ഇ--മാലിന്യ ഭീകരതയും പരിഹാരവും!
ജെ. ബിന്ദുരാജ്
ഈ സംഭവം നടന്നിട്ട് ആറു വർഷങ്ങളേ ആയിട്ടുള്ളു. ഡൽഹി യൂണിവേഴ്സിറ്റിയിൽ 1985 മുതൽ ഉപയോഗരഹിതമായിരുന്ന ഗാമസെൽ 220 റിസർച്ച് ഇറേഡിയേറ്റർ ഡൽഹിയിലെ മായാപുരിയിലെ ഒരു ആക്രിക്കച്ചവടക്കാരന് യൂണിവേഴ്സിറ്റിയിലെ കെമിസ്ട്രി വിഭാഗം ലേലത്തിൽ വിൽക്കുന്നു. 1968−ൽ കാനഡയിൽ നിന്നും വാങ്ങിയതായിരുന്നു ഈ ഗാമ ഇറേഡിയേറ്റർ. ബാക്ടീരിയ വിമുക്തമാക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണമാണത്. ഈ ഉപകരണത്തിൽ മാരകമായ റേഡിയോആക്ടീവ് പദാർത്ഥമായ കോബോൾട്ട് −60 ഉണ്ടെന്ന് അറിയാതെ ആക്രിക്കടയിലെ തൊഴിലാളികൾ അത് പൊളിച്ചെടുക്കുന്നു. തിളങ്ങുന്ന ഈ പദാർത്ഥം കൈയിലെടുത്തവരും അത് പൊളിച്ചവരുമടക്കം ഏഴു പേർ റേഡിയേഷൻ മൂലം തളർന്നുവീണ് ആശുപത്രിയിലായി. ചിലർക്ക് ആശുപത്രി ചികിത്സയ്ക്ക് 20 ലക്ഷത്തിലധികം രൂപ ചെലവായെങ്കിലും അവരുടെ ആരോഗ്യം പൂർവസ്ഥിതിയിലെത്തിയില്ല. ഒരാൾ മരണപ്പെട്ടു. ഉത്തരവാദിത്തരഹിതമായി ഇത്തരമൊരു ഉപകരണം ലേലത്തിൽ വിറ്റതിന് ഡൽഹി സർവകലാശാലയിലെ ആറ് പ്രൊഫസർമാർക്കെതിരെ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ കടുത്ത വകുപ്പുകളനുസരിച്ച് കേസ്സെടുത്തു.
റേഡിയോ ആക്ടീവ് ഘടകങ്ങളെപ്പറ്റിയും ഇ-മാലിന്യങ്ങളുടെ ഭീകരതയെപ്പറ്റിയുമൊക്കെ ഇന്ത്യ ചിന്തിച്ചു തുടങ്ങിയത് വാസ്തവത്തിൽ മായാപുരിയിൽ നടന്ന ഈ സംഭവത്തോടെയാണ്. ഇ-മാലിന്യങ്ങളടക്കമുള്ള മാരകമായ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയുള്ള 2008−ലെ നിയമത്തിൽ സർക്കാർ ഭേദഗതികൾ വരുത്തിയതും ഇതേതുടർന്നാണ്. പക്ഷേ ഈ നിയമങ്ങളൊന്നും തന്നെ കോബാൾട്ട് −60 പോലെ 1962−ലെ ആണവോർജ നിയമത്തിനു കീഴിൽ വരുന്ന വസ്തുക്കൾക്ക് ബാധകമെല്ലങ്കിലും ഇ-മാലിന്യത്തിലും ഇതിനേക്കാൾ വലുതും രൂക്ഷവുമായ പ്രത്യാഘാതങ്ങൾ പരിസ്ഥിതിക്കും മനുഷ്യനുമുണ്ടാക്കുന്ന വസ്തുക്കൾ ഉണ്ടെന്ന് ഇപ്പോൾ ഇന്ത്യ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇ-−മാലിന്യ നിർമ്മാർജനത്തിന്റെ കാര്യത്തിൽ അൽപം പോലും മുന്നോട്ടുപോയിട്ടില്ലെന്നതാണ് വാസ്തവം.
പഴയകാലം പോലെയല്ല. ടെലിവിഷൻ കേടായാൽ ഒന്നിലധികം തവണ അത് നന്നാക്കി ഉപയോഗിക്കുന്ന ശീലം മലയാളിക്കില്ല. നിസ്സാര പ്രശ്നമേ ടെലിവിഷനുള്ളുവെങ്കിൽപ്പോലും അത് ശരിയാക്കുന്നതിനു പകരം പുതിയ മോഡലോ കൂടുതൽ ഫീച്ചറുകളുള്ള പുതിയ ബ്രാൻഡുകളോ വാങ്ങാനായിരിക്കും കൂടുതൽ പേരും താൽപര്യപ്പെടുക. പ്രത്യേകിച്ചും എൽ.സി.ഡിയിൽ നിന്നും എൽ.ഇ.ഡിയിലേക്കും പ്ലാസ്മാ ടിവിയിലേക്കും ത്രീഡി മുതൽ ഹൈഡെഫനിഷൻ വരെയുള്ള ഫീച്ചറുകളിൽ ഓരോ ദിവസവും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ! മൊബൈൽ ഫോണുകളുടെ കാര്യം പറയാനില്ല. ആറോ ഏഴോ മാസം കഷ്ടിച്ച് ഉപയോഗിച്ചശേഷം പുതിയ മൊബൈൽ ഫോണിനായി മൊബൈൽ സ്റ്റോറുകളിലെത്തുന്നവരായി മാറിയിരിക്കുന്നു പുതിയ തലമുറ. ഇതിനു പുറമേയാണ് ഓരോ ദിവസം ആളുകൾ ഒഴിവാക്കിക്കൊണ്ടിരിക്കുന്ന മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ. മ്യൂസിക് പ്ലേയർ തൊട്ട് യു.എസ്.ബി വരെയും യു.പി.എസ് മുതൽ പെൻഡ്രൈവുകൾ വരെയും നീളുന്നു അത്. റോഡരുകിലുകളിലും ജലാശയങ്ങളിലുമൊക്കെ ഇന്ന് നിക്ഷേപിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഭീകരതയ്ക്കു പുറമേ, ഇ-മാലിന്യങ്ങളുടെ ഭീകരതയിലേക്കും ലോകം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇവയെല്ലാം തന്നെ. ഇത് ഇത്തരുണത്തിൽ തുടരുകയാണെങ്കിൽ പരിസ്ഥിതിയുടെ സർവനാശത്തിലേക്ക് ലോകം നീങ്ങാനും മാനവരാശിയടക്കം സർവചരാചരങ്ങളുടെ അന്ത്യത്തിലേക്കും ഭൂമി നീങ്ങാൻ ഇനി അധിക വർഷങ്ങളില്ല എന്നതാണ് വാസ്തവം.
ഇന്ന് പ്രതിവർഷവും 5 കോടി മെട്രിക് ടൺ ഇ-മാലിന്യങ്ങളാണ് ലോകത്ത് ഉൽപാദിപ്പിക്കപ്പെടുന്നത്. ഇതിൽ കേവലം 12.5 ശതമാനം ഇ-മാലിന്യം മാത്രമേ റീസൈക്കിളിങ്ങിന് വിധേയമാകുന്നുള്ളു. ഇ.പി.എയുടെ കണക്കുകൾ പ്രകാരം അമേരിക്കയിലെ മുൻസിപ്പൽ മാലിന്യങ്ങളിൽ അതിവേഗത്തിൽ വളരുന്ന ഒന്നാണ് ഇ-−മാലിന്യങ്ങൾ. അതുകൊണ്ടു തന്നെ വികസിത രാജ്യങ്ങൾ പലതും വികസ്വരനാടുകളിലേക്ക് ഇ-മാലിന്യങ്ങൾ ഇറക്കുമതി ചെയ്യുന്ന അവസ്ഥ സംജാതമാകുന്നു. ഈ ഭീകരത വളരെ മുന്പേ തന്നെ ലോകം തിരിച്ചറിഞ്ഞതുമാണ്. അതുകൊണ്ടാണ് സ്വിറ്റ്സർലാണ്ടിലെ ബേസലിൽ മാരകമായ മാലിന്യങ്ങൾ വികസ്വരരാജ്യങ്ങളിലേക്ക് കടത്തുന്നതിനും അവ അത്തരം സ്ഥലങ്ങളിൽ കുഴിച്ചുമൂടുന്നതിനുമെതിരെ ഒരു അന്താരാഷ്ട്ര കരാറിന് ഐക്യരാഷ്ട്ര സഭ 1989ൽ തന്നെ ഒപ്പുവച്ചത്. 2016ലെ കണക്കുപ്രകാരം 184 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഇന്ന് ഈ കരാറിൽ ഭാഗഭാക്കുകളുമാണ്. പക്ഷേ ഇലക്ട്രോണിക് ഉപകരണങ്ങളെന്ന് മറവിൽ ഇ−-മാലിന്യങ്ങൾ വികസിത രാജ്യങ്ങളിൽ നിന്നും ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലേക്ക് വർഷങ്ങളായി നിർബാധം കടത്തിക്കൊണ്ടിരിക്കുകയാണെന്നതാണ് സത്യം. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മാത്രം കൊൽക്കത്തയിലെ ഒരു സ്ഥാപനത്തിന്റെ മറവിൽ 25,000ത്തിലധികം ഫോട്ടോസ്റ്റാറ്റ് യന്ത്രങ്ങളാണ് കൊച്ചി തുറമുഖം വഴി മാത്രം ഇറക്കുമതി ചെയ്തതെന്ന വിവരം പുറത്തുവന്നത് ഇതിനു തെളിവാണ്. ഏറ്റവുമൊടുവിൽ 8000 ഫോട്ടോസ്റ്റാറ്റ് യന്ത്രങ്ങൾ കൂടി കൊച്ചി തുറമുഖം വഴി എത്തുന്നതുവരെ ഈ ഇറക്കുമതികളൊന്നും തന്നെ ചോദ്യം ചെയ്യപ്പെട്ടില്ലായിരുന്നുവെന്നാണ് വാസ്തവം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഇറക്കുമതി ചെയ്യപ്പെട്ട ഈ ഇ-മാലിന്യം തിരിച്ച് അമേരിക്കയിലേക്കും ജർമ്മനിയിലേക്കും അത് ഇറക്കുമതി ചെയ്ത കന്പനിയുടെ ചെലവിൽ തന്നെ തിരിച്ചയ്ക്കണമെന്ന് കസ്റ്റംസ് ഡിപ്പാർട്ട്മെന്റിന് നിർദ്ദേശം നൽകിയെങ്കിലും നിലവിലെ നിയമപ്രകാരം അത് അസാധ്യമാണെന്നത് വേറെ കാര്യം.
ഇ-മാലിന്യത്തിന്റെ കാര്യത്തിൽ ലോകത്ത് ഇന്ന് അഞ്ചാം സ്ഥാനത്താണ് ഇന്ന് ഇന്ത്യയുടെ സ്ഥാനം. അസോച്ചം എന്ന വ്യവസായ സംഘടന നടത്തിയ കണക്കുകൾ പ്രകാരം 2020 ആകുന്പോഴേക്ക് ഇന്ത്യയിലെ ഇ-−മാലിന്യത്തിന്റെ അളവ് 52 ലക്ഷം ടൺ ആകുമെന്നാണ് പറയുന്നത്. നിലവിൽ 18 ലക്ഷം ടൺ ഇ-മാലിന്യമാണ് ഇന്ത്യയിലുള്ളത്. ലോകവ്യാപകമായി ഇ−-മാലിന്യങ്ങൾ 18 ശതമാനം നിരക്കിൽ വളരുന്പോൾ ഇന്ത്യയിൽ ഇ-−മാലിന്യത്തിന്റെ വളർച്ച 30 ശതമാനം നിരക്കിലാണെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം. ഇ-−മാലിന്യങ്ങളിൽ കേവലം 1.5 ശതമാനം മാത്രമേ റീസൈക്കിൾ ചെയ്ത് പുനരുപയോഗത്തിനായി വീണ്ടും എത്തിക്കാനാകുകയുള്ളുവെന്നിരിക്കേ, ഈ ഇലക്ട്രോണിക് മാലിന്യങ്ങൾ മിക്കപ്പോഴും കുഴിച്ചുമൂടുകയാണ് ചെയ്യാറുള്ളത്. ഇത് അത്യധികം അപകടകരമായ ഒരു സാഹചര്യത്തിലേക്കാണ് ഇന്ത്യയെ കൊണ്ടു ചെന്നെത്തിക്കുന്നത്. ഇലക്ട്രോണിക് വസ്തുക്കളിലുള്ള ലെഡ്, മെർക്കുറി, കാഡ്മിയം പോലുള്ള വസ്തുക്കൾ നമ്മുടെ കുടിവെള്ള സ്രോതസ്സുകളിൽ കലരുന്നതിന് അത് ഇടയാക്കുന്നു. ഭാവി തലമുറകളെ മുഴുവനും മാരകമായ രോഗങ്ങളുടെ പിടിയിലേക്ക് തള്ളിവിടാൻ ഇതിടയാക്കുമെന്നും ലോകത്ത് മാനവരാശിയുടെ നിലനിൽപിനെ തന്നെ അത് ബാധിക്കുമെന്നും പറയാതെ വയ്യ. ഇ−-മാലിന്യങ്ങളുണ്ടാക്കാവുന്ന ഭവിഷ്യത്തുക്കളെപ്പറ്റി ഇന്ത്യയ്ക്ക് കാലങ്ങളായുള്ള ആശങ്കകൾ ഇപ്പോൾ യാഥാർത്ഥ്യമായി വരികയാണെന്നതാണ് വാസ്തവം. ഇലക്ട്രോണിക് ഉപകരണങ്ങൾ മാത്രമല്ല ഇലക്ട്രിക്കൽ ഉപകരണങ്ങളും ഇന്ന് വൻതോതിൽ ഇ−-മാലിന്യത്തിന്റെ നിർമ്മിതിക്ക് കാരണമാകുകയാണ്. റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, കന്പ്യൂട്ടറുകളും പ്രിന്ററുകളും ടെലിവിഷനുകളും ഐ പാഡുകളും മൊബൈലുകളും എന്നിവയെല്ലാം തന്നെ നിർമ്മിക്കപ്പെട്ടിട്ടുള്ളത് അപകടകരമായ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടാണ്. മാനുഷികാരോഗ്യത്തിനും പരിസ്ഥിതിക്കും വിനാശകരമായ വസ്തുക്കളാണ് അവയിലുള്ളതു പലതും. യൂറോപ്യൻ യൂണിയനും ചില വികസിത രാജ്യങ്ങളും ശാസ്ത്രീയമായ രീതികളിലൂടെ ഇ-−മാലിന്യം നിർമ്മാർജനം ചെയ്യുന്നതിനും റീസൈക്കിൾ ചെയ്യുന്നതിനും പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ ഇപ്പോഴത്തെ വൻതോതിലുള്ള ഇ-മാലിന്യങ്ങൾ സംസ്‌കരിക്കാൻ പര്യാപ്തമാകുന്നതല്ല. ഇരുന്പും ഉരുക്കുമാണ് ഇ-−മാലിന്യങ്ങളുടെ 50 ശതമാനവും വരുന്നത്. 21 ശതമാനം പ്ലാസ്റ്റിക്കും 13 ശതമാനം നോൺ ഫെറസ് മെറ്റലുകളും മറ്റ് ഘടകങ്ങളുമാണ്. നോൺ ഫെറസ് മെറ്റലുകളുടെ കൂട്ടത്തിൽ ചെന്പ്, അലുമിനിയം, വെള്ളി, സ്വർണം, പ്ലാറ്റിനം, പല്ലേഡിയം, എന്നിവയും ഘടകങ്ങളിൽ ലെഡ്, മെർക്കുറി, ആർസെനിക്, കാഡ്മിയം, സെലീനിയം, ഹെക്സാവാലേന്റ് ക്രോമിയം എന്നിവയുമാണുള്ളത്. ഏതാണ്ട് ആയിരത്തിലധികം വ്യത്യസ്തമായ മാരകവിഷമുറങ്ങുന്ന പദാർത്ഥങ്ങൾ ഈ ഉൽപന്നങ്ങളിലുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
വിവര സാങ്കേതിക മേഖലയിലുണ്ടായ കുതിച്ചുചാട്ടവും ടെലിവിഷൻ രംഗത്തുണ്ടായ മാറ്റങ്ങളുമാണ് ഇ−-മാലിന്യങ്ങളുടെ തോത് ലോകത്ത് ക്രമാതീതമായി വർധിക്കാൻ ഇടയാക്കിയത്. മൊബൈൽ ഫോണുകളുടെ വരവാകട്ടെ മാലിന്യത്തിന്റെ അളവ് നമ്മുടെ പ്രതീക്ഷകൾക്കും അപ്പുറത്താക്കി. ലോകത്ത് ഇ-−മാലിന്യങ്ങളുടെ ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ചൈനയാണ്. ജപ്പാൻ, ജർമ്മനി എന്നിവയാണ് തൊട്ടുപിന്നിൽ. ഇന്ത്യയിലെ 10 സംസ്ഥാനങ്ങളാണ് രാജ്യത്ത് മൊത്തം ഉൽപാദിപ്പിക്കപ്പെടുന്ന ഇ-−മാലിന്യങ്ങളുടെ 70 ശതമാനവും ഉൽപാദിപ്പിക്കുന്നതെന്നാണ് രാജ്യസഭയുടെ പ്രത്യേക സമിതി അവരുടെ അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര, ഉത്തരപ്രദേശ് എന്നിവയാണ് ഇ-−മാലിന്യങ്ങളുടെ ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്നത്. നഗരങ്ങളിൽ മുംബൈയും ഡൽഹിയും ബംഗലുരുവും ചെന്നൈയുമാണ് മുന്നിൽ. എന്നാൽ ഈ ഇ-മാലിന്യങ്ങളെല്ലാം എന്തു ചെയ്യണമെന്ന കാര്യത്തിൽ ഇന്നും ആർക്കും വലിയ ധാരണയില്ല. കേന്ദ്ര സർക്കാരിന്റെ 2016 മാർച്ചിലെ ഇ-മാലിന്യചട്ടപ്രകാരം എല്ലാ ഇ-മാലിന്യങ്ങളും ഉൽപാദകർ തന്നെ തിരിച്ചെടുക്കണമെന്നും അതല്ലാത്തപക്ഷം അവർക്ക് പിഴ ചുമത്തുമെന്നാണ് നിഷ്‌കർഷിക്കുന്നത്. ഉദാഹരണത്തിന് നാം ഏത് കടയിൽ നിന്നാണോ ഒരു ഉപകരണം വാങ്ങിയത്, അത് ഉപയോഗശൂന്യമാകുന്നപക്ഷം അതേ കടയിൽ അത് തിരിച്ചേൽപിക്കുകയും കടക്കാർ അത് കന്പനികൾക്ക് നൽകുകയും വേണമെന്നർത്ഥം. ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ അംഗീകൃത പുനരുൽപാദകർക്ക് എത്തിച്ചുകൊടുക്കാനുള്ള ബാധ്യതയും സർക്കാരിനുണ്ട്. പക്ഷേ ഇതൊന്നും നിലവിൽ ക്രിയാത്മകമായി നടക്കുന്നില്ലെന്നതാണ് വാസ്തവം. കൊച്ചി, തിരുവനന്തപുരം പോലുള്ള കോർപ്പറേഷനുകൾ നാട്ടുകാർക്ക് ഇ−-മാലിന്യങ്ങൾ വില നൽകി വാങ്ങുന്ന പദ്ധതി ആവിഷ്‌കരിച്ചിരുന്നുവെങ്കിലും അവയൊന്നും മതിയായ വിജയം കണ്ടില്ലെന്നും ഓർക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഇ-മാലിന്യ മാനേജ്മെന്റ് നിയമം നടപ്പാക്കേണ്ട ബാധ്യത നൽകപ്പെട്ടിട്ടുള്ളത് അതാത് സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ ബോർഡുകൾക്കാണ്. പക്ഷേ അവർക്ക് കാര്യക്ഷമമായ പ്രവർത്തനം ഇക്കാര്യത്തിൽ കാഴ്ചവയ്ക്കാനാവുന്നില്ല.
ഇത്തരമൊരു ഘട്ടത്തിലാണ് വിദേശ നാടുകളിൽ നിന്നും ഇ−-മാലിന്യങ്ങൾ ഇന്ത്യയിലേക്ക് എത്തുന്ന ഭീഷണി കൂടി ഉണ്ടായിട്ടുള്ളത്. ഇന്ത്യ പോലുള്ള വികസ്വര നാടുകളിലേക്ക് ഇ-−മാലിന്യങ്ങൾ കടത്തുന്നത് വിദേശ കന്പനികളെ സംബന്ധിച്ചിടത്തോളം സാന്പത്തികമായും ഗുണം കിട്ടുന്ന കാര്യവുമാണ്. ഇറക്കുമതി ചെയ്യപ്പെടുന്ന ഇ-−മാലിന്യത്തിൽ നിന്നും തങ്ങൾക്ക് ആവശ്യമുള്ള വസ്തുക്കൾ ഇളക്കിയെടുത്തശേഷം ബാക്കിയുള്ള വസ്തുക്കൾ നിലം നികത്തുക പോലുള്ള കാര്യങ്ങൾ ഉപയോഗിക്കുകയാണിവിടെ ചെയ്യുന്നത്. ഇതുമൂലം ഭൂഗർഭജലത്തിലേക്കു പോലും മാരകമായ ഇ−-മാലിന്യങ്ങൾ കടന്നുകൂടാൻ ഇടയാകുകയും ചെയ്യുന്നു. ഇതിനു പുറമേയാണ് ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ ആയുർദൈർഘ്യം ഇപ്പോൾ കന്പനികൾ കുറച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ ഒരു പേഴ്സണൽ കന്പ്യൂട്ടറിന് ഏഴു വർഷം വരെ ആയുസ്സുണ്ടായിരുന്നുവെങ്കിൽ ഇന്നത് നാലു വർഷമായി ചുരുങ്ങിയിരിക്കുന്നു. ഉൽപന്നങ്ങളുടെ ആയുർൈദർഘ്യം കുറയ്ക്കുക വഴി അവയുെട ഉപഭോഗം പരമാവധി കൂട്ടുക എന്ന ലക്ഷ്യമാണ് ഇന്ന് വിപണിയിൽ ശക്തരായ എല്ലാ ഇലക്ട്രോണിക് ഉപകരണ ഉൽപ്പാദകർക്കുമുള്ളത്.
ഇ-−മാലിന്യങ്ങളെപ്പറ്റിയും മറ്റ് മാരകമായ മാലിന്യങ്ങളെപ്പറ്റിയും സുപ്രീം കോടതി ചില മാർഗനിർദ്ദേശങ്ങൾ നൽകിയതിനെ തുടർന്നാണ് സംസ്ഥാനങ്ങൾ ഇത്തരം മാലിന്യങ്ങളുടെ നിർമ്മാർജനത്തിന് ചില ചട്ടങ്ങൾക്ക് രൂപം നൽകിയത്. ഇന്ന് രാജ്യത്ത് ഇത്തരത്തിലുള്ള മാലിന്യങ്ങളുടെ നിർമ്മാർനത്തിനായി മുപ്പതോളം ഓപ്പറേഷൻ ട്രീറ്റ്മെന്റ് പ്ലാന്റുകളാണുള്ളത്. പക്ഷേ മുൻസിപ്പൽ വേസ്റ്റിൽ ഇ-മാലിന്യങ്ങളുടെ അളവ് അനുദിനംവർധിച്ചുവരികയാണെന്നത് വരാനിരിക്കുന്ന വലിയ അപകടങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇപ്പോൾ തന്നെ നിലവിലുള്ള സംവിധാനങ്ങൾക്കൊന്നും തന്നെ ഇ-−മാലിന്യങ്ങളുടെ വലിയൊരു ശതമാനവും സംസ്‌കരിക്കാൻ സാധിക്കുന്നില്ല. ഇ-മാലിന്യങ്ങളിലെ ഘടകങ്ങളിലെ മാരകമായ മൂലകങ്ങളുടെ സാന്നിധ്യം കൊണ്ടു തന്നെ അവ കൈകാര്യം ചെയ്യുന്നത് അതീവ സങ്കീർണമായ ഒരു പ്രക്രിയയാക്കി അതിനെ മാറ്റിയിരിക്കുന്നു. സെമികണ്ടക്ടറുകളിലും മൈക്രോവേവവുകളിലും സോളാർ സെല്ലുകളിലും എൽ.ഇ.ഡികളിലും ആർസെനിക്കിന്റെ സാന്നിധ്യമാണുള്ളതെങ്കിൽ ബാറ്ററികളിലും ട്രാൻസിസ്റ്ററുകളിലും സോളാർ ഉപകരണങ്ങളിലും ലെഡ് ആണുള്ളത്. ഇൻസുലേറ്ററുകളിൽ കോബോൾട്ടും ബാറ്ററികളിലും അലോയികളിലും കന്പ്യൂട്ടർ മോണിട്ടറുകളിലും കാഡ്മിയവും ഇലക്ട്രോൺ ട്യൂബുകളിലും ലൂബ്രിക്കന്റ് അഡിക്ടീവ്സുകളിൽ ബേരിയവുമുണ്ട്. മൊബൈൽ ഫോണുകളിലും വീഡിയോ ഉപകരണങ്ങളിലും ലിഥിയവും കോപ്പർ മെഷീനിലുകളിലും സ്റ്റീം അയണുകളിലും പോക്കറ്റ് കാൽക്കുലേറ്റുകളിലും എൽ.സി.ഡികളിലും മെർക്കുറിയും റീചാർജബിൾ ബാറ്ററികളിലും പ്രകാശസംവിധാനങ്ങളിലും സിങ്കുമുണ്ട്. ഫോട്ടോകോപ്പിയർ യന്ത്രങ്ങളിലും ഫാക്സ് യന്ത്രങ്ങളിലും സെലീനിയവും ട്രാൻസ്ഫോർമറുകളിലും കപാസിറ്ററുകളിലും പോളിക്ലോറിനേറ്റഡ് ബൈഫിനെലു(പി സി ബി) കളുമുണ്ട്.
ഇതിൽ കറുത്തീയം എന്നറിയപ്പെടുന്ന ലെഡ് വൃക്കകളേയും പ്രത്യുൽപാദനത്തേയും ബാധിക്കുന്ന ന്യൂറോടോക്സിനാണെങ്കിൽ മെർക്കുറി നാഡിവ്യൂഹത്തെ അപ്പാടെ തകരാറിലാക്കാൻ പോന്നതാണ്. സർക്യൂട്ട് ബോർഡുകൾ പൊളിക്കുന്പോഴും കത്തിക്കുന്പോഴും പുറത്തുവരുന്ന ഇവ വെള്ളത്തിലൂടെ മനുഷ്യശരീരത്തിലെത്തിയാൽ വളർച്ച വരെ തടസ്സപ്പെടും. കാഡ്മിയമാണെങ്കിൽ കാൻസറിന് കാരണമാകുന്ന വസ്തുവാണ്. ദീർഘകാലം കാഡ്മിയവുമായി ഇടപഴകിയാൽ ഇടുക്കുകളിലും നട്ടെല്ലിനും കടുത്ത വേദന ഉണ്ടാക്കുന്ന ഇടായി− ഇടായി എന്ന രോഗത്തിനത് കാരണമാകും. കന്പ്യൂട്ടറുകളെ തുരുന്പിക്കലിൽ നിന്നും സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ക്രോമിയമാണെങ്കിൽ കരളിനും വൃക്കകൾക്കും കുഴപ്പങ്ങളുണ്ടാക്കുകയും ആസ്തമാറ്റിക് ബ്രോങ്കൈറ്റിസിനും ശ്വാസകോശ കാൻസറിനു വരെ കാരണമാകുകയും ചെയ്യും. ഇ-മാലിന്യങ്ങളുടെ മാരകമായ ഭവിഷ്യത്തുക്കളിൽ ചിലതു മാത്രം പറഞ്ഞെന്നേയുള്ളു. മറ്റ് പല മൂലകങ്ങളുടേയും അപകടങ്ങൾ ഇതിനേക്കാൾ കടുത്തതാണ്.
ഇ-മാലിന്യങ്ങൾ ഇന്ന് നാലു തരത്തിലാണ് സംസ്‌കരിക്കപ്പെടുന്നത്. പക്ഷേ ഇവയൊന്നും തന്നെ പൂർണമായും തൃപ്തികരവുമില്ല. മണ്ണിൽ കുഴിച്ചുമൂടുകയാണ് ഇതിൽ ആദ്യത്തേത്. പക്ഷേ ഭൂഗർഭജലം മലിനീകരിക്കപ്പെടാനും പരിസ്ഥിതി മലിനീകരണത്തിനും അതിടയ.ാക്കുന്നതിനാൽ അമേരിക്കയും യൂറോപ്യൻ യൂണിയനും മിക്ക സ്ഥലങ്ങളിലും അത് നിരോധിച്ചിരിക്കുകയാണ്. ഈ ഇ-മാലിന്യങ്ങൾ കത്തിച്ചുകളയുകയാണ് രണ്ടാമത്തെ മാർഗം. പക്ഷേ അത് മാരകമായ രാസവസ്തുക്കൾ അന്തരീക്ഷത്തിൽ കലരാൻ ഇടയാക്കുന്നു. പുനരുപയോഗവും റീസൈക്കിളിങ്ങുമാണ് മൂന്നാമത്തേയും നാലാമത്തേയും മാർഗങ്ങൾ. ഉൽപന്നങ്ങളുടെ ആയുർദൈർഘ്യം കൂട്ടുന്നതിലൂടെ, മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനാൽ മുൻഗണന നൽകപ്പെടുന്ന കാര്യമാണ്. എന്നാൽ വികസ്വരരാജ്യങ്ങളാണ് പ്രധാന ആവശ്യക്കാരെന്നതിനാൽ ഇ−-മാലിന്യം പിന്നീട് നിർമ്മാർജനം ചെയ്യുന്നത് ഈ രാഷ്ട്രങ്ങൾക്കൊരു തലവേദനയാകും. എന്നാൽ റീസൈക്കിളിങ്ങിൽ ഈ ഇ−മാലിന്യങ്ങൾ മറ്റൊരു രൂപത്തിലാകുന്നുവെന്ന പ്രത്യേകത മാത്രമേയുള്ളു. എങ്കിലും ഇ-−മാലിന്യത്തിൽ മൂല്യവത്തായ പല അസംസ്‌കൃത പാദാർത്ഥങ്ങളും ഉണ്ടെന്നിരിക്കേ റീസൈക്കിളിങ്ങ് മെച്ചപ്പെട്ട ഒരു കാര്യം തന്നെയാണെന്നു പറയേണ്ടി വരും. ഇ-−മാലിന്യങ്ങളുടെ കാര്യത്തിൽ റീസൈക്കിളിങ്ങിനും പുനരുപയോഗത്തിനുമുള്ള സാധ്യതകൾ കണ്ടെത്തുകയാണ് നിലവിൽ ഇ−-മാലിന്യ പ്രതിസന്ധിയെ കുറച്ചുകാലത്തേക്കെങ്കിലും അതിജീവിക്കാൻ ഇന്ത്യയ്ക്ക് ചെയ്യാനാകുന്ന കാര്യം. അത്തരത്തിലുള്ള സംവിധാനങ്ങളെ പരിപോഷിപ്പിക്കാൻ സർക്കാർ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.