ്ടു. ഒരു കാര്യം പകൽ പോലെ വ്യക്തം മേലാളന്മാർ തന്നെ വിളവു തിന്നു തുടങ്ങുന്പോഴാണ് കീഴാളന്മാർ സലിം രാജുമാരായി രൂപാന്തരപ്പെടുന്നതും നീർക്കോലികൾക്കും ഫണം വെയ്ക്കുന്നതും.