വരാനിരിക്കുന്നത് വലിയ രാസദുരന്തം!
ജെ. ബിന്ദുരാജ്
എല്ലാ മഞ്ഞും മഞ്ഞാകണമെന്നില്ല. ചില മഞ്ഞുകൾ മരണ മഞ്ഞാണെന്നതാണ് വാസ്തവം. പ്രഭാതങ്ങളിൽ എറണാകുളം ജില്ലയിലെ വരാപ്പുഴ പാലത്തിലൂടെ സഞ്ചരിക്കുന്നവർക്ക് പാലത്തിന്റെ മധ്യത്തോട് അടുക്കുന്പോൾ തന്നെ രാസവസ്തുക്കളുടെ രൂക്ഷമായ ഗന്ധം അടിക്കാൻ തുടങ്ങും. ആസിഡ് മിസ്റ്റ് അഥവാ അമ്ല ഹിമമെന്ന പ്രതിഭാസമാണത്. പ്രദേശത്തെ രാസവസ്തു നിർമ്മാണ ഫാക്ടറികൾ പുറന്തള്ളുന്ന രാസമാലിന്യങ്ങളാണ് ആ മഞ്ഞിൽ അലിഞ്ഞിരിക്കുന്നത്. സൾഫർ ഡയോക്‌സൈഡ്, അമോണിയ, ഹൈഡ്രജൻ സൾഫൈഡ്, ക്ലോറിൻ തുടങ്ങിയ വാതകങ്ങളുടെ സങ്കരം. എഫ് എ സി ടി, ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്‌സ്, ഇന്ത്യൻ റെയർ എർത്ത്‌സ്, മെർക്കം, ബിനാനി സിങ്ക്, സി എം ആർ എൽ തുടങ്ങിയ രാസവസ്തു നിർമ്മാണ ഫാക്ടറികളൊക്കെ സ്ഥിതി ചെയ്യുന്ന ഏലൂർ എടയാർ വ്യവസായ മേഖലയിൽ നിന്നും പുറന്തള്ളുന്ന രാസ മാലിന്യപ്പുകയാണ് മഞ്ഞായി വരാപ്പുഴ പാലത്തിലൂടെ സഞ്ചരിക്കുന്നവർക്ക് പ്രഭാതത്തിൽ തന്നെ അസ്വസ്ഥതയുണ്ടാക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും രാസമാലിന്യങ്ങളുള്ള 32−ാമത്തെ പ്രദേശമായി പരിസ്ഥിതി സംഘടനയായ ഗ്രീൻ പീസ് വിലയിരുത്തിയ പ്രദേശത്ത് വർഷങ്ങളായി രാസമലിനീകരണം നിർബാധം തുടർന്നുവരികയാണ്. മലിനീകരണത്തിനെതിരെ ശബ്ദമുയർത്തുന്ന നാട്ടുകാരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്ന രാഷ്ട്രീയക്കാരും ഫാക്ടറികൾക്കെതിരെ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അപകീർത്തികരമായ വാർത്തകൾ നൽകി അവരുടെ മനോവീര്യം കെടുത്തുന്ന മാധ്യമങ്ങളുമാണ് സ്ഥിതിഗതികൾ ഇതുപോലെ തുടരാൻ കാരണം. മലിനീകരണ നിയന്ത്രണത്തിന് സംസ്ഥാന സർക്കാരിന്റെ അവാർഡ് വാങ്ങിച്ച കന്പനി രാത്രിയുടെ മറവിൽ വിഷലിപ്തമായ ദ്രാവകങ്ങൾ പെരിയാറിലേക്ക് ഒഴുക്കുന്നതിന് തെളിവുകൾ ലഭിച്ചിട്ടും എന്തുകൊണ്ടാണ് അവർക്കെതിരെ ശക്തമായ നടപടികൾ ഇനിയും ഉണ്ടാകാത്തത്? ഭരണത്തിലിരിക്കുന്നവർ കന്പനി മേലാളന്മാരുടെ മൂടുതാങ്ങികളായി മാറിയതിന്റെ ദുരവസ്ഥ പേറേണ്ടി വരുന്നത് വരുംതലമുറകൾ കൂടിയാണെന്ന് മറക്കരുത്.
ആസിഡ് മിസ്റ്റ് കേരളത്തിലെ രാസവ്യവസായ മേഖലകളിൽ സാധാരണയായ കാര്യമാണെങ്കിലും അതിന്റെ ഭവിഷ്യത്തുക്കൾ എത്രയോ ഗുരുതരമാണെന്ന കാര്യം നമ്മളിൽ പലർക്കുമറിയില്ലെന്നതാണ് വാസ്തവം. സൾഫ്യൂറിക് ആസിഡ് നിർമ്മിക്കുന്പോഴോ അത് മറ്റ് പ്രക്രിയകൾക്കായി ഉപയോഗിക്കുന്പോഴോ സൾഫർ ട്രൈഓക്‌സൈഡ് ഉപയോഗിക്കുന്പോഴോ ആണ് ആസിഡ് മിസ്റ്റ് രൂപപ്പെടുന്നത്. ലോഹങ്ങളുടെ ട്രീറ്റ്‌മെന്റ് സമയത്തും ഫോസ്‌ഫേറ്റ് വള നിർമ്മാണത്തിലും ലെഡ് ബാറ്ററി നിർമ്മാണ സമയത്തുമൊക്കെ ആസിഡ് മിസ്റ്റ് രൂപപ്പെടാറുണ്ട്. പല അന്താരാഷ്ട്ര പഠനങ്ങളും തൊണ്ണൂറുകളിൽ തന്നെ ആസിഡ് മിസ്റ്റ് ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി റിപ്പോർട്ട് ചെയ്യുകയും മഞ്ഞ് പുറത്തുപോകാത്തവിധം എങ്ങനെ ഫാക്ടറികൾ സജ്ജമാക്കണമെന്നും നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതുമാണ്. അമ്ലമഞ്ഞ് ഉയർന്ന സാന്ദ്രതയിലാണെങ്കിൽ അത് പല്ല് ദ്രവിപ്പിക്കാൻ പോലും പോന്നതാണെങ്കിൽ കുറഞ്ഞ സാന്ദ്രതയിലുള്ള അമ്ലമഞ്ഞ് ദീർഘകാലം ശ്വസിക്കുന്നത് ശ്വാസകോശരോഗങ്ങൾക്കും നേത്ര രോഗങ്ങൾക്കും തൊണ്ടയിലെ കാൻസറിനും കാരണമാകുന്നുണ്ടെന്നാണ് ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ വരെ സ്ഥിരീകരിച്ചിട്ടുള്ളത്.
കേരളത്തിൽ ഏറ്റവുമധികം രാസ വ്യവസായങ്ങൾ ഉള്ള പ്രദേശമാണ് എറണാകുളം ജില്ലയിലെ ഏലൂർ− എടയാർ വ്യവസായ മേഖല. ഏതാണ്ട് 247ൽ അധികം രാസവസ്തു നിർമ്മാണ ഫാക്ടറികളാണ് 1962ൽ സ്ഥാപിക്കപ്പെട്ട 450 ഏക്കറോളം വരുന്ന ഈ പ്രദേശത്തുള്ളത്. റെയർ എർത്ത് മൂലകങ്ങൾ, പെട്രോകെമിക്കൽ ഉൽപന്നങ്ങൾ, കീടനാശിനികൾ, റബ്ബർ പ്രോസ്സസിങ് കെമിക്കലുകൾ, രാസവളങ്ങൾ, സിങ്ക് ഉൽപന്നങ്ങൾ, തുകൽ ഉൽപന്നങ്ങൾ എന്നിവയൊക്കെയാണ് ഈ പ്രദേശത്തെ ഫാക്ടറികളിൽ ഉൽപാദിപ്പിക്കുന്ന പ്രധാന ഉൽപന്നങ്ങൾ. പെരിയാർ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ ഫാക്ടറികളെല്ലാം തന്നെ വളരെ കാലപ്പഴക്കം ചെന്ന സാങ്കേതികവിദ്യകളുപയോഗിച്ചാണ് ഫാക്ടറികളിൽ നിന്നുള്ള എഫ്‌ളുവെന്റുകൾ ട്രീറ്റ് ചെയ്യുന്നത്. അതുതന്നെ ഈ ഫാക്ടറികൾ നിർമ്മിച്ചത് കാലങ്ങളോളം മലിനീകരണ നിയന്ത്രണബോർഡ് പല നീക്കങ്ങളും നടത്തിയശേഷവും. പക്ഷേ അശാസ്ത്രീയമായ ആ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ ഉപയോഗിച്ച് ഈ ഫാക്ടറികളിൽ നിന്നുള്ള രാസമാലിന്യങ്ങൾ പൂർണമായും വിമലീകരിക്കാൻ ഈ ഫാക്ടറികൾക്കാകുന്നില്ല. അതുകൊണ്ടു തന്നെ, കാലങ്ങളായി വിഷലിപ്തമായ ഈ എഫ്‌ളുവെന്റുകൾ ശരിയായ രീതിയിലുള്ള ട്രീറ്റ്‌മെന്റ് പ്രക്രിയകളില്ലാതെ പെരിയാറിലേക്ക് തന്നെ തള്ളപ്പെടുകയാണ്. ഇത് ജലത്തെ ദോഷകരമായി ബാധിക്കുന്നുവെന്നതിനു പുറമേ, മത്സ്യസന്പത്ത് കുറയാനിടയാക്കുകയും ചെയ്തിരിക്കുന്നു. കുറഞ്ഞത് 30 എഫ്‌ളുവെന്റ് പൈപ്പുകളെങ്കിലും ഈ ഫാക്ടറികളിൽ നിന്നും നേരിട്ട് പെരിയാറിലേക്ക് മാലിന്യം തുറന്നുവിടുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന് ഇതേപ്പറ്റി വ്യക്തമായ ധാരണയുണ്ടെങ്കിലും ഇടയ്ക്കിടെ അവയിൽ പലതിനും അടച്ചുപൂട്ടൽ നോട്ടീസ് നൽകാറുണ്ടെങ്കിലും ഈ മലിനീകരണത്തിന് ശാശ്വതമായ പരിഹാരം കാണാതെ തന്നെ ചില താൽക്കാലിക മിനിമം പരിഹാര മാർഗങ്ങൾ അവലംബിച്ചുകൊണ്ട് വീണ്ടും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയാണ് പതിവ്. അതുകൊണ്ടു തന്നെ അന്തരീക്ഷ മലിനീകരണത്തിനും ജല മലിനീകരണത്തിനും ഈ പ്രദേശത്ത് യാതൊരു കുറവും ഇക്കാലമത്രയും പല നടപടികൾ കൈക്കൊണ്ടിട്ടും ഉണ്ടായിട്ടുമില്ല.
പെരിയാറിൽ ചില സമയത്ത് ജലത്തിന്റെ നിറം ചുവപ്പാകുന്നതും കറുപ്പാകുന്നതും വെളുപ്പാകുന്നതും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതുമൊക്കെ ഇടവിട്ട് വാർത്തകളാകാറുണ്ടെന്ന് നമുക്കറിയാം. പക്ഷേ ഇതിനൊന്നുമെതിരെ നീണ്ടുനിൽക്കുന്ന ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടാകാറില്ലെന്നതാണ് സത്യം. അതിന് വ്യക്തമായ ഒരു കാരണവുമുണ്ട്. ഏലൂർ എടയാർ മേഖലയിലുള്ള പകുതിയോളം ജനങ്ങൾ ഈ ഫാക്ടറികളിലെ ജീവനക്കാരാണെന്നതാണ് അതിനു കാരണം. ഫാക്ടറിക്കെതിരെ നിലകൊണ്ടാൽ അത് തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്നും അതിനാൽ ഫാക്ടറിയുണ്ടാക്കുന്ന മലിനീകരണത്തിനെതിരെ ശബ്ദിക്കുന്നത് അവിവേകമാണെന്നും അവർ വിശ്വസിക്കുന്നു. തങ്ങളുടെ ജീവിതത്തിനും കുടുംബാംഗങ്ങൾക്കും ദോഷകരമാകുന്ന രാസവസ്തുക്കൾ അന്തരീക്ഷത്തിലും ജലത്തിലും കലരുന്നത് അതുകൊണ്ടു തന്നെ അവർ നിസ്സംഗമായി നോക്കിനിൽക്കുന്നു. കാൻസറടക്കമുള്ള രോഗങ്ങൾക്ക് ബന്ധുജനങ്ങൾ അടിമപ്പെടുന്പോഴും ഫാക്ടറിക്കെതിരെ ശബ്ദിച്ച് തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുത്താൻ അവർ തയാറാകുന്നുമില്ല. അതുകൊണ്ടു തന്നെ വർഷങ്ങളായി ആ പ്രദേശം മലിനീകരിക്കാൻ തങ്ങൾക്ക് ലൈസൻസ് കിട്ടിയതുപോലെയാണ് പല ഫാക്ടറികളുടേയും പ്രവർത്തനം. എതിർക്കുന്നവരെ പണം നൽകിയും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാൻ ഫാക്ടറിയുടമകൾക്ക് നന്നായി അറിയുകയും ചെയ്യാം. ഇക്കഴിഞ്ഞ ജനുവരി 23നു തന്നെ ഫാക്ടറി
കളിൽ നിന്നും പെരിയാറിലേക്ക് പുറന്തള്ളപ്പെടുന്ന മാലിന്യങ്ങളുടെ നേർക്കാഴ്ച നമ്മളെല്ലാം കണ്ടതാണ്. പെരിയാറിൽ ഏലൂർ പാതാളത്തെ റഗുലേറ്റർ കം ബ്രിഡ്ജ് വ്യവസായശാലകളുടെ ആവശ്യത്തെ തുടർന്ന് തുറന്നപ്പോൾ കടുത്ത ദുർഗന്ധത്തോടെ മണിക്കൂറുകളോളം പെരിയാർ കറുത്ത നിറത്തിലൊഴുകിയത് വലിയ വാർത്തയായിരുന്നു. ഷട്ടറുകൾ ഉയർത്തുംമുന്പ് മേൽത്തട്ടിൽ നിന്നും അടിത്തട്ടിൽ നിന്നും മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ ജലത്തിന്റെ സാന്പിൾ എടുക്കുകയും ഈ സാന്പിളുകൾ പരിശോധനയ്ക്കായി ബോർഡിന്റെ സെൻട്രൽ ലാബിലേക്ക് അയക്കുകയും ചെയ്തു. ആദ്യം കറുത്തൊഴുകിയ പെരിയാർ പിന്നെ വെളുത്ത നിറത്തിലും ഒഴുകിയതിനു പ്രധാന കാരണം പുഴയുടെ അടിത്തട്ടിൽ വലിയ തോതിൽ രാസമാലിന്യങ്ങൾ അടിഞ്ഞിരിക്കുന്നതിന്റെ തെളിവായിട്ടാണ് വിലയിരുത്തപ്പെട്ടത്.
രാസഭീകരത സൃഷ്ടിക്കുന്ന ഫാക്ടറികളിൽ നിന്നും ഐ ടി അനുബന്ധ വ്യവസായങ്ങളിലേക്ക് കേരളത്തിലെ വ്യവസായ മേഖല പതിയെ കൂടുമാറുകയാണെങ്കിലും സംസ്ഥാനത്ത് പാക്ടറികളുടെ എണ്ണത്തിൽ വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള കണക്കുകൾ പ്രകാരം 2005-−06ൽ സംസ്ഥാനത്തെ ഫാക്ടറികളുടെ എണ്ണം 17,486 ആയിരുന്നുവെങ്കിൽ ഇന്നത് 21,764 ആയി മാറിയിരിക്കുന്നു. അതിൽ തന്നെ ജലമലീകരണവും വായു മലിനീകരണവും നിർബാധം നടത്തുന്ന നിരവധി ഫാക്ടറികളും രംഗപ്രവേശം ചെയ്തിരിക്കുന്നു. പക്ഷേ നമ്മുടെ വലിയ ഫാക്ടറികൾക്കും ഇടത്തരം ഫാക്ടറികൾക്കും എന്തിന് ചെറുകിട ഫാക്ടറികൾക്കും വരെ എഫ്‌ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളുണ്ടെന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ വാദം. 1974ൽ ഉണ്ടായിരുന്ന മലിനീകരണ നിരക്കിന്റെ 30 ശതമാനമായി ഇപ്പോഴത്തെ മലിനീകരണ നിരക്കുകൾ മാറിയിരിക്കുന്നുവെന്നാണ് അവർ പറയുന്നത്. പക്ഷേ അതൊക്കെ കണക്കുകളിൽ മാത്രമേയുള്ളുവെന്ന് വിവിധ ഫാക്ടറികളുടെ എഫ്‌ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടെ കാര്യക്ഷമതയെക്കുറിച്ച് അറിയുന്നവർക്ക് അറിയാം. കൊല്ലം ചവറ ശങ്കരമംഗലത്തെ കെ എം എം എല്ലിൽ നിന്നും വർഷങ്ങളായി മാലിന്യങ്ങൾ ശരിയായവിധത്തിൽ ട്രീറ്റ് ചെയ്യാതെ പുറത്തേക്ക് ഒഴുക്കുന്നതു മൂലം പന്മന പഞ്ചായത്തിലെ പൊന്മനയെന്ന പ്രദേശത്തെ പാടശേഖരങ്ങൾ മുഴുവനും അമ്ലാശയങ്ങളായി മാറിയത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. നാട്ടുകാരെ പ്രദേശത്തു നിന്നും മാറ്റി പുനരധിവസിപ്പിച്ചാൽ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നാണ് സർക്കാരിന്റെ വിശ്വാസം. ആസിഡ് നിറയുന്ന പാടങ്ങളും ഭൂഗർഭജലത്തിലേക്ക് ഇറങ്ങുന്ന രാസമാലിന്യങ്ങളും വരാനിരിക്കുന്ന നാളുകളിൽ ആ പ്രദേശത്തെ തന്നെ തരിശുഭൂമിയാക്കി മാറ്റുമെന്ന് അവർ തിരിച്ചറിയുന്നതേയില്ല. ശുദ്ധമായ ജലവും വായുവും ജനതയുടെ അവകാശമാണെന്നും ജീവിക്കാൻ അവ അനിവാര്യമാണെന്നും എന്തുകൊണ്ടാണ് നമ്മുടെ ഭരണകർത്താക്കൾ മനസ്സിലാക്കാതെ പോകുന്നത്?
ഏലൂരിലെ പരിസ്ഥിതി മലിനീകരണത്തിന്റെ കാഠിന്യത്തെപ്പറ്റി ഗ്രീൻപീസ് രണ്ടായിരത്തിന്റെ തുടക്കത്തിൽ തന്നെ മലയാളിക്ക് താക്കീത് നൽകിയതാണ്. ഏലൂർ മേഖലയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡ് (എച്ച് ഐ എൽ) എന്ന കീടനാശിനി കന്പനിയെയാണ് അന്നവർ അതിന് പ്രധാനമായും പ്രതിസ്ഥാനത്തു നിർത്തിയത്. കുട്ടികളിൽ ജനിതകവൈകല്യങ്ങളും രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയും ആസ്തമയുടെ വർദ്ധനവും ബ്രോങ്കൈറ്റിസിനുള്ള വർദ്ധിച്ച സാധ്യതയും അന്നവർ പഠനങ്ങളിൽ എടുത്തുപറഞ്ഞിരുന്നു. 2005ൽ തിരുവനന്തപുരത്തെ സന്നദ്ധ സംഘടനയായ തണൽ നടത്തിയ പഠനങ്ങളിൽ കാൻസറും ജന്മനായുള്ള വൈകല്യങ്ങളും ബ്രോങ്കൈറ്റിസും അലർജിക് ത്വക് രോഗങ്ങളും നാഡീരോഗങ്ങളും ഏലൂർ മേഖലയിൽ വളരെ കൂടുതലാണെന്ന് കണ്ടെത്തി. പഠനം നടത്തിയ 327 കുടുംബങ്ങളിൽ 311 കുടുംബങ്ങളിലും ഇപ്പറഞ്ഞ രോഗങ്ങളിൽ ഏതെങ്കിലുമുണ്ടെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. 135 കുടുംബങ്ങൾക്ക് ചെവി, കണ്ണ്, നാസ രോഗങ്ങളും ശ്വാസകോശ പ്രശ്‌നങ്ങളും കണ്ടെത്തപ്പെടുകയും ചെയ്തു. ഇതിനെല്ലാം പുറമേ ക്രമരഹിതമായ ആർത്തവചക്രവും പ്രദേശത്തെ സ്ത്രീകളിൽ വ്യാപകമാണെന്നും വൃക്ക രോഗങ്ങളും ഹൃദയരോഗവും പ്രസവസംബന്ധിയായ പ്രശ്‌നങ്ങളും അലർജിയും മിക്കവർക്കുമുണ്ടെന്നും പഠനം തെളിയിച്ചു. പക്ഷേ സർക്കാർ പഴയതുപോലെ, ഇടയ്ക്കിടെയുള്ള ഫാക്ടറി പരിശോധനകളിലും ചെറിയ നടപടിക്രമങ്ങളിലും പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടതായി നടിച്ചു. മലിനീകരണം മുൻകാലങ്ങളേക്കാളും ശക്തമാകാനും തുടങ്ങി. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മാത്രം 25ൽ അധികം തവണയാണ് പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്ന സംഭവങ്ങൾ നടന്നത്.
പ്രതിദിനം 17,35,00,000 ലിറ്റർ മലിനീകരിക്കപ്പെട്ട ജലമാണ് പെരിയാറിലേക്ക് ഏലൂർ മേഖലയിലെ 247 ഫാക്ടറികളിൽ നിന്നായി ഒഴുകിയിറങ്ങുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശപ്രകാരം 2016 ഒക്ടോബറിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിലെ മൂന്നു സംഘങ്ങൾ പരിശോധന നടത്തിയിരുന്നു. നദിയിലേക്ക് ഫാക്ടറികളിൽ നിന്നും ഒഴുക്കപ്പെടുന്ന എഫ്‌ളുവെന്റുകൾ നിശ്ചിത വിഷാംശത്തിനു മേലെയുള്ളതാണോയെന്നും എഫ്‌ളുവെന്റുകളുടെ ട്രീറ്റ്‌മെന്റിന് ഫാക്ടറികൾക്ക് മതിയായ സംവിധാനങ്ങളുണ്ടോയെന്നുമാണ് ഈ സംഘം പ്രധാനമായും പരിശോധിച്ചത്. ഗ്രീൻ ആക്ഷൻ ഫോഴ്‌സ് എന്ന സംഘടനയും ജനജാഗ്രത എന്ന സംഘടനയും ഹരിത ട്രൈബ്യൂണലിനു മുന്നിൽ സമർപ്പിച്ച പരാതിയെ തുടർന്നാണ് ഈ പരിശോധനയ്ക്ക് ട്രൈബ്യൂണൽ ഉത്തരവിട്ടത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇക്കാലമത്രയുമുള്ള പ്രവർത്തനങ്ങൾ ലക്ഷ്യം കാണാതിരുന്നതിനാലാണ് ഹരിത ട്രൈബ്യൂണലിന് ഇത്തരമൊരു ഉത്തരവ് ഇടേണ്ടി വന്നത്.
എന്നാൽ രോഗാവസ്ഥകൾ പലതും നേരിടുന്നുണ്ടെങ്കിലും പ്രദേശത്തെ ഫാക്ടറികളിൽ തൊഴിലെടുക്കുന്നവരാണ് ഏലൂരിലെ നാട്ടുകാരെന്നതിനാൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനകൾ ഫാക്ടറികൾ അടച്ചുപൂട്ടാൻ ഇടയാക്കുമെന്ന ഭയം അവരിൽ ജനിപ്പിച്ചിട്ടുണ്ട്. പുഴ മലിനീകരിക്കപ്പെട്ടാലും തങ്ങൾക്ക് രോഗം വന്നാലും ഭാവി തലമുറ നശിച്ചാൽ അന്നന്ന് ജീവിക്കാനുള്ള പണം മാത്രം തങ്ങൾക്കു മതിയെന്നും അതുകൊണ്ട് ഫാക്ടറികൾ നിലനിൽക്കണമെന്നുമാണ് പല നാട്ടുകാരും ആഗ്രഹിക്കുന്നത്. പുഴ മലിനീകരിക്കുന്ന ഫാക്ടറികൾ അത്തരം പ്രചാരണങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് ട്രേഡ് യൂണിയനുകളും പരിശോധനകൾക്കെതിരെ രംഗത്തുവരാൻ ഇടയാക്കിയിരിക്കുന്നു.
കേരളത്തിലെ രാസവ്യവസായങ്ങളുടെ 20 ശതമാനവും സ്ഥിതി ചെയ്യുന്നത് കേരളത്തിന്റെ ജീവനാഡിയെന്ന് അറിയപ്പെടുന്ന പെരിയാർ നദിക്കരയിലാണെന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. 2015 ഒക്ടോബറിൽ പെരിയാർ ചുവന്ന നിറത്തിൽ ഒഴുകിയതിനെ തുടർന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിക്കുകയും ഫാക്ടറികളിൽ നിന്നുള്ള രാസമാലിന്യങ്ങളാണ് ആ പ്രതിഭാസത്തിന് ഇടയാക്കുന്നതെന്നും കണ്ടെത്തിയിരുന്നതാണ്. ഡി ഡി ടി, എൻഡോസൾഫാൻ, ക്ലോറോബെൻസീനുകൾ, മാംഗനീസ്, വനേഡിയം, സിങ്ക്, ക്രോമിയം എന്നിവ അവർ മണ്ണിലും ഭൂഗർഭജലത്തിലും ജലത്തിലുമെല്ലാം കണ്ടെത്തുകയും ചെയ്തിരുന്നു. എച്ച് ഐ എൽ, എഫ് എ സി ടി, മെർക്കം, ഐ ആർ ഇ എന്നീ സ്ഥാപനങ്ങളാണ് പ്രധാനമായും മലിനീകരണം നടത്തുന്നതെന്നതായിരുന്നു അവരുടെ കണ്ടെത്തൽ. ഏലൂർ− എടയാർ മേഖലയിലൂടെ കടന്നുപോകുന്ന 1.5 കിലോമീറ്റർ ദൈർഘ്യമുള്ള കുഴിക്കണ്ടം തോടിലേക്ക് ഫാക്ടറികൾ രാസമാലിന്യങ്ങൾ ഒഴുക്കുന്നത് പിന്നീട് പ്രദേശത്തെ പാടശേഖരങ്ങളിലേക്കും നദിയിലേക്കും എത്തപ്പെടുന്നു.
ഇത്രയൊക്കെ നടന്നിട്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് സുബോധം വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഏലൂർ എൻവയൺമെന്റൽ സർവൈലൻസ് സെന്ററിലെ എൻവയൺമെന്റൽ എഞ്ചിനീയറായി നിയമിതനായ എം പി തൃദീപ് കുമാറിനെ തൽസ്ഥാനത്തു നിന്നും നീക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന ശ്രമങ്ങൾ. തൃദീപ് കുമാർ മലിനീകരണചട്ടം ലംഘിച്ച പല ഫാക്ടറികൾക്കുമെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോയതാണ് ഫാക്ടറിയുടമകൾ അദ്ദേഹത്തിനെതിരെ തിരിയാൻ കാരണം. ചില പത്രമാധ്യമങ്ങളിലെ മുതലാളിമാരെയും കൂലിയെഴുത്തുകാരെയും കൂട്ടുപിടിച്ച് തൃദീപ് കുമാറിനെതിരെ അവർ കഥകൾ മെനഞ്ഞ് അവരുടെ പത്രങ്ങളിലൂടെ പ്രചരിപ്പിച്ചു. ഈ മാധ്യമങ്ങളുടെ മേധാവികൾക്ക് തൃദീപ് കുമാർ ജനുവരി 19ന് എഴുതിയ കത്ത് പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ പുറത്തുവിട്ടത് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടെയ്ൽ ലിമിറ്റഡ് (സി എം ആർ എൽ) ആണ് പെരിയാറിലേക്ക് രാസമാലിന്യങ്ങൾ പുറന്തള്ളി നദീജലത്തിന്റെ നിറം മാറ്റത്തിനിടയാക്കിയതെന്ന് തൃദീപ് കുമാർ റിപ്പോർട്ട് നൽകിയിരുന്നു. നേരത്തെ ശ്രീശക്തി പേപ്പർ മില്ലിനെതിരെയും തൃദീപ് കുമാർ നടപടിയെടുത്തിരുന്നു. എന്നാൽ സി പി എം ജില്ലാ സെക്രട്ടറി പി രാജീവ് അടക്കമുള്ള രാഷ്ട്രീയക്കാർ സി എം ആർ എല്ലിനെ പ്രതിസ്ഥാനത്തു നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.
തങ്ങൾക്കെതിരെ നടപടിയെടുക്കുന്ന ഒരു ഉദ്യോഗസ്ഥനെ കരിവാരിത്തേച്ചുകൊണ്ട് തങ്ങൾ നടത്തുന്ന നിയമലംഘനങ്ങൾ എക്കാലവും മറച്ചുവയ്ക്കാനാകുമെന്നാണ് പല ഫാക്ടറി മുതലാളിമാരും വിശ്വസിക്കുന്നത്. മലിനീകരണ നിയന്ത്രണ വകുപ്പ് കർശനമായ നടപടികൾ സ്വീകരിക്കുന്നപക്ഷം തങ്ങളുടെ എഫ്‌ളുവെന്റ് ട്രീറ്റ്‌മെന്റ് സംവിധാനം ശക്തമാക്കിയാൽ തന്നെ ഏലൂരിലേയും പെരിയാറിലേയും മലിനീകരണത്തിന് തടയിടാനാകും. അതിന് ഈ ഫാക്ടറികൾ തയാറാകുന്നില്ലെന്നതാണ് ദയനീയമായ കാര്യം. സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ പെരിയാറിനെ മലിനീകരിക്കുന്ന ഈ ഫാക്ടറികൾ അവർ കാര്യക്ഷമമായ എഫ്‌ളുവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിക്കുന്നതു വരെയെങ്കിലും അടച്ചുപൂട്ടാൻ ഉത്തരവിടണം. അതല്ലെങ്കിൽ വരാനിരിക്കുന്ന മഹാവിപത്തുകളെ ഒരു ശക്തികൾക്കും തടയാൻ കഴിഞ്ഞെന്നു വരില്ല.