അക്കരപ്പച്ച ബന്ധങ്ങളു­ടെ­ ഉള്ളറകൾ!


ജെ. ബിന്ദുരാജ്

ചില വിഷയങ്ങൾ തുറന്നെഴുതുക അത്ര എളുപ്പമുള്ള കാര്യമല്ല. സത്യം പറയുന്പോൾ ഉണ്ടാകാനിടയുള്ള കൂക്കുവിളികളും സദാചാരമുറവിളികളും ആക്രോശങ്ങളുമെല്ലാം നേരിടേണ്ടി വരും. അത്തരമൊരു വിഷയമാണ് വിവാഹേതരബന്ധങ്ങൾ. കേരളത്തിനകത്തും പുറത്തുമെല്ലാം അതുണ്ടെങ്കിലും അതുണ്ടെന്നു സമ്മതിക്കാനോ തങ്ങളുടെ വ്യക്തിജീവിതത്തിലും അതിന്റെ അനുരണനങ്ങൾ ദൃശ്യമാണെന്നു പറയാനോ ആരും തന്നെ തയ്യാറാവുകയുമില്ല. പകരം പകർച്ചവ്യാധിയുള്ള ഒരാളെ കാണുന്പോൾ അകറ്റിനിർത്തും പോലെ, കഴിവതും ഈ വിഷയത്തെ തങ്ങളുടെ സ്വകാര്യസംഭാഷണങ്ങളിൽ നിന്നും പലരും അകറ്റിനിർത്തും. ആണും പെണ്ണും ഇക്കാര്യത്തിൽ ഒരുപോലെയാണ്. കണ്ണടച്ചുകൊണ്ട് പാലു കുടിക്കുന്ന പൂച്ചയെപ്പോലെ വിവാഹേതരബന്ധങ്ങളുടെ രുചി നുകരുന്നതിനൊപ്പം തങ്ങൾ അതിന്റെ ഭാഗമായിട്ടേയില്ല എന്നു സ്ഥാപിക്കാൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കും. ഫെയ്സ് ബുക്കിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും സുഹൃദ് സദസ്സുകളിലും നാഴികയ്ക്ക് നാൽപതുവട്ടം ‘എന്റെ ഭാര്യ, എന്റെ ഭർത്താവ്’ എന്നൊക്കെ പോസ്റ്റുകളായും ഫോട്ടോകളായും വാമൊഴിയായുമൊക്കെ ശബ്ദിക്കുന്നവരുടെ വീടുകളിൽ പലപ്പോഴും അസമാധാനത്തിന്റെ വിളവെടുപ്പുകളായിരിക്കും ഉണ്ടാകുകയെന്നതാണ് വാസ്തവം. കാമുകന്റെ വാട്ട്സാപ്പ് സന്ദേശം കുളിമുറിയിലിരുന്നു വായിച്ചാനന്ദിച്ച്, കുളിച്ചൊരുങ്ങി സ്വീകരണമുറിയിൽ വീർപ്പുമുട്ടലോടെ ഭർത്താവിനും കുഞ്ഞുങ്ങൾക്കുമൊപ്പമിരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു നമ്മുടെ സ്ത്രീകൾ. കാമുകിയുമൊത്ത് കിടക്ക പങ്കിട്ടതിന്റെ സുഖസുഷുപ്തിയുടെ സ്മരണകളുമായി ബോറടിപ്പിക്കുന്ന ഭാര്യയ്ക്കൊപ്പം രാത്രി വിരസമായ രതിയിലേർപ്പെടുന്നു നമ്മുടെ ഭർത്താക്കന്മാർ. 

ഇതൊരു സംഭവകഥയാണ്. കഥാപാത്രങ്ങളുടെ പേര് സാങ്കൽപികമാണെന്നു മാത്രം. മാർക്കറ്റിങ് എക്സിക്യൂട്ടീവായ കൊച്ചിക്കാരൻ രാഹുലിന് രേണുക എന്ന ഭാര്യയല്ലാതെ മറ്റ് മൂന്ന് സജീവ വിവാഹേതര ബന്ധങ്ങളുണ്ട്. ഇവർക്കായി രാഹുൽ തന്റെ സമയം കൃത്യമായി പകുത്തു നൽകുന്നുമുണ്ട്. രേണുകയെ രാഹുൽ വിവാഹം ചെയ്തത് നാലു വർഷങ്ങൾക്കുമുന്പാണ്. ഒരു വർഷം പിന്നിട്ട സമയത്താണ് രാഹുൽ ഒരു ബിസിനസ് മീറ്റിങ്ങിൽ പരിചയപ്പെട്ട സ്വാതിയുമായി അടുപ്പത്തിലാകുന്നത്. സ്വാതിയുടെ സുഹൃത്തും വിവാഹമോചിതയുമായ ജീവയാണ് രാഹുലിന്റെ രണ്ടാമത്തെ സമയംകൊല്ലി പ്രണയിനി. ഒരു മൾട്ടിനാഷണൽ ഫുഡ് ജോയിന്റിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് മൂന്നാമത്തെ പ്രണയിനിയെ അവിടെ രാഹുൽ കണ്ടെത്തുന്നത്.  ഈ പ്രണയിനികളുടെയെല്ലാം ആഗ്രഹങ്ങളൊക്കെ പൂർത്തീകരിച്ചു നൽകാനും ആവത് ശ്രമിക്കാറുണ്ട് രാഹുൽ. തന്റെ ദാന്പത്യത്തിന്റെ വിരസതയെ ഇല്ലായ്മ ചെയ്യുന്നതിൽ ഈ ബന്ധങ്ങൾക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്നാണ് രാഹുലിന്റെ പക്ഷം. 

പുതിയ ബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്നുകൊണ്ട് ചിന്തിക്കുന്പോൾ വലിയ അസാധാരണത്വമൊന്നുമില്ല രാഹുലിന്റെ ജീവിതകഥയ്ക്ക്. തങ്ങൾക്ക് വിവാഹേതരബന്ധങ്ങളില്ലെന്ന് പറഞ്ഞുകൊണ്ടു തന്നെ, അവിഹിതബന്ധങ്ങളിൽ അസാധാരണമായി എന്താണുള്ളതെന്ന് മലയാളി ചോദിക്കുന്ന കാലമാണിത്. വിവാഹത്തിനു പുറത്ത് വിവാഹജീവിതത്തിനുള്ളിലെ വൈകാരിക വന്ധ്യത മാറ്റാൻ ഒന്നോ രണ്ടോ പ്രണയങ്ങളാകുന്നതിൽ എന്താണ് തെറ്റെന്ന് ഈയടുത്താണ് എഴുത്തുകാരി എസ് ശാരദക്കുട്ടി ചോദിച്ചത്. വിവാഹേതര ബന്ധങ്ങൾ പിറവിയെടുക്കുന്നത് ദാന്പത്യബന്ധങ്ങളിലെ വിരസതയിൽ നിന്നാണെന്ന് അറിയാത്തവരുണ്ടാകില്ല. മുൻകാലങ്ങളിലെന്നപോലെ വൈകാരികമായി പെരുമാറാനും ലൈംഗികതയിൽ ആവേശം കാട്ടാനോ ദന്പതികൾക്ക് പ്രായത്തിന്റേയും സമയത്തിന്റേയും പരിമിതികൾ മൂലം കഴിയാനാകാതെ വരുന്പോഴാണ് പതിയെപതിയെ മറ്റു ബന്ധങ്ങളിലേയ്ക്ക് അവർ ആകർഷിക്കപ്പെടുന്നത്. സുഹൃത്തുക്കളുടെ ഭാര്യമാരുമായോ ഭർത്താക്കന്മാരുമായോ അവിവാഹിതരായ സുഹൃത്തുക്കളുമായോ പുതിയ ബന്ധം അവർ സ്ഥാപിക്കുന്നു. മറ്റേതൊരു ബന്ധത്തെപ്പോലെയും ഈ ബന്ധത്തിലും കാലം കഴിയുന്തോറും വിരസത അനുഭവപ്പെട്ടു തുടങ്ങുമെങ്കിലും താൽക്കാലികമായെങ്കിലും വീർപ്പുമുട്ടിക്കുന്ന അലോസര ജീവിതത്തിൽ നിന്നുള്ള  ഒരു അത്താണിയായി പലർക്കുമിത് അനുഭവപ്പെട്ടേക്കാം. 

പ്രണയത്തിൽ നിന്നും കുടുംബജീവിതത്തിലേയ്ക്കും ജീവിതത്തിന്റെ ദൈനംദിന ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിലേയ്ക്കും തൊഴിൽ സമ്മർദ്ദങ്ങളിലേയ്ക്കുമൊക്കെ വീണുപോകുന്ന ദന്പതിമാർ വിവാഹത്തിനപ്പുറം മറ്റു പല ബന്ധങ്ങളും തേടുന്നതിൽ അത്ഭുതത്തിനു വകയൊന്നുമില്ല. മക്കളുടെ വിദ്യാഭ്യാസം, സാന്പത്തിക കാര്യങ്ങൾ എന്നിങ്ങനെ പലതിലും കെട്ടുപിണഞ്ഞു കിടക്കുന്ന കുടുംബബന്ധത്തിനു പുറത്ത്, തൊഴിൽ സ്ഥലത്തോ പുറത്തോ സ്നേഹം തേടുന്ന മനസ്സുകൾ വർദ്ധിച്ചുവരുന്നുണ്ടെന്നാണ് മനശ്ശാസ്ത്രജ്ഞർ പറയുന്നത്. എല്ലാ ബന്ധങ്ങൾക്കും ഒരു മധുവിധു കാലമുണ്ടെന്നും ആ കാലം അവസാനിച്ചുകഴിഞ്ഞാൽ ഏതൊരു ബന്ധത്തിലും ബോറടി ആരംഭിക്കുമെന്നുമാണ് അവരുടെ പക്ഷം. ആയതിനാൽ അക്കരപ്പച്ച ബന്ധങ്ങളിലേയ്ക്ക് അവർ നയിക്കപ്പെടുകയും ചെയ്യും. തൊഴിൽ സ്ഥലത്തെ സൗഹൃദമായും സ്‌കൂൾകാല സുഹൃത്തിന്റെ തിരിച്ചുവരവായും കോളേജുകാല പ്രണയത്തിന്റെ രണ്ടാം ഭാഗമായും സൗഹൃദക്കൂട്ടായ്മയിൽ നിന്നും പിറവിയെടുക്കുന്ന ബന്ധമായുമൊക്കെ അത് രൂപം പ്രാപിക്കുകയും ചെയ്യും. ഇത്തരം ബന്ധങ്ങളിൽ അസ്വാഭാവികത കാണുകയും കുടുംബബന്ധങ്ങളെ അത് ദോഷകരമായി ബാധിക്കുകയും ചെയ്തിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നുവെങ്കിലും പുതിയ കാലത്തിൽ അതൊരു സാധാരണ കാര്യമായി മാറിയിരിക്കുന്നുവെന്നതാണ് സത്യം. സാമൂഹ്യവും സാന്പ
ത്തികവുമായ വിഷയങ്ങളും ഇത്തരം ബന്ധങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. കുടുംബപ്രാരബ്ധങ്ങളിൽപ്പെട്ടിരിക്കുന്ന പങ്കാളികൾ സാന്പത്തികമായി മുന്നോക്കം നിൽക്കുന്നവരിലേയ്ക്ക് ആകർഷിക്കപ്പെടുന്നതും മെച്ചപ്പെട്ട സാമൂഹ്യസാഹചര്യങ്ങളിൽ ജീവിക്കുന്നവരുമായി അടുപ്പം സ്ഥാപിക്കുന്നതും സാധാരണമായ കാര്യം. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടുപോകുക എന്ന സ്വഭാവത്തോട് കൺസ്യൂമറിസ്റ്റ് കേരളത്തിന് അത്ര ആഭിമുഖ്യമൊന്നുമില്ലല്ലോ.

വിരസമായ ദാന്പത്യങ്ങൾ വിരസമായ ജീവിതങ്ങളാണ് സമ്മാനിക്കുന്നത്. വിവാഹത്തിന്റെ ആദ്യവർഷങ്ങളിൽ ഭാര്യയ്ക്കും ഭർത്താവിനും പരസ്പരമുണ്ടായിരുന്ന ആകർഷണങ്ങളൊക്കെ തന്നെയും പതിയെപതിയെ ഇല്ലാതാകുന്നത് യാഥാർത്ഥ്യമാണ്. ഇതാകട്ടെ ഒരുതരം മുരടിപ്പിലേയ്ക്കും ഉൽകണ്ഠയിലേക്കും വിഷാദത്തിലേക്കുമെല്ലാം സ്ത്രീപുരുഷന്മാരെ തള്ളിവിടുന്നു. മാനസികാസ്വാസ്ഥ്യങ്ങളുടെ ഒരു അഗ്‌നിപർവ്വതം പതുക്കെ വീട്ടിനുള്ളിൽ പുകയാൻ ആരംഭിക്കുകയും ചെയ്യുന്നു. അകാരണമായ ദേഷ്യവും എല്ലാറ്റിനോടുമുള്ള അകൽച്ചയും ഏകാന്തതയുമൊക്കെ ആത്മഹത്യയിലേക്ക് വരെ ഒരാളെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും. കേരളത്തിൽ വിഷാദവും ഉൽകണ്ഠയുമൊക്കെ ഉൾപ്പെടുന്ന മാനസികാസ്വാസ്ഥ്യങ്ങളുടെ തോത് നേരത്തെ ഒന്പതു ശതമാനമായിരുന്നുവെന്നും 2020 ആകുന്പോഴേക്ക് ജീവിതത്തിൽ ഏറ്റവുമധികം പരാധീനത സൃഷ്ടിക്കുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് വിഷാദം എത്തുമെന്നുമാണ് പ്രമുഖ സൈക്യാട്രിസ്റ്റായ ഡോക്ടർ സിജെ ജോൺ പറയുന്നത്. മനശ്ശാസ്ത്രജ്ഞർക്കടുത്ത് ഇന്ന് ചികിത്സയ്ക്കെത്തുന്ന ദന്പതിമാരിൽ ഭൂരിഭാഗത്തേയും വലച്ചിരിക്കുന്നത് വിഷാദരോഗവും ഉൽകണ്ഠയുമാണെന്നതാണ് സത്യം.  

ജീവിതത്തിൽ തങ്ങൾ സ്നേഹിക്കപ്പെടുകയും മാനിക്കപ്പെടുകയും ചെയ്യുന്നില്ലെന്നും പണമുണ്ടാക്കുന്ന ഒരു ഉപകരണത്തിന്റെ സ്ഥാനം മാത്രമേ തങ്ങൾക്ക് കുടുംബത്തിലുള്ളുവെന്നും ചിന്തിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും ദാന്പത്യങ്ങളിൽ കുരുങ്ങിക്കിടപ്പുണ്ട്. തങ്ങളുടെ മകൻ അല്ലെങ്കിൽ മകൾ സ്വന്തം കാലിൽ നിൽക്കുന്ന കാലത്തോളം അവർക്ക് തുണയായി ഇരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന ഒരൊറ്റ കാരണത്താൽ ദാന്പത്യബന്ധം തുടരാൻ നിർബന്ധിതരായിട്ടുള്ള എത്രയോ ദന്പതിമാരെ നമുക്കു തന്നെ നേരിട്ടറിയാം. അക്കരപ്പച്ച ബന്ധങ്ങൾക്കു പലതും തുടക്കമാകുന്നത് അവിടെ നിന്നാണ്. 2002−ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ അൺഫെയ്ത്ത്ഫുൾ എന്ന സിനിമ തന്നെയെടുക്കൂ. വിവാഹജീവിതത്തിലെ വിരസതയിലെപ്പോഴോ അപരിചിതനായ ഒരാളുമായി അടുക്കുകയും അയാൾ ആ ഭർതൃമതിയായ സ്ത്രീയെ ശാരീരികബന്ധത്തിലേക്ക് എത്തിക്കുകയും ഭർത്താവ് ഈ ബന്ധം തിരിച്ചറിയുകയും ഒരു പ്രത്യേക സാഹചര്യത്തിൽ ഭർത്താവിനാൽ ജാരൻ വധിക്കപ്പെടുകയും തുടർ സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. വിവാഹേതരബന്ധം മൂലം ഉണ്ടാകാനിടയുള്ള ഭവിഷ്യത്തുകളെപ്പറ്റി വൈകാരികമായി ശബ്ദിക്കുന്നുവെന്നിടത്താണ് അൺഫെയ്ത്ത്ഫുൾ വേറിട്ടു നിൽക്കുന്നത്. 

വിവാഹേതരബന്ധങ്ങൾ വിരസമായ ദാന്പത്യം ഒഴിവാക്കാൻ പര്യാപ്തമാണെന്ന് പറയുന്നവർ പക്ഷേ കാണാതെ പോകുന്നത് അതിൽ പതിയിരിക്കുന്ന വലിയ അപകടങ്ങളാണ്‌. സ്വന്തമാക്കണമെന്ന ആഗ്രഹം മറഞ്ഞിരിക്കുന്ന വികാരമാണ് പ്രണയം. 2001 മുതൽ 2015 വരെയുള്ള കാലയളവിൽ പ്രണയം ഇന്ത്യയിൽ കൊല ചെയ്തത് 38,585 പേരെയാണ്. കൊലപാതകത്തിന്റെ എണ്ണത്തേക്കാൾ കൂടുതലാണ് പ്രണയം മൂലമുള്ള ആത്മഹത്യകളുടെ എണ്ണം (79,189 പേർ). ഇതിൽ വിവാഹേതരബന്ധങ്ങളുടെ സാന്നിധ്യമുള്ള കൊലപാതകങ്ങളും ആത്മഹത്യകളും ഏറെയാണ്. 2014−ൽ ടെക്‌നോപാർക്കിലെ ഡയമൺസ് സൈബർടെക് ലിമിറ്റഡ് എന്ന കന്പനിയിലെ ജീവനക്കാരായ 40−കാരനായ നിനോ മാത്യുവും 30−കാരിയായ അനുശാന്തിയും തമ്മിലുടലെടുത്ത വിവാഹേതര ബന്ധം കൊലപാതകത്തിലേക്കുള്ള നീളുന്ന കാഴ്ച നാം കണ്ടതാണല്ലോ. ഭർത്താവായ ലിജീഷിനെ കൊലപ്പെടുത്താനായി കാമുകനായ നിനോ മാത്യുവിന് വീടിന്റെ ദൃശ്യങ്ങൾ അനുശാന്തി മൊബൈലിൽ ഷൂട്ട് ചെയ്ത് നിനോയ്ക്ക് അയച്ചു നൽകിയതും നിനോയുടെ കൊലക്കത്തിക്ക് മൂന്നുവയസ്സുകാരിയായ സ്വാസ്തികയും അമ്മായിയമ്മ ഓമനയും ഇരയായതും ലിജീഷ് കഷ്ടി രക്ഷപ്പെട്ടതുമൊന്നും നമുക്ക് മറക്കാറായിട്ടില്ല. ആന്ധ്രാപ്രദേശും ഉത്തരപ്രദേശുമാണ് വിവാഹേതര ബന്ധങ്ങൾ മൂലമുള്ള കൊലപാതകങ്ങളിൽ പ്രഥമസ്ഥാനങ്ങളിൽ നിൽക്കുന്നതെന്നാണ് കണക്കുകൾ. ആന്ധ്രയിൽ 2015−ൽ ഉണ്ടായ 1099 കൊലപാതകങ്ങളിൽ 198 എണ്ണം വിവാഹേതര ബന്ധങ്ങളുടെ സംഭാവനയാണത്രേ. മഹാരാഷ്ട്രയിലും ബീഹാറിലും തെലുങ്കാനയിലുമെല്ലാം വിവാഹേതരബന്ധങ്ങൾ മൂലമുള്ള കുറ്റകൃത്യങ്ങൾ മറ്റ് സംസ്ഥാനങ്ങളിലുള്ളതിനേക്കാൾ കൂടുതലാണ്. 

അമിതമായ സാമൂഹ്യഇടപെടലുകളിൽ നിന്നാണ് വിവാഹേതരബന്ധങ്ങൾ പിറവിയെടുക്കുന്നതെന്നു വാദിക്കുന്ന യാഥാസ്ഥിതികരായ പലരും കേരളത്തിലുണ്ട്. ചില മതനേതാക്കളാകട്ടെ ആ വാദങ്ങളെ പിന്തുണയ്ച്ച് ഇടയ്ക്കിടെ പ്രസ്താവനകളിറക്കി സ്ത്രീ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. സ്ത്രീകളുടെ ജോലി വീട്ടിലിരുന്ന് ഭർത്താവിന്റെ കുഞ്ഞുങ്ങളെ ഉണ്ടാക്കലും പരിപാലിക്കലുമാണെന്നാണ് അവരുടെ വാദം. ഭാര്യയെ പുറത്തുപോലുമിറങ്ങാൻ അനുവദിക്കാതെ, മറ്റാരുമായും ഇടപെടാനുള്ള അവസരങ്ങളുണ്ടാക്കാതെ അവരുടെ പാതിവ്രത്യം സംരക്ഷിക്കാൻ യത്‌നിക്കുന്നവരാണ് ഇക്കൂട്ടർ. ആണും പെണ്ണും തമ്മിലുള്ള ആകർഷണം തീർത്തും ജൈവികമാണെന്നും ബന്ധങ്ങളുടേയും സദാചാരവിശ്വാസങ്ങളുടേയും കെട്ടുപാടുകളാണ് അവയെ ദീർഘകാലത്തേക്ക് നിലനിർത്തിക്കൊണ്ടുപോകുന്നതെന്നും അറിയാത്തവരല്ല നമ്മൾ. വിവാഹിതയായ ഒരു സ്ത്രീക്കും പുരുഷനും എക്കാലവും തങ്ങളുടെ പ്രണയം വിവാഹത്തിന്റെ ആദ്യസമയങ്ങളിലെന്നപോലെ നിലനിർത്തിക്കൊണ്ടുപോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വിവാഹത്തിന്റെ മധുവിധുകാലം ജീവിതാവസാനം വരെ തുടരുമെന്ന് കരുതുന്നതിൽപരം മൂഢത്തം വേറെയില്ല താനും. പരസ്പരം മനസ്സിലാക്കിയും തങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പറഞ്ഞുതീർത്തുമൊക്കെ മുന്നോട്ടുപോകുന്നവരെ സംബന്ധിച്ചിടത്തോളം പല ബന്ധങ്ങളും മുന്നോട്ടുനീങ്ങിയെന്നിരിക്കും. മക്കളുടെ കാര്യത്തിൽ ഒരുമിച്ചു നിലകൊള്ളണമെന്ന സംരക്ഷണ മനോഭാവം അവർക്കിടയിലുള്ള പ്രശ്‌നങ്ങൾ ഒരു പരിധി വരെ കുറച്ചെന്നുമിരിക്കും. എന്നാൽ കൂടുതൽ സ്‌നേഹവും പരിഗണനയും മറ്റൊരാളിൽ നിന്നു ലഭിക്കുകയും ആ അക്കരപ്പച്ചയിൽ വീണുപോകുകയും ചെയ്യുന്പോഴാണ് വിവാഹേതരബന്ധങ്ങൾക്ക് തുടക്കമാകുന്നത്. സാമൂഹ്യഇടപെടലുകൾ നടത്തുന്നവർക്കിടയിലല്ല മറിച്ച് സാമൂഹ്യഇടപെടലുകൾ കുറഞ്ഞവർക്കിടയിലാണ് ഇത്തരം ബന്ധങ്ങൾ ധാരാളമായി പച്ചപിടിക്കുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്. 

വിശ്വസ്തതയാണ് ഏതൊരു ബന്ധത്തിന്റേയും അടിസ്ഥാനപരമായ മൂല്യം നിർണയിക്കുന്നത്. തന്റെ പങ്കാളികളുമായി ഒരേ സമയം വിശ്വസ്തതയും സ്‌നേഹവും വച്ചുപുലർത്താൻ സാധിക്കുന്നവരുണ്ടാകും. സുഹൃദബന്ധങ്ങളിലെന്നപോലെ തന്നെ അവയെ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചെന്നുമിരിക്കും. പക്ഷേ ലൈംഗികമായ ചൂഷണത്തിനായി മാത്രം വിവാഹേതര ബന്ധങ്ങൾ വച്ചുപുലർത്തുന്നവരെ ആ ഗണത്തിൽപ്പെടുത്താനാവില്ല. ഊഷ്മളവും സ്‌നേഹഭരിതവുമായ സൗഹൃദബന്ധത്തിന്റെ ഒരു ഭാഗം മാത്രമാണ് ശാരീരികമായ അടുപ്പങ്ങളെന്ന് മനസ്സിലാക്കാതെ പോകുന്നവർ പലരും ചതിക്കുഴികളിൽ വീണുപോകാറുമുണ്ട്. പങ്കാളിയുമായുള്ള ലൈംഗികദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി ബ്ലാക് മെയിൽ ചെയ്ത് പണം കൈവശപ്പെടുത്തി എത്രയോ ഉണ്ടായിട്ടുണ്ട്. ചതിക്കുഴിയിൽ നിന്നും മോചിതരാകാനാകാതെ കാലങ്ങളോളം ലൈംഗികചൂഷണത്തിനും ബ്ലാക്‌മെയിലിങ്ങിനും വിധേയരാകേണ്ടി വന്ന എത്രയോ പേരുടെ കേസ്സുകൾ സംസ്ഥാന വനിതാ കമ്മീഷനു മുന്നിൽ തന്നെയുണ്ട്. 

വിവാഹേതര ബന്ധങ്ങൾക്ക് കാരണമായി പുരുഷന്റെ ലിംഗപരമായ ആവശ്യങ്ങളെപ്പറ്റി പറയുന്നവരുമുണ്ട്. ഒരൊറ്റ പങ്കാളിയിൽ മാത്രം ഒതുങ്ങുന്നതല്ല പുരുഷന്റെ ജീവിതമെന്നും ശാരീരികവും മാനസികവുമായ അവന്റെ നിർമ്മിതി അത്തരത്തിലുള്ളതാണെന്നുമാണ് അക്കൂട്ടർ വാദിക്കുന്നത്. പക്ഷേ അത് എത്രത്തോളം ശരിയാണെന്ന കാര്യത്തിൽ അഭിപ്രായഭിന്നതകളുണ്ട്. സ്ത്രീയ്ക്ക് പുരുഷന്റെ പങ്കാളി എന്നതിനപ്പുറം അമ്മയായും കുടുംബിനിയായുമൊക്കെയുള്ള റോളുകൾ പുരുഷാധിപത്യ സമൂഹവും മതങ്ങളും കൽപിച്ചുകൊടുത്തിരിക്കുന്നതു കൊണ്ടു മാത്രമാണ് വിവാഹിതകളായ സ്ത്രീകൾ വിവാഹേതര ബന്ധങ്ങളിൽ നിന്നും കുറച്ചൊക്കെ ഒഴിഞ്ഞുനിൽക്കുന്നതെന്നു വേണം കരുതാൻ. ഇരു ലിംഗങ്ങളിലും ഇത്തരം ബന്ധങ്ങൾ ആഗ്രഹിക്കുന്നവരുമുണ്ട്, ആഗ്രഹിക്കാത്തവരുമുണ്ട് എന്നതാണ് കൂടുതൽ ശരി. പങ്കാളിയുടെ വിവാഹേതര ബന്ധങ്ങൾ തിരിച്ചറിയുകയും അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല. കുടുംബത്തിനൊപ്പം അധികസമയം ചെലവഴിക്കാതിരിക്കുന്നതാണ് ഒന്ന്. പക്ഷേ ചിലരാകട്ടെ പങ്കാളിയോട് അമിതമായി താൽപര്യം കാണിച്ചുകൊണ്ട് പരപുരുഷ/പരസ്ത്രീ ബന്ധം പുറത്തറിയാതെ സൂക്ഷിക്കുന്നതെന്നത് വേറെ കാര്യം. എന്തും സാധാരണയിൽ നിന്നും വ്യത്യസ്തമായി ചെയ്യാൻ ആരംഭിക്കുന്പോൾ തന്നെ സംശയാസ്പദമായ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെട്ടു തുടങ്ങിയെന്നു വേണം കരുതാൻ. ഇന്റർനെറ്റിന്റേയും മൊബൈൽ ഫോണിന്റേയും വരവ് ഈ ബന്ധങ്ങൾ അതീവരഹസ്യമായി സൂക്ഷിക്കാൻ വിവാഹേതരബന്ധക്കാരെ സഹായിക്കുകയും ചെയ്യുന്നുണ്ട്. പങ്കാളികളുടെ വൈകിയുള്ള വരവും ആ വൈകലിനു കാരണമായി പറഞ്ഞുണ്ടാക്കുന്ന കഥകളും പങ്കാളിയിൽ നിന്നും ഒളിഞ്ഞുനിന്നുള്ള ഫോൺ ചാറ്റും സംഭാഷണങ്ങളുമെല്ലാം വിവാഹേതരബന്ധങ്ങളുടെ നിർമ്മിതിയുടെ സാധ്യതകളാണ് കാണിക്കുന്നത്. 

തന്റെ ജീവിതപങ്കാളിയേക്കാൾ മെച്ചപ്പെട്ടതാണ് അക്കരയുള്ള ആൾ എന്ന ധാരണ തന്നെയാണ് ബോറടി ബാധിച്ച ഏതൊരു വിവാഹബന്ധത്തിലേക്കും ‘അദർ മാനോ’ ‘അദർ വുമനോ’ ആയി രംഗപ്രവേശം ചെയ്യുന്നത്. പക്ഷേ വൈകാതെ തന്നെ ആ ബന്ധത്തിൽ വിവാഹബന്ധത്തിനപ്പുറമുള്ള മറ്റൊന്നുമില്ലെന്ന് പലരും തിരിച്ചറിയുകയും ചെയ്യുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വിവാഹേതരബന്ധങ്ങളിലേക്ക് കൂപ്പുകുത്തിയിട്ടില്ലാത്തവരെ കാണുക അസാധ്യമാണ്. അക്കരപ്പച്ച ബന്ധങ്ങൾ ഒരു സാമൂഹ്യയാഥാർത്ഥ്യമാണ്. അതിനെ എങ്ങനെയാകും ഒരാൾ കൈകാര്യം ചെയ്യുന്നതെന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ വരുംവരായ്കകൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed