പ്രതികാര രാഷ്ട്രീയത്തിലെ പ്രതികൾ!
ജെ. ബിന്ദുരാജ്
സർക്കാർ രേഖകളിൽ കൃത്രിമം കാട്ടുകയെന്നത് ഗുരുതരമായ ഒരു കുറ്റമാണ്. ടി.പി സെൻകുമാറിനെതിരെ സർക്കാർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും ഹൈക്കോടതിയിലും നൽകിയ രേഖകളിലാണ് വ്യാപകമായ തിരുത്തൽ നടത്തിയിട്ടുള്ളതായി ഇപ്പോൾ ആരോപണമുയർന്നിരിക്കുന്നത്. സർക്കാർ രേഖകളിൽ തിരുത്തൽ വരുത്തിയാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 466,469 വകുപ്പുകൾ പ്രകാരം ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കുമെന്ന് മാത്രമല്ല അതിനുത്തരവാദികളായവർക്ക് പിന്നീട് തൽസ്ഥാനത്ത് തുടരാൻ അർഹതയുമുണ്ടാവില്ല. പോലീസ് മേധാവി സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിനെ തുടർന്ന് ടി.പി സെൻകുമാർ സെൻട്രൽ അഡ്മിനിട്രേറ്റീവ് ട്രിബ്യൂണലിൽ (ക്യാറ്റ്) പരാതി നൽകിയതിനെ തുടർന്നാണ് അന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ തിരുത്തിയ സർക്കാർ രേഖകൾ ട്രിബ്യൂണലിന് മുന്നിൽ ഹാജരാക്കിയതെന്നാണ് ലഭ്യമായ വിവരാവകാശ രേഖകൾ തെളിയിക്കുന്നത്. ഒരു ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ അദ്ദേഹത്തിനെതിരായ വിധി ഉണ്ടാക്കാനായി കൃത്രിമ രേഖകൾ സൃഷ്ടിച്ചുവെന്ന് കണ്ടെത്തപ്പെട്ടാൽ അത് കേരളത്തിൽ ഇദംപ്രഥമമായ സംഭവമായി മാറും. ഉദ്യോഗസ്ഥർ തമ്മിലുള്ള പടലപ്പിണക്കങ്ങളെ മുതലെടുക്കാൻ ഭരണാധിപന്മാർ കൂടി കൂട്ടുനിന്നുവെന്ന് തിരിച്ചറിഞ്ഞാലാകട്ടെ അത് അതിനുത്തരവാദിയായ ഭരണാധിപന്റെ രാജിയിലേക്ക് വരെ സ്ഥിതിഗതികൾ കൊണ്ടെത്തിച്ചേക്കാം. കേരളത്തിന്റെ ഇക്കാലമത്രയുമുള്ള ചരിത്രത്തിൽ കണ്ടിട്ടില്ലാത്തവിധമുള്ള ഗുരുതരമായ ഭവിഷ്യത്തുക്കൾ ഉണ്ടാക്കാവുന്ന ഒരു കേസായി ഇത് മാറാനുള്ള സാധ്യതകൾ ഏറെയാണ്. ടി.പി സെൻകുമാറിനെ നീക്കം ചെയ്യാൻ സർക്കാർ ആയുധമാക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തഫയലിലാണ് ഈ സംഭവവികാസങ്ങളുടെ തുടക്കം.
2016 ഏപ്രിൽ 13−നാണ് അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തെ സംബന്ധിച്ച് നളിനി നെറ്റോ തയ്യാറാക്കിയ ഫയൽ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്ക് അയക്കുന്നത്. ഉമ്മൻ ചാണ്ടി ഈ വിഷയത്തിൽ അന്നത്തെ പോലീസ് മേധാവിയായ ടി.പി സെൻകുമാറിന്റെ കമന്റുകൾ ആവശ്യപ്പെടുന്നു. സെൻകുമാർ ഇതിൽ ഒന്പത് പോയിന്റുകളുള്ള ഒരു കുറിപ്പെഴുതുകയും ചാണ്ടി അതിന്റെ പത്താം പേജിൽ തന്റെ കമന്റുകൾ എഴുതുകയും ഫയൽ ക്ലോസ് ചെയ്യുകയും ചെയ്യുന്നു. 2016 മെയിൽ അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാരിന് മുന്നിൽ അന്നത്തെ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഏപ്രിൽ 13−ലെ ഫയൽ എത്തിക്കുന്നു. ആ ഫയൽ സർക്കാരിന് മുന്നിൽ നിൽക്കുന്പോഴാണ് ജിഷ വധക്കേസിലെ അന്വേഷണ പിഴവുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് മെയ് 27−ന് സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്നും പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി മാറ്റി നിയമിച്ചത്. പോലീസിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ സെൻകുമാറിന് ലഭിച്ചുകൊണ്ടിരുന്ന ശന്പളവും തുടർന്ന് വെട്ടിക്കുറയ്ക്കപ്പെട്ടു. അപമാനിതനായ സെൻകുമാർ തുടർന്ന് അവധിയിൽ പ്രവേശിച്ചെങ്കിലും ഒട്ടും സമയം പാഴാക്കാതെ മെയ് 31−ന് സർക്കാർ നടപടി ചോദ്യം ചെയ്തു കൊണ്ട് കേന്ദ്ര അഡ്മിനിട്രേറ്റീവ് ട്രിബ്യൂണലിനെ (ക്യാറ്റ്) സമീപിക്കുകയായിരുന്നു. സെൻകുമാർ ക്യാറ്റിൽ പരാതി നൽകിയതിനെ തുടർന്ന് നെറ്റോ സർക്കാരിന് മുന്നിൽ സമർപ്പിച്ച ഫയലിന് വീണ്ടും ജീവൻ വെച്ചു. സെൻകുമാറിനെ മാറ്റിയതിനുള്ള കാരണങ്ങളിൽ ജിഷാ കേസിന് പുറമെ പുറ്റിങ്ങൽ ദുരന്തത്തെ കൂടി സർക്കാർ പ്രതിഷ്ഠിക്കുകയും പുറ്റിങ്ങൽ ദുരന്തത്തെപ്പറ്റിയുള്ള ഫയലിൽ സെൻകുമാറിനെതിരെ ആരോപണങ്ങൾ ചില പേജുകളിലായി ചേർത്ത് അത് ക്യാറ്റിൽ സമർപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
2016 ജൂലൈ 21−ന് ഡി.ജി.പിയെ മാറ്റാൻ സർക്കാരിന് അധികാരമുണ്ടെന്ന് പറഞ്ഞുകൊണ്ട് സെൻകുമാറിന്റെ പരാതി തള്ളിക്കൊണ്ട് ട്രിബ്യൂണലിന്റെ വിധി വന്നു. ഹൈക്കോടതിയിൽ ഇതിനെ സെൻകുമാർ ചോദ്യം ചെയ്‌തെങ്കിലും 2017 ജനുവരി 25−ന് ഹൈക്കോടതി ക്യാറ്റിന്റെ ഉത്തരവ് ശരിവെച്ചു. ഇതേത്തുടർന്നാണ് സെൻകുമാർ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തതും 2017 ഏപ്രിൽ 24−ന് സെൻകുമാറിന് അനുകൂലമായ വിധി ഉണ്ടായതും. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത് ക്യാറ്റിന്റേയും ഹൈക്കോടതിയുടേയും വിധിന്യായങ്ങൾ സെൻകുമാറിന് എതിരാകാൻ കാരണം തിരുത്തിയ സർക്കാർ രേഖകളാണ് ക്യാറ്റിൽ സർക്കാർ സമർപ്പിച്ചതെന്ന് കണ്ടെത്തപ്പെട്ടതിനെ തുടർന്നാണ്. നളിനി നെറ്റോ ക്യാറ്റിൽ സമർപ്പിച്ച പുറ്റിങ്ങൽ ഫയലിലാണ് കൃത്രിമം നടന്നിട്ടുള്ളതെന്നാണ് ആരോപിക്കപ്പെടുന്നത്. 32931/എഫ് 1/16/ഹോം എന്ന പേരിലുള്ള ഫയലിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എഴുതിയ നിർദ്ദേശങ്ങളുടെ പേജുകൾ വിവരാവകാശ നിയമപ്രകാരം ലഭിച്ച ഫയലിന്റെ പകർപ്പിൽ നിന്നും അപ്രത്യക്ഷമായതിന് പുറമേ, കാര്യമായ വെട്ടിത്തിരുത്തലുകളും അതിൽ നടത്തിയതായി കണ്ടെത്തപ്പെട്ടു. ഒറിജിനൽ ഫയലിൽ ദുരന്തത്തിന് ഉത്തരവാദികളായ കൊല്ലം പോലീസ് കമ്മീഷണറേയും ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണറേയും പരവൂർ സി.ഐയേയും സസ്‌പെൻഡ് ചെയ്യണമെന്നാണ് നളിനി നെറ്റോ പറഞ്ഞിട്ടുണ്ടായിരുന്നത്. സെൻകുമാറിനെതിരെ അതിൽ നടപടി ശുപാർശ ചെയ്തിരുന്നില്ല. എന്നാൽ പ്രസ്തുത ഫയലിൽ പിന്നീട് സെൻകുമാറിനെതിരായ കുറ്റാരോപണങ്ങൾ എഴുതിച്ചേർത്തതായാണ് ആരോപണം. വിവരാവകാശ നിയമപ്രകാരം ഫയലിന്റെ കോപ്പി സെൻകുമാറിന് ലഭിച്ചപ്പോഴാണ് ഈ ക്രമക്കേട് മനസ്സിലാക്കിയതെന്നാണ് സെൻകുമാർ പറയുന്നത്. ഒറിജിനൽ ഫയലിലെ ഒന്പതാം പേജിന് ശേഷം യഥാർത്ഥത്തിൽ ഉണ്ടായിരുന്നത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുറിപ്പെഴുതിയ പത്താം പേജാണ്. എന്നാൽ ഒന്പതാം പേജിന് ശേഷം പുതുതായി 12 പേജുകൾ ചേർക്കപ്പെട്ടു. ചില പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സെൻകുമാറിനെതിരെ നിരവധി ആരോപണങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കൃത്രിമം ഫയലിൽ കാട്ടിയിട്ടുള്ളത്. അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെ കാണിക്കാതെയാണ് പിണറായി വിജയന് റിപ്പോർട്ട് നളിനി കൈമാറുകയും ചെയ്തിട്ടുള്ളത്. ഈ റിപ്പോർട്ട് വിവരാവകാശപ്രകാരം ലഭിക്കാൻ സെൻകുമാർ 20 ദിവസം കാത്തിരുന്നുവെന്നതിന് പുറമേ, മുഖ്യ വിവരാവകാശ കമ്മീഷണർക്ക് പരാതി നൽകേണ്ടതായും വന്നു. ചീഫ് സെക്രട്ടറി നളിനി നെറ്റോ ആകട്ടെ ഇതുവരേയ്ക്കും ആ ആരോപണങ്ങളെപ്പറ്റി പ്രതികരിച്ചിട്ടുമില്ല. പുറ്റിങ്ങൽ ഫയലിൽ കൃത്രിമമായി പിന്നീട് സെൻകുമാറിനെതിരെ എഴുതിച്ചേർത്ത കാര്യങ്ങളടങ്ങിയ ഫയലാണ് ക്യാറ്റിന് മുന്നിൽ സമർപ്പിക്കപ്പെട്ടതും വിധി സെൻകുമാറിന് എതിരാകാൻ കാരണമായതുമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. അതീവ ഗുരുതരമായ ഒരു ഗൂഢാലോചന ഇക്കാര്യത്തിൽ ഭരണതലത്തിൽ നടന്നിരിക്കാനുള്ള സാധ്യത ഏറെയാണ്. അതേപോലെ തന്നെ ജിഷാ വധക്കേസ് സംബന്ധിച്ച് കോടതികളിൽ സമർപ്പിക്കപ്പെട്ട രേഖകളിലും ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്.
ഭരണം മാറുന്പോൾ ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടികളുമായി നീങ്ങുന്നത് ഇടത് വലത് സർക്കാരുകളുടെ നയമാണെങ്കിലും അതിനെതിരെ ഇതാദ്യമായി കേരളത്തിൽ നിന്ന് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ ക്യാറ്റിനെ സമീപിച്ചത് ഇദംപ്രഥമമായിരുന്നു. സെൻകുമാറിന്റെ നടപടിയെ പ്രതിരോധിക്കാൻ സർക്കാർ രേഖകളിൽ കൃത്രിമം നടന്നിട്ടുണ്ടെങ്കിൽ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കോ തിരുത്തിയ രേഖ ക്യാറ്റിൽ സമർപ്പിച്ച ഇപ്പോഴത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കോ ഒരു നിമിഷം പോലും തൽസ്ഥാനങ്ങളിൽ തുടരാൻ അവകാശമില്ലാതാകും. ഏപ്രിൽ 24−ന് സെൻകുമാറിനെ ഡി.ജി.പിയായി സുപ്രീംകോടതി പുനഃസ്ഥാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഉത്തരവിട്ടുവെങ്കിലും സർക്കാർ ആ ഉത്തരവ് ഉടനടി പാലിക്കുന്നതിന് പകരം സെൻകുമാറിനെ ഡി.ജി.പിയായി നിയമിക്കുന്നതിനെപ്പറ്റി നിയമകാര്യ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥിനോട് അഭിപ്രായം ആരായുകയാണുണ്ടായത്. സുപ്രീംകോടതി ഉത്തരവ് പാലിക്കാനും ഡി.ജി. പിയായി സെൻകുമാറിന് താമസംവിനാ നിയമനം നൽകാനുമാണ് സെക്രട്ടറി നിർദ്ദേശിച്ചതെങ്കിലും താൻപോരിമയും അഹന്തയും മുഖമുദ്രയാക്കിയ മുഖ്യമന്ത്രി തരംതാണ വിധത്തിലുള്ള പ്രതികാര ബുദ്ധിയോടെ സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്നും അകറ്റി നിർത്താനുള്ള ശ്രമങ്ങളാണ് തുടർന്ന് നടത്തിയത്. എന്തിന്, സെൻകുമാർ യു.ഡി.എഫ് ഭരണകാലത്ത് ഡി.ജി.പിയായി നിയമിക്കപ്പെട്ടത് അദ്ദേഹത്തേക്കാൾ സീനിയോറിട്ടിയുള്ള മഹേഷ് കുമാർ സിംഗ്ലയെ മറികടന്നുകൊണ്ടാണെന്ന് എതിർവാദമുന്നയിച്ച് സെൻകുമാറിന്റെ നിയമനം തന്നെ ശരിയായ വിധത്തിലായിരുന്നില്ലെന്ന് കാട്ടാനും അതുവഴി അദ്ദേഹത്തെ നീക്കം ചെയ്തതിൽ തെറ്റില്ലെന്ന് വാദിക്കാനുമാണ് സുപ്രീംകോടതിയിൽ സർക്കാർ ശ്രമിച്ചത്. ആ ഘട്ടത്തിലാണ് സുപ്രീംകോടതി ദൈവത്തിന്റെ നാട്ടിൽ ഈ വിധത്തിലാണ് കാര്യങ്ങൾ നടക്കുന്നതെങ്കിൽ ഒരാൾക്കും ആ നാടിനെ രക്ഷിക്കാനാവില്ലെന്ന പരാമർശം നടത്തിയത്. മതിയായ കാരണങ്ങൾ ബോധിപ്പിക്കാതെ, പ്രതികാര രാഷ്ട്രീയത്തിന്റെ പേരിൽ ഇടത് സർക്കാർ സെൻകുമാറിനെ അധികാര സ്ഥാനത്ത് നിന്നും നീക്കിയതാണ് കോടതിയെ പ്രകോപിച്ചത്. ക്രമസമാധാന ചുമതല വഹിക്കുന്ന ഒരു ഡി.ജി.പിയെ തത് സ്ഥാനത്തു നിന്നും നീക്കുന്പോൾ അദ്ദേഹം നീതിയുക്തം അന്വേഷണം നടത്തിയിരുന്ന പല കേസുകളും തേച്ചുമായ്ക്കാനുള്ള ശ്രമങ്ങളും ഉണ്ടാകുമല്ലോ. മാത്രവുമല്ല, കോടതിയിൽ സമർപ്പിക്കപ്പെട്ട ഫയലിലെ തിരുത്തലുകളെപ്പറ്റിയും കോടതി ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. ഫയലിലെ തിരുത്തലുകൾ ശ്രദ്ധയിൽപ്പെട്ട കോടതി സെൻകുമാറിനെതിരെ പിന്നീട് പലതും ഫയലിൽ എഴുതിച്ചേർത്തിട്ടുണ്ടാകാമെന്ന കാര്യം നിരീക്ഷിക്കുകയും ചെയ്തു. സെൻകുമാറിനെ നീക്കാനായി സർക്കാർ മുന്നോട്ടുവെച്ച കാരണങ്ങളിൽ ഒന്നുപോലും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും കേവലം പത്ര റിപ്പോർട്ടുകളെ ആശ്രയിച്ചുള്ളതാണെന്നും കോടതി കണ്ടെത്തുകയും ചെയ്തു.
2017 ജൂൺ 30−ാം തീയതി വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് സെൻകുമാർ എന്നതിനാലാണ് സുപ്രീംകോടതി സെൻകുമാറിന്റെ കേസിൽ താമസംവിനാ കാര്യങ്ങൾ മുന്നോട്ട് നീക്കിയത്. ജനുവരി അവസാന വാരത്തിൽ ഹൈക്കോടതിയിൽ നിന്നും നീതി ലഭിക്കാതിരുന്ന അദ്ദേഹം ഫെബ്രുവരി ആദ്യവാരത്തിൽ തന്നെ സുപ്രീംകോടതിയിൽ ഹർജി നൽകുകയായിരുന്നു. മാർച്ചിൽ കേസ് പരിഗണിക്കുകയും വാദം കേൾക്കുകയും ചെയ്തശേഷം അന്തിമ വിധിന്യായത്തിനായി ഏപ്രിൽ 24 നിശ്ചയിക്കുകയായിരുന്നു. ഒരു സംസ്ഥാനത്തെ ഉന്നത പോലീസ് മേധാവിയായി സ്ഥാനം അലങ്കരിച്ചിരുന്ന ഒരു വ്യക്തിക്ക് വിരമിക്കുന്നതിന് മുന്പായി തന്നെ നീതി ലഭ്യമാക്കണമെന്ന് സുപ്രീം കോടതിക്ക് നിർബന്ധമുണ്ടായിരുന്നുവെന്ന് ത്വരിതഗതിയിൽ കേസ് മുന്നോട്ടുകൊണ്ടുപോയ നടപടികളിൽ നിന്നും വ്യക്തവുമാണ്. പ്രകാശ് സിംഗ് കേസിലെ മുൻ വിധിന്യായത്തെ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ അട്ടിമറിക്കുന്നത് തടയണമെന്നും കോടതി ആഗ്രഹിച്ചിരുന്നിരിക്കണം. എന്നാൽ സുപ്രീംകോടതിയുടെ വിധിന്യായം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഡി.ജി.പിയായി സെൻകുമാറിനെ നിയമിക്കാതെ സർക്കാർ ഉരുണ്ടു കളിക്കുന്ന അസാധാരണമായ കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. എന്നാൽ സെൻകുമാർ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തതിനെ തുടർന്ന് സർക്കാർ സെൻകുമാറിനെ ഒട്ടും തന്നെ വൈകാതെ പോലീസ് മേധാവിയായി നിയമിക്കുമെന്ന് വ്യക്തമാക്കാൻ നിർബന്ധിതനാകുകയായിരുന്നു. സുപ്രീംകോടതിയുടെ വിധി വന്ന ആ നിമിഷം മുതൽ തന്നെ സംസ്ഥാനത്തിന്റെ ഡി.ജി.പി സെൻകുമാർ ആണെന്നതാണ് വാസ്തവം. അതുവേരയ്ക്കും ഡി.ജി.പി സ്ഥാനം വഹിച്ചിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഏപ്രിൽ 24 മുതൽ സർക്കാരിന്റെ ഔദ്ദ്യോഗിക രേഖകളിൽ ഡി.ജി.പി എന്ന നിലയിൽ ഒപ്പുവയ്ക്കാനാവില്ല. അങ്ങനെ അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ മറ്റൊരു നിയമലംഘനവും കോടതിയലക്ഷ്യവുമായി പരിഗണിക്കപ്പെടുകയും ചെയ്യും.
സെൻകുമാറിനെ നീക്കിയത് ന്യായീകരിക്കാൻ സി.പി.എം ഇപ്പോൾ കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ്. വിചിത്രവും പരിഹാസ്യവുമായ വാദങ്ങളും ഇതിനായി ഉയർത്തി ജനമധ്യത്തിൽ കൂടുതൽ കൂടുതൽ പരിഹാസ്യരാകുകയാണ് സർക്കാർ. ഉത്തരപ്രദേശിൽ ബി.ജെ.പി അധികാരമേറ്റയുടനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്്ലിം സമുദായത്തിൽപ്പെട്ട ഉദ്യോഗസ്ഥരെയടക്കം മാറ്റി മറ്റുള്ളവരെ നിയമിച്ചുവെന്നതാണ് ആ വാദമുഖങ്ങളിൽ ഏറ്റവും ദയനീയം. ആദിത്യനാഥ് കാണിച്ച അതേ തോന്ന്യാസം തന്നെ ചെയ്യാൻ തങ്ങൾക്കും അവകാശമുണ്ടെന്ന വികലമായ വാദം. ബി.ജെ.പി നിലപാടുകളെ നാട്ടുകാർക്ക് മുന്നിൽ എതിർക്കുകയും അവരുടെ ഫാസിസ്റ്റ് നിലപാടുകളെ ചെറുക്കുകയും ചെയ്യുകയാണ് തങ്ങളുടെ ദൗത്യമെന്ന് പറയുന്ന സി.പി.എം യോഗി ആദിത്യനാഥിന്റെ പ്രവൃത്തിക്ക് സമാനമായ കാര്യമാണ് തങ്ങൾ ചെയ്തതെന്ന് പറഞ്ഞതാകട്ടെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഫലിതമായി വിലയിരുത്തപ്പെടുമെന്നുറപ്പാണ്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അന്നത്തെ വിജിലൻസ് അഡീഷണൽ ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ ഏത് വിധത്തിലാണ് സർക്കാർ കൈകാര്യം ചെയ്യാൻ ശ്രമിച്ചതെന്നത് നാം കണ്ടതാണ്. അഴിമതിയാരോപണങ്ങൾ നേരിട്ട മുൻ മന്ത്രി കെ.എം മാണിക്കും ഐ.എ.എസ്സുകാരായ ടോം ജോസിനും ടി.ഒ സൂരജിനുമൊക്കെ എതിരെ ജേക്കബ് തോമസിന്റെ കരങ്ങൾ നീണ്ടപ്പോൾ ചാണ്ടിക്ക് അദ്ദേഹം അനഭിമതനായി. അപ്രധാനമായ സ്ഥാനത്തേക്ക് നീക്കപ്പെട്ട ജേക്കബ് തോമസിനെ അധികാരത്തിന്റെ ആദ്യനാളുകളിൽ സി.പി.എം നേതൃത്വത്തിലുള്ള സർക്കാർ വിജിലൻസ് മേധാവിയായി നിയമിച്ച് സർക്കാരിന് അഴിമതിരഹിത പ്രതിച്ഛായ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഇ.പി ജയരാജനെതിരെ ബന്ധുനിയമനക്കേസിൽ വിജിലൻസ് ശക്തമായി നീങ്ങിയതോടെ ജേക്കബ് തോമസിനും സ്ഥാനം തെറിച്ചു. ജേക്കബ് തോമസിനെ അവധിയിൽ വിട്ട് ലോകനാഥ് ബെഹ്‌റയെന്ന, തന്റെ ഏറാന്മൂളിയെ വിജിലൻസ് താൽക്കാലിക ഡയറക്ടർ സ്ഥാനം ഏൽപ്പിച്ചു വിജയൻ. തങ്ങളുടെ അനധികൃത ചെയ്തികൾക്ക് ഒത്താശ ചെയ്തു കൊടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നീങ്ങുന്നത് ഈ സർക്കാരിന്റെ മുഖമുദ്രയായി ഇതിനകം മാറിക്കഴിഞ്ഞിരിക്കുന്നു. മൂന്നാറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയ ദേവികുളം കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ കുരിശ് രാഷ്ട്രീയം കളിക്കാനിറങ്ങിയ മുഖ്യമന്ത്രി, തന്റെ മറുമുഖമായ എം.എം മണിയെ ഉപയോഗിച്ച് ആ ഉദ്യോഗസ്ഥനെതിരെ പൊതുസമക്ഷം അസഭ്യവർഷം നടത്തി. തെറിയഭിഷേകം തൊഴിലാക്കിയ മണിയെ, അതെല്ലാം നാടൻ ഭാഷാ പ്രയോഗമാണെന്ന് പറഞ്ഞ് വിജയൻ സംരക്ഷിച്ചതിലൂടെ മുഖ്യമന്ത്രിയും മണിയുടെ കയ്യേറ്റ അനുകൂല മനോഭാവം തന്നെയാണ് പിന്തുടരുന്നതെന്ന് വെളിവാക്കപ്പെടുകയും ചെയ്തു. കയ്യേറ്റക്കാരെ ക്രൈസ്തവ സഭ തള്ളിപ്പറഞ്ഞപ്പോഴും സ്പിരിറ്റ് ഇൻ ജീസസ് എന്ന ആത്മീയപ്രവർത്തന മറവിൽ ഭൂമി കയ്യേറ്റം നടത്തുന്ന ടോം സക്കറിയയെ സംരക്ഷിക്കാനും എം. എം മണിയുടെ സഹോദരൻ ലംബോധരന്റെ കയ്യേറ്റങ്ങളെ നിലനിർത്താൻ സഹായിക്കാനുമായിരുന്നു വിജയന്റെ ശ്രമം. നേരത്തെ ലോ അക്കാദമി ഭൂമി വിഷയത്തിൽ കോലിയക്കോട് മാഫിയയുടെ ഭൂമി നിലനിർത്താൻ എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ സമരത്തിന്റെ ഒറ്റുകാരാക്കുക പോലും ചെയ്തിരുന്നു വിജയൻ. ജിഷ്ണുവിന്റെ അമ്മ മഹിജയെ തെരുവിൽ വലിച്ചിഴയ്ക്കാനും സമരം അവസാനിപ്പിക്കാൻ അവർക്ക് നൽകിയ ഒത്തുതീർപ്പുകൾ പരസ്യമായി തൊട്ടടുത്ത ദിവസം തള്ളിപ്പറയാനും യാതൊരു മടിയുമുണ്ടായിരുന്നില്ല മുഖ്യമന്ത്രിക്ക്. അധികാരത്തിന്റെ അഹന്ത മൂലം അന്ധത ബാധിച്ച ഭരണാധികാരിയായി മാറിയിരിക്കുന്നു വിജയൻ. ഉദ്യോഗസ്ഥർക്ക് മാത്രമല്ല നാട്ടുകാർക്ക് പോലും സർക്കാരിലുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടിരിക്കുന്നു.
സെൻകുമാറിനെതിരെ വിജയൻ വാളെടുത്തതിന് പിന്നിലുള്ള യഥാർത്ഥ കാരണം ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ആ അന്വേഷണത്തിൽ അറസ്റ്റ് ചെയ്തതാണെന്ന് ആർക്കാണറിയാത്തത്? സാധാരണ ഗതിയിൽ നേതാക്കളിലേക്ക് അന്വേഷണം പോകാതെ, പാർട്ടി നൽകുന്ന പ്രതികളെ പിടിച്ച് തൃപ്തിപ്പെട്ടിരുന്ന പോലീസിൽ നിന്നും വേറിട്ട് പിണറായി വിജയന്റെ പ്രിയപ്പെട്ടവരായ കുഞ്ഞനന്തനിലേക്കും ജയചന്ദ്രനിലേക്കുമൊക്കെ അന്വേഷണം നീണ്ടതും അവർ അറസ്റ്റിലായതുമാണ് വിജയനെ ചൊടിപ്പിച്ചത്. എന്തിന് കേരളത്തിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജയിലുകളിൽ നിന്നും മോചിപ്പിക്കാൻ സർക്കാർ നിർദ്ദേശിക്കുകയും ഗവർണർ നിരാകരിക്കുകയും ചെയ്തുവരുടെ പട്ടികയിൽ കൊടി സുനിയും കുഞ്ഞനന്തനുമടക്കമുള്ള കൊലപാതകികൾ ഉണ്ടായിരുന്നുവെന്നത് വേറെ കാര്യം.
നിയമങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട്, കയ്യേറ്റത്തിനും അനധികൃത ഇടപാടുകൾക്കും ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് വിജയന് വേണ്ടതെന്ന് സെൻകുമാറിനോടും ശ്രീറാം വെങ്കിട്ടരാമനോടുമൊക്കെ അദ്ദേഹം സ്വീകരിച്ച നിലപാടുകളിൽ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്. തന്റെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ ക്രൂശിക്കാൻ ശ്രമിക്കുന്ന വിജയനിൽ ഒരു മുഖ്യമന്ത്രിയെന്നതിനേക്കാൾ ഒരു ഏകാധിപതിയെയാണ് ജനത്തിന് കാണാനാകുന്നത്. മറ്റൊരു ദുർഭരണത്തിൽ നിന്നും രക്ഷനേടാൻ ജനം ഏറെ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ സർക്കാർ പത്ത് മാസം കൊണ്ടു തന്നെ മാലോകരെ അപ്പാടെ വെറുപ്പിച്ചിരിക്കുന്നുവെന്നത് കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യത്തെ സംഭവം! അതിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് പിണറായി വിജയൻ അല്ലാതെ മറ്റാരുമല്ല താനും!