പുറത്താകുമോ ക്രിമിനലുകൾ ?
ജെ. ബിന്ദുരാജ്
ഒരു കുറ്റകൃത്യത്തിന് രണ്ടു വർഷത്തിലധികം നീളുന്ന തടവുശിക്ഷയ്ക്ക് ഒരു ജനപ്രതിനിധി ശിക്ഷിക്കപ്പെട്ടാൽ അയാളുടെ എംഎൽഎ സ്ഥാനമോ എംപി സ്ഥാനമോ നഷ്ടപ്പെടുമെന്ന് സുപ്രീം കോടതി വിധിപ്രഖ്യാപനമുണ്ടായത് 2013 ജൂലൈ 10−നാണ്. ഈ വിധി വന്നശേഷം ഇതുവരെ ഒന്പത് ജനപ്രതിനിധികൾ മാത്രമാണ് ഈ വിധത്തിൽ അയോഗ്യരാക്കപ്പെട്ടിട്ടുള്ളത്. ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ എംപി റഷീദ് മസൂദ് 2013 സെപ്തംബറിൽ എംബിബിഎസ് സീറ്റ് കുംഭകോണത്തിൽപ്പെട്ട് നാലു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് ഇന്ത്യയിലാദ്യമായി പുതിയ നിയമപ്രകാരം ഒരു ജനപ്രതിനിധിക്ക് എംപി സ്ഥാനം നഷ്ടപ്പെടുന്നത്. കാലിത്തീറ്റ കുംഭകോണത്തിൽപ്പെട്ട ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിനാകട്ടെ അഞ്ചു വർഷത്തെ തടവു ശിക്ഷ ലഭിച്ചതിനെ തുടർന്നാണ് അതേ മാസം തന്നെ ലോക്‌സഭാ എംപി സ്ഥാനം നഷ്ടപ്പെട്ടത്. ആർ ജെഡിയിൽ നിന്നുള്ള ജഗദീശ് ശർമ്മ, ശിവസേനയിലെ ബാബൻ റാവു, ഡിഎംകെയിൽ നിന്നുള്ള ശെൽവഗണപതി, ബിജെപിയിലെ സുരേഷ് ഹൽവാങ്കർ, എഐഎഡിഎംകെ നേതാവും അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ ജയലളിത, ബി.ജെ.പിയിലെ ആശാ റാണി, ഓൾ ഝാർക്കണ്ട് സ്റ്റുഡന്റ്‌സ് യൂണിയന്റെ കമൽ കിഷോർ ഭഗത് തുടങ്ങിയവരാണ് എംഎൽ.എ സ്ഥാനവും എം.പി സ്ഥാനവുമൊക്കെ നഷ്ടപ്പെട്ട മറ്റുചിലർ. ഇതിൽ വരവിൽ കവിഞ്ഞ സ്വത്ത് സന്പാദിച്ചതിന് നാലു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ജയലളിതയെ കർണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതിനെ തുടർന്ന് അവർ വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയായി. അതിനെതിരെയുള്ള അപ്പീൽ സുപ്രീം കോടതിയിൽ നിലനിൽക്കേവയാണ് അവരുടെ ആകസ്മിക മരണം.
2016 മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജയിച്ചുകയറിയ 33 ശതമാനം എംഎൽഎമാരും ക്രിമിനൽ കേസ്സുകൾ നേരിടുന്നവരാണെന്നും ഇവരിൽ ഏറ്റവുമധികം പേർ കേരളത്തിൽ നിന്നുള്ളവരാണെന്നും തിരിച്ചറിയുന്പോഴാണ് നമ്മുടെ സംസ്ഥാനത്തിന്റെ അവസ്ഥ വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഭിന്നമല്ലെന്ന് നമുക്ക് ബോധ്യപ്പെടുക. കേരളത്തിലെ എംഎൽഎമാരിൽ 59 ശതമാനത്തിനെതിരെയും ക്രിമിനൽ കേസ്സുകൾ നിലനിൽക്കുന്നുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രിമിനൽ കേസ്സിൽ പ്രതി ചേർക്കപ്പെട്ട ഏറ്റവുമധികം സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചത് സിപിഎമ്മായിരുന്നു. സിപിഎമ്മിന്റെ മൊത്തം 84 സ്ഥാനാർത്ഥികളിൽ 72 പേർക്കെതിരെയും ക്രിമിനൽ കേസ്സുകളുണ്ട്. തെരഞ്ഞെടുക്കപ്പെട്ട 140 എംഎൽ എമാരിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെ 83 പേർ ക്രിമിനൽ കേസ്സുകളിൽ പ്രതികളാണ്.
ക്രിമിനൽ കേസ്സുകളിൽ വിചാരണ നേരിടുന്ന രാഷ്ട്രീയ നേതാക്കൾ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇപ്പോൾ സുപ്രീം കോടതി. ഇതുസംബന്ധിച്ച് ഫയൽ ചെയ്യപ്പെട്ട നിരവധി പൊതു താൽപര്യ ഹർജികളാണ് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ സുപ്രീം കോടതിയെ പ്രേരിപ്പിക്കുന്നത്. നിലവിലുള്ള നിയമപ്രകാരം ഒരു എംപിയോ എംഎൽഎയോ ഏതെങ്കിലുമൊരു കുറ്റകൃത്യത്തിന് രണ്ടു വർഷത്തിനുമേൽ തടവിന് ശിക്ഷിക്കപ്പെട്ടാൽ അവർ അയോഗ്യരാക്കപ്പെടും. 2013−ൽ ലില്ലി തോമസും കേന്ദ്ര സർക്കാരും തമ്മിലുള്ള കേസ്സിൽ ഇത്തരമൊരു തീരുമാനമുണ്ടാകുന്നതുവരെ ശിക്ഷിക്കപ്പെട്ടവർക്ക് കീഴ്‌കോടതികൾ മുതൽ സുപ്രീം കോടതികൾ വരെ അപ്പീൽ നൽകാൻ അവസരമുണ്ടായിരുന്നുവെന്നതിനു പുറമേ ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പ് ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാൻ അവർക്ക് മൂന്നു മാസം വരെ സമയവും നൽകിയിരുന്നുവെന്നതാണ് രസകരം. എന്തിന്, 2013 ജൂലൈ 10−ന് സുപ്രീം കോടതി ഈ വിധി പ്രഖ്യാപിച്ചതിനെ തുടർന്ന് അത് അട്ടിമറിക്കാൻ അന്നത്തെ നിയമമന്ത്രി കപിൽ സിബൽ രാജ്യസഭയിൽ ജനപ്രാതിനിധ്യനിയമത്തിന് രണ്ടാം ഭേദഗതി കൊണ്ടുവരാൻ ശ്രമിച്ചതും അത് പരാജയപ്പെട്ടപ്പോൾ ബിൽ ഓർഡിനൻസായി പുറത്തിറക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയതുമൊക്കെ ചരിത്രം. സർക്കാരിന്റെ ആ ഓർഡിനൻസ് കീറിപ്പറിച്ച് വലിച്ചെറിയണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ പറയുംവരേയ്ക്കും രാഷ്ട്രീയക്കാരായ കുറ്റവാളികളെ രക്ഷിക്കാനുള്ള സർക്കാരിന്റെ ബിൽ അവതരണ ഭ്രാന്ത് തുടർന്നു.
സുപ്രീംകോടതി വിധി പ്രകാരം അയോഗ്യരാക്കപ്പെട്ട ഒന്പത് ജനപ്രതിനിധികളിൽ രണ്ടു പേർ ശിക്ഷിക്കപ്പെട്ടത് വരവിൽ കവിഞ്ഞ സ്വത്ത് സന്പാദനത്തിനും അഞ്ചുപേർ അയോഗ്യരാക്കപ്പെട്ടത് വിവിധ കുംഭകോണങ്ങളിൽ ശിക്ഷിക്കപ്പെട്ടതിനേയും തുടർന്നാണ്. മധ്യപ്രദേശിൽ നിന്നുള്ള ബിജെപിയുടെ ആശാറാണി വേലക്കാരിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിനും ഝാർക്കണ്ടിൽ നിന്നുള്ള എംഎൽഎയായ കമൽ കിഷോർ കൊലപാതകശ്രമത്തിനുമാണ് ശിക്ഷിക്കപ്പെട്ടത്. കേരളത്തിൽ നിന്നും ഇതുവരേയ്ക്കും ഒരു ജനപ്രതിനിധിയും രണ്ടു വർഷത്തിലേറെ നീണ്ട തടവിന് 2013−നുശേഷം ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും പല ജനപ്രതിനിധികളും നിലവിൽ രണ്ടു വർഷത്തിലേറെ തടവു ശിക്ഷ ലഭിക്കാനിടയുള്ള കുറ്റകൃത്യങ്ങൾക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടവരുെട കൂട്ടത്തിലുണ്ട്. ഇപ്പോൾ വൈദ്യുതി മന്ത്രിയായ ഉടുന്പൻചോല എംഎൽഎ എംഎം മണി കൊലപാതക − ഗൂഢാലോചനാ കുറ്റത്തിന് അന്വേഷണം നേരിടുന്പോൾ കണ്ണൂരിൽ നിന്നുള്ള എംഎൽ എയായ ഇപി ജയരാജൻ ബന്ധു നിയമനക്കേസ്സിൽ വിജിലൻസ് അന്വേഷണം നേരിടുകയാണ്.
അഞ്ച് സംസ്ഥാനങ്ങളിൽ വരുംമാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കേ, ക്രിമിനലുകളായ രാഷ്ട്രീയക്കാർ അധികാരകേന്ദ്രങ്ങളിലേക്ക് എത്തുന്നത് തടയാൻ അടിയന്തരമായി സുപ്രീം കോടതി കടുത്ത കുറ്റകൃത്യങ്ങളിൽ വിചാരണ നേരിടുന്ന രാഷ്ട്രീയക്കാരെ മത്സരിക്കുന്നതിൽ നിന്നും വിലക്കുമോ എന്ന ചർച്ച ചൂടുപിടിച്ചിരിക്കുകയാണ് ഇപ്പോൾ. 2016 മാർച്ചിൽ സുപ്രീം കോടതിയുടെ ഒരു മൂന്നംഗ ബെഞ്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായി വിഷയം അഞ്ചംഗ ബെഞ്ചിലേയ്ക്ക് റഫർ ചെയ്തിരുന്നതാണ്. പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയടക്കം നിരവധി സംഘടനകളും വ്യക്തികളും ക്രിമിനൽ കേസ്സുകളിൽ വിചാരണ നേരിടുന്ന രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് സുപ്രീം കോടതിയിൽ ഹർജികൾ നൽകപ്പെട്ടതിനെ തുടർന്നാണ് സുപ്രീം കോടതി പ്രസ്തുത വിഷയത്തിൽ തീരുമാനമെടുക്കാൻ അഞ്ചംഗ ബെഞ്ചിനെ ചുമതലപ്പെടുത്തിയത്. ഗൗരവതരമാണ് ഈ സാഹചര്യമെന്നും അതിൽ വൈകാതെ തങ്ങൾ തീരുമാനമെടുക്കുമെന്നും ചീഫ് ജസ്റ്റിസ് ജെഎസ് ഖേക്കർ വ്യക്തമാക്കിക്കഴിഞ്ഞു.
കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട രാഷ്ട്രീയ നേതാക്കൾ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ജനപ്രതിനിധികളാകുന്നത് ജനാധിപത്യത്തിനു തന്നെ ഭീഷണിയാകുന്ന സാഹചര്യമാണെന്നു പറയാതെ വയ്യ. ഉദാഹരണത്തിന് അഞ്ചേരി ബേബിയടക്കം പല രാഷ്ട്രീയ എതിരാളികളേയും തങ്ങൾ വകവരുത്തിയെന്ന് പൊതുവേദിയിൽ പ്രസംഗിച്ചതിനെ തുടർന്നാണ് ഇടുക്കിയിലെ സിപിഎം നേതാവായ എംഎം മണിക്കെതിരെ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേസ്സ് രജിസ്റ്റർ ചെയ്യാൻ പോലീസ് നിർബന്ധിതമായത്. മണി ഈ കേസ്സിൽ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ വിടുതൽ ഹർജി കോടതി തള്ളിയ സാഹചര്യത്തിലും മണിയെ മന്ത്രി സ്ഥാനത്തു നിലനിർത്തുകയാണ് ആദർശവും ധാർമ്മികതയും പ്രസംഗിച്ചു നടന്നിരുന്ന സിപിഎം ഇപ്പോൾ. മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദൻ മണിയെ മന്ത്രിസ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത് നൽകിയെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം മണി തൽസ്ഥാനത്ത് തുടരുന്നതിൽ അപാകതയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പൊതുജനസമക്ഷം ഇത്തരമൊരു സമീപനം സിപിഎം സ്വീകരിക്കുന്നത് അവരുടെ മുഖം വികൃതമാകുന്നതിനും പാർട്ടിയോട് ജനത്തിനുള്ള ആഭിമുഖ്യം കുറയുന്നതിനും ഇടയാക്കുമെന്ന കാര്യത്തിൽ രണ്ടു തരമില്ല. അതിനുപുറമേ, ടിപി ചന്ദ്രശേഖരൻ വധക്കേസ്സിലെ പ്രതികൾക്ക് പരോൾ അനുവദിക്കാനുള്ള നീക്കവും സർക്കാർ തലത്തിൽ നടന്നിരുന്നുവെങ്കിലും വാർത്ത പുറത്തായതിനെത്തുടർന്ന് സർക്കാർ അത്തരമൊരു തീരുമാനത്തിൽ നിന്നും പിൻവലിഞ്ഞിരുന്നു.
ദേശീയതലത്തിൽ നോക്കുന്പോൾ നമ്മുടെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്ന വലിയൊരു വിഭാഗം പേർ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്നു കാണാം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബീഹാർ നിയമസഭയിലെ 143 എംഎൽ എമാർ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതിയാക്കപ്പെട്ടവരും അവരിൽ 96 എംഎൽഎമാർ കൊലപാതകവും തട്ടിക്കൊണ്ടുപോകലുമടക്കമുള്ള കേസ്സുകളിൽ വിചാരണ നേരിടുന്നവരുമാണ്. ഒരു നിയമസഭയിലെ 59 ശതമാനം ജനപ്രതിനിധികളും കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളവരാണെങ്കിൽ അവർ ഏതു മട്ടിലുള്ള നിയമനിർമ്മാണമാകും അവിടെ നടത്തുകയെന്നത് ഭീതിയുണർത്തുന്ന കാര്യം തന്നെ. ഉത്തർപ്രദേശിൽ ഇപ്പോൾ മത്സരിക്കാനൊരുങ്ങുന്ന മുൻ മുഖ്യമന്ത്രിയായിരുന്ന മായാവതി വരവിൽ കവിഞ്ഞ സ്വത്ത് സന്പാദിച്ച കേസ്സിലും താജ് ഇടനാഴിക്കേസ്സിൽ അഴിമതിയാരോപണങ്ങളിലും കേസ്സുകളെ നേരിടുന്ന വ്യക്തിയുമാണ്. ലാലു പ്രസാദ് യാദവിന്റേയും അഖിലേഷ് യാദവിന്റേയും മുലായം സിംഗം യാദവിന്റയുമൊന്നും അവസ്ഥ ഭിന്നമല്ല. നിലവിലുള്ള നിയമപ്രകാരം കൊലപാതകം, ബലാൽസംഗം അടക്കമുള്ള കടുത്ത കുറ്റകൃത്യങ്ങൾ നടത്തിയ രാഷ്ട്രീയക്കാർ പോലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് യാതൊരു വിലക്കുമില്ല. കുറ്റകൃത്യത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും ജയിലാക്കപ്പെടുകയും ചെയ്യുന്നപക്ഷവും ഇപ്പോഴത്തെ നിയമപ്രകാരം അവരെ മത്സരിക്കുന്നതിൽ നിന്നും വിലക്കാനാവില്ലെന്നതാണ് ദയനീയമായ കാര്യം. തെരഞ്ഞെടുപ്പ് കമ്മീഷനും ലോ കമ്മീഷനുമൊക്കെ സുപ്രീം കോടതിയിൽ ഇത്തരക്കാരായവരെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളാക്കുന്നതിനെതിരെ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെങ്കിലും ഈ പരാതികളിൽ ഇപ്പോൾ മാത്രമാണ് കർക്കശമായ ഒരു നിലപാട് സ്വീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.
കേരളം, തമിഴ്‌നാട്, ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള രാഷ്ട്രീയപാർട്ടികളാണ് കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെട്ടവരെ കൂടുതലായി സ്ഥാനാർത്ഥികളാക്കി തെരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കുന്നത്. തമിഴ്‌നാട്ടിൽ 2016 മേയ് 16−നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 283 സ്ഥാനാർത്ഥികൾ തങ്ങൾക്കെതിരെ ക്രിമിനൽ കേസ്സുകൾ നിലനിൽക്കുന്നുണ്ടെന്ന് അവർ തന്നെ സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ വ്യക്തമാക്കിയിരുന്നു. അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയും തമിഴ്‌നാട് ഇലക്ഷൻ വാച്ചും തമിഴ്‌നാട്ടിലെ 997 സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ചതിൽ നിന്നും അവരിൽ 157 സ്ഥാനാർത്ഥികൾക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, മോഷണം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ കേസ്സുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൊലപാതകക്കുറ്റം ചുമത്തപ്പെട്ട സ്ഥാനാർത്ഥികളിൽ സിപിഐയുടെ ടി രാമചന്ദ്രനെതിരെ മൂന്നു കൊലപാതകക്കേസ്സുകളുണ്ടായിരുന്നുവെങ്കിൽ ഡിഎംകെയുടെ സ്ഥാനാർത്ഥി കെപിപി സാമിക്കെതിരെ ഒരു കൊലപാതകക്കേസ്സും പിഎംകെയുടെ ഹരിഹരനും കാളിദാസനുമെതിരെ ഓരോരോ കേസ്സുകളും ഡിഎംകെയുടെ പളനിയാണ്ടിക്കെതിരെ ഒരു കേസ്സും ഉണ്ടായിരുന്നു. ഇവരിൽ തിരുവട്ടിയൂരിയൂരിൽ നിന്നുള്ള കെപിപി സാമി നിയമസഭയിേലയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തുവെന്നതാണ് വിരോധാഭാസം. ഒരു രാഷ്ട്രീയ പാർട്ടിയും ക്രിമിനലുകളെ സ്ഥാനാർത്ഥികളാക്കുന്നതിൽ നിന്നും തമിഴ്‌നാട്ടിൽ വിട്ടുനിന്നില്ല. ഡിഎംകെയിൽ നിന്നും 41 പേരും എഐഡിഎംകെയിൽ നിന്നും 26 പേരും പിഎംകെയിൽ നിന്നും 36 പേരും ഡിഎംഡികെയിൽ നിന്നും 18 പേരും ബിജെപിയിൽ നിന്നും 15 പേരും കോൺഗ്രസിൽ നിന്നും എട്ടുപേരും സിപിഎമ്മിൽ നിന്നും മൂന്നുപേരും കടുത്ത കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെട്ടവരായിരുന്നു.
കേരളത്തിന്റെ കാര്യം ദയനീയമാണ്. ഇന്ത്യയിൽ 2016 മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എംഎൽഎമാരായവരിൽ ഏറ്റവുമധികം ക്രിമിനൽ കേസ്സുകളിൽപ്പെട്ടവരുള്ളത് കേരളത്തിൽ നിന്നാണ്. കേരളത്തിൽ നിന്നുള്ള 59 ശതമാനം എംഎൽഎമാർക്കുമെതിരെ ക്രിമിനൽ കേസ്സുകളുണ്ട്. 2011−ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചവരിൽ 42 ശതമാനം മാത്രമായിരുന്നു ക്രിമിനൽ കേസ്സുകളിൽപ്പെട്ടവരെങ്കിൽ 2016−ൽ അത് 59 ശതമാനമായി ഉയർന്നിരിക്കുന്നു. കേരളത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 311 സ്ഥാനാർത്ഥികൾക്കെതിരെ ക്രിമിനൽ കേസ്സുകളുണ്ടായിരുന്നു. ഇതിൽ 138 സ്ഥാനാർത്ഥികൾക്കതിരെ കൊലപാതകം, കൊലപാതകശ്രമം, ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവയാണ് ചുമത്തപ്പെട്ടിരുന്നത്. 4 സ്ഥാനാർത്ഥികൾക്കെതിരെ കൊലപാതകത്തിനും 19 സ്ഥാനാർത്ഥികൾക്കെതിരെ കൊലപാതകശ്രമത്തിനും 11 സ്ഥാനാർത്ഥികൾക്കക്കെതിരെ സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിനും പാറശാലയിൽ നിന്നും മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥിക്കെതിരെ ബലാൽസംഗക്കേസ്സും നിലനിന്നിരുന്നു. ക്രിമിനൽ കുറ്റങ്ങളിലുൾപ്പെട്ട സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചതിൽ സിപിഎമ്മിനായിരുന്നു ഒന്നാം സ്ഥാനം. സിപിഎമ്മിന്റെ 84 സ്ഥാനാർത്ഥികളിൽ 72 പേർക്കുമെതിരെ ക്രിമിനൽ കേസ്സുകളുണ്ടായിരുന്നു. ബിജെപിയിൽ നിന്നുള്ള 97 സ്ഥാനാർത്ഥികളിൽ 37 പേർക്കെതിരെയും കോൺഗ്രസിൽ നിന്നുള്ള 85 സ്ഥാനാർത്ഥികളിൽ 13 പേർക്കെതിരെയും ബിഡിജെഎസ്സിൽ നിന്നുള്ള 36 പേരിൽ 15 പേർക്കതിരെയും സിപിഐയിൽ നിന്നുള്ള 25 പേരിൽ ആറു പേർക്കെതിരെയും മുസ്ലിം ലീഗിൽ നിന്നുള്ള 25 പേർക്കെതിരെയും എസ്ഡി പിഐയിൽ നിന്നുള്ള 80 പേരിൽ 43 പേർക്കതിരെയും ക്രിമിനൽ കേസ്സുകളുണ്ടായിരുന്നു. കൊലപാതകക്കേസ്സിൽപ്പെട്ട എംഎം മണിയെപ്പോലുള്ളവരെ സംരക്ഷിക്കാൻ സിപിഎം കാണിക്കുന്ന ഔത്സക്യത്തിന്റെ രസതന്ത്രം മനസ്സിലാക്കണമെങ്കിൽ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ 83 പേർക്കതിരെ ക്രിമിനൽ കേസ്സുകൾ നിലനിൽക്കുന്നുണ്ടെന്നും നാളെ തങ്ങളും കുഴപ്പത്തിലായേക്കുമെന്ന ഭയമാണ് മണിക്കായി പിന്തുണ നൽകാൻ അവരെ പ്രേരിപ്പിക്കുന്നതെന്നും മനസ്സിലാക്കണം.
എന്നാൽ കേസ്സുകളിൽപ്പെട്ട എല്ലാവരേയും തെരഞ്ഞെടുപ്പിൽ നിന്നും മാറ്റിനിർത്തണമെന്ന അഭിപ്രായം സുപ്രീം കോടതിക്കില്ല. അങ്ങനെ വന്നാൽ സ്ഥാനാർത്ഥികളാകാൻ ഇടയുള്ള രാഷ്ട്രീയനേതാക്കൾക്കെതിരെ കേസ്സുകൾ അനാവശ്യമായി ഫയൽ ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്ന് കോടതിക്കറിയാം. ലോ കമ്മീഷന്റെ 244−ാമത് റിപ്പോർട്ട് പ്രകാരം അഞ്ചു വർഷത്തിലധികം തടവു ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളിലുൽപ്പെട്ടവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കാനാണ് നിർദ്ദേശിക്കുന്നത്. നിലവിൽ ഭരണഘടനയുടെ 102−ാം വകുപ്പനുസരിച്ചും ജനപ്രാതിനിധ്യനിയമം അനുസരിച്ചുമാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ കോടതിക്ക് അയോഗ്യനാക്കാനാകുകയുള്ളു. കടുത്ത കുറ്റകൃത്യങ്ങളിൽ വിചാരണ നേരിടുന്ന രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ടുള്ള നടപടി സുപ്രീം കോടതിയിൽ നിന്നുണ്ടാകുന്നപക്ഷം അത് നമ്മുടെ രാഷ്ട്രീയപാർട്ടികളെ വെട്ടിലാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. പക്ഷേ കൂടുതൽ മെച്ചപ്പെട്ട ഒരു ജനാധിപത്യക്രമത്തിന് അത് വഴിവെയ്ക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല− നാം ക്രിമിനലുകളാൽ ഭരിക്കപ്പെടേണ്ടവരല്ലല്ലോ!