മരു­ന്നു­കൊ­ള്ളയി­ലെ­ കണ്ണി­കൾ


ജെ. ബിന്ദുരാജ്

തൊണ്ണൂറുകളുടെ തുടക്കത്തിൽ എയ്ഡ്‌സ് ഇന്ത്യയെ മുൾമുനയിൽ നിർത്തിയപ്പോൾ പിൽക്കാലത്ത് എയ്ഡ്‌സിനെ പ്രതിരോധിക്കാൻ ലോകവ്യാപകമായി തന്നെ ആന്റി റിട്രോവൈറൽ മരുന്നുകൾ ഉൽപ്പാദിക്കുന്ന ഏറ്റവും വലിയ രാജ്യമായി ഇന്ത്യ മാറുമെന്ന് ആരും കരുതിയിരുന്നതല്ല. ഈ അവസ്ഥ ഇന്ത്യയെ കടുത്ത പ്രശ്‌നങ്ങളിലേക്ക് കൊണ്ടുപോകുമെന്നും ആഫ്രിക്കൻ രാജ്യങ്ങളിലേതുപോലെ എയ്ഡ്‌സ് ഇന്ത്യയുടെ ആരോഗ്യവും അപകടത്തിലാക്കുമെന്നുമാണ് പലരും കരുതിയത്. പക്ഷേ ഇന്ന് ലോകത്ത് വിൽക്കപ്പെടുന്ന ആന്റി റിട്രോവൈറൽ മരുന്നുകളുടെ എൺപത് ശതമാനവും ഉൽപ്പാദിപ്പിക്കുന്നത് ഇന്ത്യൻ മരുന്ന് വ്യവസായരംഗമാണ്. ഇന്ന് 112 വികസ്വര രാജ്യങ്ങളിൽ വിതരണത്തിനെത്തുന്ന ജനറിക് ആന്റി എയ്ഡ്‌സ് മരുന്നായ ടാഫ് നിർമ്മിക്കുന്നതിന്റെ ഉപകരാർ ലഭിച്ചിരിക്കുന്നതും ഇന്ത്യൻ ഫാർമ കന്പനികൾക്ക് തന്നെ.  ഇതിനെല്ലാം പുറമേ കേരളത്തിലെ മുപ്പതിനായിരത്തോളം വരുന്ന എച്ച്.

ഐ.വി ബാധിതർക്ക് സംസ്ഥാനത്തെ ആന്റി റിട്രോവൈറൽ ക്ലിനിക്കുകളിലൂടെ സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിക്ക് സൗജന്യമായി മരുന്നുകൾ നൽകാനാകുന്നതിന് കാരണവും ജനറിക് മരുന്നുകൾ ഇന്ത്യ ഈ മേഖലയിൽ ഉൽപ്പാദിപ്പിക്കുന്നത് കൊണ്ടാണെന്നതാണ് സത്യം. ലോകത്തെ തന്നെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാണ് മരുന്ന് വിപണി. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായം 2020ഓടെ 5,500 കോടി ഡോളറിന്റേതായി മാറുമെന്നാണ് കണക്കുകൾ. അതോടെ ലോകത്തിലെ ആറാമത്തെ മരുന്ന് വ്യവസായ ഭീമനായി ഇന്ത്യ മാറുമെന്നാണ് വിവരം. അമേരിക്കയിലെ മരുന്ന് നിർമ്മാണത്തിന്റെ ചിലവുമായി താരതമ്യപ്പെടുത്തുന്പോൾ ഇന്ത്യയിലെ നിർമ്മാണച്ചലവ് വളരെ കുറവാണെന്നും യൂറോപ്പിലെ ഉൽപ്പാദനത്തിന്റെ പകുതി ചിലവ് മാത്രമേ ഇന്ത്യയിലെ മരുന്നുൽപ്പാദനത്തിനുള്ളുവെന്നുമാണ് ഫാർമസ്യൂട്ടിക്കൽ രംഗത്തെ ഭീമന്മാർ പറയുന്നത്. ഇന്ത്യൻ മരുന്ന് വിപണിയുടെ വിപണിവിഹിതത്തിന്റെ 70 ശതമാനവും വരുന്നത് ജനറിക് മരുന്നുൽപ്പാദകരിൽ നിന്നാണെന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. ലോകത്തെ മുഴുവൻ ജനറിക് മരുന്നുൽപ്പാദ കയറ്റുമതിയുടെ 20 ശതമാനവും ഇന്ന് നടക്കുന്നത് ഇന്ത്യയിൽ നിന്നാണെന്നും വരുംവർഷങ്ങളിൽ അതിന്റെ ശതമാനക്കണക്ക് ഇനിയുമേറെ വർദ്ധിക്കുമെന്നുമാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.  പേറ്റന്റ് ലഭിച്ച മരുന്നുകളുടെ കയറ്റുമതിയുടെ കാര്യത്തിൽ ലോകത്ത് 9 ശതമാനമാണ് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി. 

അസുഖം വന്നാൽ അത് മാറാൻ മരുന്ന് കഴിച്ചേ മതിയാകൂ എന്നതിനാലും മരുന്നില്ലാതെ ഇന്ത്യക്കാരന് ജീവിക്കാനാകാത്ത അവസ്ഥയാണുള്ളതെന്നതിനാലും മരുന്ന് വ്യവസായരംഗം ഇന്ത്യയിൽ വരുംകാലത്ത് കൂടുതൽ വളരുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. ഇതിന് പുറമേ, മലിനീകരണവും ജീവിതശൈലിയും ഭക്ഷണശീലത്തിലെ കുഴപ്പങ്ങളുമൊക്കെ മൂലം കൂടുതൽ കൂടുതൽ അസുഖബാധിതരായവരുടെ ഒരു തലമുറ ഇന്ത്യയിൽ വളർന്നുവരികയുമാണ്. പൊണ്ണത്തടിയന്മാരുടെ നാടായി രാജ്യം മാറാൻ തുടങ്ങിയതോടെ പ്രമേഹവും അതിസമ്മർദ്ദവും ഹൃദയാഘാതവും പക്ഷാഘാതവുമൊക്കെ പിടിപെട്ട ജനങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. അസുഖങ്ങൾ വ്യാപകമായതോടെ  മരുന്ന് വിപണിയും ഇന്ത്യയിൽ സജീവമായി. നാടിന്റെ മുക്കിലും മൂലയിലുമെല്ലാം മരുന്നുകടകൾ വന്നതിനൊപ്പം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ ശൃംഖലകളും കേരളത്തിൽ പടർന്നു. ഇതോടെ ചില അശുഭകരമായ പ്രവണതകളും മരുന്ന് വിൽപ്പനരംഗത്തും വ്യവസായരംഗത്തുമുണ്ടായി. ബ്രാൻഡഡ് മരുന്ന് കന്പനികൾ മരുന്നുവില ക്രമാതീതമായി വർദ്ധിപ്പിക്കുകയും സാധാരണക്കാരന് ചികിത്സ അസാധ്യമാക്കുംവിധമുള്ള അവസ്ഥ സംജാതമാക്കുകയും ചെയ്തു. ഇതാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഡോക്ടർമാർ മരുന്നുകളുടെ ജനറിക് നാമം മാത്രമേ മരുന്ന് കുറിപ്പടികളിൽ എഴുതാൻ പാടുള്ളുവെന്ന ഒരു നിബന്ധന കൊണ്ടുവന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ (പ്രൊഫഷണൽ കൺടക്ട്, എറ്റിക്യുറ്റി, എത്തിക്‌സ്) റഗുലേഷൻസ് 2002ലെ നിബന്ധന ഭേദഗതി ചെയ്യാൻ ഇടയാക്കിയത്. ഡോക്ടർമാർ ജനറിക് നാമങ്ങൾ മാത്രമേ മരുന്ന് കുറിപ്പടികളിൽ എഴുതാൻ പാടുള്ളുവെന്ന മട്ടിൽ രാജ്യത്ത് ഒരു നിയമനിർമ്മാണം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സമീപകാലത്ത് പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഡോക്ടർമാരാകട്ടെ, ജനറിക് നാമം കുറിപ്പടിയിലെഴുതുന്നതിനൊപ്പം മരുന്നുകളുടെ ബ്രാൻഡ് നാമം ക്യാപ്പിറ്റൽ അക്ഷരങ്ങളിലൂടെ കുറിപ്പടിയിൽ തങ്ങൾ എഴുതുമെന്നും ബ്രാൻഡഡ് നാമമുള്ള മരുന്നുകൾ നിരോധിക്കുന്നതു വരെ ആ പ്രവണത തുടരുമെന്നുമുള്ള നിലപാടാണ് ഇന്ന് സ്വീകരിച്ചിട്ടുള്ളത്. 

ജനറിക് മരുന്നുകൾ ഇന്ത്യയിലും കേരളത്തിലും വീണ്ടുമൊരു സംവാദത്തിന് വഴിവെച്ചിരിക്കുകയാണിപ്പോൾ. ജനറിക് മരുന്നുകളോടുള്ള എതിർപ്പുകളുടെ കാരണമെന്താണെന്നും ബ്രാൻഡഡ് മരുന്ന് ലോബി എങ്ങനെയാണ് ഇന്ത്യയിലെ മരുന്ന് വ്യവസായരംഗത്തെ കൈപ്പിടിയിലാക്കി വെച്ചിരിക്കുന്നതെന്നും തിരിച്ചറിയാൻ ആദ്യം ജനറിക് മരുന്നുകളും ബ്രാൻഡഡ് മരുന്നുകളും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയേണ്ടത് ആവശ്യമാണ്. ഇനി അതിലേക്ക് വരാം. ബ്രാൻഡഡ് ആയ ഒരു മരുന്ന് ഉൽപ്പാദിപ്പിക്കാൻ ഒരു മരുന്ന് കന്പനിയെ സംബന്ധിച്ചിടത്തോളം കോടിക്കണക്കിന് രൂപയുടെ മുതൽമുടക്ക് ആവശ്യമാണ്. മരുന്ന് നിർമ്മാണത്തിനായുള്ള ഗവേഷണം, കണ്ടെത്തപ്പെട്ട മരുന്ന് പരീക്ഷിക്കൽ, പുതിയ മരുന്നിന് നിയമാനുസൃതമായ അംഗീകാരം ലഭിക്കൽ എന്നിവയൊക്കെ തന്നെയും കോടിക്കണക്കിന് രൂപ ചിലവി വരുന്ന കാര്യമാണ്. 2003ൽ രാജ്യത്തെ മരുന്ന് ഗവേഷണത്തിനുള്ള തുക 800 മില്യൺ ഡോളറായിരുന്നുവെങ്കിൽ 2014ൽ അത് 2.6 ബില്യൺ ഡോളറായി വർദ്ധിക്കുകയും ചെയ്തിരിക്കുന്നു. ഇത്തരത്തിൽ വൻതുക മുതൽമുടക്കി നിർമ്മിക്കപ്പെടുന്നതുകൊണ്ടാണ് ഒട്ടുമിക്ക രാജ്യങ്ങളും കുറഞ്ഞത് 20 വർഷം വരെയെങ്കിലും മരുന്ന് നിർമ്മാണ കന്പനികൾക്ക് പ്രസ്തുത ബ്രാൻഡഡ് മരുന്നിന് പേറ്റന്റ് അനുവദിക്കുന്നത്. പേറ്റന്റ് നിലനിൽക്കുന്നിടത്തോളം കാലം മറ്റൊരു കന്പനിക്കോ സ്ഥാപനത്തിനോ ഒന്നും തന്നെ പ്രസ്തുത മരുന്ന് നിർമ്മിക്കാനാവില്ല. ആരെങ്കിലും അത്  നിർമ്മിച്ചാൽ അവർക്കെതിരെ കന്പനിക്ക് നിയമനടപടികൾ സ്വീകരിക്കാനാകും. 

പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്നുകൾ അതേ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുകയും ഏതെങ്കിലും കന്പനിയുടെ ബ്രാൻഡ് നെയിം പുറത്തു നൽകാതെ അതിന്റെ രാസഘടങ്ങൾ മാത്രം കവറിൽ രേഖപ്പെടുത്തുന്നവയാണ് ജനറിക് മരുന്നുകൾ. ജനറിക് മരുന്നുകളുടെ നിർമ്മാണത്തിന് ഗവേഷണമോ മരുന്ന് പരീക്ഷണങ്ങളോ ഒന്നും ആവശ്യമില്ലാത്തതിനാൽ ഈ മരുന്നുകൾക്ക് താരതമ്യേന ബ്രാൻഡഡ് മരുന്നുകളേക്കാൾ വില തുലോം തുച്ഛമായിരിക്കും. പക്ഷേ ജനറിക് മരുന്നുകളുടെ ഗുണനിലവാരത്തെപ്പറ്റിയാണ് ഇപ്പോൾ ഡോക്ടർമാരടക്കമുള്ളവർ പല ആശങ്കകളും പങ്കുവയ്ക്കുന്നത്. ഈ ആശങ്കകളിൽ ചില യാഥാർത്ഥ്യങ്ങളുണ്ടെങ്കിലും അതിലുപരിയായി ബ്രാൻഡഡ് മരുന്ന് കന്പനികളുടെ മാഫിയാ ഏജന്റുമാരാണ് തങ്ങളെന്ന ഡോക്ടർമാരുടേയും ആശുപത്രികളുടേയും ഒരു ഏറ്റുപറച്ചില് കൂടിയാണ്. നിലവിൽ കേരളത്തിലെ കോർപ്പറേറ്റ് ആശുപത്രികളിലെ ഡോക്ടർമാരിൽ ചെറിയൊരു ശതമാനം മാത്രമാണ് ജനറിക് മരുന്നുകൾ കുറിപ്പടികളിലെഴുതണമെന്ന നിബന്ധന പാലിക്കുന്നതായി കാണുന്നത്. ഈ ആശുപത്രിയിലാകട്ടെ ജനറിക് മരുന്നുകൾ വിൽപ്പനയ്ക്കായി വെച്ചിട്ടുമില്ല. ബ്രാൻഡഡ് മരുന്ന് കന്പനികളുടെ വലിയ വിലയുള്ള മരുന്നുകളാണ് ഇത്തരം ആശുപത്രികളിൽ വിൽക്കപ്പെടുന്നത്. അതിന് കാരണമായി അവർ ഉന്നയിക്കുന്നതാകട്ടെ ജനറിക് മരുന്നുകൾക്ക് ഗുണനിലവാരം ഉണ്ടാകാനിടയില്ലെന്ന വാദവും. മുളയിൽ തന്നെ നുള്ളപ്പെടേണ്ട ഒരു വാദമുഖമാണത്. സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർമാർ വർഷം തോറും നടത്തിവരുന്ന മരുന്ന് സാന്പിൾ പരിശോധനകളിൽ ബ്രാൻഡഡ് മരുന്നുകളടക്കം നിലവാരത്തിന്റെ കാര്യത്തിൽ പരാജയപ്പെടുന്നുണ്ടെന്നതാണ് വാസ്തവം. വിപണിയിലെത്തുന്ന മരുന്നുകളുടെ സാന്പിളുകൾ ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് പരിശോധനയ്‌ക്കെടുക്കുന്നുണ്ടെങ്കിൽ പോലും അവ പലതും വിപണിയിൽ പൂർണമായും വിറ്റഴിഞ്ഞ ശേഷമാണ് അവയുടെ നിലവാരക്കുറവ് കണ്ടെത്തിക്കൊണ്ട് ഡ്രഗ്‌സ് കൺട്രോളറുടെ പരിശോധനാ റിപ്പോർട്ട് വരുന്നതെന്നത് വേറെ കാര്യം. 

ജി.എസ്.ടി വരുന്നതോടെ ജീവൻ രക്ഷാമരുന്നുകളുടെ വില 13 ശതമാനത്തോളം കുറയുമെങ്കിലും ജനറിക് നാമം ഡോക്ടർമാർ കുറിപ്പടികളിൽ എഴുതുന്നപക്ഷം നിലവിൽ ബ്രാൻഡഡ് കന്പനികൾ നടത്തുന്ന അമിതമായ ചൂഷണത്തിൽ നിന്നും ജനം രക്ഷപ്പെടുകയും മരുന്നുകളുടെ വില കുറഞ്ഞത് 50 ശതമാനം മുതൽ 160 ശതമാനം വരെയെങ്കിലും കുറയുകയും ചെയ്യുമെന്നത് ഒരു യാഥാർത്ഥ്യമാണ്. മരുന്ന് നിർമ്മാണ കന്പനി വാഗ്ദാനം ചെയ്യുന്ന പാരിതോഷികങ്ങൾക്കും വിദേശയാത്രകൾക്കുമൊക്കെയായി ബ്രാൻഡഡ് മരുന്നുകൾ തന്നെ ഡോക്ടർമാർ രോഗിയുടെ കുറിപ്പടിയിലെഴുതുന്നത് കേരളത്തിലും മറ്റിടങ്ങളിലും ഒരു സാധാരണ കാര്യമാണിന്ന്. പല ബ്രാൻഡഡ് കന്പനികൾക്കും സ്വന്തമായി ഇന്ത്യയിൽ ഉൽപ്പാദന കേന്ദ്രങ്ങളില്ലെന്നതും അവർ ഉപകരാറുകളിലൂടെ ഇന്ത്യയിലെ കന്പനികൾക്ക് മരുന്നുൽപ്പാദനം നടത്താനുള്ള അവകാശം നൽകിയിരിക്കുകയാണെന്നതും പ്രധാനമാണ്. ഈ മരുന്നുകളുടെ ഗുണനിലവാരം തങ്ങൾ ഉറപ്പുവരുത്തിയശേഷമാണ് വിപണിയിലെത്തിക്കുന്നതെന്നാണ് അവർ പറയുന്നതെങ്കിലും പലപ്പോഴും ക്വാളിറ്റി പരിശോധനകളിൽ അവ നിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തപ്പെട്ട സന്ദർഭങ്ങളുണ്ട്. ബ്രാൻഡഡ് മരുന്ന് കന്പനികൾ ആശുപത്രികൾക്കും ഡോക്ടർമാർക്കും നൽകുന്ന കമ്മീഷൻ തുക ഒഴിവാക്കിയാൽ തന്നെ വളരെ ചുരുങ്ങിയ തുകയ്ക്ക് അവർക്ക് മരുന്നുകൾ വിൽക്കാനാവും. 

മരുന്നുകളുടെ ജനറിക് നാമങ്ങൾ മാത്രമേ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികളിലെ ഡോക്ടർമാർ എഴുതാൻ പാടുള്ളുവെന്ന് 2013 സപ്തംബറിൽ കേരള സർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിച്ചതാണ്. സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നതിനായി ജനറിക് മരുന്നുകൾ സമാഹരിക്കുന്നതിനായി സർക്കാർ കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ലിമിറ്റഡിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ ബ്രാൻഡഡ് മരുന്നുകളിലെ എല്ലാ ഘടകങ്ങളുമുള്ള ജനറിക് മരുന്നുകൾ നിലവിൽ വിപണിയിലില്ലെന്നും പലതിനും നിലവാരമുണ്ടോയെന്ന കാര്യം പരിശോധിച്ചറിഞ്ഞിട്ടില്ലെന്നുമാണ് ബ്രാൻഡഡ് മരുന്നുകളെ പിന്തുണയ്ക്കുന്നവർ പറയുന്നത്. എന്നാൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും നീതി സ്റ്റോറുകളിലുമൊക്കെ ലഭ്യമാകുന്ന മരുന്നുകൾ നാഷണൽ അക്രൈഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബറേഷൻ ലാബോറട്ടറീസിന്റെ സർട്ടിഫൈഡ് ലാബുകളിൽ ഗുണനിലവാര പരിശോധന നടത്തിയശേഷമാണ് എത്തിക്കുന്നതെന്നാണ് സർക്കാരിന്റെ പക്ഷം. എങ്കിൽപ്പിന്നെ എന്തുകൊണ്ട് ഇവ സ്വകാര്യ ആശുപത്രികളിൽ കൂടി വിതരണത്തിനെത്തിച്ച് രോഗികൾക്ക് സാന്പത്തിക ബാധ്യതകളുണ്ടാക്കുന്ന ബ്രാൻഡഡ് മരുന്ന് കന്പനികളിൽ നിന്നും അവരെ രക്ഷിച്ചുകൂടാ എന്ന ചോദ്യത്തിന് സർക്കാർ സംവിധാനങ്ങൾ മറുപടി നൽകുന്നതുമില്ല. കേരളത്തിലെ 70 ശതമാനത്തിലധികം വരുന്ന രോഗികൾ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണെങ്കിലും സ്വകാര്യ ആശുപത്രികൾ ജനറിക് മരുന്നുകൾ വിൽപ്പനയ്‌ക്കെത്തിക്കണമെന്നോ ഉപയോഗിക്കണമെന്നോ സർക്കാർ നിർദ്ദേശം മുന്നോട്ടു വെച്ചിട്ടില്ല. പാവപ്പെട്ടവന് പൂർണമായും സൗജന്യ ചികിത്സ ഉറപ്പാക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നിരിക്കേ, എന്തുകൊണ്ടാണ് ജനറിക് മരുന്നുകൾ സംസ്ഥാനത്തെ ആശുപത്രികളിലുടനീളം വ്യാപകമാക്കണമെന്ന തരത്തിൽ ഒരു നിയമനിർമ്മാണത്തിന് സർക്കാർ തുനിയാത്തത്? 

പല മാരകരോഗങ്ങൾക്കും ജനറിക് മരുന്നുകൾ ഇല്ലെന്നത് ശരി തന്നെ. ക്യാൻസർ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഏതാണ്ട് നാൽപ്പതോളം മരുന്നുകൾ ജനറിക് വിഭാഗത്തിലില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. അക്കാര്യം സമ്മതിക്കുകയും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ അത്തരം മരുന്നുകൾ ഉപയോഗിക്കാൻ സർക്കാർ അനുവദിക്കുകയും ചെയ്യുകയെന്നത് സ്വാഭാവികമായ കാര്യം. പക്ഷേ അത് താങ്ങാനാകുന്ന നിരക്കിൽ മരുന്നുകൾ എത്തിക്കുന്ന ജനറിക് മരുന്നുകളെ പൂർണമായും അവഗണിച്ചുകൊണ്ടാകരുത്. കേന്ദ്ര സർക്കാർ സാധാരണക്കാരന് ചികിത്സ ഏറ്റവും കുറഞ്ഞ ചിലവിൽ സാധ്യമാക്കാനുള്ള നീക്കങ്ങളാണ് സമീപകാലത്തായി നടത്തിക്കൊണ്ടിരിക്കുന്നത്. 700ഓളം ജീവൻരക്ഷാ മരുന്നുകളുടെ വിലയ്ക്ക് സർക്കാർ പരിധി കൊണ്ടുവരികയും െസ്റ്റന്റുകളുടെ വില താഴേയ്ക്ക് എത്തിക്കാൻ കന്പനികളെ നിർബന്ധിതമാക്കുകയും ചെയ്തു. അർബുദം, ഹൃദയരോഗങ്ങൾ പോലുള്ള മാരകമായ രോഗങ്ങൾക്കുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ദരിദ്രവിഭാഗങ്ങളിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള നടപടികളെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ജനറിക് മരുന്നുകൾ വ്യാപകമാക്കാനുള്ള ശ്രമത്തിനെതിരെ ഡോക്ടർമാർ പ്രതിരോധം തീർക്കുന്നപക്ഷം സർക്കാർ നടത്തുന്ന ഈ ശ്രമങ്ങൾ മതിയായ ഫലം കാണില്ലെന്നുറപ്പ്. ബ്രാൻഡഡ് മരുന്ന് കന്പനികളുടെ കമ്മീഷനുകൾക്കായുള്ള ആശുപത്രികളുടെ ദാഹമാണ് ഡോക്ടർമാരെക്കൊണ്ട് ഈ കടുംകൈ ചെയ്യിക്കുന്നതെന്നും പറയാതെ വയ്യ.  

You might also like

Most Viewed