അയോ­ഗ്യതയു­ടെ­ അപാ­രതീ­രങ്ങൾ!


ജെ. ബിന്ദുരാജ്

ഗ്ലീഷിൽ സാഡ് എന്നുവെച്ചാൽ ദുഃഖം എന്നാണ് അർത്ഥം. ചുരുക്കെഴുത്തായി അതേ പേരുള്ള ഒരു രാഷ്ട്രീയപാർട്ടിയുണ്ട് ഇന്ത്യയിൽ. − പഞ്ചാബിലെ ശിരോമണി അകാലി ദൾ (എസ്എഡി). ജനുവരി രണ്ടാം തീയതിയിലെ സുപ്രീം കോടതി വിധി ഈ പാർട്ടിയെ അക്ഷരാർത്ഥത്തിൽ സങ്കടത്തിലാക്കിയിട്ടുണ്ടെന്നുറപ്പ്. സിക്ക് മത സംബന്ധിയായ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന ഈ രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതിയുടെ ഉത്തരവ് ഒരു ഇരുതല മൂർച്ചയുള്ള വാളാണ്. തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളാകുന്നവർ മതം, ജാതി, സമുദായം തുടങ്ങിയവ ഉപയോഗിച്ച് വോട്ട് തേടുന്നതും അവർക്കായി അവരുടെ സമ്മതത്തോടെ മതനേതാക്കൾ ജനങ്ങളോട് അവർക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നതും അവരെ അയോഗ്യരാക്കാൻ പോന്ന അഴിമതിയും കുറ്റകൃത്യവുമാണെന്ന് സുപ്രീം കോടതി വിധിച്ചത് സാഡിന്റെ നിലനിൽപ്പിനെ തന്നെ നേരിട്ട് ബാധിക്കുന്ന സംഗതിയാണ്. സിക്ക് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയേയും ഗുരുദ്വാരകളേയും വോട്ടുറപ്പിക്കുന്നതിനുള്ള ഇടങ്ങളാക്കി മാറ്റിയിട്ടുള്ള ശിരോമണി അകാലിദളിനെപ്പോലെയും ദളിത് വോട്ടുകളിൽ അഭിരമിക്കുന്ന മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയെപ്പോലുമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും സംബന്ധിച്ചിടത്തോളം ജനപ്രാതിനിധ്യ നിയമത്തി‌ലെ 123 (3) വകുപ്പിന്റെ കോടതി വ്യാഖ്യാനം സമകാലിക രാഷ്ട്രീയത്തിൽ കല്ലുകടികൾ പലതുമുണ്ടാക്കിയേക്കും. മതം, ജാതി, വർണ്ണം, സമുദായം, ഭാഷ എന്നിവ ഉന്നയിച്ച് വോട്ട് ചോദിക്കുന്നത് കർശനമായി വിലക്കുന്ന ഈ വകുപ്പ് ഇതുവരേയും സ്ഥാനാർത്ഥികളുടേയും അവരുടെ പ്രതിനിധികളുടേയും മാത്രം മതവും ജാതിയുമൊക്കെയാണ് ഉദ്ദേശിച്ചിരുന്നതെന്നാണ് കോടതി പറ

ഞ്ഞുെവച്ചിരുന്നത്. പക്ഷേ പുതിയ വിധിന്യായത്തോടെ മതവും ജാതിയും ഉപയോഗിച്ച് വോട്ടുതേടുന്ന എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അത് തിരിച്ചടിയായി മാറിയേക്കാം. പ്രത്യേകിച്ചും പലരുടേയും പ്രഖ്യാപിത പ്രത്യയശാസ്ത്രം തന്നെ മതപൂരിതലായനികളായതിനാൽ!.

മതവും ജാതിയും തെരഞ്ഞെടുപ്പിൽ വോട്ടുതേടാനും വോട്ടർമാരെ വലിയ തോതിൽ സ്വാധീനിക്കാനുമുള്ള ഉപാധികളാക്കി രാഷ്ട്രീയപാർട്ടികൾ ഇന്ത്യയിൽ മാറ്റിയിട്ടുണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. ഏതു മതക്കാരോ ജാതിക്കാരോ ആണ് ഒരു പ്രദേശത്ത് ഭൂരിപക്ഷമെന്നു നോക്കി അവിടെ ആ ജാതിയിലോ മതത്തിലോ സമുദായത്തിലോ പെട്ട വ്യക്തിയെ സ്ഥാനാർത്ഥിയായി നിശ്ചയിക്കുന്നത് ഇന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും സാധാരണ കാര്യമെന്ന പോലെയാണ് ചെയ്യുന്നത്. മത −ജാതി− സമുദായ നേതാക്കളാകട്ടെ ഈ അവസരം അവർക്കും അവരുടെ സമുദായത്തിനും ഗുണം കിട്ടുന്നതിനായി കാലങ്ങളായി ഈ ജനാധിപത്യരാജ്യത്ത് ചൂഷണം ചെയ്തുകൊണ്ടിരിക്കുകയുമാണ്. നായരും നാടാരും ഈഴവനും ലത്തീൻ കത്തോലിക്കനും മുസ്ലിമുമെല്ലാം അവരുടെ ഐഡന്റിറ്റിയിൽ അഭിരമിച്ചുകൊണ്ട് വിവിധ മണ്ധലങ്ങളിൽ മത്സരിക്കുന്ന കാഴ്ച ഏതു തെരഞ്ഞെടുപ്പിലാണ് നാം കാണാത്തത്? പ്രദേശത്തെ മൂല്യവത്തും ജയസാധ്യതയുമുള്ള പ്രവർത്തകരെ ഒഴിവാക്കിക്കൊണ്ട്,  മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥിയെ ഇറക്കുമതി ചെയ്യുന്നതും മതസ്വാധീനത്തിന്റെ അളവുകോലിൽ തങ്ങൾ ഒട്ടും പിന്നാക്കം പോകാതിരിക്കാൻ രാഷ്ട്രീയക്കാർ ആരാധനാലയങ്ങളുടേയും സമുദായനേതാക്കളുടെ വീടുകളുടേയും സമുദായ സംഘടനകളുടെ ഓഫീസുകളുടേയും തിണ്ണ നിരങ്ങുന്നതുമൊക്കെ തെരഞ്ഞെടുപ്പുകാലത്ത് ഏവരും കാണുന്ന കാഴ്ചകൾ മാത്രം. രാഷ്ട്രീയത്തിൽ മതാധിപത്യം പല മട്ടിലാണ് കൊയ്ത്ത് നടത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചു കിട്ടുന്നതിൽ മാത്രം ഒതുങ്ങതല്ല ആ ആനുകൂല്യങ്ങൾ. സർക്കാർ സംവിധാനത്തിലെ വിവിധ ബോർഡുകളുടെ അധ്യക്ഷസ്ഥാനം മുതൽ ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനം വരെ നീളുന്നു അവ. സർക്കാർ മതസ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതും അവർക്കാവശ്യമായ കാര്യങ്ങളിൽ വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നതുമെല്ലാം വോട്ടിന്റെ പുറത്തുള്ള പ്രത്യുപകാരങ്ങളായാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. 

സ്ഥാനാർത്ഥിയുടെ അനുവാദത്തോടെ അയാളുടെ മതമോ ജാതിയോ വർഗമോ സമുദായമോ ഭാഷയോ മുൻനിർത്തി ഏജന്റോ മറ്റാരെങ്കിലുമോ അയാൾക്കായി വോട്ടു ചോദിക്കുന്നത് അഴിമതിയാണെന്നും സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ അത് ധാരാളമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിധിന്യായത്തിലെ പ്രധാന ഭാഗം. ആ അഭ്യർത്ഥന സ്ഥാനാർത്ഥിയുടെ അനുവാദത്തോടെയാണെന്ന് കണ്ടെത്തുന്നപക്ഷം സ്ഥാനാർത്ഥി അയോഗ്യനാക്കപ്പെടും. ഒറ്റനോട്ടത്തിൽ അതിഗംഭീരമെന്നു തോന്നാവുന്ന വിധിന്യായമാണത്. പക്ഷേ പഴുതുകൾ പലതുമുണ്ട് അതിൽ. സ്ഥാനാർത്ഥിയുടെ അനുവാദത്തോടെയാണ് മതനേതാവ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്ന് തെളിയിക്കുക പക്ഷേ അത്ര എളുപ്പമുള്ള കാര്യമാകില്ലെന്നതാണ്‌ ഒന്നാമത്തേത്. മാത്രവുമല്ല ഇതു സംബന്ധിച്ച് കാലങ്ങളോളം തുടരുന്ന നിയമപോരാട്ടം സഭാംഗത്വത്തിന്റെ കാലാവധി അവസാനിച്ചശേഷവും മുന്നോട്ടു പോകുകയും ചെയ്യും. അതിനർത്ഥം നിയമം അതിന്റെ ലക്ഷ്യപ്രാപ്തിയിൽ എത്തുന്നില്ലെന്നു തന്നെയാണ്. മഹാരാഷ്ട്രയിൽ മതാടിസ്ഥാനത്തിൽ വോട്ട് അഭ്യർത്ഥിച്ചതിന്റെ പേരിൽ തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെട്ട ബിജെപി നേതാവ് അഭിരാംസിങ് 1992−ൽ സമർപ്പിച്ച അപ്പീലും മറ്റ് നിരവധി പൊതുതാൽപ്പര്യഹർജികളും പരിഗണിച്ചാണ് സുപ്രീം കോടതി ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പ് വിശകലനത്തിന് വിധേയമാക്കിയത്. അഭിരാമിന്റെ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് വിജയം മുംബൈ ഹൈക്കോടതി കോടതി ജനപ്രാതിനിധ്യനിയമം ലംഘിച്ചുവെന്ന് ആരോപിച്ച് റദ്ദാക്കിയിരുന്നു. ഈ കേസ്സിൽ അപ്പീൽ പരിഗണിച്ച മൂന്നംഗ ബെഞ്ചാണ് 1992 ഏപ്രിലിൽ ജനപ്രാതിനിധ്യ നിയമത്തിലെ 123(3) വകുപ്പിൽ വ്യക്തത വരുത്താൻ ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്തത്.  ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായുള്ള ഏഴംഗ ഭരണഘടനാബെഞ്ചാണ് സുപ്രധാനമായ ഈ വിധി പ്രഖ്യാപനം നടത്തിയത്. നേരത്തെ 1995−ൽ ജസ്റ്റിസ് ജെ.എസ് വർമ്മ ഹിന്ദുത്വ ഒരു ജീവിതചര്യയാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകയായ ടീസ്റ്റ സെതൽവാദ് നൽകിയ ഹർജിയും ഈ ബെഞ്ച് പരിശോധിച്ചിരുന്നുവെന്നതാണ് രസകരമായ കാര്യം. മതനേതാക്കൾ ജനങ്ങളോട് തങ്ങളുടെ സമുദായത്തിൽപ്പെട്ടവർക്കായി വോട്ട് അഭ്യർത്ഥിക്കുന്നത് ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണോയെന്ന കാര്യം പരിഗണിക്കണമെന്നും ഹിന്ദുത്വ ഒരു മതമല്ലെന്നും ഒരു ജീവിതചര്യയാണെന്നുമായിരുന്നു അന്നത്തെ വിധി. പുതിയ വിധിന്യായത്തിലും ഹിന്ദുത്വയെ പുനർവിശകലനം ചെയ്യാൻ ന്യായാധിപന്മാർ മുതിർന്നിട്ടില്ലെന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.

ഹിന്ദുത്വയെക്കുറിച്ചുള്ള ഈ ചോദ്യം ആദ്യം ഉയർന്നത് 1987ൽ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേനാ നേതാക്കൾ ഹിന്ദുത്വ പ്രചാരണം നടത്തിയതിനെതിരെ സമർപ്പിച്ച ഹർജിയോടെയാണ്. മുംബൈയിലെ ശിവസേനാ സ്ഥാനാർഥി മഹാരമേശ് യശ്വന്ത് പ്രഭുവിനു വേണ്ടി നടത്തിയ പ്രചാരണങ്ങളിൽ ബാൽ താക്കറെയും മനോഹർ ജോഷിയും നടത്തിയ വർഗീയ പ്രസംഗങ്ങളാണ് ഈ കേസ്സിന് ആധാരമായി തീർന്നത്. മുംബൈയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ഹിന്ദുത്വത്തിന്റെ സംരക്ഷണത്തിനാണെന്നും  അതിനാൽ മുസ്ലിംകളുടെ വോട്ടിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നും ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും ആരെങ്കിലും ഹിന്ദുക്കൾക്കെതിരെ നിലകൊണ്ടാൽ അവർ ഇവിടം വിട്ടുപോകേണ്ടി വരുമെന്നുമായിരുന്നു താക്കറെയുടെ അന്നത്തെ പ്രസംഗം. ആദ്യത്തെ ഹിന്ദുരാഷ്ട്രം മഹാരാഷ്ട്രയിൽ സ്ഥാപിക്കുമെന്നായിരുന്നു മനോഹർ ജോഷിയുടെ പ്രസംഗം. ബാൽ താക്കറെയും മനോഹർ ജോഷിയും തെരഞ്ഞെടുപ്പിലെ അഴിമതിക്കെതിരെയുള്ള ജന പ്രാതിനിധ്യ നിയമത്തിന്റെ 123(3) വകുപ്പ് ലഘിച്ചുവെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ ബോംബെ ഹൈക്കോടതി ശിവസേനാ നേതാവിന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കുകയുണ്ടാെയങ്കിലും ഈ വിധിക്കെതിരെ ശിവസേന സമർപ്പിച്ച അപ്പീലിൽ വാദം കേട്ട  ജസ്റ്റിസ് ജെ.എസ് വർമ്മ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഹിന്ദുത്വവാദികൾക്ക് അനുകൂലമായ വിധിപ്രസ്താവനയാണ് നടത്തിയത്. ബാൽ താക്കറെയും മുരളി മനോഹർ ജോഷിയും നടത്തിയ പ്രസംഗങ്ങൾ മതത്തിന്റെ പേരിലുള്ള വോട്ടുപിടിത്തം അല്ലെന്നും ഹിന്ദുത്വത്തിന്റെ പേരിലായിരുന്നുവെന്നും ഹിന്ദുത്വമെന്നത് ഒരു ജീവിതചര്യയാണെന്നും അത് ഭാരതീയ സംസ്‌കാരമാണെന്നും മറിച്ച് ഹിന്ദുമതമല്ലെന്നുമാണ് വിധിയിൽ ജെ.എസ് വർമ്മ വിശദീകരിച്ചത്. ഹിന്ദുത്വവാദികൾക്കും ഹിന്ദുരാഷ്ട്രവാദികൾക്കും കുറെക്കാലമായി തുറുപ്പുശീട്ടായി നിൽക്കുന്നത് ജസ്റ്റിസ് വർമ്മയുടെ ഈ വിധിന്യായമാണ്. രാഷ്ട്രീയമായി ഹിന്ദുത്വ അഥവാ ഹൈന്ദവത ഇന്ന് ബിജെപിയുടേയും മറ്റ് ഹൈന്ദവ സംഘടനകളുടേയും രാഷ്ട്രീയ പ്രചാരണായുധമായതിനാൽ ഹിന്ദുത്വയെ കേവലം ഒരു ജീവിതചര്യയായി മാത്രം നോക്കിക്കാണുന്ന കോടതി നിലപാട് അംഗീകരിക്കാനാകുന്നതല്ലെന്നതാണ് വാസ്തവം. രാമക്ഷേത്രമെന്ന മുദ്രാവാക്യമുയർത്തി അധികാരത്തിലേക്കുള്ള ആദ്യ ചുവടുവയ്പുകൾ നടത്തിയ ബിജെപി ഹിന്ദുരാഷ്ട്രവാദത്തിൽ മുറുകെ പിടിച്ചുകൊണ്ടാണ് ഇന്ത്യയിൽ മതപരമായ വിദ്വേഷതരംഗത്തിന് നാന്ദി കുറിച്ചതെന്നത് ആർക്കാണ് അറിയാത്തത്? ഹിന്ദുത്വ ഒരു മതമല്ലെന്നും ജീവിതരീതിയാണെന്നുമൊക്കെ സമർത്ഥിക്കുന്നത്  രാഷ്ട്രീയമായി അംഗീകരിക്കാനാകുന്ന ഒന്നല്ലെന്ന് അതിന്റെ പ്രയോഗത്തിലൂടെ തന്നെ ബിജെപിയും ഹിന്ദുത്വവാദികളും തെളിയിച്ചുകൊണ്ടിരിക്കുന്നതുമാണ്. അങ്ങനെ നോക്കുന്പോൾ പുതിയ വിധിന്യായത്തിലും ഹിന്ദുത്വയെ ജീവിതചര്യയാക്കി മാത്രം കണക്കാക്കുന്ന സുപ്രീം കോടതിയുടെ നിലപാട് സ്വാഗതാർഹമല്ല. രാഷ്ട്രീയ ഹിന്ദുത്വയെ കോടതി കണ്ടില്ലെന്ന് നടിക്കുന്നത് ഹിന്ദുത്വവാദികൾക്ക് മേൽക്കൈ നേടിക്കൊടുക്കാൻ ഇടയാക്കുകയും ചെയ്യും. 

ഇനി നമുക്ക് നമ്മുടെ രാഷ്ട്രീയപാർട്ടികളുടെ മത−ജാതി വൈവിധ്യത്തെപ്പറ്റി നോക്കാം. ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അടിത്തറ തന്നെ ജാതിമത സമുദായ ശക്തികളാണെന്ന് ആർക്കാണറിയാത്തത്? ദലിത് സംഘടനകൾ പലതും സാമൂഹ്യവിവേചനത്തിന്റേയും അനീതിയുടേയും വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പുകളെ സാമൂഹ്യനീതിക്കായുള്ള പോരാട്ടമാക്കി മാറ്റുന്നതെങ്കിൽ അവരിൽ നിന്നും തീർത്തും ഭിന്നമാണ് മുഖ്യധാരാ പാർട്ടികളുടെ അവസ്ഥ. അവർ സാമൂഹ്യനീതിക്കായുള്ള ചർച്ചകളിൽ ജാതി മത വർഗ്ഗ സംബന്ധിയായ വിഷയങ്ങൾ ഉന്നയിക്കാറുണ്ടെങ്കിലും പൊതുവേ ജാതിമത പ്രീണനത്തിനായുള്ള ഏർപ്പാടുകളായി അവ അധഃപതിക്കുകയാണ് സാധാരണ രീതി. ദളിത് സമൂഹത്തിൽ നിന്നും അനീതിക്കെതിരെ ഉയരുന്ന ശബ്ദങ്ങളേയും മുഖ്യധാരാ പാർട്ടികളിൽ നിന്നും തെരഞ്ഞെടുപ്പ് മാത്രം മുൻനിർത്തി ഉയരുന്ന ശബ്ദങ്ങളേയും വിവേചിച്ചു കാണേണ്ടതിന്റെ അനിവാര്യതയിലേക്കാണത് വിരൽ ചൂണ്ടുന്നത്. വോട്ടുബാങ്ക്  സൃഷ്ടിക്കുന്നതിന്റെ ഭാഗമായുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദളിത് സ്‌നേഹം വേറെ; ദളിത് സമൂഹത്തിൽ നിന്നുള്ള യഥാർത്ഥ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള മുറവിളികൾ വേറെ. താഴെത്തട്ടിലുള്ള തങ്ങളുടെ സമുദായത്തിന്റെ ഉന്നമനത്തിനായി ബദൽ മാർഗ്ഗങ്ങൾ തേടുന്ന ദളിത് പ്രസ്ഥാനങ്ങൾക്കും അവരുെട രാഷ്ട്രീയ മുന്നേറ്റങ്ങൾക്കുമെതിരെ മുഖ്യധാരാ പാർട്ടികൾ പരാതികൾ നൽകാനിടയാക്കുന്ന ഒരു സാഹചര്യം ഈ വിധിന്യായത്തെ തുടർന്ന് ഉണ്ടാകാനുള്ള സാധ്യതയും കാണാതിരുന്നു കൂടാ.  

കേന്ദ്ര സർക്കാരിന്റെ കൈവശമുള്ള കണക്കുകൾ പ്രകാരം ഹിന്ദു മതത്തിൽ 26 ശതമാനം സവർണജാതിക്കാരും 43 ശതമാനം ഒബിസികളും 22 ശതമാനം പട്ടികജാതിക്കാരും 9 ശതമാനം പട്ടിക വർഗക്കാരുമാണുള്ളത്. ഇന്ത്യയുടെ ജാതി പ്രീണനത്തിന്റെ കണക്കെടുക്കുകയാണെങ്കിൽ ന്യൂനപക്ഷങ്ങളെ മാറ്റിനിർത്തിക്കൊണ്ടു ചിന്തിച്ചാൽ ജാതി അടിസ്ഥാനത്തിലുള്ള വിവിധ സംഘടനകൾ ഇന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇന്ത്യയിൽ സജീവമാണെന്നു കാണാം. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ജാതിരാഷ്ട്രീയത്തിൽ ഇന്ത്യയിൽ ഒരു മാറ്റത്തിന് നാന്ദി കുറിക്കുന്നത്. രാജ്യത്ത് ജാതി അടിസ്ഥാനത്തിലുള്ള പാർട്ടികൾ പ്രാദേശികതലത്തിൽ ശക്തി പ്രാപിക്കുകയും അധികാരം അവരുടെ കൈകളിലേക്ക് എത്തുകയും ചെയ്ത് കോൺഗ്രസ് പോലുള്ള രാഷ്ട്രീയ പാർട്ടികളുടെ പരന്പരാഗത വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കി. എന്നാൽ അതിനൊക്കെ വളരെക്കാലം മുന്പ് 1951ലെ തെരഞ്ഞെടുപ്പിൽ തന്നെ കോൺഗ്രസിനെതിരെ ഹിന്ദു മഹാസഭയും ഭാരതീയ ജനസംഘും രാംരാജ്യപരിഷത്തും ഹിന്ദുവോട്ടുകൾ സമാഹരിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും അത് പരാജയപ്പെട്ടിരുന്നു. എന്നാൽ ഭാരതീയ ജനസംഘിൽ നിന്നും പിറവികൊണ്ട ബിജെ പി, ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള വിദ്വേഷം മുതലെടുക്കാനും വോട്ടാക്കി മാറ്റാനുമുള്ള നീക്കങ്ങളാണ് പിന്നീട് നടത്തിയത്. അതിലവർ വിജയിക്കുകയും ചെയ്തു. രാമജന്മഭൂമി വിവാദവും ബാബറി മസ്ജിദ് തകർക്കലും ഗുജറാത്ത് കലാപവുമെല്ലാം അവരുടെ വളർച്ചയ്ക്ക് ഉപയോഗിക്കപ്പെട്ടു. വിദ്വേഷത്തിന്റെ ഹിന്ദുത്വ രാഷ്ട്രീയം അതിവിദഗ്ദ്ധമായി അവർ ഇന്ത്യയിൽ നടപ്പാക്കി. മറുവശത്ത്  കാൻഷിറാമിന്റെ നേതൃത്വത്തിൽ തുടങ്ങിയ ബഹുജൻ സമാജ്‌വാദി പാർട്ടി സവർണജാതിക്കാർക്കെതിരെ പട്ടികജാതിക്കാരേയും മുസ്ലിംകളേയും ഒപ്പം ചേർക്കാനാണ് ശ്രമിച്ചത്. ജനതാദളും അതേ ഫോർമുല തന്നെ സ്വീകരിച്ചു. തെന്നിന്ത്യയിൽ തമിഴ്‌നാട്ടിൽ തേവർ, വണ്ണിയർ, ഗൗണ്ടർ സമുദായങ്ങൾ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റേയും ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റേയും പ്രധാന വോട്ടുബാങ്കുകളായപ്പോൾ ഉത്തരപ്രദേശിൽ ദളിതരും മുസ്ലിംകളും മായാവതിയുടെ ബിഎസ്പിക്കൊപ്പവും യാദവർ മുലായം സിംഗിന്റെ സമാജ്്വാദി പാർട്ടിക്കൊപ്പവും നിലകൊണ്ടു. കർണാടകത്തിൽ ഗൗഡകളും ലിംഗായത്തുകളും മുഖ്യ വോട്ടു സ്വാധീന ജാതികളായി മാറിയപ്പോൾ പഞ്ചാബിൽ ജാട്ട് സിക്കുകളാണ് അകാലിദളിന്റെ അടിത്തറയായി മാറിയത്. 1979ൽ ജനതാപാർട്ടിയുടെ ഭരണസമയത്ത് പിന്നാക്ക ജാതിക്കാരുടെ അവസ്ഥ പഠിക്കാൻ നിയമിക്കപ്പെട്ട മണ്ധൽ കമ്മീഷന്റെ റിപ്പോർട്ട് 1989ൽ വിപി സിംഗ് സർക്കാർ നടപ്പാക്കാൻ ശ്രമിച്ചപ്പോഴുണ്ടായ സവർണജാതിക്കാരുടെ പ്രതിഷേധങ്ങളും നാം കണ്ടതാണല്ലോ. ജാതി എത്രത്തോളം ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നുവെന്നും രാഷ്ട്രീയ പാർട്ടികൾ എങ്ങനെ ജാതിസമവാക്യങ്ങളിലൂടെ അധികാരം പിടിച്ചെടുക്കുന്നുവെന്നും നാം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.

കേരളത്തിന്റെ അവസ്ഥ പുറമേ നിന്നു നോക്കുന്പോൾ ഈ സംസ്ഥാനങ്ങളെ അപേക്ഷിച്ചുനോക്കുന്പോൾ കുറെക്കൂടി ഭേദപ്പെട്ടതാണെന്ന് തോന്നിയേക്കാം. പക്ഷേ ജാതിമത ശക്തികൾ കേരള രാഷ്ട്രീയത്തെ സ്വാധീനിക്കാൻ തുടങ്ങിയതിന്റെ ചരിത്രം വിമോചനസമരത്തിൽ തന്നെ തുടങ്ങുന്നുണ്ട്. ജനാധിപത്യരീതിയിൽ ലോകത്തിലാദ്യമായി തെരെഞ്ഞടുക്കപ്പെട്ട ഒരു കമ്യൂണിസ്റ്റ് സർക്കാരിനെ ക്രൈസ്തവ സഭയും നായർ പ്രമാണികളും ചേർന്ന് വിമോചന സമരത്തിലൂടെ അടിപറ്റിച്ചത് സമുദായനേതാക്കൾക്ക് രാഷ്ട്രീയ ഇടപെടലുകൾക്കും രാഷ്ട്രീയ  തിരുത്തലുകൾക്കും ഇട നൽകാൻ പിന്നീട് കാരണമായി എന്നത് സത്യമാണ്. സമകാലിക കേരളത്തിൽ കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, വയനാട്ടിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമാണ് ക്രൈസ്തവ സമൂഹം (18.38 ശതമാനം) വെച്ചുപുലർത്തുന്നത്. ഇവിടങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയം പൂർണ്ണമായി തന്നെ മതാടിസ്ഥാനത്തിലും സമുദായ വിഭാഗങ്ങളേയും അടിസ്ഥാനമാക്കിയുള്ളതായി മാറിയിരിക്കുന്നു. ഏത് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ മത്സരിക്കണമെന്ന കാര്യത്തിൽ മതമേലധ്യക്ഷന്മാരും രാഷ്ട്രീയക്കാരും തമ്മിൽ കൂടിയാലോചനകൾ നടക്കുന്നതും തങ്ങൾക്ക് വേണ്ടപ്പെട്ടയാളെ സ്ഥാനാർത്ഥിയായി എത്തിക്കുന്നതുമെല്ലാം അരമനരഹസ്യങ്ങൾ മാത്രം. സ്ഥാനാർത്ഥികളെ തള്ളാനും കൊള്ളാനുമൊക്കെ ഈ മതപ്രമാണിമാർക്ക് കഴിയുമെന്നു വന്നതോടെ ഇരു മുന്നണികളിലേയും സ്ഥാനാർത്ഥി മോഹികൾ അവരുടെ അരുമകളായി മാറാൻ ശ്രമിക്കുന്നത് സ്വാഭാവികമായ കാര്യം മാത്രമാണല്ലോ. മുസ്ലിംകളുടെ അവസ്ഥയും ഭിന്നമല്ല. കേരളത്തിലെ ജനസംഖ്യയുടെ 26.56 ശതമാനം വരുന്ന ഈ വിഭാഗത്തിന്റെ വോട്ടുബാങ്ക് രാഷ്ട്രീയം കാലങ്ങളായി വലിയ തോതിൽ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് പാണക്കാട്ടെ തങ്ങൾ കുടുംബമാണ്.  ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷസ്ഥാനത്ത് സമുദായത്തിന്റെ ആത്മീയാചാര്യന്മാരുെട സ്ഥാനത്തു നിലകൊള്ളുന്ന തങ്ങൾ കുടുംബമാണ് ആധിപത്യം പുലർത്തുന്നത്. എന്നാൽ ബാബറി മസ്ജിദിന്റെ തകർച്ചയ്ക്കുശേഷം മുസ്ലിംകളെ സംരക്ഷിക്കാനുള്ള ശേഷി മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്കൊപ്പം അധികാരം പങ്കിടുന്ന മുസ്ലിം ലീഗിനില്ലെന്ന പ്രചാരണം ശക്തമായതോടെ മറ്റ് മത സംഘടനകളും ആ വിടവിൽ തങ്ങളുടെ സ്ഥാനമുറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.  പോപ്പുലർ ഫ്രണ്ടിന്റെ എസ്ഡിപി ഐ, ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പിറവി മുസ്ലിംകൾക്കിടയിൽ ശക്തിപ്പെടുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. എന്നിരുന്നാലും മതേതര പാർട്ടിയെന്ന വിശേഷണം സിദ്ധിച്ചിട്ടുള്ള മുസ്ലിം ലീഗ് തന്നെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മുസ്ലിം സമൂഹത്തിൽ ഇന്നും മുന്നിട്ടു നിൽക്കുന്നത്. അതേപോലെ, സംസ്ഥാനത്ത് 14.5 ശതമാനം വരുന്ന നായർ സമുദായം എൻഎസ്എസിന്റെ മേൽനോട്ടത്തിൽ 1980കളിൽ നാഷണൽ ഡമോക്രാറ്റിക് പാർട്ടിയെന്ന പേരിൽ പാർട്ടി രൂപീകരിച്ചെങ്കിലും 1994ൽ ആ പാർട്ടി പിരിച്ചുവിടപ്പെടുകയാണുണ്ടായത്. പാർട്ടി കൊണ്ട് സമുദായത്തിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് അവർ അന്നു നടത്തിയത്. ഇന്ന് നായർ സർവീസ് സൊസൈറ്റി എന്ന നായർ സമുദായ സംഘടന രാഷ്ട്രീയ ഗോദയിൽ സമദൂരസിദ്ധാന്തത്തിലൂടെ മൂന്നു മുന്നണികളിൽ ഒരുപോലെ ഗുണഫലങ്ങൾ നേടിയെടുക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തിവരുന്നത്. മറ്റൊരു പ്രബല ജാതി വിഭാഗം ഈഴവരുടേതാണ്. കേരളത്തിലെ ജനസംഖ്യയുടെ 23 ശതമാനത്തോളം വരുന്ന ഈഴവ സമുദായം പരന്പരാഗതമായി കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറയായിരുന്നുവെങ്കിലും വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ബിഡിജെഎസിന്റെ പിറവിയോടെ ഈഴവരിൽ ചെറിയൊരു വിഭാഗം പേർ ബിജെപിക്കു പിന്നാലെ നീങ്ങിയിരിക്കുന്നു. പുലയസമുദായ സംഘടനയായ കെപിഎംഎസ്സിന്റെ ബാബു വിഭാഗവും ബിജെപിയ്‌ക്കൊപ്പം തന്നെ.

ഇതിൽ നിന്നൊക്കെ ഒരു കാര്യം വ്യക്തം. ജാതി മതാടിസ്ഥാനത്തിലുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിന്നോ ജാതിമത ശക്തികളുടെ പിന്തുണ തേടാതെയോ ഒരു തെരഞ്ഞെടുപ്പ് സാധ്യമാക്കണമെന്ന സുപ്രീം കോടതിയുടെ പുതിയ വിധിന്യായം വലിയ പല സംശയങ്ങൾക്കുമാണ് ഇട നൽകിയിരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികെള നിർണയിക്കുന്നതിൽ നിന്നും എന്തായാലും ഈ വിധിന്യായം കൊണ്ടു മാത്രം രാഷ്ട്രീയ പാർട്ടികൾ പിന്നാക്കം പോകാനിടയില്ല. ജാതിമതശക്തികളാകട്ടെ പുതിയ വിധിയുടെ പശ്ചാത്തലത്തിൽ തങ്ങളുടെ സമുദായക്കാർക്ക് വോട്ടു തേടാൻ മടിച്ചേക്കുമെന്നത് വാസ്തവമാണ്. എങ്കിലും സ്ഥാനാർത്ഥിയുടെ നിർദ്ദേശപ്രകാരമല്ല ഈ വോട്ടുതേടൽ എന്നവർക്ക് തെളിയിക്കാൻ പ്രയാസമില്ലെന്നിരിക്കേ, ആ ഭയം അൽപായുസ്സു മാത്രമായിരിക്കും. ആരെങ്കിലും പ്രചാരണനടപടികൾ ചോദ്യം ചെയ്താൽ തന്നെയും അത് തർക്കമായി കോടതിയിൽ ദീർഘകാലം നിലകൊള്ളുകയും ഭരണകാലാവധി കഴിയാതെ അതിൽ തീർപ്പ് ഉണ്ടാകുകയില്ലെന്നും അവർ തിരിച്ചറിയുകയും ചെയ്യും.  മതങ്ങളെ പ്രീതിപ്പെടുത്താൻ ഏതുവിധ പ്രീണനത്തിനും തയ്യാറായി നിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾ വോട്ടിനായി തിണ്ണ നിരങ്ങലുകൾ തുടരുകയും ചെയ്‌തേക്കാം.

You might also like

Most Viewed