ഇന്ത്യ വൈദ്യുതിയിൽ ചലിക്കുന്പോൾ!
ജെ. ബിന്ദുരാജ്
പ്രതിദിനം 9.5 കോടി ബാരൽ പെട്രോളിയം അഥവാ ക്രൂഡ് ഓയിലാണ് ലോകം വിവിധ ആവശ്യങ്ങൾക്കായി വിവിധ ഉൽപ്പന്നങ്ങളാക്കി മാറ്റി ഉപയോഗിക്കുന്നത്. പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങി വിമാന ഇന്ധനത്തിന് വരെ പെട്രോളിയത്തിൽ നിന്നും വിവിധ താപനിലകളിൽ വേർതിരിക്കുന്ന ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. നാലാം നൂറ്റാണ്ട് മുതൽ ചൈനക്കാർ ഇന്ധനമായി ഉപയോഗിക്കുന്നുണ്ടെങ്കിലും വ്യവസായവൽക്കരണവും വാഹനങ്ങളുടെ ഉപയോഗവും വർധിച്ചതോടെയാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുതിച്ചുകയറിയത്. വികസിത രാജ്യങ്ങളാണ് എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ. ലോകത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന എണ്ണയുടെ 21 ശതമാനവും ഉപയോഗിക്കുന്നത് അമേരിക്കയാണ്. രണ്ടാം സഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് ജപ്പാനും നാലാം സ്ഥാനത്ത് ഇന്ത്യയും അഞ്ചാം സ്ഥാനത്ത് റഷ്യയും ആറാം സ്ഥാനത്ത് സൗദി അറേബ്യയുമാണ്. സൗദി അറേബ്യ, റഷ്യ, ഇറാൻ, യുഎഇ, കുവൈറ്റ്, നൈജീരിയ, ഇറാഖ്, അംഗോള, നോർവേ, വെനിൻസുല എന്നിവയാണ് പ്രധാനപ്പെട്ട എണ്ണ കയറ്റുമതി രാജ്യങ്ങളെങ്കിൽ അമേരിക്ക, ചൈന, ജപ്പാൻ, ഇന്ത്യ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനപ്പെട്ട എണ്ണ ഇറക്കുമതിക്കാർ. 203 മെട്രിക് ടൺ ക്രൂഡ് ഓയിലാണ് ഇന്ത്യ 2016ൽ ഇറക്കുമതി ചെയ്തത്.
നിലവിൽ ഇന്ത്യയിലെ പ്രതിവർഷ ക്രൂഡ് ഓയിൽ ഉപഭോഗം 233 മില്യൺ മെട്രിക് ടൺ (എംഎംടി) ആണെങ്കിലും ഇന്ത്യയിലെ ക്രൂഡ് ഓയിൽ ഉൽപ്പാദനം 36.95 മെട്രിക് ടൺ മാത്രമാണ്. 2016ലെ കണക്കുകൾ പ്രകാരം ഇന്ത്യയ്ക്ക് മൊത്തം 62 കോടി ടൺ ഓയിൽ റിസർവാണ് ഉള്ളത്. പടിഞ്ഞാറൻ ഓഫ്‌ഷോറിലും അസമിലുമാണ് ഇതിന്റെ ഭൂരിഭാഗവും. രാജ്യത്ത് മൊത്തമുള്ള എണ്ണശുദ്ധീകരണശാലകൾ 23 ആണ്. പതിനെട്ട് എണ്ണം സർക്കാരിന്റേതും മൂന്നെണ്ണം സ്വകാര്യ സംരംഭകരുടേയും രണ്ടെണ്ണം സർക്കാർ സ്വകാര്യ സംയുക്ത സംരംഭങ്ങളുമാണ്. 230 എംഎംടി എണ്ണ ശുദ്ധീകരിക്കാനുള്ള ശേഷി ഇന്ന് ഇന്ത്യൻ റിഫൈനറികൾക്കുണ്ട്. ഈ റിഫൈനറികളിൽ പെട്രോൾ, ഡീസൽ പോലുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്പോൾ ഉയർന്ന കലോറിയുള്ള പെറ്റ് കോക്ക് എന്ന ഖര ഇന്ധനം ഉൽപ്പാദിക്കപ്പെടുന്നുണ്ടെങ്കിലും ഈ ഇന്ധനം വികസിതരാജ്യങ്ങളിൽ നിരോധിക്കപ്പെട്ടിരിക്കുന്നതിനാൽ ഇന്ത്യയിൽ അത് പ്രധാനമായും ഷിപ്പിങ്ങിനാവശ്യമായ ദ്രാവക ഇന്ധനം ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. എന്നാൽ 2020ഓടെ കപ്പലുകളിൽ ഇത്തരത്തിലുള്ള ഉയർന്ന സൾഫർ സാന്നിധ്യമുള്ള ഇന്ധനം ഉപയോഗിക്കരുതെന്ന് ഇന്റർനാഷണൽ കൺവെൻഷൻ ഫോർ പ്രിവെൻഷൻ ഓഫ് പൊല്യൂഷൻ ഫ്രം ഷിപ്‌സ് (മാർപോൾ) തീരുമാനമെടുത്തതിനാൽ ഇന്ത്യയ്ക്ക് ഇനി ഇത് ഷിപ്പിംഗ് ഇന്ധനമായി ഉപയോഗിക്കാനാവില്ല. എന്നാൽ കഴിഞ്ഞയാഴ്ച കേന്ദ്ര പെട്രോളിയം വകുപ്പു മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ചില പ്രസ്താവനകൾ നടത്തിയത് കൗതുകകരമായി തോന്നി. ഇന്ത്യയുടെ നിലവിലെ എണ്ണശുദ്ധീകരണശേഷി 230 എംഎംടിയാണെങ്കിൽ അത് 600 എംഎംടിയാക്കി വരുംവർഷങ്ങളിൽ തന്നെ മാറ്റുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ലോകം ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ഇലക്ട്രിക് പാതയിലേക്കും സൗരോർജ പാതയിലേക്കുമൊക്കെ നീങ്ങുന്ന സമയത്താണ് യാതൊരു ദിശാബോധവുമില്ലാത്ത ഒരു മന്ത്രി എണ്ണശുദ്ധീകരണശേഷി വർധിപ്പിക്കുമെന്ന പഴഞ്ചൻ സിദ്ധാന്തം പൊടി തട്ടിയെടുത്തിരിക്കുന്നത്. മന്ത്രിയുടെ ഈ പ്രസ്താവനയുടെ മടയത്തം കേന്ദ്ര മന്ത്രിസഭയിലെ മറ്റു മന്ത്രിമാർക്കു പോലും ബോധ്യപ്പെടുന്ന ഒന്നാണെന്നതാണ് വാസ്തവം. 2022ഓടെ ഡീസൽ തീവണ്ടികൾ പൂർണമായും ഒഴിവാക്കി ഇന്ത്യൻ റെയിൽവേ മുഴുവനും വൈദ്യുതീകരിക്കുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയലും 2030ഓടെ ഇന്ത്യൻ നിരത്തുകളിൽ നിന്നും പെട്രോൾ, ഡീസൽ കാറുകൾ മുഴുവനും ഒഴിവാക്കി ഇലക്ട്രിക് കാറുകൾ കൊണ്ടുവരണമെന്ന് കാർ കന്പനികൾക്ക് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി നിർദ്ദേശം നൽകിയതൊന്നും പാവം ധർമ്മേന്ദ്ര പ്രധാൻ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ കന്പനികളുടെ സഹകരണത്തോടെ 60 മെട്രിക് ടൺ എണ്ണ ശുദ്ധീകരിക്കാനാകുന്ന പുതിയ പ്ലാന്റ് നിർമ്മിക്കാനാണ് ഭൂതകാലത്തിൽ ജീവിക്കുന്ന ഈ മന്ത്രി പദ്ധതിയിട്ടിരിക്കുന്നത്.
ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ടെന്നും അതിനാൽ ഈ പ്ലാന്റ് വരുന്നതിലൂടെ ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കാനാകുമെന്നുമൊക്കെ ഈ മന്ത്രി വാദത്തിനു വേണ്ടി പറഞ്ഞേക്കാം. കാരണം അദ്ദേഹത്തിനു മുന്നിലുള്ളത് നിലവിലുള്ള എണ്ണശുദ്ധീകരണശാലകൾ വിവിധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു നേടുന്ന സന്പത്തിന്റെ കണക്കുകൾ മാത്രമാണ്. റിലയൻസും എസ്സാറുമൊക്കെ വാരിക്കൂട്ടുന്ന വിദേശനാണ്യത്തിന്റെ കണക്കുകളും മന്ത്രിയുടെ കണ്ണുതള്ളിച്ചിട്ടുണ്ടാകാം. എന്നാൽ അടുത്ത ദശാബ്ദത്തിന്റെ മധ്യത്തിലെത്തും മുന്പു തന്നെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ലോകത്ത് വൻതോതിൽ വെട്ടിക്കുറയ്ക്കപ്പെടുമെന്നും എണ്ണയുടെ ഉപയോഗം കുറയുമെന്നും എണ്ണയെ ആശ്രയിച്ച് നിലകൊള്ളുന്ന സന്പദ് വ്യവസ്ഥയുള്ള രാജ്യങ്ങൾ മറ്റു മാർഗങ്ങളിലേക്ക് തിരിയേണ്ടി വരുമെന്നുമുള്ളത് ഒരു യാഥാർത്ഥ്യമാണ്. എണ്ണ വില കുറഞ്ഞതും കയറ്റുമതി കുറഞ്ഞതും ഗൾഫ് രാജ്യങ്ങളിൽ സാന്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നത് നാം ഇന്ന് നേരിട്ടറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. എണ്ണയുടെ ആവശ്യകത കുറഞ്ഞാൽ തന്നെയും ബാക്കിയാകുന്ന എണ്ണ മറ്റ് പെട്രോകെമിക്കലുകളാക്കി മാറ്റാമെന്നും വിപണനം ചെയ്യാമെന്നുമാണ് പല രാജ്യങ്ങളും കരുതുന്നത്. പക്ഷേ ശുദ്ധീകരിക്കപ്പെട്ട എണ്ണയുടെ ഒരു ഭാഗം മാത്രമേ അത്തരത്തിൽ പെട്രോകെമിക്കലുകളായി മാറ്റാനാകുകയുള്ളുവെന്നും ബാക്കിയുള്ളവ അത്തരത്തിൽ മാറ്റുന്നതിന് വൻ തുക ചെലവഴിക്കേണ്ടി വരുമെന്നുമെന്നതാണ് വാസ്തവം. അങ്ങനെ വരുന്പോൾ ലോകത്തെ പല എണ്ണശുദ്ധീകരണശാലകളും 2026നു മുന്പായി തന്നെ അടച്ചുപൂട്ടൽ ഭീഷണി നേരിടുമെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ടു തന്നെ പുതിയ റിഫൈനറികൾ സ്ഥാപിക്കുന്നതിനേക്കാൾ മെച്ചപ്പെട്ട കാര്യം ഇന്ത്യയ്ക്കാവശ്യമായ ഇന്ധനം പുറമേ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. അത് ഭാരിച്ച മുടക്കുമുതൽ ഒഴിവാക്കുകയും റിഫൈനറികൾക്ക് മുതൽമുടക്കിയ ബാങ്കുകളെ കിട്ടാക്കടത്തിൽ നിന്നും രക്ഷിക്കുകയും ചെയ്യും.
വൈദ്യുതി കാറുകളുടേയും വാഹനങ്ങളുടേയും കാലമാണ് അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ലോകം കാണാൻ പോകുന്നത്. ഇലോൺ മസ്‌ക്കിന്റെ ടെസ്ല കന്പനി ഇക്കാര്യത്തിൽ ബഹുദൂരം മുന്നോട്ടുപോയിക്കഴിഞ്ഞിരിക്കുന്നു. ഇലക്ട്രിക് കാറുകൾക്കായി ചെലവു കുറഞ്ഞ ബാറ്ററികൾ നിർമ്മിക്കാൻ അമേരിക്കയിൽ ജിഗാ ഫാക്ടറിയെന്ന പേരിൽ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലുപ്പമുള്ള ഫാക്ടറി മസ്‌ക് നിർമ്മിച്ചു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞയാഴ്ച ടെസ്ല സെമി എന്ന പേരിൽ ഒറ്റ ചാർജിങ്ങിൽ 500 കിലോമീറ്റർ ദൂരം താണ്ടാനാകുന്ന ചരക്കു ട്രക്കുകളും വിപണിയിലിറക്കാനൊരുങ്ങുന്നു. ഒരു സാധാരണ ട്രക്ക് ഒരു വർഷം അഞ്ചു ലക്ഷം രൂപയുടെ ഇന്ധനമാണ് ഉപയോഗിക്കുന്നതെന്നിരിക്കേ, ഇലക്ട്രിക് ട്രക്കിന്റെ വരവ് ഈ ചെലവ് അതിന്റെ നാലിലൊന്നായി കുറയ്ക്കും. കിലോമീറ്ററിന് രണ്ട് കിലോവാട്ട് അവറിൽ താഴെ വൈദ്യുതി മാത്രമേ അതിനാകുന്നുള്ളു. ഇതിനു പുറമേ, ഹൈഡ്രോകാർബൺ കംബസ്റ്റിൻ എഞ്ചിനുകൾക്ക് മെയിന്റനൻസിന് ചെലവാകുന്ന തുകയുടെ കാൽഭാഗം പോലും ഇലക്ട്രിക് വാഹനങ്ങൾക്ക് ചെലവാകുന്നുമില്ല. ഇതിൽ ഉപയോഗിക്കുന്ന ബാറ്ററികൾക്ക് അരമണിക്കൂർ കൊണ്ട് 400 മൈൽ സഞ്ചരിക്കാനുള്ള വൈദ്യുതി ചാർജ് ചെയ്യാനാകുമെന്നും ടെസ്ല പറയുന്നു. ഇത് കാറുകളുടെ മാത്രം കാര്യമല്ല. വൈകാതെ തന്നെ വിമാനങ്ങളും കപ്പലുകളുമെല്ലാം ഇലക്ട്രിക് ബാറ്ററികൾ ഉപയോഗിച്ച് സഞ്ചരിക്കുന്ന കാലമാണ് വരാനിരിക്കുന്നത്. ബോയിങ്ങും ജെറ്റ് ബ്ലൂ എയർവേയ്‌സും 2022ഓടെ തന്നെ ചെറിയ ഹൈബ്രിഡ് ഇലക്ട്രിക് വിമാനങ്ങൾ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് വാർത്തകൾ. 2016ൽ സോളാർ ഇംപൾസ് 2 എന്ന പേരിലുള്ള സൗരോർജ വിമാനം ലോകത്തെ ചുറ്റിക്കറങ്ങിത്തിരിച്ചെത്തിയ വാർത്തകൾ വരാനിരിക്കുന്ന സോളാർ വിമാനവിപ്ലവത്തിന്റെ സൂചനകളാണ് നൽകുന്നത്. നാല് വൈദ്യുതമോട്ടോറുകളാണ് സോളാർ ഇംപൾസിൽ ഉപയോഗിച്ചിരുന്നത്. വിമാനത്തിന്റെ ചിറകുകളിലുള്ള സോളാർ സെല്ലുകളിൽ നിന്നും ഉൽപ്പാദിപ്പിച്ച വൈദ്യുതി ലിതിയം പോളിമർ ബാറ്ററികളിൽ ശേഖരിക്കുകയും അതുപയോഗിച്ച് പ്രൊപ്പല്ലറുകൾ പ്രവർത്തിപ്പിക്കുകയുമാണ് സോളാർ ഇംപൾസ് ചെയ്തത്. അബുദാബിയിൽ നിന്നും 2015 മാർച്ചിൽ പറക്കൽ ആരംഭിച്ച സോളാർ ഇംപൾസ് 2 ബാറ്ററി തകരാറിനെ തുടർന്ന് 2016 ഏപ്രിൽ വരെ ഹവായിയിൽ വിശ്രമിച്ചെങ്കിലും പിന്നീട് സ്‌പെയിനിലേക്കും തിരിച്ച് അബുദാബിയിലേക്കും യാത്ര ചെയ്ത് ലോകത്തെ അന്പരപ്പിച്ചു. അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസയും ഇലക്ട്രിക് വിമാനങ്ങളുടെ പണിപ്പുരയിലാണിപ്പോൾ. നിലവിൽ വലിയ ഭാരം കയറ്റാനാകുന്നതല്ല വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിമാനങ്ങൾ. പക്ഷേ അധികം വൈകാതെ തന്നെ അത്തരം വിമാനങ്ങൾ വിപണിയിലെത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. സാധാരണ വിമാനങ്ങളുണ്ടാക്കുന്ന ശബ്ദ വായു മലിനീകരണമൊന്നും തന്നെ വൈദ്യുത വിമാനങ്ങൾ ഉണ്ടാക്കുകയുമില്ല.
കഴിഞ്ഞ മാസം ചെന്നൈയിലെ റെനോ നിസ്സാൻ ഫാക്ടറിയിലൊരു ചടങ്ങിൽ വെച്ച് ഡാറ്റ്‌സൺ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ ജെറോം സെയ്‌ഗോട്ടുമായി വൈദ്യുത കാറുകളുടെ വരവിനെക്കുറിച്ചും പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇന്ത്യയിൽ നിന്നും നിഷ്‌കാസിതമാകുന്നതിനെപ്പറ്റിയുമെല്ലാം ഈ ലേഖകൻ വിശദമായി സംസാരിച്ചിരുന്നു. ലോകത്തെ എല്ലാ കാർ കന്പനികളും ഇലക്ട്രിക് കാർ നിർമ്മാണരംഗത്തെപ്പറ്റിയുള്ള ഗവേഷണങ്ങളിലാണെന്നും 2030നു മുന്പു തന്നെ വില കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ജെറോമിന്റെ വർത്തമാനം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിൽ സ്റ്റഡ്‌ബേക്കർ ഓട്ടോമൊബൈൽ കന്പനി വൻതോതിൽ വൈദ്യുതി വാഹനങ്ങൾ ഉണ്ടാക്കിയെങ്കിലും 1904ഓടെ അവർ പെട്രോൾ കാറുകളിലേക്ക് കടക്കുകയായിരുന്നു. ഫോർഡ് ഇത്തരം കാറുകൾ കുറഞ്ഞ വിലയിൽ നിർമ്മിച്ചു തുടങ്ങിയതോടെ ഇലക്ട്രിക് കാറുകൾ നിരത്തിൽ നിന്നും പൂർണമായും അപ്രത്യക്ഷമാകുകയായിരുന്നു. ബാറ്ററികൾക്ക് വൈദ്യുത സംഭരണശേഷി കുറവായതിനാലാണ് ഇലക്ട്രിക് കാറുകളോട് ജനതയ്ക്ക് താൽപ്പര്യമില്ലാതെ പോയത്. പക്ഷേ ഇന്ന് കാലം മാറിയിരിക്കുന്നു. കൂടുതൽ സംഭരണശേഷിയുള്ള, അൽപ നേരം കൊണ്ട് ചാർജ് ചെയ്ത് കൂടുതൽ ദൂരം സഞ്ചരിക്കാനാകുന്ന നിരവധി ഇലക്ട്രിക് കാറുകൾ രംഗപ്രവേശം ചെയ്തിരിക്കുന്നു. ഇലക്ട്രിക് ചാർജിംഗ് േസ്റ്റഷനുകൾ കൂടി വരുന്നതോടെ ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ലോകം പൂർണമായും വൈദ്യുതിയിലേക്ക് മാറും. വായു മലിനീകരണത്തിൽ നിന്നുള്ള വിമോചനമാണ് അവ ലക്ഷ്യമിടുന്നത്. ഇന്ന് മഹീന്ദ്ര ഇ2 ഒ, നിസ്സാൻ ലീഫ്, ടെസ്ല മോഡൽ എസ്, ബിഎംഡബ്ല്യു ആക്ടീവ് 3, ഫോക്‌സ് വാഗൺ ഇഅപ്, റെനോ ഫളുവൻസ് സീഇ, ഹ്യുണ്ടായ് ഐക്കോണിക് ഇലക്ട്രിക്, ടെസ്്ല മോഡൽ എക്‌സ്, ഫിയറ്റ് 500 ഇ, ഷെവർലെ സ്പാർക്ക് ഇവി, ഫോക്‌സ് വാഗൺ ഇ ഗോൾഫ്, കോഡ തുടങ്ങി നിരവധി ഇലക്ട്രിക് കാറുകൾ വിപണിയിലുണ്ട്. രണ്ട് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റ നിസ്സാൻ ലീഫും ഒരു ലക്ഷം യൂണിറ്റുകൾ പിന്നിട്ട ടെസ്്ല മോഡൽ എസ്സുമാണ് വിൽപ്പനയിൽ മുന്നിൽ.
നിലവിൽ ലോകത്താകെ 120 കോടിയിലേറെ വാഹനങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. 2035 ആകുന്പോഴേക്കും ഇത് 200 കോടി ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിൽ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ചെറുതല്ലാത്ത മലിനീകരണം ഉണ്ടാക്കുന്നുണ്ടെന്ന് നമുക്കറിയാം. എന്തിന്, കാലാവസ്ഥാ വ്യതിയാനത്തിനു പോലും കാരണമാകുന്നത് ഇത്തരം വാഹനങ്ങളിൽ നിന്നുള്ള പുകയാണ്. ഡൽഹിയിൽ നവംബർ മാസത്തിൽ ഉണ്ടായ പുകമഞ്ഞ് എത്ര ഭീതിദമായ അന്തരീക്ഷമാണ് ഉണ്ടാക്കിയതെന്ന് ആ ദിവസങ്ങളിൽ ഡൽഹിയിലുണ്ടായിരുന്ന ഈ ലേഖകൻ നേരിട്ടു കണ്ടറിഞ്ഞതാണ്. നവംബർ ഏഴിന് രാവിലെ പത്തേകാലിന് ഡൽഹി വിമാനത്താവളത്തിലിറങ്ങേണ്ട ജെറ്റ് എയർവേയ്‌സിന്റെ 9 ഡബ്ല്യു 911 വിമാനം കടുത്ത പുകമഞ്ഞു മൂലം വിമാനത്താവളത്തിനു മുകളിൽ ഒന്നര മണിക്കൂറോളം ചുറ്റിത്തിരിഞ്ഞശേഷമാണ് എയർപോർട്ടിലിറങ്ങിയത്. പുറത്തേക്കിറങ്ങിയപ്പോൾ രാസമണം പേറുന്ന മഞ്ഞ്. പുകമഞ്ഞിനെ തുടർന്ന് അമേരിക്കയിലെ യുണൈറ്റഡ് എയർലൈൻസിനെപ്പോലുള്ള വിമാന കന്പനികൾ ഡൽഹിയിലേക്കുള്ള യാത്രകൾ പോലും റദ്ദാക്കുക പോലുമുണ്ടായി. ഇന്ത്യയിലെ ഊർജോൽപ്പാദനവുമായി ബന്ധപ്പെട്ട കാർബൺ ഡയോക്‌സൈഡ് എമിഷനിൽ 14 ശതമാനവും വാഹനവിപണി സൃഷ്ടിക്കുന്നതാണെന്നതാണെന്ന് ഗവേഷകർ പറയുന്നത്. ഇന്ത്യയിലെ 75 ശതമാനം നഗരങ്ങളും പാർട്ടിക്കുലേറ്റ് മാറ്റർ 10 ലെവലിൽ കടുത്ത പ്രശ്‌നങ്ങൾ നേരിടുന്നവയാണെന്നും ഇവയിൽ 50 ശതമാനം നഗരങ്ങളിലും നൈട്രജൻ ഓക്‌സൈഡ് മലിനീകരണവും നേരിടുന്നവയാണെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നു. 2.4 കോടി വാഹനങ്ങൾ നിലവിൽ പ്രതിവർഷം ഇന്ത്യയിൽ വിവിധ ഓട്ടോമൊബൈൽ കന്പനികൾ ഉൽപ്പാദിക്കുന്നുണ്ടെന്നിരിക്കേ, ഇലക്ട്രിക് വാഹനങ്ങളിലേക്ക് നാം നീങ്ങിയില്ലെങ്കിൽ ഇന്ത്യ മുഴുവനും അധികം വൈകാതെ പുകമഞ്ഞിന്റെ പിടിയിലാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
പക്ഷേ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഇന്ത്യയെ മാറ്റണമെങ്കിൽ നിശ്ചയദാർഢ്യവും ദീർഘവീക്ഷണവുമുള്ള ഭരണാധികാരികൾ നമുക്കുണ്ടാകേണ്ടതുണ്ട്. പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനെപ്പോലെ ഇപ്പോഴും റിഫൈനറികളുണ്ടാക്കി സർക്കാരിന്റെ കോടിക്കണക്കിനു രൂപ പാഴാക്കിക്കളയാൻ തയാറെടുത്തു നിൽക്കുന്നവരാകരുത് നമ്മുടെ രാജ്യത്തിന്റെ മാർഗദർശികൾ. വാഹനകന്പനികളെക്കൊണ്ട് അതിവേഗം ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തിക്കാൻ സമ്മർദ്ദം ചെലുത്തുകയാണ് വാസ്തവത്തിൽ സർക്കാർ ചെയ്യേണ്ടത്. ചരക്കു ഗതാഗതരംഗത്തേക്കുള്ള ഇലക്ട്രിക് ട്രക്കുകൾ പോലും ഭാവിലേക്കായി ഒരുങ്ങിക്കഴിഞ്ഞ സ്ഥിതിക്ക് ഇലക്ട്രിക് ചാർജിംഗ്് േസ്റ്റഷനുകൾ പോലുള്ള നൂതനമായ കാര്യങ്ങളെപ്പറ്റിയാണ് സർക്കാർ ചിന്തിക്കേണ്ടത്. അത്തരം ദീർഘദർശികൾക്കേ ഇന്ത്യയെ മുന്നോട്ടു ചലിപ്പിക്കാനാകൂ.