കേരളം എന്ന അധോലോകം!


മീപകാലത്ത് സോഷ്യൽ മീഡിയയിൽ ചിന്തോദ്ദീപകമായ ഒരു കമന്റ് കണ്ടു. ‘ലക്ഷ്മി നായരെ പൾസർ സുനിയും പൾസർ സുനിയെ വികാരിയും വികാരിയെ മാധ്യമങ്ങളും രക്ഷിച്ചുവെന്നും മാധ്യമങ്ങളും കുറ്റവാളികളും തമ്മിൽ പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമാണെന്നു’മായിരുന്നു കമന്റ്. ഒരു വിധത്തിൽ നോക്കുന്പോൾ അപ്പറഞ്ഞതിൽ കുറച്ചൊക്കെ സത്യമുണ്ടെന്ന് ബോധ്യപ്പെടും. അനുദിനം വാർത്തകളുടെ പ്രവാഹമുള്ള കേരളത്തിൽ ഓരോ വാർത്തയും ഏതാനും ദിവസങ്ങളിലേക്ക് മാത്രം പത്രത്താളുകൾ നിറയ്ക്കുകയും പിന്നീട് അവ വാർത്തകൾ അവഗണിക്കപ്പെടുകയും അവയുടെ ഫോളോഅപ്പുകൾ ഇല്ലാതാകുകയും ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സംഘടിത ശക്തികൾക്ക് വാർത്തകൾ ഇല്ലാതാക്കുവാനുള്ള കഴിവ് എന്നതിലുപരിയായി മറവി രോഗം മലയാളിയെ വല്ലാതെ ബാധിച്ചിരിക്കുന്നുവെന്നതിന്റെ തെളിവു കൂടിയാണ് അത്. കൂടുതൽ കൂടുതൽ സ്വാർത്ഥരായി വരുന്ന ഒരു ജനവിഭാഗമാണ് നമ്മുടേത് എന്നതിന്റെ സുവ്യക്തമായ തെളിവാണത്. നാളെ സ്വയം ഒരു കുരുക്കിൽ അകപ്പെടുന്നതുവരേയ്ക്ക് മറ്റുള്ളവർ അതുവരെ അനുഭവിച്ചിരുന്ന വ്യഥകളും ദുരിതങ്ങളുമൊക്കെ നമുക്ക് കണ്ടില്ലെന്ന് നടിക്കാമെന്നാണ് നമ്മളിൽ പലരും ചിന്തിക്കുന്നത്. അതാണ് ഏതൊരു കുറ്റവാളിക്കും ഈ സമൂഹത്തിൽ നിർബാധം വ്യാപരിക്കാനും ഇടപാടുകൾ നടത്താനും സഹായിക്കുന്നതെന്നതാണ് അതിന്റെ ദുരവസ്ഥ! ഈ ദുരവസ്ഥ സംജാതമാകാൻ പല പല കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം മനുഷ്യന്റെ വിഭാഗീകരണമാണ്. മതം, പാർട്ടി, വർഗം, സമുദായം എന്നിങ്ങനെ പലതരത്തിൽ നാം വേർതിരിക്കപ്പെട്ടിരിക്കുന്നു. പാർട്ടിക്ക് ബന്ധമുള്ള ഒരു കുറ്റവാളിയാണെങ്കിൽ ആ കുറ്റവാളിയെ ന്യായീകരിക്കാനും രക്ഷിക്കാനും പാർട്ടി പ്രവർത്തകരും അനുഭാവികളുമെത്തും. ഏതെങ്കിലുമൊരു മതവിഭാഗത്തിൽപ്പെട്ട കുറ്റവാളിയാണെങ്കിൽ അയാളെ രക്ഷിക്കാൻ സമുദായ അംഗങ്ങളും മതമേലധ്യക്ഷന്മാരും കച്ചകെട്ടിയിറങ്ങും. സ്വന്തം വീടുകളിലേക്ക് ആ കുറ്റവാളികൾ ദുരന്തം കൊണ്ടുവരുന്നതു വരേയ്ക്ക് ഈ സംരക്ഷണകവചമൊരുക്കൽ എല്ലായിടത്തും തുടരുകയും ചെയ്യും. 

ഫാദർ റോബിൻ വടക്കഞ്ചേരി ഒരു പ്രതീകമാണ്. മതവും സമുദായ അധ്യക്ഷന്മാരും വിശ്വാസികളും ചേർന്ന് വളർത്തി വലുതാക്കിക്കൊണ്ടിരിക്കുന്ന ഒരു അധോലോകത്തിൽ നിന്നും തിന്നുകൊഴുത്ത് വളർന്നുവരുന്ന ഒരു ക്രിമിനലിന്റെ പ്രതിനിധി. പുറമേയ്ക്ക് കാരുണ്യത്തിന്റെ വർത്തമാനങ്ങളുമായി നടക്കുകയും അകത്ത് നിഷ്ഠുരനായ ഒരു ലൈംഗിക കുറ്റവാളിയുടെ ജീവിതം നയിക്കുകയും ചെയ്യുന്ന സാക്ഷാൽ തെമ്മാടി. കുറ്റവാളിയായ ഇയാൾ തന്റെ കുറ്റകൃത്യം മറയ്ക്കാൻ ക്രൈസ്തവ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളേയും സഭയുടെ ഒരു പ്രതിനിധി തൊഴിലെടുക്കുന്ന സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റിയേയും വരെ ഉപയോഗിച്ചുവെന്നിടത്താണ് റോബിൻ എന്ന നരാധമന്റെ പ്രവൃത്തിക്ക് ഒരു സാധാരണ കേസ്സിനേക്കാൾ വലിയ മാനങ്ങൾ ലഭിക്കുന്നത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്തുവെന്നതു മാത്രമല്ല പാതിരിക്കുപ്പായമിട്ട ഈ നരാധമൻ ചെയ്തത്. പെൺകുട്ടിയുടെ സ്വന്തം പിതാവിനുമേൽ ആ പാപഭാരം കെട്ടിവയ്ക്കാൻ ശ്രമിക്കുകയും സഭയുടെ സംവിധാനങ്ങളുപയോഗിച്ചുകൊണ്ട് കേസ്സ് അട്ടിമറിക്കാനും സഭയുടെ അറിവോടെ കാനഡയിലേക്ക് കടക്കാനും അയാൾ ശ്രമിച്ചുവെന്നിടത്താണ് സംഘടിത മതം എങ്ങനെയാണ് തങ്ങളിലൊരുവനായ കുറ്റവാളിയെ സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നതെന്ന് നമുക്ക് ബോധ്യപ്പെടുകയും ചെയ്തു. വിശ്വാസികളായ കർഷകർ പുരോഗമന കർഷകപ്രസ്ഥാനങ്ങളിലേക്ക് എത്തപ്പെടുന്നതിന് തടയിടാൻ ക്രൈസ്തവ സഭ ഉണ്ടാക്കിയ ഇൻഫാമിന്റെ ദേശീയ കൺവീനറും ഫാരിസ് അബൂബക്കർ എന്ന വിവാദ ബിസിനസുകാരൻ വി.എസ് അച്യുതാനന്ദനെ ആക്ഷേപിക്കാൻ ദീപിക പത്രം ഏറ്റെടുത്തപ്പോൾ കാഞ്ഞിരപ്പിള്ളി ബിഷപ്പിനൊപ്പം ആ ഇടപാടിന്റെ ചുക്കാൻ പിടിക്കുക കൂടി ചെയ്തയാളാണ് പീഡനത്തിന് ഇപ്പോൾ അറസ്റ്റിലായ റോബിൻ വടക്കഞ്ചേരി എന്നതും ശ്രദ്ധേയം. സൺഡേ ശാലോം എന്ന ക്രിസ്ത്യൻ പ്രസിദ്ധീകരണം പീഡിപ്പിക്കാൻ വന്ന പാതിരിയെ പെൺകുട്ടി തടയാതിരുന്നതാണ് ക്രൂരകൃത്യം എന്ന മട്ടിൽ ലേഖനമെഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരു പെയിന്റിംഗ് കണ്ടാൽ പോലും വ്രണപ്പെടുന്ന മതമനസ്സ് പക്ഷേ മാഫിയാലോകമായി മാറിക്കൊണ്ടിരിക്കുന്ന മതസാമ്രാജ്യത്തിലെ കുറ്റകൃത്യങ്ങളിൽ തെല്ലും വ്രണപ്പെടുന്നില്ലെന്നതാണ് യഥാർത്ഥ ഭീകരത! കത്തോലിക്കാ സഭയുടെ ഭൂതകാല പ്രവർത്തനങ്ങളെച്ചൊല്ലി ആഴ്ചയിൽ ശരാശരി ഒരു മാപ്പെങ്കിലും ഫ്രാൻസിസ് മാർപാപ്പ പറയുന്ന കാഴ്ചയാണ് ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ‘ഒരു കപട കത്തോലിക്കനായിരിക്കുന്നതിനേക്കാൾ നല്ലത് നിരീശ്വവാദിയായി ജീവിതം നയിക്കുന്നവരാണെന്ന്’ മാർപാപ്പ പറഞ്ഞിട്ട് നാവെടുംമുന്പേ ആയിരുന്നു ഫാദർ റോബിൻ എന്ന കള്ളപ്പാതിരിയുടെ ചെയ്തികൾ പുറത്തുവന്നത്. കുർബാനയിൽ പങ്കെടുത്തതു കൊണ്ടോ കത്തോലിക്കാ സഭകളിൽ പ്രവർത്തിച്ചതുകൊണ്ടോ അല്ല ഒരാൾ ക്രിസ്ത്യാനിയാകുന്നതെന്നും യേശുക്രിസ്തുവിന്റെ ജീവിതസാരം തന്റെ ജീവിതത്തിലേക്ക് മൂല്യവത്തായി പകർത്തുന്പോഴാണ് ഒരുവൻ കർത്താവിന്റെ അനുയായി ആകുന്നതെന്നുമാണ് മാർപാപ്പ പറഞ്ഞത്. പക്ഷേ മലയാളിക്ക് മൂല്യവത്തായ ജീവിതത്തെക്കുറിച്ചൊന്നും ചിന്തയില്ല. അവനെ സംബന്ധിച്ചിടത്തോളം ക്രിസ്ത്യാനി എന്നത് അവന്റെ ഒരു പൈതൃകാവകാശം മാത്രമാണ് സിസ്റ്റർ അഭയക്കേസ്സിലുൾപ്പെടുകയും പ്രതിപ്പട്ടികയിലുള്ളവരുമായ വികാരിയച്ചന്മാരും കന്യാസ്ത്രീകളും ഇന്നും സഭയുടെ ഭാഗമായി തന്നെ തുടരുന്നതിന്റെ ന്യായാന്യായങ്ങൾ അതിനാൽ അവരാരും ചർച്ച ചെയ്യുകയുമില്ല!

ഇത് മതത്തെ സംബന്ധിച്ച കാര്യം മാത്രമല്ല. നമ്മുടെ രാഷ്ട്രീയലോകവും നീചകൂട്ടുകെട്ടുകളിലാണ് അഭിരമിക്കുന്നത്. വ്യവസായമേഖലയിലാണ് ഈ കൂട്ടുകെട്ടുകൾ എപ്പോഴും അതിന്റെ ഏറ്റവും വലിയ ചൂഷണങ്ങൾ നടത്തുന്നത്. ഏത് സർക്കാർ അധികാരത്തിലേറിയാലും ഈ വകുപ്പ് ചില വ്യക്തികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് നീങ്ങുന്ന കാഴ്ചയാണ് കാണാനാകുന്നത്. ചാക്ക് രാധാകൃഷ്ണനും ഗ്രിൻടെക്‌സ് രാജീവനുമാണ് കേരളത്തിലെ വ്യവസായ മേഖലയെ പങ്കിട്ടെടുത്തിട്ടുള്ളതെന്ന് മുന്പൊരിക്കൽ മുൻ വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ സഹചാരിയായിരുന്ന കെ.എ റൗഫ് പറഞ്ഞത് ഓർക്കുമല്ലോ. ആ വകുപ്പ് ഇബ്രാഹിം കുഞ്ഞ് ഭരിച്ചാലും എളമരം കരീം ഭരിച്ചാലും കുഞ്ഞാലിക്കുട്ടി ഭരിച്ചാലും ഇ.പി ജയരാജൻ ഭരിച്ചാലും എ.സി മൊയ്തീൻ ഭരിച്ചാലും യഥാർത്ഥത്തിൽ ഭരണം മറ്റു ചിലരുടെയൊക്കെ കൈകളിലാണ്. എവിടെ എന്ത് കൊടുക്കണമെന്നും ഏത് പദ്ധതി വരണമെന്നുമൊക്കെ അവർ നിശ്ചയിക്കും. മന്ത്രിയും പാർട്ടിയുമൊക്കെ ചുമ്മാ കമ്മീഷൻ പറ്റിയിരുന്നാൽ മതി. പക്ഷേ എല്ലാ വകുപ്പുകളും വ്യവസായ വകുപ്പുപോലെയാക്കി മാറ്റാനുള്ള ശ്രമങ്ങൾ അത്ര നല്ലതല്ല. പ്രത്യേകിച്ചും ഭാവി തലമുറയ്ക്കു തന്നെ ദോഷകരമായി മാറുന്ന പലതും അവയിൽ ഒളിഞ്ഞിരിക്കുന്പോൾ. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കു വേണ്ടിയുള്ള ആഹ്വാനം അങ്ങനെയൊന്നാണ്. വൺ, ടു, ത്രീ എന്നുപറഞ്ഞ് രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്ത അതേ ലാഘവത്തോടെ തന്നെ കേരളത്തിന്റെ അവശേഷിക്കുന്ന കാടുകളെ ഇല്ലായ്മ ചെയ്ത്, പ്രതീക്ഷിക്കപ്പെടുന്ന വൈദ്യുതി ഉൽപാദനത്തിന് ഒരു സാധ്യതയും കൽപിക്കപ്പെടാത്ത അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് പറയുന്ന എം.എം മണിയും മുഖ്യമന്ത്രി പിണറായി വിജയനും ലക്ഷ്യമിടുന്നത് അണക്കെട്ടു നിർമ്മാണ കരാറുകാരിൽ നിന്നും വന്പൻ കമ്മീഷൻ തുകകളാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. പരിസ്ഥിതിലോലപ്രദേശമായ അതിരപ്പിള്ളിയിലെ പതിനായിരക്കണക്കിനു വൃക്ഷങ്ങളും 104 ഹെക്ടർ വനഭൂമിയും നശിപ്പിച്ചുകൊണ്ട്, 163 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി നിലയം പണിതുയർത്താൻ അണ കെട്ടിയേ തീരൂ എന്നാണ് സർക്കാരിന്റെ ഘടകകക്ഷികളുടെ നിലപാടുകൾ പോലും തള്ളിക്കളഞ്ഞുകൊണ്ട് ഏകപക്ഷീയമായി സി.പി.എം തീരുമാനമെടുത്തിരിക്കുന്നത്. അതിരപ്പിള്ളി പദ്ധതിയിൽ ഉൽപാദിപ്പിക്കുമെന്നു പറയുന്ന 163 മെഗാവാട്ട് വൈദ്യുതി എന്നത് സാങ്കൽപികമായ ഒരു കണക്കാണ്. പദ്ധതിക്ക് ജനപിന്തുണ ലഭിക്കുന്നതിനായി നാട്ടുകാരെ കബളിപ്പിക്കാൻ വേണ്ടി സർക്കാർ ഗൂഢാലോചനയിൽ സൃഷ്ടിക്കപ്പെട്ട ഒരു കണക്ക്! 

48 മെഗാവാട്ട് ശേഷി മാത്രമുള്ള പെരിങ്ങൽക്കുത്ത് പദ്ധതിയിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിച്ചശേഷം പുറന്തള്ളുന്ന ജലവും മഴ പെയ്തു കിട്ടുന്ന ജലവും മാത്രം ഉപയോഗിച്ച് ഇത്രയും വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന് വൈദ്യുതി ബോർഡ് പറയുന്നതിൽ തന്നെ തുടങ്ങുന്നു ഗൂഢാലോചനകളുടെ ചരിത്രം. അതിരപ്പിള്ളി പ്രദേശത്ത് വർഷത്തിൽ നൂറു മുതൽ 110 ദിവസം വരെ മഴ കിട്ടുന്നുണ്ടെന്ന കണക്കുകളാണ് വൈദ്യുതി ഉൽപാദനത്തിന് ആധാരമായ ജലം ഇവിടെ അണകെട്ടി സംഭരിക്കാം എന്നു ബോർഡ് പറയാനുള്ള പ്രധാന കാരണം. പക്ഷേ കാലാവസ്ഥാ വ്യതിയാനത്തിന്റെ പുതിയകാലത്ത് പഴയകാല കണക്കുകൾ തന്നെ അപ്രസക്തമായിരിക്കുവെന്ന് ആരും പറയുന്നില്ല. മഴയുടെ അളവ് തന്നെ ഏറെ കുറഞ്ഞിരിക്കുന്നു. വർഷം കഷ്ടി അന്പതോ അറുപതോ ദിവസം അതിരപ്പിള്ളിയിൽ മഴ കിട്ടിയാലായി. കഴിഞ്ഞ അന്പതു വർഷത്തെ കണക്കുകൾ പറഞ്ഞുകൊണ്ട് ഇന്നും അവിടെ ലഭിക്കുന്ന ശരാശരി മഴയുടെ കണക്കെടുക്കുന്നതിലെ അസംബന്ധം തന്നെയാണ് അതിരപ്പിള്ളി പദ്ധതിക്കെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാന ആക്ഷേപം. വേനൽക്കാലത്ത് അതിരപ്പിള്ളി സന്ദർശിക്കുന്നവർക്ക് തന്നെ അറിയാം അതിരപ്പിള്ളിയിലെ ജലദൗർലഭ്യം. വറ്റിവരണ്ടു കിടക്കുന്ന ഈ നദീതടങ്ങളിൽ അണകെട്ടിക്കൊണ്ടാണ് 163 മെഗാവാട്ട് വൈദ്യുതി സ്വപ്നങ്ങൾ നാട്ടുകാരോട് പങ്കുവച്ചുകൊണ്ട് വലിയ കരാർ പണിയുടെ കമ്മീഷനുകൾ സി.പി.എമ്മും അവരുടെ നേതാക്കളും നേടിയെടുക്കാൻ ആഗ്രഹിക്കുന്നത്. വെറുതെയല്ല, മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയായ ജയറാം രമേശ് സി.പി.എമ്മിനെ കോൺട്രാക്ടേഴ്‌സ് പാർട്ടി ഓഫ് മാർക്‌സിസ്റ്റ് എന്ന് അപഹസിച്ചത്. ഗാഡ്ഗിൽ കമ്മിറ്റിയും കസ്തൂരിരംഗൻ കമ്മീറ്റിയുമൊക്കെ ഈ വിഷയം പഠിക്കുകയും അതിരപ്പിള്ളി അണക്കെട്ട് ഉണ്ടാക്കുന്ന പരിസ്ഥിതിനാശത്തിന്റെ കണക്കുകൾ ബോധിപ്പിച്ചിട്ടുള്ളതുമാണെന്നത് വേറെ കഥ. സി.പി.എമ്മിലെ ചില കമ്മീഷൻ ദാഹികൾക്കായി പാർട്ടി അനുഭാവികൾ ഇറങ്ങിത്തിരിക്കുന്പോൾ അവർ ചെയ്യുന്നത് പരിസ്ഥിതിയോടുള്ള ഒരു സംഘടിത കുറ്റകൃത്യം തന്നെയാണെന്ന കാര്യത്തിൽ സംശയം വേണ്ട. ഭാവി തലമുറകൾക്കായി നാം കരുതിവയ്‌ക്കേണ്ട വായുവും ജലവും വനവും മാഫിയകൾക്കായി അടിമപ്പെടുത്താൻ കേരളം ഒരിക്കലും അനുവദിക്കരുത് താനും. സംസ്ഥാനത്ത് എൻ.ഇ.ഡി ബൾബുകൾ വ്യാപകമാക്കിയാൽ അതിരപ്പിള്ളി പോലൊരു 1000 മുതൽ 1500 കോടി രൂപ വരെ മുതൽമുടക്കുള്ള, പരിസ്ഥിതിനാശമുള്ള പദ്ധതിയുടെ ആവശ്യമില്ലെന്നു തിരിച്ചറിയുന്ന ധനമന്ത്രി തോമസ് ഐസക് ഉള്ള മന്ത്രിസഭയിലാണ് ഈ മുറവിളിയെന്നത് വേറെ കാര്യം. അതിരപ്പിള്ളിയിൽ നിന്നും ഇപ്പോൾ പരമാവധി കിട്ടാവുന്ന വൈദ്യുതി 90 മെഗാവാട്ട് ആണെന്നിരിക്കേ, 105 മെഗാവാട്ട് ഉൽപാദിപ്പിക്കാനാകുന്ന സോളാർ പദ്ധതിയ്ക്ക് കേവലം അഞ്ഞൂറു കോടി രൂപയോളം മാത്രമേ ചെലവുവരികയുള്ളുവെന്നും വിദഗ്ധർ പറയുന്നുണ്ട്. പക്ഷേ ഇതൊന്നും ജലവൈദ്യുതി പദ്ധതി കരാറുകളിൽ നിന്നും ലഭിക്കുന്നത്ര ഉയർന്ന കമ്മീഷൻ തുക പാർട്ടിക്ക് കൊണ്ടുവരില്ലെന്ന് ബോധ്യമുള്ളവർ അണക്കെട്ടു നിർമ്മാണത്തിൽ തന്നെ ഊന്നിയേ ചിന്തിക്കൂ. 

ജനാധിപത്യമെന്നത് ജനങ്ങളുടെ ആധിപത്യമാണെന്നും ജനങ്ങൾക്കുമേലുള്ള ജനപ്രതിനിധികളുടെ ആധിപത്യമല്ലെന്നും തിരിച്ചറിയാതെ പോകുന്നതാണ് നമ്മുടെ നേതാക്കളുടെ ഏറ്റവും വലിയ വീഴ്ച. വിവരാവകാശ നിയമത്തെ അട്ടിമറിക്കാൻ പിണറായി സർക്കാർ നടത്തുന്ന തീവ്രശ്രമങ്ങളും ജനത്തോടുള്ള വലിയൊരു വെല്ലുവിളി തന്നെയാണ്. മന്ത്രിസഭാ തീരുമാനങ്ങളുടെ വിവരങ്ങൾ ജനത്തിന് കൈമാറില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി യഥാർത്ഥത്തിൽ തങ്ങളെ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ജനത്തിനുനേരെ സിംഹാസനത്തിലിരുന്ന് കൊഞ്ഞനംകുത്തുകയാണ്. ശരിക്കുമൊരു മാഫിയാ പ്രവർത്തനം. മന്ത്രിസഭായോഗം ഒരു അധോലോക നേതാവിന്റെ ചർച്ചയാണെന്ന മട്ടിലാണ് അതിലെ വിവരങ്ങൾ മറച്ചുവയ്ക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിവരാവകാശ നിയമത്തിന്റെ 8(1)(i) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടും മന്ത്രിസഭാ തീരുമാനങ്ങൾ നൽകണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്ത സർക്കാർ ഒരുവിധേനെയും തങ്ങളെടുക്കുന്ന തെറ്റായ തീരുമാനങ്ങൾ ജനം അറിയരുതെന്ന ചിന്തയിലാണ് ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്. മന്ത്രിസഭാ തീരുമാനങ്ങൾ നേരത്തെ ജനങ്ങളറിഞ്ഞാൽ അത് അട്ടിമറിക്കപ്പെടുമെന്ന് ഒരു ഭരണകൂടം ചിന്തിക്കുന്നുണ്ടെങ്കിൽ ആ ഭരണകൂടം തെറ്റായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് ഊഹിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാകുകയുമില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിലും മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടാതിരിക്കാൻ പരമാവധി ശ്രമങ്ങൾ നടത്തിയിരുന്നുവെന്നത് വേറെ കഥ. എന്നാൽ അന്ന് മന്ത്രിസഭാ തീരുമാനം ജനങ്ങൾക്ക് പ്രാപ്യമാക്കണമെന്ന് വാദിച്ചവരാണ് ഇന്നത് ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കാൻ തത്രപ്പാട് നടത്തുന്നതെന്നതാണ് ഏറ്റവും ദയനീയമായ കാര്യം. സംഘടിത പാർട്ടി ഒരിക്കലും ഒരു സംഘടിത മാഫിയ സംവിധാനമായി മാറാൻ പാടില്ലെന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ ഒന്നാണെന്ന് ഇവരാരും തിരിച്ചറിയുന്നുപോലുമില്ല. 

മാഫിയകൾക്ക് വ്യക്തമായ ലക്ഷ്യങ്ങളും കൃത്യങ്ങളുമുണ്ട്. ഒരു പ്രത്യേക സ്ഥാനത്തേക്ക്, ഒരു പ്രത്യേക സമയത്ത് ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നതിൽ പോലുമുണ്ട് ഈ അധോലോക താൽപര്യങ്ങളുടെ സംരക്ഷണം. ഉമ്മൻ ചാണ്ടിയുെട ഭരണകാലത്ത് കെ.എം മാണിയെ ബാർകോഴ കേസ്സിൽ നിന്നും രക്ഷിക്കാൻ ശങ്കർ റെഡ്ഢിയെ വിജിലൻസ് ഡയറക്ടറാക്കിയെങ്കിൽ പിണറായി സർക്കാരിന് ജേക്കബ് തോമസ് എന്ന ഐ.പി.എസ്സുകാരനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തെത്തിച്ചതിനു പിന്നിൽ അഴിമതിരഹിതമായിരിക്കും ഈ മന്ത്രിസഭ പ്രവർത്തിക്കുകയെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകുന്നതിനായിട്ടാണ്. സത്യസന്ധനും അഴിമതിരഹിതനുമായ ഒരു ഉദ്യോഗസ്ഥന്റെ ചെലവിൽ അഴിമതിരഹിത പ്രതിഛായ ഉണ്ടാക്കിയെടുക്കാവാനായിരുന്നു സർക്കാരിന്റെ നീക്കം എന്ന് പിന്നീടുള്ള അവരുടെ ചെയ്തികൾ തെളിയിക്കുകയും ചെയ്തു. എന്നാൽ മന്ത്രിമാരുടെ പല തീരുമാനങ്ങൾക്കുമെതിരെ വിജിലൻസിൽ പരാതികൾ ചെല്ലുവാനും വിജിലൻസ് അവയിൽ നടപടികൾ സ്വീകരിക്കുവാനും തുടങ്ങിയതോടെ മുഖ്യമന്ത്രിയ്ക്ക് ജേക്കബ് തോമസിനോടുള്ള പ്രതിഛായാധിഷ്ഠിത പ്രണയമൊക്കെ പന്പ കടന്നു. ധനകാര്യവകുപ്പിലിരിക്കുന്ന ജേക്കബ് തോമസിന്റെ പ്രഖ്യാപിത ശത്രു കെ.എം എബ്രഹാമാകട്ടെ ജേക്കബ് തോമസിനെതിരെ തുറമുഖ വകുപ്പിൽ അദ്ദേഹമിരുന്ന സമയത്ത് നടത്തിയ നീക്കങ്ങളിലെ ക്രമക്കേടുകൾ ഓരോ ദിവസവും റിപ്പോർട്ടുകളായി പൊക്കിയെടുത്തുകൊണ്ടുവരുന്നു. കക്ഷിഭേദമന്യേ എല്ലാവരുടേയും ആവശ്യം ഒന്നാണ്− ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കുക. കഴിഞ്ഞ ഫ്രെബുവരി 27ന് വിജിലൻസ് സർക്കാർ ഉദ്യോഗസ്ഥരെ അഴിമതിവിരുദ്ധ പരിശീലനത്തിന് തയാറാക്കുന്നതിനുള്ള പരിപാടി ഉൽഘാടനം ചെയ്യാൻ പിണറായി വിജയനെ ക്ഷണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം പരിപാടിക്കെത്താതെ വിജയൻ മാറി നിന്നത് വിജിലൻസിനോടുള്ള മുഖ്യമന്ത്രിയുടെ അകൽച്ചയുടെ തുടക്കമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ബാർകോഴ കേസ്സിൽ ശങ്കർ റെഡ്ഢിയുടെ കാലത്തെടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമായി ജേക്കബ് തോമസ് തീരുമാനമെടുത്തത് ഹൈക്കോടതിയുടെ ചില വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ആ അവസരം വിനിയോഗിച്ച്, വിജിലൻസ് തലപ്പത്ത് അധികം വൈകാതെ തന്നെ അഴിച്ചുപണി നടത്താൻ സർക്കാർ തീരുമാനിച്ചാൽ അതിൽ അത്ഭുതപ്പെടാനുമില്ല. എന്തിനധികം പറയുന്നു, ഹൈക്കോടതി വിജിലൻസ് അന്വേഷണങ്ങൾ ഏതുമട്ടിലായിരിക്കണമെന്നതിനെപ്പറ്റി വിജിലൻസിന് മാർഗനിർദ്ദേശം നൽകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വാരാന്ത്യത്തോടടുത്ത് തുറന്നടിക്കുകയും ചെയ്തു. 

അധോലോകത്തിന്റെ ആഴങ്ങൾ ക്വാറി മുതൽ മരുന്നു കന്പനികൾ വരേയും സിവിൽ സപ്ലൈസ് ഡിപ്പാർട്ട്‌മെന്റ് മുതൽ സ്‌കൂൾ പാഠപുസ്തകഅച്ചടി വരെയും നീളുന്നതാണ്. മരുന്നു കന്പനികൾക്ക് ക്വട്ടേഷൻ ലഭിക്കുന്നതിനായി ഒരു വശത്ത് കന്പനികൾ രാഷ്ട്രീയമേലാളന്മാരെ സ്വാധീനിക്കുന്പോൾ മറുവശത്ത് ചില വകുപ്പുമേധാവികൾ ഇടപാടുകൾ കൈക്കൂലി വാരിക്കൂട്ടുന്ന തിരക്കിലായിരുന്നു കഴിഞ്ഞ മാസം വരെ. അഴിമതിക്കേസ്സിൽ പലവട്ടം ആരോപണങ്ങൾ നേരിട്ടിട്ടുള്ള വ്യക്തിക്ക് ഏറ്റവും നല്ല സ്ഥാനം നൽകി ആദരിച്ച സർക്കാരാണിത്. കൈരളി ചാനലിനു വേണ്ടി മുന്പ് സിങ്കപ്പൂരിൽ നിന്നും അനധികൃതമായി ഉപകരണങ്ങൾ എത്തിച്ചു നൽകിയതിന്റെ് കടപ്പാട് മാത്രമാകണമെന്നില്ല ഇത്. പുതിയ പല ലക്ഷ്യങ്ങളും ഉണ്ടാകാം. അതിനൊപ്പം തന്നെയുണ്ട് ഭക്ഷ്യസാമഗ്രികളുടെ വില പിടിച്ചുനിർത്താനാവാതെ നട്ടംതിരിയുന്ന സർക്കാരിന്റെ വൈഷമ്യം. സംശയിക്കേണ്ട, സർക്കാരിന്റെ പിടിപ്പുകേടു മൂലം തന്നെയാണ് അരിവില കുതിച്ചുകയറിക്കൊണ്ടിരിക്കുന്നത്. 25 രൂപയ്ക്ക് റേഷൻ കടയിൽ നിന്നും ലഭിക്കുന്ന അരി കോഴിത്തീറ്റയ്ക്ക് മാത്രമേ കൊള്ളുകയുള്ളുവെങ്കിൽ അത്തരം അരി വിപണനത്തിനെത്തിക്കുന്നതിനു പിന്നിൽ വലിയ മാഫിയകൾ പ്രവർത്തിക്കുന്നുണ്ടെന്നുറപ്പ്. ഈ അരി ഭക്ഷ്യയോഗ്യമല്ലെങ്കിൽ പിന്നെ അത് വിതരണം ചെയ്യുന്നതിന്റെ ന്യായമെന്താണ്? ആളോഹരി ഭക്ഷ്യധാന്യ വിതരണം സാധ്യമാകാതെ പോയതിന്റെ ഉത്തരവാദിത്തം സോഫ്റ്റ് വെയർ സംവിധാനം തകരാറിലായതാണെന്ന തടിതപ്പലിനു പിന്നിലുമുണ്ട് വലിയ ഒളിച്ചുവയ്ക്കലുകൾ. കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യഭദ്രതാ നിയമപ്രകാരം വിതരണക്കരാറുകാരെ ഒഴിവാക്കി ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിൽ നേരിട്ട് എത്തിക്കണമെന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും കേരളത്തിൽ ഇപ്പോഴും ഡിപ്പോകളിൽ നിന്നും വിതരണക്കാരാണ് റേഷൻ കടകളിലേക്ക് ധാന്യമെത്തിക്കുന്നത്. വലിയ ക്രമക്കേടുകൾ നടക്കുന്ന ശൃംഖലയാണിത്. ഈ നിയമം നടപ്പാക്കുന്നതിനെതിരെ വിതരണക്കരാറുകാർ പലരും ഹൈക്കോടതിയിൽ കേസ്സിനു പോയിട്ടുമുണ്ടത്രേ! പക്ഷേ അധികം താമസിയാതെ സർക്കാരിന് വിതരണക്കാരെ ഒഴിവാക്കി ധാന്യങ്ങൾ നേരിട്ട് കടകളിലേക്ക് എത്തിക്കേണ്ടി വരുമെന്നാണ് വർത്തമാനങ്ങൾ. ചില അധോലോകങ്ങൾക്ക് താഴു വീഴുമെന്നു തന്നെയാണ് അതിനർത്ഥം. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് എത്രത്തോളമുണ്ടെന്ന് കഴിഞ്ഞ എട്ടുമാസക്കാലയളവിൽ വിവിധ വകുപ്പുകൾ ചെലവിട്ട തുകയിൽ നിന്നുപോലും വ്യക്തമാണ്. കേവലം രണ്ടു മാസത്തിൽ താഴെ മാത്രം ബാക്കിനിൽക്കുന്പോൾ 40 ശതമാനം പ്ലാൻ ഫണ്ടുകളും ചെലവാക്കാൻ വകുപ്പുകൾക്കായിട്ടില്ലെന്നത് സംസ്ഥാനത്തെ ഭരണസ്തംഭനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പി തിലോമത്തമന്റെ സിവിൽ സ്‌പ്ലൈസ് വകുപ്പ് പ്ലാൻ ഫണ്ടിന്റെ കേവലം ഏഴു ശതമാനം മാത്രം ചെലവിട്ട് ഏറ്റവും ദയനീയ അവസ്ഥയിൽ നിൽക്കുന്പോൾ മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പ് കേവലം 14 ശതമാനവും തുറമുഖ വകുപ്പ് കേവലം 14 ശതമാനം പ്ലാൻ ഫണ്ടുമാണ് ചെലവാക്കിയതെന്നു കൂടി അറിയുക. പിടിപ്പുകേടിന്റെ നേർചിത്രമാണ് ഇത് നൽകുന്നത്. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റാകട്ടെ കഴിഞ്ഞ ബജറ്റിൽ നടപ്പാകാതെ പോയ പദ്ധതികളുടെ പുനരവതരണമാണ്. ഇതിനുള്ള തുക എവിടെ നിന്നു കണ്ടെത്തുമെന്നു മാത്രം ബജറ്റ് പറയുന്നില്ല! ചോദിച്ചാൽ പറയും എല്ലാം കിഫ്ബി കണ്ടെത്തുമെന്ന്! 

വികസനമുടക്കികളെപ്പറ്റിയാണ് വികസനപുരുഷന്റെ ലേബലൊട്ടിച്ച് തന്നെ വിപണനം ചെയ്യാൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി ഇപ്പോൾ സദാ പറഞ്ഞുകൊണ്ടിരിക്കുന്നത്. കന്പ്യൂട്ടറിനേയും ട്രാക്ടറിനേയുമെതിർത്ത സി.പി.എമ്മിൽ നിന്നും ബഹുദൂരം അതിവേഗം തങ്ങൾ മുന്നേറിയിട്ടുണ്ടെന്നും വികസനവാദത്തിലൂടെ മാത്രമേ തങ്ങളുടെ കമ്മീഷൻദാഹം തീർക്കാനാകുകയുള്ളുവെന്നുമാണ് ഉമ്മൻ ചാണ്ടിയെ വിഗ്രഹപുരുഷനായി അവരോധിച്ച് ഭരണം നടത്തുന്ന പിണറായി വിജയന്റെ ധാരണ. പശ്ചിമ ബംഗാളും നന്ദിഗ്രാമുമൊക്കെ ഓർക്കുന്നവർ പിണറായിയുടെ ഈ യാത്ര എങ്ങോട്ടേക്കാണെന്ന് തിരിച്ചറിയാൻ താമസമെടുക്കില്ല. ആരും വികസനത്തിന് ഈ നാട്ടിൽ എതിരല്ല. പക്ഷേ സാധാരണക്കാരനേയും പരിസ്ഥിതിയേയും അപകടപ്പെടുത്തിക്കൊണ്ടുള്ള ഒരു വികസനത്തിന് ശാശ്വതമായ നിലനിൽപുണ്ടാകുകയേയില്ല. ലോകം മൊത്തം അണക്കെട്ടുകൾക്കെതിരെ നിലകൊള്ളുകയും പുതിയ ഊർജ സ്രോതസ്സുകളെ വരിക്കുകയും ചെയ്യുന്പോൾ ഏതാണ്ട് 30 വർഷങ്ങൾക്കു മുന്പ് പദ്ധതിയിട്ട അതിരപ്പിള്ളിയിൽ തന്നെ ഇപ്പോഴും വിജയന്റെ കണ്ണുകൾ ഉടക്കി നിൽക്കുന്നത് പുതിയകാലത്തെ കാണാനുള്ള ശേഷി അവയ്ക്കില്ലാത്തതു കൊണ്ടു തന്നെയാണ്. വികസനമെന്ന പദം മാഫിയകൾക്ക് അടിയറവ് വയ്ക്കാനുള്ളതല്ലെന്ന് തിരിച്ചറിയുന്പോഴാണ് യഥാർത്ഥ ജനപക്ഷ രാഷ്ട്രീയം അതിന്റെ ലക്ഷ്യങ്ങളിലെത്തുന്നതും ബദൽ വികസനത്തിന്റെ രാഷ്ട്രീയം മുഖ്യമന്ത്രി തിരിച്ചറിയുകയുകയും ചെയ്യുകയുള്ളു. അതുവരേയ്ക്കും മതങ്ങൾക്കു പിന്നിൽ വിശ്വാസികളെന്ന പോലെ, രാഷ്ട്രീയക്കാർക്കു പിന്നിൽ അണികളും ചില അധോലോകങ്ങളിൽ അഭിരമിച്ചുകൊണ്ടിരിക്കും!

You might also like

Most Viewed