സ്വാ­ർ­ത്ഥർ­ക്കാ­യി­ എരി­ഞ്ഞമരു­ന്ന സൂ­ര്യന്മാ­ർ!


ജെ. ബിന്ദുരാജ്

 

വാരണാസിയിൽ തിരഞ്ഞെടുപ്പ് നടക്കുന്പോഴെല്ലാം എന്റെ ഓർമ്മകൾ സത്യന്ദ്രേ ദുബെ എന്ന ചെറുപ്പക്കാരനിലേക്കെത്താറുണ്ട്. ഇന്ന് ദുബെ ജീവിച്ചിരുന്നുവെങ്കിൽ ദുബെയ്ക്ക് നാൽപ്പത്തിമൂന്നു വയസ്സാകുമായിരുന്നു. പതിനാലു വർഷങ്ങൾ മുന്പ് ഒരു നവംബർ 27ന് വാരാണാസിയിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് ഗയ റെയിൽവേ േസ്റ്റഷനിൽ രാവിലെ മൂന്ന് മണിക്ക് എത്തി, തന്നെ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള കാർ തകരാറിലായതിനാൽ ഒരു റിക്ഷയിൽ വീട്ടിലേക്ക് മടങ്ങിയ ദുബെയെ പിന്നെ അദ്ദേഹത്തിന്റെ ഡ്രൈവർ കണ്ടെത്തിയത് എ.പി കോളനിയുടെ  പ്രാന്തപ്രദേശത്ത് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലായിരുന്നു. ഇന്ത്യൻ എഞ്ചിനീയറിംഗ് സർവ്വീസിലെ ഉദ്യോഗസ്ഥനായിരുന്ന ഈ മുപ്പതുകാരൻ 2002 ജൂലൈയിൽ നാഷണൽ ഹൈവേസ് അതോറിട്ടി ഓഫ് ഇന്ത്യയിൽ പ്രോജ്കട് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ നിയമിതനായി കേവലം ഒന്നേകാൽ വർഷം പിന്നിടുന്പോഴായിരുന്നു ഈ കൊലപാതകം. ഗോൾഡൻ ക്വാഡ്രിലാട്രൽ (ജി.ക്യു) ഹൈവേ നിർമ്മാണ പദ്ധതിയിൽ ജാർക്കണ്ധിൽ ജി.ക്യുവിൽപ്പെട്ട ഗ്രാന്റ് ട്രങ്ക് റോഡിന്റെ ചുമതലക്കാരനായിരുന്ന ദുബെ പദ്ധതിയിൽ അഴിമതി കണ്ടെത്തുകയും കടുത്ത നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. മോശപ്പെട്ട രീതിയിൽ നിർമ്മിച്ച ആറ് കിലോമീറ്റർ റോഡ് വീണ്ടും നിർമ്മിക്കാൻ അദ്ദേഹം കരാറുകാരനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ദുബെയെ കൊന്നത് അദ്ദേഹത്തിന്റെ ബാഗിലെ പണം തട്ടിയെടുക്കാൻ ശ്രമിച്ച ഒരു റിക്ഷാക്കാരനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ ഈ കൊലപാതകത്തിന് പിന്നിൽ വലിയ മാഫിയകൾ പ്രവർത്തിച്ചിട്ടുണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്ന് കേസ് അന്വേഷണം ബീഹാർ പൊലീസിൽ നിന്നും സി.ബി.ഐയ്ക്ക് കൈമാറിയെങ്കിലും ബീഹാർ പൊലീസിന്റെ അതേ നിഗമനത്തിൽ തന്നെയാണ് സി.ബി.ഐയും ഒടുവിൽ എത്തിച്ചേർന്നത്. പക്ഷേ കേസ്് അന്വേഷണത്തിനിടയിൽ ആരോപണവിധേയരായ രണ്ട്പേർ കൂടി മരണപ്പെട്ടത് സംശയങ്ങൾ ശക്തിപ്പെടുത്തി. മൻതു കുമാർ എന്ന റിക്ഷാക്കാരൻ മാത്രം ശിക്ഷിക്കപ്പെട്ട് ഒടുവിൽ കേസ്സൊടുങ്ങി. 

സത്യന്ദ്രേ ദുബെയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച (അങ്ങനെ വിശ്വസിക്കാനുള്ള സംശയകരമായ കാര്യങ്ങൾ ആ കേസ്സിലുണ്ടായിരുന്നു) മാഫിയകൾ ഇന്നും നിർബാധം അഴിമതികൾ  നടത്തിപ്പോരുന്നുണ്ടെന്നു തന്നെ വേണം കരുതാൻ. ഇന്ത്യയിൽ അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചവരിൽ പലർക്കും സംഭവിക്കുന്ന ദുര്യോഗങ്ങളിലൊന്നു മാത്രമാണ് ദുബെയുടേത് പോലുള്ളവരുടെ കൊലപാതകങ്ങൾ എന്നതിനാൽ പൊതുസമൂഹം അതേപ്പറ്റി ഖിന്നചിത്തരാകാറുമില്ല.  അല്ലെങ്കിലും മറ്റുള്ളവർക്കായി കത്തിയെരിയുന്ന സൂര്യന്മാരോട് ഇന്ത്യക്കാർക്ക് പൊതുവേ പുച്ഛമാണല്ലോ. ദുബെ മാത്രമല്ല ഇന്ത്യയിൽ ഇത്തരത്തിൽ നീതിക്കായി നിലകൊണ്ട് കൊല്ലപ്പെട്ടിട്ടുള്ളത്. മായം കലർത്തി പെട്രോൾ വിറ്റുകൊണ്ടിരുന്ന ഉത്തരപ്രദേശിലെ പെട്രോൾ പന്പു ഉടമകൾക്കെതിരെ കർശനമായി നടപടികൾ സ്വീകരിച്ചതിന്റെ പേരിലാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ഉദ്യോഗസ്ഥനായ മഞ്ജുനാഥ് ഷണ്മുഖത്തെ മാഫിയ വധിച്ചതെങ്കിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ കുംഭകോണങ്ങൾ വിവരാവകാശ നിയമപ്രകാരം പുറത്തുകൊണ്ടുവരികയും സർക്കാരിനെ അന്വേഷണത്തിന് പ്രേരിപ്പിക്കുകയും ചെയ്തതിന്റെ പേരിലാണ് ജാർക്കണ്ധുകാരനായ ലളിത് മേത്ത വധിക്കപ്പെട്ടത്. റിയൽ എേസ്റ്ററ്റ് സ്ഥാപനമായ ഐ.ആർ.ബി ഇൻഫ്രാസ്ടൈക്ചറും അവരുടെ സബ്സിഡിയറി കന്പനിയായ ആര്യനും വ്യാജരേഖകളുപയോഗിച്ച് ഏക്കറു കണക്കിനു ഭൂമി സ്വന്തമാക്കിയതിനെതിരെ പരാതി നൽകുകയും അന്വേഷണത്തെ തുടർന്ന് 90 ആധാരങ്ങൾ റദ്ദാക്കപ്പെടുകയും ചെയ്തിന്റെ പ്രതികാരമെന്ന നിലയ്ക്കാണ് 2010 ജനുവരിയിൽ സതീഷ് ഷെട്ടി കത്തിക്കിരയായത്. പക്ഷേ മാഫിയകൾക്കെതിരെ ശബ്ദിക്കുന്നതിൽ നിന്നും ഇതൊന്നും തന്നെ ധീരന്മാരെയും ധീരകളേയും വിലക്കാറില്ല. ഈ ധീരന്മാരെപ്പറ്റി ഇപ്പോൾ ഓർക്കാനും എഴുതാനും ചില സാഹചര്യങ്ങളുണ്ട്. കേരളത്തിന്റെ ഭൂമിയുടെ പകുതിയും ഇപ്പോഴും കൈവശം വയ്ക്കുന്നത് വൈദേശീയരാണെന്നും വ്യാജരേഖകളുടെ പിൻബലത്തിൽ ഏതാണ്ട് അഞ്ചു ലക്ഷം ഏക്കർ ഭൂമിയോളം അവർ അവരുടെ ഏജന്റുമാരിലൂടെ കൈവശം വയ്ക്കുന്നുണ്ടെന്നും ഈ കൈയേറ്റക്കാർ വിദേശികളുടെ പേരിലാണ് ഇപ്പോഴും പ്രോപ്പെർട്ടി ടാക്സ് അടയ്ക്കുന്നതെന്നും കഴിഞ്ഞയാഴ്ചയാണ് റവന്യൂ വകുപ്പിന്റെ മുൻ സ്പെഷ്യൽ  ഗവൺമെന്റ് പ്ലീഡറായിരുന്ന സുശീലാ ആർ ഭട്ട് തുറന്നടിച്ചിരിക്കുന്നത്. ഹാരിസൺ മലയാളം പ്ലാന്റേഷൻസ് കൈവശം വച്ചിരിക്കുന്ന 75,000 ഏക്കർ ഭൂമി, വ്യാജരേഖകളുടെ പിൻബലത്താലാണ് അവർ കൈവശം വച്ചിരിക്കുന്നതെന്ന് അംഗീകരിക്കപ്പെട്ടതിനു പിന്നിൽ പ്രവർത്തിച്ചത് സുശീലയായിരുന്നു. ഹാരിസൺ മലയാളം അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ കാര്യത്തിൽ എം.ജി രാജമാണിക്യം നൽകിയ റിപ്പോർട്ട് പ്രകാരം ഈ ഭൂമി ഏറ്റെടുക്കാൻ രാജമാണിക്യത്തിന് അവകാശമുണ്ടോ എന്ന വിഷയത്തിൽ ഇപ്പോൾ കേസ്സ് ഹൈക്കോടതിയിൽ നടക്കുകയാണ്. സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും പ്രമുഖ അഭിഭാഷകർ ഹാരിസണിനായി വാദിക്കാനെത്തിയ നേരത്താണ് ഇടതു മുന്നണി സർക്കാർ അതുവരെ കേസ്സിൽ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന സുശീലാ ആർ ഭട്ടിനെ സർക്കാർ പ്ലീഡർ സ്ഥാനത്തു നിന്നും നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അതിനു പിറകിൽ വലിയ അട്ടിമറികൾ ഉണ്ടാകാനുള്ള സാധ്യതകളുണ്ടു താനും. കാരണം നിലവിൽ ഹാരിസൺ മലയാളം ഹൈക്കോടതിയിൽ നിരത്തിയ വാദങ്ങളെല്ലാം പൊളിയുകയും വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് അവർ ഭൂമി കൈവശം വെയ്ക്കുകയും ചെയ്യുന്നതെന്ന് തെളിഞ്ഞിട്ടുള്ളതുമാണെന്നിരിക്കേ, ഈ കേസ്സ് വസ്തുനിഷ്ഠമായി പഠിക്കുകയും വാദിക്കുകയും ചെയ്തിരുന്ന സുശീലാ ആർ ഭട്ടിനെ നീക്കിയത് ഹാരിസൺ മലയാളത്തെ സഹായിക്കാനാണെന്ന് ന്യായമായും സംശയിക്കാം. ഹാരിസൺ മലയാളത്തിൽ നിന്നും കെ.പി യോഹന്നാൻ വാങ്ങിയ ചെറുവള്ളി എേസ്റ്ററ്റ് ഭൂമി വിമാനത്താവളത്തിനായി പരിഗണിക്കുന്നുവെന്നിരിക്കേ, ഇതിനു പുതിയ മാനങ്ങൾ കൈവരുന്നുണ്ട്. രാജമാണിക്യത്തിന്റെ റിപ്പോർട്ട് പ്രകാരം  ഇന്ന് ആ ഭൂമിയുടെ ഉടമസ്ഥത സർക്കാരിനു തന്നെയാണ. അല്ലാതെ കെ.പി യോഹന്നാനല്ല. പക്ഷേ ഇത് കോടതിയിൽ ശക്തമായി ഉന്നയിക്കുമായിരുന്ന സർക്കാർ പ്ലീഡർ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഇനി എത്തുന്ന പ്ലീഡർ ഇതിൽ സ്വീകരിക്കാൻ പോകുന്ന നിലപാട് പിന്തുടർന്നാൽ ബോധ്യമാകും ഇതിലെ ഇടപെടലുകൾ. 

കഴിഞ്ഞ 60 വർഷക്കാലമായി രാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ചു കഴിയുന്ന ഹാരിസൺ മലയാളം ഈ ഭൂമി കൈവശം വയ്ക്കാൻ ഇനിയും അനധികൃതശ്രമങ്ങൾ നടത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട.  നിലവിൽ ഈ കേസ്സിൽ സർക്കാരിനു വേണ്ടി വാദിക്കുന്ന അഭിഭാഷകൻ സർക്കാർ നിർദ്ദേശപ്രകാരം കേസ്സിൽ വെള്ളം ചേർക്കാതിരുന്നാൽ ഹാരിസൺ മലയാളം കൈവശം വയ്ക്കുന്ന ഭൂമി മുഴുവനും സർക്കാരിന്റെ കൈയിലേക്കു തന്നെ വന്നുചേരുകയും ചെയ്യും. അതിനൊപ്പം കൂട്ടിവായിക്കേണ്ട ചില സംഭവവികാസങ്ങളുമുണ്ട്. ഹാരിസൺ മലയാളം കന്പനിയെ സഹായിക്കണമെന്നാവശ്യപ്പെട്ട് തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ പിണറായി വിജയന് 2016 ഡിസംബർ 28ന് ഒരു കത്ത് നൽകിയത് ഈയിടെ പുറത്തുവന്നിരുന്നു. രാജമാണിക്യത്തിന്റെ റിപ്പോർട്ടും തുടർ നടപടികളും നിമിത്തം ഹാരിസന്റെ പക്കൽ നിന്നും ഭൂനികുതി സ്വീകരിക്കില്ലെന്ന് റവന്യൂ വകുപ്പ് തീരുമാനിക്കുകയും കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന അവരുടെ ആവശ്യവും നിരാകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നിലപാടു മൂലം ബാങ്കുകളിൽ നിന്നും വായ്പ ലഭിക്കുന്നില്ലെന്നും സാന്പത്തികമായി ബുദ്ധിമുട്ടുന്ന കന്പനിയെ സഹായിക്കണമെന്നുമായിരുന്നു  രാമകൃഷ്ണന്റെ പരിദേവനം. ഹാരിസണിൽ തൊഴിലെടുക്കുന്ന നാനൂറോളം തൊഴിലാളികളുടെ പ്രശ്നമായതിനാലാണ് താൻ ഈ നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചതെന്നാണ് രാമകൃഷ്ണൻ പറയുന്നത്. വാദത്തിന് ഇത് അംഗീകരിച്ചു നൽകാമെങ്കിൽ പോലും ഹാരിസൺ മലയാളം നൂറ്റാണ്ടുകളായി കൈവശം വച്ചിരിക്കുന്ന ഭൂമിയാണിതെന്ന മട്ടിൽ രാമകൃഷ്ണൻ കത്തിൽ ചില വ്യാജ പരാമർശങ്ങൾ നടത്തുന്നത് കാണാതിരുന്നു കൂടാ. ഹാരിസൺ ആന്റ് ക്രോസ്ഫീൽഡ്സ് ലിമിറ്റഡ് കൊച്ചിയിൽ 1978ൽ സ്ഥാപിതമായ മലയാളം പ്ലാന്റേഷനിൽ പങ്കാളിയാകുന്നത് 1982ൽ മാത്രമാണെന്ന വിവരം മന്ത്രി ബോധപൂർവം മറച്ചുവയ്ക്കുന്നു. മാത്രവുമല്ല സർക്കാർ ഭൂമിയിൽ നിന്നും ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങൾ മുറിക്കുന്പോൾ മാത്രമേ സീനിയറേജ് ഈടാക്കാവൂ എന്നും മന്ത്രി നിർദ്ദേശിക്കുന്നു. സർക്കാർ ഭൂമിയിൽ നിന്നും മരം മുറിക്കാൻ മന്ത്രി ഒരു കന്പനിക്ക് അനുവാദം നൽകാൻ ആവശ്യപ്പെടുന്നതു തന്നെ അപരാധമാണ്. ഇവിടെ ഗവൺമെന്റ് പ്ലീഡർ സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട സുശീലാ ആർ ഭട്ടിനേയും ടി.പി രാമകൃഷ്ണനേയും ഒരു താരതമ്യത്തിന് വിധേയമാക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. താൻ മുന്പ് നടത്തിയിരുന്ന ഒരു കേസ്സിനെപ്പറ്റി സുശീല ഉൽകണ്ഠപ്പെടുന്നത് കേരളം തന്റെ നാടാണെന്നും തന്റെ നാടിന്റെ ഭൂമി ഒരു വിദേശ കന്പനിക്ക് പോകാതിരിക്കാനും വേണ്ടിയാണെങ്കിൽ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു മന്ത്രി ആശങ്കപ്പെടുന്നത് സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഒരു കന്പനിക്കു വേണ്ടിയാണെന്നതാണ് ദുരവസ്ഥ.  

അതിനിടെ, വിവിധ വകുപ്പുകൾക്കെതിരെയുള്ള അഴിമതിയുമായി ബന്ധപ്പെട്ട പരാതികളിൽ ഇനി മുതൽ ദ്രുതഗതിയിൽ വിജിലൻസ് കേസ്സെടുക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി വിജിലൻസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസുമായുള്ള ഇടതു സർക്കാരിന്റെ മധുവിധു അവസാനിക്കാറായെന്ന് തന്നെയാണ് അതിന്റെ അർത്ഥം. ഇ.പി ജയരാജനെതിരെ ബന്ധുനിയമന കേസ്സിൽ അഴിമതി നിരോധന നിയമപ്രകാരം കേസ്സെടുക്കാനുള്ള വകുപ്പുണ്ടെന്ന് വിജിലൻസ് വ്യക്തമാക്കിയതിനു തൊട്ടു പിന്നാലെയാണ് ഹൈക്കോടതിയുടെ വിമർശനങ്ങൾ മുൻനിർത്തിയാണെന്നു വരുത്തിത്തീർത്ത് വിജിലൻസിന് മൂക്കുകയറിടാനുള്ള നീക്കം സർക്കാർ ഊർജിതമാക്കിയിരിക്കുന്നത്. ഇനി മുതൽ ലഭിക്കുന്ന പരാതികളിലെല്ലാം ഉടനടി കേസ്സെടുക്കേണ്ട കാര്യമില്ലെന്നും പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിൽ പരിശോധനയ്ക്ക് അയച്ചശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കേണ്ടതുള്ളുവെന്നുമാണ് മുഖ്യമന്ത്രി നിർദ്ദേശം വച്ചിട്ടുള്ളത്. അതായത് ഏതെങ്കിലും മന്ത്രിയുടെ വകുപ്പിൽ അഴിമതി ആരെങ്കിലും കണ്ടെത്തി പരാതി നൽകിയാൽ ആ ഇടപാട് തിരുത്താനുള്ള സാവകാശം അവർക്ക് കൊടുത്ത് കേസ്സെടുക്കാതെ കാര്യം ഒതുക്കിത്തീർക്കണമെന്നർത്ഥം. പ്രാഥമികാന്വേഷണം തുടങ്ങുന്പോൾ തന്നെ ആരോപണവിധേയരായവരെ അഴിമതിക്കാരായി കാണരുതെന്ന വിജിലൻസിനോടുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശവും മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കൈക്കൊള്ളുന്ന നടപടിയും തങ്ങൾക്ക് പാരയാകുമെന്ന ഭീതി തന്നെയാണ് മുഖ്യമന്ത്രി പറയാതെ പറയുന്നതെന്നു സാരം. ചുരുക്കത്തിൽ വിജിലൻസിന്റെ പല്ലും നഖവും പിണറായി വിജയൻ കൊണ്ടുപോയി എന്നു സാരം! 

ഇക്കഴിഞ്ഞ ദിവസമാണ് കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ട് പുറത്തുവന്നത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടത്തിയ നിയമലംഘനങ്ങളുടെ ഭീകരത മുഴുവൻ പുറത്തുകൊണ്ടുവന്ന ഒന്നായിരുന്നു അത്. നെൽവയൽ തണ്ണീർത്തട നിയമം വ്യാപകമായി അട്ടിമറിക്കപ്പെട്ടുവെന്നും റവന്യൂ വകുപ്പ് സർക്കാർ ഭൂമി സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്. റവന്യൂ വകുപ്പിന്റെ ഭൂമി ഒഴിപ്പിക്കൽ പ്രക്രിയ പലപ്പോഴും കടലാസിൽ മാത്രം ഒതുങ്ങുന്നതാണെന്നും പലപ്പോഴും ഒഴിപ്പിക്കപ്പെട്ട വ്യക്തിയോ സ്ഥാപനമോ തന്നെ അവിടെ തങ്ങളുടെ സാന്നിധ്യം തുടരുകയുമാണ് ചെയ്യുന്നതെന്നും സി.എ.ജി റിപ്പോർട്ട് കുറ്റപ്പെടുത്തിയിരുന്നു. കണ്ണൻ ദേവൻ ഹിൽസ് വില്ലേജിന്റെ കാര്യം സി.എ.ജി എടുത്തുപറയുന്നുണ്ട്. ഏതാണ്ട് അഞ്ചു തവണയോളം കണ്ണൻദേവൻ ഹിൽ സിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ചെങ്കിലും ഇപ്പോഴും ആ സർക്കാർ ഭൂമി അനധികൃത കുടിയേറ്റക്കാർ ഉപയോഗിച്ചുവരികയാണെന്നാണ് സി.എ.ജി കണ്ടെത്തിയിട്ടുള്ളത്. എന്തിന് വാഗമണ്ണിൽ  2011ൽ ഒഴിപ്പിച്ച വാഗമൺ ഹൈഡ് ഔട്ട് എന്ന റിസോർട്ട് ഇപ്പോഴും പഴയപോലെ അവിടെ പ്രവർത്തിക്കുന്നതും സി.എ.ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇടുക്കിയിലെ പീരുമേട്ടിൽ രണ്ടേക്കറോളം സർക്കാർ ഭൂമി കൈയറിയത് കടലാസിൽ സർക്കാർ ഒഴിപ്പിച്ചതായാണ് കാണുന്നതെങ്കിലും ഇപ്പോഴും അവിടെ കൈയേറ്റക്കാരൻ കൃഷി തുടരുകയാണ്. വന്പൻ അഴിമതികളുടെ കഥകൾ പേറുന്നവയായിരുന്നു യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ പല പദ്ധതികളും. പി.പി.പി മോഡലിലാണ് ഹരിപ്പാട് മെഡിക്കൽ കോളെജ് ആസൂത്രണം ചെയ്തതെങ്കിലും സർക്കാരിന്റെ പങ്കാളിത്തം 30 ശതമാനത്തിൽ താഴെ നിർത്തിക്കൊണ്ട് സർക്കാരിന്റെ ഈടിന്മേൽ നബാർഡിൽ നിന്നും വായ്പ സംഘടിപ്പിക്കുകയെന്ന തട്ടിപ്പും അവിടെ അരങ്ങേറി. മെഡിക്കൽ കോളെജിനായി സ്വകാര്യ കൃഷി ഭൂമി ചട്ടവിരുദ്ധമായി അനുവദിച്ചതും കടമക്കുടിയിൽ മെഡിസിറ്റിക്കു ഭൂമി നൽകിയതും മെത്രാൻ കായൽ റെക്കിന്റോ ഡവലപ്പേഴ്സിന് നൽകിയതിലുമെല്ലാം വലിയ നിയമലംഘനങ്ങൾ അരങ്ങേറി. ഇതിനു പുറമേയാണ് ആറ് വ്യാപാരികൾ 4191 കോടി രൂപയുടെ സ്വർണം ഇറക്കുമതി ചെയ്തതിൽ 496 കോടി രൂപ മാത്രമാണ് വെളിപ്പെടുത്തിയതെന്ന കണ്ടെത്തൽ. ഇറക്കുമതി വ്യാപാരത്തിൽ 3694 കോടി രൂപ മറച്ചുവച്ചതിലൂടെ 126.70 കോടി രൂപയാണ് സർക്കാരിന് നികുതിയിനത്തിൽ നഷ്ടമായതത്രേ! നിയമരഹിതമായ ഈ ഇടപാടുകൾക്ക് ചൂട്ടുപിടിച്ചത് ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയ ബാങ്കുകളായിരുന്നുവെന്നത് വേറെ കാര്യം. 

സർക്കാർ തലത്തിൽ നടക്കുന്ന വന്പൻ അഴിമതികൾ തങ്ങളെ ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് കരുതുന്നവരാണ് ഒട്ടുമിക്ക ഇന്ത്യക്കാരും. അതുകൊണ്ടു തന്നെ രാഷ്ട്രീയക്കാരനും ഉദ്യോഗസ്ഥനുമൊക്കെ പൊതുജനങ്ങളുടെ പണത്തിൽ കൈയിട്ടു വാരിയാലും പ്രതികരിക്കാതിരിക്കുന്നവരാണ് ഭൂരിഭാഗം പേരും. പക്ഷേ ഈ അഴിമതികൾ എത്ര രൂക്ഷമായാണ് ജനജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുന്നതെന്ന് അവർ അറിയുന്നതേയില്ല. പുഴ മലിനമാക്കുന്ന ഫാക്ടറികൾക്ക് അനുകൂലമായി രാഷ്ട്രീയക്കാർ നിൽക്കുന്പോൾ രാസവസ്തുക്കൾ കലർന്ന ജലമാണ് തങ്ങൾ കുടിക്കേണ്ടി വരിക എന്നാരും ചിന്തിക്കാറില്ല, വന്പൻ ബി.ഒ.ടി പാതകൾ നാടുനീളെ ഉയരുന്പോൾ ടോൾ പിരിവു മൂലം ലോറികളിലെത്തിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുന്നതും കുടുംബ ബജറ്റിനെ ദയനീയമായി അത് ബാധിക്കുന്നതും നാം കാണാതെ പോകുന്നു, പാലം പണിയിൽ നടക്കുന്ന ഒരു അഴിമതി ആ പാലത്തെ എത്രത്തോളം ദുർബലമാക്കുന്നുണ്ടെന്നും അതിലൂടെയുള്ള യാത്ര അപകടകരമാക്കുന്നുവെന്നും നാം ചിന്തിക്കാതെ പോകുന്നു, സർക്കാർ ആശുപത്രിയിലെ അത്യാധുനിക രോഗനിർണയ ഉപകരണങ്ങൾ ഉദ്യോഗസ്ഥർ തന്നെ കേടാക്കുന്നതു മൂലം പ്രദേശത്തെ സ്വകാര്യ രോഗനിർണയ ക്ലിനിക്കുകൾക്ക് വൻ ലാഭം കൊയ്യാൻ അവസരമൊരുക്കുക വഴി സാധാരണക്കാരനായ ഒരാളുടെ കുടുബം അയാളുടെ ജീവിത സന്പാദ്യത്തിന്റെ വലിയൊരംശവും ആശുപത്രിയിൽ ചെലവിടാൻ നിർബന്ധിതമാകുന്നു. വൻകിട റിസോർട്ട് മാഫി.യകൾക്കായി പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഭൂമി കൈയേറ്റത്തിന് രഹസ്യമായി കൂട്ടുനിൽക്കുന്പോൾ പാരിസ്ഥിതിക സന്തുലനം തകരാറിലാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അവിടെ തുടർന്ന് നടത്തപ്പെടുമെന്ന കാര്യം നാം കാണാതെ പോകുന്നു,

നാം കണ്ണടയ്ക്കുന്ന അഴിമതികൾ നമ്മുടെ തന്നെ ജീവിതത്തെ അപ്പാടെ വിഴുങ്ങുന്ന വലിയ കരിമേഘങ്ങളായി നമുക്കു മുകളിൽ പെയ്യാൻ ഉരുണ്ടു കൂടുകയാണെന്ന് വസ്തുതയാണ് നാം തിരിച്ചറിയാതെ പോകുന്നതെന്ന് എന്നാണ് നാം മനസ്സിലാക്കുക? അവയെപ്പറ്റിയുള്ള അവബോധം പൊതുസമക്ഷം എത്തിക്കാൻ ശ്രമിക്കുന്നവർ മറ്റുള്ളവർക്കായാണ് സ്വയം കത്തിയെരിയുന്നതെന്ന് എന്നാണ് നമുക്ക് ബോധോദയമുണ്ടാകുക?

You might also like

Most Viewed