വഞ്ചനയു­ടെ­ ഒമ്പതാം പി­റന്നാ­ൾ !


ജെ. ബിന്ദുരാജ് 

വികസനനായകന്മാരായി വിലയിരുത്തപ്പെടണം എന്ന വാശിയാണ് ഇന്ന് ഭരണാധിപന്മാർക്കെല്ലാം തന്നെ. എന്നാൽ ഭരണാധിപന്മാരെ സംബന്ധിച്ചിടത്തോളം ഒരേസമയം ജനകീയനും വികസന നായകനുമായി തുടരുക അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. അതിന് അസാധാരണമായ മെയ്‌വഴക്കവും പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ടു തന്നെ അത് വൈകിപ്പിക്കാനുള്ള കുബുദ്ധിയും പാവപ്പെട്ടവനൊപ്പം നിന്നുകൊണ്ടു തന്നെ അവനെ സൂത്രത്തിൽ വഞ്ചിക്കാനുള്ള കാപട്യവും വേണം. നമ്മുടെ ഭരണാധിപന്മാരിൽ പലർക്കും ഇതിൽ ചില ദുർഗുണങ്ങളുണ്ടെങ്കിലും എല്ലാ ദുർഗുണങ്ങളും നയപരമായും ചിട്ടയായ മാനേജ്‌മെന്റ് സ്‌കില്ലുമുപയോഗിച്ച് സമന്വയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്നവർ തുലോം തുച്ഛമാണ്. അതിനാണ് യഥാർത്ഥത്തിൽ അടവു നയം എന്നു പറയേണ്ടത്. തെരഞ്ഞെടുപ്പുകാലത്ത് സിപിഎം പറയുന്ന അടവു നയമായി അതിനെ തെറ്റിദ്ധരിക്കരുത്. ഞാൻ പറഞ്ഞപോലുള്ള അടവുനയം സർവ്വ ദുർഗുണങ്ങളും സമാസമം ചേർത്ത് വിളന്പിയ ഏക ഭരണാധികാരി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. വികസനമാണോ ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം എന്നു ചോദിച്ചാൽ അതെ എന്നുത്തരം പറയും. കുടിയിറക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്ന കാര്യം ചോദിച്ചാൽ അവരെപ്പറ്റി അനുഭാവപൂർവ്വം കണ്ണീരൊഴുക്കും. നാലുവരിപ്പാത 45 മീറ്ററിൽ പണിയണമെന്നാണ് സ്വതാൽപര്യമെങ്കിലും കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസം നൽകാൻ കഴിയാതെ വരുന്നപക്ഷം ജനനായകനും ജനകീയനുമെന്ന പ്രതിച്ഛായ നഷ്ടപ്പെടുമെന്നു കണ്ടാൽ പദ്ധതി നീക്കി വെയ്ക്കുകയോ പൊതുജനത്തെ വിശ്വാസത്തിലെടുക്കാൻ തക്കവണ്ണം വിയറ്റ്‌നാം കോളനി തന്ത്രങ്ങൾ മെനയുകയും ചെയ്യും. 

വികസനത്തിന്റെ ബലിയാടുകളാകാൻ നാട്ടുകാർ വിധിക്കപ്പെടുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ കാലത്ത് തുടങ്ങുന്നു അത്. വന്പൻ വ്യവസായ പദ്ധതികളോടും വലിയ അണക്കെട്ടുകളോടും വലിയ കന്പമുണ്ടായിരുന്ന നെഹ്രുവിനെ സംബന്ധിച്ചിടത്തോളം ആധുനിക ഇന്ത്യയുടെ പിറവിക്ക് അനിവാര്യമായ ഒന്നായിരുന്നു ഇത്തരത്തിലുള്ള വികസനം. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് അണക്കെട്ടുകളെന്ന് വിശ്വസിച്ച അദ്ദേഹം ഒന്നാം പഞ്ചവത്സരപദ്ധതിക്കാലത്തു തന്നെ പഞ്ചാബിലെ ഭക്രാനംഗലിനും ഒറീസ്സയിലെ ഹിരാക്കുഡിനും ആന്ധ്രയിലെ നാഗാർജുന സാഗർ ഡാമിനുമൊക്കെ തുടക്കമിട്ടു. അന്നത്തെ നെഹ്രൂവീയൻ കാഴ്ചപ്പാടിന് ഏറെ പിന്തുണയുമുണ്ടായിരുന്നു. വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ജീവിതത്തെപ്പറ്റിയൊന്നും അക്കാലത്ത് ഇന്ത്യ ചിന്തിച്ചിരുന്നില്ല. വലിയ കൽക്കരി ഖനികൾക്കായി ഭൂമി ഏറ്റെടുക്കുന്പോഴും വ്യവസായ സംരംഭങ്ങൾക്കായി ടൗൺഷിപ്പുകൾ പണിയുന്പോഴും അവിടെ നിന്നും കുടിയിറക്കപ്പെടുന്ന സാധാരണക്കാർ എങ്ങോട്ടു പോകുന്നുവെന്നോ അവർക്ക് എന്ത് നഷ്ടപരിഹാരം ലഭിച്ചുവെന്നോ ചിന്തിക്കാൻ അന്നൊന്നും ആരുമുണ്ടായിരുന്നില്ല. കാരണം വികസനമായിരുന്നു എല്ലാവരുടേയും ചിന്ത. 1958 ആയപ്പോൾ തന്നെ പക്ഷേ സോഷ്യലിസം മനസ്സിൽ കൊണ്ടുനടന്നിരുന്ന നെഹ്രുവിന്റെ ചിന്തകളിൽ മാറ്റങ്ങളുണ്ടായിത്തുടങ്ങിയിരുന്നു. ആത്യന്തികമായി നെഹ്രു മനുഷ്യനിലും മനുഷ്യനന്മയിലും വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നതാണ് ആ മാറ്റത്തിനു കാരണമായി മാറിയത്. പദ്ധതി പ്രദേശങ്ങൾ നേരിട്ടു സന്ദർശിച്ച അദ്ദേഹം കുടിയിറക്കപ്പെട്ടവരുടെ ദുരിതങ്ങൾ നേരിട്ടു കണ്ടറിഞ്ഞു. വലിയ പദ്ധതികൾ വലിയ അഴിമതികളുടെ വിളനിലമായി മാറുന്നതും പ്രഖ്യാപിതലക്ഷ്യങ്ങൾ അവ കൊണ്ട് സാധ്യമാകുന്നില്ലെന്നും തിരിച്ചറിഞ്ഞ അദ്ദേഹം 1958ൽ നടത്തിയ ഒരു പ്രസംഗത്തിൽ തന്റെ വ്യഥ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ‘അരഡസൺ സ്ഥലങ്ങളിലുള്ള ഒരു ഡസനോളം വരുന്ന വലിയ പദ്ധതികളേക്കാൾ ഇന്ത്യയ്ക്കാവശ്യം ചെറിയ ജലസേചനപദ്ധതികളും ചെറിയ വ്യവസായങ്ങളും ചെറിയ ജലവൈദ്യുതി പദ്ധതികളുമാണെന്ന്’ അദ്ദേഹം പറഞ്ഞു. സോഷ്യലിസത്തിന്റെ അടിത്തറ മാനവികതയിലാണെന്നും മനുഷ്യനെ കുരുതി കഴിക്കുന്ന വികസനത്തിലല്ലെന്നും തിരിച്ചറിഞ്ഞതാണ് നെഹ്രൂവിയൻ സോഷ്യലിസമെന്ന ചിന്താധാര പോലും ഇന്ത്യയിലുണ്ടാകാൻ കാരണം.

ഭരണകൂടങ്ങൾക്ക് വികസനഭ്രാന്ത് പിടിക്കുന്പോൾ തകർക്കപ്പെടുന്ന ജീവിതങ്ങളെപ്പറ്റി ആരും തന്നെ ചിന്തിക്കാറില്ല. വലിയ വ്യവസായ പദ്ധതികളും സംരംഭങ്ങളും വരുന്പോൾ മാത്രമല്ല വലിയ പാതകൾ വരുന്പോഴും വലിയൊരു വിഭാഗം ജനത ദുരിതക്കയങ്ങളിലേയ്ക്ക് വീണുപോയ കഥകളാണ് കേരളം ഇതിനു മുന്പ് കേട്ടിട്ടുള്ളത്. കൊച്ചിൻ റിഫൈനറിക്കായും തുറമുഖത്തിനായും എഫ്എസിടിക്കായും നാവികസേനാ ആസ്ഥാനത്തിനായുമൊക്കെ ഭൂമി ഏറ്റെടുക്കപ്പെട്ടപ്പോൾ അവിടെ നിന്നും കുടിയിറക്കപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചുവോ എന്നാരും തന്നെ തിരക്കിയില്ല. അവരിൽ ഭൂരിപക്ഷം പേരുടേയും ജീവിതം കീഴ്‌മേൽ മറിഞ്ഞു. ചേരിപ്രദേശങ്ങളിലെ ചെറിയ കുടിലുകളിലേയ്ക്ക് തൂത്തെറിയപ്പെട്ട അവരുടെ മക്കൾ സ്‌കൂളുകളിൽ പഠിച്ചില്ല, അന്നന്നത്തേക്കുള്ള അന്നം കണ്ടെത്താൻ അവരുടെ കുഞ്ഞുങ്ങൾ അവർക്കൊപ്പം തൊഴിലിറങ്ങാൻ നിർബന്ധിതരായി. കൊച്ചി നഗരപ്രാന്തത്തിനടുത്ത പല ചേരികളും കോളനികളും രൂപപ്പെട്ടത് അങ്ങനെയാണ്. ഒരുകാലത്ത് എന്നേയും നിങ്ങളേയും പോലെ ജീവനയോഗ്യമായ വീടുകളിൽ കഴിഞ്ഞിരുന്നവരാണ് അവരുടെ പൂർവീകർ. ഇന്നവരുടെ പുതുതലമുറ ചേരിപ്രദേശങ്ങൾക്കടുത്തു രൂപപ്പെട്ട കോളനികളിൽ നിയമാനുസൃതമല്ലാത്തതടക്കമുള്ള പല പ്രവൃത്തികളിൽ ഏർപ്പെട്ട് കഴിയേണ്ടിവന്നിരിക്കുന്നു. ഗുണ്ടാ സംഘങ്ങളും മയക്കുമരുന്നു മാഫിയകളുമൊക്കെ ഇപ്പോൾ അവിടെ നിന്നെല്ലാം പിറവിയെടുത്തിട്ടുണ്ടെങ്കിൽ അതിന് തീർച്ചയായും പഴി കേൾക്കേണ്ടത് പുനരധിവാസം നൽകാതെ ഈ ജനതയെ അവരുടെ ആവാസവ്യവസ്ഥയിൽ നിന്നും കുടിയൊഴിപ്പിച്ച സർക്കാരുകൾ തന്നെയാണ്. 

എന്തിനിതെല്ലാം പറയുന്നുവെന്നല്ലേ? ഇക്കഴിഞ്ഞ ഫ്രെബുവരി ആറിന് എറണാകുളത്ത് പെന്റ്ാ മേനക ജംഗ്ഷനിൽ മൂലന്പിളി കുടിയൊഴിപ്പിക്കലിന്റെ ഒന്പതാം വാർഷിക ദിനത്തിൽ ഒരു പ്രതിഷേധ കൂട്ടായ്മ നടന്നു. വല്ലാർപാടം കണ്ടെയ്‌നർ പദ്ധതിയിലെ റോഡ് റെയിൽ കണക്ടിവിറ്റിക്കായി സ്ഥലം വിട്ടുകൊടുക്കേണ്ടി വന്നവരുടെ ഇന്നത്തെ അവസ്ഥ ഭരണകൂടത്തിനും മാധ്യമങ്ങൾക്കും മുന്നിൽ വീണ്ടുമൊരിക്കൽ കൂടി ഒരോർമ്മപ്പെടുത്തിലിന്റെ രൂപത്തിൽ അവതരിക്കുകയായിരുന്നു അവിടെ. ഒന്പതു വർഷങ്ങൾക്കു മുന്പ് പുനരധിവാസം നൽകാതെ 316 കുടുംബങ്ങളെ വികസനപദ്ധതിക്കായി കുടിയൊഴിപ്പിക്കാൻ ഭരണകൂടം ശ്രമിച്ചതും ആ ക്രൂരതയ്‌ക്കെതിരെ മാധ്യമങ്ങൾ കേരളത്തിന്റെ മനസ്സാക്ഷിയെ ഉണർത്തിയപ്പോൾ അത് 45 ദിവസത്തോളം നീണ്ട ഒരു പ്രത്യക്ഷ സമരമായി മാറിയതും 2008 മാർച്ച് 19ന് മൂലന്പിള്ളി പാക്കേജ് എന്ന പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നവർക്കായി പുനരധിവാസ പാക്കേജ് രൂപപ്പെടുത്താൻ സർക്കാർ നിർബന്ധിതമായതുമൊക്കെ നമ്മൾ കണ്ടതാണ്. ഗവർണർക്കുവേണ്ടി അന്നത്തെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി ഹരൻ വിജ്ഞാപനം ചെയ്ത ഈ പാക്കേജ് പ്രകാരം കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളിൽപ്പെടുന്ന ഒരാൾക്ക് വല്ലാർപാടം പദ്ധതിയിൽ തൊഴിൽ, പുനരധിവാസത്തിനായി അടിസ്ഥാന സൗകര്യങ്ങളോടു കൂടി രണ്ടുനില കെട്ടിടം പണിയാവുന്ന എ ക്ലാസ് നാല് സെന്റ് മുതൽ ആറ് സെന്റ് വരെയുള്ള ഭൂമി, പുനരധിവാസ പ്ലോട്ടുകൾ കുടിയിറക്കപ്പെട്ടവർക്ക് വാസയോഗ്യമാകുന്നതുവരെ വാടകയിനത്തിൽ പ്രതിമാസം 5000 രൂപ, വീട്ടു സാമഗ്രികൾ മാറ്റുന്നതിനുള്ള ഷിഫ്റ്റിങ് അലവൻസായി 10,000 രൂപ, നഷ്ടപരിഹാരത്തുകയിൽ നിന്നും ആദായ നികുതി വകുപ്പ് നികുതി ഈടാക്കുന്നത് ഒഴിവാക്കും എന്നൊക്കെയായിരുന്നു പ്രധാനമായും പറഞ്ഞിരുന്നത്. മൂലന്പിള്ളി സമരം സാധാരണക്കാരെ അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ വിജയമായും ഭാവിയിൽ വരാനിരിക്കുന്ന വികസനപദ്ധതികൾക്കെല്ലാം തന്നെ ഇത്തരത്തിലുള്ള പുനരധിവാസ പാക്കേജുകൾ നൽകേണ്ടതായിട്ടുണ്ടെന്ന തിരിച്ചറിവുമായി വാഴ്ത്തപ്പെട്ടു. എല്ലാം ശരിയായി എന്ന കാഴ്ചപ്പാടിൽ മൂലന്പിള്ളിയിൽ നിന്നും മാധ്യമങ്ങൾ പിന്മാറി. കണ്ടെയ്‌നർ റോഡുകളുടെ വിശാലതകളിലൂടെ കായൽ സൗന്ദര്യത്തിന്റെ മാഹാത്മ്യവും മനോഹാരിതയും വർണിച്ച് വാഹനങ്ങളിലിരുന്നവർ സസന്തോഷം കുതിച്ചുപാഞ്ഞു. ശരിയാംവണ്ണം ഉപയോഗിക്കപ്പെടാതെ കിടക്കുന്ന റെയിലുകളിലെ വിനോദസഞ്ചാര സാധ്യതകളെപ്പറ്റി മാധ്യമങ്ങൾ വാചാലരാകാൻ തുടങ്ങി. 

മൂലന്പിള്ളി പാക്കേജ് പ്രഖ്യാപിച്ചശേഷം കേരളത്തിൽ മൂന്ന് മുഖ്യമന്ത്രിമാരും നാല് റവന്യൂ മന്ത്രിമാരും എറണാകുളത്ത് അഞ്ച് ജില്ലാ കളക്ടർമാരും മാറി വന്നു. എന്നിട്ടും ഈ കുടിയിറക്കപ്പെട്ട സാധാരണക്കാരുടെ വ്യഥകൾക്ക് പരിഹാരമായില്ല. അവിടെ യഥാർത്ഥത്തിൽ നടന്നത് എന്തൊക്കെയാണെന്ന് അറിയാൻ ഇനി ബാക്കി വായിക്കുക. കാലങ്ങൾ നീണ്ട കാത്തിരിപ്പിനും തുടർച്ചയായ സമരത്തിനും ശേഷം വികസനത്തിന്റെ ബലിയാടുകളായവർക്ക് സർക്കാർ വീടുവയ്ക്കാൻ അനുവദിച്ചു നൽകിയത് ചതുപ്പുനിലങ്ങൾ. അനുവദിക്കപ്പെട്ട ഏഴ് പ്ലോട്ടുകളിൽ ആറെണ്ണവും വീടു നിർമ്മിക്കാൻ യോഗ്യമായിരുന്ന ഇടങ്ങളായിരുന്നില്ല. വീണ്ടും സമരത്തിലേയ്ക്ക് അത് കുടിയിറക്കപ്പെട്ടവരെ കൊണ്ടെത്തിച്ചു. അങ്ങനെ പ്രതിഷേധങ്ങളെ തുടർന്ന് ഈ ചതുപ്പുകളിൽ വീടു നിർമ്മാണത്തിനുള്ള പൈലിങ്ങിന്റെ ആവശ്യത്തിനായി 75,000 രൂപ കൂടി അനുവദിക്കാൻ സർക്കാർ നിർബന്ധിതമായി. ആ പൈലിങ്ങുകൊണ്ട് വീട് ചതുപ്പിൽ നിലനിൽക്കില്ലെന്ന് അന്നേ പലർക്കും ആശങ്കകളുമുണ്ടായിരുന്നു. സംശയം അസ്ഥാനത്തായിരുന്നില്ല നിർമ്മിക്കപ്പെട്ട ആറു വിടുകൾക്ക് ഇതിനകം ചതുപ്പിലെ പൈലിങ്ങിന്റെ അശാസ്ത്രിയ മൂലം കേടുപാടുകൾ സംഭവിക്കുകയോ വീടുകൾ ചെരിയുകയോ ചെയ്തു. ഏതു സമയവും വീടുകൾ നിലംപൊത്താവുന്ന ഭീതിദമായ അവസ്ഥ! വികസനത്തിന്റെ വണ്ടി പോകാൻ തങ്ങളുടെ കിടപ്പാടം നൽകിയവർക്ക് പകരം ചതുപ്പുനിലം നൽകുന്നതിലെ ന്യായമെന്താണ്? എച്ച് എം ടിക്കായി ഏറ്റെടുത്ത ഏക്കറു കണക്കിനു ഭൂമി കളമശ്ശേരിയിൽ ചില മാഫിയകൾക്ക് വീതം വച്ചുകൊടുക്കാൻ നോക്കുന്ന സർക്കാരിന് എന്തുകൊണ്ട് മെച്ചപ്പെട്ട ഭൂമി അവർക്ക് നൽകാമായിരുന്നില്ല? 

കുടിയൊഴിപ്പിക്കപ്പെട്ട മൊത്തം 316 കുടുംബങ്ങളിൽ കേവലം 38 കുടുംബങ്ങൾക്കു മാത്രമേ ഇപ്പോഴും അനുവദിക്കപ്പെട്ട ആറ് സ്ഥലങ്ങളിൽ തങ്ങൾക്ക് അനുവദിക്കപ്പെട്ട ഭൂമികളിൽ വീട് വയ്ക്കാനായിട്ടുള്ളു. ബാക്കിയുള്ളവർ ഇപ്പോഴും തകരഷെഡ്ഡുകളിലോ വാടകയ്‌ക്കോ ലീസിനോ എടുത്ത വീടുകളിലാണ് കഴിയുന്നത്. എന്നാൽ പ്ലോട്ടുകൾ വാസയോഗ്യമാകുന്നതുവരെ കുടുംബങ്ങൾക്ക് സർക്കാർ നൽകുമെന്ന് പ്രഖ്യാപിച്ച വാടക കഴിഞ്ഞ രണ്ടു വർഷക്കാലത്തിലധികമായി നൽകുന്നുമില്ല. വികസനപദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കുടുംബത്തിലെ ഒരാൾക്കു വീതം വല്ലാർപാടം പദ്ധതി പ്രദേശത്ത് തൊഴിൽ നൽകിയിട്ടുമില്ല. ഇതിനെല്ലാം പുറമേ ഈ പ്ലോട്ടുകൾ ആർക്കെങ്കിലും വിറ്റ് എവിടെയെങ്കിലും ദൂരെപ്പോയി താമസയിടം കണ്ടെത്താമെന്നു വിചാരിച്ചാൽ അതും സാധ്യമല്ല. പുനരധിവാസ പ്ലോട്ടിന്റെ പട്ടയഭൂമി 25 വർഷത്തേയ്ക്ക് മറ്റാർക്കും കൈമാറ്റം ചെയ്യാൻ പാടില്ലെന്ന് ഒരു വ്യവസ്ഥ വേറെയുമുണ്ട്. ഈ വ്യവസ്ഥ ഉള്ളതുകൊണ്ടു തന്നെ ഭൂമി ഈടായി നൽകി ബാങ്കിൽ നിന്ന് വായ്പയെടുക്കാനും അവർക്ക് സാധ്യമല്ല. ഈ പരാതികളൊക്കെ കേൾക്കാൻ ബാധ്യസ്ഥരായവരായിരുന്നു പുനരധിവാസ പാക്കേജിന്റെ പുരോഗതി ദിവസേനെ നിരീക്ഷിച്ച് റിപ്പോർട്ട് നൽകാൻ നിയോഗിക്കപ്പെട്ട ജില്ലാകളക്ടർ അധ്യക്ഷനായ മോണിട്ടറിങ് കമ്മിറ്റി. ഈ കമ്മിറ്റി നിഷ്‌ക്രിയമാകുക കൂടി ചെയ്തതോടെ പുനരധിവാസ പ്രക്രിയ അപ്പാടെ സ്തംഭിക്കുകയും ചെയ്തു.

ഇതാണ് വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട സാധാരണക്കാരന്റെ കേരളത്തിലെ ഇന്നത്തെ അവസ്ഥ. ഈ അവസ്ഥ മുന്നിൽ നിൽക്കുന്പോഴാണ് 45 മീറ്റർ വീതിയിൽ ദേശീയപാത വികസിപ്പിക്കുമെന്നും അതിനുള്ള എതിർപ്പുകളൊന്നും വകവയ്ക്കില്ലെന്നും എതിർപ്പുകൾ ഉന്നയിക്കുന്നവർക്ക് നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്നുമൊക്കെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്നത്. തലസ്ഥാനത്ത് സ്വന്തം മൂക്കിനു കീഴിൽ തനിക്കും പാർട്ടിക്കും വേണ്ടപ്പെട്ടവരായ കോലിയക്കോട് മാഫിയാ സംഘം ലോ അക്കാദമിയ്ക്കായി നൽകിയ ഭൂമി ഹോട്ടലും ഫ്‌ളാറ്റും ഗസ്റ്റ് ഹൗസുമൊക്കെ നിർമ്മിച്ച് അനധികൃതമായി കൈവശപ്പെടുത്തിയതിനെപ്പറ്റി അന്വേഷണം പോലും നടത്തില്ലെന്നും ഭൂമി തിരിച്ചെടുക്കില്ലെന്നുമൊക്കെ പ്രസ്താവിച്ച അതേ വിജയൻ തന്നെയാണ് 22 ലക്ഷത്തോളം പേരെ കുടിയിറക്കിക്കൊണ്ട് നിരത്തിന് വീതി കൂട്ടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതെന്നതാണ് അതിന്റെ വിരോധാഭാസം. കുടിയിറക്കപ്പെടുന്നവന് ന്യായമായി ലഭിക്കേണ്ട കാര്യമാണ് പകരം ഭൂമിയെന്നു പോലും കമ്യൂണിസത്തിന്റേയും സോഷ്യലിസത്തിന്റേയുമൊക്കെ പ്രയോക്താവാണെന്നു പറഞ്ഞു നടക്കുന്ന വിജയന് അറിയില്ലെന്നതാണ് ദുരന്തം. എന്ത് സോഷ്യലിസമാണ്, എന്ത് കമ്യൂണിസമാണ് പിണറായി വിജയൻ പഠിച്ചിട്ടുള്ളത്? കൊലവിളികളുടേയും കൊടിസുനികളുടേയും ചരിത്രമല്ല, സാധാരണക്കാരന്റെ ജീവിതവ്യഥകളാണ് യഥാർത്ഥത്തിൽ മാനവികതയിൽ വിശ്വസിക്കുന്ന ഒരു കമ്യൂണിസ്റ്റുകാരനെ നയിക്കേണ്ടത്. 

മൂലന്പിള്ളിയിൽ നിന്നും കുടിയിറക്കപ്പെട്ടവരുടെ ദുരന്തം മുന്നിൽക്കാണുന്ന ഏതെങ്കിലുമൊരു വ്യക്തി ഇനി വികസനത്തിനായി സർക്കാർ പുനരധിവാസ പാക്കേജ് നൽകുമെന്ന വാഗ്ദാനം നൽകിയാൽപോലും തന്റെ ഒരു തുണ്ട് ഭൂമി നൽകാൻ തയ്യാറാകുമോ? സ്ഥലമേറ്റെടുക്കലിന്റെ സംഘർഷങ്ങൾ മൂലം അസുഖങ്ങളിലേയ്ക്ക് വീണവരും ആത്മഹത്യയിൽ അഭയം പ്രാപിച്ചവരുമൊക്കെയുണ്ട്. “കുടിയിറക്കപ്പെട്ടവരിൽ ഇതിനകം 23 പേർ മരണത്തിന് അടിപ്പെട്ടു കഴിഞ്ഞു’’വെന്നാണ് മൂലന്പിള്ളി സമരത്തിന്റെ ആദ്യനാളുകൾ മുതൽ ഇന്നോളം അവർക്കൊപ്പം നിലകൊള്ളുന്ന കോഓഡിനേഷൻ കമ്മിറ്റിയുടെ ജനറൽ കൺവീനറായ ഫ്രാൻസിസ് കളത്തുങ്കൽ പറയുന്നത്. വീട് നിർമ്മിച്ചതിനുശേഷം വീട് ചെരിഞ്ഞ തുതിയൂരിലെ പുനരധിവാസ സൈറ്റിൽ ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള നിയോഗിച്ച വിദഗ്ദ്ധ സംഘം മണ്ണുപരിശോധനയ്ക്ക് ഇപ്പോൾ ഉത്തരവിട്ടിട്ടുണ്ട്. ഇവിടെ വീട് നിർമ്മിക്കുന്പോൾ പാലിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ് നിർണ്ണയിക്കാൻ കൂടിയാണത്രേ ഈ മണ്ണുപരിശോധന. 

പുനരധിവാസ പാക്കേജിന്റെ പേരിൽ വാസയോഗ്യമല്ലാത്ത ഭൂമി നൽകി സാധാരണക്കാരായ ജനതയുടെ പുനരധിവാസക്കാര്യത്തിൽപ്പോലും വഞ്ചനാപരമായ നിലപാടുകൾ സ്വീകരിച്ച ചതിയന്മാരായ ഭരണാധിപന്മാരുടേയും ഉദ്യോഗസ്ഥരുടേയും തലച്ചോറുകളിലെ കുബുദ്ധിയുടെ പരിശോധനയും വാസ്തവത്തിൽ നടത്തപ്പെടേണ്ടതുണ്ട്. സന്പന്ന വർഗ്ഗത്തിനായും സ്വാധീനശേഷിയുള്ളവർക്കുമായി വികസനപദ്ധതികളുടെ ഭൂരേഖകളും അലൈൻമെന്റുകളും വരെ മാറ്റിവരയ്ക്കുന്ന സർക്കാരുകൾക്ക് അത് ഇടതോ വലതോ ആകട്ടെ സാധാരണക്കാരനെ ചേരികളിലേയ്ക്ക് തള്ളുന്നതിനോ അവരെ പട്ടിണിക്കിടുന്നതിലോ യാതൊരു ദയാവായ്പുകളുമുണ്ടാവില്ലല്ലോ. മൂലന്പിള്ളിയുടെ തുടരുന്ന വേദന കേരളത്തിന്റെ മനസ്സാക്ഷി ഏറ്റെടുത്ത് വികസനഭ്രാന്തന്മാരെ ഒരു വിചാരണയ്ക്ക് വിധേയമാക്കേണ്ട കാലം ആഗതമായിരിക്കുന്നു!

You might also like

Most Viewed