എന്താണ് യഥാ­ർ­ത്ഥ അശ്ലീ­ലം ?


ജെ. ബിന്ദുരാജ്

ദാചാരവും ശ്ലീലാശ്ലീലങ്ങളും എത്ര ചർച്ച ചെയ്താലും മലയാളി വ്യക്തമായ ഒരു അഭിപ്രായസമന്വയത്തിലെത്തിച്ചേരാറില്ല. അതിനു കാരണം സദാചാരത്തിനും അശ്ലീലത്തിനുമൊന്നും വ്യക്തമായ ഒരു നിർവ്വചനമില്ലെന്നതാണ്. സദാചാരം സാഹചര്യങ്ങൾക്കനുസരിച്ച് വ്യക്തികൾ രൂപപ്പെടുത്തുന്ന മൗലികമായ ചിന്തകൾക്കനുസരിച്ചാണെങ്കിൽ അശ്ലീലം വാക്കിലും വസ്ത്രത്തിലും മാത്രം കാണുന്ന രീതിയാണ് മലയാളിക്കുള്ളത്. ആണും പെണ്ണും ഒരുമിച്ചു നടക്കുന്നത് കാണുന്പോൾ ചില സദാചാരികൾക്ക് ഭ്രാന്തു പിടിക്കുന്നത് അതിന്റെ ഒരു വശം. ആണും പെണ്ണും പൊതുനിരത്തിൽ ലൈംഗികചേഷ്ടകൾ കാട്ടി പ്രതിഷേധിക്കുന്പോൾ അതിൽ അശ്ലീലമില്ലെന്നു പറയുന്നത് മറ്റൊരു വശം. തങ്ങൾക്ക് ശരിയെന്നു തോന്നുന്നതിനെ ശ്ലീലമെന്നും ശരിയല്ലെന്നു തോന്നുന്നതിനെ അശ്ലീലമെന്നും വിളിക്കുന്നതുപോലെ തന്നെയാണ് സദാചാരത്തിന്റെ കാര്യവും. എല്ലാ മനുഷ്യരും സമൂഹവും തങ്ങൾക്ക് ഹിതകരമായ വഴികളിലൂടെ മാത്രമേ സഞ്ചരിക്കാൻ പാടുള്ളുവെന്ന് കൈയൂക്കുള്ളവരും സമൂഹത്തിലെ അധികാരികളും മത−ജാതി വർഗ്ഗങ്ങളും തീരുമാനിക്കുന്പോൾ സദാചാരം ഇന്നതാണ് എന്ന മട്ടിൽ ഒരു ഡമ്മി രൂപപ്പെടുന്നു. സമൂഹത്തിൽ നല്ല നടപ്പുകാരനും ചീത്ത നടപ്പുകാരനുമൊക്കെ സൃഷ്ടിക്കപ്പെടുന്നതും ധാർമ്മികത, മൂല്യങ്ങൾ തുടങ്ങിയ സങ്കൽപ്പങ്ങൾക്ക് കാലാനുസൃതമായ രൂപഭാവങ്ങൾ കൈവരുന്നതുമൊക്കെ അങ്ങനെയാണ്. ഇക്കഴിഞ്ഞ വനിതാ ദിനത്തിൽ മാന്നാനം കെ ഇ കോളേജിൽ ഒരു വിദ്യാർത്ഥി സംഘടനയിൽപ്പെട്ട ചിലർ ഇവ എൻസ്ലറുടെ വജീനാ മോണലോഗ്‌സ് എന്ന നാടകത്തിൽ നിന്നുള്ള ചില വാചകങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പോസ്റ്ററുകൾ കാന്പസ്സിലൊട്ടിച്ചപ്പോൾ അതിനെതിരെ കോളേജിലെ അദ്ധ്യാപികമാർ രംഗത്തുവരികയും കോളേജ് യൂണിയൻ ചെയർമാൻ പോസ്റ്റർ വിഷയത്തിൽ മാപ്പുപറയണമെന്നാവശ്യപ്പെട്ട് കോളേജ് ഡേ പരിപാടികൾ തടസ്സപ്പെടുത്താൻ ശ്രമിക്കുകയും അതിനു ചെയർമാൻ വഴങ്ങാതിരുന്നതിനെ തുടർന്ന് കോളേജ് ഡേ ബഹിഷ്‌കരിക്കുകയും ചെയ്തത് ഇത്തരം ചില സങ്കൽപങ്ങളുടെ പേരിലാണ്. കോളേജിൽ ചില വാക്കുകൾ ഉച്ചരിക്കപ്പെടാൻ പാടില്ലാത്തതാണെന്നും അവ നികൃഷ്ടമാണെന്നും കുട്ടികളെ വഴി തെറ്റിക്കുന്നതാണെന്നുമൊക്കെ ഈ അദ്ധ്യാപികമാർ കരുതിപ്പോരുന്നതിനാലാണ് ഇത്തരമൊരു പ്രതിഷേധവുമായി അവർ മുന്നോട്ടുപോയത്. പക്ഷേ വാക്കുകളിൽ ശ്ലീലവും അശ്ലീലവുമൊക്കെ കാണുന്നവർ പലരും സമൂഹത്തിലെ യഥാർത്ഥ അശ്ലീലത്തിനെതിരെ പ്രതികരിക്കുന്നില്ലെന്നതാണ് സത്യം.  

അപ്പോൾ എന്താണ് യഥാർത്ഥ അശ്ലീലം? എന്താണ് യഥാർത്ഥ സദാചാര ഭ്രംശം? സമീപകാലത്ത് ദൽഹി യൂണിവേഴ്‌സിറ്റിയിലെ എബിവിപി വിദ്യാർത്ഥികളുടെ അഴിഞ്ഞാ
ട്ടത്തിനെതിരെ അവിടത്തെ ഒരു വിദ്യാർത്ഥിനിയായ ഗുർമെഹർ കൗർ ഒരു എഫ്ബി പോസ്റ്റിട്ടിരുന്നു. പ്രസ്തുത പോസ്റ്റിൽ ‘തന്റെ അച്ഛനായ സൈനിക ഉദ്യോഗസ്ഥനെ കൊന്നത് പാകിസ്ഥാനല്ലെന്നും യുദ്ധമാണെന്നും’ അവർ എഴുതിയത് രാജ്യസ്‌നേഹം കുത്തകയാക്കിവെച്ചിരിക്കുന്ന സംഘ് പരിവാർ ശക്തികളെ പ്രകോപിപ്പിച്ചു. ഗുർമെഹറിനെ അവർ സോഷ്യൽ മീഡിയയിൽ ദേശവിരുദ്ധയെന്നു സംബോധന ചെയ്തതിനു പുറമേ അവരെ ബലാൽസംഗം ചെയ്യുമെന്നു പോലും ഭീഷണി മുഴക്കി. ഇതേ അവസ്ഥ തന്നെയായിരുന്നു തമിഴ്‌നടി തൃഷയും മുന്പ് നേരിട്ടത്. തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടു പ്രക്ഷോഭം നടക്കുന്ന സമയത്ത് മൃഗസംരക്ഷണ സംഘടനയായ പെറ്റ ജെല്ലിക്കെട്ടിനെതിരെ പ്രചാരണം നടത്തുന്നുണ്ടെന്ന കാരണത്താൽ അതിന്റെ ബ്രാൻഡ് അംബാസിഡർമാരിലൊരാളായ ഈ നടിക്കു നേരെ സമൂഹ മാധ്യമങ്ങളിൽ അത്യധികം മോശപ്പെട്ട നിലയിലുള്ള പരാമർശങ്ങളാണ് പലരും നടത്തിയത്. അതിനും മുന്പ് ഫ്രീസെക്‌സിനായി നിലകൊണ്ട ഓൾ ഇന്ത്യ പ്രോഗസ്സീവ് വുമൻസ് അസോസിയേഷൻ സെക്രട്ടറി കവിത കൃഷ്ണനു നേരെയും ഇത്തരത്തിലുള്ള പ്രചാരണങ്ങളാണ് നടന്നത്. എന്തിനധികം പറയുന്നു, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ് ഐയുടെ സദാചാര ആക്രമണത്തിന് വിധേയയായ സൂര്യഗായത്രി, ജാനകി തുടങ്ങിയ വിദ്യാർത്ഥിനികൾക്കെതിരെ എന്തെല്ലാം അപകീർത്തികരമായ പരാമർശങ്ങളാണ് എസ്എഫ്ഐ പ്രവർത്തകരും അനുഭാവികളും സൈബർ ലോകത്തും ടെലിവിഷൻ ചാനലുകളിലൂടേയും നടത്തിയത്. 

ഒരു സ്ത്രീയെ പൊതുമധ്യത്തിൽ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുന്നതും അവരെ പൊതുസമക്ഷം മോശമായി ചിത്രീകരിക്കാൻ തങ്ങളാലാകുന്നതെല്ലാം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് വാസ്തവത്തിൽ ഏറ്റവും വലിയ അശ്ലീലം. അതുപോലെ തന്നെ, പ്രതികരിക്കേണ്ട ഒരു വിഷയത്തിൽ പ്രതികരിക്കാതിരിക്കുകയും മൗനം കൊണ്ട് തങ്ങളെ സ്വയം മൂടിവയ്ക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ സദാചാരഭ്രംശം. സമൂഹ മാധ്യമങ്ങളിൽ മാത്രമല്ല ഇത്തരം ഭീഷണികൾ നിറയുന്നത്. തങ്ങളുടെ രാഷ്ട്രീയ സംഘടനയുടെ നിലപാടിനോ തങ്ങളുടെ രാഷ്ട്രീയ നേതാക്കളുടെ തെറ്റായ ചെയ്തികൾക്കോ നേരെ പ്രതികരിക്കുന്നവർക്കെതിരെയും മോശപ്പെട്ട ഭാഷയിലുള്ള പരാമർശങ്ങൾ ഉണ്ടാകുന്നതായിനാം കണ്ടിട്ടുണ്ട്. സിപിഎം നേതാവായ ജി. സുധാകരനെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിന് പ്രീത ജി നായർ എ
ന്ന സാമൂഹ്യ ആക്ടിവിസ്റ്റിനെതിരെ പുരോഗമനചിന്താഗതിക്കാരെന്ന് സ്വയം പറഞ്ഞുനടക്കുന്ന ഇടതുപക്ഷക്കാർ സൈബർ ലോകത്ത് നടത്തിയ ആക്രമണം എത്രയോ ഹീനമായിരുന്നു. അവരുടെ കുടുംബാംഗങ്ങളെപ്പോലും ചിത്രത്തിലേയ്ക്ക് വലിച്ചിട്ട് പൊതുസമൂഹത്തിനു മുന്നിൽ കടിച്ചുകീറാൻ എന്തൊരു ഉത്സാഹമായിരുന്നു അഭിനവ സഖാക്കന്മാർക്ക്.  ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പല വകുപ്പുകൾ പ്രകാരം കേസ്സെടുക്കാൻ കഴിയുമെങ്കിലും ആക്രമണം നേരിടുന്ന സ്ത്രീയുടെ പരാതി ഈ വിഷയത്തിലുണ്ടാകാത്തത് ഇത്തരം അപകീർത്തി പ്രചാരകന്മാർക്ക് കൂടുതൽ അധികാരം പകർന്നുനൽകുന്നു. 

മതനേതാക്കൾ സ്ത്രീകൾക്കെതിരെ പുറപ്പെടുവിക്കുന്ന ഫത്വകളും ഭീഷണികൾ തന്നെയാണ്.പ്രത്യേകിച്ചും സ്ത്രീകൾക്കെതിരെയുള്ള ഫത്വകൾ. അസമിൽ ടെലിവിഷൻ റിയാലിറ്റി ഷോ ഫസ്റ്റ് റണ്ണറപ്പായ നഹിദ് അഫ്രിനോട് പൊതുസമക്ഷം ഗാനങ്ങൾ അവതരിപ്പിക്കുന്നത് വിലക്കിക്കൊണ്ട് 46 മുസ്ലിം മതപുരോഹിതന്മാർ കഴിഞ്ഞയാഴ്ച ഒരു ഫത്വ പുറപ്പെടുവിച്ചിരുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും പരമാധികാരവുമുള്ള റിപ്പബ്ലിക്കിൽ ഫത്വ എന്ന ഭീഷണി പുറപ്പെടുവിക്കാൻ ആർക്കാണ് അധികാരം? പതിനാറുകാരിയായ ഒരു ഗായികയോട് പൊതുവേദിയിൽ പാടാൻ പാടില്ലെന്ന് ഫത്വ ഇറക്കുകയും പാടാൻ അനുവദിക്കില്ലെന്നും പറഞ്ഞ 46 മുസ്ലിം മതപുരോഹിതർക്കെതിരെ എന്തുകൊണ്ടാണ് അസം സർക്കാർ ഒരു പെൺകുട്ടിയെ പരസ്യമായി ഭീഷണിപ്പെടുത്തിയതിന് കേസ്സെടുക്കാത്തത്? ആർക്കെതിരെയുള്ള ഭീഷണിയും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഒരു ഗുരുതരമായ കുറ്റകൃത്യമാണെന്നിരിക്കേ, ഫത്വ എന്ന ഭീഷണി മുഴക്കുന്നവർക്കെതിരെ കർശനമായ നടപടി വന്നാൽ തന്നെയും സ്ത്രീകളെ ഭീഷണിപ്പെടുത്തി അവരുടെ ഇഷ്ടാനിഷ്ടങ്ങളിൽ നിന്നും പിൻവലിപ്പിക്കുന്ന മതനേതാക്കളുടേയും പുരോഹിതരുടേയും ഇടപെടലുകൾ ഇല്ലാതാകും. ഇസ്ലാമിക് േസ്റ്ററ്റിനും ഭീകരവാദത്തിനുമെതിരെ നഹിദ് സമീപകാലത്ത് പാടിയ ചില പാട്ടുകളാണ് ഈ പുരോഹിതന്മാരെ ചൊടിപ്പിച്ചതത്രേ. ഫത്വയുടെ ഈ പെൺകുട്ടിയേയും അവരുടെ കുടുംബത്തേയും ഒറ്റപ്പെടുത്താൻ മതപുരോഹിതർ സ്വീകരിച്ചത് അതീവ നികൃഷ്ടമായ രീതികളാണ്. പെൺകുട്ടിക്കെതിരെയുള്ള ഈ ഭീഷണി ലഘുരേഖയാക്കി പ്രദേശത്ത് വിതരണം ചെയ്തുവെന്നു മാത്രമല്ല മാർച്ച് 25−ന് ബിബി കോളെജ് ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന അവരുടെ സംഗീത പരിപാടി ശരീയത്ത് നിയമത്തിനതിരെയാണെന്നും അവർ പ്രസ്താവിച്ചു. പ്രദേശത്ത് മസ്ജിദുകൾ ഉണ്ടെന്നും അതിനാലാണ് പരിപാടിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചതെന്നുമായിരുന്നു ചില മത
പുരോഹിതരുടെ വാദം.  സംഗീതം ദൈവത്തിന്റെ വരദാനമാണെന്നും തനിക്ക് ഈ ഗതി ഉണ്ടാകുമെന്ന് വിചാരിച്ചിരുന്നില്ലെന്നും മതപുരോഹിതരുടെ വിലക്ക് താൻ അംഗീകരിക്കില്ലെന്നുമാണ് വാർത്തയറിഞ്ഞ നഹിദ് അഫ്രിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ഈ പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിക്കെതിരെ മതഭീഷണി മുഴക്കിക്കൊണ്ടുള്ള ലഘുരേഖകൾ വിതരണം ചെയ്തവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 507−ാം വകുപ്പ് പ്രകാരം അജ്ഞാതമായ സ്രോതസ്സുകളിലൂടെ ഭീഷണി മുഴക്കുന്നത് കുറ്റകരമാണെന്നിരിക്കെ, ഓൺലൈനിലൂടേയും ഫോണിലൂടേയും ലഘുരേഖകളിലൂടേയും ഭീഷണി മുഴക്കുന്നത് രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. വിവരം ലഭിച്ച നിമിഷം തന്നെ ഈ വകുപ്പു പ്രകാരം പോലീസ് കേസ്സെടുക്കുകയും കുറ്റക്കാരെ കണ്ടെത്തുകയും ചെയ്യേണ്ടതായിരുന്നു. 

സ്ത്രീകൾക്കതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിനെ സമൂഹ മാധ്യമങ്ങളിൽ ആരും ചോദ്യം ചെയ്യാത്ത അവസ്ഥയുമുണ്ട് നമ്മുടെ നാട്ടിൽ. ഐപിസി 499ാം വകുപ്പ് അപകീർത്തികരമായ പരമാർശങ്ങൾക്കെതിരെയുള്ളതാണ്. വാക്കുകളിലൂടെയോ അംഗവിക്ഷേപങ്ങളിലൂടെയോ മറ്റേതെങ്കിലും ഗോചരമായ മാർഗത്തിലൂടേയും നടത്തുന്ന  അപകീർത്തികരമായ പരാമർശം ഗുരുതരമായ കുറ്റം തന്നെയാണ്. ഈ നിയമം കർക്കശമായി നടപ്പാക്കിയിരുന്നുവെങ്കിൽ സമൂഹ മാധ്യമങ്ങളിൽ ചില പ്രതികരണങ്ങൾ നടത്തുന്നവരൊക്കെ തന്നെയും പണ്ടേ തന്നെ അകത്താകുമായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെപ്പറ്റി കഴിഞ്ഞ വർഷം 500 സമൂഹ മാധ്യമ യൂസർമാർക്കിടയിൽ നടത്തിയ സർവേയിൽ ഞെട്ടിക്കുന്ന പല വസ്തുതകളുമാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്. ഓൺലൈൻ പീഡനത്തിന് വിധേയരായവരിൽ 36 ശതമാനം സ്ത്രീകളും അതേപ്പറ്റി പോലീസിന് പരാതി പോലും നൽകിയില്ലെങ്കിൽ 28 ശതമാനം പേർ ഓൺലൈനിൽ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് ഓൺലൈന്റെ ഉപയോഗം കുറയ്ക്കാൻ നിർബന്ധിതരായി. 30 ശതമാനം സ്ത്രീകൾ ഓൺലൈനിൽ കടുത്ത ആക്രമണം നേരിട്ടെങ്കിൽ 15 ശതമാനം പേർക്ക് ഈ ആക്രമണങ്ങളെ തുടർന്ന് വിഷാദരോഗവും മാനസികസമ്മർദ്ദവും നിദ്രാവിഹീനതയും ഉണ്ടായതായി സർവേ പറയുന്നു. 

ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പലതും മാർഗനിർദ്ദേശങ്ങൾ ലംഘിക്കുകയും തങ്ങൾക്കെതിരെ തീവ്രമായ ആക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്തുവെന്ന് നിരവധി സ്ത്രീകൾ ഈ സർവേയിൽ പറയുന്നുണ്ട്. സർവേയിൽ പങ്കെടുത്ത യൂസർമാരിൽ കേവലം മൂന്നിലൊരു ശതമാനം പേർ മാത്രമേ പോലീസിന് പരാതി നൽകിയുള്ളു. പൊലീസിന് പരാതി നൽകിയവരിൽ 38 ശതമാനം പേരും പോലീസ് തങ്ങളെ സഹായിച്ചില്ലെന്നുമാണ്. ഓൺലൈനിലൂടെയുള്ള പീഡനത്തെ പോലീസ് എത്രത്തോളം ലാഘവ മനോഭാവത്തോടെയാണ് നോക്കിക്കാണുന്നതെന്ന് ഈ അവസ്ഥ വെളിവാക്കുന്നുണ്ട്. ഒരു സ്ത്രീയെ അവളുടെ ഇഷ്ടത്തിനു വിരുദ്ധമായി പിന്തുടരുന്നതും ഇന്റർനെറ്റിൽ ഇ−മെയിലോ മറ്റ് ഇലക്ട്രോണിക് ആശയവിനിമയങ്ങളിലോ അവൾ ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതോ ഐപിസിയുടെ 354 ഡി വകുപ്പു പ്രകാരം കുറ്റകരമാണെന്നതും 354 എ വകുപ്പു പ്രകാരം ലൈംഗിക സൂചനയുള്ള സന്ദേശങ്ങൾ അയക്കുന്നതും അശ്ലീല ദൃശ്യങ്ങൾ ഒരാളുടെ ഇഷ്ടത്തിനു വിരുദ്ധമായി അയാൾക്ക് അയച്ചു നൽകുന്നതും കുറ്റകരമാണെന്നുമൊന്നും പലർക്കും അറിയില്ലെന്നതാണ് സത്യം. ഓൺലൈനിലാണെങ്കിൽ എന്തു പരാമർശവും നടത്താമെന്നും
അതൊന്നും നിയമപ്രകാരം കേസ്സെടുക്കാൻ തക്കതല്ലെന്നുമാണ് ഇത്തരക്കാരുടെ വിചാരം. സ്ത്രീകൾക്കെതിരെയുള്ള ഇത്തരം സൈബർ കുറ്റങ്ങൾ തടയാനുള്ള നടപടി സ്വീകരിക്കേണ്ടത് അടിസ്ഥാനപരമായ കാര്യമാണെന്ന് ആൾ ഇന്ത്യാ ഡമോക്രാറ്റിക് വിമൻസ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി പ്രമേയം കഴിഞ്ഞ വർഷമൊടുവിൽ വ്യക്തമാക്കിയിരുന്നതാണ്. ഡിബേറ്റിങ് ഫോറങ്ങളിലും ഓൺലൈൻ ഗ്രൂപ്പുകളിലുമെല്ലാം രാഷ്ട്രീയ പക മൂലം പല സ്ത്രീകളും അവഹേളിക്കപ്പെടുന്നുണ്ടെന്നും ഇത്തരത്തിലുള്ള അപകീർത്തികരമായ നടപടികൾ ഇനിയും ഉണ്ടാകാതിരിക്കാൻ മതിയായ നിയമനിർമ്മാണം നടത്തണമെന്നുമായിരുന്നു അവരുടെ പ്രധാന ആവശ്യം. 

സ്ത്രീകളെ ഓൺലൈനിൽ പിന്തുടരുന്നവർക്ക് പ്രാഥമികമായി ചില ഉദ്ദേശലക്ഷ്യങ്ങളുമുണ്ടാകാം. ലൈംഗികമായി അവരെ പീഡിപ്പിക്കുന്നത് അതിലൊന്നു മാത്രമാണ്. പ്രതികാര മനോഭാവമോ മതനേതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടേയും സംഘടിത ശക്തിയോ ഒക്കെ അത്തരം ആക്രമണങ്ങൾക്കായി ഉപയോഗിക്കപ്പെട്ടേക്കാം. ഗുർമെഹറിനെതിരെ സംഘ് പരിവാർ ശക്തികൾ നടത്തിയ ആക്രമണം അത്തരത്തിലുള്ള ഒന്നാണ്. ഗുർമെഹറിനെ ദേശദ്രോഹിയായി ചിത്രീകരിക്കാൻ അവർ നടത്തിയ ശ്രമത്തിനൊപ്പം തന്നെ ഓൺലൈനിലൂടെ ബലാത്സംഗ ഭീഷണി മുഴക്കുക വഴി അവരെ മാനസികമായി തളർത്താനും സംഘ് പരിവാർ ശക്തികൾ മുതിർന്നു. ഇതിനു മുന്പും ഓൺലൈനിൽ സംഘപരിവാർ ശക്തികൾ ഇതുപോലുള്ള ആക്രമണങ്ങൾ സ്ത്രീകൾക്കെതിരെ അഴിച്ചുവിട്ടിട്ടുണ്ട്. 2012−ൽ എഴുത്തുകാരിയും കവിയുമായ മീനാ കന്തസാമി ഹൈദരാബാദിലെ ഓസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ  ദളിത് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവലിൽ പങ്കെടുത്തതിനെക്കുറിച്ചും പോലീസ് അവരെ എത്ര ബുദ്ധിമുട്ടിയാണ് പുറത്തെത്തിച്ചതെന്നതിനെപ്പറ്റിയും ട്വീറ്റ് ചെയ്തതിനെ തുടർന്ന് ട്വിറ്ററിൽ അവർക്കെതിരെ ആസിഡ് ആക്രമണങ്ങൾക്കും ടെലിവൈസ്ഡ് സംഘ ബലാത്സംഗ ഭീഷണികളും സംഘ്പരിവാറുകാർ ഉയർത്തിയിരുന്നു. പശുക്കളെ വിശുദ്ധമൃഗമായി കാണുന്ന ഹിന്ദുക്കൾക്കെതിരെയാണ് ദളിതയായ മീന കന്തസാമി നിലകൊള്ളുന്നതെന്നായിരുന്നു അന്നവരുടെ വാദം. 

പത്രപ്രവർത്തകയായ സാഗരികാ ഘോഷിനെതിരെയും ബസ്ഫീഡ് ഇന്ത്യയുടെ എഡിറ്റർ റിഗാ ഝായ്ക്കെതിരെയും ബർഖാ ദത്തിനെതിരെയും ഉണ്ടായ ബലാത്സംഗ ഭീഷണികളും നമ്മുടെ ഓർമ്മകളിലുണ്ട്. 2015−ൽ ഇന്ത്യാ− പാകിസ്ഥാൻ ക്രിക്കറ്റ് മാച്ച് നടക്കുന്പോൾ പാകിസ്ഥാനി കളിക്കാരെ ട്വിറ്ററിൽ അഭിനന്ദിച്ചതിന്റെ പേരിലാണ് റിഗ ഓൺലൈനിൽ ആക്രമിക്കപ്പെട്ടത്. ദുഷിച്ച കമന്റുകൾ അവർക്കെതിരെ എഴുതിയവരുടെ കൂട്ടത്തിൽ ചേതൻ ഭഗത്തിനെപ്പോലുള്ള എഴുത്തുകാരും ഉണ്ടായിരുന്നുവെന്നതാണ് അതീവ ഖേദകരമായ കാര്യം. 2015−ൽ കേരളത്തിൽ  മാധ്യമം പത്രത്തിന്റെ ലേഖികയായ വിപി റജീന ഒരു സുന്നി മതപാഠശാലയിൽ വച്ച് കുട്ടിക്കാലത്ത് തന്നെ മതഅധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് ഫെയ്സ് ബുക്കിൽ എഴുതിയതിനെ തുടർന്ന് മുസ്ലിം സമുദായത്തിൽപ്പെട്ടവർ അവർക്കെതിരെ ഓൺലൈനിൽ ശക്തമായ പ്രചാരണം അഴിച്ചുവിടുകയുണ്ടായി. അവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് താൽക്കാലികമായി പൂട്ടിക്കുകപോലും ചെയ്തു അവർ. തീർന്നില്ല. സൽമാൻ ഖാനെതിരെ പ്രതികരിച്ചതിന്റെ പേരിൽ ഗായിക സോണ മഹാപത്രയും ഓൺലൈനിൽ സൽമാൻ ഖാൻ പ്രേമികളുടെ കടുത്ത അധിക്ഷേപങ്ങൾ നേരിട്ടിരുന്നതാണ്.

സമൂഹമാധ്യമങ്ങളിലും അല്ലാതെയും സ്ത്രീകൾക്കെതിരെയുള്ള അപകീർത്തികരവും അപമാനകരവുമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ ഒട്ടറെ വകുപ്പുകൾ  കേസ്സെടുക്കാൻ പര്യാപ്തമായി ഉണ്ടെങ്കിലും സ്ത്രീകൾക്കുനേരെ സൈബർ സ്പേസിൽ നടക്കുന്ന ആക്രമണങ്ങൾക്ക് തെല്ലും കുറവൊന്നുമില്ലെന്നതാണ് വാസ്തവം. നിലവിലുള്ള നിയമങ്ങൾ തന്നെ ശക്തമായി നടപ്പാക്കിയാൽ തന്നെ ഇത്തരത്തിലുള്ള യഥാർത്ഥ അശ്ലീലത്തിന് തടയിടാൻ നമുക്കാവും. പക്ഷേ ആ സൈബർ തെമ്മാടികൾക്കെതിരെ കർക്കശമായ നടപടികൾ സ്വീകരിക്കാനാകുന്ന ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന്റെ അഭാവം നാം ശരിക്കും അറിയുന്നുണ്ട്. സൈബർ ലോകത്തിനു പുറത്ത് സ്ത്രീകൾക്കെതിരെ ഫത്വ പ്രഖ്യാപിക്കൽ പോലുള്ള നടപടികളുമായി പോകുന്നവരേയും നിയമത്തിനു മുന്നിൽ നാം കൊണ്ടുവരേണ്ടതുണ്ട്. ഒരു പരിഷ്‌കൃത സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്തരക്കാരെ ഒറ്റപ്പെടുത്താനാണ് നമ്മൾ ശ്രമിക്കേണ്ടത്.

You might also like

Most Viewed