പശു­ ഒരു­ ഭീ­കരജീ­വി­യാ­ണ്!


ജെ. ബിന്ദുരാജ് 

അധികാരം അഹങ്കാരത്തിലേക്കുള്ള ചവിട്ടുപടിയാണ്. അഹങ്കാരമാകട്ടെ പതനത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്യും. വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന ഏതൊരു പാർട്ടിയും വലിയ തെറ്റിദ്ധാരണകളുടെ പുറത്താണ് പ്രവർത്തനം ആരംഭിക്കുക. നാട്ടുകാരെല്ലാം തങ്ങൾക്ക് അനുകൂലമാണെന്നും ഇനി തങ്ങളുടെ എന്ത് തോന്ന്യാസവും ഇവിടെ അടിച്ചേൽപ്പിക്കാനാകുമെന്നും അവർ വിശ്വസിക്കാൻ തുടങ്ങുന്നു. ജനാധിപത്യം ജനങ്ങളുടെ ആധിപത്യമാണെന്ന് അവർ മറക്കുകയും ജനങ്ങളുടെ മേൽ തങ്ങൾ അടിച്ചേൽപ്പിക്കുന്ന ആധിപത്യമാണെന്നും അവർ ധരിക്കുന്നു. ഒരു രാഷ്ട്രീയകക്ഷിയെ ജനം തിരഞ്ഞെടുക്കാൻ ആ രാഷ്ട്രീയകക്ഷിയോടുള്ള സ്‌നേഹവും വിശ്വാസവും മാത്രമല്ല കാരണമാകുന്നതെന്ന കാര്യം അവർ അപ്പോൾ ഓർക്കുകയേയില്ല. ഭരണകക്ഷിയുടെ അഴിമതി ദുർഭരണത്തോടുള്ള കടുത്ത വിരോധവും മറുകക്ഷികളുടെ ജനാധിപത്യവിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ നിലപാടുകളിൽ നിന്നുമാണ് തമ്മിൽ ഭേദം തൊമ്മനെന്ന മട്ടിൽ അവർ ഒരു കക്ഷിയെ തിരഞ്ഞെടുക്കുന്നത്. കേരളത്തിലെ കാര്യം തന്നെ നോക്കൂ. ഉമ്മൻ ചാണ്ടിയുടെ അഴിമതി ഭരണത്തോടുള്ള എതിർപ്പും ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധതയോടുള്ള വിരോധവും വിഎസ് അച്യുതാനന്ദൻ എന്ന വ്യക്തിയോടുള്ള വിശ്വാസവുമാണ് ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയത്. പക്ഷേ ജനവിധിയുടെ യാഥാർത്ഥ്യത്തെ അവഗണിച്ച സിപിഎം പിണറായി വിജയനെ മുഖ്യമന്ത്രിയായി അവരോധിച്ചു. എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ച് വോട്ടു ചെയ്ത ജനത്തെ അധികാരവർഗത്തിന്റെ അഹന്ത ശരിയാക്കാനും തുടങ്ങി. ബിജെപി മറ്റൊരു തരത്തിലാണ് അതിന്റെ പ്രയോഗം ഇന്ത്യയിൽ നടത്താൻ ആരംഭിച്ചിരിക്കുന്നത്. പശുവിനെ ഉപയോഗിച്ച് എങ്ങനെ രാഷ്ട്രത്തെ വിഭജിക്കാമെന്നും അതിലൂടെ തങ്ങൾക്കെങ്ങനെ നേട്ടം കൊയ്യാമെന്നുമുള്ള ചിന്തയാണ് അവരെ ഇപ്പോൾ നയിച്ചുകൊണ്ടിരിക്കുന്നത്. അത് ഇന്ത്യയെ പൂർണമായും തങ്ങൾക്ക് കീഴ്‌പ്പെടുത്താനാകുമെന്ന അഹന്തയിൽ നിന്നും ഉടലെടുക്കുന്ന ഒരു തന്ത്രമാണ്. ഭാവിയിൽ അത് എങ്ങനെയാകും രാഷ്ട്രത്തെ ശിഥിലീകരിക്കുകയെന്ന നോട്ടമൊന്നും പക്ഷേ സംഘ് പരിവാർ ശക്തികൾക്കില്ലെന്നതാണ് ഏറ്റവും ഖേദകരം. 

മലപ്പുറത്ത് കഴിഞ്ഞയാഴ്ച കേട്ട വിഷമയമായ ഒരു പൊട്ടിത്തെറിക്കലിലൂടെ കേരളത്തിലും പശു ദേശീയതയ്ക്ക് സംഘ് പരിവാർ തുടക്കമിട്ടു കഴിഞ്ഞിരിക്കുന്നു. ബിജെപി നേതാവ് കെ സുരേന്ദ്രനായിരുന്നു ആ വിഷബോംബിനു പിന്നിൽ. കേരളത്തിൽ പശുക്കളെ കൊല്ലാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ എന്നായിരുന്നു സുരേന്ദ്രന്റെ വെല്ലുവിളി. പശുവിനെ കൊല്ലാൻ വിലക്കില്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് അറിയാത്ത ആളല്ല ഈ സുരേന്ദ്രൻ. കേരളത്തിൽ മാത്രമല്ല പശ്ചിമ ബംഗാളിലും അരുണാചൽ പ്രദേശിലും മിസോറത്തിലും മേഘാലയയിലും നാഗാലാൻഡിലും ത്രിപുരയിലും സിക്കിമിലുമെല്ലാം പശുവിനെ കൊല്ലാൻ ഒരു നിരോധനവുമില്ലെന്നിരിക്കേ, കെ സുരേന്ദ്രന്റെ ഈ പരസ്യമായ വെല്ലുവിളി ഒരു ഭീഷണിയാണ്. പശുവിനെ കൊല്ലാൻ നിരോധനമില്ലാത്ത ഒരു നാട്ടിൽ പശുവിനെ കൊന്നാൽ അവനെ തങ്ങൾ വച്ചേക്കില്ലെന്ന ഭീഷണി. ഈ ഭീഷണി നടത്തിയ സുരേന്ദ്രനെ ആ വിഷലിപ്തമായ പ്രസ്താവനയുെട പേരിൽ ആ നിമിഷം അറസ്റ്റ് ചെയ്യാൻ പൊലീസിനാകുമായിരുന്നു. പക്ഷേ മുഖ്യമന്ത്രി സർവസമയവും ന്യായീകരിച്ചു ന്യായീകരിച്ചു നടക്കുന്ന പൊലീസ് ഈ വാർത്ത കണ്ടതായി പോലും നടിച്ചില്ല. മാത്രവുമല്ല സംഘ് പരിവാറിന്റെ പ്രിയ തോഴനായ രമൺ ശ്രീവാസ്തവയാണല്ലോ ഇപ്പോൾ മുഖ്യമന്ത്രിയുടെ നിയുക്ത പൊലീസ് ഉപദേശി.  

അതവിടെ നിൽക്കട്ടെ, ആർക്കാണ് ഇവിടെ ജനം ഇന്ന ഭക്ഷണം കഴിക്കണമെന്നും ഇന്ന ഭക്ഷണം കഴിക്കരുതെന്നും പറയാനുള്ള അവകാശം? ഹിന്ദുക്കൾ പശുവിനെ ആരാധിക്കുന്നുവെന്ന കാരണത്താൽ ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഗോവധ നിരോധനം നടപ്പാക്കാൻ ആ സംസ്ഥാനങ്ങൾക്ക് എന്താണ് അവകാശം? കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കന്നുകാലികളെ സംരക്ഷിക്കാനുള്ള ഭരണഘടനയുടെ 48ാം വകുപ്പിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് മതപരമായ കാരണങ്ങളാൽ പശുവിനെ അറുക്കുന്നത് നിരോധിച്ച 24 ഇന്ത്യൻ സംസ്ഥാനങ്ങൾ വാസ്തവത്തിൽ ഹൈന്ദവ ഫാസിസത്തിന് കുട ചൂടി നിൽക്കുകയാണുണ്ടായിട്ടുള്ളത്. 2005 ഒക്ടോബറിൽ ഈ സംസ്ഥാനങ്ങളുടെ ഗോവധ നിരോധന നിയമങ്ങൾക്ക് ഭരണഘടനാമൂല്യം നൽകുക വഴി സുപ്രീം കോടതിയും ഫാസിസത്തിന്റെ തേരോട്ടത്തിന് ആക്കം കൂട്ടിയിരിക്കുന്നു. പക്ഷേ സുരേന്ദ്രന്റെ ഈ വെല്ലുവിളി ദേശീയതലത്തിൽ ബിജെപി ലക്ഷ്യമിടുന്ന വലിയൊരു വിഭാഗീകരണ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇനിയും നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടില്ല. പരസ്പരം പോരടിച്ചു നിൽക്കുന്ന ഇടതുപക്ഷമോ മൗനത്തിലാണ്ടു കിടക്കുന്ന കോൺഗ്രസ്സോ ബിജെപി ലക്ഷ്യമിടുന്ന മതേതരരഹിതമായ ഇന്ത്യയെയോ ഫാസിസ്റ്റ് നിലപാടുകളിലൂടെ ഭൂരിപക്ഷവോട്ടുകൾ ധ്രുവീകരിക്കാനുള്ള ഹീനമായ തന്ത്രമോ തിരിച്ചറിയുന്നില്ലെന്നതാണ് ദയനീയം. 

സമീപകാലത്ത് നടന്ന സംഭവങ്ങൾ തന്നെ നോക്കൂ. പശു എങ്ങനെയാണ് ഇന്ത്യയെ ഒരു ഭ്രാന്താലയമാക്കി മാറ്റുന്നതെന്നതിന്റെ വ്യക്തമായ ചിത്രങ്ങളാണത് നൽകുന്നത്. കെ സുരേന്ദ്രന്റെ മലപ്പുറത്തെ വെല്ലുവിളിക്കു തൊട്ടു പിന്നാലെയാണ് ഇക്കഴിഞ്ഞ ഈസ്റ്റർ തലേന്ന് ആലുവയ്ക്കടുത്ത് കരുമാലൂരിൽ ജേക്കബ് കറുകുന്നത്തിന്റെ വീട്ടിൽ സംഘ് പരിവാർ അംഗങ്ങൾ നടത്തിയ ആക്രമണം.. ഈസ്റ്റർ വിരുന്നിനായി ഏതാണ്ട് ഒരു മാസം മുന്പ് ജേക്കബും കുടുംബവും ഒരു പശുക്കുട്ടിയെ വാങ്ങിയിരുന്നു. പശുക്കുട്ടിയെ അറുത്തശേഷം ഈസ്റ്റർ തലേന്ന് മാംസംബന്ധുക്കൾക്ക് വീതം വച്ചു നൽകുന്നതിനിടയിലാണ് സംഘ് പരിവാർ സംഘടനകളിൽപ്പെട്ട കുറെപ്പേർ വീട്ടിലേക്ക് ഇരച്ചു കയറിയതും പശുക്കുട്ടിയെ കൊന്നതിൽ കുടുംബത്തിനു നേരെ അധിക്ഷേപം ചൊരിഞ്ഞതും. ഈസ്റ്റർ പാചകത്തിനായി വച്ചിരുന്ന മാംസത്തിൽ അവർ ചെളി കുടഞ്ഞെറിഞ്ഞ് അത് ഉപയോഗശൂന്യമാക്കുകയും ചെയ്തു. കുടുംബത്തിന്റെ പരാതിയെ തുടർന്ന് ആലങ്ങാട് പൊലീസ് പതിനാലുപേർക്കെതിരെ കേസ്സെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ ഗോവധം നിരോധിച്ചിട്ടില്ലെന്നിരിക്കേ, സംഘ് പരിവാറിന്റെ നേതൃത്വത്തിൽ ഈ തോന്ന്യാസം അരങ്ങേറിയത് പ്രദേശത്തെ വർഗീയമായി വിഭജിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് പറയാതെ വയ്യ. ഈ നടപടിയിലൂടെ പ്രദേശത്തെ ക്രിസ്ത്യൻ കുടുംബങ്ങളേയും മുസ്ലിം കുടുംബങ്ങളേയും ഹിന്ദു സമുദായത്തിനെതിരെ തിരിക്കാനും വർഗീയമായി ഇങ്ങനെ വിഭജിക്കുന്നതിലൂടെ രാഷ്ട്രീയമായ ചേരിതിരിവ് ബിജെപിക്ക് അനുകൂലമായി സൃഷ്ടിക്കാനുമാണ് അവർ ലക്ഷ്യമിടുന്നത്. കേരളത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു പ്രവൃത്തി സംഘ് പരിവാർ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെങ്കിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് വൻതോതിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ബിജെപി ആർഎസ്എസ് കൂട്ടുകെട്ടിന്റെ ഭാഗമാണിതെന്ന് ന്യായമായും സംശയിക്കാം. രാജസ്ഥാനിലെ ആൾവാറിൽ പശുവിനെ വാങ്ങിക്കൊണ്ടു പോകുകയായിരുന്ന പെഹ് ലു ഖാൻ എന്ന കർഷകനെ തല്ലിക്കൊന്നതിനെ തുടർന്ന് സംഘ് പരിവാറിനെതിരെ പെഹ്‌ലു ഖാന്റെ കുടുംബം ഡൽഹിയിൽ സമരപരിപാടികളുമായി രംഗത്തിറങ്ങിയതിനെ തുടർന്ന് രാജ്യത്തുടനീളം ഗോവധ നിരോധനത്തിനായി  പ്രചാരണം ആരംഭിച്ചിരിക്കുകയാണ് സംഘ് പരിവാർ. രാജ്യത്ത് ഗോവധത്തിന്റെ പേരിൽ പലയിടത്തും സംഘർഷാന്തരീക്ഷം സൃഷ്ടിക്കുകയും അതിലൂടെ വർഗീയ ധ്രുവീകരണം സാധ്യമാക്കുകയുമാണ് അവരുടെ ലക്ഷ്യം. അതിന്റെ ബഹിർസ്ഫുരണങ്ങൾ കഴിഞ്ഞയാഴ്ചയിൽ തന്നെ ദൃശ്യമാകാനും തുടങ്ങി. അലഹാബാദിലെ ശിവകുടിയിലുള്ള അഖിലേശ്വർ മഹാദേവ ക്ഷേത്രപരിസരത്ത് ഒരു പശുക്കുട്ടിയുടെ ‘കണ്ടുകിട്ടിയതിനെ’ തുടർന്ന് പ്രദേശത്ത് കഴിഞ്ഞയാഴ്ച കലാപഭരിതമായ അന്തരീക്ഷമാണ് ഉടലെടുത്തത്. പശുത്തല ‘കണ്ടെത്തിയ’ ക്ഷേത്ര പുരോഹിതൻ വിവരം പൊലീസിനെ അറിയിച്ചതിനു തൊട്ടു പിന്നാലെ സംഘ്പരിവാറിൽ ഉൾപ്പെടുന്ന സംഘടനകളും അവരുടെ അനുഭാവി പ്രസ്ഥാനങ്ങളും ഗോവധം നടത്തിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് പ്രദേശത്തെ സ്‌കൂളുകളടക്കം അടയ്ക്കാൻ സർക്കാർ നിർബന്ധിതമായി. പ്രദേശത്തെ നാല് പൊലീസ് േസ്റ്റഷനുകളിൽ നിന്നുള്ള മുഴുവൻ പൊലീസുകാരേയും സ്ഥലത്ത് വിന്യസിപ്പിക്കേണ്ടതായും വന്നു. ക്ഷേത്ര പരിസരത്ത് പശുത്തല കണ്ടെത്തിയാൽ ഇത്രത്തോളം വലിയ സംഘാർഷാവസ്ഥ സംജാതമാകുമെങ്കിൽ ഒരു കലാപത്തിലേക്ക് പ്രദേശത്തെ എത്തിക്കാൻ സംഘ്പരിവാർ ശക്തികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാവിണ്ടാവില്ലെന്നുറപ്പ്.

ഇതിനേക്കാൾ ഭീതിദമായ അവസ്ഥയാണ് മധ്യപ്രദേശിലെ പല ഗ്രാമങ്ങളിലും ഗോരക്ഷാ ദളും അവിടങ്ങളിലെ ഗ്രാമപഞ്ചായത്തും ചേർന്ന് സൃഷ്ടിച്ചിട്ടുള്ളത്. ബഞ്ചാര സമുദായക്കാർ ഭൂരിപക്ഷമുള്ള മധ്യപ്രദേശിലെ ഗുണ ജില്ലയിലെ താരാപൂർ ഗ്രാമത്തിൽ ഒരു അഞ്ചു വയസ്സുകാരിയുടെ അച്ഛൻ അബദ്ധത്തിൽ ഒരു പശുക്കിടാവിനെ കൊല ചെയ്തുവെന്നാരോപിച്ച് അഞ്ചു വയസ്സുകാരിയെ നാട്ടുകാരിലാർക്കെങ്കിലും വിവാഹം ചെയ്തു കൊടുക്കണമെന്നാണ് കട്ടപഞ്ചായത്ത് വിധിച്ചത്. തന്റെ വയലിലേക്കിറങ്ങിയ പശുക്കിടാവിനെ കർഷകനായ അച്ഛൻ കല്ലെറിഞ്ഞോടിക്കവേ അബദ്ധത്തിൽ ഒരു കല്ല് അതിന് ഏൽക്കുകയും പിന്നീട് പശുക്കുട്ടി ചാവുകയായിരുന്നു. ഇതേ തുടർന്ന് കുടുംബത്തെ ഒറ്റപ്പെടുത്തിയ ഗ്രാമവാസികൾ ആദ്യം കുടുംബത്തോട് തീർത്ഥാടനത്തിന് പോകാനും ഗ്രാമവാസികൾക്ക് മുഴുവനും സദ്യ നൽകാനുമാണ് പ്രായശ്ചിത്തമായി ആവശ്യപ്പെട്ടത്. എന്നാൽ ഇതു രണ്ടും നിർവഹിച്ചിട്ടും കുടുംബത്തിനെതിരായ ഊരുവിലക്ക് നീക്കാത്തതിനെ തുടർന്ന് കട്ടപഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് ബാലികയെ നാട്ടുകാരിലാർക്കെങ്കിലും വിവാഹം ചെയ്തുകൊടുക്കാൻ കട്ട പഞ്ചായത്ത് നിർദ്ദേശിച്ചത്. പശുക്കുട്ടി ചത്തതു മൂലം നാട്ടിൽ വിവാഹമൊന്നും നടക്കുന്നില്ലെന്നായിരുന്നു കട്ട പഞ്ചായത്തിന്റെ ന്യായീകരണം. ബാലികയുടെ അമ്മ പരാതിയുമായി ജില്ലാഭരണകൂടത്തെ സമീപിച്ചില്ലായിരുന്നുവെങ്കിൽ ഈ നിഷ്ഠുരമായ തീരുമാനം പുറംലോകം അറിയുകയില്ലായിരുന്നു. 

ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ 24 സംസ്ഥാനങ്ങളിലും ഗോവധ നിരോധന നിയമം നിലവിലുണ്ട്. ഈ സംസ്ഥാനങ്ങളിൽ 17ഉം ഭരിക്കുന്നത് ബിജെപിയോ ബിജെപിയുടെ സഖ്യകക്ഷികളോ ആണു താനും. എന്നാൽ രാജ്യത്തെ 71 ശതമാനം വരുന്ന ജനങ്ങളും മാംസഭോജികളാണെന്നിരിക്കേ, എങ്ങനെയാണ് 24 സംസ്ഥാനങ്ങളിൽ ഗോവധ നിരോധന നിയമം അവിടത്തെ സർക്കാരുകൾ പാസ്സാക്കിയത്? തങ്ങൾക്ക് കിട്ടിയ ജനവിധി ഉപയോഗിച്ച് ഹിന്ദുത്വവാദത്തിന്റെ അടിസ്ഥാനപ്രമാണങ്ങളേയും ബ്രാഹ്മണ്യമേധാവിത്തത്തേയും കുടിയിരുത്താനാണ് ബിജെപിയും സഖ്യകക്ഷികളും അധികാരം കിട്ടിയ സംസ്ഥാനങ്ങളിലെല്ലാം തന്നെ ശ്രമിച്ചത്. ജനാധിപത്യവിരുദ്ധതയെ വളർത്തുകയും അതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഒരു ജനതയെയാണ് ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾ എവിടേയും സ്വാഗതം ചെയ്യുന്നത്. പശുവിനെ ആരാധിക്കുന്നവരുടേയും ഹിന്ദുത്വശക്തികളുടേയും പിന്തുണ ഉറപ്പാക്കുന്നതിനു പുറമേ, സസ്യാഹാരികളായ ജനതയെ തങ്ങളുടെ ഗോവധ നിരോധന സമീപനത്തിലൂടെ ഒപ്പം ചേർക്കാനും ബിജെപിയിലേക്ക് പതിയെ അടുപ്പിക്കാനും അവർക്ക് സാധിക്കുന്നുണ്ട്. എന്തിന്, കേരളത്തിൽപ്പോലും ഹിന്ദു സമൂഹത്തിലെ വലിയൊരു വിഭാഗം പേരെ ഗോവധ നിരോധനവാദം ഉന്നയിക്കുകവഴി ഒപ്പം ചേർക്കാമെന്നും അതുവഴി ന്യൂനപക്ഷ സമുദായത്തിനെതിരെയുള്ള തങ്ങളുടെ അധിക്ഷേപങ്ങൾ ശക്തിപ്പെടുത്തി, വർഗീയ ചേരിതിരിവ് സൃഷ്ടിക്കാമെന്നുമാണ് അവർ വ്യാമോഹിക്കുന്നത്. 

കാർഷികവ്യവസ്ഥിതിയെ ആശ്രയിച്ചു നിലകൊണ്ടിരുന്ന ഒരു സന്പദ് വ്യവസ്ഥയിൽ കന്നുകാലികൾ ആരാധിക്കപ്പെട്ടതിൽ അത്ഭുതമൊന്നുമില്ല. മരങ്ങളേയും പുഴയേയും മലയേയുമൊക്കെ ആരാധിച്ചുപോരുന്നതുപോലെ തന്നെ മൃഗങ്ങളെ ആരാധിക്കുന്നതിലും പാരിസ്ഥിതികമായ ഒരു പാരസ്പര്യമുണ്ട്. എന്നാൽ കാലം മാറിയപ്പോൾ അത്തരം ആരാധനകളുടെ യഥാർത്ഥ ലക്ഷ്യങ്ങൾ തമസ്‌കരിക്കപ്പെടുകയും പശു എന്ന ഹൈന്ദവതയുടെ ബിംബവൽക്കരണത്തിന്റെ ഭാഗമാകുകയും ചെയ്തു. മറ്റു വിശ്വാസങ്ങളിൽപ്പെട്ട ജനവിഭാഗങ്ങളെ ഇകഴ്ത്തിക്കാട്ടാനും അവർക്കുമേൽ കുതിര കയറാനുമുള്ള ബിംബമായി മാറി പശു. ഗോരക്ഷകർ എന്ന പേരിൽ അവതരിച്ച ഈ തെമ്മാടിക്കൂട്ടം തെരുവിൽ മറ്റു മതവിഭാഗക്കാർക്കെതിരെ വാളെടുത്തു. വേദകാലത്ത് മാംസഭുക്കുകളായിരുന്നു ഹിന്ദുക്കളെന്നും ബുദ്ധമതവും ജൈനമതവും സൃഷ്ടിച്ച സ്വാധീനമാണ് അവരെ സസ്യാഹാരത്തിലേക്ക് നയിച്ചതെന്നതും അറിയാത്തവരല്ല ഇക്കൂട്ടർ. മുഗൽ ചക്രവർത്തിയായ ഹുമയൂണിന്റെ കാലത്തും ബഹദൂർ ഷാ സഫറിന്റെ കാലത്തുമൊക്കെ പശുവിനെ അറുക്കുന്നത് കലാപങ്ങൾക്ക് വഴിവയ്ക്കുകയും അത് നിരോധിക്കാൻ നിർബന്ധിതരാകുകയും ചെയ്തിരുന്നു അവർ. ബ്രിട്ടീഷുകാരുടെ കാലത്ത് ആദ്യ സ്വാതന്ത്ര്യസമരമായി കണക്കാക്കപ്പെടുന്ന ശിപായി ലഹളയ്ക്ക് കാരണമായത് പശുവിൻ നെയ്യും പന്നിനെയ്യും പുരണ്ടിയ പേപ്പറുകൾ ഉപയോഗിച്ചാണ് കാട്രിഡ്ജുകൾ കവർ ചെയ്തിരുന്നതെന്നും അത് കടിച്ചുപൊട്ടിക്കുന്നതിലൂടെ ബ്രിട്ടീഷുകാർ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുകയാണെന്നുമായിരുന്നു ആരോപണം. 

ഈ പൗരാണിക പശുദേശീയതയെ കൂട്ടു പിടിച്ച് വർഗീയവിഷ വിപണനത്തിലൂടെ ഇന്ത്യയെ വിഭജിക്കാമെന്നും അതിലൂടെ തങ്ങൾക്ക് അനിഷേധ്യശക്തിയായി വളരാമെന്നുമാണ് കാവിപ്പടയുടെ ചിന്ത. അതിന്റെ ഭാഗമായാണ് പശുദേശീയതയെ പരിപോഷിപ്പിക്കാൻ ഗോരക്ഷാസംഘങ്ങളെ രംഗത്തിറക്കിയതും പശുവിനെ അറുക്കാൻ കൊണ്ടുപോകുന്നുവെന്നു പറഞ്ഞ് പാവങ്ങളെ തല്ലിക്കൊല്ലാൻ തുടങ്ങിയതും. സർക്കാരുകളാകട്ടെ ഗോരക്ഷ തെമ്മാടികളുടെ ചെയ്തികൾക്കൊക്കെ ചൂട്ടുപിടിക്കുന്ന സമീപനവും സ്വീകരിച്ചു. ഗോരക്ഷക്കാർ തല്ലിക്കൊന്നയാളുടെ വീട്ടിലെ ഫ്രിഡ്ജിലിരിക്കുന്ന മാംസം പശുവാണോ മട്ടനാണോ എന്നൊക്കെ ഫോറൻസിക് ടെസ്റ്റിനയച്ചു അവർ. പശുപ്രേമികളുടെ ഈ അഴിഞ്ഞാട്ടം ഗുജറാത്തിലും രാജസ്ഥാനിലും ഉത്തരപ്രദേശിലും മഹാരാഷ്ട്രയിലും കർണാടകയിലും ജാർക്കണ്ധിലുമെല്ലാം തകർക്കുകയാണ് ഇപ്പോൾ. രാജസ്ഥാനിലെ കർഷകനെ ഗോരക്ഷകർ തല്ലിക്കൊന്നതിനു പിറകെ, സുപ്രീം കോടതി ഈ ആറ് ബിജെപി ഭരണ സംസ്ഥാനങ്ങളോട് എന്തുകൊണ്ട് അവർ ഗോരക്ഷക് ദളിനെ നിരോധിക്കുന്നില്ലെന്നതിന് കാരണം കാണിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണെങ്കിലും സംസ്ഥാനങ്ങൾ ഇനിയും പ്രതികരിച്ചിട്ടില്ല. നേരത്തെ നരേന്ദ്ര മോഡി തന്നെ ഗോരക്ഷാ ദളിനെതിരെ രംഗത്തു വന്നിരുന്നുവെങ്കിലും ഉത്തരപ്രദേശിൽ ആർഎസ്എസ് താൽപ്പര്യത്തിന് അനുസൃതമായി മുഖ്യമന്ത്രിയായി ക്ഷേത്ര പൂജാരിയെ അവരോധിച്ചതിനുശേഷം മോഡി ഇതേപ്പറ്റി മൗനം പാലിക്കുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സുപ്രീം കോടതിക്ക് മുന്നിൽ ഗോരക്ഷകരുടെ കാടത്തങ്ങളെപ്പറ്റിയുള്ള പൊതു താൽപ്പര്യ ഹർജി ലഭിച്ചത്. ഗോരക്ഷകർ പശുക്കള്ളക്കടത്ത് തടയുക വഴി മഹത്തായ പ്രവർത്തനമാണ് കാഴ്ച വെയ്ക്കുന്നതെന്നാണ് രാജസ്ഥാനിലെ ബിജെപി മന്ത്രി കട്ടാരിയ പറയുന്നതെങ്കിലും കേന്ദ്രത്തിൽ കട്ടാരിയക്ക് അത്ര പിന്തുണയൊന്നുമുണ്ടെന്നു തോന്നുന്നില്ല. കാരണം പാർലമെന്റിൽ ഗോരക്ഷകന്മാരുടെ തോന്ന്യാസങ്ങൾ കാരണം നിന്നു തിരിയാൻ പറ്റാതെ പെട്ടിരിക്കുകയാണ് ബിജെപി. പോരാത്തതിന് ദേശീയ മനുഷ്യാവകാശ കമ്മീഷനും രാജസ്ഥാൻ സർക്കാരിനോട് ഗോരക്ഷകരെ തടയാൻ ആവശ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ആദ്യം ഗോരക്ഷകരുടെ തെമ്മാടിത്തം അറിഞ്ഞില്ലെന്നു നടിച്ച ബിജെപി ന്യൂനപക്ഷ മന്ത്രി മുക്താർ അബ്ബാസ് നഖ്്വിക്ക് പിന്നീട് പ്രതിഷേധത്തെ തുടർന്ന് തന്റെ നിലപാട് തിരുത്തേണ്ടതായും വന്നിരുന്നു.

ആർഎസ്എസും പശുവും തമ്മിൽ ഏതെങ്കിലും തമ്മിൽ ഉഭയകക്ഷി ബന്ധമുള്ളതായി അറിയില്ലെങ്കിലും സംഘ് പരിവാറിന്റെ ഇതേ അജണ്ടയുടെ ചുവടുപിടിച്ചാണ് ഗോവധ നിരോധനം ഇന്ത്യയൊട്ടുക്ക് നടപ്പാക്കണമെന്നാണ് കഴിഞ്ഞയാഴ്ച ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് വ്യക്തമാക്കിയത്. എന്തിന്, സംഘികളുടെ ഈ പ്രചാരണങ്ങൾ ഏറ്റെടുക്കാൻ മറ്റു രാഷ്ട്രീയകക്ഷികളിലെ നേതാക്കന്മാർ കൂടി ഇപ്പോൾ ഏറ്റെടുക്കാൻ തയാറാകുന്നുണ്ടെന്നതാണ് അതിനേക്കാൾ ഭീതിദമായ യാഥാർത്ഥ്യം. സമാജ്‌വാാദി പാർട്ടി നേതാവും ഉത്തരപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാൻ ഇന്ത്യയിൽ ഗോവധം രാജ്യവ്യാപകമായി നിരോധിക്കണമെന്നും മുസ്ലിംകൾ പശുവിറച്ചി തിന്നുന്നത് ഉപേക്ഷിക്കണമെന്നും കഴിഞ്ഞയാഴ്ച പ്രസ്താവിച്ചിരുന്നു. ഇന്ത്യക്കാർ എന്ത് ഭക്ഷിക്കണം, എന്തു ഭക്ഷിക്കരുത് എന്നതിനെപ്പറ്റി സംഘ് പരിവാർ ശക്തികൾ നടത്തുന്ന പ്രചാരണം എങ്ങനെയാണ് മറ്റു രാഷ്ട്രീയകക്ഷികൾ പോലും ഇപ്പോൾ ഏറ്റെടുത്തുകൊണ്ടിരിക്കുന്നതെന്നതിന്റെ തെളിവാണ് അസംഖാന്റെ ഈ പ്രസ്താവന. ബാബറി മസ്ജിദിന്റെ തകർക്കലിനുശേഷം ഇന്ത്യൻ മുസ്ലിംകളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് അവരെ ഹിന്ദുക്കളിൽ നിന്നും ഭിന്നിപ്പിച്ചു നിർത്തിയ അതേ തന്ത്രം തന്നെയാണ് മറ്റ് സംസ്ഥാനങ്ങളിൽ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ഗോവധ നിരോധനവുമായി രംഗത്തിറങ്ങാൻ സംഘ് പരിവാറിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിനും കോൺഗ്രസിനും ശക്തമായ അടിത്തറയുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിൽ പോലും ഗോവധ നിരോധന ക്യാന്പയിൻ ശക്തിപ്പെടുത്തുക വഴി വർഗീയമായ ചേരിതിരിവ് തങ്ങൾക്ക് സാധ്യമാക്കാമെന്നാണ് സംഘികളുടെ കണക്കുകൂട്ടൽ. 

ബിജെപിയുടെ സുവർണകാലം ഇനിയുമായിട്ടില്ലെന്നും ഒറീസ്സയും ബംഗാളും കേരളവും തങ്ങളുടെ വരുതിയിലെത്തിയാൽ മാത്രമേ ഇന്ത്യ ഭരിക്കുകയാണെന്ന് ബിജെപിക്ക് അവകാശപ്പെടാനാകുകയുള്ളുവെന്നും കഴിഞ്ഞയാഴ്ച അമിത് ഷാ ബിജെപി ഭാരവാഹികളോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. മലപ്പുറം പോലൊരു മുസ്ലിം ഭൂരിപക്ഷപ്രദേശത്തു പോലും ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ 970 വോട്ടിന്റെ വർധനവുണ്ടായത് ചെറിയ കാര്യമായി കണക്കാക്കിക്കൂടാ. ഗോവധം അടക്കമുള്ള കാര്യങ്ങളിൽ ബിജെപി വിരുദ്ധ വികാരം ശക്തിപ്പെട്ടിരുന്ന സമയത്താണ് 65,675 വോട്ടുകൾ ബിജെ പി പിടിച്ചത്. മൊത്തം വോട്ടിന്റെ ഏഴു ശതമാനം മാത്രമേയുള്ളു അതെന്ന് പറഞ്ഞ് ആശ്വസിക്കാൻ വരട്ടെ. മലപ്പുറത്ത് ബിജെപി അവരുടെ ലക്ഷ്യം സാക്ഷാൽക്കരിച്ചുവെന്നു വേണം കരുതാൻ. ബീഫ് രാഷ്ട്രീയം കൊണ്ടുവരിക വഴി തങ്ങളുടെ ഹാർഡ്‌കോർ വോട്ടർമാരെ കൃത്യമായി മലപ്പുറത്ത് ഐഡന്റിഫൈ ചെയ്യാൻ അവർക്കായി എന്നതാണ് പ്രധാനം. ബി ജെ പിയുടെ വോട്ട് ശതമാനത്തിൽ 7.58ൽ നിന്നും 7.02ലേക്ക് ശതമാനം താഴ്ന്നതും നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 7772 വോട്ടുകളുടെ ചോർച്ചയുണ്ടായിയെന്നതും ബിജെപിയുടെ വിഭജനരാഷ്ട്രീയം കേരളത്തിൽ പച്ചപിടിച്ചു തുടങ്ങിയിരിക്കുന്നുവെന്ന വിധത്തിൽ വേണം നോക്കിക്കാണാൻ. സഖ്യകക്ഷിയായ ബിഡിജെഎസിന്റെ പിന്തുണയില്ലാതെയാണ് ബി ജെ പിക്ക് ഈ വോട്ടു കിട്ടിയതെന്നതും പ്രധാനം. മലപ്പുറം പോലൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ വർഗീയമായി വിഭജിക്കാൻ ബിജെപിക്ക് ആയെങ്കിൽ തീർച്ചയായും ഇതേ തന്ത്രം ഉപയോഗിച്ചുകൊണ്ട് ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ വർഗീയ ചേരിതിരിവുണ്ടാക്കി വോട്ട് ബാങ്ക് തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ അവർക്കാകും. 

പശുവിനെ അക്ഷരാർത്ഥത്തിൽ ജനതയെ വിഭജിക്കുന്ന ഒരു ഭീകരജീവിയായി വളർത്തിക്കൊണ്ടുവരികയാണ് ഇന്ന് ബിജെപി. കേരളം പോലൊരു സംസ്ഥാനത്തു പോലും പശുവിനെ മുന്നിൽ നിർത്തി മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങളെ ഹിന്ദു മതക്കാരിൽ നിന്നും അകറ്റാനാകുമെന്ന പ്രതീക്ഷയാണ് ബിജെപിയും ആർഎസ്എസ്സും വച്ചുപുലർത്തുന്നത്. ഗോവധ നിരോധനമെന്ന മുദ്രാവാക്യത്തിന് ഹിന്ദു സമുദായത്തിന്റെ പിന്തുണ ലഭിക്കുന്നപക്ഷം ബിജെപി ലക്ഷ്യമിടുന്ന വിഭാഗീകരണപ്രക്രിയ പൂർണമാകും. ജാതിമതശക്തികൾക്ക് നല്ല വേരോട്ടമുള്ള കേരളത്തെ സംബന്ധിച്ചിടത്തോളം പശുവിനെ ഉപയോഗിച്ച് നേട്ടം കൊയ്യാനാകുമെന്ന് ബിജെപി പ്രത്യാശിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് കെ സുരേന്ദ്രൻ മലപ്പുറം തെരഞ്ഞെടുപ്പ് സമയത്ത് പശുവിനെ കൊല്ലാൻ നാട്ടുകാരെപ്പോലും വെല്ലുവിളിച്ചതെന്ന് വ്യക്തം. 

ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ തേരോട്ടം തടയുമെന്ന് പ്രത്യാശിക്കുന്ന ഇടതുപക്ഷവും വലതുപക്ഷവും കേരളത്തിൽ ഹിന്ദുത്വയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നത് ബിജെപിയുടെ ജോലി എളുപ്പമാക്കിക്കൊണ്ടിരിക്കുകയാണ്. കോദ്‌നിയിലെ ഫസൽ കൊലപാതകത്തിലും കാസർകോട്ടെ റിയാസ് മൗലവി കൊലപാതകവിഷയത്തിലും ഇടതു സർക്കാർ കാണിച്ച അലംഭാവവും ഹിന്ദുത്വചേരിയിലാണെന്ന് കരുതപ്പെടുന്ന മുൻ ഡിജിപി രമൺ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനായി നിയമിച്ചതും സംഘ്പരിവാർ അനുകൂല സമീപനമാണ് ഇടതുപക്ഷം വച്ചുപുലർത്തുന്നതെന്ന് വായിക്കപ്പെടാൻ ഇടയാക്കിയിട്ടുമുണ്ട്. അതേസമയം നരേന്ദ്രമോഡി സർക്കാരിന്റെ നിലപാടുകളെ ചെറുക്കാൻ ദേശീയതലത്തിൽ കോൺഗ്രസിനു കഴിയാതെ പോകുന്നത് അവരിലുള്ള ന്യൂനപക്ഷത്തിന്റെ വിശ്വാസത്തകർച്ചയ്ക്കും കാരണമായിരിക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് പശുവിനെ ആയുധമാക്കിക്കൊണ്ട്, വർഗീയമായി കേരളത്തെ വിഭജിക്കാൻ ബിജെപി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. രാജ്യമൊട്ടുക്ക് ഗോവധ നിരോധനം നടപ്പാക്കണമെന്ന സംഘ്പരിവാറിന്റെ മുറവിളികൾ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന കാര്യത്തിൽ തർക്കം വേണ്ട. പക്ഷേ അത് ഇന്ത്യയുടെ മതേതരത്വത്തേയും ബഹുസ്വരതയേയും എത്ര ദോഷകരമായാണ് ബാധിക്കാൻ പോകുന്നതെന്നത് നാം ചിന്തിക്കുന്നതിനേക്കാൾ ദയനീയമായിരിക്കുമെന്നു തീർച്ച.

You might also like

Most Viewed