വി­­­ജയൻ വി­­­ജയമോ­­­ പരാ­­­ജയമോ­­­ ?


വിപ്ലവ പാർട്ടിയുടെ അടിസ്ഥാന പ്രത്യയശാസ്ത്രം അറിയുന്നവർ ഇന്ന് കുറവാണ്. നേതാക്കന്മാർക്കുപോലും വെള്ളം ചേർക്കപ്പെട്ട, തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കപ്പെട്ട മാർക്‌സിസത്തിന്റെ വികൃതരൂപം മാത്രമേ അറിയൂ. അതുകൊണ്ടാണ് മാർക്‌സിസം മനപ്പാഠമാക്കിയവർ ഒട്ടുമിക്ക സിപിഎം നേതാക്കൾക്കും ചതുർത്ഥി കണക്കേയാകുന്നത്. പ്രത്യയശാസ്ത്രബോധവും മനുഷ്യപ്പറ്റുമുള്ളവർ പാർട്ടിയെടുക്കുന്ന പല  നിലപാടുകളേയും ചോദ്യം ചെയ്യുന്പോൾ “ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്കൊരുചുക്കും അറിയില്ല’’ എന്ന് നേതാക്കന്മാർ കലഹിക്കുന്നത് അതുകൊണ്ടാണ്. മുതലാളിത്ത പ്രേമം, ജാതി വെറി, അവസരവാദ രാഷ്ട്രീയം, ബിനാമി മുതലാളിത്തം, ഫാസിസം, ഇരവാദം, ഒത്തുതീർപ്പ് വാദം, ഏകാധിപത്യപ്രവണതകൾ  എന്നിവയൊക്കെ ചേർന്ന് അഴകൊഴന്പൻ രീതിയിലായിട്ടുള്ള സംവിധാനത്തിന് പഴയ പ്രത്യയശാസ്ത്രത്തിന്റെ ഏച്ചുകെട്ടലുകൾ ഇനിയും കൊണ്ടുനടക്കേണ്ടതുണ്ടോ എന്നു ചിന്തിക്കുന്ന പാർട്ടി മഹാരഥന്മാരുമുണ്ട് അക്കൂട്ടത്തിൽ. അവരെ സംബന്ധിച്ചിടത്തോളം മൂലധനം അഥവാ പാർട്ടിക്കും സ്വന്തം കീശയ്ക്കുമായി ഉണ്ടാക്കുന്ന ധനമാണ് ഭാവി പ്രവർത്തനത്തിനുള്ള ഇന്ധനം. ധനം കൈവശമാകണമെങ്കിൽ ഒത്തുതീർപ്പുകൾ ഉണ്ടാകണം. അതിലൂടെ ലഭിക്കുന്ന പണം ബിനാമി മുതലാളിത്തത്തിന്റെ സൃഷ്ടിക്കായി ഉപയോഗിക്കണം. പണം വാരിക്കൂട്ടാനുള്ള ഒരു മാർഗവും ഇല്ലാതാക്കരുത്. അക്കാര്യത്തിൽ ഒരു കോർപ്പറേറ്റ് കന്പനി സംവിധാനം പോലെ തന്നെ പാർട്ടി പ്രവർത്തിക്കണം. പണം എത്തിക്കാനുള്ള പ്രധാന മാർഗം എല്ലായ്‌പ്പോഴുമെന്ന പോലെ വികസനവാദമായിരിക്കും. കൈക്കൂലിയും കമ്മീഷനുമൊക്കെയായി ലഭിക്കുന്ന പണം കൊണ്ടുവേണം പുതിയ പ്രത്യയശാസ്ത്രത്തിന്റെ പിറവിക്കായുള്ള സുവിശേഷ പ്രസംഗകരെ ഒരുക്കുവാൻ. വിധേയത്വത്തിന്റെ സമാനകളില്ലാത്ത അണിചേരലിൽ നിന്നാണ് ന്യായീകരണത്തൊഴിലാളി വർഗം ഇന്ധനം കുഴിച്ചെടുക്കുന്നത്. പലപ്പോഴും ഇത് കത്താത്ത വാതകമായി മാറുന്പോഴാണ് പാർട്ടിക്ക് അടിത്തറ ഇളകുന്നത്. അതോടെ അവർ  ചിന്തിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്നു. തങ്ങളുമായി വിയോജിക്കുന്നവർക്കുമേൽ അവിഹിതബന്ധം ആരോപിക്കുന്നു. ഒരു വശത്ത് ഫാസിസത്തിനെതിരെ യുദ്ധം ചെയ്യുന്നവർ മറുവശത്ത് ഫാസിസത്തെ ഊട്ടി വളർത്തുന്നു. ഒരു വശത്ത് സ്ത്രീസുരക്ഷയെപ്പറ്റി ആവലാതിപ്പെടുന്നവർ മറുവശത്ത് കണ്ണൂരിൽ ചിത്രലേഖ എന്ന ദളിത് ഓട്ടോറിക്ഷാ ഡ്രൈവറെ നിരന്തരം ഭീഷണികളിൽ തളച്ചിടുന്നു. 

പ്രഘോഷണങ്ങളും പ്രയോഗവും തമ്മിലുള്ള അന്തരം അറിയണമെങ്കിൽ സിപിഐ (എം) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് നോക്കിയാൽ മതിയാകും. എല്ലാം ശരിയാക്കിത്തരുമെന്ന് നാടുനീളെ ഫ്‌ളക്‌സ് വച്ച് അധികാരത്തിലേറിയവർ ഇന്ന് ആ ഡയലോഗിന്റെ ശൈലി കുതിരവട്ടം പപ്പുവിന്റെ ‘ഇപ്പ ശരിയാക്കിത്തരാം’ എന്ന ടോണിലേക്ക് മാറ്റിയിരിക്കുന്നു.  മന്ത്രിസഭാ യോഗ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രിയാകട്ടെ പൊതുജനത്തെ കൊഞ്ഞനം കുത്താനും തുടങ്ങിയിരിക്കുന്നു. ഉദ്യോഗസ്ഥപ്പോരിൽ സെക്രട്ടറിയേറ്റിൽ ഭരണസ്തംഭമുണ്ടെന്ന് മുഖ്യമന്ത്രി തന്നെ തുറന്നുസമ്മതിച്ച മറ്റൊരു കാലം കേരളത്തിൽ വേറെയുണ്ടായിട്ടില്ല. സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരായവർ ഗുണ്ടകളും പെണ്ണുപിടിയന്മാരുമായ 1850 ക്രിമിനലുകളെ വിട്ടയ്ക്കാൻ തീരുമാനമെടുത്ത് പട്ടിക ഗവർണർ സദാശിവത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കുന്നു. ഗവർണർ പട്ടിക മടക്കിയ ദിവസം ആ വാർത്ത അച്ചടിശാലയിലേക്ക് പോകുന്ന നേരത്ത് ഗുണ്ടകൾ ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ബലാൽക്കാരം ചെയ്യുന്നു. തടവുകാരുടെ വിമോചനപ്പട്ടിക വിവാദമാകുമെന്നു കണ്ട മുഖ്യമന്ത്രി 2000 ഗുണ്ടകളെ പിടികൂടി കാപ്പ ചുമത്തുമെന്ന് പ്രഖ്യാപിച്ച് ഡാമേജ് കൺട്രോൾ എക്‌സർസൈസ് നടത്തുന്നു. സർ, എന്തു ഭരണമാണിത്? പ്രഖ്യാപനങ്ങൾ പലതും കേരളം കേട്ടു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഭൂമിയോ വീടോ ഇല്ലാത്ത രണ്ടു ലക്ഷം കുടുംബങ്ങൾക്ക് വീട്! തരിശുനിലങ്ങൾ കൃഷിയ്ക്കായി ഒരുക്കൽ. നദികളെ മാലിന്യമുക്തമാക്കൽ. ഹരിത കേരളം. അടിസ്ഥാന സൗകര്യപദ്ധതികൾ. സർ, ഇതെല്ലാം നടപ്പിലാക്കിക്കാണമെന്ന് ഏതൊരാളും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഉദ്യോഗസ്ഥപ്പോരിൽ, സഖ്യകക്ഷിരാഷ്ട്രീയത്തിലെ അസ്വാരസ്യങ്ങളിൽ ഇതെല്ലാം എവിടെയൊക്കെയോ തപ്പിത്തടഞ്ഞുനിൽക്കുകയാണ്.   

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ അധികാരത്തിലേറിയതു തന്നെ അധാർമ്മികമായ ഒരു മുഖംമൂടി ആക്രമണത്തിലൂടെയായിരുന്നു.  ഉമ്മൻ ചാണ്ടിയുടെ അഴിമതി സർക്കാരിനെതിരെ അണമുറിയാത്ത പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുകയും അഴിമതിക്കാർക്കെതിരെ നിരന്തരം കേസ്സുകൾ നയിക്കുകയും ചെയ്ത വി എസ് അച്യുതാനന്ദനെ മുന്നിൽ നിർത്തിക്കൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ഇടതുപക്ഷം ജയിച്ചുകയറിയപ്പോൾ കേരളാ കാസ്‌ട്രോ എന്ന വിശേഷണം ചാർത്തി കറിവേപ്പില പോലെ വി എസ്സിനെ പ്രായാധിക്യത്തിന്റെ പേരിൽ സർക്കാരിനു പുറത്തു നിർത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിക്കസേരയിൽ പിണറായി വിജയൻ അമർന്നിരുന്നത്. ജനപക്ഷത്തെന്നും ഹൃദയപക്ഷത്തെന്നുമൊക്കെ പറഞ്ഞ് വോട്ട് വാങ്ങിയവർ സാധാരണക്കാരുടെയോ പരിസ്ഥിതിയുടേയോ ഭാഗത്തല്ല നിലകൊള്ളുന്നതെന്നും ഭൂമി സംബന്ധിയായ വിഷയങ്ങളിൽ തൊട്ട് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ കാര്യങ്ങളിൽ വരെ തികഞ്ഞ പരാജയമാണെന്നും കഴിഞ്ഞ ഒന്പതു മാസങ്ങൾക്കിടെ തെളിയിച്ചിരിക്കുന്നു.

തിരുവനന്തപുരത്ത് നടന്ന ലോ അക്കാദമി സമരം തന്നെ അതിന്റെ തെളിവ്. കോളേജിലെ പീഡനങ്ങൾക്കെതിരെയും ഒരു പ്രിൻസിപ്പാളിന്റെ മനുഷ്യത്വരഹിതമായ നിലപാടുകൾക്കെതിരെയും കോളേജിലെ വിദ്യാർത്ഥിനികളടക്കം നടത്തിയ സമരം സർക്കാർ ദിവസങ്ങളോളം കണ്ടില്ലെന്നു നടിച്ചു. ഒട്ടേറെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും സമരം പൊതുസമൂഹം ഏറ്റെടുക്കുന്ന ഘട്ടം വരേയ്ക്ക് സർക്കാർ മൗനം പാലിച്ചുകൊണ്ട് ലോ അക്കാദമി മാനേജ്‌മെന്റിനോടുള്ള തങ്ങളുടെ വിധേയത്വം പരസ്യമായി തന്നെ പ്രകടിപ്പിച്ചു. അക്കാദമി ഭൂമി പ്രശ്‌നത്തിൽ റവന്യൂ വകുപ്പിന്റെ അന്വേഷണം നടക്കുന്ന സമയത്ത് സർക്കാർ ഭൂമി വിഷയത്തെപ്പറ്റി അന്വേഷണമേ നടത്തില്ല എന്നും  സർക്കാർ ഭൂമി ഇനി ലോഅക്കാദമിയിൽ നിന്നും തിരിച്ചുപിടിക്കാനേ കഴിയില്ലെന്നും പ്രഖ്യാപിച്ചുകൊണ്ട് കോലിയക്കോട് മാഫിയയുമായുള്ള തന്റെ ആത്മബന്ധം വെളിപ്പെടുത്തി പാർട്ടിക്കാരെപ്പോലും വെറുപ്പിച്ചുകളഞ്ഞു ഈ മുഖ്യമന്ത്രി. പ്രസ്തുത വിഷയത്തിൽ ആരോപണമുയർന്ന ഘട്ടത്തിൽ തന്നെ, ഒരു അന്വേഷണത്തിന് മുഖ്യമന്ത്രിഉത്തരവിട്ടിരുന്നുവെങ്കിൽ അവസാനിക്കുമായിരുന്ന പ്രശ്‌നമാണ് സർക്കാരിന്റെ പിടിപ്പുകേടു മൂലം മുന്നോട്ടുനീങ്ങിയത്.  അനധികൃതമായി ലോ അക്കാദമി മാനേജ്‌മെന്റ് ഭൂമി കൈവശം വച്ചിട്ടുണ്ടെങ്കിൽ അതേപ്പറ്റി അന്വേഷണം നടത്തണമെന്നും അധികഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും സിപിഎമ്മിന്റെ സ്ഥാപകനേതാവായ വിഎസ് അച്യുതാനന്ദൻ പരാതി നൽകിയപ്പോൾ ‘വിഎസ് അങ്ങനെ പലതും പറയുമെന്ന്’ പറഞ്ഞ് ആ വിഷയം തള്ളിക്കളയാനാണ് വിജയൻ ശ്രമിച്ചത്. പിന്നീട് സിപിഐയുടെ റവന്യൂ മന്ത്രി ഈ വിഷയത്തിൽ അന്വേഷണം നടത്തുകയും അധികഭൂമി ലോ അക്കാദമി കൈവശം വെച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തപ്പോൾ വിജയന്റെ പ്രതിബദ്ധത നാടിനോടല്ല കോലിയക്കോട് മാഫിയയോടാണെന്ന് നാട്ടുകാർ തിരിച്ചറിയുകയും ചെയ്തു. തീർന്നില്ല. സ്വതന്ത്രമായി പ്രവർത്തിച്ചുവന്നിരുന്ന വിദ്യാർത്ഥി പോഷകസംഘടനയായ എസ് എഫ് ഐയെ നാട്ടുകാരുടേയും വിദ്യാർത്ഥികളുടേയും മുന്നിൽ ഒറ്റുകാരുടെ വേഷം കെട്ടിച്ചതും കാന്പസ്സുകളിൽ അവരെ അതുവഴി കോമാളിക്കൂട്ടങ്ങളാക്കി മാറ്റിയതുമൊക്കെ പിണറായി വിജയൻ എന്ന രാഷ്ട്രീയനേതാവിന്റെ പരാജയമാണ് വെളിപ്പെടുത്തുന്നത്.  വിമർശനങ്ങളെ വിരട്ടലുകളായി തെറ്റിദ്ധരിക്കുകയും അസഹിഷ്ണുതയോടെ അവയൊയൊക്കെ കൈകാര്യം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന വിവേകമതിയല്ലാത്ത വിജയന്റെ രൂപം വൈകാതെ നമ്മൾ കണ്ടു. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കുന്നതിനെതിരെയും ലോ അക്കാദമി പ്രശ്‌നത്തിൽ അനധികൃത ഭൂമിയുടെ കാര്യത്തിലും അന്വേഷണം നടത്താൻ ആവശ്യപ്പെടുകയും വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുക ചെയ്ത സഖ്യകക്ഷിയായ സിപിഐയെ ബിജെപിയുമായി അവിഹിതബന്ധമുള്ളവരെന്ന് പ്രത്യക്ഷമായും പരോക്ഷമായും പ്രസ്താവന നടത്തുവാനും വിജയന് മടിയുണ്ടായില്ല. നോട്ട് അസാധുവാക്കലിനെതിരെ നിലകൊണ്ടവരെയെല്ലാം കള്ളപ്പണക്കാരെന്ന് ആക്ഷേപിച്ച മോഡിയുടെ അതേ ഫാസിസ്റ്റ് തന്ത്രം തന്നെയാണ് സിപിഐയെ ലോ അക്കാദമി വിഷയത്തിൽ ആക്രമിക്കാൻ സിപി എമ്മും അണികളും പുറത്തെടുത്തത്.   

ചെയ്യുന്ന കൊള്ളരുതായ്മകളൊന്നും ആരും ചൂണ്ടിക്കാട്ടാൻ പാടില്ലെന്നും വിമർശിക്കുന്നരൊക്കെ ഇടതുപക്ഷ വിരുദ്ധരാണെന്ന സമീപനം കൈക്കൊള്ളുന്നതിനുമാണ് പാർട്ടി സെക്രട്ടറിയായിരുന്ന കാലത്തു തന്നെ വിജയൻ സ്വീകരിച്ചിരുന്ന തന്ത്രം. മാധ്യമപ്രവർത്തകരെ സി പി എം വിമർശനങ്ങളിൽ നിന്നും അകറ്റിനിർത്താൻ നിർമ്മിച്ച മാധ്യമ സിണ്ടിക്കേറ്റ് എന്ന പ്രയോഗം തന്നെ ഏറ്റവും വലിയ ഉദാഹരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി അനുവദിച്ച അഭിമുഖത്തിൽ ഈ മാധ്യമ സിൻഡിക്കേറ്റിനെപ്പറ്റി ലേഖകൻ ചോദിച്ചപ്പോൾ ഇപ്പോൾ ആ സിൻഡിക്കേറ്റ് നിലവിലില്ലെന്നായിരുന്നു വിജയന്റെ മറുപടി. മാത്രവുമല്ല വിജയന്റെ നിലപാടുകളിലെ വൈരുദ്ധ്യങ്ങളെല്ലാം തന്നെ ആ അഭിമുഖം പുറത്തുകൊണ്ടുവരികയും ചെയ്തു. ടി പി വധക്കേസിൽ കോടതി ശിക്ഷിച്ച് ജയിലിൽ കഴിയുന്ന കുഞ്ഞനന്തൻ പാർട്ടിക്ക് അന്നും ഇന്നും വേണ്ടപ്പെട്ടവനാണെന്ന് തുറന്നടിക്കുക വഴി കൊലപാതക രാഷ്ട്രീയത്തോടുള്ള ‘പ്രതിബദ്ധത’ വ്യക്തമാക്കിയ വിജയൻ ഉമ്മൻ ചാണ്ടിയുടെ രാജി എന്ന ആവശ്യം സോളാർ സമരത്തിൽ സിപിഎം ഉന്നയിച്ചിട്ടേയില്ലെന്ന് അഭിമുഖത്തിൽ കട്ടായം പറയുകയും ചെയ്തു.  ഒത്തുതീർപ്പിന്റെ രസതന്ത്രമാണ് സിപിഎം എന്ന പാർട്ടി അവലംബിക്കുന്നത് എന്നല്ലേ അതിന്റെ അർത്ഥം?

ജനപക്ഷത്തു നിന്നുകൊണ്ട് പ്രവർത്തിക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാർ ജനങ്ങളിൽ നിന്നും മന്ത്രിസഭാ തീരുമാനങ്ങൾ മറച്ചുവയ്ക്കാൻ വിവരാവകാശ നിയമത്തിന്റെ   8(1)(i) വകുപ്പ് തെറ്റായി വ്യാഖ്യാനിക്കുകയും മന്ത്രിസഭാ തീരുമാനങ്ങളുടെ ഫയലുകളിൽ സ്ട്രിക്റ്റ്‌ലി കോൺഫിഡൻഷ്യൻ ഡിപ്പാർട്ട്‌മെന്റിൽ നൽകുന്ന ഫയലിൽ മാത്രം നന്പറും തീയതിയുമടക്കം നൽകിയാൽ മതിയെന്ന് നിർദ്ദേശം നൽകി പൊതുജനത്തിന് ഒരുവിധത്തിലും അത് കണ്ടെത്താനാകാത്ത സാഹചര്യവും സൃഷ്ടിച്ചു. അതിനു പുറമേ, മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ സർക്കാർ ഹർജി ഫയൽ ചെയ്യുകയും ചെയ്തു. സുതാര്യത വാക്കിൽ മാത്രമേയുള്ളുവെന്നും പ്രവൃത്തിയിൽ അത് കാണിച്ചാൽ മന്ത്രിസഭ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ നടപ്പിലാക്കാനാകാതെ വരുമെന്നും തിരിച്ചറിഞ്ഞാണ് ഇത്തരമൊരു സ്ഥിതിവിശേഷം വിജയൻ സൃഷ്ടിച്ചത്. തീരുമാനങ്ങളിൽ വിവാദത്തിനുള്ള സാധ്യതകൾ ഉണ്ടാകുന്നത് അതിൽ അഴിമതിയോ സ്വജനപക്ഷപാതമോ ഉണ്ടാകുന്പോഴാണെന്ന് ആർക്കാണ് അറിയാത്തത്? ഉദാഹരണത്തിന്, 1850 തടവുകാരെ ജയിലിൽ നിന്നും വിട്ടയ്ക്കാൻ ആഭ്യന്തരവകുപ്പ് എടുത്ത തീരുമാനത്തെ ഗവർണർ ചോദ്യം ചെയ്തില്ലായിരുന്നുവെങ്കിൽ പാർട്ടി അംഗങ്ങളും കൊലപാതകികളും ബലാത്സംഗികളുമായ പലരും ഇന്ന് തടവറയ്ക്ക് പുറത്തായേനെ. രാജ്ഭവനിൽ നിന്നുള്ള പ്രസ് റീലിസിന് കടകവിരുദ്ധമായി ജയിൽ എഡി ജിപി  ശ്രീലേഖ പത്രക്കുറിപ്പിറക്കിയതാകട്ടെ ആഭ്യന്തരവകുപ്പിന് പ്രസ്തുത വിഷയത്തിൽ പലതും മറച്ചുവയ്ക്കാനുണ്ടെന്ന സംശയം ബലപ്പെടുത്തുകയും ചെയ്യുന്നു. ഗവർണർക്ക് ഇക്കാര്യത്തിൽ മറുപടി നൽകിയിട്ടുണ്ടെന്നും മാധ്യമങ്ങൾക്ക് മറുപടി നൽകേണ്ട ആവശ്യം തനിക്കില്ലെന്നുമാണ് പിണറായി വിജയൻ ഇതേപ്പറ്റി തിരുവനന്തപുരത്ത് പ്രതികരിച്ചത്. മുഖ്യമന്ത്രി ഇനിയും മനസ്സിലാക്കാത്ത ഒരു കാര്യം അദ്ദേഹം മാധ്യമങ്ങൾക്കല്ല മറിച്ച് പൊതുജനത്തിനോടാണ് മറുപടി പറയുന്നതെന്നതാണ്. മാധ്യമം ഒരു മീഡിയം മാത്രമാണ്. പൊതുജനത്തിന്റെ അറിയാനുള്ള ആഗ്രഹം തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്ന കേവലമൊരു മീഡിയം. പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ഏതെങ്കിലുമൊരു മാധ്യമത്തോട് സംസാരിക്കുന്പോൾ അദ്ദേഹം അത് പറയുന്നത് ഏതെങ്കിലുമൊരു മാധ്യമത്തോടോ മാധ്യമപ്രവർത്തകനോടോ അല്ല് മറിച്ച് പൊതുജനത്തോടാണ്. ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നായി മാധ്യമങ്ങളെ കണക്കാക്കുന്നതു തന്നെ അവ പൊതുജനങ്ങൾക്കറിയാനുള്ള കാര്യങ്ങൾ സമാഹരിക്കുകയും അവ ഭരണാധികാരികളോട് ചോദിക്കുകയും ചെയ്യുന്നതു കൊണ്ടാണ്.   

വികസനത്തെപ്പറ്റിയാണ് ഇപ്പോൾ പിണറായി വിജയൻ വലിയ വായിൽ സംസാരിക്കുന്നത്. വികസനം വരണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷേ വികസനത്തിനു വേണ്ടി ബലിയാടുകളാകുന്നവർക്ക് പുനരധിവാസം നൽകുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ല. പകരം വികസനം വരുന്പോൾ വിഷമതകൾ സഹിക്കാൻ നാട്ടുകാർ തയാറാകണമെന്നാണ് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പറഞ്ഞത്. നാട്ടുകാരുടെ വിഷമതകൾ പരിഹരിച്ചുകൊണ്ട് എന്തുകൊണ്ടാണ് സർക്കാരിന് ഒരു വികസനപദ്ധതി നടപ്പാക്കാനാകാതെ പോകുന്നത്? ഒന്പതു വർഷങ്ങൾക്കു മുന്പ് മൂലന്പിള്ളിയിൽ നിന്നും വല്ലാർപാടത്തു നിന്നും കണ്ടെയ്‌നർ ടെർമിനൽ റോഡിനായി കുടിയൊഴിപ്പിക്കപ്പെട്ടവർ വർഷങ്ങൾ നീണ്ട പോരാട്ടത്തിനുശേഷം നേടിയ സ്ഥലം വീടു വയ്ക്കാൻ പോലുമാകാത്ത ചതുപ്പുപ്രദേശങ്ങളാണെന്ന കാര്യം എന്തുകൊണ്ടാണ് വിജയൻ കണ്ടില്ലെന്നു നടിക്കുന്നത്? ദേശീയപാത 45 മീറ്ററിൽ വീതി കൂട്ടുമെന്നു പറയുന്ന വിജയൻ അതുമൂലം കുടിയൊഴിപ്പിക്കപ്പെടാൻ പോകുന്ന ലക്ഷക്കണക്കിനു കുടുംബങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതെങ്ങനെ? മൂന്നാറിൽ അനധികൃതമായി നിർമ്മിച്ച ഒരു പാർട്ടി ഓഫീസ് തകർക്കുന്നതിനെതിരെപ്പോലും പ്രക്ഷോഭം നടന്ന ഈ നാട്ടിൽ നിയമപ്രകാരമുള്ള വസ്തുവിൽ താമസിക്കുന്നവരെ വെറുംകൈയോടെ തെരുവിലേക്ക് ഇറക്കിവിടാൻ എങ്ങനെയാണ് വികസനവാദമുന്നയിച്ച് ഒരു ഭരണാധികാരിക്ക് ചെയ്യാനാകുക? ആത്യന്തികമായി പൗരന്റെ ജീവിതത്തിന് സുരക്ഷയൊരുക്കുകയാണ് ഒരു ഭരണകൂടത്തിന്റെ ലക്ഷ്യമെന്നതിനാൽ അത് അവതാളത്തിലാക്കിക്കൊണ്ടുള്ള ഒരു വികസനത്തിനും സർക്കാർ തയാറാകരുത്. പൗരന് സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടുള്ള വികസനത്തിനു മാത്രമേ നിലനിൽപ്പുണ്ടാകൂ. അതല്ലാത്തപക്ഷം പാലത്തിനു തൂണുണ്ടാക്കാൻ മനുഷ്യനെ കരിങ്കൽക്കൂട്ടത്തിനിടയ്ക്ക് ബലി കൊടുക്കുംപോലെ തന്നെയുള്ള ഒരു പ്രാകൃത ക്രൂരത തന്നെയായി മാറും അത്. 

തീർന്നില്ല. പരിസ്ഥിതി ദുർബല പ്രദേശമായ അതിരപ്പിള്ളിയിൽ അണക്കെട്ട് നിർമ്മിച്ചാൽ മാത്രമേ കേരളത്തിന്റെ വൈദ്യുതിക്ഷാമം പരിഹരിക്കാനാകുകയുള്ളുവെന്ന വാദമാണ് വിജയന്റേത്.  പാരിസ്ഥിതിക നാശത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങൾ നാം നേരിട്ടുകണ്ടുകൊണ്ടിരിക്കേ, എങ്ങനെയാണ് ഒരു മുഖ്യമന്ത്രിക്ക് പരിസ്ഥിതി പ്രശ്‌നങ്ങൾ അവഗണിച്ചുകൊണ്ട് സംസാരിക്കാനാകുക? ചൈന പോലുള്ള രാജ്യങ്ങൾ പ്രതിദിനം 60 കിലോഗ്രാം ഓക്‌സിജൻ സൃഷ്ടിക്കാൻ നഗരങ്ങളിൽ വന്പൻ മുതൽമുടക്കിൽ ‘വെർട്ടിക്കൽ വനങ്ങൾ’ സൃഷ്ടിക്കാൻ കോടിക്കണക്കിനു രൂപ മുടക്കുന്പോൾ ഇവിടെ പ്രകൃത്യാ ഉള്ള ഒരു വനപ്രദേശം വൈദ്യുതി ഉൽപാദനത്തിനായി അണക്കെട്ട് സ്ഥാപിച്ച് വെള്ളത്തിനടിയിലാക്കുന്നതിനെപ്പറ്റിയാണ് ഉത്തരവാദപ്പെട്ട ഒരു ഭരണാധികാരി പറയുന്നത്. ഊർജോൽപാദനത്തിനുള്ള ബദൽ മാർഗങ്ങളാണ് ഇന്ന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെല്ലാം തന്നെ തിരയുന്നത്. സൗരോർജ പദ്ധതികളും കാറ്റിൽ നിന്നും തിരമാലകളിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കാനാകുന്ന ആധുനിക സംവിധാനങ്ങളെപ്പറ്റിയും ഇപ്പോഴും കേരളം കാര്യമായി ചിന്തിച്ചു തുടങ്ങിയിട്ടില്ല. 

ഇതിനൊക്കെ പുറമേയാണ് ഇപ്പോഴും രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയ സി പി എമ്മും അവരുടെ എതിരാളികളും വടക്കൻ ജില്ലകളിൽ തുടർന്നുകൊണ്ടേയിരിക്കുന്നത്. ബി ജെ പിക്കാരും സി പി എമ്മുകാരും അവിടെ കൊലപാതക സ്‌കോർ കൂട്ടുകയും കിഴിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുവെങ്കിലും ഭരണത്തിലുള്ള ഉത്തരവാദപ്പെട്ട രാഷ്ട്രീയകക്ഷിയെന്ന നിലയ്ക്ക് അണികളെ ഇത്തരം കൊലപാതകങ്ങളിൽ നിന്നും പിന്തിരിപ്പിക്കാനുള്ള വിവേകം ഭരണാധിപന്മാർ കാണിക്കേണ്ടതുണ്ട്. അതല്ലാതെ, ‘പകരത്തിനു പകരം’ എന്ന മട്ടിൽ മറുപടി പറയുന്ന പഴയ പാർട്ടി സെക്രട്ടറി പദവിയിലല്ല പിണറായി വിജയൻ ഇന്ന് ഇരിക്കുന്നത്− കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്താണ്! വ്യത്യസ്തമായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ ഒരു ജനാധിപത്യ പ്രക്രിയയിൽ തീർത്തും സ്വാഭാവികമായ കാര്യമാണെന്നിരിക്കേ, രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്തുകൊണ്ടല്ല പാർട്ടിയുടെ ശക്തി വർധിപ്പിക്കുകയെന്ന് എന്നാണ് ഇവർ തിരിച്ചറിയാൻ പോകുന്നത്? അധികാരത്തിൽ വന്ന് അധികനാളുകൾ പിന്നിടും മുന്പ് സ്വജനപക്ഷപാതത്തിന് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതും ആ ഒഴിവിലേക്ക് കൊലക്കേസ്സ് ഗൂഢാലോചനാക്കേസ്സിൽ അന്വേഷണം നേരിടുന്ന എം എം മണിയെ നിയമിച്ചതുമെല്ലാം വിജയന്റെ വിശ്വാസ്യതയ്ക്കുമേൽ പൊതുസമക്ഷം കരിനിഴൽ വീഴ്ത്തിയിരുന്നു.  

എന്തിനധികം പറയുന്നു, നടിയെ ആക്രമിച്ച കേസ്സിൽ മുഖ്യപ്രതി അറസ്റ്റിലായി കേവലം ഒരു ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാം പൾസർ സുനി ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയാണെന്നും സിനിമാ മേഖലയിലെ മറ്റാരിലേക്കും അന്വേഷണം നീങ്ങേണ്ട ആവശ്യമില്ലെന്നും പ്രഖ്യാപിച്ചതാകട്ടെ കേരളത്തിലെ കുറ്റാന്വേഷണ സംവിധാനത്തെ മുഴുവൻ കൊഞ്ഞനം കുത്തുന്ന നിലപാടുമായി വ്യാഖ്യാനിക്കപ്പെട്ടു. എങ്ങനെയാണ് അന്വേഷണം പോലും പൂർത്തിയാകാത്ത ഘട്ടത്തിൽ പിണറായി വിജയൻ പ്രതി ഇയാൾ മാത്രമാണെന്ന് കണ്ടെത്തിയത്? ഇത് യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ നിന്നും രക്ഷിക്കാനുള്ള നിലപാടാണെന്ന് പൊതുവേ വിലയിരുത്തപ്പെടുകയും ചെയ്തു. അതിനിടെ, മുഖ്യമന്ത്രിയെ മംഗലാപുരത്ത് സി പി എം നടത്തുന്ന മതസൗഹാർദ്ദ ചടങ്ങിൽ പങ്കെടുക്കുന്നത് ആർ എസ് എസ്സുകാർ തടയുമെന്ന് വാർത്തകൾ വന്നു. തീർച്ചയായും അപലപിക്കേണ്ട  കാര്യം തന്നെയാണത്. ഒരു സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്തെ ചടങ്ങിൽ പങ്കെടുപ്പിക്കില്ലെന്നുള്ള അവരുടെ പ്രസ്താവന തികഞ്ഞ ഫാസിസം തന്നെ! എന്നാൽ അക്കാര്യത്തിൽ ‘ഫാസിസം, ഫാസിസം’ എന്നു മുറവിളി കൂട്ടുകയും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്ന സി പി എമ്മുകാർ ഇവിടെ കേരളത്തിൽ, കണ്ണൂരിൽ ചിത്രലേഖ എന്ന ദളിതയായ ഒരു വനിതാ ഓട്ടോറിക്ഷാ ഡ്രൈവറെ വർഷങ്ങളോളമായി പ്രദേശത്തെ സി പി എമ്മുകാർ ഉപരോധിക്കുകയും അവരുടെ ജീവനോപാധിയായ ഓട്ടോറിക്ഷ കത്തിക്കുകയുമൊക്കെ ചെയ്തത് കണ്ടില്ലെന്ന് നടിക്കുന്നു. സ്വന്തം നാടുവിട്ട് മറ്റൊരിടത്ത് അവർ വീടുവയ്ക്കാനൊരുങ്ങുന്പോൾ അവിടേയും ഭീഷണികളുമായി സി പി എം പ്രവർത്തകർ എത്തുന്നത് ഫാസിസമാണെന്ന് ആ  പുരോഗമനനാട്യക്കാർക്ക് തോന്നാത്തതെന്താണ്? നിരാലംബയായ ഒരു സ്ത്രീയെ വളഞ്ഞിട്ട് കാലങ്ങളോളമായി സിപിഎമ്മുകാർ ആക്രമിക്കുന്പോൾ എങ്ങനെയാണ് സ്ത്രീസുരക്ഷയെക്കുറിച്ചും സ്ത്രീകൾക്കെതിരായ അക്രമങ്ങളെക്കുറിച്ചും അവർക്ക് വാചാലരാകാനാകുന്നത്? ആ സ്ത്രീക്ക് വീടു നിർമ്മിക്കാൻ മുൻ സർക്കാർ അനുവദിച്ച അഞ്ചു ലക്ഷം രൂപ പോലും റദ്ദാക്കിക്കൊണ്ട് അവരെ പെരുവഴിയിലാക്കിയേ അടങ്ങൂ എന്ന് എന്തുകൊണ്ടാണ് സിപിഎം നേതൃത്വം വാശി പിടിക്കുന്നത്? അല്ലയോ സഖാക്കളേ, നിരാലംബയായ ഒരു സ്ത്രീക്കെതിരെ കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ട്, അവരെ ഉപരോധിച്ച്, നാടുകടത്തിയാണോ നിങ്ങൾ വിപ്ലവം നടപ്പാക്കുന്നത്? ജാതി വെറിയാണോ നിങ്ങളുടെ പ്രത്യയശാസ്ത്രം? സ്വന്തം പ്രസ്ഥാനത്തിന്റെ മഹത്വത്തിൽ വിശ്വാസമുണ്ടെങ്കിൽ ഇത്തരം വൃത്തികേടുകൾ കാട്ടുന്നവരെ പ്രസ്ഥാനത്തിൽ നിന്നും പുറത്താക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനൊപ്പം തന്നെ മംഗലാപുരത്തു നടന്ന റാലിയിൽ മുഖ്യമന്ത്രിയല്ലാത്ത തന്നെ ഒരു ശക്തിക്കും തടുക്കാനാവില്ലായിരുന്നുവെന്ന് പ്രസംഗിച്ചതാകട്ടെ പാർട്ടി സെക്രട്ടറിയെന്ന നിലയിൽ താൻ ഏതുതരം പ്രവർത്തനമാണ് കാഴ്ച വച്ചിരുന്നതെന്നതിന്റെ തുറന്നുപറച്ചിലായും ജനം കണക്കാക്കി. ഇതെല്ലാം തന്നെ സ്വന്തം പ്രതിഛായ കുറെക്കൂടി മോശമാകാൻ മാത്രമേ ഇടയാക്കിയിട്ടുള്ളുവെന്ന് വിജയൻ തിരിച്ചറിയാതെ പോകുന്നതാണ് ദയനീയം!

‘മുണ്ടുടുത്ത മോഡി’യെന്നാണ് വിജയൻ ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്നത്. അപ്പുറത്ത് മോഡി 56 ഇഞ്ച് നെഞ്ചളവിനെപ്പറ്റി പറയുന്പോൾ ഇപ്പുറത്ത് വിജയന്റെ ആരാധകർ ഇരട്ടച്ചങ്കിനെപ്പറ്റിയാണ് പറയുന്നത്. ധീരൻ എന്ന അർത്ഥത്തിലാണ് ഇരട്ടച്ചങ്കൻ എന്ന വിശേഷണമെങ്കിലും മുഖ്യമന്ത്രിയുടെ പല പ്രവൃത്തികളും കാണുന്പോൾ ഇരട്ടച്ചങ്കൻ എന്ന വിശേഷണം ഒരു അബ്‌നോർമാലിറ്റി ആയിപ്പോലും തെറ്റിദ്ധരിക്കപ്പെട്ടേക്കാം. വൈകല്യങ്ങളില്ലാത്ത ഒരു ഭരണാധിപനെയാണ് ജനാധിപത്യം എപ്പോഴും ആഗ്രഹിക്കുന്നത്: അത് പലപ്പോഴും ലഭിക്കാറില്ലെങ്കിൽപോലും! പിണറായി വിജയന് അത്തരമൊരു നേതാവിലേക്കുള്ള പടവുകളിൽ ഇനിയും ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്. അദ്ദേഹത്തിലുള്ള പ്രതീക്ഷ ഇപ്പോഴും ജനം കൈവിട്ടിട്ടില്ലെന്ന് സർക്കാരിനു നേരെ ഉയരുന്ന വിമർശനങ്ങളുടെ മൂർച്ചയും തീർച്ചയും വെളിപ്പെടുത്തുന്നുണ്ട്. ഇടതുപക്ഷത്തിന്റെ ഭരണം മുൻ സർക്കാരിന്റെ അഴിമതി ഭരണം പോലെയാകരുത് എന്നുള്ള ജാഗ്രതയാണ് പൊതുജനങ്ങളും മാധ്യമങ്ങളും വച്ചുപുലർത്തുന്നത്. അതുകൊണ്ടാണ് അവർ ഈ സർക്കാരിന്റെ ഓരോ ചെയ്തികളും നിരന്തരം നിരീക്ഷിക്കുന്നതും പൊതുജനങ്ങൾ സർക്കാരിനെ കൂടുതൽ ബാധ്യസ്ഥരാക്കാൻ ശ്രമിക്കുന്നതും. അത് തങ്ങളെ  അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് സർക്കാർ സംശയിക്കുന്നതാണ് ദയനീയം. അതാണ് ഏറ്റവും വലിയ അസഹിഷ്ണുതയും!

You might also like

  • Lulu Exchange
  • Straight Forward

Most Viewed