ഇടതു­പക്ഷത്തി­ന്റെ­ ഇരട്ടത്താ­പ്പ്


ജെ. ബിന്ദുരാജ്

 

പ്രതിപക്ഷത്തായിരുന്നപ്പോൾ മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം ജനങ്ങൾക്ക് ലഭ്യമാക്കണമെന്നായിരുന്നു സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്. ഉമ്മൻ ചാണ്ടി ഭരണകാലത്ത് അഴിമതി ലക്ഷ്യമിട്ട് നടത്തിയ പല മന്ത്രിസഭാ തീരുമാനങ്ങളുടേയും വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ അത് നൽകാതിരിക്കാൻ അവർ പഠിച്ച പണി പതിനെട്ടും നോക്കിയപ്പോൾ വിഎസ് അച്യുതാനന്ദനടക്കമുള്ള സി പിഎം

നേതാക്കൾ അതിശക്തമായാണ് അതിനെതിരെ രംഗത്തുവന്നത്. ജനം ഭരണക്കാരെ ആട്ടിപ്പുറത്താക്കുമെന്ന ഭയം കൊണ്ടാണ് ഉമ്മൻ ചാണ്ടി സർക്കാർ വിവരാവകാശ നിയമം അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ചാണ്ടി പോയി പിണറായി വന്നു. ചാണ്ടി ഭരണത്തിന്റെ അവസാനകാലത്തിറക്കിയ ഉത്തരവുകൾ പരിശോധിക്കാൻ മന്ത്രി എകെ ബാലന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക കമ്മിറ്റി തന്നെയുണ്ടാക്കി അധികാരത്തിലെത്തിയയുടനെ പിണറായി മന്ത്രിസഭ. ഇനി മേലിൽ മന്ത്രിസഭയെടുക്കുന്ന എല്ലാ തീരുമാനങ്ങളും അതോടെ പൊതുസമക്ഷം വിവരാവകാശ നിയമപ്രകാരം എത്തുമെന്നും തീർത്തും സുതാര്യമായിരിക്കും ഇടതു മന്ത്രിസഭയുടെ പ്രവർത്തനമെന്നും ജനം അതോടെ ധരിക്കുകയും ചെയ്തു. എല്ലാം ശരിയായിത്തുടങ്ങി എന്ന് ജനം വിശ്വസിച്ചു തുടങ്ങിയ നാളുകൾ. 

പക്ഷേ ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. വിവരാവകാശ പ്രവർത്തകൻ അഡ്വക്കേറ്റ് ഡിബി ബിനു മന്ത്രിസഭാ തീരുമാനങ്ങളുടെ വിവരങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടതോടെയായിരുന്നു അത്. കാബിനറ്റ് തീരുമാനങ്ങൾ നൽകാൻ വകുപ്പില്ലെന്ന് ചാണ്ടി സർക്കാരിനെപ്പോലെ തന്നെ പിണറായി സർക്കാരും പ്രതികരിച്ചതോടെയാണ് തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്നും വലതുഭരണത്തിന്റെ തുടർച്ച തന്നെയാണ് ഇപ്പോഴത്തെ ഇടതു ഭരണമെന്നും ജനത്തിന് ബോധ്യപ്പെട്ടത്. മന്ത്രിസഭാ തീരുമാനങ്ങൾ അത് നടപ്പിൽ വരുത്തുന്നതിനുമുന്പ് ജനങ്ങളെ അറിയിച്ചാൽ അത് നടത്തിപ്പിനെ ദോഷകരമായി ബാധിക്കുമെന്ന വിചിത്രമായ വാദം ഉന്നയിച്ചുകൊണ്ട് അധികം വൈകാതെ മുഖ്യമന്ത്രി പിണറായി വിജയനുമെത്തി. മന്ത്രിസഭ എടുക്കുന്ന ശരിയായ തീരുമാനങ്ങളെ ഒരാളും വിമർശിക്കുകയില്ലെന്നും തടസ്സപ്പെടുത്തുകയുമില്ലെന്നിരിക്കേ, ആരെയാണ് മുഖ്യമന്ത്രി ഭയപ്പെടുന്നത്? ജനങ്ങൾ ജനായത്ത വ്യവസ്ഥയിലൂടെ അധികാരത്തിലേറ്റിയ ഒരു സർക്കാർ എങ്ങനെയാണ് തങ്ങളെടുക്കുന്ന തീരുമാനങ്ങൾ ജനങ്ങളിൽ നിന്നും മറച്ചുെവയ്ക്കുമെന്ന തീരുമാനം കൈക്കൊള്ളുന്നത്? വിവരാവകാശ നിയമത്തെ അട്ടിമറിച്ച്, ജനങ്ങളിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്ന സർക്കാർ എന്താണ് ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കാൻ ആഗ്രഹിക്കുന്നത്? സംശയിക്കേണ്ട, ബന്ധുജന നിയമനവും അനർഹമായ ഭൂമിദാനവും പോലുള്ള തരികിട പ്രവൃത്തികൾ ജനങ്ങളിലേയ്ക്ക് എത്തപ്പെടാതിരിക്കാൻ തന്നെയാണ് പിണറായി വിജയൻ മന്ത്രിസഭാ തീരുമാനങ്ങൾക്കു മുന്നിൽ ഇരുന്പുമറ തീർക്കുന്നത്. 

വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുന്ന കാലയളവിൽ ഭരണത്തിന്റെ അവസാന നാളുകളിലാണ് അസാധാരണ ഗസറ്റിലൂടെ ആറന്മുളയെ വ്യവസായ മേഖലയായി നോട്ടിഫൈ ചെയ്തതും അതുവഴി ഏക്കറു കണക്കിന് നെൽ വയൽ നികത്തി അനധികൃതമായി കെജിഎസ് ഗ്രൂപ്പിന് വിമാനത്താവളം ആറന്മുളയിൽ കെട്ടിപ്പൊക്കാൻ അനുമതി നൽകപ്പെട്ടതെന്നും നമുക്കറിയാം. മന്ത്രിസഭ അന്നെടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് വിഎസ് തന്നെ തുറന്നു സമ്മതിക്കുകയും ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള സമരമുഖത്തിൽ അദ്ദേഹം സജീവമാകുകയും ചെയ്തിട്ടുണ്ട്. പക്ഷേ അപ്പോഴേയ്ക്കും ഏക്കറു കണക്കിന് കൃഷി ഭൂമി മണ്ണിട്ട് നികത്തപ്പെടുകയും കുന്നുകൾ ഇടിച്ചുനിരത്തപ്പെടുകയും ജലസ്രോതസ്സുകളുടെ ഒഴുക്ക് തടസ്സപ്പെടുത്തുകയുമൊക്കെ ചെയ്തു കഴിഞ്ഞിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നെൽ വയൽ നീർത്തട സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നുവെങ്കിലും അതേപ്പറ്റിയുള്ള രേഖകൾ യാദൃച്ഛികമായി പരിസ്ഥിതി പ്രവർത്തകരുടെ കൈവശമെത്തിയതോടെയാണ് പാരിസ്ഥിതികാഘാതം ഉണ്ടാക്കാവുന്ന വലിയൊരു ദുരന്തത്തിൽ നിന്നും ആ നയം തിരുത്തിച്ചുകൊണ്ട് നമുക്ക് മുന്നേറാനായത്. പലരുടേയും താൽപര്യങ്ങൾ സംരക്ഷിക്കാനായി മന്ത്രിസഭകൾ അനധികൃതമായി പല തീരുമാനങ്ങളുമെടുക്കാറുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. ജനങ്ങളുടെ വോട്ടു നേടി അധികാരത്തിലേറിക്കഴിഞ്ഞാൽ പിന്നീടുള്ള അഞ്ചു വർഷക്കാലം ജനങ്ങളോട് ചോദിക്കാതെ നാടിന്റെ സന്പത്തുക്കൾ കൊള്ളയടിക്കാനും സ്വജനപക്ഷപാതം കാണിക്കാനുമുള്ള അവകാശം തങ്ങൾക്ക് ലഭിച്ചിരിക്കുന്നുവെന്ന മട്ടിലാണ് ഭരണാധികാരികൾ പെരുമാറുന്നതെന്ന് ഇതിൽ നിന്നൊക്കെ തന്നെ വ്യക്തം. ജനന്മയ്ക്കായി പെരുമാറുന്നതിനല്ല മറിച്ച് ജനദ്രോഹപരമായ നടപടികൾ സ്വീകരിക്കുന്നതിനാണ് തങ്ങൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന് അവരിൽ പലരും ധരിച്ചുവശായിരിക്കുന്നുവെന്നു തോന്നുന്നു. 

അതീവരഹസ്യ സ്വഭാവമുള്ള മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടണമെന്ന് ആരും വാദിക്കുന്നില്ല. ഉദാഹരണത്തിന് രാജ്യസുരക്ഷയെ ബാധിക്കുന്നതോ റെയ്ഡുകൾ നടത്തുന്നതോ കുറ്റകൃത്യങ്ങൾക്കിടയാക്കുന്നതോ പൊലീസ് അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതോ ആയ വിവരങ്ങൾ കൈമാറേണ്ടതില്ലെന്ന് വിവരാവകാശ നിയമം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങളും വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളതാണ്. ഇവിടെ പക്ഷേ അതൊന്നുമല്ല തടഞ്ഞു വയ്ക്കപ്പെട്ടിരിക്കുന്നത്. ജനപക്ഷത്ത് നിൽക്കുന്നുവെന്ന് നാഴികയ്ക്ക് നാൽപതുവട്ടം ആണയിടുന്ന ഇടതുപക്ഷ സർക്കാർ മന്ത്രിസഭയിലെടുക്കുന്ന തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ബ്രീഫിങ്ങിലൂടെയോ വെബ് സൈറ്റിലൂടെയോ വിവരാവകാശ അപേക്ഷയിലൂടെയോ ആ തീരുമാനങ്ങൾ നടപ്പാക്കപ്പെടുന്നതു വരെ പുറത്തുവിടില്ലെന്നാണ് ശഠിക്കുന്നത്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടുന്നതിന് ഇടതു സർക്കാർ മടിച്ചതിന്റെ കാരണങ്ങൾ പലതും പിന്നീട് പുറത്തുവന്നതാണല്ലോ. പിൻവാതിലിലൂടെയുള്ള ബന്ധുനിയമനം നൽകിയ വ്യവസായ മന്ത്രി ഇപി ജയരാജൻ മന്ത്രിസഭയിൽ നിന്നും പുറത്താകുന്നതും വിജിലൻസ് അന്വേഷണം നേരിടുന്ന വ്യക്തിയെ അനർട്ടിന്റെ ഡയറക്ടറായി നിയമിച്ച കടകംപള്ളി സുരേന്ദ്രനെതിരെ വിജിലൻസ് ക്വിക് വെരിഫിക്കേഷന് ഉത്തരവിട്ടതും മുഖ്യമന്ത്രിയുടെ നിയമോപദേശകനായി ആരുമറിയാതെ നുഴഞ്ഞുകയറിയ എംകെ ദാമോദരൻ നാണംകെടുന്നതുമൊക്കെ നമ്മൾ കണ്ടതാണ്. അപ്പോൾ ലക്ഷ്യം അതുതന്നെ. ഇരുചെവിയറിയാതെയുള്ള നിയമനങ്ങളും അഴിമതിക്കായുള്ള നിലമൊരുക്കലും! 

ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് 2016 ജനുവരി ഒന്നു മുതൽ 2016 ഏപ്രിൽ 12 വരെയെടുത്ത മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ച് വിവരങ്ങൾ ആവശ്യപ്പെട്ട വിവരാവകാശ പ്രവർത്തകൻ ഡിബി ബിനുവിന്റെ അപേക്ഷ സർക്കാർ നിരസിച്ചതിനെ തുടർന്ന് വലിയ വാചകമേള നടത്തിയവരാണ് ഇതൊക്കെ ചെയ്യുന്നതെന്നതാണ് വിരോധാഭാസം. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് യുഡിഎഫ് സർക്കാർ എടുത്ത പല തീരുമാനങ്ങളിലും അഴിമതിയുടെ ഗന്ധം പരന്നിരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു അന്ന് ആ വിവരാവകാശ അപേക്ഷ സമർപ്പിക്കപ്പെട്ടത്. എന്നാൽ വിവരാവകാശ നിയമത്തിന്റെ 81 (1) (i) വകുപ്പനുസരിച്ച് വിവരം നൽകാനാവില്ലെന്നായിരുന്നു മറുപടി. വിവരാവകാശ കമ്മീഷനിൽ ബിനു ഇത് ചോദ്യം ചെയ്തു. ഇതു സംബന്ധിച്ച് വിവരാവകാശ കമ്മീഷണറായ വിൻസൺ എം പോളിന്റെ ഉത്തരവ് വന്നപ്പോഴേയ്ക്കും യുഡിഎഫ് സർക്കാർ മാറി എൽഡി എഫ് സർക്കാർ അധികാരത്തിലേറിയിരുന്നു. തുടർന്ന് മന്ത്രിസഭാ തീരുമാനങ്ങളുടെ വിവരം കൊടുക്കണമോ എന്നു പരിശോധിക്കാൻ സർക്കാർ ഒരു മന്ത്രിസഭാ ഉപസിമിതി രൂപീകരിച്ചു. മന്ത്രിസഭ തീരുമാനമെടുത്ത് പത്തു ദിവസത്തിനുള്ളിൽ വിവരം വെബ്സൈറ്റിലടക്കം പ്രസിദ്ധീകരിക്കണമെന്ന വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് വ്യക്തതയില്ലാത്തതാണെന്നായിരുന്നു സർക്കാരിന്റെ വാദം. ഈ വിധിയിൽ വ്യക്തതയില്ലാത്തതിനാൽ കൂടുതൽ വ്യക്തതയ്ക്കു വേണ്ടി തങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയാണെന്നാണ് സർക്കാർ വ്യക്തമാക്കിയത്.

ഇനിയാണ് കള്ളക്കളികളുടെ തുടക്കം. സാധാരണഗതിയിൽ ഒരു വിധിയെപ്പറ്റി സംശയങ്ങളുണ്ടെങ്കിൽ സംസ്ഥാനത്തെ നിയമ വകുപ്പിനോടോ അഡ്വക്കേറ്റ് ജനറലിനോടോ അതു സംബന്ധിച്ച് കൂടുതൽ വ്യക്തതയ്ക്കായോ നിയമോപദേശത്തിനായോ ആവശ്യപ്പെടുകയാണ് സർക്കാർ ചെയ്യാറുള്ളത്. എന്നാൽ എല്ലാം സുതാര്യമാണെന്ന് കൊട്ടിഘോഷിച്ച് അധികാരത്തിൽ വന്ന ഇടതുസർക്കാർ ഹൈക്കോടതിയിൽ വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ റിട്ട് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കമ്മീഷന്റെ ഉത്തരവ് റദ്ദാക്കണമെന്നും വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ രേഖകളുടെ വിവരം പൊതുജനത്തിന് നൽകാനുള്ള ബാധ്യതയില്ലെന്നുമാണ് സർക്കാർ ഹർജിയിൽ പറഞ്ഞത്. സംസ്ഥാന സർക്കാരിനെതിരെ ഈ കേസ്സിൽ വിവരാവകാശ കമ്മീഷനും ഡിബി ബിനുവും കക്ഷി ചേരുകയും ചെയ്തതോടെ സർക്കാർ പി‌ന്നെ എങ്ങനേയും മന്ത്രിസഭാ തീരുമാനം മറച്ചുവച്ചേ അടങ്ങൂ എന്ന തത്രപ്പാടിലായി. 

അത് ലക്ഷ്യമിട്ടാണ് ചീഫ് സെക്രട്ടറി രണ്ട് സർക്കുലറുകൾ ഇറക്കുന്നത്. കാബിനറ്റ് ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ തന്നെ അത് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുമെന്നും കാബിനറ്റ് തീരുമാനത്തിന്റെ ഒരു കോപ്പിയിൽ മാത്രമേ (ഇത് സ്ട്രിക്റ്റ്ലി കോൺഫിഡൻഷ്യൽ ഡിപ്പാർട്ട്മെന്റിലേക്കുള്ളതാണ്) മന്ത്രിസഭാ തീരുമാനത്തിന്റെ നന്പറും തീയതിയും രേഖപ്പെടുത്തേണ്ടതുള്ളുവെന്നുമാണ് ആ സർക്കുലറുകളിൽ പറഞ്ഞിരുന്നത്. അതായത് മന്ത്രിസഭാ
തീരുമാനത്തിന്റെ മറ്റൊരു പകർപ്പിലും തീയതിയും നന്പറും ഉണ്ടായിരിക്കില്ലെന്ന് ചുരുക്കം. ഈ സർക്കുലറുകൾ വന്നശേഷം ഡിബി ബിനു മറ്റൊരു വിവരാവകാശ അപേക്ഷ കഴിഞ്ഞ നവംബറിൽ ഇടതു സർക്കാരിന് സമർപ്പിച്ചു. മന്ത്രിസഭാ തീരുമാനമെടുത്തശേഷം 48 മണിക്കൂറിൽ സർക്കാർ വെളിപ്പെടുത്തുകയും വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്ത ഫയലുകളെപ്പറ്റിയായിരുന്നു ബിനുവിന്റെ ചോദ്യം. ആ ചോദ്യത്തിന് സർക്കാർ നൽകിയ മറുപടി തന്നെ അവരുടെ 48 മണിക്കൂർ വാദം പൊള്ളയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. 2016 നവംബർ വരെയുള്ള 36 തീരുമാനങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നായിരുന്നു മറുപടി. അതിൽ നിന്നും ഒരു കാര്യം വ്യക്തം. കോടതിയിൽ മുഖം രക്ഷിക്കാൻ വേണ്ടി മാത്രം ചീഫ് സെക്രട്ടറിയെക്കൊണ്ട് അടിയന്തരമായി ഇറക്കുകയും കോടതിയെ തെറ്റിദ്ധരിപ്പിക്കാനായി ഉപയോഗിക്കുകയും ചെയ്ത ഒന്നായിരുന്നു പിണറായി സർക്കാരിന്റെ ‘48 മണിക്കൂർ’ വിവരം നൽകൽ സർക്കുലർ! തീർന്നില്ല. രണ്ടാം സർക്കുലറിലുമുണ്ടായിരുന്നു ഒരു ഭൂലോക പാര! വിവരാവകാശ അപേക്ഷ നൽകുന്നവർ സ്ട്രിക്റ്റ്ലി കോൺഫിഡൻഷ്യൽ വകുപ്പിൽ മന്ത്രിസഭാ തീരുമാനത്തിന്റെ തീയതിയും നന്പറും നൽകിയാൽ മാത്രമേ വിവരം നൽകാനാകൂ എന്നാണ് പറയുന്നത്. ഈ വകുപ്പിന് നൽകപ്പെടുന്ന മന്ത്രിസഭാ തീരുമാനത്തിന്റെ പകർപ്പിൽ മാത്രമേ തീയതിയും നന്പറും ഉള്ളതെന്നിരിക്കേ, ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ആ തീരുമാനം ലഭിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമാവില്ലെന്നുറപ്പ്. ഇരുന്പുമറ ഉപയോഗിച്ച് മന്ത്രിസഭാ തീരുമാനങ്ങളെ മുഴുവൻ മറയ്ക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാൻ ഇതുതന്നെ ധാരാളം. മാത്രവുമല്ല, ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് ഈ വകുപ്പ് ഭരിച്ചിരുന്ന അതേ ഉദ്യോഗസ്ഥൻ തന്നെയാണ് ഇപ്പോഴും ആ വകുപ്പ് കൈകാര്യം ചെയ്യുന്നതും പരസ്പരസഹകരണമാണല്ലോ രാഷ്ട്രീയപ്രവർത്തനത്തിന്റെ ആണിക്കല്ലു തന്നെ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനകാലത്തെ തീരുമാനങ്ങളെപ്പറ്റി പഠിക്കാൻ നിയുക്തനായ എ കെ ബാലന്റെ നേതൃത്വത്തിലുള്ള സമിതിയാകട്ടെ ഒന്പതുമാസക്കാലമായിട്ടും ഒരു റിപ്പോർട്ടും തയ്യാറാക്കിയിട്ടില്ലെന്നു മാത്രമല്ല,പറഞ്ഞതൊക്കെ വിഴുങ്ങിയ മട്ടുമാണ്. ജനത്തിന്റെ നികുതിപ്പണം കട്ടുമുടിക്കുന്നവർക്ക് എല്ലാവരും കവചം തീർക്കുമെന്നു തന്നെയാണ് അതിനർത്ഥം!

മന്ത്രിസഭ ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ പൊതുജനങ്ങൾക്ക് അത് നൽകാമെന്നാണ് കേന്ദ്ര വിവരാവകാശ നിയമം വ്യക്തമാക്കിയിട്ടുള്ളത്. തീരുമാനം എന്താണെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന് നിയമം പറയുന്നു. നികുതിദായകരായ ജനത്തിന് തങ്ങൾ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയവർ എന്തു തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് അറിയാനുള്ള അവകാശം ഉണ്ടെന്നത് ആർക്കും നിഷേധിക്കാനാവില്ല. ഉദാഹരണത്തിന് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെടുത്ത ഒരു മന്ത്രിസഭാ തീരുമാനമാണ് ശബരി റെയിൽപ്പാത അനിശ്ചിതത്വത്തിലാകാൻ കാരണമെന്ന് ജനത്തിന് മനസ്സിലായത് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി അതിന് മറുപടി ലഭിച്ചപ്പോൾ മാത്രമായിരുന്നു. ശബരിപ്പാത തന്റെ മണ്ധലത്തിലെ ചില പ്രദേശങ്ങളിലൂടെ വേണമെന്ന് നിർബന്ധമുണ്ടായിരുന്ന അന്നത്തെ ധനമന്ത്രി കെഎം മാണി അത് സാധിക്കാതെ വന്നപ്പോൾ ആ പാതയ്ക്ക് പണം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പദ്ധതി മുടങ്ങിയത്. പദ്ധതിയുടെ ഒരു ഭാഗം തുക സംസ്ഥാന സർക്കാരും മറുഭാഗം കേന്ദ്രവും വഹിക്കുമെന്നായിരുന്നു കരാർ. വിവരാവകാശ നിയമപ്രകാരം ഈ മന്ത്രിസഭാ തീരുമാനം പുറത്തുവന്നതിനെ തുടർന്ന് അത് വിവാദമായതിനെ തുടർന്നാണ് ശബരിപ്പാതയ്ക്ക് പണം അനുവദിക്കാൻ സർക്കാർ നിർബന്ധിതമായത്. 

മന്ത്രിസഭയെടുത്ത ഒരു തീരുമാനത്തിന്റെ ഫയൽ പിന്നീട് അത് നടപ്പാക്കാൻ ബാധ്യതപ്പെട്ട വകുപ്പിന് അയച്ചുകൊടുക്കുകയാണ് പതിവ്. എന്നാൽ ആരെങ്കിലും വിവരാവകാശ നിയമപ്രകാരം ഒരു പ്രസ്തുത ഫയലിലെ വിവരം ആവശ്യപ്പെട്ടാൽ ആ ഫയൽ ഇപ്പോൾ എവിടെയുണ്ടെന്നു പോലും വ്യക്തമാക്കാതെ ഫയൽ തങ്ങളുടെ കൈവശമില്ലാത്തതിനാൽ മറുപടി നൽകാനാവില്ലെന്ന വാദമാണ് സർക്കാർ പറയുന്നത്. പ്രസ്തുത ഫയൽ ഏത് വകുപ്പിലാണ് ഇപ്പോഴുള്ളതെന്ന് വെളിപ്പെടുത്താനുള്ള ഉത്തരവാദിത്തം ഫയൽ കൈവശമുണ്ടായിരുന്ന വകുപ്പിനുണ്ടെന്ന കാര്യം സർക്കാർ ബോധപൂർവ്വം മറച്ചുവെയ്ക്കുന്നു. എത്ര ജുഗുപ്‌സാവഹമായ നീക്കമാണ് ജനപക്ഷവും ഹൃദയപക്ഷവുമൊക്കെ പറഞ്ഞ് അധികാരത്തിലേറിയവർ നടത്തുന്നതെന്ന് ചിന്തിക്കുക. 

വിജിലൻസ് അന്വേഷണം നേരിടുന്ന മന്ത്രിമാരുടേയും എംഎൽഎമാരുടേയുമൊക്കെ വിവരം ജനങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം നൽകുന്നതിനുള്ള മടി കൊണ്ട് ആ ഫയലുകളെല്ലാം തന്നെ വിജിലൻസിന്റെ ടോപ് സീക്രട്ട് ബ്രാഞ്ചിലേക്ക് മാറ്റി ജനപ്രതിനിധികളുടെ കള്ളത്തരം മറച്ചുവെയ്ക്കാൻ ശ്രമിച്ചയാളാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മന്ത്രിമാർ, എംഎൽഎമാർ, എം പിമാർ, ഐഎഎസ് ഉദ്യോഗസ്ഥർ എന്നിവരെപ്പറ്റിയുള്ള വിജിലൻസ് കേസ് വിവരങ്ങളൊന്നും അതുപ്രകാരം നൽകേണ്ടതില്ലെന്നായിരുന്നു ചാണ്ടിയുടെ തീരുമാനം. അന്ന് ശങ്കർ റെഡ്ഢിയായിരുന്നു വിജിലൻസ് ഡയറക്ടർ. ഇന്ന് ശങ്കർ റെഡ്ഢിക്കു പകരം തൽസ്ഥാനത്ത് ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥൻ എത്തിയെങ്കിലും ഉമ്മൻ ചാണ്ടിയുടെ പഴയ വിവാദ ഉത്തരവ് ഇനിയും സർക്കാർ പിൻവലിച്ചിട്ടില്ല. സർക്കാർ ഉത്തരവ് വന്നില്ലെങ്കിലും ജേക്കബ് തോമസ് വിജിലൻസിലെ ടോപ് സീക്രട്ട് (ടി ബ്രാഞ്ച്) ബ്രാഞ്ചിന്റെ ബോർഡ് നീക്കം ചെയ്തിട്ടുണ്ടെന്നതാണ് ഏക ആശ്വാസം! ബോർഡ് നീക്കം ചെയ്തതിലൂടെ ആ ബ്രാഞ്ച് ഇല്ലാതായോ എന്നു നമുക്കറിയില്ല താനും!

ചില കന്പനികൾക്കും വ്യക്തികൾക്കും മതസ്ഥാപനങ്ങൾക്കും മറ്റ് സംഘടനകൾക്കുമൊക്കെ നൽകുന്ന അനധികൃതമായ സൗജന്യങ്ങൾ പുറത്തുവരുമെന്ന ഭയം എല്ലാ സർക്കാരുകൾക്കുമുള്ളതാണ്. ലോ അക്കാദമിക്ക് അറുപതുകളിൽ കൃഷി വകുപ്പ് ഭൂമി പാട്ടത്തിനു നൽകിയതിനെ അന്നത്തെ റവന്യു മന്ത്രി കെആർ ഗൗരിയമ്മ ചോദ്യം ചെയ്തപ്പോൾ കൃഷി മന്ത്രിയായിരുന്ന എംഎൻ ഗോവിന്ദൻ നായർ ക്ഷമ പറഞ്ഞതും ചരിത്രം. പക്ഷേ വർഷങ്ങൾക്കിപ്പുറം തെറ്റായ ഒരു മന്ത്രിസഭാ തീരുമാനം എങ്ങനെ ഭാവിയിൽ വലിയ കുഴപ്പങ്ങളിലേയ്ക്ക് സർക്കാരിനെ കൊണ്ടു ചെന്നെത്തിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ലോ അക്കാദമി സംബന്ധിച്ച വിവാദങ്ങൾ നൽകുന്നത്. എന്തുകൊണ്ടാണ് മന്ത്രിസഭ ഏതെങ്കിലുമൊരു വിഷയത്തിൽ ഒരു തീരുമാനം എടുക്കുന്നതെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. തീരുമാനം നടപ്പാക്കുന്നതിനു മുന്പു തന്നെ അത് പൊതുജനശ്രദ്ധയിലേക്ക് വന്നാൽ മാത്രമേ അതിലടങ്ങിയിട്ടുള്ള സ്വജനപക്ഷപാതവും അഴിമതിയും ജനത്തിന് കണ്ടെത്താനാകുകയുള്ളു. മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളിൽ 48 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് കേരള സെക്രട്ടറിയേറ്റ് മാനുവലിൽ പറഞ്ഞിരിക്കുന്നതിനാൽ 48 മണിക്കൂറിനുള്ളിൽ തന്നെ അതിലെ വിവരങ്ങൾ ജനത്തിനെ അറിയിക്കാനുള്ള ബാധ്യതയും സർക്കാരിനുണ്ട്. സർക്കാരാകട്ടെ, കടുംവെട്ട് മന്ത്രിസഭാ തീരുമാനങ്ങളുടെ വിവരങ്ങൾ ഭാഗികമായോ അപൂർണമായോ മാത്രമേ ഇന്ന് പുറത്തുവിടുന്നുള്ളു താനും. പിണറായി വിജയൻ അധികാരത്തിലേറിയശേഷം മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ജനങ്ങൾ അറിയേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് ബ്രീഫിങ് നിർത്തലാക്കിയതിലൂടെ തന്നെ വ്യക്തവുമാണ്. 

അഴിമതിയുടെ പരകോടിയിൽ നിൽക്കുന്ന ഉത്തരപ്രദേശ് സർക്കാർ പോലും തങ്ങളുടെ മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങൾ വെബ്സൈറ്റിലൂടെ പുറത്തുവിടുന്നുണ്ടെന്നിരിക്കേയാണ് കേരള സർക്കാർ അക്കാര്യത്തിൽ പ്രതിലോമകരമായ സമീപനം സ്വീകരിച്ചിരിക്കുന്നത്. വിവരാവകാശ നിയമത്തിന്റെ 8(1) (i) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് വിവരം ജനങ്ങളിൽ നിന്നും മറച്ചുവെയ്ക്കാനാണ് അവർ ഇപ്പോഴും ശ്രമിച്ചുവരുന്നത്. മന്ത്രിസഭ പൂർണ്ണമായ തീരുമാനം എടുക്കുന്നതിനു മുന്പ് വിവരം നൽകുന്നതു മാത്രമേ വാസ്തവത്തിൽ ആ വകുപ്പ് വിലക്കുന്നുള്ളു. 2011 −ലെ ആണവ സുരക്ഷാ നിയന്ത്രണ അതോറിട്ടി ബില്ലിന്റെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ആർടിഐ അപേക്ഷ വന്നപ്പോൾ കേന്ദ്ര വിവരാവകാശ കമ്മീഷൻ മന്ത്രിസഭ തീരുമാനമെടുത്തു കഴിഞ്ഞെങ്കിൽ ആ വിവരങ്ങൾ ജനത്തിനു കൈമാറുന്നതിന് വിലക്കില്ലെന്നാണ് വിധിച്ചത്. കേരള സർക്കാർ ഇതൊന്നും കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് ഇപ്പോഴും മന്ത്രിസഭാ തീരുമാനങ്ങൾ നടപ്പാക്കിക്കഴിഞ്ഞതിനുശേഷം മാത്രമേ അവ പൊതുജനത്തിന് നൽകുകയുള്ളുവെന്ന് വാദിക്കുന്നത്. ഇത് സർക്കാരിന്റെ തീരുമാനങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. സുതാര്യമായ, അഴിമതിരഹിത, ജനപക്ഷ ഭരണം വാഗ്ദാനം ചെയ്യുന്ന ഇടതുപക്ഷ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഈ ഇരട്ടത്താപ്പ് ഭൂഷണമല്ലെന്ന് ആർക്കാണ് അറിയാത്തത്?

You might also like

Most Viewed