ബയോ­മെ­ഡി­ക്കൽ ഭീ­കരത !


കേരള സർക്കാർ കൊട്ടിഘോഷിക്കുന്ന ഒന്നാണ് നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മേന്മ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ പലപ്പോഴും ആരോഗ്യ സംവിധാനങ്ങളുടെ മികവിന്റെ പാരാമീറ്ററുകളിൽ മിക്കപ്പോഴും കേരളം സർവ്വേകളിൽ ഒന്നാം സ്ഥാനത്തെത്താറുമുണ്ട്. ഇന്ത്യയിലെ മൊത്തം ആശുപത്രികളുടെ 27 ശതമാനവും കേരളത്തിലാണെന്നതും നമ്മുടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നതും സ്വകാര്യ ആശുപത്രികളുടെ മികവിന്റെ കാര്യത്തിലും മറ്റ് അളവുകോലുകളായ ശിശുമരണ നിരക്ക്, ആൺ−പെൺ ജനന അനുപാതം എന്നിവയുടെ കാര്യത്തിലുമെല്ലാം കേരളത്തിന് അന്തർദേശീയ ഖ്യാതി നേടിക്കൊടുത്തിട്ടുമുണ്ട്. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും ആശുപത്രികളിൽ നിന്നും പുറന്തള്ളുന്ന ബയോമെഡിക്കൽ മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യാനുള്ള ഒരു സർക്കാർ സംവിധാനം പോലും ഇന്ന് കേരളത്തിലില്ലെന്നതാണ് ഭയാനകമായ വാസ്തവം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇമേജ് അഥവാ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗോസ് ഇക്കോഫ്രണ്ട്‌ലി എന്ന സ്ഥാപനമാണ് നിലവിൽ ഈ മാലിന്യങ്ങളുടെ സംസ്‌കരണ ചുമതല ഏറ്റെടുത്തിട്ടുള്ളത്. പക്ഷേ ദിനംപ്രതി ഉൽപ്പാദിപ്പിക്കപ്പെടുന്ന ബയോമെഡിക്കൽ മാലിന്യങ്ങളുടെ യഥാർത്ഥ കണക്കുകൾ പരിശോധിക്കുന്പോഴാണ് ഇമേജിന്റെ നിലവിലുള്ള സംവിധാനങ്ങൾ പോലും ഈ മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യാൻ അപര്യാപ്തമാണെന്ന് നമുക്ക് ബോധ്യപ്പെടുക. അതാകട്ടെ അത്യധികം ഗുരുതരമായ ഒരു ആരോഗ്യാവസ്ഥയിലേക്കാണ് നാളെ കേരളത്തെ കൊണ്ടെത്തിക്കാൻ പോകുന്നത്. സാംക്രമിക രോഗങ്ങൾ പൊട്ടിപ്പുറപ്പെടുകയും പുതിയ രോഗാവസ്ഥകൾ നാട്ടുകാരിൽ കണ്ടെത്തുകയും ചെയ്യുന്പോൾ അതിനെല്ലാം ചെറുതല്ലാത്ത പങ്ക് വഹിക്കുന്നത് ഈ ബയോമെഡിക്കൽ മാലിന്യങ്ങളുടെ നിർമ്മാർജനത്തിലെ കെടുകാര്യസ്ഥതയാണെന്ന കാര്യത്തിൽ സംശയം വേണ്ട. മഹാമാരികൾ വാരിവിതറുന്ന ഈ മാലിന്യങ്ങൾക്കുനേരെ ഇനിയും പൊതുജന അവബോധം കേരളത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നതാണ് ഏറ്റവും ദയനീയമായ കാര്യം.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം കേരളത്തിലെ ആശുപത്രികളിലെ മൊത്തം കിടക്കകളുടെ എണ്ണം 1,13,530 ആണ്. ഇതിൽ 43,273 സർക്കാർ മേഖലയിലും 2740 സഹകരണ മേഖലയിലും 67,517 സ്വകാര്യമേഖലയിലുമാണ്. ഇതിൽ ഒരു കിടക്കയിലെ രോഗിയിൽ നിന്നും പ്രതിദിനം 800 ഗ്രാം ബയോമെഡിക്കൽ മാലിന്യം ഉൽപ്പാദിപ്പിക്കപ്പെടുമെന്നിരിക്കേ കേരളത്തിൽ നിന്നും ശരാശരി ഒരു ദിവസം ഉൽപ്പാദിപ്പിക്കപ്പെടുന്നത്  ഏതാണ്ട് 90 ടണ്ണിലധികം ബയോമെഡിക്കൽ മാലിന്യമാണ്. ഈ മാലിന്യങ്ങൾ മുഴുവൻ സംസ്‌കരിക്കാൻ നിയുക്തരായിരിക്കുന്നവരാകട്ടെ പ്രതിദിനം 12 ടൺ സംസ്‌കരണശേഷി മാത്രമുള്ള പാലക്കാട് കഞ്ചിക്കോട് ഇമേജ് (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗോസ് ഇക്കോഫ്രണ്ട്‌ലി) എന്ന സ്ഥാപനത്തിന്റെ സംസ്‌കരണ യൂണിറ്റും.  കഞ്ചിക്കോട്ടുള്ള ഈ സംസ്‌കരണ യൂണിറ്റിലേക്ക് പക്ഷേ പ്രതിദിനം എത്തിച്ചേരുന്നത് 32 ടൺ ബയോമെഡിക്കൽ മാലിന്യം മാത്രമാണ്. പാലക്കാട് 26 ഏക്കർ സ്ഥലത്തുള്ള ഇമേജിന്റെ മൂന്ന് ടൺ ശേഷി വീതമുള്ള നാല് ഇൻസിനറേറ്ററുകളിലായി പ്രതിദിനം 16 ടൺ സംസ്‌കരിക്കുന്നുണ്ട്. ബാക്കിയുള്ള 14 ടണ്ണോളം ഓട്ടോക്ലേവ് (സിറിഞ്ച്, നീഡിൽ) മാലിന്യം കുഴിച്ചിടുകയും 2 ശതമാനം പ്ലാസ്റ്റിക് മാലിന്യം അണുവിമുക്തമാക്കിയശേഷം റീസൈക്കിളിങ്ങിനായി നൽകുകയാണ് ചെയ്യുന്നത്.  അപ്പോൾ ഒരു ചോദ്യമുയരുന്നു. കേരളത്തിലെ ആശുപത്രികളിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന ബാക്കി 58 ടണ്ണോളം ബയോമെഡിക്കൽ മാലിന്യം എവിടെയാണ് പോകുന്നത്? അതിൽ ചെറിയൊരു ശതമാനം ചില വന്പൻ ആശുപത്രികളുടെ സ്വന്തം മാലിന്യനിർമ്മാർജന സംവിധാനത്തിലൂടെ സംസ്‌കരിക്കപ്പെടുന്നുണ്ടാകാമെങ്കിലും ബാക്കിയുള്ളത് രഹസ്യമായി എവിടെയൊക്കെയോ തള്ളപ്പെടുന്നുണ്ടെന്നതാണ് വാസ്തവം. വഴിയരികിലും രാത്രിയുടെ മറവിൽ നമ്മുടെ ജലാശയങ്ങളിലേയ്ക്കും വൻകിട ആശുപത്രികളടക്കമുള്ളവർ അവ തള്ളുന്നുണ്ടെന്നതിന് മുന്പു തന്നെ പല തെളിവുകളും ലഭിച്ചിരുന്നതാണ്. നാം കുടിക്കുന്ന ജലത്തിലേയ്ക്കും മണ്ണിലേയ്ക്കുമൊക്കെ ഈ മാലിന്യങ്ങൾ  ആശുപത്രികൾ ഇറക്കിവിടുന്പോൾ സർക്കാരാകട്ടെ കൈയും കെട്ടി നോക്കിനിൽക്കുകയാണ്. ബയോമെഡിക്കൽ മാലിന്യ സംസ്‌കരണത്തിനായി  സർക്കാരിന്റെ  ഭാഗത്തു നിന്നും ഒരു പ്ലാന്റു പോലും സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നതാണ് ഗുരുതരമായ ഒരു കൃത്യവിലോപം. 

ഇമേജുമായി അഫിലിയേറ്റ് ചെയ്യാത്ത ആശുപത്രികൾ എവിടെയാണ് ബയോമെഡിക്കൽ മാലിന്യം തള്ളുന്നതെന്നത് വളരെ ഗുരുതരമായ കാര്യമാണെന്നത് ഇമേജിന്റെ മുൻ ചെയർമാൻ ഡോക്ടർ സി. കെ ചന്ദ്രശേഖരൻ ഈ ലേഖകനോട് നേരത്തെ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. റോഡ് അരികുകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലുമൊക്കെ ഇത്തരം മാലിന്യങ്ങൾ തള്ളപ്പെടുന്നത് കണ്ടെത്തപ്പെട്ടിരുന്നുവെന്ന കാര്യവും അദ്ദേഹത്തിനുമറിയാം. കുറച്ചുകാലം മുന്പുവരെ ഇമേജിന്റെ സംസ്‌കരണ പ്ലാന്റിൽ ഞങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടായിരുന്നു. അതേ തുടർന്ന് പുതിയ അഫിലിയേഷനുകൾ ഞങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഒരു മാസമായി ഇപ്പോൾ ഞങ്ങൾ അഫിലിയേഷൻ വീണ്ടും ആരംഭിച്ചിട്ടുണ്ട്. കാലതാമസമില്ലാതെ തന്നെ ഇവിടെ എത്തിക്കുന്ന മാലിന്യങ്ങൾ സംസ്‌കരിക്കാൻ ഇപ്പോൾ ഞങ്ങൾക്ക് കഴിയുന്നുണ്ട്, ഇമേജിന്റെ ചെയർമാൻ ഡോക്ടർ സീതി വി.യു പറയുന്നു. പുഴയോരങ്ങളിലുള്ള ആശുപത്രികൾ അവ നദിയിലേയ്ക്ക് ഒഴുക്കിവിടുന്നുണ്ടാകുമെന്നതിനു പുറമേ മറ്റ് മാലിന്യങ്ങളുടെ കൂടെ ബയോമെഡിക്കൽ മാലിന്യങ്ങളും  കൂട്ടിയോജിപ്പിച്ച് തള്ളുന്ന രീതിയും കേരളത്തിലുണ്ട്. മുന്പ് തമിഴ്‌നാടിന്റെ അതിർത്തിപ്രദേശങ്ങളിലും കൊച്ചിയിൽ കടവന്ത്രയിലുമൊക്കെ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തള്ളിയതായി കണ്ടെത്തപ്പെട്ടിരുന്നു. എന്നാൽ മാലിന്യം ഇപ്പോൾ നിർമ്മാർജനം ചെയ്തു വരുന്ന ഇമേജിനു പോലും അവർ അവകാശപ്പെടുന്നതുപോലെ ആശുപത്രി മാലിന്യം യഥാവിധം ആശുപത്രികളിൽ നിന്നും ശേഖരിക്കുകയും കൃത്യമായി അത് നിർമ്മാർജനം ചെയ്യുന്നുണ്ടോയെന്നുമൊക്കെ നിരീക്ഷിക്കാനുള്ള സംവിധാനം ഇല്ല.  ഇമേജ് അത് കാര്യക്ഷമമായി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാൻ നിയുക്തരായ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഇനിയും അക്കാര്യത്തിൽ പരിശോധനകളൊന്നും തന്നെ നടത്തിയിട്ടില്ല.

എന്തുകൊണ്ടാണ് ഇത്രയും കാലമായിട്ടും സർക്കാരിന്റേതായി ഒരു ബയോമെഡിക്കൽ മാലിന്യനിർമ്മാർജന പ്ലാന്റ് ആരംഭിക്കാത്തത്? കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്ത് (പാലോട് പദ്ധതിയിട്ടത് വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്) മൂന്ന് പ്ലാന്റുകൾ പദ്ധതിയിട്ടിരുന്നുവെങ്കിലും പ്ലാന്റ് നിർമ്മാണത്തിന് സംരംഭകത്വമില്ലാതിരുന്നാൽ അത് യാഥാർത്ഥമാകാൻ ഇനിയും കാലതാമസമെടുത്തേക്കുമെന്നാണ് അറിയുന്നത്. പരിസ്ഥിതി ആഘാത പഠനം നടത്തേണ്ടതു കാരണവും പ്രദേശവാസികളിൽ നിന്നുള്ള എതിർപ്പുമൂലവുമാണ് സ്ഥലമേറ്റെടുക്കൽ മുന്നോട്ടു പോകാത്തത്, ഡോക്ടർ സീതി പറയുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് അനുസരിച്ച് ഇമേജ് 20 ടൺ മാലിന്യമാണ് വിവിധ ആശുപത്രികളിൽ നിന്നും ശേഖരിക്കുന്നത്. പക്ഷേ അത് ശരിയാംവിധം അവർ ചെയ്യുന്നുണ്ടോയെന്ന കാര്യം പരിശോധിച്ചിട്ടില്ല.

ആശുപത്രി മാലിന്യങ്ങൾ ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് 1998−ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ബയോമെഡിക്കൽ മാലിന്യം (കൈകാര്യം ചെയ്യലും മാനേജ്‌മെന്റും) എന്ന നിയമത്തിന് രൂപം നൽകിയത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും പകർച്ചവ്യാധികൾക്കുമൊക്കെ ഇടയാക്കുന്ന ഇത്തരം മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ആശുപത്രികളും ക്ലിനിക്കുകളും നഴ്‌സിങ് ഹോമുകളും ഡിസ്‌പെൻസറികളും മൃഗപരിപാലന കേന്ദ്രങ്ങളും ലാബോറട്ടറികളും രക്ത ബാങ്കുമൊക്കെ തന്നെ ബയോമെഡിക്കൽ മാലിന്യങ്ങൾ ശരിയാംവണ്ണം നിർമ്മാർജനം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടായിരുന്നു ഈ നിയമം നടപ്പിലാക്കിയത്. ഇത്തരം മാലിന്യങ്ങളുടെ നിർമ്മാർജനത്തിനായി അവ ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ തന്നെ ഇൻസിനറേറ്റർ, ഓട്ടോക്ലേവ് (അണുവിമുക്തമാക്കൽ), മാലിന്യത്തിന്റെ ട്രീറ്റ്‌മെന്റിനായുള്ള മൈക്രോവേവ് സംവിധാനം എന്നിവ ഉണ്ടാക്കി അവ സംസ്‌കരിക്കുകയോ ഒരു പൊതുവായ സംസ്‌കരണ കേന്ദ്രത്തിലേയ്ക്ക് അവ എത്തിച്ച് സംസ്‌കരിക്കുകയോ ചെയ്യണമെന്നാണ് നിയമം പറയുന്നത്. നിയമപ്രകാരം മറ്റ് മാലിന്യങ്ങളുമായി അവ കൂട്ടിക്കലർത്താൻ പാടില്ലെന്നും മാലിന്യം ഉൽപ്പാദിപ്പിക്കപ്പെടുന്ന സ്ഥലത്തു വെച്ചു തന്നെ അതിന്റെ സ്വാഭാവത്തിനനുസൃതമായി അത് തരംതിരിക്കുകയും വിവിധ കണ്ടെയ്‌നറുകളിലാക്കി സൂക്ഷിക്കുകയും വേണമെന്നും സംസ്‌കരിക്കാത്ത മാലിന്യം 48 മണിക്കൂറിനുള്ളിൽ തന്നെ നിർമ്മാർജനം ചെയ്യണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

ബയോമെഡിക്കൽ മാലിന്യങ്ങളെ പത്തായി തരംതിരിച്ച് അവ ഏതു തരത്തിലാണ് സംസ്‌കരിക്കേണ്ടതെന്നതിന് വ്യക്തമായ മാർഗ്ഗനിർദ്ദേശം ബയോമെഡിക്കൽ മാലിന്യം കൈകാര്യം ചെയ്യൽ നിയമം നൽകുന്നുണ്ട്.  ശസ്ത്രക്രിയാ സമയത്തുണ്ടാകുന്ന അവയവഭാഗങ്ങൾ, വെറ്റിനറി ആശുപത്രികളിൽ നിന്നുള്ള മൃഗങ്ങളുടെ ശരീര മാലിന്യങ്ങൾ, ഗവേഷണത്തിനുപയോഗിക്കുന്ന ജീവികളുടെ ശരീരഭാഗങ്ങൾ, ലാബോറട്ടറി കൾച്ചറിൽ നിന്നുള്ള മാലിന്യങ്ങൾ, നീഡിൽ, ബ്ലെയ്ഡ്, രക്തം പുരണ്ട പഞ്ഞി, ബാൻഡേജ്, സിറിഞ്ചുകൾ, ഗ്ലാസുകൾ, ഉപയോഗശൂന്യമായ മരുന്നുകൾ, കത്തീറ്ററുകൾ, ഇൻട്രാവീനസ് സെറ്റുകൾ, ലാബോറട്ടറികളിൽ നിന്നുള്ള വസ്തുക്കളുടെ മാലിന്യങ്ങൾ, ഇത്തരം മാലിന്യങ്ങൾ കത്തിക്കുന്നതിൽ നിന്നുണ്ടാകുന്ന ചാരം, അണുനാശിനികൾ ഉണ്ടാക്കുന്പോൾ ഉണ്ടാകുന്ന രാസവസ്തുക്കൾ തുടങ്ങി പലവിധത്തിലുള്ള ബയോമെഡിക്കൽ മാലിന്യങ്ങളും ശരിയായവിധം സംസ്‌കരിക്കുകയോ അണുവിക്തമാക്കുകയോ കത്തിക്കുകയോ കുഴിച്ചു മൂടുകയോ ചെയ്യണമെന്ന് നിയമം പറയുന്നു.

ഇതിൽ കത്തിച്ചു കളയേണ്ട മാലിന്യങ്ങൾ മഞ്ഞ കളറിലുള്ള പ്ലാസ്റ്റിക് ബാഗിലും ലാബോറട്ടറിയിൽ നിന്നുള്ളതും രക്തം പുരണ്ട വസ്തുക്കളും കത്തീറ്ററുകളും ഇൻട്രാവീനസ് സെറ്റുകളും ട്യൂബുകളും ചുവന്ന കളറിലുള്ള അണുവിമുക്തമായ കണ്ടെയ്‌നറിലും നീഡിൽ, സിറിഞ്ച്, അണുബാധയുള്ള വസ്തുക്കൾ തുടങ്ങിയവ നീല, വെളുത്ത കണ്ടെയ്‌നറുകളിലും കാലാവധി തീർന്ന മരുന്നുകൾ കറുത്ത കണ്ടെയ്‌നറുകളിലുമാണ് സൂക്ഷിക്കേണ്ടത്. ഇതിൽ ലാബോറട്ടറിയിൽ നിന്നുള്ള ദ്രാവകരൂപത്തിലുള്ള മാലിന്യങ്ങൾ പൂർണ്ണമായും അണുവിമുക്തമാക്കിയശേഷം മാത്രമേ പൊതു കാനകളിലേയ്ക്ക് വിടാൻ പാടുള്ളുവെന്നും നിയമം കർശനമായി വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഇമേജിന്റെ കണക്കു പ്രകാരം 4763 സ്വകാര്യ ആശുപത്രികളും 265 സർക്കാർ ആശുപത്രികളും ഇ.എസ്. ഐ കോർപ്പറേഷനു കീഴിലുള്ള നാല് ആശുപത്രികളും ഇ.എസ്.ഐയ്ക്കു കീഴിലുള്ള ഒന്പത് ആശുപത്രികളും മാത്രമാണ് ഇമേജുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. ഒരു സ്വകാര്യ ആശുപത്രിയെ ഇമേജുമായി ബന്ധിപ്പിക്കുന്നതിന് അഫിലിയേഷനായി ഒറ്റത്തവണയായി നൽകേണ്ടത് 6000 രൂപയാണ്. സർക്കാർ ആശുപത്രികൾക്ക് അഫിലിയേഷൻ പ്രത്യേകം പണം നൽകേണ്ടതില്ല. ദൈനംദിന സേവനത്തിന് സ്വകാര്യ ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് നാലര രൂപ വീതവും സർക്കാർ ആശുപത്രികൾക്ക് മൂന്നര രൂപ വീതവുമാണ് നൽകേണ്ടത്. ക്ലിനിക്കുകൾക്കാണെങ്കിൽ അഫിലിയേഷനായി 6000 രൂപയും പ്രതിമാസം 600 രൂപ വീതവുമാണ് നൽകേണ്ടത്. ഓരോ കിടക്കയിലും ഉൽപാദിപ്പിക്കപ്പെടുന്ന ഏതാണ്ട് 800 ഗ്രാം മാലിന്യമെങ്കിലും കുറഞ്ഞത് പ്രതിദിനം ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. മുൻകാലങ്ങളിൽ പല ആശുപത്രികളും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അടച്ചുപൂട്ടൽ ഭീഷണി വരുന്പോൾ ഇമേജിൽ അഫിലിയേറ്റ് ചെയ്യുകയും പിന്നീട് അതിൽ നിന്ന് പിന്മാറുകയും ചെയ്യുന്ന പ്രവണത കാട്ടിയിരുന്നുവെങ്കിൽ ഇന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അക്കാര്യത്തിൽ കർക്കശ നിലപാട് സ്വീകരിച്ചതോടെ അത്തരത്തിൽ പ്രവർത്തിക്കുന്നില്ലെന്നാണ് ഡോക്ടർ സീതി പറയുന്നത്. ഏകദേശം ആറായിരത്തിനുമേൽ ആശുപത്രികൾ (80 ശതമാനം) ഇന്ന് ഇമേജിനു കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ക്ലിനിക്കുകളും ആശുപത്രികളുമൊക്കെയായി ഇനിയും ഇമേജുമായി അഫിലിയേറ്റ് ചെയ്യാത്തതായി ഏതാണ്ട് മൂവായിരത്തോളം ആതുരാലയങ്ങൾ ഇന്ന് കേരളത്തിലുണ്ട്. . 

തിരുവനന്തപുരം മുതൽ കാസർകോഡു വരെ എല്ലാ ദിവസവും ഇമേജിന്റെ വാഹനം വിവിധ അഫിലിയേറ്റഡ് ആശുപത്രികളിൽ നിന്നും മാലിന്യം ശേഖരിച്ചു വരുന്നുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിബന്ധന പ്രകാരം 48 മണിക്കൂറിനുള്ളിൽ ഇത്തരം മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാണ് വയ്പ്. കേരളത്തിലുടനീളം ആശുപത്രികളിലൂടെ സഞ്ചരിച്ച് മാലിന്യം ശേഖരിക്കാൻ ഇമേജിന് ഏതാണ്ട് 38−ഓളം വാഹനങ്ങളാണ് ഉള്ളത്. മാലിന്യങ്ങൾ ഒരു പ്രത്യേക സ്ഥലത്തു നിന്നും ശേഖരിച്ച് ഒരു ട്രാൻസ്ഫർ പോയിന്റിലെത്തിച്ചശേഷം അവിടെ നിന്ന് പാലക്കാട്ടെ കഞ്ചിക്കോടുള്ള ഇമേജിന്റെ മാലിന്യനിർമ്മാർജന/സംസ്‌കരണ കേന്ദ്രത്തിലെത്തിക്കുകയാണ് ചെയ്യുന്നത്. കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തും കോഴിക്കോടും കണ്ണൂരും തുടങ്ങി പലയിടങ്ങളിലും ഇമേജ് ട്രാൻഫർ സ്‌റ്റേഷനുകൾ ഉണ്ടാക്കിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ് ആശുപത്രികളെ ബയോമെഡിക്കൽ മാലിന്യ നിർമ്മാർജനത്തിന് പ്രേരിപ്പിക്കുന്നതിനാൽ കൂടുതലായി പല ആശുപത്രികളും ഇമേജിന്റെ മാലിന്യനിർമ്മാർജന സംവിധാനത്തിൽ പങ്കാളികളായിട്ടുള്ളതിനാൽ ഇമേജ് കൈകാര്യം ചെയ്യുന്ന മാലിന്യങ്ങളുടെ അളവിലും വലിയ വർദ്ധനവ് സമീപകാലത്തായി ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ പാലക്കാട്ടെ നിലവിലുള്ള ബയോമെഡിക്കൽ വേസ്റ്റ് നിർമ്മാർജന സംവിധാനം വടക്കൻ മേഖലയ്ക്കും (കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്) മറ്റിടങ്ങളിൽ എറണാകുളം ആസ്ഥാനമാക്കി മദ്ധ്യ മേഖലയും (ക്രഡായിയുടെ തിരുവനന്തപുരം ആസ്ഥാനമാക്കി തെക്കൻ മേഖലയും, പാലോട് ഇതിനായി കണ്ടെത്തിയിരിക്കുന്ന സ്ഥലം പാരിസ്ഥിതിക ലോല മേഖലയാണെന്ന് കണ്ട് ചില എതിർപ്പുകൾ ഉയർന്നിട്ടുണ്ട്). തൊടുപുഴയിലും കണ്ണൂരിലുമൊക്കെ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നീക്കം നേരത്തെ തന്നെ പ്രദേശവാസികളുടേയും ചില സംഘടനകളുടേയും എതിർപ്പിനെ തുടർന്ന് ഇമേജിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. തിരുവനന്തപുരത്ത് വനം വകുപ്പിന്റെ എതിർപ്പ് പദ്ധതിയ്ക്കുണ്ടാകുന്പോൾ എറണാകുളത്ത് ക്രഡായിയുടെ ക്ലീൻ സിറ്റി പദ്ധതിയുമായും കോർപ്പറേഷനുമായും സഹകരിച്ച് മൂന്ന് ഏക്കർ ഭൂമിയിൽ മാലിന്യസംസ്‌കരണ പ്ലാന്റ് നിർമ്മിക്കാനാകുമെന്ന പ്രതീക്ഷയാണ് അവർക്കുള്ളത്. ഉൽപ്പാദിപ്പിക്കപ്പെടുന്ന മൊത്തം ബയോമെഡിക്കൽ മാലിന്യങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ വളരെ കുറച്ചുമാത്രമേ സംസ്‌കരണശേഷി നിലവിലുള്ളുവെന്നതിനാൽ ഇമേജ് പുതിയ ഹോസ്പിറ്റലുകളെ ഇമേജിൽ അഫിലിയേറ്റ് ചെയ്യാൻ  നിർബന്ധിക്കാറില്ലെന്നതാണ് സത്യം.

You might also like

Most Viewed