മാ­ധ്യമങ്ങൾ തീ­ർ­ക്കു­ന്ന ഭ്രാ­ന്താ­ലയം!


ജെ. ബിന്ദുരാജ്

 

താനും വർഷങ്ങൾക്കു മുന്പ് ചെന്നൈയിൽ ഇന്ത്യാ ടുഡേയിൽ തൊഴിലെടുക്കുന്പോൾ വൈകുന്നേരം ഒരു ഫോൺ കോൾ വന്നു. വായനക്കാരനാണെന്ന് ആമുഖം. പെട്രോൾ ബങ്ക് ജീവനക്കാരനാണ്. പതിയെ വായനക്കാരൻ തന്റെ പ്രശ്‌നം പറഞ്ഞു തുടങ്ങി. രാത്രി ഉറങ്ങാനേ സാധിക്കുന്നില്ല. പൊട്ടിത്തെറിയുടെ ശബ്ദങ്ങളാണ് സ്വപ്നത്തിലുനീളം. കരിഞ്ഞ മൃതദേഹങ്ങളാണ് കാഴ്ചകൾ. സ്വപ്‌നത്തിൽ നിന്നുണർന്നാലുടനെ ചെവിട്ടിലെ ശബ്ദങ്ങൾ നിലയ്ക്കുന്നില്ല. ഉറക്കം പൂർണമായും ഇല്ലാതായിരിക്കുന്നു. 9/11നു ശേഷം അമേരിക്ക ഭീകരതയ്‌ക്കെതിരായ യുദ്ധം പ്രഖ്യാപിക്കുകയും ഇന്ത്യാ ടുഡേ നിരന്തരം അഫ്ഗാൻ യുദ്ധം റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന സമയമായിരുന്നു അത്. ദുരന്തത്തിന്റേയും ദുരിതങ്ങളുടേയും ആക്രമണങ്ങളുടേയുമൊക്കെ ചിത്രങ്ങളാണ് മാസിക നിറയെ. ഞാനടക്കമുള്ളവർ തൊഴിലെടുക്കുന്ന പ്രസിദ്ധീകരണത്തിൽ വരുന്ന വാർത്തകളും ചിത്രങ്ങളുമാണ് തന്നെ മാനസികമായി തളർത്തിയ അവസ്ഥയുണ്ടാക്കിയതെന്ന് അയാൾ ഒരു കുറ്റപ്പെടുത്തലിന്റെ സ്വരത്തിൽ എന്നോടു പറഞ്ഞു. വായനക്കാരൻ തമാശ പറയുകയാണെന്നാണ് ഞാൻ ആദ്യം ധരിച്ചതെങ്കിലും സത്യമാണ് അയാൾ പറയുന്നതെന്ന് അയാളുടെ വാക്കുകളിൽ നിന്നും ബോധ്യപ്പെട്ടു. അടുത്ത ദിവസത്തെ എഡിറ്റോറിയൽ മീറ്റിങ്ങിൽ വിചിത്രമായ ഈ കഥയെപ്പറ്റി ഞാൻ പറഞ്ഞു. നമ്മളറിയാതെ നമ്മുടെ വായനക്കാരെ നമ്മൾ മനോരോഗികളാക്കുകയാണെന്ന കാര്യം. മനുഷ്യനേയും മനുഷ്യത്വത്തേയും ഏറെ മാനിച്ചിരുന്ന അന്നത്തെ എക്‌സിക്യൂട്ടീവ് എഡിറ്റർ പി.എസ് ജോസഫ് അന്പരപ്പോടെയാണ് വായനക്കാരന്റെ ഈ സങ്കടകരമായ അവസ്ഥ കേട്ടത്. മാധ്യമങ്ങൾ വ്യക്തിജീവിതത്തേയും ഒരാളുടെ മാനസികനിലയെപ്പോലും എത്ര ഭീകരമായാണ് ബാധിക്കുന്നതെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നു അത്. 

കേരള സംസ്ഥാന മാനസികാരോഗ്യ അതോറിട്ടി (കെ.എസ്.എം,എച്ച്.എ) 2015ൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളത്തിലെ ജനസംഖ്യയിൽ പത്ത് ശതമാനം പേർ മാനസികനിലയിൽ സാരമായ തകരാറുകളുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതായത് മൂന്നു കോടി ജനതയിൽ 30 ലക്ഷത്തോളം പേർ മാനസികരോഗികളാണെന്നു തന്നെ. വിദ്യാഭ്യാസത്തിലും ജീവിതനിലവാരത്തിലും മറ്റു പല ആരോഗ്യ സൂചകങ്ങളിലുമൊക്കെ വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന സൂചികകളുണ്ടെന്ന് അഭിമാനിക്കുന്ന മലയാളിയുടെ മാനസികാരോഗ്യം തകരാറിലാണെന്ന് കണ്ടെത്തപ്പെട്ടതിൽ അത്ഭുതമില്ല. അതിന് വലിയൊരു പരിധി വരെ കാരണമായിട്ടുള്ളത് മലയാളി സമൂഹത്തിന്റെ ഹിപ്പോക്രസിയാണെന്ന കാര്യത്തിൽ സംശയം വേണ്ട. ആ ഹിപ്പോക്രസിക്ക് വെള്ളവും വളവും നൽകി വളർത്തിയതിൽ നമ്മുടെ മാധ്യമങ്ങൾക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്നും പറയാതെ വയ്യ. 

ആ പഠനത്തെ ഒന്നുകൂടി സൂക്ഷ്മമായി വിശകലനം ചെയ്തു നോക്കൂ. അഞ്ചു മലയാളികളിൽ ഒരാൾ വൈകാരികമായോ പെരുമാറ്റപരമോ ആയ മാനസിക വൈകല്യങ്ങൾ നേരിടുന്നവരാണ്. ആറു ശതമാനം വരുന്ന ജനത സൈക്കോസിസെന്നോ ബൈപോളാർ ഡിസോഡറെന്നോ വിശേഷിപ്പിക്കുന്ന മാനസിക വൈകല്യങ്ങളുടെ പിടിയിലാണ്. കടുത്ത മാനസികരോഗ വിഭാഗത്തിൽ ഉൾപ്പെട്ട 50 ശതമാനം പേർക്ക് രോഗം പ്രാഥമികഘട്ടത്തിലാണെന്നും 90 ശതമാനം പേരും രോഗത്തിന് ചികിത്സ തേടാറില്ലെന്നും പഠനം പറയുന്നു. ഗുരുതരമായ മാനസികരോഗത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ സ്ഥാനം ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്നും മാനസികാരോഗ്യ അതോറിട്ടിയുടെ കണക്കുകൾ പറയുന്നുണ്ട്. ഇതോടൊപ്പം തന്നെ ചേർത്തു വെയ്‌ക്കേണ്ടതാണ് കേരളത്തിലെ വർധിച്ചുവരുന്ന ആത്മഹത്യകളുടെ കണക്കുകളും. ആത്മഹത്യുടെ കാര്യത്തിൽ ഇന്ത്യയിൽ തന്നെ മുന്പന്തിയിൽ നിൽക്കുന്ന സംസ്ഥാനമായ കേരളത്തിൽ നടക്കുന്ന 19 ശതമാനം ആത്മഹത്യകളും മാനസികാസ്ഥ്യങ്ങൾ ശരിയായ സമയത്ത് ചികിത്സിക്കാതിരിക്കുന്നത് കൊണ്ടുണ്ടാകുന്നതാണത്രേ.  

കഴിഞ്ഞ നൂറ്റാണ്ടിലെ കേരളത്തെ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്നു വിളിച്ചത് ഇവിടത്തെ ജാതിമത വർഗീയതയും അയിത്താചരണവുമൊക്കെ നേരിട്ടുകണ്ട് ബോധ്യപ്പെട്ടതിനാലായിരുന്നു. ഇന്നും മതാന്ധതയുടേയും ജാതീയതയുടേയും ദുർഭൂതങ്ങൾ കേരളത്തിലുണ്ടെങ്കിലും രാഷ്ട്രീയ ചേരിതിരിവുകളിലേക്ക് കേരളത്തിന്റെ ഭ്രാന്ത് പുതിയ രൂപത്തിൽ മാറിയതിനാലും ജനാധിപത്യക്രമത്തിൽ ജാതിക്കോമരങ്ങൾക്ക് അഴിഞ്ഞാടാൻ പഴയതുപോലെ അവസരമില്ലാത്തതിനാലും അവ തൽക്കാലം പുറത്തുവരുന്നില്ല. സാമൂഹ്യ പരിഷ്‌കരണത്തിന്റേയും ചെറുത്തുനിൽപുകളുടേയും ചരിത്രത്തിൽ നിന്നും കേരളത്തെ മോചിപ്പിച്ച് പഴയ ഭ്രാന്താലയമാക്കി കേരളത്തെ മാറ്റി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ ഫാസിസ്റ്റ് ശക്തികൾ നടത്തുന്നുണ്ടെങ്കിലും ഇനിയും അതിന് വേരോടാനാകുന്ന മണ്ണൊരുക്കാൻ പറ്റിയ വലിയൊരു സംഭവമുണ്ടാക്കാൻ അവർക്കായിട്ടില്ലെന്നതാണ് ഏക ആശ്വാസം. ജാതിഭ്രാന്തിന്റെ ആവാഹനം നടന്നുവെങ്കിലും അതിനേക്കാൾ വലിയ ഭ്രാന്തിലേക്കാണ് ഇന്ന് ചില മാധ്യമങ്ങൾ കേരളത്തേയും മലയാളിയേയും എത്തിച്ചുകൊണ്ടിരിക്കുന്നത്. നമുക്ക് ആ ഭ്രാന്ത് എന്താണെന്ന് പരിശോധിക്കാം. 

മാധ്യമങ്ങൾ ഭ്രാന്തമായി പെരുമാറിത്തുടങ്ങിയിട്ട് ഏതാണ്ട് പതിനഞ്ചു വർഷമേ ആയിട്ടുണ്ടാകുകയുള്ളു. മുൻകാലങ്ങളിൽ ഏതെങ്കിലുമൊരു റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്പോൾ മാധ്യമപ്രവർത്തകർ കാട്ടിയിരുന്ന ഔചിത്യവും വിവേകവും ദൃശ്യമാധ്യമങ്ങളുടെ വരവോടെ തകർന്നിരിക്കുന്നു. മത്സരത്തിന്റെ ലോകത്ത് പിടിച്ചുനിൽക്കാൻ മാധ്യമങ്ങൾക്ക് പരസ്യങ്ങൾ കൂടിയേ തീരു. പരസ്യങ്ങൾ ലഭിക്കണമെങ്കിൽ ടി.ആർ.പി റേറ്റിങ് ഉയർന്നേ മതിയാകൂ. അതിനുള്ള ഏറ്റവും നല്ല മാർഗം ലൈംഗിക പീഡനക്കഥകളും കുറ്റകൃത്യങ്ങളുടെ വിവരണങ്ങളുമാണ്. മലയാളത്തിലെ നന്പർ 1 വാർത്താചാനലിൽപോലും ഏറ്റവും റേറ്റിങ്ങുള്ള പരിപാടി രാത്രി സമയത്തുള്ള ക്രൈം വാർത്താപരിപാടിയാണെന്നതാണ് സത്യം. സമീപകാലത്ത് ചലച്ചിത്ര നടിയുടെ ബലാത്സംഗം മുതൽ വികാരിയച്ചന്റെ പീഡനം വരെ വാർത്തയായതോടെ, കേരളത്തിന്റെ മറ്റിടങ്ങളിലുള്ള പീഡനങ്ങളൊക്കെ തന്നെയും വാർത്താചാനലുകളും പത്രങ്ങളുമൊക്കെ പൊടിപ്പും തൊങ്ങലും വെച്ച് റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചു. പെൺകുട്ടി എങ്ങനെയാണ് പീഡിപ്പിക്കപ്പെട്ടതെന്ന വർണനകളും സാധ്യതാകഥകളുമടക്കം എല്ലാം കുടുംബങ്ങളിലേക്ക് തരംഗമായും അച്ചടി മഷി പുരണ്ടുമെത്തിക്കൊണ്ടിരുന്നു. 

പീഡനങ്ങൾക്കെതിരെ ജാഗരൂകരായിരിക്കാൻ ജനതയെ പഠിപ്പിക്കുന്ന രീതിയിലായിരുന്നു എല്ലാ റിപ്പോർട്ടുകളും. ‘മകളാണ്, മറക്കരുത്!’ എന്നായിരുന്നു വാർത്താചാനലിലെ പീഡന വാർത്താഭാഗത്തിന് പല ചാനലുകളും നൽകിയ പേര്. പക്ഷേ കുടുംബങ്ങളിൽ ഈ വാർത്തകൾ സൃഷ്ടിക്കുന്ന ഭീതിദമായ അന്തരീക്ഷത്തെക്കുറിച്ചും അത് കുടുംബാംഗങ്ങളുടേയും കുട്ടികളുടേയും മാനസികാവസ്ഥകളിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുമൊന്നും വാർത്തകൾ പെറുക്കിവയ്ക്കുന്നവർ ചിന്തിക്കുന്നുണ്ടായിരുന്നേയില്ല. അച്ഛനൊപ്പമിരുന്ന് ഹോംവർക്ക് ചെയ്തുകൊണ്ടിരിക്കുന്ന മകളെ അച്ഛൻ ലൈംഗികമായി ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ അടുക്കളയിൽ നിന്നും അമ്മമാർ ഏന്തിവലിഞ്ഞുനോക്കാനും പേരക്കുട്ടികളെ മടിയിലിരുത്തി ലാളിക്കാൻ അപ്പൂപ്പന്മാർ മടിക്കുകയും ചെയ്യുന്ന ഒരു കാലത്തിന് ഇതോടെ തുടക്കമായിരിക്കുന്നു. അപ്പൂപ്പൻ സ്‌നേഹത്തോടെ നൽകുന്ന മിഠായിയിൽ പോലും പീഡനത്തിനുള്ള സാധ്യതകൾ തെരയാൻ തുടങ്ങിയിരിക്കുന്നു അമ്മമാർ. കുട്ടികളാകട്ടെ ലാളനയിൽപോലും പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചു മാത്രമാണിപ്പോൾ ചിന്തിക്കുന്നത്. തങ്ങൾ വീട്ടിനുള്ളിലും പുറത്തും ഒരുപോലെ അരക്ഷിതരാണെന്ന ഭയം അവരെ ചൂഴ്ന്നു നിൽക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ കുടുംബാന്തരീക്ഷത്തിലേക്ക് സംശയത്തിന്റേയും ഭയത്തിന്റേയും ആശങ്കയുടേയും വിത്തുകൾ വിതച്ച് വിഷാദരോഗത്തിന്റേയും നൈരാശ്യത്തിന്റേയും കടുത്ത സംശയരോഗത്തിന്റേയും പിടിയിലേക്ക് കുടുംബങ്ങളെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു അമിതമായ ഈ മാധ്യമ വർണനകളും ഇടപെടലുകളും. 

പീഡനകഥകൾ മാധ്യമങ്ങളുടെ ഉത്സവമാണ്. പരസ്യക്കാർ തിക്കിത്തിരക്കി വരും. സോളാർ കേസ്സിൽ സരിത എസ് നായരും ജോസ് തെറ്റയിൽ കേസ്സിൽ പീഡനത്തിനിരയായ സ്ത്രീയും ഘോഷിക്കപ്പെട്ടത് അതിന്റെ രാഷ്ട്രീയമാനങ്ങളുടെ പേരിലായിരുന്നു. എത്ര മന്ത്രിമാരുമായാണ് സരിത ലൈംഗികമായി ഇടപെട്ടതെന്നും അവർ ആരെല്ലാമായിരുന്നുവെന്നും അറിയാനാണ് എത്ര മന്ത്രിമാർ അധികാര ദുർവിനിയോഗം നടത്തി എന്നതിനേക്കാളറിയാൻ മലയാളി താൽപര്യപ്പെട്ടത്. ഉമ്മൻ ചാണ്ടിയും സരിതയും തമ്മിലുള്ള ലൈംഗികകേളിയുടെ വീഡിയോ രഹസ്യകേന്ദ്രത്തിൽ നിന്നും പുറത്തെടുക്കാൻ മാധ്യമപ്പട ഒബി വാനുകളുമായി ബിജു രാധാകൃഷ്ണനെ പിന്തുടർന്നു പോയപ്പോൾ മലയാളികൾ ആ ദൃശ്യങ്ങൾ വാട്ട്‌സാപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ദിനത്തിന്റെ പ്രതീക്ഷയിൽ സ്മാർട്ട്‌ഫോണിലേക്ക് തലതാഴ്ത്തിയിരിക്കുകയായിരുന്നു. സരിതയുടെ നഗ്‌ന വീഡിയോകൾ വാട്ട്‌സാപ്പിലൂടെ കാണാനായി സ്മാർട്ട്‌ഫോൺ വാങ്ങിയവർ പോലുമുണ്ടാകും കേരളത്തിൽ. സ്‌കൂൾ കുട്ടി മുതൽ പടുവൃദ്ധൻ വരെയും ഒരു സ്ത്രീയുടെ നഗ്‌നത ആസ്വദിച്ച് കുളിർകോരിയിരുന്ന കാലത്തെ സൃഷ്ടിച്ചതിനുത്തരവാദി മാധ്യമങ്ങളുടെ അമിതാവേശമാണെന്ന് പറയാതെ വയ്യ. ഈ പീഡനകഥകളും മലയാളിയുടെ മാനസികാേരാഗ്യത്തെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ടാകാം. കാര്യസാധ്യത്തിനായി കിടന്നുകൊടുക്കുന്നവരാണ് തൊഴിൽ സംരംഭകരായ സ്ത്രീകളെന്ന തെറ്റായ സന്ദേശം അത് വലിയ തോതിൽ പ്രചരിപ്പിക്കപ്പെടാനിടയാക്കി. മംഗളം ടെലിവിഷൻ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ ഫോൺ സെക്‌സ് പുറത്തുവിട്ടതിനുശേഷം മലപ്പുറം ഉപതെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന ഒരു പത്രപ്രവർത്തക ടി.കെ ഹംസ എന്ന മുതിർന്ന സിപിഎമ്മുകാരനോട് അഭിമുഖം ചോദിച്ചപ്പോൾ തന്നെ ‘എ.കെ ശശീന്ദ്രനാക്കാനാണോ അഭിമുഖം ചോദിക്കുന്നതെന്നായിരുന്നു’ ഹംസയുടെ മറുപടി. ഒരു തലമുതിർന്ന രാഷ്ട്രീയനേതാവ് തന്നെ എത്രത്തോളം മാനസികാരോഗ്യപരമായി വീണുകിടക്കുകയാണെന്നതിന്റെ തെളിവായിരുന്നു ആ മറുപടി. വനിതാ മാധ്യമപ്രവർത്തക അഭിമുഖത്തിനു വന്നാൽ താൻ ശശീന്ദ്രനാക്കപ്പെടുമെന്ന ഭയം ഹംസയിലുണ്ടെങ്കിൽ അദ്ദേഹത്തിന്റെ മാനസികനിലയിൽ എന്തോ തകരാറുണ്ടെന്നു തന്നെയാണ് അതിനർത്ഥം. 

രാഷ്ട്രീയക്കാരെപ്പോലെ തന്നെ മാനസികാരോഗ്യ കുഴപ്പങ്ങളുള്ളവർ മാധ്യമരംഗത്തും സജീവമാണ്. തങ്ങളുടെ രാഷ്ട്രീയവും ആശയങ്ങളും പ്രചരിപ്പിക്കാനുള്ള വേദിയായി മാധ്യമസ്ഥാപനങ്ങളെ കാണുന്ന മാധ്യമപ്രവർത്തകരുടെ നിഷ്പക്ഷതയെപ്പറ്റി പറയാതിരിക്കുകയാകും ഭേദം. തങ്ങൾക്ക് ആവശ്യമായ വിധത്തിൽ വാർത്തകളെ വളച്ചൊടിക്കാൻ മടിയില്ലാതിരുന്ന അക്കൂട്ടർ മാധ്യമധർമ്മത്തെപ്പറ്റി പ്രസംഗിക്കുന്നതു കേൾക്കുന്പോൾ ലജ്ജ തോന്നുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് തങ്ങളുടെ നിലപാടുകളിൽ വെള്ളം കൂട്ടുകയും കുറയ്ക്കുകയും ചെയ്തുകൊണ്ട് അവർ തങ്ങൾ തൊഴിലെടുക്കുന്ന മാധ്യമസ്ഥാപനങ്ങളുടെ വിശ്വാസ്യത പോലും കളഞ്ഞുകുളിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിൽ അവർ പലരും പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയും അവിവേകവും മാധ്യമപ്രവർത്തകരുടെ മാനസികനിലയെപ്പറ്റിപ്പോലും ആശങ്കാകുലരാക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. എന്തിന്, മാധ്യമസ്ഥാപനത്തിൽ നിന്നും മാധ്യമത്തെ തള്ളിപ്പറഞ്ഞുകൊണ്ട് രാജിവച്ച പെൺകുട്ടിയെ സാമൂഹ്യമാധ്യമത്തിലൂടെ അവഹേളിക്കുന്ന തലത്തിലേക്കു പോലും പലരും താഴ്ന്നിരിക്കുന്നു. 

മദ്യവും മയക്കുമരുന്നുമുണ്ടാക്കുന്ന മതിഭ്രമം പോലെ തന്നെയാണ് ഇന്ന് മാധ്യമങ്ങൾ സൃഷ്ടിക്കുന്ന മതിഭ്രമങ്ങളും. അകാരണമായ ഭീതിയും നൈരാശ്യവും വിഷാദരോഗവുമൊക്കെ വായനക്കാർക്കും കാഴ്ചക്കാർക്കും പല മാധ്യമങ്ങളുമുണ്ടാക്കുന്നുണ്ടെന്ന് വായനക്കാർ സമ്മതിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ഒരു പ്രമുഖ ഇംഗ്ലീഷ് ദേശീയദിനപ്പത്രത്തിൽ തൊഴിലെടുക്കുന്ന സ്ത്രീ ഈ ലേഖകനെ വിളിച്ച് സംസാരിച്ചത് പത്രത്തിന്റെ ഒരു പേജ് ചില ദിവസങ്ങളിൽ പൂർണമായും പീഡന വാർത്തകൾക്കായി മാറ്റിവയ്ക്കുന്ന മനോവൈകല്യത്തെപ്പറ്റിയാണ്. ആ പേജ് എഡിറ്റ് ചെയ്യുന്നവർക്കുപോലും അതുണ്ടാക്കുന്ന മാനസികാഘാതം താങ്ങാനാവില്ലെന്നിരിക്കേ, എന്തിനാണ് വാർത്തകളുടെ ആ വിഷം വായനക്കാരനിലേക്ക് അവർ കുത്തിവയ്ക്കുന്നത്. പീഡന വാർത്തകളിൽ വർണനകൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പത്രാധിപന്മാർ ജാഗ്രത പുലർത്തേണ്ടത് അതീവ ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയം തന്നെയാണ്. 

ഇന്ത്യയിൽ സർക്കാർ മേഖലയിൽ കേവലം 43 മനോരോഗചികിത്സാലയങ്ങൾ മാത്രമേയുള്ളു. 11,500 ഡോക്ടർമാർ ആവശ്യമുള്ള രാജ്യത്ത് ആകെ ലഭ്യമായിരിക്കുന്നത് കേവലം 3800 പേർ മാത്രവും. മനോവൈകല്യങ്ങളുള്ളവരാകട്ടെ തങ്ങൾക്ക് മനോവൈകല്യങ്ങളുണ്ടെന്ന് തിരിച്ചറിയുകയില്ലെന്നതും ചികിത്സ തേടില്ലെന്നതും വേറെ കാര്യം. 2016 ഓഗസ്റ്റിൽ രാജ്യസഭയിൽ 134 ഭേദഗതികളോടെ പാസ്സാക്കപ്പെട്ട മാനസികാരോഗ്യപരിപാലന നിയമത്തിന്റെ അവസാന വട്ട ചർച്ചകളിൽ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നത് ശിക്ഷാർഹമാണെന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ വകുപ്പ് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത് ഏറെ സ്വാഗതാർഹവുമാണ്. മാധ്യമങ്ങളും മദ്യവും മയക്കുമരുന്നും കുടുംബപ്രശ്‌നങ്ങളും സാന്പത്തികപ്രശ്‌നങ്ങളുമൊക്കെ ഉണ്ടാക്കുന്ന അസന്ദിഗ്ദതയിൽപ്പെട്ട്, ഒടുവിൽ ആത്മഹത്യയ്ക്കു ശ്രമിച്ചവനെ പിടികൂടി തൂക്കിക്കൊല്ലാൻ വിധിക്കുന്നത് ഒട്ടും തന്നെ ആശാസ്യമായ കാര്യമല്ല. മാധ്യമങ്ങളുടെ കിടമത്സരങ്ങളിൽപ്പെട്ട് മാനസികമായി ഞെരിഞ്ഞമരുന്നത് മലയാളി സമൂഹമാണെന്ന കാര്യത്തിൽ സംശയമില്ല. ചുംബനസമരത്തിൽ ആണും പെണ്ണും ലൈംഗികചോദനയോടെ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും കാട്ടുന്ന, ജോസ് തെറ്റയിൽ വിവാദത്തിൽ തെറ്റയിലും സ്ത്രീയും പരസ്യമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ കാട്ടിയ, മുൻ മുഖ്യമന്ത്രിയുടെ തുണ്ടുചിത്രമുണ്ടെന്ന് ബിജു രാധാകൃഷ്ണൻ പറഞ്ഞപ്പോൾ അയാൾക്കു പിന്നാലെ ഒ.ബി വാനുമായി പാഞ്ഞ ചാനലുകളാണല്ലോ ഇവിടെയുള്ളത്. സദാചാരവും ആഭാസവും തമ്മിലുള്ള അന്തരമെന്തെന്ന് തിരിച്ചറിയാതെ പോകുന്നതാണ് മലയാളിയുടെ മറ്റൊരു ദുരന്തം. ചുംബനസമരക്കാർ ഫാസിസത്തിനെതിരെയുള്ള പോരാട്ടമാണ് ചുംബനത്തിലൂടെ തങ്ങൾ നടത്തുന്നതെന്ന് പറയുന്പോഴും സ്ത്രീശരീരത്തെ ഉപയോഗിക്കുന്നതിലാണ് അവർ കൂടുതൽ ആനന്ദം കൊള്ളുന്നതെന്നും പെൺവാണിഭ സംഘങ്ങൾക്ക് അത് സഹായകകരമാകുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ബ്ലാക്ക് മെയിൽ കെണിയിൽപ്പെട്ട ഏതൊരു സ്ത്രീയും അനുഭവിക്കുന്ന പ്രശ്‌നങ്ങൾ തന്നെ ഇവരേയും ബാധിക്കാനുള്ള സാധ്യതകളും വലുതാണ്. അതേപോലെ തന്നെയാണ് വ്യക്തികളുടെ സ്വകാര്യതകളെക്കുറിച്ചുള്ള ചിലരുടെ ഗീർവാണങ്ങളും. ശശീന്ദ്രന്റെ ഫോൺ സെക്‌സ് ഭാഷണം അയാളുടെ സ്വകാര്യതയാണെന്നും അദികാരദുർവിനോഗം അയാൾ നടത്തുംവരേയും അതിൽ തെറ്റില്ലെന്നുമാണ് അവരുടെ വാദം. വികാരവും ഞെരന്പുരോഗവും രണ്ടാണെന്ന് തിരിച്ചറിയാതെ പോകുന്നതാണ് അതിന്റെ പ്രശ്‌നം. 

ഉത്തരവാദിത്തപ്പെട്ട സ്ഥാനമാണ് ജനപ്രതിനിധിയുടേത്. ഏതെങ്കിലുമൊരാൾ ഒരുക്കുന്ന പെൺകെണിയിൽ വീഴുകയും അവർക്കു വേണ്ടി എന്തും ചെയ്ത് നൽകാമെന്ന് വാഗ്ദാനം ചെയ്യുകയുമൊക്കെ ചെയ്യുന്നതല്ല അയാളുടെ ജോലി. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഒരുപാട് മന്ത്രിമാർ ഇതുപോലെ ഒരൊറ്റ സ്ത്രീ ഒരുക്കിയ പെൺകെണിയിൽ വീണതാണെന്നും തെരഞ്ഞെടുപ്പിൽ യുഡിഎഫ് വന്പൻ പരാജയം ഏറ്റുവാങ്ങാൻ കാരണമതാണെന്നും അറിയാത്ത ആളുമല്ല എകെ ശശീന്ദ്രൻ. ഇങ്ങനെ ആരെങ്കിലുമൊരുക്കുന്ന ഹണിട്രാപ്പിൽ വീഴുന്നവർ മന്ത്രിപദത്തിലിരിക്കാൻ യോഗ്യരുമല്ല. മന്ത്രിയെ ഒരു ആവശ്യവുമായി സമീപിച്ച വീട്ടമ്മയെ മന്ത്രി നിരന്തരമായി ശല്യം ചെയ്തതിനെ തുടർന്നാണ് അവരുമായുള്ള സംഭാഷണം റെക്കോർഡ് ചെയ്തതെന്നാണ് മംഗളം അവകാശപ്പെട്ടിരുന്നത്. പക്ഷേ ഇന്നലെ മംഗളം സിഇഒ അജിത് കുമാർ ഇത് സ്റ്റിംഗ് ഓപ്പറേഷനായിരുന്നുവെന്നും അതിനുത്തരവാദി ചാനലിലെ മാധ്യമപ്രവർത്തകയാണെന്നും പറഞ്ഞ് സംഭവത്തിൽ നിന്നും തടിയൂരുന്ന നിർലജ്ജമായ കാഴ്ചയാണ് കണ്ടത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി തന്റെ ജീവനക്കാരിയിൽ സർവകുറ്റവും ചാർത്തി സ്വയം രക്ഷപ്പെടാൻ ശ്രമിക്കുന്ന കാഴ്ച ദയനീയമാണെന്ന് പറയാതെ വയ്യ. മന്ത്രി ശരിക്കും ഒരു വീട്ടമ്മയെ നിരന്തരം വിളിച്ച് പീഡിപ്പിക്കുകയും അതേ തുടർന്ന് ആ മന്ത്രിയെ പൊതുമധ്യത്തിൽ വെളിവാക്കാനുമാണ് മാധ്യമസ്ഥാപനം ഹണിട്രാപ്പ് ഒരുക്കിയതെങ്കിൽ അതിൽ അത്ര വലിയ ധർമ്മരോഷം കൊള്ളേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്നാൽ മന്ത്രിയെ പ്രേമം നടിച്ച് ഒപ്പം കൂട്ടി ഫോൺ സെക്‌സ് ഭാഷണം റെക്കോർഡ് ചെയ്ത് ബ്രേക്കിങ് ന്യൂസ് ആക്കിയതാണെങ്കിൽ അതിൽ ധാർമ്മികപ്രശ്‌നമുണ്ട്. പക്ഷേ എന്തൊക്കെയായാലും ഏതെങ്കിലുമൊരു സ്ത്രീ പ്രണയം നടിച്ച് അടുത്തുവന്നാലുടനെ അവർക്കായി അനധികൃതമായിപ്പോലും എന്തും ചെയ്യാൻ തയാറായി നിലകൊള്ളുന്ന ഒരാൾ സർക്കാരിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കാൻ അർഹനല്ലെന്നത് വേറെ കാര്യം. മാനസികരോഗത്തിന്റെ മറ്റൊരു വശം തന്നെയാണ് ഞെരന്പുരോഗവും. ഹണിട്രാപ്പ് ഉപയോഗിച്ച് രാജ്യരക്ഷാരഹസ്യങ്ങൾ വരെ ചോർത്തുന്ന കാലത്ത്,  ഒരു മാധ്യമമല്ല മറ്റേതെങ്കിലും സംഘമായിരുന്നു ഈ കെണി ഒരുക്കിയിരുന്നതെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. അതുകൊണ്ട് ശശീന്ദ്രനെ പിന്തുണയ്ക്കുന്നതിൽപരം മറ്റൊരു പാതകം വേറെയില്ലെന്നും മാധ്യമപ്രവർത്തകർ തിരിച്ചറിയേണ്ടതുണ്ട്. ശശീന്ദ്രന്റേത് നാളെ അധികാരദുർവിനിയോഗത്തിലേക്ക് നീളുന്ന ഒരുതരം ഞെരന്പുരോഗമാണ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാർ ഒരു സ്ത്രീയുടെ ഹണിട്രാപ്പിൽ വീണ് അധികാരദുർവിനോഗം നടത്തുന്നത് നമ്മൾ കണ്ടതാണല്ലോ. ശശീന്ദ്രൻ അത് സ്വന്തം നിലയിൽ ആവർത്തിക്കുന്നതുവരെ കേരളം കാത്തിരിക്കേണ്ടതില്ല. 

അധികാരവർഗത്തിന്റെ മലീമസമായ പ്രവൃത്തികൾ പുറത്തുകൊണ്ടുവരുന്പോൾ മാധ്യമങ്ങളിലും അതിന്റെ അവശിഷ്ടങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നത് സ്വാഭാവികമാണ്. അത് എത്രത്തോളമാകാമെന്നതു മാത്രമാണ് പ്രശ്‌നം. മാധ്യമം അതിന്റെ ധർമ്മം നിർവഹിക്കുന്പോൾ പൊതുജനത്തേയും സമൂഹത്തേയും അത് ഏതുരീതിയിലാകും ബാധിക്കുക എന്നു ചിന്തിക്കാനുള്ള ഉത്തരവാദിത്തവും മാധ്യമസ്ഥാപനങ്ങൾക്കുണ്ടെന്നതാണ് വാസ്തവം. ഒരു സമൂഹത്തെ മുഴുവൻ മനോരോഗികളാക്കാതിരിക്കാനുള്ള ബാധ്യതയെങ്കിലും കുറഞ്ഞപക്ഷം മാധ്യമങ്ങൾക്കുണ്ട്. വൈകല്യങ്ങൾ തിരുത്തുകയും വാർത്തകൾക്ക് അതിരുകൾ വെയ്ക്കുകയും ചെയ്യുന്നിടത്താണ് നല്ല മാധ്യമപ്രവർത്തനം സാധ്യമാക്കാനാകുന്നത്. സെൻസേഷണലിസത്തിൻ്റെ പേരിൽ എന്തും ഏതും വാർത്തയാക്കുന്പോൾ വായനക്കാരുടേയും കാഴ്ചക്കാരുടേയും മനസ്സുകൾ കൂടിയാണ് മലീമസമാക്കുന്നതെന്ന് മാധ്യമങ്ങൾ തിരിച്ചറിയേണ്ടതുമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed