അന്യവൽക്കൃത ജീവിതം!
പതിനഞ്ച് ഗ്രാം ഹൊറോയിൻ കൈവശം സൂക്ഷിച്ചതിനായിരുന്നു ഇക്കഴിഞ്ഞ ജൂലൈ രണ്ടാം തീയതി എറണാകുളം ജില്ലയിലെ പെരുന്പാവൂരിൽ നിന്നും പശ്ചിമബംഗാൾ മൂർഷിദാബാദുകാരൻ മുതാംജ് സലാമത്ത് എന്ന 35−കാരനെ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കേവലം ഒരുലഹരിമരുന്ന് വേട്ടയെന്ന മട്ടിൽ ഇതിനെ ആദ്യം സമീപിച്ച എക്‌സൈസ് പക്ഷേ മുതാംജിനെ ചോദ്യം ചെയ്തപ്പോൾ ശരിക്കും ഞെട്ടി. മുംതാജ് ഒരു കാരിയർ ആയിരുന്നില്ല, പകരം കൂലിക്ക് മയക്കുമരുന്ന് സ്വീകരിക്കുകയും അത് സ്വയം ഉപയോഗിക്കുകയും മറ്റുള്ളവർക്ക് വിതരണം ചെയ്ത് പണം സന്പാദിക്കുകയും ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളിലൊരാളായിരുന്നു. അയാൾക്ക് ഈ മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നതാകട്ടെ പെരുന്പാവൂരിലേയ്ക്ക് അന്യസംസ്ഥാന തൊഴിലാഴികളെ എത്തിച്ചിരുന്ന ഇടനിലക്കാരനും. കെട്ടിട നിർമ്മാണ കോൺട്രാക്ടറിൽ നിന്നും തൊഴിലാളികൾക്ക് നൽകേണ്ട കൂലി ഇടനിലക്കാരൻ കൈപ്പറ്റിയ ശേഷം മയക്കുമരുന്ന് ഉപയോഗിക്കുന്ന തൊഴിലാളികൾക്ക് അയാൾ നൽകിയിരുന്നത് ഹൊറോയിനും കഞ്ചാവും ഹാഷിഷുമൊക്കെ ആയിരുന്നുവത്രേ. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകമായിരുന്ന ലഹരിമരുന്ന് ഉപയോഗത്തെ എങ്ങനെ സാന്പത്തികലാഭത്തിനായി ഉപയോഗപ്പെടുത്താമെന്ന തന്ത്രമാണ് വാസ്തവത്തിൽ ഇനിയും അറസ്റ്റിലായിട്ടില്ലാത്ത ആ ഇടനിലക്കാരൻ പയറ്റിയത്. ഈ സംഭവത്തിന് ഏതാനും ദിവസങ്ങൾക്കു മുന്പാണ് ആലുവ കുഞ്ഞുണ്ണിക്കരയിൽ നിന്നും ബംഗാളികളെന്ന വ്യാജേന കേരളത്തിൽ താമസിച്ചുവന്നിരുന്ന പത്തോളം ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തത്. തൊഴിലിനായാണ് ഇവർ എത്തിയതെങ്കിലും ഇത്തരം അനധികൃത കുടിയേറ്റക്കാർ പലരും തീവ്രവാദ പ്രവർത്തനങ്ങൾക്ക് കരുവാക്കപ്പെടാൻ ഇടയുള്ളതിനാൽ അതിയായ ഗൗരവത്തോടെയാണ് പോലീസും ആഭ്യന്തരവകുപ്പും അവ നോക്കിക്കാണുന്നത്. നേരത്തെ അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന സ്ഥലത്തു നിന്നാണ് മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഢി അറസ്റ്റ് ചെയ്യപ്പെട്ടതെന്നതിനാൽ ഇത്തരം സംഘടനകളും അവർക്കിടയിൽ പ്രവർത്തിക്കാനുള്ള സാധ്യതകളും വലുതാണ്. കേരളത്തിന്റെ ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിത സാഹചര്യം അടിയന്തിരമായി മെച്ചപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയും അവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യാത്തപക്ഷം വലിയൊരു വിപത്താകും വരുംകാലത്ത് സംസ്ഥാനം അഭിമുഖീകരിക്കാൻ പോകുന്നത്.
കേരളത്തിലേയ്ക്ക് എത്തപ്പെടുന്ന തൊഴിലാളികളെ സർക്കാർ രജിസ്റ്റർ ചെയ്യണമെന്ന സംവിധാനം നേരത്തെ ഇവരെപ്പറ്റി പഠനം നടത്തിയ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ (ഗിഫ്റ്റ്) നിർദ്ദേശിച്ചിരുന്നുവെങ്കിലും ഇപ്പോഴും അത് നടപ്പിലാക്കപ്പെട്ടിട്ടില്ല. ഇന്ത്യയിൽ എവിടേയും ഏതു സംസ്ഥാനക്കാരനും തൊഴിലെടുക്കാൻ അനുവാദമുള്ളതിനാൽ കേരളത്തിൽ അത്തരമൊരു രജിസ്‌ട്രേഷൻ കൊണ്ടു വരികയാണെങ്കിൽ തന്നെയും അതിന് ക്ഷേമപ്രവർത്തനങ്ങൾക്കായുള്ള രജിസ്‌ട്രേഷൻ ആയി മാത്രമേ നടത്താനാകൂവെന്നതാണ് ഇക്കാര്യത്തിൽ സർക്കാർ നേരിടുന്ന വെല്ലുവിളി. രജിസ്‌ട്രേഷന് ഒരു തൊഴിലാളിയേയും നമുക്ക് നിർബ്ബന്ധിക്കാനാവില്ലെന്നതും പ്രധാനം.
തൊഴിലാളികളുടെ കൃത്യമായ വിവരങ്ങൾ സൂക്ഷിക്കാത്തവരെ കണ്ടെത്താനും പിഴയടക്കമുള്ള നടപടികൾക്ക് കരാറുകാരെ വിധേയരാക്കാനും തൊഴിൽ വകുപ്പ് സമീപകാലത്ത് പരിശോധനകൾ നടത്തുകയും പല വൻകിടക്കാരേയും കണ്ടെത്തുകയും ചെയ്തിരുന്നു. പക്ഷേ കേന്ദ്ര നിയമമാണ് ഇതു സംബന്ധിച്ചുള്ളതെന്നതിനാൽ വളരെ കുറഞ്ഞ പിഴ മാത്രമേ ഈടാക്കാനാകുകയുള്ളു. ഏറ്റവും കടുത്ത നടപടി നിർമ്മാണ പ്രവർത്തനം നിർത്തിെവപ്പിക്കുക മാത്രമാണ്. അത്തരത്തിൽ ചില വൻകിട റിയൽ എസ്‌റ്റേറ്റ് പദ്ധതികൾ സർക്കാർ നിർത്തിവെപ്പിച്ചിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളുടെ വിവരങ്ങൾ പഠനവിധേയമാക്കിയ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് കാസർകോഡു വഴിയും പാലക്കാടു വഴിയും കേരളത്തിലേക്ക് എത്തുന്ന 63 ദീർഘദൂര ട്രെയിനുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം 25 ലക്ഷമാണെന്ന കണക്കിലെത്തിച്ചേർന്നത്. 2.35 ലക്ഷം പേരാണ് ഓരോ വർഷവും കേരളത്തിലേയ്ക്ക് തൊഴിൽ തേടി പുതുതായി എത്തിക്കൊണ്ടിരിക്കുന്നതെന്നും അവർ കണ്ടെത്തി. അവിവാഹിതരായ 18−35−നും വയസ്സിനിടയ്ക്ക് പ്രായമുള്ളവരാണ് ഇവർ. മിക്കവരും ആഴ്ചയിൽ ആറു ദിവസവും ചിലർ ഏഴു ദിവസവും പണിയെടുക്കുന്നു. പ്രതിദിവസം ശരാശരി 300 രൂപയ്ക്കുമേൽ സന്പാദിക്കുന്ന 70 ശതമാനം പേരും പ്രതിവർഷം 70,000 രൂപയോളം തങ്ങളുടെ നാട്ടിലേയ്ക്ക് അയച്ചു നൽകുന്നുമുണ്ട്. മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ലഭിക്കുന്ന തുക കൂടുതലാണെന്ന് മാത്രമല്ല ആഴ്ചയിൽ കൃത്യമായി പണം കൈയിൽ നൽകുകയും ചെയ്യുന്നുവെന്നതാണ് തൊഴിൽ ആകർഷകമാക്കുന്നത്.
എന്നാൽ ജീവിതസാഹചര്യങ്ങളുടെ നിലവാരമില്ലായ്മയും പ്രദേശവാസികളുടെ ജീവിത നിലവാരവുമായുള്ള താരതമ്യവുമൊക്കെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വലിയ അസംതൃപ്തിക്ക് ഇടയാക്കുമെന്ന കാര്യത്തിൽ സംശയമില്ല. വൻകിട കെട്ടിട നിർമ്മാതാക്കൾ പലരും വളരെ കുറച്ച് സൗകര്യങ്ങൾ മാത്രമാണ് അവർക്ക് ഒരുക്കി നൽകിയിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ തകിടു കൊണ്ടുണ്ടാക്കിയ വൃത്തിഹീനമായ കക്കൂസുകളും ശുദ്ധജലത്തിന്റെ അഭാവവും മലിനമായ അന്തരീക്ഷത്തിൽ ജീവിക്കേണ്ട ഗതികേട് അവർക്കുണ്ടാക്കുന്നു. പലരും നിർമ്മിച്ചുകൊണ്ടിരിക്കുന്ന വീടുകളിലും ഫാക്ടറി പരിസരത്തും തന്നെയാണ് സന്ധ്യയ്ക്ക് തല ചായ്ക്കുന്നത്. മോശപ്പെട്ട ജീവിതസാഹചര്യങ്ങളിൽ ജീവിക്കുന്ന അവർക്ക് പലപ്പോഴും മാനസികമായ അകൽച്ച നാട്ടുകാരുമായി അനുഭവപ്പെടുന്നതും സ്വാഭാവികം. പല സ്ഥലങ്ങളിലും പൊതുടാപ്പുകൾക്കു കീഴിൽ തുറസ്സായ പ്രദേശത്ത് അവർ കുളിക്കാനും പാചകം ചെയ്യാനുമൊക്കെ നിർബ്ബന്ധിതരാകുകയും ചെയ്യുന്നുണ്ട്.
പശ്ചിമ ബംഗാളിലെ ജൽപാഗുരി ജില്ലയിലെ ധുപ്ഗുരി പട്ടണത്തിൽ നിന്നും കേരളത്തിലേയ്ക്ക് എത്തിയവരാണ് ഇരുപത്തിനാലുകാരനായ കാജൽ സർക്കാരും ജേസനും സാനി സർക്കാരും രാജുവുമെല്ലാം. ധുപ്ഗുരി പ്രദേശവാസികൾക്ക് കൃഷിയാണ് പ്രധാന തൊഴിൽ. അവർക്ക് സ്വന്തം നാട്ടിൽ ദിവസക്കൂലിയായി ലഭിച്ചിരുന്നത് 200 രൂപയിൽ താഴെ മാത്രമാണ്− അതും അധിക ജോലി ചെയ്താൽ. ഇവിടെ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനടുത്ത കൊച്ചു ഗ്രാമമായ വലിയ പല്ലംതുരുത്തിൽ അവർക്കിന്ന് പ്രതിദിനം 500 രൂപ മുതൽ 550 രൂപ വരെ കൂലി ലഭിക്കുന്നുണ്ട്. കെട്ടിട നിർമ്മാണത്തിന് സഹായിക്കാൻ തൊട്ട് മരം മുറിക്കാനും റോഡുണ്ടാക്കാനും കൃഷിയ്ക്കായി തടമെടുക്കാനും വലിയ കുഴികൾ കുത്താനുമൊക്കെ അവർ ഇന്ന് സജീവമാണ്. നല്ല വേഷം ധരിച്ച് കോളേജ്കുമാരന്മാരെപ്പോലെയാണ് ആ ചെറുപ്പക്കാർ തൊഴിലിടത്തിലെത്തുന്നത്. പിന്നെ വേഷമഴിച്ചുവെച്ച് പണി വസ്ത്രവും ധരിച്ച് പകലന്തിയോളം ജോലി. വൈകുന്നേരം കെട്ടിട നിർമ്മാണ കോൺട്രാക്ടർ വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് മടക്കം. പിന്നെ ഭക്ഷണമുണ്ടാക്കിക്കഴിച്ച് അടുത്ത പുലരിയ്ക്കായുള്ള കാത്തിരിപ്പ്. കൽപ്പണി അഭ്യസിച്ചിട്ടില്ലാത്തതിനാൽ പ്രധാന പണിക്കാരുടെ സഹായികളായാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള ഈ തൊഴിലാളികൾ തൊഴിലെടുക്കുന്നത്. സിമന്റ് ചാക്ക് ചുമക്കുക, മേക്കാട് പണി, കിള, നന, ലോഡിറക്കുക, നിലംനികത്തൽ തുടങ്ങി പ്രത്യേക കാര്യശേഷി ആവശ്യമില്ലാത്ത എല്ലാ തൊഴിലുകളിലും തന്നെ അവരുണ്ട്. ദിവസക്കൂലിക്കു പകരം ആഴ്ചയിൽ കൂലി നൽകിയാൽ മതിയെന്നാണ് അവരുടെ പക്ഷം. “ഒരാഴ്ച പണിയെടുത്താൽ 4000 രൂപയോളം ലഭിക്കും. അതിൽ ചെലവിന് ആയിരം രൂപയിൽ താഴെമതിയാകും. ബാക്കി മുഴുവനും നാട്ടിലേക്ക് അയച്ചു നൽകുകയാണ്,’’ ജേസൻ പറയുന്നു. ബംഗാളിലെ പട്ടണത്തിൽ നിന്നും 2009−ൽ കേരളത്തിൽ ആദ്യം തൊഴിലെടുക്കാനെത്തിയ ചിലരാണ് കേരളത്തിലെ തൊഴിൽ ലബ്ധിയെക്കുറിച്ചും മെച്ചപ്പെട്ട വേതനത്തെക്കുറിച്ചുമൊക്കെ നാട്ടുകാർക്ക് അറിവു നൽകിയത്. പിന്നെ കുടുംബക്കാരും ബന്ധുക്കളുമൊക്കെ തന്നെ കൂട്ടമായി തന്നെ കേരളത്തിലേക്ക് ഒഴുകി. ആദ്യം കണ്ണൂരിലായിരുന്നു തൊഴിലിടം. പിന്നെ കോട്ടയത്തേയ്ക്കും എറണാകുളത്തേക്കും ലക്ഷദ്വീപിലേയ്ക്കുമൊക്കെ മാറി.
പക്ഷേ കേരളത്തിന്റെ സന്പദ്‌വ്യവസ്ഥയിൽ ഇന്ന് നിർണ്ണായക ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്ന 25 ലക്ഷത്തിലധികം വരുന്ന ഈ അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപരിരക്ഷയുടെ കാര്യത്തിൽ ആരോഗ്യരംഗത്ത് ഇന്ത്യയിൽ ഒന്നാമനായ കേരളം അൽപം പോലും മുന്നോട്ടു പോയിട്ടില്ലെന്നതാണ് വാസ്തവം. വരുന്ന പത്തു വർഷത്തിനുള്ളിൽ ഇപ്പോൾ കേരളത്തിന്റെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം വരുന്ന ഇവരുടെ എണ്ണം 48 ലക്ഷമായി ഉയരുമെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ (ഗിഫ്റ്റ്) നടത്തിയ പഠനങ്ങളിൽ കാണുന്നത്. പശ്ചിമ ബംഗാൾ, ഒഡീഷ, ബീഹാർ, അസം, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് അന്യസംസ്ഥാന തൊഴിലാളികളിൽ 75 ശതമാനം പേരുമെത്തുന്നതെന്നും അവരിൽ 60 ശതമാനത്തോളം പേർ നിർമ്മാണ മേലയിലാണ് തൊഴിലെടുക്കുന്നതെന്നുമാണ് പഠനത്തിൽ വ്യക്തമായത്. ഏതാണ്ട് 17,500 കോടി രൂപയോളമാണ് ഇവർ ബാങ്കുകളിലൂടെ തങ്ങളുടെ സംസ്ഥാനത്തേക്ക് പ്രതിവർഷം കേരളത്തിൽ നിന്നുമെത്തിക്കുന്നത്. ആ അർത്ഥത്തിൽ മലയാളിക്ക് ഗൾഫ് നാടുകൾ എന്താണോ അതു തന്നെയാണ് ഈ അന്യസംസ്ഥാന തൊഴിലാളികൾക്ക് കേരളം.
2014 ഫെബ്രുവരിയിൽ ഗിഫ്റ്റ് നാഷണൽ റൂറൽ ഹെൽത്ത് മിഷൻ ഈ തൊഴിലാളികൾ നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും അവർ താമസിക്കുന്ന വൃത്തിഹീനമായ അന്തരീക്ഷത്തെക്കുറിച്ചും കുടിവെള്ളത്തിന്റെ ലഭ്യതയില്ലാത്തതു മൂലവും കുളിക്കുന്ന ജലം തന്നെ കുടിക്കാനുപയോഗിക്കുന്നതുമെല്ലാം പഠനവിധേയമാക്കിയിരുന്നു. നാഷണൽ റൂറൽ ഹെൽത്ത് മിഷനായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് അവർ കഴിഞ്ഞ ഫെബ്രുവരിയിൽ സമർപ്പിച്ചു. കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന വൃത്തിഹീനമായ അന്തരീക്ഷത്തിലുള്ള ജീവിതത്തിനു പുറമേ മാസ്‌കും ഗ്ലൗസും മറ്റ്സുരക്ഷാകാര്യങ്ങളുമൊന്നും ഉപയോഗിക്കാതെയുള്ള അവരുടെ ജോലി വലിയ അപകടത്തിലേക്കാണ് അവരെ തള്ളിവിടുന്നത്. ലേബർ ക്യാന്പുകളോട് ചേർന്നുള്ള പ്രദേശങ്ങളിൽ അവർ മാലിന്യങ്ങൾ തള്ളുന്നത് അവരുടേയും പരിസരവാസികളുടേയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു.
മഴക്കാലം ശക്തിപ്പെടുന്നതോടെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നലേബർ ക്യാന്പുകളിൽ പലതിലും പകർച്ചവ്യാധികളും രോഗങ്ങളും പൊട്ടിപ്പുറപ്പെടാവുന്ന സ്ഥിതി വിശേഷമാണ് ഇന്ന് കേരളത്തിലുള്ളത്. ഇതിനു പുറമേ അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന പല ലഹരിവസ്തുക്കളും സമീപകാല പരിശോധനകളിൽ കണ്ടെത്തുകയും ചെയ്തിരിക്കുന്നു. ഇതിനെല്ലാം പുറമേയാണ് അസമത്വം ഉണ്ടാക്കുന്ന അമർഷത്തെ തുടർന്ന് അവരിൽ ഒരു ന്യൂനപക്ഷം കൊലപാതകങ്ങൾക്കും മോഷണങ്ങൾക്കും ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സമീപകാലത്ത് എറണാകുളത്ത് അന്യസംസ്ഥാന തൊഴിലാളി നടത്തിയ ക്രൂരമായ കൊലപാതകം അപ്പറഞ്ഞതിനെ സാധൂകരിക്കുന്നതാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ വൃത്തിയോടെയുള്ള താമസത്തിനായി ഗൾഫ് മോഡലിൽ അക്കോമഡേഷൻ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ ഇപ്പോൾ പദ്ധതിയിട്ടിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി ഷിബു ബേബിജോൺ കഴിഞ്ഞ വർഷം ഇതേസമയത്ത് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോഴും ആ പദ്ധതി എങ്ങുമെത്തിയിട്ടില്ല. 12 പേർക്ക് ഒരു മുറി എന്ന നിലയിലുള്ള കെട്ടിടമാണ് പദ്ധതിയിട്ടിരുന്നത്. കരാറുകാരിൽ നിന്നും ആ അക്കോമഡേഷൻ ഉപയോഗിക്കുന്നതിന് ചെറിയ വാടകയും സർക്കാർ ഈടാക്കുമെന്നും അന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷേ അവയെല്ലാം പ്രസ്താവനകൾ മാത്രമായി അവശേഷിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ബില്ലിന്റെ കരട് തയാറാക്കിയെങ്കിലും അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനെതിരെ രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നതിനാൽ അതിന്റെ മുന്നോട്ടുള്ള പോക്കും അവതാളത്തിലായി.
സാമൂഹ്യസുരക്ഷാ പദ്ധതികൾ ഈ അന്യസംസ്ഥാന തൊഴിലാളികൾക്കായി സർക്കാരിന് വിഭാവനം ചെയ്യുന്നതിൽ അത്ര പ്രയാസമൊന്നും ഉണ്ടാകാനിടയില്ല. ദേശീയ പദ്ധതികളായ രാഷ്ട്രീയ സ്വാസ്ത്യ ഭീമ യോജന (തൊഴിലാളി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിൽ നിന്നാണെങ്കിൽ) പോലുള്ള പദ്ധതികളിലൂടെയും പ്രത്യേക പദ്ധതികളിലൂടേയും അത് സാധ്യമാക്കാനുമാകും. തങ്ങളുടെ തൊഴിൽ അവകാശങ്ങളെപ്പറ്റി അവർക്ക് അറിവു നൽകാൻ ബംഗാളിയിലും ഹിന്ദിയിലും അസമീസിലും ഒറിയയിലുമൊക്കെ ടി.വിയിലും റേഡിയോവിലും ദീർഘദൂര തീവണ്ടികളിലും റെയിൽവേ പ്ലാറ്റ്‌ഫോമുകളിലുമൊക്കെ ബോധവൽക്കരണ പരിപാടികൾ നട
ത്തണമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് തൊഴിൽ വകുപ്പിന് നിർദ്ദേശം നൽകിയിരുന്നതുമാണ്.
നാട്ടുകാർക്കിടയിൽ അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാത്തപക്ഷം നാട്ടുകാരും അവരും തമ്മിൽ പിൽക്കാലത്ത് സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ചെറുതല്ല. വിവിധ ഭാഷകൾ സംസാരിക്കാനാകുന്നവരെ ഉൾപ്പെടുത്തി ഇവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഹെൽപ് ലൈൻ സർവ്വീസും ഇൻസ്റ്റിറ്റ്യൂട്ട് വിഭാവനം ചെയ്‌തെങ്കിലും രജിസ്‌ട്രേഷന്റെ കാര്യമെന്നതു പോലെ അതും എങ്ങുമെത്തിയില്ല.
ജീവനോപാധിക്കായി മറ്റൊരു സംസ്ഥാനത്തേക്ക് എത്തപ്പെടുന്ന ഈ തൊഴിലാളികളെ മോശപ്പെട്ട സാഹചര്യങ്ങളിൽ കഴിയാൻ അനുവദിക്കുന്നത് ഒട്ടും തന്നെ ആശാസ്യമായ കാര്യമല്ല. നാട്ടിൽ നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ മണലാരണ്യത്തിലെ നിധി തേടിയിറങ്ങി വിയർക്കുന്ന മലയാളിയെപ്പോലെ തന്നെയാണ് അവരും. ആ മനോഭാവം പക്ഷേ പണ്ടേ മലയാളിക്കില്ലല്ലോ− അവന് വംശീയ അധിക്ഷേപം നടത്താനുള്ള ഇരകളാണല്ലോ എന്നും പാണ്ടിയെന്ന് ആക്ഷേപിക്കപ്പെടുന്ന അദ്ധ്വാനശീലരായ തമിഴനും നാലാംകിടയായി കണക്കാക്കുന്ന ബംഗാളിയും ബീഹാറിയും ഒറിയക്കാരനുമൊക്കെ!
ജെ. ബിന്ദുരാജ്