അദ്ധ്യാ­പനമോ­ അടി­മപ്പണി­യോ­?


ജെ. ബിന്ദുരാജ്

തിനെട്ടാം നൂറ്റാണ്ടിലും പത്തൊന്പതാം നൂറ്റാണ്ടിലുമെല്ലാം വർണ്ണവെറിയന്മാരുടെ നാടായ അമേരിക്കയിലെ കോളനികളിൽ കൊടികുത്തിവാണിരുന്ന അടിമത്തത്തെപ്പറ്റി പഠിപ്പിക്കുന്പോഴൊക്കെ അൺ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപികയായ മേരി ഫ്രാൻസിസിന്റെ ചോര തിളയ്ക്കാറുണ്ട്. ആടുമാടുകളെപ്പോലെ മനുഷ്യനെ ചങ്ങലയ്ക്കിട്ട് വിൽപ്പന നടത്തിയിരുന്ന രാജ്യത്ത് ഇരുപതാം നൂറ്റാണ്ടിനു മുന്പു തന്നെ അടിമത്തം അവസാനിച്ചെങ്കിലും മേരി ഫ്രാൻസിസ് എന്ന സ്‌കൂൾ അദ്ധ്യാപികയ്ക്ക് താൻ സ്വതന്ത്രഭാരതത്തിലും ഒരു അടിമയാണെന്ന തോന്നലാണുള്ളത്. ബാബിലോണിയയിലെ ‘മുഷ്‌കെനു’ക്കളെപ്പോലെയും റോമിലെ ‘ക്ലയന്റ്‌സി’നെപ്പോലെയും ചീനയിലെ ‘കോ’കളെപ്പോലെയുമുള്ള അടിമത്തൊഴിലാളികളുടെ ഗണത്തിലാണ് തനിക്കും സ്ഥാനമെന്ന് അവർക്ക് തോന്നാറുണ്ട്. കാരണം മറ്റൊന്നുമല്ല. അതിരാവിലെ വീട്ടിൽ നിന്നിറങ്ങി ഒന്പതു മണി മുതൽ അഞ്ചു മണി വരെയോളം സ്‌കൂളിൽ ചെലവിട്ട് തളർന്ന് അവശയായി വീട്ടിലെത്തുന്ന അവർക്ക് പ്രതിമാസ വേതനം കിട്ടുന്നത് കേവലം 6000 രൂപയാണ്. ആറു വർഷത്തിനുമേലെയായി എറണാകുളം ജില്ലയിലെ ഒരു അൺ എയ്ഡഡ് സ്‌കൂളിൽ അവർ തൊഴിലെടുക്കുന്നു. ശന്പളത്തിനു പുറമേയുള്ള ആനുകൂല്യങ്ങളൊന്നും തന്നെ അവർക്കില്ല. സ്‌കൂൾ മാനേജ്‌മെന്റുകൾ നിയമനാസൃതം ചെയ്യേണ്ടുന്ന പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ, ഗർഭകാലശുശ്രൂഷാ അവധി എന്നിവ പോലും അവർക്കില്ല. തൊഴിൽ സുരക്ഷിതത്വത്തെപ്പറ്റി പിന്നെ പറയേണ്ട കാര്യമില്ലല്ലോ. ശന്പളം കൂട്ടിച്ചോദിച്ചാൽ അതിനേക്കാൾ കുറഞ്ഞ തുകയ്ക്ക് തൊഴിലെടുക്കാൻ അഭ്യസ്തവിദ്യരായവർ ക്യൂ നിൽപ്പുണ്ടെന്നാകും മറുപടി. അത്യാവശ്യത്തിനു പോലും അവധിയെടുക്കാനാകാതെ, തങ്ങളുടെ സ്വാതന്ത്ര്യം നക്കാപ്പിച്ച പണത്തിനായി അടിയറവ് വെച്ച്, അവകാശങ്ങൾ ചോദിച്ചുവാങ്ങാനാകാതെ നിലകൊള്ളുകയാണ് കേരളത്തിലെ അൺ എയ്ഡഡ് സ്‌കൂളുകളിലെ ആയിരക്കണക്കിന് അദ്ധ്യാപകർ. ഇതേ അവസ്ഥ തന്നെയാണ് സംസ്ഥാനത്തെ പല സ്വാശ്രയ കോളേജുകളിലും അവിടത്തെ അദ്ധ്യാപകർ നേരിടുന്നത്. നെഹ്്റു കോളെജിൽ ഒരു വിദ്യാർത്ഥിയുടെ ആത്മഹത്യയെ തുടർന്നുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭം നമ്മുടെ അൺഎയ്ഡഡ് സ്‌കൂളുകളിലേയും കോളേജുകളിലേയും യഥാർത്ഥ അവസ്ഥയും പീഡനവിവരങ്ങളും ഓരോ ദിവസങ്ങളിലായി വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണിപ്പോൾ.

സ്വകാര്യ അൺഎയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് പ്രൈമറി തലത്തിലും അപ്പർ പ്രൈമറി തലത്തിൽ 10,000 രൂപയും സെക്കൻഡറി തലത്തിൽ 15,000 രൂപയും ഹയർ സെക്കൻഡറി തലത്തിൽ 20,000 രൂപയും പ്രതിമാസവേതനമായി നൽകുന്നവർക്കു മാത്രമേ സിബിഎസ്ഇ/ഐസിഎസ്ഇ ബോർഡുകൾ അഫിലിയേഷൻ നൽകാവൂ എന്നൊരു നിർദ്ദേശം പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് 2012 സെപ്തംബറിൽ നിർദ്ദേശിച്ചതാണ്. ക്ലറിക്കൽ ജീവനക്കാർക്ക് 6000 രൂപയും പ്യൂണുകൾക്ക് 4500 രൂപയും നൽകാനുള്ള നിർദ്ദേശവും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരും ജസ്റ്റിസ് സി കെ അബ്ദുൾ റഹിമും കേന്ദ്ര സർക്കാർ അഫിലിയേഷൻ നിയമങ്ങളിൽ മാറ്റം വരുത്തുന്നതുവരെ ഇടക്കാലാശ്വാസമായി മുന്നോട്ടുവച്ചിരുന്നു. സിബിഎസ്ഇ/ഐസിഎസ് ഇ വിദ്യാലയങ്ങൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകുന്നതിൽ സർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾക്കെതിരെ വിവിധ മാനേജ്‌മെന്റുകൾ സമർപ്പിച്ച പരാതികളിൽ തീർപ്പു കൽപ്പിച്ചുകൊണ്ടാണ് ഇത്തരമൊരു നിർദ്ദേശം ഹൈക്കോടതി മുന്നോട്ടുവെച്ചത്. സിബിഎസ്ഇ/ഐസിഎസ്ഇ അഫിലിയേഷനുള്ള വിദ്യാലയങ്ങളിലെല്ലാം തന്നെ ശന്പളവും ആനുകൂല്യങ്ങളും സർക്കാർ വിദ്യാലയങ്ങളിലെന്നപോലെ നൽകണമെന്ന സർക്കാർ നിർദ്ദേശത്തിനെതിരെയായിരുന്നു ഈ മാനേജ്‌മെന്റുകൾ കോടതിയെ സമീപിച്ചത്. സർക്കാർ വേതനത്തിന് തത്തുല്യമായ വേതനം തങ്ങൾക്ക് നൽകാനുള്ള സാന്പത്തികശേഷിയില്ലെന്ന മാനേജ്‌മെന്റുകളുടെ വാദം കോടതി അംഗീകരിച്ചെങ്കിലും മെച്ചപ്പെട്ട വേതനം നൽകാത്തപക്ഷം നല്ല അദ്ധ്യാപകരെ പഠിപ്പിക്കുന്നതിനായി അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ലഭിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വേതനത്തിന് ചില മിനിമം പരിധികൾ കോടതി മുന്നോട്ടുവച്ചത്. പക്ഷേ അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ ഭൂരിപക്ഷം അദ്ധ്യാപകർക്കും കോടതി നിർദ്ദേശിച്ച ഈ വേതനം ഇന്നും കിട്ടാക്കനിയായി തന്നെ തുടരുകയാണ്. 

എഐടിയുസിയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള സെൽഫ് ഫിനാൻസ് ആന്റ് അൺ എയ്ഡഡ് ഇൻസ്റ്റിറ്റിയൂഷൻസ് എംപ്ലോയീസ് യൂണിയന്റെ (എസ്എഐഇ യു) സംസ്ഥാന പ്രസിഡന്റായ ബിനോയ് വിശ്വം ഇത്തരം സ്‌കൂളുകളിലേയും കോളെജുകളിലേയും ജീവനക്കാർക്ക് കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം പോലും ലഭിക്കുന്നില്ലെന്ന് ഈയിടെ തുറന്നടിച്ചിരുന്നു. സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ അടിമകളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും ശരിയായ തൊഴിൽ കരാർ പോലും നൽകാതെയാണ് അവരെ നിയമിച്ചിട്ടുള്ളതെന്നതിനാൽ അവർക്ക് തൊഴിൽ സുരക്ഷിതത്വം പോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കടിഞ്ഞാണിടുന്നതിനായി അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും നിയമനങ്ങൾ സംബന്ധിച്ചും അവരുടെ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ചും പുതിയ നിയമ നിർമ്മാണം സർക്കാർ നടത്തേണ്ടതുണ്ട് എന്ന ആവശ്യമാണ് ആ സംഘടന ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്നത്. 

പല അൺ എയ്ഡഡ് സ്‌കൂളുകളുടേയും നിലവാരത്തകർച്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് കുറഞ്ഞ വേതനത്തിന് മതിയായ യോഗ്യതയില്ലാത്ത അദ്ധ്യാപകരെ നിയമിക്കുന്നതാണെന്ന ആക്ഷേപം ഇപ്പോൾ ശക്തമായിട്ടുമുണ്ട്. സ്‌കൂളിന് സിബിഎസ്ഇ അഫിലിയേഷൻ നൽകേണ്ടുന്നതിന്റെ മാനദണ്ധങ്ങളിൽ (അദ്ധ്യായം 9) അദ്ധ്യാപകർക്ക് ഉണ്ടായിരിക്കേണ്ട മിനിമം യോഗ്യതകളെപ്പറ്റി പരാമർശിക്കുന്നുണ്ട്. ആറു മുതൽ പത്തു വരെയുള്ള ക്ലാസുകൾ കൈകാര്യം ചെയ്യുന്നവർക്ക് ബിരുദവും പഠിപ്പിക്കുന്ന വിഷയത്തിൽ ബിഎഡുമാണ് വേണ്ടതെങ്കിൽ 11−ാം ക്ലാസു മുതൽ 12−ാം ക്ലാസ്സു വരെയുള്ള അദ്ധ്യാപകർക്ക് മാസ്റ്റർ ബിരുദവും ബി എഡും അതില്ലാത്തപക്ഷം ഉയർന്ന ക്ലാസുകളിൽ മൂന്നു വർഷം പഠിപ്പിച്ച അനുഭവ പരിജ്ഞാനമോ വേണം. ഡിപ്പാർട്ട്‌മെന്റ് മേധാവികൾക്ക് ഇതിനേക്കാൾ അനുഭവപരിജ്ഞാനമോ യോഗ്യതയോ ഉണ്ടായിരിക്കണമെന്നും അതിൽ പറയുന്നുണ്ട്. അദ്ധ്യാപകർക്ക് സേവന വേതന കരാർ ഉണ്ടായിരിക്കണമെന്നതിനു പുറമേ, പ്രോവിഡന്റ് ഫണ്ടും മതിയായ ആനുകൂല്യങ്ങളും നൽകണമെന്നും ശന്പളം ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ നൽകാവൂ എന്നും അഫിലിയേഷൻ ചട്ടങ്ങൾ വ്യക്തമായി പറയുന്നുണ്ട്. ഒരു അദ്ധ്യാപകന്റേയും പ്രൊബേഷൻ രണ്ടു വർഷത്തിനുമേൽ ആകരുതെന്നും സിബിഎസ്ഇ നിർദ്ദേശിക്കുന്ന മിനിമം വേതനം നൽകപ്പെടണമെന്നും ചട്ടങ്ങൾ പറയുന്നു. പക്ഷേ ഇതൊന്നും തന്നെ ഹൈക്കോടതിയുടെ മാർഗനിർദ്ദേശത്തിനുശേഷവും നടപ്പാക്കപ്പെട്ടിട്ടില്ല. അൺഎയ്ഡഡ് സ്‌കൂളുകളിലെ 25 ശതമാനം സ്‌കൂളുകളിൽ മാത്രമേ ഇപ്പോഴും കോടതി നിർദ്ദേശിച്ച ശന്പളം നൽകപ്പെടുന്നുള്ളുവെന്നാണ് അന്വേഷണത്തിൽ നിന്നും ബോധ്യപ്പെടുന്നത്. പല സ്‌കൂളുകളും ശന്പളവർധന നൽകിയെന്ന് രേഖകളിൽ കാണിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ 4000-5000 രൂപയാണ് ഇപ്പോഴും പ്രതിമാസ വേതനമായി നൽകുന്നത്. ഇന്റർനെറ്റും കംപ്യൂട്ടറുമൊക്കെയുള്ള, സാന്പത്തികമായി മുന്നിട്ടുനിൽക്കുന്നവരുടെ വീടുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന ഇത്തരം വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ വീടുകളിൽ ദാരിദ്ര്യത്തിന്റെ അടയാളങ്ങളാണ് കാണാനാകുന്നത്. അവരുടെ വീടുകളിൽ കംപ്യൂട്ടറോ ഇന്റർനെറ്റോ ഇല്ല. കുട്ടികളുടെ ചോദ്യങ്ങൾക്കു മുന്നിൽ അടിപതറുന്നവരാണ് മിക്കവരും. സമീപകാലത്ത് ഇന്ത്യയിൽ പല സിബിഎസ്ഇ സ്‌കൂളുകളിലും നടത്തിയ വിദ്യാഭ്യാസ നിലവാര പഠനത്തിൽ ഒന്നാം ക്ലാസിലെ പാഠപുസ്തകം വായിക്കാനറിയാവുന്ന മൂന്നാം ക്ലാസുകാരുടെ എണ്ണം പോലും കേവലം 42.5 ശതമാനം മാത്രമാണെന്നാണ് വിലയിരുത്തപ്പെട്ടത്. പ്രഥം നടത്തിയ 11ാമത് വാർഷിക വിദ്യാഭ്യാസ റിപ്പോർട്ടിൽ ഇന്ത്യയിലെ സ്വകാര്യ വിദ്യാലയങ്ങളുടെ നിലവാരക്കുറവ് എടുത്തുപറയുന്നുണ്ട്. സർക്കാർ സ്‌കൂളുകളിലേയും സ്വകാര്യ വിദ്യാലയങ്ങളിലേയും പഠിക്കാനുള്ള വിദ്യാർത്ഥികളുടെ കഴിവ് പരിശോധിച്ചപ്പോൾ സർക്കാർ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളാണ് മെച്ചപ്പെട്ട നിലവാരം പുലർത്തുന്നതെന്ന് അവർ കണ്ടെത്തുകയുമുണ്ടായി. അദ്ധ്യാപകരുടെ സാന്പത്തികഭദ്രതയില്ലായ്മ എങ്ങനെയാണ് വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ ബാധിക്കുന്നതെന്നറിയാൻ ഈ കണക്കുകൾ തന്നെ ധാരാളം. 

നേരത്തെ കേന്ദ്ര സർക്കാർ വിദ്യാഭ്യാസ അവകാശ നിയമം നടപ്പിൽ വരുത്തിയതിനെ തുടർന്ന് സംസ്ഥാനത്തും ഈ നിയമം നടപ്പാക്കുന്നതിനായി ചില ചട്ടങ്ങൾ കൊണ്ടുവന്നത് സി ബി എസ് ഇ സ്‌കൂൾ മാനേജ്‌മെന്റുകളെ ചൊടിപ്പിച്ചിരുന്നു. 2010 ഏപ്രിലിൽ നിയമം പ്രാബല്യത്തിൽ വന്ന് നാലു മാസങ്ങൾക്കുശേഷം 2010 ഓഗസ്റ്റിലാണ് നിയമത്തെപ്പറ്റി പഠിച്ച് നിർദ്ദേശങ്ങൾ നൽകാനും കേരള സംസ്ഥാന സർക്കാർ ലിഡാ ജേക്കബ് കമ്മീഷനെ വയ്ക്കുന്നത്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഈ നിയമം നടപ്പാക്കുന്പോൾ രൂപപ്പെടുത്തേണ്ട ചട്ടങ്ങൾ ഏതൊക്കെയെന്ന് നിർദ്ദേശിക്കാനും സർക്കാർ കമ്മീഷനോട് ആവശ്യപ്പെട്ടു. ഇതുപ്രകാരമാണ് 2010ൽ ഇതു സംബന്ധിച്ച് ചില ചട്ടങ്ങൾ കേരള സർക്കാർ തങ്ങളുടെ സംസ്ഥാനത്ത് നടപ്പാക്കേണ്ട വിദ്യാഭ്യാസ അവകാശ നിയമത്തിലൂടെ കൊണ്ടുവന്നത്. സ്‌കൂളുകളിൽ ഉണ്ടായിരിക്കേണ്ട മിനിമം അടിസ്ഥാന സൗകര്യങ്ങൾ ഈ നിയമം ഉറപ്പാക്കുന്നുണ്ട്. അദ്ധ്യാപകവിദ്യാർത്ഥി അനുപാതം, വർഷത്തെ അദ്ധ്യയന ദിനങ്ങൾ, ഒരു ദിവസത്തെ മൊത്തം അദ്ധ്യയന മണിക്കൂറുകൾ, മുറികളുടെ എണ്ണം, പഠനോപകരണങ്ങളുടെ ലഭ്യത, ലൈബ്രറി, കക്കൂസ്, കുടിവെള്ളം, ഉച്ചഭക്ഷണ പദ്ധതിക്കായുള്ള അടുക്കള, ആർട്ടിനും ക്രാഫ്റ്റിനും ഫിസിക്കൽ എജ്യുക്കേഷനും പാർട്‌ടൈം അദ്ധ്യാപകർ എന്നിവയൊക്കെ തന്നെയും വിദ്യാലയങ്ങൾക്ക് നിയമം നടപ്പാക്കി മൂന്നു വർഷത്തിനുള്ളിൽ ഉണ്ടാക്കാൻ കഴിയാത്തപക്ഷം സ്‌കൂളുകളെ പ്രവർത്തിക്കാൻ അനുവദിക്കില്ല.  സംസ്ഥാന വിദ്യാഭ്യാസ നിയമത്തിനു കീഴിൽ ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് 25 ശതമാനം സംവരണം അൺഎയ്ഡഡ് സ്വകാര്യ സ്‌കൂളുകൾ നൽകണമെന്ന നിയമത്തിന്റെ വ്യവസ്ഥ ലഘൂകരിച്ചിട്ടുണ്ട്. സർക്കാർ സ്‌കൂളോ മറ്റ് എയ്ഡഡ് സ്‌കൂളുകളോ നിയമത്തിൽ പറഞ്ഞിരിക്കുന്ന അകലത്തിൽ ഇല്ലെങ്കിൽ മാത്രമേ അൺഎയ്ഡഡ് സ്‌കൂളുകളിൽ പ്രവേശനം തേടേണ്ടതുള്ളു. എന്നാൽ സിബിഎസ്ഇ സ്‌കൂളുകളിലെ നിലവിലുള്ള ആരാലും ചോദ്യം ചെയ്യപ്പെടാത്ത അവസ്ഥയ്ക്ക് ഭംഗം വരുത്തുന്നതായ ചില നിർദ്ദേശങ്ങളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അൺഎയ്ഡഡ് സ്‌കൂളുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് ദേശീയതലത്തിൽ വിദ്യാഭ്യാസയോഗ്യതയായി പറഞ്ഞിട്ടുള്ള യോഗ്യത നിയമം പാസ്സായി അഞ്ചു വർഷത്തിനുള്ളിൽ നേടിയിരിക്കണം, സംഭാവനയോ ക്യാപിറ്റേഷൻ ഫീസോ ഒന്നും തന്നെ അവർ വിദ്യാർത്ഥികളിൽ നിന്നും ശേഖരിക്കാൻ പാടില്ല, 18ാം വകുപ്പിനു കീഴിൽ അംഗീകാരത്തിനുള്ള സർട്ടിഫിക്കറ്റിനായി അൺഎയ്ഡഡ് സ്‌കൂളുകൾ നിർദ്ദേശിക്കപ്പെട്ട ഫോമിൽ തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തി നൽകണം, 2000 ജനുവരി മുതൽ കുട്ടികളെ തുടർച്ചയായി പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇരുത്തുന്ന വിദ്യാലയങ്ങൾക്കു മാത്രമേ സ്‌കൂൾ സ്ഥലം പരിശോധിക്കാതെ തന്നെ അംഗീകാര പത്രം നൽകുകയുള്ളു, മൂന്നു വർഷത്തിനുള്ളിൽ നിയമത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടപ്പാക്കാത്തപക്ഷം സ്‌കൂളിന് പിഴ ചുമത്താനും അവരുടെ അംഗീകാരം റദ്ദാക്കാനുമുള്ള അവകാശം, സർക്കാർ അദ്ധ്യാപകരും സ്വകാര്യ എയ്ഡഡ്, അൺഎയ്ഡഡ് മേഖലയിലെ അദ്ധ്യാപകരുമൊന്നും സ്വകാര്യ ട്യൂഷനുകൾ നടത്തുന്നത് നിയമം മൂലം നിരോധിക്കും തുടങ്ങിയവയായിരുന്നു അവ. ഇതിനു പുറമേ, പാഠ്യപദ്ധതിയും കുട്ടികളുടെ നിലവാര പരിശോധനയും നടത്താനുള്ള അവകാശം എസ്ഇആർടിക്കാണ് കേരള സർക്കാരിന്റെ വിദ്യാഭ്യാസ ചട്ടം നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളിന് ഒരു ലക്ഷം രൂപ പിഴ ചുമത്താനും എന്നിട്ടും തുടർന്ന് സ്‌കൂൾ പ്രവർത്തിക്കുകയാണെങ്കിൽ ദിവസം 10,000 രൂപ വീതം പിഴ ഈടാക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അവകാശമുണ്ടാകയും ചെയ്യുമെന്നും നിയമം വ്യവസ്ഥ ചെയ്തു. 

കുത്തഴിഞ്ഞ രീതിയിൽ പ്രവർത്തിക്കുന്ന പല സിബിഎസ്ഇ സ്‌കൂളുകളേയും സംബന്ധിച്ച് നിരവധി പരാതികൾ പലവട്ടം പലയിടങ്ങളിൽ നിന്നും ഉയർന്നിട്ടുള്ളതാണ്. വലിയ ഫീസ് വാങ്ങുന്ന പല വിദ്യാലയങ്ങളും അദ്ധ്യാപകരുടെ തൊഴിലിന്റെ കാര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള തൊഴിൽ നിയമങ്ങൾ പോലും പാലിക്കുന്നില്ലെന്നു മാത്രമല്ല സംവിധാനത്തെ നോക്കുകുത്തിയാക്കി മാറ്റിക്കൊണ്ട് അവരെ വഞ്ചിക്കുകയും ചെയ്യുന്നുണ്ട്. അദ്ധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് കോടതി നിർദ്ദേശിച്ച തുക നൽകുകയും പിന്നീട് അവരുടെ ചെക്കുകളിലൂടെ അതിന്റെ വലിയൊരു ഭാഗം പ്രിൻസിപ്പാൾമാരോ മാനേജർമാരോ തിരിച്ചെടുക്കുകയും ചെയ്യുന്ന രീതിയാണ് പല സ്‌കൂളുകളിലുമുള്ളത്. ചിലരാകട്ടെ പണം കാശായി കൈയിൽ വാങ്ങുകയും ചെയ്യുന്നു.

എന്നാൽ ഇത്തരം പ്രശ്‌നങ്ങളെപ്പറ്റി സിബിഎസ്ഇ അൺഎയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾ മൗനം പാലിക്കുകയാണ്. പകരം തങ്ങളെ തകർക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് കേരളാ സിബിഎസ്ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ആരോപിക്കുന്നത്. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസ്സിലും സംസ്ഥാന സർക്കാരിന്റെ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് പൊതുപരീക്ഷയിൽ സൗജന്യമാർക്കുകൾ നൽകുന്ന രീതി സിബിഎസ്ഇ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കോഴ്‌സുകളിൽ പ്രവേശനം ലഭിക്കാൻ പ്രതിബന്ധമാകുന്നുവെന്നാണ് അവരുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി 2014ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അസോസിയേഷൻ നിവേദനം നൽകുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന്റെ പാഠ്യപദ്ധതി പ്രകാരം പ്രവർത്തിക്കുന്ന അൺഎയ്ഡഡ് വിദ്യാലയങ്ങളെപ്പോലെ തന്നെ തങ്ങളേയും കണക്കാക്കണമെന്നായിരുന്നു അവരുടെ മുഖ്യആവശ്യം. അൺഎയ്ഡഡ് സിബിഎസ്ഇ സ്‌കൂളുകളിൽ നിന്നും കൊമേഴ്‌സ്യൽ നിരക്കിലുള്ള വൈദ്യുതി നിരക്ക് വാങ്ങുന്നതും അദ്ധ്യാപകർക്കുള്ള ഇഎസ്ഐ കവറേജ് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാനാവശ്യപ്പെട്ടതുമൊക്കെയായിരുന്നു അവരുടെ പരാതിയുടെ അടിസ്ഥാനം. ഇതിനു പുറമേ, എൻസിസിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുമൊക്കെ തങ്ങളുടെ കൂടി സ്‌കൂളുകളിൽ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ വിദ്യാലയങ്ങളെ സിബിഎസ്ഇ വിദ്യാലയങ്ങളേക്കാൾ മെച്ചപ്പെട്ടതാക്കാനും പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്ന വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം ഈ ആവശ്യങ്ങൾ നടപ്പാക്കുന്നതിൽ അത്ര തൃപ്തിയുണ്ടാകാനിടയില്ല. അദ്ധ്യാപകർക്ക് മെച്ചപ്പെട്ട ശന്പളം നൽകണമെന്ന സർക്കാർ വ്യവസ്ഥ പോലും ഇത്തരം വിദ്യാലയങ്ങൾ പാലിക്കുന്നില്ലെന്നിരിക്കേ, അവരുടെ ഈ ആവശ്യങ്ങൾക്ക് സർക്കാർ മുൻഗണന നൽകേണ്ട കാര്യവുമില്ല. 

അന്താരാഷ്ട്ര സ്‌കൂളുകളെന്ന് നാട്ടുകാർക്കു മുന്നിൽ പരസ്യം ചെയ്യുകയും വലിയ ടേം ഫീസ് വിദ്യാർത്ഥികളിൽ നിന്നും ശേഖരിക്കുകയും ചെയ്യുന്ന പല സ്‌കൂളുകളും അദ്ധ്യാപകർക്ക് കൊടുക്കുന്നത് പതിനായിരമോ അതിൽ താഴെയോ പ്രതിമാസ വേതനമാണ്. പലപ്പോഴും ഒരു വീട്ടുവേലക്കാരിയേക്കാൾ കുറവാണ് അവരുടെ വേതനം. അവകാശങ്ങളും അവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ഗർഭകാല അവധി പോലും വേതനമില്ലാതെയാണ് അവർക്ക് നൽകുന്നത്. മധ്യവേനലധിക്കാലത്ത് രണ്ടു മാസക്കാലം അദ്ധ്യാപകർക്ക് ശന്പളം നൽകാത്ത വിദ്യാലയങ്ങളുമുണ്ട്. സിബിഎസ്ഇ അൺഎയ്ഡഡ് സ്‌കൂളുകളിൽ തൊഴിലെടുക്കുന്ന അദ്ധ്യാപകരിൽ ഭൂരിപക്ഷവും സ്ത്രീകളാണെന്നതും അവർ പ്രതിഷേധങ്ങൾക്ക് നിൽക്കുകയില്ലെന്നതും മാനേജ്‌മെന്റുകൾക്ക് അവരെ പരമാവധി ചൂഷണം ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടാക്കി നൽകുകയും ചെയ്തിരിക്കുന്നു. പക്ഷേ സംസ്ഥാന തൊഴിൽ വകുപ്പും സിബിഎസ്ഇ സ്‌കൂളുകൾക്ക് എൻഒസി നൽകുന്ന വിദ്യാഭ്യാസ വകുപ്പും ഇനിയും ഈ മാനേജ്‌മെന്റുകളുടെ ചൂഷണത്തിന് അറുതി വരുത്താനുള്ള ശ്രമങ്ങൾ നടത്തിയിട്ടില്ല. അഭ്യസ്തവിദ്യരായ ആയിരക്കണക്കിനു അദ്ധ്യാപകർ ആടുമാടുകളെപ്പോലെ ഈ സ്‌കൂളുകളിൽ ചൂഷണം ചെയ്യപ്പെടുന്നത് സർക്കാർ ഇനിയും നോക്കിയിരുന്നു കൂടാ. ഇത്തരം സ്‌കൂളുകളിലെ അദ്ധ്യാപക നിയമനങ്ങൾക്ക് സിബിഎസ്ഇ അനുശാസിക്കുന്ന മാനദണ്ധങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും അദ്ധ്യാപകർക്ക് കോടതി നിർദ്ദേശിച്ച പ്രതിമാസ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സർക്കാരിന് കഴിയണം. മാനദണ്ധങ്ങൾ പാലിക്കാത്ത സ്‌കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കാൻ സിബിഎസ്ഇയും എൻഒസി റദ്ദാക്കാൻ സംസ്ഥാന സർക്കാരും നടപടി സ്വീകരിക്കണം. കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് 2011 ഡിസംബർ ഏഴിന് പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കിയാൽ തീരുന്ന പ്രശ്‌നങ്ങളേ ഇന്ന് അൺഎയ്ഡഡ് സിബിഎസ്ഇ സ്‌കൂളുകൾക്കുള്ളു. അല്ലാത്തപക്ഷം അധികം വൈകാതെ ഇത്തരം വിദ്യാലയങ്ങളിൽ നിന്നും മറ്റൊരു ചൂഷണ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകൾ വലുതാണ്.

You might also like

Most Viewed