പറവൂർ പീഡനം പറയുന്നത്...


കോളിളക്കം സൃഷ്ടിച്ച പെൺവാണിഭക്കേസിൽ പീഡനത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ നീതിക്കായി പൊതുസമൂഹത്തിനു മുന്നിൽ നിലവിളിച്ചിരുന്ന അഭിഭാഷകൻ തന്നെ കേസ്സ് അട്ടിമറിക്കാൻ ശ്രമിച്ചുവോ? കേസ്സിൽ പെൺകുട്ടിയുടെ മൊഴി തിരുത്താനും പ്രതിസ്ഥാനത്തുള്ള പലരേയും മാറ്റാനും പ്രതിസ്ഥാനത്തുള്ളവരുമായി അയൂബ് ഖാൻ വിലപേശൽ നടത്തുന്നതിന്റെ ഒളിക്യാമറാ ദൃശ്യങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി.പി മോഹൻ മേനോനെ അറിയിച്ചതിനെ തുടർന്ന് അയൂബ് ഖാനെ കേസ്സിൽ നിന്നും മോഹൻ മേനോൻ ഒഴിവാക്കിയിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് ഈ ഒളിക്യാമറാ ദൃശ്യങ്ങൾ തന്നെ കാണിക്കുകയുണ്ടായിട്ടില്ലെന്നും സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതു കൊണ്ടു മാത്രമാണ് അയൂബ് ഖാനെ കേസ്സിൽ നിന്നും ഒഴിവാക്കിയതെന്നുമാണ് മോഹൻ മേനോൻ പറയുന്നത്. പ്രതിസ്ഥാനത്തുള്ളവരിൽ നിന്നും അയൂബ് ഖാൻ കേസ്സ് അട്ടിമറിക്കുന്നതിന് ഒന്നേകാൽ കോടി രൂപ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് തങ്ങളുടെ കൈവശമുള്ളതെന്നാണ് ക്രൈംബ്രാഞ്ച് അവകാശപ്പെടുന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം തന്നെ അവാസ്തവമാണെന്നാണ് അയൂബ് ഖാന്റെ നിലപാട്. പക്ഷേ ഈ ദൃശ്യങ്ങൾ പുറത്തുവിടാൻ ക്രൈംബ്രാഞ്ചിനെ വെല്ലുവിളിക്കുമോ എന്ന ചോദ്യത്തോട് ഖാൻ പ്രതികരിച്ചിട്ടുമില്ല. 

എന്തായാലും ഇപ്പോൾ ഒരു സർക്കാർ ഓഫീസിൽ ക്ലർക്കായി തൊഴിലെടുക്കുകയും കൊച്ചി കാക്കനാട് മഹിളാമന്ദിരത്തിൽ താമസിച്ചുവരികയും ചെയ്യുന്ന പറവൂർ പീഡനക്കേസിലെ ഇരയെ സംബന്ധിച്ചിടത്തോളം പീഡനങ്ങളുടെ പർവ്വം തുടരുകയാണെന്നു തന്നെയാണ് ഇത് തെളിയിക്കുന്നത്. ഓഫീസ് സ്ഥലത്തേക്ക് തന്റെ സുരക്ഷ മുൻനിർത്തി പോലീസുകാർ ഒപ്പം സഞ്ചരിക്കുന്നത് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ മേയ് 15−ന് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോലീസിന്റെ അകന്പടി മൂലം തൊഴിലെടുക്കുന്ന സ്ഥലത്തും താൻ പീഡനത്തിന് ഇരയായ പെൺകുട്ടിയാണെന്ന് എല്ലാവരും തിരിച്ചറിയുന്നുവെന്നും അത് തനിക്ക് കടുത്ത മാനസിക പ്രശ്‌നങ്ങൾക്കിടയാക്കുന്നുവെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. 2011−ൽ 141 പേരാൽ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് പലരിൽ നിന്നും വധഭീഷണിയടക്കമുണ്ടെന്നു കണ്ടാണ് നേരത്തെ പോലീസിന്റെ എസ്‌കോർട്ട് പെൺകുട്ടിക്ക് നൽകപ്പെട്ടത്. രണ്ട് വനിതാ സിവിൽ പൊലീസ് ഓഫീസർമാരും ഒരു പുരുഷ സിവിൽ പോലീസ് ഓഫീസറുമാണ് പെൺകുട്ടിയെ എല്ലായിടത്തും അകന്പടി സേവിച്ചുകൊണ്ടിരുന്നത്.

പറവൂർ പീഡനക്കേസ് ഇതിനു മുന്പും പലവട്ടം പല കാരണങ്ങളാൽ ജനശ്രദ്ധയിലെത്തിയതാണ്. കണ്ണൂർകാരനായ ഒരു പ്രതിയെ രക്ഷിക്കാൻ സർക്കാരിന്റെ സുപ്രധാന സ്ഥാനത്തിരിക്കുന്നയാൾ തന്നെ ശ്രമിച്ചുവെന്ന ആരോപണമുയർന്നതിനൊപ്പം  ഒരു പ്രമുഖ കോൺഗ്രസ് എം.എൽ.എയുടെ സെക്രട്ടറിയെ പീഡനക്കേസിൽ നിന്നും കരകയറ്റാൻ ചില അണിയറ നീക്കങ്ങൾ വേറെ നടന്നു. ഒരു പ്രമുഖ ആശുപത്രിയുടമയെ കേസ്സിൽ നിന്നും രക്ഷിക്കാൻ ശ്രമമുണ്ടായപ്പോൾ ധനാഢ്യനായ ഒരു പീഡകനെ രക്ഷിക്കാൻ ഒരു സുപ്രധാന ഭരണകേന്ദ്രത്തിൽ നിന്നും ഫോൺവിളി വരെ ഉണ്ടായത്രേ. പെൺകുട്ടിക്ക് അമേരിക്കയിൽ താമസംവരെ വാഗ്ദാനം ചെയ്തു ചിലർ! 2011−ൽ പ്ലസ് വണ്ണിന് പഠിക്കുകയായിരുന്ന ഈ പെൺകുട്ടിയുടെ കേസ്സ് എത്രയും വേഗം തീർപ്പാക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകയായ ടി.ബി മിനി നൽകിയ കേസ്സിൽ ജസ്റ്റിസ് രാമചന്ദ്രൻ നായർ അടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത് 2012 മേയ് 31−നകം ഈ കേസ്സിന്റെ അന്വേഷണവും വിചാരണയും പൂർത്തിയാക്കണമെന്നാണ്. പക്ഷേ അതിനുശേഷം ഇപ്പോൾ മൂന്നു വർഷം വീണ്ടും കഴിഞ്ഞപ്പോഴും അന്വേഷണം 16 കേസ്സുകളിലും വിധി പറയൽ കേവലം എട്ട് കേസ്സുകളിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നു.

പറവൂർ പീഡനത്തിനിരയായ പെൺകുട്ടി 2011 മാർച്ച് ഒന്പതിനാണ് കാക്കനാട്ടെ മഹിളാമന്ദിരത്തിലെത്തപ്പെടുന്നത്. രണ്ടു വർഷം നീണ്ട ലൈംഗിക പീഡനത്തെക്കുറിച്ചു പരാതി ആ പെൺകുട്ടി പോലീസിനു നൽകിയത് 2011 മാർച്ച് ഏഴിനായിരുന്നു. സ്വന്തം അച്ഛനും അമ്മയും കൂട്ടിക്കൊടുപ്പുകാരുടെ റോളിലെത്തിയപ്പോൾ കാക്കനാട്ടെ ഹോമിന്റെ ചുവരുകൾക്കു പിന്നിലിരുന്ന് തന്റെ നഷ്ടജീവിതം വെറുതെ അയവിറക്കിക്കൊണ്ട് അവൾ ജീവിച്ചുകൊണ്ടേയിരിക്കുകയാണ്.  മൊത്തം 63 കുറ്റപത്രങ്ങളാണ് ഈ കേസ്സിൽ പ്രതീക്ഷിക്കപ്പെടുന്നതെന്നിരിക്കേ ഇതുവരേയ്ക്കും കേവലം 14 കുറ്റപത്രങ്ങൾ മാത്രമേ സമർപ്പിക്കപ്പെട്ടിട്ടുള്ളു. അതിലാകട്ടെ കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ആറു കേസ്സുകളിൽ മാത്രമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. ഇനിയാണ് വിരോധാഭാസം. ശിക്ഷിക്കപ്പെട്ട പ്രതികളിൽ പെൺകുട്ടിയുടെ അച്ഛനൊഴിച്ച് ഒരു പ്രതിയും ഒരാഴ്ചക്കാലം പോലും ജയിൽവാസം അനുഭവിച്ചിട്ടില്ല. മൊത്തം ഇരുപതു പേർ ശിക്ഷിക്കപ്പെട്ടതിൽ രണ്ടു പേർ മരണപ്പെട്ടു.

അഞ്ചു വർഷങ്ങൾക്കു മുന്പ് ഒരു വേനൽക്കാലം. വേനലിലെ പൊരിവെയിലിലെന്ന പോലെ അവളുടെ മനസ്സ് വെന്തുരുകിത്തുടങ്ങിയത് അന്നാണ്. ഇന്നലെ വരെ താൻ ബാപ്പയെന്നു വിളിച്ചയാൾ തന്നെ ലൈംഗികമായി ഉപയോഗിക്കാൻ ആരംഭിച്ചിരിക്കുന്നു. ഉമ്മ അത് മനസ്സിലാക്കിയെങ്കിലും അതറിഞ്ഞില്ലെന്ന ഭാവം നടിക്കുന്നു. സിനിമയിൽ അഭിനയിക്കണമെന്ന തന്റെ മോഹമാണ് അച്ഛൻ ദുരുപയോഗം ചെയ്തു തുടങ്ങിയത്. ഭീഷണി മൂലം ലൈംഗികമായി തന്നെ കീഴ്‌പ്പെടുത്തിയ ബാപ്പയ്‌ക്കൊപ്പം അവൾ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ നിർബന്ധിതയാകുന്നു. സിനിമയിലേയ്ക്കും സീരിയലിലേക്കുമൊക്കെ എക്‌സ്ട്രാ ആർട്ടിസ്റ്റുകളെ എത്തിക്കുന്ന തൊഴിലായിരുന്നു അച്ഛന്. മനുഷ്യത്വം നഷ്ടപ്പെട്ട അച്ഛൻ തന്നെ ഉപയോഗിച്ചശേഷം തന്റെ ശരീരം വീൽപ്പനയ്ക്കു വെയ്ക്കുമെന്ന് അവൾ കരുതിയിരുന്നതല്ല. 

അച്ഛനിൽ നിന്നുള്ള പീഡനത്തിനുശേഷം വർക്കല അനാമിക റിസോർട്ടിൽ വെച്ചാണ് പെൺകുട്ടി ആദ്യമായി വിൽക്കപ്പെട്ടത്. പറവൂരിൽ നിന്നും ആറ്റിങ്ങൽ വരെ അച്ഛന്റെ ബൈക്കിന്റെ പിന്നിലിരുന്ന് സഞ്ചരിച്ച പതിനഞ്ചുകാരി പെൺകുട്ടിയെ ആറ്റിങ്ങലിൽ നിന്ന് പീഡകർ ഏറ്റുവാങ്ങുകയായിരുന്നു. 25,000 രൂപയാണ് മണിക്കൂറിന് പെൺകുട്ടിയുടെ അച്ഛൻ പീഡനത്തിന് ഈടാക്കിയത്. പിന്നീട് നീണ്ട രണ്ടു വർഷക്കാലത്തെ പീഡന ജീവിതം. വീട്ടിനുള്ളിൽ അമ്മയുടെ അനുമതിയോടെ അയൽപക്കക്കാരനായ വിരമിച്ച നാവിക ഉദ്യോഗസ്ഥൻ പോലും ഉപയോഗിച്ചു. ഏലൂരിൽ വെച്ച് ആറടി പൊക്കമുള്ള മൂന്നു ഭാര്യമാരുള്ള ഒരാളുടെ വീട്ടിലെ സ്വീകരണമുറിയിൽ ക്രൂരമായ ബലാത്സംഗത്തിനിരയായി. എതിർത്തപ്പോൾ തന്റെ പ്രിയപ്പെട്ട സഹോദരനെ ഫാനിൽ കെട്ടിത്തൂക്കി; കൊന്നുകളയുമെന്ന് ഭീഷണി. രണ്ടു വർഷത്തിനിടയിൽ അച്ഛൻ തന്നെ പല കൂട്ടിക്കൊടുപ്പുകാർക്കും കൈമാറി. പലരും ദിവസങ്ങളോളം മുറിയിൽ അടച്ചിട്ട് ബലാത്സംഗം ചെയ്തുകൊണ്ടിരുന്നു. മണിക്കൂറിന് 10,000 രൂപ മുതൽ 25,000 രൂപ വരെ ഈടാക്കി. കോയന്പത്തൂരിൽ ജെസ്സിമോൾ എന്ന കൂട്ടിക്കൊടുപ്പുകാരി മുറിയിൽ പൂട്ടിയിട്ട് ഒരു ദിവസം 30−ഓളം പേരെ തന്റെ ഇളം ശരീരത്തിൽ മേയാൻ വിട്ടപ്പോഴാണ് അവൾ ഒരു ചെറിയ കുട്ടിയുടെ സഹായത്തോടെ രക്ഷപ്പെട്ടത്. പക്ഷേ എവിടേയ്ക്ക് രക്ഷപ്പെടാൻ, വടക്കൻ പറവൂരിലെ വാണിയക്കാട്ടുള്ള വസതിയിൽ കാത്തിരിക്കുന്ന കാമപിശാചു ബാധിച്ച  ബാപ്പയാണ്. അമ്മൂമ്മയുടെ വസതിയായ നീറിക്കോടിലേയ്ക്ക് ഒരുവിധം എത്തിച്ചേർന്നു അവൾ. അവളെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോകാൻ ബാപ്പയും ബാപ്പയുടെ സുഹൃത്തുക്കളും ചേർന്ന് ശ്രമിച്ചപ്പോഴാണ് നിവൃത്തിയില്ലാതെ പള്ളിക്കമ്മിറ്റിയിൽ പരാതി നൽകിയത്. ബാപ്പയെ മഹല്ലിൽ നിന്ന് പുറത്താക്കി. പക്ഷേ അവിടേയും പ്രശ്‌നങ്ങൾ അവസാനിച്ചില്ല. ഒരു മഞ്ഞപ്പത്രക്കാരൻ ബാപ്പ സുധീറുമായി ചങ്ങാത്തം സ്ഥാപിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ നിന്നും പണം കൈവശപ്പെടുത്താൻ ആരംഭിച്ചു. അത് പരാതിയായി മാറിക്കൊണ്ടിരിക്കേയാണ് പൊലീസിൽ പരാതി നൽകാൻ (2011 മാർച്ച് 7)  പെൺകുട്ടി നിർബ്ബന്ധിതയായത്.  പക്ഷേ അപ്പോഴേയ്ക്കും അവളുടെ ജീവിതം  വരണ്ടുണങ്ങിയിരുന്നു. രണ്ടു വർഷങ്ങൾക്കിടയിൽ ഏതാണ്ട് ഇരുനൂറോളം പേർ  ലൈംഗികമായി ഉപയോഗിച്ച ഒരു ശരീരത്തിനുള്ളിൽ അവളുടെ ആത്മാവ് മാത്രം എങ്ങനെയോ മൃതിയടയാതെ കഴിഞ്ഞു.  2009−ൽ ബാപ്പയുടെ ബലാത്സംഗത്തിൽ നിന്നും ആരംഭിച്ച തടവറ ജീവിതം അവൾ ഇപ്പോഴും തുടരുകയാണ്. പെൺവാണിഭ സംഘങ്ങൾക്ക് ഇരയായ മറ്റ് ഒട്ടനവധി സ്ത്രീകളെപ്പോലെ ഇപ്പോൾ 19 വയസ്സുള്ള ഈ പെൺകുട്ടി കാക്കനാട്ടെ മഹിളാമന്ദിരത്തിൽ ജീവിതം മുന്നോട്ടുനീക്കിക്കൊണ്ടിരിക്കുന്നു. പുതിയൊരു പേരിൽ: “പറവൂർ പെൺകുട്ടി’’. തൊഴിൽ സ്ഥലത്തു പോലും അവൾക്ക് സ്വസ്ഥത ലഭിക്കുന്നില്ല.

അച്ഛനും അമ്മയും പ്രതികളായി മാറ്റപ്പെട്ട ഒരു കേസ്സിൽ രണ്ടു വർഷങ്ങൾക്കുശേഷം എങ്ങനെയാണ് പറവൂരിലെ പീഡന ഇരയുടെ ജീവിതം? താൻ പീഡിപ്പിക്കപ്പെട്ടുവെന്ന വിവരം 2011 മാർച്ച് ഏഴിന് വാണിയക്കാട് മുസ്ലിം ജമാഅത്ത് ഭാരവാഹികളുടെ നിർദ്ദേശപ്രകാരം വടക്കൻ പറവൂർ എസ്.ഐയ്ക്ക് മൊഴി കൊടുത്തശേഷം എന്താണ് ആ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്? എന്താണ് ആ കേസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ? ശിക്ഷിക്കപ്പെട്ട പ്രതികൾ ഇപ്പോൾ എവിടെയുണ്ട്? 2014 മാർച്ച് 25−ാം തീയതി ആ പെൺകുട്ടി ഹൈക്കോടതി ജഡ്ജിക്ക് അയച്ച ഒരു കത്ത് പെൺകുട്ടിയുടെ അവസ്ഥ കൃത്യമായി വെളിവാക്കുന്നതാണ്. തന്റെ കേസ്സ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ ദയവായി മാറ്റരുതെന്നും ഇനിയും തനിക്ക് 200−ഓളം പേർ തന്നെ ലൈംഗികമായി ഉപയോഗിച്ച കാര്യങ്ങൾ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമായി പങ്കുവെയ്ക്കാനിടയാക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും കത്തിൽ പെൺകുട്ടി പറയുന്നു. പീഡനത്തിന് ഇരയായ ഈ പെൺകുട്ടി നേരത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് 2014 ജനുവരി 30−ന് അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അയച്ച കത്തിന് മുഖ്യമന്ത്രി പുല്ലുവില പോലും കൽപ്പിക്കുകയുണ്ടായില്ല. പീഡിപ്പിച്ചവർ അതിശക്തരാകുന്പോൾ നിയമം നിയമത്തിന്റെ വഴിക്ക് വളരെ പതുക്കെ മാത്രമേ സഞ്ചരിക്കുകയുള്ളുവല്ലോ. പ്രത്യേകിച്ചും സർക്കാരിന് ചിലരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഉള്ളപ്പോൾ!

“ഞാൻ ഇങ്ങനെ ഒരു കത്ത് അയക്കുന്നത് എന്റെ കേസ്സ് നീണ്ടു പോകുന്നതു കൊണ്ട് പഠനം മുടങ്ങുമെന്നതിനാലും ജുവനൈൽ ഹോമിൽ നിന്ന് പുറത്തുപോകാൻ പറ്റാത്ത അവസ്ഥയായതിനാലുമാണ്. ഞാനിതിനു മുന്പ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മറ്റുള്ളവർക്കുമൊക്കെ കത്ത് എഴുതിയെങ്കിലും അതിലൊന്നും നടപടി ഉണ്ടായില്ല... നേരത്തെയുള്ള ആളുകളെ മാറ്റി പുതിയ അന്വേഷണ സംഘത്തെ വെച്ചതായാണ് ഞാൻ അറിയുന്നത്. അത് എനിക്ക് ഒട്ടും തന്നെ സ്വീകരിക്കാൻ കഴിയില്ല. കാരണം രണ്ടു കൊല്ലത്തോളം ഞാൻ അനുഭവിച്ച ശാരീരിക പീഡനം ഞാൻ പുതിയ ആളുകളോടും പറയണം. വക്കീലന്മാരോടു തന്നെ വളരെയധികം ബുദ്ധിമുട്ടിയാണ് ഞാനിത് പറയുന്നത്. ഇനി വരുന്ന ആളുകളോടും ഇതു തന്നെ ആവർത്തിച്ചു പറയാൻ പ്രയാസമാണ്... മാനഭംഗത്തിനിരയായ പെൺകുട്ടിയെ സംബന്ധിച്ച് മാനഭംഗത്തിനേക്കാളും (വലിയ) മാനസികപ്രശ്‌നമാണ് ഇത് പലരോടും വീണ്ടും വീണ്ടും പറയുക എന്നുള്ളത്,’’ പെൺകുട്ടി ഹൈക്കോടതി ജഡ്ജിക്കെഴുതിയ കത്തിൽ പറയുന്നു. 

വിൻസൺ എം. പോളിന്റെ നേതൃത്വത്തിൽ കേസ്സ് അതുവരെ അന്വേഷിച്ചുവന്നിരുന്നത് എ.സി.പി ബിജോ അലക്‌സാണ്ടറിന്റേയും എസ്.പി ഉണ്ണിരാജയുടേയും നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഹൈക്കോടതിയിൽ മാർച്ച് ആദ്യം ഹർജി നൽകിയതിനെ തുടർന്ന് സംസ്ഥാന ഹോം സെക്രട്ടറി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എ.സി.പി ബിജോ അലക്‌സാണ്ടറിനേയും ഉണ്ണിരാജയേയും കേസ്സ് തുടർന്നും അവരുടെ നിരീക്ഷണ ചുമതലയിൽ തന്നെ നിലനിർത്തണമെന്നും തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്നും ഉത്തരവ്  നൽകിയിരുന്നതാണ്. എന്നാൽ  ഹർജി വന്നതിനുശേഷം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസിഫലി ൈക്രം ബ്രാഞ്ച് എഡിജിപി കൃഷ്ണമൂർത്തിക്ക് ഒരു കത്തെഴുതി. കോടതിക്ക് അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് അതൃപ്തിയുണ്ടെന്നും അതിനാൽ  പുതിയ അന്വേഷണ സംഘത്തെ പറവൂർ പീഡനക്കേസിന്റെ അന്വേഷണം ഏൽപ്പിക്കണം എന്ന ആവശ്യം മുന്നോട്ടുവെയ്ക്കുകയുമായിരുന്നു. പക്ഷേ പെൺകുട്ടിയുടെ അഭ്യർത്ഥന മാനിക്കാതെ കേസ്സിന്റെ അന്വേഷണച്ചുമതല പുതിയ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയാണ് കോടതി ചെയ്തത്.

പറവൂർ പീഡനക്കേസിൽ ഇരുനൂറിലധികം പേർ പീഡിപ്പിച്ച കേസ്സിൽ 148 പേരെയാണ് പോലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. അതിൽ 108 പേർ അറസ്റ്റിലായി. 34 പേരെ (ഇതിൽ തിരിച്ചറിഞ്ഞ 14 പേരും തിരിച്ചറിയാത്ത 24 പേരുമാണുള്ളത്) ഇനി അറസ്റ്റ് ചെയ്യാനുണ്ട്. മൂന്നു പ്രതികൾ മരണപ്പെടുകയും മൂന്നു പേരെ പെൺകുട്ടിക്ക് തിരിച്ചറിയാൻ കഴിയാതെ വരികയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ നടന്ന സംഭവങ്ങൾ വിവിധ കുറ്റപത്രങ്ങളായി വേർതിരിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ പെൺവാണിഭക്കേസ്സാണ് പറവൂരിലേത്. മൊത്തം 63 കുറ്റപത്രങ്ങളാണ് കേസ്സിൽ പ്രതീക്ഷിക്കപ്പെടുന്നത്. അതിൽ ഏഴ് കേസ്സുകളിൽ മാത്രമാണ് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്. ഇതിനിടെ ജുവൈനൽ ഹോമിൽ പെൺകുട്ടിയെ സ്വാധീനിച്ച് കേസ്സിൽ നിന്നും പല പ്രമുഖരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായി. 

വരാപ്പുഴ കേസ്സിൽ വനിതാ ഗുണ്ടയായ ശോഭാ ജോണിന്റെ സാന്നിധ്യമുള്ളതിനാൽ പലരേയും രക്ഷിക്കാൻ ഉന്നത തലങ്ങളിൽ നിന്നും സ്വാധീനമുണ്ടായതു പോലെ പറവൂർ കേസ്സിലും ധനാഢ്യരും സ്വാധീനശേഷിയുള്ളവരുമായ ആൾക്കാരും ഉൾപ്പെട്ടിട്ടുള്ളതിനാൽ പ്രതികളെ രക്ഷിച്ചെടുക്കാൻ വലിയ  സമ്മർദ്ദങ്ങളാണ് ഇന്നുള്ളത്. വിചാരണയാകട്ടെ ഇഴഞ്ഞു നീങ്ങുകയും ചെയ്യുന്നു. ഈ നിലയ്ക്കാണ് കേസ്സ് മുന്നോട്ടു പോകുന്നതെങ്കിൽ 20 വർഷം കഴിഞ്ഞാലും കേസ്സിലെ വിചാരണ പൂർത്തിയാകാനിടയില്ല. പീഡനം നേരിട്ട ഇര ജീവിതാന്ത്യം വരെ നേരിടുന്ന വലിയ പ്രശ്‌നങ്ങളുടെ നേർക്കാഴ്ചയാണ് പറവൂർ പെൺകുട്ടിയുടെ തുടരുന്ന ദുരിതപർവം. “കേസ്സുകൾ വേഗം തീർന്നാൽ നന്നായി പഠിച്ച്, നല്ല രീതിയിൽ; എന്നെ ഉപദ്രവിച്ചവരുടെ മുന്നിൽ ജീവിച്ചു കാണിക്കണമെന്നാണ് എ
ന്റെ ആഗ്രഹം,’’ 2014 ജനുവരി 30−ന് പെൺകുട്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.

സി.പി മോഹൻ മേനോൻ മുഖ്യ പ്രോസിക്യൂട്ടറായ കേസ്സിൽ ഇതുവരെ അദ്ദേഹത്തെ അസിസ്റ്റ് ചെയ്തിരുന്നത് ഹൈക്കോടതി അഭിഭാഷകനായ അയൂബ് ഖാനും മുൻ ഡെപ്യൂട്ടി ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയ ഇ. ഐ എബ്രഹാമുമാണ്. പക്ഷേ ഇപ്പോഴത്തെ സംഭവവികാസങ്ങൾ അയൂബ് ഖാന്റെ വിശ്വാസ്യത തന്നെ അപകടത്തിലാക്കിയിരിക്കുന്നു. ഇരയാക്കപ്പെട്ട പെൺകുട്ടി ഇപ്പോൾ പുതിയ രൂപത്തിൽ, പുതിയ തലങ്ങളിൽ ചിലർക്ക് പണമുണ്ടാക്കാനുള്ള ഉപാധിയായി വീണ്ടും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണോ?

ജെ. ബിന്ദുരാജ്

You might also like

Most Viewed