പൈപ്പിൻ ചുവട്ടിലെ ചിന്തകൾ...
ജെ. ബിന്ദുരാജ്
കേരളത്തിലൂടെ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്പോൾ സാധാരണ നാം കണ്ടുവരുന്ന ചില കാഴ്ചകളുണ്ട്. റോഡരികുകളിൽ കൂട്ടിയിട്ടിരിക്കുന്ന കുടിവെള്ള പൈപ്പുകളും പൈപ്പുകളിടുന്നതിനായി കുഴിക്കുന്ന ചാലുകളുമാണ് അവ. നാട്ടുകാർക്ക് കുടിവെള്ളം ലഭ്യമാക്കാൻ പരമാവധി കുടിവെള്ള വിതരണ പൈപ്പ് ലൈനുകൾ നാട്ടിലുടനീളം സ്ഥാപിക്കുക എന്നതാണ് കേരള സർക്കാരിന്റെ കാലങ്ങളായുള്ള പരിപാടികളിലൊന്ന്. കോടിക്കണക്കിനു രൂപ മുടക്കി, കിലോമീറ്ററുകളോളം ദൂരത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചാലുടനെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടു കഴിഞ്ഞുവെന്നാശ്വസിക്കുകയും കസേരയിലേക്ക് ചായുകയും ചെയ്യുന്നവരാണ് രാഷ്ട്രീയഭേദമേന്യ നമ്മുടെ ഭരണവർഗം. എവിടെ നിന്ന് ഈ കുടിവെള്ളം ലഭ്യമാകുമെന്നതിനെപ്പറ്റി അവർ പക്ഷേ ചിന്തിക്കാറേയില്ല. കുടിവെള്ളത്തിന്റെ ലഭ്യത കൂട്ടാൻ ജലസംരക്ഷണ മാർഗങ്ങളും ജലമാനേജ്മെന്റ് രീതികളും അവലംബിക്കുന്നതിനു പകരം നാടുനീളെ പൈപ്പ് ലൈനുകളിട്ട് കേരളാ വാട്ടർ അതോറിട്ടിയുടെ കടക്കെണിയുടെ ആഴം അടിക്കടി വർധിപ്പിക്കാനാണ് എല്ലാ ഭരണക്കാർക്കും താൽപര്യം.
ഈ കണക്കുകളൊന്ന് പരിശോധിക്കൂ. 2016-17ലെ കേരളാ ബജറ്റിൽ 2064 കോടി രൂപയാണ് പ്രതിവർഷം 386 കോടി രൂപയിലധികം നഷ്ടമുണ്ടാക്കുന്ന കേരളാ വാട്ടർ അതോറിട്ടിയ്ക്കായി മാറ്റിവച്ചത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ, മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കടക്കെണിയിൽ നിന്നും രക്ഷപ്പെട്ട്, കാര്യക്ഷമത കൈവരിക്കണമെന്നാണ് തുക അനുവദിച്ചുകൊണ്ട് അന്ന് ധനമന്ത്രി തോമസ് ഐസക് അതോറിട്ടിയോട് ആവശ്യപ്പെട്ടത്. അതോറിട്ടിക്ക് രക്ഷപ്പെടാൻ നൽകുന്ന അവസാനത്തെ ചാൻസാണിതത്രേ! പക്ഷേ എങ്ങനെ രക്ഷപ്പെടണമെന്നു മാത്രം ആരും പറയുന്നില്ലെന്നു മാത്രം. ജലശുദ്ധീകരണവും വിതരണവും എങ്ങനെയാണ് സർക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കുന്നതെന്ന് പരിശോധിക്കാം. 1000 ലിറ്റർ വെള്ളം ശുദ്ധീകരിച്ച്, വിതരണം ചെയ്യാൻ കേരള വാട്ടർ അതോറിട്ടി ചെലവാക്കുന്നത് 25.47 രൂപയാണെങ്കിൽ ആ വെള്ളം ഉപഭോക്താവിന് എത്തിച്ചുനൽകുന്പോൾ തിരികെ കിട്ടുന്ന വരുമാനം കിലോലിറ്ററിന് കേവലം 10.75 രൂപ മാത്രമാണ്. ഇതിനു പുറമേയാണ് കുടിവെള്ള മോഷണവും ലീക്കുള്ള പൈപ്പുകളുണ്ടാക്കുന്ന ജലവിതരണത്തിലെ ഭീമൻ നഷ്ടവും. സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള കണക്കുകൾ വച്ച് കേരള വാട്ടർ അതോറിട്ടിയുടെ പ്രതിവർഷ ചെലവ് 1280 കോടി രൂപയാണ്. കുടിവെള്ള വിൽപനയിലൂടെ ലഭിക്കുന്നത് 554 കോടി രൂപ. സർക്കാരിൽ നിന്നും അതോറിട്ടിക്ക് നൽകുന്ന നോൺ പ്ലാൻ ഗ്രാന്റ് 335 കോടി രൂപ. അങ്ങനെ നോക്കുന്പോൾ ഒരു വർഷം അതോറിട്ടിക്കുണ്ടാകുന്ന മൊത്തം നഷ്ടം 386 കോടി രൂപ. കേരള വാട്ടർ അതോറിട്ടി കെഎസ്ആർ ടിയെപ്പോലെ ഭീമമായ കടക്കെണിയിലേക്ക് പോകാതിരിക്കാൻ പുതിയ ആശയങ്ങൾ ആവിഷ്കരിക്കാനും അവയെ പ്രയോഗികതലത്തിലേക്കെത്തിക്കാനും കേരള സ്റ്റാർട്ട്അപ്പ് മിഷനുമായി ചേർന്ന് ഒരു വാട്ടർ അതോറിട്ടി ഇന്നവേഷൻ സോണിന് രൂപം നൽകുമെന്നാണ് കഴിഞ്ഞ ബജറ്റിൽ ഐസക് പ്രഖ്യാപിച്ചത്. കുടിവെള്ളം പാഴായിപ്പോകുന്നത് തടയാൻ പഴയ പൈപ്പ് ലൈനുകൾ മാറ്റി പുതിയത് സ്ഥാപിക്കുകയെന്ന രീതിയാണ് കാലങ്ങളായി അതോറിട്ടി ചെയ്യുന്ന ഒരേയൊരു പ്രതിരോധ മാർഗം.
അവിടെയാണ് യഥാർത്ഥ പ്രശ്നം കുടികൊള്ളുന്നത്. കുടിവെള്ള ക്ഷാമം തീർക്കാൻ വിതരണ ശൃംഖല കുടൂതൽ ശക്തിപ്പെടുത്തുകയെന്ന രീതി തന്നെ അപരിഷ്കൃതമാണ്. കൂടുതൽ പൈപ്പ് ലൈനുകളിടുന്പോൾ ആ പൈപ്പ് ലൈനുകളിൽ ലഭ്യമാകേണ്ട വെള്ളം എവിടെ നിന്നു വരും എന്ന് പലപ്പോഴും വാട്ടർ അതോറിട്ടി ചിന്തിക്കുന്നില്ല. സന്പന്നനായ വ്യക്തി കുടിവെള്ളം മുറ്റം നനയ്ക്കാനും കാറു കഴുകാനുമൊക്കെ ഉപയോഗിക്കുകയും അതിനുള്ള പണം നൽകുകയും ചെയ്യുന്പോൾ പക്ഷേ ആയിരക്കണക്കിന് സാധാരണക്കാരായ മനുഷ്യർ കാറ്റ് മാത്രം വരുന്ന കുടിവെള്ള പൈപ്പുകൾക്കു മുന്നിൽ മണിക്കൂറുകളോളം കാത്തുനിൽക്കുകയാണെന്നതാണ് വാസ്തവം. സംസ്ഥാന സർക്കാർ ജലമാനേജ്മെന്റിന്റെ കാര്യത്തിലും ജലസംരക്ഷണ കാര്യത്തിലും തികഞ്ഞ പരാജയമാണെന്നതിന്റെ സൂചനകളാണ് അവ നൽകുന്നത്. വാട്ടർ അതോറിട്ടിക്ക് കോടികളുടെ സഹായം നൽകിക്കൊണ്ടു മാത്രം ജലസംരക്ഷണം സാധ്യമാക്കാനാകാമെന്ന ധനമന്ത്രിയുടെ നീക്കം ഉട്ടോപ്യയിലെ രാജാക്കന്മാർക്ക് മാത്രം ചിന്തിക്കാനാകുന്നവിധം മൂഢത്തം നിറഞ്ഞതാണ്. റവന്യൂ, കൃഷി, വനം, വ്യവസായം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നീ വകുപ്പുകളെയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ശക്തമായ ഒരു ജല മാനേജ്മെന്റ് നയത്തിന് രൂപം നൽകാതിരുന്നാൽ കേരളം നാളെ ദാഹിച്ചുമരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ആർത്തി മൂത്ത് ഭ്രാന്തായവരുടെ നാടാണ് കേരളം. ആ ഭ്രാന്ത് ഇല്ലാത്തവർ ഇന്ന് കേരളത്തിൽ ഒരു ന്യൂനപക്ഷം മാത്രമാണ്. ഭൂമിയോടും പണത്തിനോടുമുള്ള ആർത്തി മൂലം ഭ്രാന്തുപിടിച്ച ആ ജനത കാട്ടിക്കൂന്നതെന്തൊക്കെയാണെന്ന് നോക്കൂ. ഭൂമിയിലെ അവസാന ജനകണികയും ഇല്ലാതാക്കുന്ന മട്ടിലുള്ള പ്രവർത്തനങ്ങളിലാണ് ആ ഭ്രാന്തർ ഇന്ന് ഏർപ്പെട്ടിരിക്കുന്നത്. ഒരിടത്ത് വയൽ നികത്തുന്പോൾ മറ്റൊരിടത്ത് കുന്നിടിക്കുന്നു. ഒരിടത്ത് മണലൂറ്റുന്പോൾ മറ്റൊരിടത്ത് തണ്ണീർത്തടങ്ങൾ നികത്തപ്പെടുന്നു. ജലാശയങ്ങളിൽ തോമസ് ചാണ്ടിമാർ കൈയേറ്റം നടത്തുന്പോൾ രാഷ്ട്രീയ ഒത്താശയോടെ വയലുകൾ ഇഷ്ടികക്കളങ്ങളായി മാറുന്നു. പൈപ്പ് വെള്ളം കിട്ടുന്ന സ്ഥലങ്ങളിൽ കിണറുകളും കുളങ്ങളും സംരക്ഷിക്കപ്പെടാതെ, നാശോന്മുഖമായി കിടക്കുന്നു. വ്യവസായ ശാലകൾ പുഴകളെ മലീനീകരിക്കുകയും തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വൻതോതിൽ പുഴ ജലം ഉപയോഗിക്കുകയും ചെയ്യുന്പോൾ മറ്റൊരിടത്ത് ഭൂഗർഭജലം അമിതമായി വ്യവസായിക ആവശ്യത്തിനും കാർഷികാവശ്യത്തിനുമായി ചൂഷണം ചെയ്യപ്പെടുന്നു. വനം കൈയേറ്റവും വനനശീകരണവും ഒരിടത്ത് തകൃതിയായി നടക്കുന്പോൾ പുഴകളും തോടുകളും നീരുറവകളും പാടെ നശിപ്പിക്കപ്പെടുന്നു. ജലദുർവിനിയോഗവും പാഴാക്കലും അമിത ഉപയോഗവും ഒരു നിയന്ത്രണങ്ങളുമില്ലാതെ ചിലർ നടത്തുന്പോൾ കിണറുകളും ജലാശയങ്ങളും റീചാർജ്ജിങ് നടത്തുന്നതിനുള്ള നീക്കങ്ങൾ ഇഴഞ്ഞു നീങ്ങുന്നു. അത്തരമൊരവസ്ഥയിലാണ് നമ്മൾ കൂടുതൽ കൂടുതൽ പൈപ്പ് ലൈനുകളിട്ട്, കിട്ടാത്ത ജലം ഒഴുക്കാൻ ജലവിതരണ പദ്ധതിയുമായി മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്നത്!
ഫെബ്രുവരിയുടെ അവസാന ആഴ്ചയായപ്പോഴേയ്ക്കും പൊള്ളുന്ന വേനലിലേക്ക് കേരളം കടന്നുകഴിഞ്ഞിരിക്കുന്നു. കോൺക്രീറ്റ് നഗരം ചുട്ടുപൊള്ളാൻ തുടങ്ങിയിരിക്കുന്നു. ഗ്രാമങ്ങളുടെ അവസ്ഥയും ഭിന്നമല്ല. എത്രയെത്ര മരങ്ങളാണ് വലിയ വീടുകൾക്കായി അറുത്തുമാറ്റപ്പെട്ടത്. പൂർവികർ എത്ര കരുതലോടെയാണ് ജലമെന്ന അമൂല്യ പ്രകൃതി വിഭവത്തെ കാത്തുസൂക്ഷിച്ചതെന്ന് ഓർത്തുനോക്കൂ. ഇന്നത്തെപ്പോലെ അനാവശ്യമായി ജലം ചെലവഴിക്കുന്ന രീതി അന്നുണ്ടായിരുന്നില്ല. ടാപ്പുകൾ തുറന്നിട്ട് ധാരയായി ജലം വെറുതെ ഒഴുകിപ്പോകുമായിരുന്നില്ല. കിണ്ടിയിലേയും മൊന്തയിലേയും ജലമാണ് അവരുടെ ദാഹമകറ്റിയിരുന്നത്. കിണറുകൾ ശുചിയാക്കി സൂക്ഷിക്കുകയും അതിനരുകിൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്യുമായിരുന്നു. സമൃദ്ധമായി ഒഴുകിയിരുന്ന തോടുകളുടെ കരയിൽ കൈതച്ചെടികൾ വച്ചുപിടിപ്പിക്കുമായിരുന്നു. മഴവെള്ളം തോടുകളിലേക്കും കുളങ്ങളിലേക്കും ഒഴുകിയിറങ്ങാൻ ചാലുകൾ നിർമ്മിച്ചിരുന്നു. മഴയെ പ്രണയം പോലെ കൊണ്ടുനടന്നിരുന്നവരാണവർ. മുറ്റത്ത് മഴ പെയ്യുന്പോൾ ആ ജലം മണ്ണിൽ താഴുന്നതു കണ്ട് സന്തോഷിച്ചിരുന്നവരാണവർ. തങ്ങൾ മാത്രമല്ല ഈ ഭൂമിയുടെ അവകാശികളെന്നും കിളികളും വവ്വാലും അണ്ണാരക്കണ്ണനുമൊക്കെയുള്ളതാണ് ഈ ഭൂമിയെന്നും വിശ്വസിച്ചിരുന്നവരാണവർ. ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും വേണ്ട ജലത്തെപ്പറ്റി അവർ ചിന്തിക്കുകയും അത് സംരക്ഷിക്കാൻ വേണ്ട പ്രവൃത്തികളിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
കുപ്പിവെള്ളത്തിന്റെ കാലത്തിരുന്ന്, കുടിവെള്ള സംരക്ഷണത്തിന്റെ പൂർവകഥ പറയുന്നത് ക്രൂരമായ ഒരു തമാശയായി തോന്നിയേക്കാം. കടൽ മുഴുവൻ ജലമല്ലേ, ഡീസാലിനേഷൻ ചെയ്ത് എല്ലാവരും അതുപയോഗിച്ചുകൊള്ളുമെന്നു പറഞ്ഞ് ആശ്വസിക്കുന്ന ഒരു കൂട്ടർ ഇവിടെയുണ്ട്. പരന്പരാഗത കുടിവെള്ള സ്രോതസ്സുകളെപ്പോലും കൊന്നുമുടിച്ച്, കോൺക്രീറ്റ് കൂടാരങ്ങൾ കെട്ടിപ്പൊക്കുന്ന ഇത്തരത്തിലുള്ള ആർത്തിപ്പണ്ടാരങ്ങളുടെ നാടായി കേരളം ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. ഭൂമിൽ ലഭ്യമായിരിക്കുന്ന ജലത്തിന്റെ 97.5 ശതമാനവും ഉപ്പുവെള്ളമാണെന്നും 1.78 ശതമാനം മഞ്ഞുപാളികളായും ഭൂഗർഭജലമായും നിലകൊള്ളുകയാണെന്നും അവശേഷിക്കുന്ന 2.5 ശതമാനത്തിന്റെ 0.3 ശതമാനം മാത്രമാണ് ജീവജാലങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നതെന്നും മനസ്സിലാക്കാതെയാണ് ഈ ജലചൂഷണം തുടരുന്നത്. അവരുടെ കണ്ണിൽ മനുഷ്യൻ മാത്രമേയുള്ളു. മരങ്ങളില്ല, കിളികളില്ല, പശുക്കളില്ല, മറ്റൊരു ജീവജാലങ്ങളുമില്ല. ജലമില്ലാതായാൽ കാടുകൾ ഇല്ലാതാകും, ജീവജാലങ്ങൾ നശിക്കും. കൃഷി ഇല്ലാതാകും, ഭക്ഷണമില്ലാതെ മനുഷ്യർ കൊട്ടിപ്പൊക്കിയ സൗധങ്ങൾക്കുള്ളിൽ കുടിവെള്ളം പോലുമില്ലാതെ കോൺസൻട്രേഷൻ ക്യാന്പുകളിലെന്നപോലെ ഒന്നൊന്നായി മരിച്ചു വീഴും. ഇത് ഒരു സാങ്കൽപിക കഥയല്ല. ജനസംഖ്യ ലോകത്ത് പ്രതിവർഷം ഒന്പതു കോടിയോളം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ കുടിവെള്ളം ഏറ്റവും വലിയ ഒരു ആഢംബരമായി മാറാൻ ഇനി പരമാവധി പത്തോ പതിനഞ്ചോ വർഷങ്ങളേയെടുക്കൂ. ഒരിറ്റു വെള്ളത്തിനായി പരസ്പരം തമ്മിലടിക്കുകയും കൊലപാതകങ്ങളിലേക്കും യുദ്ധങ്ങളിലേക്കും മനുഷ്യരേയും ലോകത്തേയും കൊണ്ടെത്തിക്കാൻ പോകുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്. അതിന്റെ സൂചനകൾ കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ആരംഭിച്ചതാണല്ലോ. നദികൾക്കുമേലുള്ള അവകാശങ്ങളെച്ചൊല്ലി സംസ്ഥാനങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലുമുള്ള തർക്കങ്ങൾ നാം വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നതാണല്ലോ.
കേരളത്തിന്റെ അവസ്ഥയിലേക്ക് നമുക്ക് തിരിച്ചുവരാം. കേരളത്തിൽ പ്രതിവർഷം ശരാശരി 3107 എംഎം മഴ ലഭിക്കുന്പോൾ രാജസ്ഥാനിൽ 200 എം എം മഴ മാത്രമേ ശരാശരി ലഭിക്കുന്നുള്ളു. ഇത്രയും വലിയ വ്യത്യാസം മഴ വിഷയത്തിലുണ്ടെങ്കിലും രാജസ്ഥാൻ ശരിയായ ജല മാനേജ്മെന്റിലൂടെ വരൾച്ചയെ തങ്ങളാലുന്നവിധം നേരിടുന്നുണ്ടെന്നതാണ് സത്യം. ജലസംരക്ഷണത്തിന് പുരാതന കാലം മുതൽക്കേ, അവർ വൈവിധ്യങ്ങളായ എത്രയോ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് അവിടം സന്ദർശിക്കുന്നവർക്ക് ബോധ്യപ്പെടും. കേരളത്തിലെ പഴമക്കാരും എത്രയോ ജലസംരക്ഷണ രീതികൾ പുരാതന കാലം മുതൽക്കേ പിന്തുടർന്നു പോന്നതാണ്. വലിയ കുളങ്ങളും തണ്ണീർത്തടങ്ങളും വയലുകളുമെല്ലാം ജലസംഭരണികളാണെന്നും ഭൂഗർഭ ജലവിതാനം താഴാതിരിക്കാൻ വനങ്ങളും കാവുകളും മരങ്ങളുമൊക്കെ ആവശ്യമാണെന്നും അവർ തിരിച്ചറിഞ്ഞിരുന്നു. കുന്നുകൾ ഇടിക്കാതെയും മണലൂറ്റി പുഴ നശിപ്പിക്കാതെയും അവർ അത് നിലനിർത്തി. പക്ഷേ പൈപ്പിലൂടെയുള്ള കുടിവെള്ളത്തിന്റെ വരവോടെ അവയൊക്കെ ജനം മറന്നു. പുഴയിൽ എന്നും ജലമുണ്ടാകുമെന്നുള്ള അബദ്ധചിന്തയിൽ ജീവിക്കുകയാണ് ഓരോ നിമിഷവും പ്രകൃതിയെ കൂടുതൽ കൂടുതൽ ചൂഷണം ചെയ്ത് സർവ്വനാശത്തിലേക്ക് നീങ്ങുന്ന നമ്മൾ.
മഴയായി പെയ്യുന്ന ജലവും നദികളും അരുവികളും തടാകങ്ങളുമായുള്ള ഉപരിതല ജലവും ഭൂഗർഭജലവും മാത്രമേയുള്ളു നമ്മുടെ വരുംകാല ഉപയോഗത്തിനായെന്ന് തിരിച്ചറിയുന്നതിൽ നാം ഇപ്പോൾ തന്നെ വൈകിപ്പോയിരിക്കുന്നു. ആഗോളതാപനത്തെ തുടർന്ന് കാലാവസ്ഥ വ്യതിയാനം സംഭവിച്ചത് നമ്മെ കടുത്ത വേനലിലേക്കും കുടിവെള്ള ക്ഷാമത്തിലേക്കുമൊക്കെ എത്തിച്ചിരിക്കുന്നു. മണലൂറ്റിലൂടെ നദികൾ മരിച്ചുകൊണ്ടിരിക്കുന്പോൾ ബോർവെല്ലിലൂടെ ഭൂഗർഭജലവും നാം ഊറ്റിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ 10 ശതമാനത്തോളം ഭൂമി ഉൾപ്പെടുന്ന തീരപ്രദേശങ്ങളിലാണ് ഇന്ന് ഭൂഗർഭജലത്തിന്റെ അമിതമായ ഉപയോഗം കാണപ്പെടുന്നത്. അമിതമായ ഈ ഉപയോഗം മൂലം ഭൂഗർഭജലം മലിനീകരിക്കപ്പെടാനും ഉപ്പുവെള്ളം കലരാനുമുള്ള സാധ്യത ഏറെയാണെന്നാണ് ജല ശാസ്ത്രജ്ഞർ പറയുന്നത്. അതവിടെ നിൽക്കട്ടെ, ആലപ്പുഴയിലെ കുട്ടനാട്ടിലെ വേന്പനാട്ടുകായലിനെ എങ്ങനെയാണ് ഹൗസ് ബോട്ടുകൾ മലീമസമാക്കുന്നതെന്നു നോക്കൂ. ഹൗസ് ബോട്ടിലെ കക്കൂസുകളിൽ നിന്നുള്ള മാലിന്യം സംസ്കരിക്കുന്നതിനായി പ്ലാന്റ് നിർമ്മിച്ചിട്ടുണ്ടെങ്കിലും മൂന്നിലൊന്ന് ഹൗസ് ബോട്ടുകൾ പോലും അവിടെ മാലിന്യനിർമ്മാർജനത്തിനായി എത്തുന്നില്ല. അതിനർത്ഥം ഈ ഹൗസ് ബോട്ടുകൾ ഈ മാലിന്യങ്ങൾ മുഴുവനും ശുദ്ധജല താടകത്തിലേക്ക് തള്ളുകയാണെന്നാണ്. ആ പ്രദേശത്ത് ഇപ്പോൾ പകർച്ചവ്യാധികൾ കൂടുതലായി ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ഈ മലിനജലമാണ്. ഇനിയും ശക്തമായ നടപടികൾ സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കാത്തപക്ഷം വേന്പനാട്ടു കായലിന്റെ പരിസരവാസികളും മറ്റുള്ളവരും കടുത്ത ജലക്ഷാമത്തെ അഭിമുഖീകരിക്കേണ്ടി വരും.
നമുക്ക് കിട്ടുന്ന ജലം എത്രത്തോളം ശുദ്ധമാണെന്നറിയുന്നതിന് ചില മാനദണ്ധങ്ങളുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിസ്)കുടിവെള്ള മാനദണ്ധങ്ങൾ എന്തൊക്കെയാണെന്നു നോക്കാം. ഇ കോളി ബാക്ടീരിയ അൽപം പോലും പാടില്ലെന്നും അരുചിയോ ദുർഗന്ധമോ വെള്ളത്തിനുണ്ടാകരുതെന്നും ഇരുന്പ്, ക്ലോറൈഡ്, ഫ്ളൂറൈഡ്, നൈട്രേറ്റ്, കാത്സ്യം, മഗ്നീഷ്യം, ആർസെനിക്, ലെഡ്, മെർക്കുറി, കോളിഫോം ബാക്ടീരിയ, ഖരപദാർത്ഥങ്ങൾ, പിഎച്ച്, നിറം, കലക്കൽ എന്നിവ നിശ്ചിത പരിധിക്കുള്ളിലായിരിക്കണമെന്നും ബിസ് നിർദ്ദേശിക്കുന്നു. പക്ഷേ ഇന്ന് കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ലഭിക്കുന്ന കുടിവെള്ളത്തിൽ 20 ശതമാനം പോലും ഈ മാനദണ്ധങ്ങൾ പാലിക്കുന്നില്ലെന്നതാണ് വാസ്തവം. കോളറയും ടൈഫോയിഡും മഞ്ഞപ്പിത്തവും പോളിയോയും വയറിളക്കവും കുടൽരോഗങ്ങളുമെല്ലാം കേരളത്തിൽ വർധിച്ചുവരുന്നതിനു കാരണം ഈ മലിനജലത്തിന്റെ ഉപയോഗമാണെന്ന് ആർക്കാണറിയാത്തത്? ഫാക്ടറി മാലിന്യങ്ങൾ തൊട്ട് കക്കൂസ് മാലിന്യം വരെ ഒഴുക്കിക്കളയാനുള്ള ഇടമായി നമ്മുടെ ജല സ്രോതസ്സുകൾ മാറിയതാണ് ഈ ദുരവസ്ഥയെ കൂടുതൽ രൂക്ഷമാക്കിയത്. പാടങ്ങളിലുള്ള രാസകീടനാശിനി പ്രയോഗം മൂലം മഴക്കാലത്ത് ആ രാസവസ്തുക്കൾ ജലസ്രോതസ്സുകളിലെത്തപ്പെടാനുമിടയാക്കുന്നു. ചുറ്റുമതിലില്ലാത്ത കിണറുകൾ കൂടിയുണ്ടെങ്കിൽ ഈ മലിനീകരണം അതിവേഗം ജനജീവിതങ്ങളെ ബാധിക്കുകയും ചെയ്യും.
കുടിവെള്ള പൈപ്പുകളിട്ടുകൊണ്ട് ജലലഭ്യത സൃഷ്ടിക്കാമെന്ന സർക്കാരിന്റെ മൂഢത്തം വെളിവാക്കാനാണ് ഇത്രയും പറഞ്ഞത്. ജലസംരക്ഷണത്തിനായുള്ള ഒരു സാമൂഹ്യബോധം രൂപപ്പെടുത്താനാണ് സർക്കാർ ആദ്യം ശ്രമിക്കേണ്ടത്. പരിസ്ഥിതിയും വെള്ളവും മലിനമാക്കാതെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്ന് സമൂഹത്തെ ബോധവൽക്കരിച്ചില്ലെങ്കിൽ, സ്വാർത്ഥലാഭത്തിനായുള്ള പ്രകൃതി ചൂഷണം അവസാനിപ്പിച്ചില്ലെങ്കിൽ നാളെ കേരളം ചുട്ടുപൊള്ളും, ദാഹജലമില്ലാതെ മനുഷ്യർ വെന്തുരുകും. ജലത്തിന്റെ പേരിൽ കലാപങ്ങൾ വരെ പൊട്ടിപ്പുറപ്പെടും. ജലമാനേജ്മെന്റ് നടപ്പാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പലതും ചെയ്യാനാകും. ദീർഘവീക്ഷണത്തോടെ ഒരു സമഗ്ര കുടിവെള്ള സംരക്ഷണ പരിപാലന പദ്ധതി തയാറാക്കുകയാണ് അതിന്റെ കാതൽ. നമ്മുടെ പരന്പരാഗത ജലസ്രോതസ്സുകൾ സംരക്ഷിക്കാനും കിണറുകളും കുളങ്ങളും നവീകരിക്കാനും പുതിയവ നിർമ്മിക്കാനും കുടിവെള്ളത്തിലേക്ക് മാലിന്യങ്ങൾ കലരുന്ന അവസ്ഥ ഒഴിവാക്കാനും സംവിധാനങ്ങൾ അവർ ഉണ്ടാക്കണം. പ്രദേശത്തെ ജലസന്പത്തിന് ഹാനികരമാകുന്ന ഏതൊരു പ്രവൃത്തിയും നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും അവ നിർത്തിവയ്പിക്കുകയും ചെയ്യുക. മഴവെള്ള സംഭരണത്തിനും കിണറുകളുടെ റീചാർജ്ജിങ്ങിനും നാട്ടുകാരെ പ്രേരിപ്പിക്കുന്നതിനു പുറമേ, ജലസംരക്ഷണത്തിന് സഹായകരമായ കൃഷികളും കൃഷിരീതികളും പ്രോത്സാഹിപ്പിക്കുക, കുടിവെള്ള പരിശോധന കാലാകാലങ്ങളിൽ നടത്തുകയും ശുദ്ധജലമാണ് കിണറുകളിലുള്ളതെന്ന് ഉറപ്പാക്കുകയും ചെയ്യുക, മഴക്കുഴികൾ നിർമ്മിക്കാനും മുറ്റം കോൺക്രീറ്റ് ചെയ്യാതിരിക്കാനും നാട്ടുകാർക്ക് നിർദ്ദേശം നൽകുക, പുരയിടത്തിൽ വീഴുന്ന ജലം ഒഴുകിപ്പോകാതെ അവിടെ തന്നെ ഇറങ്ങാൻ തടകൾ വെയ്ക്കുക. ഇത്തരം കാര്യങ്ങളിലെല്ലാം സാമൂഹ്യമായ മേൽനോട്ടവും നിയന്ത്രണവും ഇടപെടലും നടത്താൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ശ്രദ്ധിച്ചാൽ തന്നെയും ജലപരിപാലനവും സംരക്ഷണവും സാധ്യമാക്കാൻ നമുക്കാവും. പൈപ്പിട്ട് കോടികൾ മുടിക്കുന്ന സർക്കാരുകൾ പ്രാഥമികമായ, പരന്പരാഗതമായ ഈ അറിവുകളിലേക്കാണ് കണ്ണുനടേണ്ടത്. ഇന്നവേഷനും ഐഡിയയും സ്റ്റാർട്ടപ്പുമൊക്കെ നല്ല പദപ്രയോഗങ്ങളായിരിക്കാം. പക്ഷേ പ്രകൃതിയിലേക്കുള്ള മടക്കം മാത്രമേ ജലം ഭാവി തലമുറയ്ക്കായി ഉറപ്പാക്കുകയുള്ളു. ഒരു തുള്ളി വെള്ളത്തിനായി രക്തം ചീന്തുന്ന ആ കാലത്തെ നമ്മൾ തടയിടേണ്ടതില്ലേ? നമ്മുടെ കുഞ്ഞുങ്ങൾ തൊണ്ട വരണ്ട് മരിക്കാതിരിക്കേണ്ട?