നാ­നാ­ത്വത്തി­ലെ­ വി­കസന ഏകത്വം!


ജെ. ബിന്ദുരാജ്

വികസനം എന്ന വാക്കിന് ഒരുപാട് അർത്ഥങ്ങളുണ്ട്. കേരളത്തിൽ ഇടതുപക്ഷവും വലതുപക്ഷവും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഊന്നിപ്പറഞ്ഞതും ഉത്തരപ്രദേശിൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുദ്രാവാക്യമായി ഉയർത്തിയതും വികസനം തന്നെയായിരുന്നു. ‘എല്ലാവർക്കുമൊപ്പം എല്ലാവരുടേയും വികസനം’ എന്നതായിരുന്നു ഉത്തരപ്രദേശിൽ ബി.ജെ.പിയുടെ മോഡിത്വ മന്ത്രണം. തിരഞ്ഞെടുപ്പിനുശേഷം തീവ്രഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിക്കൊണ്ട്,  2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി അവലംബിക്കാൻ പോകുന്ന തന്ത്രവും വ്യക്തമാക്കപ്പെട്ടു. വർഗീയതയുടേയും വികസനത്തിന്റേയും ഒരു കോന്പിനേഷൻ. ഒരു വശത്ത് വികസനത്തെ പിന്തുണയ്ക്കുന്ന മധ്യവർഗത്തിന്റെ പിന്തുണ ഉറപ്പാക്കുന്പോൾ മറുഭാഗത്ത് വർഗീയമായി രാജ്യത്തെ ഭിന്നിപ്പിച്ച് ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ കൈക്കലാക്കുക. എങ്ങനെ നോക്കിയാലും അധികാരത്തിൽ എത്താനുള്ള ഒരു തുറുപ്പുശീട്ടാണ് ഇന്ന് വികസനവാദം. ഗുജറാത്തിൽ നടന്ന വംശഹത്യയിലൂടെ വർഗീയതയെ അരക്കിട്ടുറപ്പിച്ച മോഡി ഇന്ത്യയൊട്ടുക്ക് ജനകീയ പിന്തുണ ആർജിക്കാൻ ആശ്രയിച്ചത് വികസനത്തിന്റെ മാർഗമായിരുന്നുവെന്ന് ആർക്കാണറിയാത്തത്? . ഇപ്പോൾ കോൺഗ്രസിലും പ്രാദേശിക കക്ഷികളിലും ഇടതു സംഘടനകളിലുമായി നിലകൊള്ളുന്ന ഹിന്ദുക്കളെ വികസനവാദത്തിന്റെ ചുവടുപിടിച്ചുകൊണ്ട് അതിവേഗം വർഗീയപ്രധാനമായ ബിജെപിയിലേക്ക് എത്തിക്കാമെന്നും ഹിന്ദുത്വശക്തികളുടെ വിളയിടമായി ഇന്ത്യയെ മാറ്റാമെന്നുമാണ് മോഡി പ്രത്യാശിക്കുന്നത്. 

അതവിടെ നിൽക്കട്ടെ. വികസനത്തെപ്പറ്റിയാണ് പറഞ്ഞു തുടങ്ങിയത്. പുതിയ കാലത്തിൽ പ്രത്യയശാസ്ത്രങ്ങൾക്കപ്പുറത്ത് വികസനവാദം എങ്ങനെ എല്ലാവരേയും ഒരുമിപ്പിക്കുന്ന ശക്തിയായി മാറുമെന്നും അതിലൂടെ വോട്ട് സമാഹരിക്കാമെന്നും രാഷ്ട്രീയക്കാർ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ പ്രയോഗികതലത്തിൽ വികസനം എങ്ങനെയാണ് പ്രാവർത്തികമാകുന്നതെന്ന് പരിശോധിക്കുന്നത് കൗതുകകരമായ കാര്യമായിരിക്കും. നാടിന്റെ വികസനത്തിന്റെ പേരിൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ സമൂഹവും കരാറുകാരും കൊഴുത്തു വികസിക്കുകയെന്നൊരു അർത്ഥം ഇന്ത്യയിലെ ഏതൊരു വികസനപദ്ധതിക്കു പിന്നിലുമുണ്ടെന്ന് അറിയാത്തവരുണ്ടാകില്ല. ഏതൊരു വികസനപദ്ധതിയിൽ നിന്നും എങ്ങനെ വിദഗ്ധമായി തങ്ങൾക്കും പാർട്ടിക്കും പണമുണ്ടാക്കാമെന്നാണ് രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഉറ്റുനോക്കുന്നത്. ഇവർ തമ്മിൽ രഹസ്യബാന്ധവം ഉടലെടുക്കുന്നതോടെ കാര്യങ്ങൾ കുറെക്കൂടി സങ്കീർണമാകുന്നു. ചില കരാറുകാർക്ക് ടെൻഡർ ലഭിക്കുന്നതിനായി നിലകൊള്ളുന്നതിനായി അവർ ബോർഡുകളിൽ തങ്ങളുടെ ആൾക്കാരെ നോമിനേറ്റ് ചെയ്യുന്നു, ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ചിലർക്കായി പാതകളുടെ പോലും അലൈൻമെന്റുകൾ മാറ്റി വൻ തുകകൾ കൈക്കൂലിയായി നേടിയെടുക്കുന്നു, വിവിധ ബോർഡുകളിലേക്ക് അനധികൃത നിയമനങ്ങൾ നടത്തുന്നതു വഴി പരമാവധി പണം സമാഹരിക്കുന്നു. എന്തിന്, അഴിമതിവിരുദ്ധരായ ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന വന്പൻ കോർപ്പറേഷനുകളിവൽ പോലും ഈ വിധത്തിൽ അഴിമതി നടത്താനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് കൊങ്കൺ പാതയുടെ നിർമ്മാണഘട്ടത്തിൽ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഇ. ശ്രീധരന്റെ തീരുമാനങ്ങളെ അട്ടിമറിക്കാൻ അന്നത്തെ കേന്ദ്ര റെയിൽവേ മന്ത്രി ജാഫർ ഷെറീഫ് പോലും അത്തരം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. കൊങ്കണിൽ തന്റെ ചാർച്ചക്കാർക്ക് കരാർ ലഭിക്കുന്നതിനായി കൊങ്കൺ റെയിൽേവ ബോർഡിലേക്ക് മൂന്നു ഡയറക്ടർമാരെ തിരുകിക്കയറ്റാനും അതുവഴി ആദ്യം നൽകിയ ടെൻഡർ റദ്ദാക്കി പുതിയ ടെൻഡർ അനുവദിപ്പിക്കാനും ജാഫർ ഷെരീഫ് ശ്രമിച്ച കഥ നാട്ടിൽ പാട്ടാണ്. ശ്രീധരന്റെ ബുദ്ധിപൂർവമായ നീക്കമാണ് ജാഫറിന്റെ പദ്ധതി അന്ന് അട്ടിമറിച്ചത്. 

വികസനത്തെപ്പറ്റി പറയുന്പോൾ ഇ. ശ്രീധരൻ എന്ന ഉദ്യോഗസ്ഥനെ പരാമർശിക്കാതെ നമുക്ക് മുന്നോട്ടുപോകാനില്ല. ജനപക്ഷ വികസനം എപ്പോഴും ജനങ്ങളുടെ താൽപര്യങ്ങളെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടു പോകാവൂ എന്ന് വിശ്വസിച്ചിരുന്ന അപൂർവ ജനുസ്സിൽപ്പെട്ട ഉദ്യോഗസ്ഥരിലൊരാളാണ് ശ്രീധരൻ.  തന്റെ കീശ വീർപ്പിക്കാനുള്ള ഒരു ഉപാധിയായി ശ്രീധരനെപ്പോലുള്ളവർ വികസനത്തെ ഒരിക്കലും കണ്ടിട്ടില്ല. ഒരു പദ്ധതി നടപ്പാക്കുന്പോൾ തങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി അവർ അത് ഏറ്റെടുക്കുന്ന സമയത്ത് അവർ ചിന്തിക്കുക പോലുമില്ല. നാടിന്റെ വികസനമാണ് തങ്ങളുടെ പ്രാഥമികമായ കർത്തവ്യം എന്നു വിശ്വസിക്കുന്ന അത്തരം ഉദ്യോഗസ്ഥർ വികസനപദ്ധതി മൂലം കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പുനരധിവാസനഷ്ടപരിഹാര പാക്കേജുകൾ നൽകാൻ പരമാവധി പരിശ്രമിക്കുന്നു. ഉത്തരവാദപ്പെട്ട ഭരണകൂടങ്ങളെക്കൊണ്ട് ആ പാക്കേജുകൾ നടപ്പാക്കാനുള്ള ആർജവവവും അവർ കാണിക്കുകയും ചെയ്യും. 

വികസനത്തിന്റെ ബലിയാടുകളായി, നഗരപ്രാന്തങ്ങളിലെ കുടിലുകളിലേക്ക് ജീവിതം മാറ്റി പ്രതിഷ്ഠിക്കേണ്ടി വരുന്നവരുടെ നാടാണ് കേരളം. എഫ്.എ.സി.ടിയും കൊച്ചിൻ റിഫൈനറിയും നാവികസേനാ വിമാനത്താവളവും നെടുന്പാശ്ശേരി വിമാനത്താവളവും വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലും അനുബന്ധ പാതകളും ദേശീയപാതാ വികസനവുമൊക്കെയായി എത്രയോ സാധാരണക്കാരാണ് മുൻകാലങ്ങളിൽ വികസനത്തിന്റെ  ഇരകളായി കൊച്ചിയിൽ മാത്രം മാറ്റപ്പെട്ടിട്ടുള്ളത്. ഇവരിൽ ചിലർക്കൊക്കെ മാത്രമാണ് പിന്നീട് തങ്ങൾ മുന്പ് ജീവിച്ചിരുന്ന രീതിയിൽ ജീവിതം കെട്ടിപ്പടുക്കാനായത്. ബാക്കിയുള്ളവർ കമ്മട്ടിപ്പാടങ്ങളിലേക്കും വാത്തുരുത്തി പോലുള്ള കോളനികളിലേക്കുമൊക്കെ പോകേണ്ടതായി വന്നു. നഗരത്തിനു ചുറ്റുമുള്ള ഈ കോളനികളിൽ ഇവരുടെ പുതുതലമുറകൾ വളർന്നു. പലർക്കും നല്ല വിദ്യാഭ്യാസം ലഭിച്ചില്ല. പലരും അധോലോക സംഘങ്ങളിലേക്കും മയക്കുമരുന്ന് കച്ചവടത്തിലേക്കും ഗുണ്ടാ പ്രവർത്തനത്തിലേക്കുമൊക്കെ നീങ്ങി. ശരിയായ വിധത്തിൽ നടപ്പാക്കപ്പെടാത്ത വികസന പദ്ധതികൾ നഗരങ്ങളോട് ചേർന്ന് എങ്ങനെയാണ് അധോലോകങ്ങളേയും ഗുണ്ടകളേയും സൃഷ്ടിക്കുന്നതെന്നറിയാൻ ഇവരുടെ പൂർവകാലങ്ങളിലേക്ക് നോക്കിയാൽ മതിയാകും. വികസനത്തിന്റെ ഇരകളാകാൻ വിധിക്കപ്പെട്ട്, അക്രമത്തിന്റെ വഴികളിലേക്ക് നീങ്ങിയ കഥാനായകന്റെ ജീവിതം പറഞ്ഞ കമ്മട്ടിപ്പാടത്തിലെ നായകനായ വിനായകനാണ് കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. കമ്മട്ടിപ്പാടത്ത് ജനിക്കുകയും അവിടെ തന്നെ ജീവിക്കുകയും ചെയ്ത വിനായകൻ പിന്നീട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ താനടക്കമുള്ള അരികുജീവിതങ്ങളുടെ ദുരവസ്ഥ എണ്ണിപ്പറയുകയും ചെയ്തു. ഒരു രാഷ്ട്രീയ പ്രസ്ഥാനവും കണക്കിലെടുക്കാത്ത ദുരന്ത ജീവിതത്തിന്റെ ഇരകളിലൊന്നാണ് താനെന്നും വികസനം എങ്ങനെയാണ് തങ്ങളുടെ ജീവിതങ്ങളെ കൂടുതൽ കൂടുതൽ ഇരുട്ടിലേക്ക് എത്തിക്കുന്നതെന്നുമാണ് വിനായകൻ സത്യസന്ധമായ ചില വിവരണങ്ങളിലൂടെ പറഞ്ഞുവച്ചത്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് വികസനത്തിന്റെ ചില കയ്ക്കുന്ന യാഥാർത്ഥ്യങ്ങളിലേക്കുള്ള ചൂണ്ടുപലകയായി മാറിയെന്നത് അതിന്റെ പ്രസക്തി വർധിപ്പിക്കുന്നു. 

പക്ഷേ വിനായകന് മികച്ച നടനുള്ള പുരസ്‌കാരം നൽകിയ സർക്കാർ വിനായകനെപ്പോലുള്ള നിരവധി പേരെ അരികുജീവിതങ്ങളിലേക്ക് കൊണ്ടെത്തിച്ച അതേ മോഡിലുള്ള വികസനവാദത്തിന്റെ തന്നെ പ്രയോക്താവാണെന്നതാണ് അതിന്റെ വിരോധാഭാസം. ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കാനൊരുങ്ങുന്ന ഭരണകൂടം കുടിയൊഴിക്കപ്പെടാൻ പോകുന്നവർക്ക് മതിയായ പുനരധിവാസവും നഷ്ടപരിഹാരവും നൽകുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കകൾ നിലനിൽക്കുകയാണ്. പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പാത വികസനത്തിന് പലരും പല കഷ്ടനഷ്ടങ്ങളും സഹിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ. വനത്തേക്കാൾ വലിയത് വൈദ്യുതിയാണെന്നു പറയുന്ന വൺ ടു ത്രീ മന്ത്രിയെ മന്ത്രിസഭയിലെത്തിച്ചയാളാണല്ലോ വിജയൻ. വലിയ പാതകൾ വേണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അപകടരഹിതമായ യാത്രയ്ക്കും അതിവേഗ യാത്രയ്ക്കും അത് കൂടിയേ തീരൂ. പക്ഷേ അതിനായി ആരുടേയും ജീവിതം ബലികൊടുക്കപ്പെടേണ്ടതില്ല. പദ്ധതിയ്ക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകാനും പകരം ഭൂമി നൽകാനും സർക്കാർ തയാറാകണം. ഉത്തരവാദപ്പെട്ട ഒരു രണകൂടത്തിന് വലിയ പാതകൾ നിർമ്മിക്കുക മാത്രമല്ല വികസനം, ചെറിയ മനുഷ്യരുടെ ജീവിതങ്ങൾ സംരക്ഷിക്കുകയെന്നതു കൂടി ആ സർക്കാരിന്റെ പ്രതിബദ്ധതയാണ്. 

ഇ. ശ്രീധരൻ എന്ന ഒരു ഉദ്യോഗസ്ഥനു കീഴിൽ, രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ, ജനങ്ങളുടെ പ്രശ്‌നങ്ങളെ രമ്യമായി പരിഹരിച്ച് കൊങ്കൺ റെയിൽവേ പാത യാഥാർത്ഥ്യമായ കഥ ഇവിടെ ഓർമ്മിപ്പിക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു. സഹ്യപർവതത്തെ പകുത്തുകൊണ്ട് കർണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ പാത,  കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളുടെ സാന്പത്തിക സഹായത്തോടെയാണ് യാഥാർത്ഥ്യമായത്.  തൊണ്ണൂറുകളുടെ തുടക്കത്തിൽ ആരംഭിച്ച് ഏഴു വർഷത്തിനുള്ളിൽ 760 കിലോമീറ്റർ നീളത്തിൽ ദുർഘടയിടങ്ങളിലൂടെയാണ് ഈ പാത നീങ്ങിയത്. കൊങ്കൺ റെയിൽവേയ്ക്ക് എതിർപ്പുകൾ അനവധിയുണ്ടായിരുന്നു. ഈ പാതയ്ക്കുവേണ്ടി മൊത്തം ഏറ്റെടുത്തത് 4850 ഹെക്ടർ ഭൂമിയായിരുന്നു. 43,000 കുടുംബങ്ങളെയാണ് പദ്ധതി പ്രദേശത്തു നിന്നും ഒഴിപ്പിക്കേണ്ടതായി വന്നത്. പക്ഷേ മാനുഷിക പരിഗണനകൾ പൂർണമായും പാലിച്ചുകൊണ്ടുള്ള കുടിയിറക്കലിനാണ് ശ്രീധരൻ നേതൃത്വം നൽകിയത്. ജെസിബി ഉപയോഗിച്ച് ആരുടേയും വീടുകൾ അദ്ദേഹം തച്ചുതകർത്തില്ല. 144 കോടി രൂപ നഷ്ടപരിഹാരം നൽകുന്നതിനായി മാത്രം മാറ്റിവച്ചു. പുതിയ സ്ഥലത്ത് വീടുവയ്ക്കുന്നതു വരെയുള്ള ഒന്നര വർഷക്കാലത്തേക്ക് അവർക്ക് താൽക്കാലിക വാസകേന്ദ്രത്തിൽ തുടരാനാവശ്യമായ ചെലവ് കൊങ്കൺ നൽകുമെന്ന് വാഗ്ദാനം നൽകി. കെട്ടിടങ്ങൾ സ്വയം പൊളിക്കാനും അവയിൽ നിന്നും ആവശ്യമായ വസ്തുക്കൾ എടുക്കാനും ഇഷ്ടികയും ജനാലകളും ഓടുമടക്കം എല്ലാം മറ്റൊരിടത്തേക്ക് മാറ്റാൻ അവരെ സഹായിക്കുകയും ചെയ്തു കൊങ്കൺ റെയിൽവേ കോർപ്പറേഷൻ.  ഗോവയിൽ പദ്ധതിക്കെതിരെ കടുത്ത എതിർപ്പുണ്ടായപ്പോൾ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തി. നാട്ടുകാർക്ക് കിണറുകൾ മുതൽ ശ്മശാനം വരെ പണിതു നൽകി. ഇത്തരമൊരു മാതൃക നിലവിലുള്ള രാജ്യത്താണ് സ്ഥലമേറ്റടുക്കൽ ഇന്നും ഒരു ഭരണകൂട ഭീകരതയായി തുടരുന്നത്. 

ഇതൊക്കെ ശ്രീധരനു മാത്രം കഴിയുന്ന കാര്യങ്ങളാണെന്ന് പറയുന്പോഴാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ പാപ്പരത്തവും ആത്മവിശ്വാസക്കുറവും നമുക്ക് കൂടുതൽ ബോധ്യപ്പെടുന്നത്. പാന്പൻ പാലം പുനർനിർമ്മിച്ച, കൊങ്കൺ റെയിൽപ്പാത യാഥാർത്ഥ്യമാക്കിയ ശ്രീധരൻ തന്നെ വേണ്ടി വരുന്നു ഡൽഹി മെട്രോ യാഥാർത്ഥ്യമാക്കാൻ. അതേ ശ്രീധരൻ തന്നെ വേണ്ടി വരുന്നു ഇപ്പോൾ കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കാൻ. അഴിമതിരഹിതമായി, നിശ്ചിത സമയത്തിനുള്ളിൽ ഒരു പദ്ധതി പൂർത്തിയാക്കാൻ എൺപത്തഞ്ചു വയസ്സുള്ള ഈ മനുഷ്യൻ മാത്രമേയുള്ളു ഇന്ത്യയിലെന്നു വന്നാൽ ഇന്ത്യയിൽ ഇന്നു നടക്കുന്ന വികസനത്തിന്റെ പൊള്ളത്തരവും അതിനു പിന്നിൽ നടക്കുന്ന അഴിമതികളും നമുക്കു ബോധ്യപ്പെടും. എന്തിന് കൊച്ചി മെട്രോയുടെ നിർമ്മാണത്തിൽ നിന്നും ഡി.എം.ആർ.സിയേയും ഇ. ശ്രീധരനേയും ഒഴിച്ചുനിർത്താൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ശ്രമിച്ചപ്പോൾ അതിന് കേരളത്തിലെ ഉന്നതരായ പല ഐഎഎസ്സുകാരും പിന്തുണ നൽകിയത് നമുക്കറിവുള്ള കാര്യമാണല്ലോ. ശ്രീധരൻ വന്നാൽ വികസനപദ്ധതിയിൽ നിന്നും തങ്ങൾക്ക് ഊറ്റാനുള്ള വീതം കിട്ടില്ലെന്നതായിരുന്നു അവരുടെയെല്ലാം ശ്രീധര വിരോധത്തിനു കാരണം. പക്ഷേ മാധ്യമജാഗ്രതയും പൊതുജനപിന്തുണയും മൂലം കൊച്ചി മെട്രോ ശ്രീധരന്റെ കൈകളിൽ തന്നെയെത്തി. കമ്മീഷൻ ദാഹികളായവർ പലർക്കും കൊച്ചി മെട്രോയിൽ നിന്നും സ്ഥാനചലനവുമുണ്ടായി.

ലാഭക്കൊതിയാണ് എല്ലാ വികസനപ്രവർത്തനങ്ങളുടേയും ആണിക്കല്ലായി ഇന്ന് പ്രവർത്തിക്കുന്നത്. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ ഖനികൾക്കായി സ്ഥലം ഏറ്റെടുക്കുന്പോൾ നിഷ്‌ക്കരുണം ഈ പ്രദേശത്തെ ജനങ്ങളെ തുരത്തുന്ന കാഴ്ചയായിരുന്നു മുന്പ് കണ്ടിരുന്നത്. എന്നാൽ മാവോയിസ്റ്റ് നക്‌സലൈറ്റ് പ്രസ്ഥാനങ്ങൾ ഈ പ്രശ്‌നം മുതലെടുത്താണ് വടക്കേന്ത്യയിൽ തഴച്ചു വളരുന്നതെന്ന് ബോധ്യപ്പെട്ടതോടെ മാന്യമായ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാൻ കോൾ ഇന്ത്യയെപ്പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഇപ്പോൾ തയാറായിട്ടുണ്ട്. ജാർക്കണ്ധിലെ ധൻബാദ് ജില്ലയിലെ ഝാരിയയിലെ നഗരത്തിനു കീഴിൽ കണ്ടെത്തപ്പെട്ട 13 ബില്യൺ ടൺ ഉയർന്ന നിലവാരമുള്ള കൽക്കരി ഖനനം ചെയ്‌തെടുക്കാൻ അവർ 80,000 കുടുംബങ്ങളുടെ പുനരധിവാസത്തിനായി പദ്ധതി തയാറാക്കിയത് അങ്ങനെയാണ്. പുനരധിവാസത്തിനായി ഝാരിയയിൽ 7500 കോടി രൂപയും റാണിഗഞ്ച് പ്രദേശത്ത് 2500 കോടി രൂപയുമാണ് കോൾ ഇന്ത്യ നീക്കിവച്ചത്. നേരത്തെ വേദാന്തയും പോസ്‌കോയുമൊക്കെ നടത്തിയ പുനരധിവാസ പരിപാടികളൊക്കെ തന്നെയും പരാജയപ്പെട്ടതിനാലാണ് കോൾ ഇന്ത്യ ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയത്. 

പൊതുവികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ജീവിതവും സ്വപ്നങ്ങളും തകർക്കപ്പെടുന്നതൊന്നും പക്ഷേ ഇപ്പോഴും ഭരണകൂടങ്ങൾ അത്ര ഗൗരവമായിയെടുത്തിട്ടില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കള്ളപ്പാക്കേജുകൾ വാഗ്ദാനം നൽകിയാണ് ഇപ്പോഴും പല വികസന പ്രവർത്തനങ്ങളും കേരളത്തിലടക്കം നടക്കുന്നത്. വികസനത്തിന്റെ മറവിൽ പൊതുനിരത്തുകൾ സ്വകാര്യവൽക്കരിക്കുന്നതിനും കോർപ്പറേറ്റ് മുതലാളിമാർക്ക് ടോൾക്കൊള്ളയ്ക്ക് ലൈസൻസ് നൽകുന്നതിനുമെതിരെ പൊതുജനങ്ങൾ ബഹുജനപ്രക്ഷോഭം  സംഘടിച്ച് രംഗത്തുവന്നതോടെയാണ് ആ ജനരോഷം ശമിപ്പിക്കാൻ സർക്കാർ ‘’പാക്കേജ്’’ നടപ്പാക്കാൻ പോകുകയാണെന്ന പ്രഖ്യാപനങ്ങളുണ്ടായത്. 2012−ൽ കേന്ദ്ര സർക്കാരും ഹൈവേ അതോറിട്ടിയും ഉദാരമായ പാക്കേജ് അനുവദിച്ചുവെന്ന് മന്ത്രിമാരും ‘’ചില’’ മുഖ്യധാരാ മാധ്യമങ്ങളും വിളിച്ചുകൂവിയെങ്കിലും കാര്യങ്ങളോടടുത്തപ്പോൾ പക്ഷേ എല്ലാവരും കൈമലർത്തി. പിന്നെ കേട്ടത് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മുൻകൈയെടുത്ത് പുതിയ പുനരധിവാസ നിയമം പാസ്സാക്കുമെന്നും അതിലൂടെ യഥാർത്ഥ വിലയുടെ നാലിരിട്ടിയും സ്വർഗരാജ്യവും ലഭിക്കുമെന്നാണ്. ഇന്നും കടലാസിന്റെ വില മാത്രമുള്ള നിർദ്ദിഷ്ട ബില്ലിൽ റോഡ്, റെയിൽ, പൈപ്പ് ലൈൻ തുടങ്ങി രാജ്യത്തെ ഏറ്റവും കൂടുതൽ ഭൂമിയേറ്റെടുപ്പും കുടിയൊഴിപ്പിക്കലും ആവശ്യമായ 15 പദ്ധതികളെ ഒഴിവാക്കിക്കൊണ്ടാണ് ബില്ലിന്റെ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ളതെന്ന് പിന്നീടാണ് വെളിപ്പെട്ടത്. ഇത് പൊളിഞ്ഞതിനെ തുടർന്നാണ് കേരള സർക്കാർ പ്രത്യേക പാക്കേജ് നൽകുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചത്. അന്നത്തെ റവന്യൂ മന്ത്രി തിരുവഞ്ചൂരിനെക്കൊണ്ട് ഒരു പാക്കേജ് ഉത്തരവുമിറക്കി. ആ ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ കാര്യം കഷ്ടത്തിലാകുമെന്ന കാര്യം ആർക്കും തന്നെ സംശയമില്ല. ഭൂമിയും വീടും പൂർണമായി ഏറ്റെടുക്കപ്പെടുന്ന ഭൂരഹിതനും ഭവനരഹിതനുമായ, 75,000 രൂപയിൽ കുറഞ്ഞുമാത്രം ആകെ വാർഷിക കുടുംബ വരുമാനമുള്ള, ശന്പളക്കാരായ ജീവനക്കാർ ആരുമില്ലാത്ത കുടുംബങ്ങൾക്ക് മാത്രമേ −അതും മൂന്ന് സെന്റ് പുറന്പോക്ക് ഭൂമിക്ക്− അർഹതയുള്ളുവത്രേ! 

മൂലന്പിള്ളി ഇടിച്ചുനിരത്തലിനുശേഷം പാക്കേജ് എന്ന വാക്കുച്ചരിക്കാതെ ഒരു വികസനപദ്ധതിയെപ്പറ്റിയും പറയാൻ കേരളത്തിലാവില്ലെന്നിരിക്കേ, അതിനെ മറികടക്കാൻ റവന്യൂ വകുപ്പിൽ നടന്ന ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ  ദേശീയപാതാ വികസന പാക്കേജ്.

യഥാർത്ഥ വികസനം നാടിന്റെ ജനതയ്ക്കു വേണ്ടിയുള്ളതാണെന്നും ജനതയെ കുരുതി കൊടുത്തുകൊണ്ടുള്ള വികസനം നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും കീശ വീർപ്പിക്കാനുള്ളതാണെന്നും ഇന്ന് നാട്ടുകാർക്കറിയാം. ഒരു വശത്ത് വർഗീയതയെ കുടിയിരുത്താനായി ഫാസിസ്റ്റുകൾ വികസനത്തെ കൂട്ടു പിടിക്കുന്പോൾ മറുവശത്ത് കീശ നിറയ്ക്കാനായി അഴിമതിക്കാർ വികസനമന്ത്രം ഉരുവിടുന്നു. ഇരുകൂട്ടർക്കുമിടയിൽ ചതഞ്ഞുമരിക്കാൻ വിധിക്കപ്പെട്ടവരായ നമ്മൾ സഹനത്തിന്റെ വിഗ്രഹങ്ങളായി മാറിക്കൊണ്ടുമിരിക്കുന്നു. അതാണ് നാനാത്വത്തിലെ വികസന ഏകത്വം!

You might also like

Most Viewed