നീ­തി­നി­ഷേ­ധവും നി­യമലംഘനങ്ങളും


ജെ. ബിന്ദുരാജ് 

കേരളത്തിലെ 11 ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികളിലാരെങ്കിലും ഒരു ചെറിയ വാസകേന്ദ്രം കടൽത്തീരത്ത് കെട്ടിപ്പൊക്കാൻ പഞ്ചായത്തിനോട് അനുമതി ചോദിച്ചാൽ ഉദ്യോഗസ്ഥർ നൂറു ചോദ്യങ്ങൾ അവരോട് ചോദിക്കും. പിന്നെ തകർപ്പൻ പരിശോധനകളാണ്. തീരദേശ പരിപാലന നിയന്ത്രണ ചട്ടങ്ങൾ (സി.ആർ.ഇസഡ്) കൃത്യമായി പാലിച്ചാണോ വീടു നിർമ്മിക്കാൻ പോകുന്നതെന്ന് അറിയുന്നതിനായി അളവെടുപ്പിന് ആളെത്തും. കായലുമായി 50 മീറ്റർ അകലം പാലിക്കണമെന്നും കടലുമായി 200 മീറ്റർ അകലം പാലിക്കണമെന്നും പുഴയുമായി 100 മീറ്റർ അകലം പാലിക്കണമെന്നുമൊക്കെയുള്ള നിബന്ധനകൾ വരുന്പോൾ മിക്കവർക്കും വീടു െവയ്ക്കാനോ പുതുക്കിപ്പണിയാനോ ഉള്ള അനുമതി ലഭിക്കില്ലെന്നുറപ്പ്. പഞ്ചായത്തിൽ നിന്നും ഈ പാവപ്പെട്ട മീൻപിടുത്തക്കാരും തീരദേശവാസികളും അപേക്ഷയുമായി പിന്നെ കേരളാ കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിട്ടിയെ (കെഎസ്സിഇസഡ് എംഎ) സമീപിക്കും. അതോറിട്ടിയുടെ കാര്യത്തിൽ മെല്ലെപ്പോക്ക് നയമാണെന്നതിനാൽ പിന്നെയും ദീർഘകാലമെടുക്കും ചോർന്നൊലിക്കുന്ന തങ്ങളുടെ പുര ഒന്നു പുതുക്കിപ്പണിതെടുക്കാൻ തന്നെ. സമീപകാലത്ത് 1500 ചതുരശ്ര അടിയിൽ താഴെയുള്ള കെട്ടിടങ്ങൾക്ക് അനുമതി നൽകിക്കൊണ്ട് സർക്കാർ സർക്കുലർ പുറത്തിറക്കിയെങ്കിലും അപേക്ഷ നൽകിയ പലരും ഇപ്പോഴും കാത്തിരിപ്പിൽ തന്നെയാണ്.

പക്ഷേ ഇക്കാര്യങ്ങളൊന്നും സിആർഇസഡ് നിയമങ്ങൾ പരസ്യമായി ലംഘിച്ചുകൊണ്ട് 180ൽ അധികം യൂണിറ്റുകളുള്ള ഡിഎൽഎഫിന്റെ അപ്പാർട്ട്മെന്റ് സമുച്ചയം ചിലവന്നൂർ കായൽ പരിസരത്ത് കെട്ടിപ്പൊക്കുന്പോൾ ആരും തിരക്കിയിരുന്നില്ല. ആദ്യം കെട്ടിടം പൊളിക്കണമെന്ന് വിധിന്യായം പുറപ്പെടുവിച്ച ഹൈക്കോടതി തന്നെ ഇപ്പോൾ സിആർഇസഡ് ലംഘനം മൂലമുണ്ടായ പരിസ്ഥിതി നാശത്തിന് കേവലം ഒരു കോടി രൂപ പിഴയിട്ട് ഫ്ളാറ്റ് സമുച്ചയം നിലനിർത്താൻ ഉത്തരവായിരിക്കുന്നു. ഒന്നരക്കോടി രൂപ മുതൽ മൂന്നരക്കോടി രൂപ വരെയായിരുന്നു  ഡി എൽ എഫിന്റെ റിവർസൈഡ് എന്ന ഈ പടുകൂറ്റൻ  ഫ്ളാറ്റ് സമുച്ചയത്തിലെ താമസയിടങ്ങളുടെ വില. പരസ്യമായ  പരിസ്ഥിതി നാശത്തിലൂടെ,  കോടിക്കണക്കിനു രൂപയുടെ കച്ചവടം നടത്തിയ ഒരു ഭീമൻ ഗ്രൂപ്പിന് കേവലം ഒരു കോടി രൂപ പിഴയടച്ചാൽ എല്ലാം ശരിയാകുമെന്ന് കോടതിക്ക് എങ്ങനെയാണ് പറയാനാകുന്നത്? കെട്ടിടം പൊളിച്ചാൽ അത് മലിനീകരണത്തിനിടയാക്കുമെന്ന ആരോപണവിധേയന്റെ വാദം എങ്ങനെയാണ് കോടതിക്ക് മുഖവിലയ്ക്കെടുക്കാനാകുക? അതിനാസ്പദമായ ഏതെങ്കിലും പഠനങ്ങൾ കോടതിക്കു മുന്നിൽ അവർ ഹാജരാക്കിയോ? ഡിഎൽ എഫ് വരുത്തിവെച്ച പരിസ്ഥിതി നാശത്തിന് എങ്ങനെയാണ് യാതൊരു വിലയിരുത്തലുകളും നടത്താതെ ഒരു കോടി രൂപ വിലയിടാൻ കോടതിക്കാകുക? പരിസ്ഥിതി നാശത്തിന്റെ തോത് ഏതു മട്ടിലാണ് അവർ അളന്നത്? പാവപ്പെട്ടവന്റെ കൂരയ്ക്കുപോലും സിആർഇസഡ് ചട്ടങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കപ്പെടുന്പോൾ എങ്ങനെയാണ് കൊച്ചിയുടെ നഗരഹൃദയത്തിൽ സർവ ചട്ടങ്ങളും ലംഘിച്ചുകൊണ്ട് 185 യൂണിറ്റുകളുള്ള ഒരു ഫ്ളാറ്റ് സമുച്ചയത്തിന് ഉയരാനായത്? വൻകിട റിയൽ എേസ്റ്ററ്റ് ഗ്രൂപ്പുകൾക്ക് ഒരു നിയമവും പാവപ്പെട്ട തീരദേശിവാസികൾക്ക് വേറൊരു നിയമവും എങ്ങനെയാണ് കേരളത്തിലുണ്ടായത്?

ഡിഎൽഎഫിന്റെ അനധികൃത അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ കേസ്സിലുണ്ടായ ഹൈക്കോടതി വിധി അപലപനീയമാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല. ഈ വിധിന്യായത്തിനെതിരെ പരാതിക്കാരനായ ചിലവന്നൂർ സ്വദേശി എവി ആന്റണി സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. 2012−ലാണ് ഒരു പൊതുതാൽപര്യ ഹർജിയിലൂടെ ആന്റണി ഈ വിഷയം കോടതിയുടെ മുന്നിലെത്തിച്ചത്. പരിസ്ഥിതിനാശമുണ്ടാക്കുന്നവരെ കേവലം ചെറിയ പിഴ നൽകി വിട്ടയക്കുന്ന രീതി ആശാസ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അങ്ങനെ ചെയ്യുന്നപക്ഷം പരിസ്ഥിതി സംബന്ധിയായി നിയമങ്ങൾ കൂടുതലായി ലംഘിക്കാൻ അത് മറ്റ് റിയൽ എേസ്റ്ററ്റ് ബിസിനസുകാർക്ക് പ്രേരകമാകുമെന്നതാണ് ദയനീയമായ കാര്യം. വേന്പനാട് കായലിൽ വിവിധ റിയൽ എേസ്റ്ററ്റ് ഇടപാടുകാർ നടത്തിയ നിയമലംഘനങ്ങൾക്കെതിരെ സുപ്രീം കോടതി 2013−ലെടുത്ത കേസ്സിൽ കക്ഷി ചേർന്നിട്ടുള്ള വ്യക്തി കൂടിയാണ് ആന്റണി.

ഡിഎൽഎഫ് റിവർസൈഡിന്റെ ഭൂതകാലം ഒന്നു പരിശോധിക്കുന്നതു നന്നായിരിക്കും. ഇൻഫോപാർക്കിനും കിൻഫ്രാ പാർക്കിനും കൊച്ചിൻ എക്സ്പോർട്ട് സോണിനും  സ്മാർട്ട് സിറ്റിക്കും തൊട്ടടുത്ത് അഞ്ച് ഏക്കർ ഭൂമിയിലായി വ്യാപിച്ചു കിടക്കുന്ന അത്യാധുനിക സൗകര്യങ്ങളെല്ലാം തന്നെയുള്ള ഈ സമുച്ചയം സി ആർ ഇസഡ് നിയമങ്ങൾ ലംഘിച്ചുവെന്ന്  2014 ജൂൺ 30ന് അന്നത്തെ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷൺ സർക്കാരിന് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ഈ ഫ്ളാറ്റ് സമുച്ചയങ്ങളുടെ വിൽപ്പനയിടപാടുകൾ പൂർണ്ണമായും നിർത്തിവെച്ചിരുന്നതാണ്. ചിലവന്നൂർ കായൽ കൈയേറിയാണ് ഡിഎൽഎഫ് അപ്പാർട്ട്മെന്റുകൾ നിർമ്മിച്ചതെന്ന പി ശ്രീരാമകൃഷ്ണൻ എംഎൽഎയുടെ 2014 ജൂൺ 18ലെ അടിയന്തരപ്രമേയത്തെ തുടർന്നാണ് അന്നത്തെ ചീഫ് സെക്രട്ടറിയെ ഇതേപ്പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ചത്. ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിലാകട്ടെ ഡിഎൽഎഫിന്റെ നിർമ്മാണം സി ആർ ഇസഡ് ക്ലിയറൻസ് കിട്ടാതെയാണ് ആരംഭിച്ചതെന്നും കെട്ടിടത്തിന്റെ ഒരു ഭാഗം കായലിലേയ്ക്ക് അനധികൃതമായി ഇറങ്ങിക്കിടക്കുന്നുണ്ടെന്നും ഇതുവരേയ്ക്കും പദ്ധതിക്ക് അംഗീകൃത ഏജൻസിയിൽ നിന്നും ക്ലിയറൻസ് ലഭിച്ചിട്ടില്ലാത്തതിനാൽ കെട്ടിടം അനധികൃതമാണെന്നും വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ടിനെ തുടർന്ന്  2014 ഡിസംബർ എട്ടിന് സി ആർ ഇസഡ് ചട്ടങ്ങളുടെ ലംഘനം ആരോപിച്ച് ഈ ഫ്ളാറ്റ് സമുച്ചയം പൊളിച്ചുകളയാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.  ഡി എൽ എഫിന്റെ പാർട്നറിങ് കന്പനിയായ അഡ്‌ലൈ ബിൽഡേഴ്സിന് പ്രദേശത്ത് ഇനി നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നും സി ആർ ഇസഡ് ചട്ടങ്ങൾ ലംഘിച്ച കെട്ടിടം ഉടനടി പൊളിച്ചുനീക്കാൻ കൊച്ചി കോർപ്പറേഷന് നിർദ്ദേശം നൽകുന്നതുമായിരുന്നു ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ളയുടെ ഈ വിധിന്യായം. ഹർജിക്കാരനായ എ വി ആന്റണിയാകട്ടെ ഇതേ തുടർന്ന്, സി ആർ ഇസഡ് ചട്ടങ്ങൾ പാലിക്കാത്ത ഈ പദ്ധതിക്ക് അനുമതി നൽകിയ കൊച്ചി കോർപ്പറേഷനും മരട് മുൻസിപ്പാലിറ്റിക്കുമെതിരെ തൃശൂർ വിജിലൻസ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ആ കേസ്സ് നടന്നുവരികയാണ് ഇപ്പോൾ.

എന്നാൽ ‘’എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് തങ്ങൾ കെട്ടിടം നിർമ്മിച്ചതെന്നാണ്’’ ഡി എൽ എഫിന്റെ വാദം. എന്നാൽ ഹൈക്കോടതി ഉത്തരവിൽ കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിട്ടിയുടെ (കെ സി ഇസഡ് എം എ) നാൽപതാമത്തെ യോഗത്തിൽ സി ആർ ഇസൈഡ് ക്ലിയറൻസ് തങ്ങൾക്ക് ലഭിച്ചുവെന്നാണ് കന്പനി അവകാശപ്പെടുന്നതെങ്കിലും യോഗത്തിന്റെ മിനിട്സ് പറയുന്നത് പദ്ധതി പരിസ്ഥിതി മന്ത്രാലയത്തിന് റഫർ ചെയ്യുന്ന കാര്യം മാത്രമാണെന്നും ഇത്തരത്തിൽ റഫർ ചെയ്യുന്നത് പ്രോജക്ട് അന്തിമമായി അംഗീകരിക്കപ്പെട്ടുവെന്നതിന് തെളിവല്ലെന്നുമാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്സ്പേർട്ട് അപ്രൈസൽ കമ്മിറ്റിയുടെ യോഗത്തിന്റെ മിനിട്സ് പ്രകാരവും പദ്ധതിക്ക് അവർ അംഗീകാരം നൽകിയതായി കാണുന്നില്ലെന്നും കോടതി തിരിച്ചറിഞ്ഞു. ഡിഎൽഎഫിന്റെ പാർട്നറിങ് കന്പനിയായ അഡ്‌ലൈ ബിൽഡേഴ്സ് കെസിഇസൈഡ് എം എയോ പരിസ്ഥിതി മന്ത്രാലയത്തിന്റേയോ സി ആർ ഇസഡ് ക്ലിയറൻസ് നേടിയതായി ഒരു രേഖയും സമർപ്പിച്ചിട്ടില്ലെന്നാണ് കോടതി വിധിയിൽ പറയുന്നത്. എന്നാൽ ഈ വിധിക്കെതിരെ ഡിസംബർ 15ാം തീയതി ഡിഎൽഎഫ് കോടതിയിൽ നൽകിയ അപ്പീലിൽ േസ്റ്ററ്റ് എൻവയൺമെന്റ് ഇംപാക്ട് അസൈസ്മെന്റ് അതോറിട്ടി (എസ്ഇഐഎ എ) പദ്ധതിക്ക് ക്ലിയറൻസ് നൽകിയിട്ടുണ്ടെന്നും 1986ലെ പരിസ്ഥിതി സംരക്ഷണനിയമം അനുസരിച്ച് നിർമ്മിക്കപ്പെട്ട ആ സ്ഥാപനത്തിനാണ് ക്ലിയറൻസ് നൽകാനുള്ള അംഗീകാരമുള്ളതെന്നും വാദിക്കുന്നു. ‘’2011 ഫെബ്രുവരി എട്ടിന് പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിൽ കെ സി ഇസൈഡ് എം എ റെക്കമൻഡേട്ടറി  അതോറിട്ടി മാത്രമാണെന്നും  എസ് ഇ ഐ എ എ ആണ് സി ആർ ഇസഡ് ക്ലിയറൻസ് നൽകുന്നതിൽ അന്തിമ അതോറിട്ടിയെന്നും പറയുന്നുണ്ട്. 2008ൽ പരിസ്ഥിതി ക്ലിയറൻസിനായി അപേക്ഷിക്കുന്പോൾ എസ്ഇ ഐഎഎയോ എസ്ഇഎസിയോ ഇല്ലാതിരുന്നതിനാലാണ് പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള എക്സ്പെർട്ട് അൈപ്രസൽ കമ്മിറ്റിക്ക് അപേക്ഷ നൽകിയ’തെന്ന് അപ്പീലിൽ പറയുന്നു. പക്ഷേ ഈ ന്യായത്തിൽ കഴന്പില്ലെന്ന് പിന്നീട് കോടതിയുടെ പരിശോധനയിലും കണ്ടെത്തപ്പെട്ടതിനാലാണ് ഡിഎൽഎഫിന് പിഴ ചുമത്താൻ കോടതി വിധിയായത്.

സിആർഇസഡ് സോൺ 2നു കീഴിൽ വരുന്നതാണ് ചിലവന്നൂർ പ്രദേശം. തീരം വരെയോ അതിനു തൊട്ടടുത്തു വരെയോ വികസനം നടത്തിയിട്ടുള്ള പ്രദേശങ്ങളാണ് സോൺ രണ്ടിൽ വരുന്നത്.  കേരളത്തിനായുള്ള സിആർഇസഡ് പ്രകാരം കേരളത്തിലെ മുഴുവൻ കായൽ തുരുത്തുകളും സിആർഇസഡ് വിജ്ഞാപനത്തിനു വിധേയമാണെന്നും വേലിയേറ്റ രേഖയിൽ നിന്നും കരയുടെ ഭാഗത്തേയ്ക്ക് 50 മീറ്റർ വീതിയിലുള്ള കായൽ തുരുത്തുകൾ സിആർഇസഡ് പ്രദേശമായിരിക്കുമെന്നും ഇവിടെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും പറയുന്നുണ്ടെന്നിരിക്കേയാണ് ഡിഎൽഎഫ് വികലമായ വാദമുഖങ്ങൾ ഉയർത്തി തങ്ങൾ നടത്തിയ നഗ്‌നമായ നിയമലംഘനം മറച്ചുവെയ്ക്കാൻ നോക്കിയത്.

ഡിഎൽഎഫിന് കേവലം ഒരു കോടി രൂപയുടെ നഷ്ടപരിഹാരം മാത്രം വിധിച്ചുകൊണ്ട് ഹൈക്കോടതിയിൽ നിന്നുണ്ടായ ഇപ്പോഴത്തെ വിധിന്യായം മറ്റു പല നിയമലംഘകർക്കും സന്തോഷത്തിന് വക നൽകിയിട്ടുണ്ട്.  കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ (സിഎജി) 2013−ലെ റിപ്പോർട്ട് പ്രകാരം ചിലവന്നൂർ കായൽ പ്രദേശത്ത് മാത്രം എട്ട് ബിൽഡർമാരുടെ 19 കെട്ടിടങ്ങൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും അനുമതി ലഭിക്കാതെയാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. കെ സി ഇസഡ് എം എ കൊച്ചി കോർപ്പറേഷനെ 13 കെട്ടിട നിർമ്മാതാക്കൾ നടത്തിയ ലംഘനങ്ങളെപ്പറ്റി 2011 ഫെബ്രുവരിയിൽ അറിയിച്ചിട്ടുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോർപ്പേറഷൻ സെക്രട്ടറി ആദ്യം കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് ചട്ടങ്ങൾ പ്രകാരം ലംഘനങ്ങൾ കണ്ടെത്തി അനുമതി നൽകാതിരുന്ന പല കെട്ടിടങ്ങൾക്കും ടാൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പിന്നീട് അനുമതി നൽകിയതായും സിഎജി കണ്ടെത്തിയിട്ടുണ്ട്. കൊച്ചി കോർപ്പറേഷൻ കെസിഇസഡ് എംഎയിൽ സമ്മർദ്ദം ചെലുത്തി അധികൃത കെട്ടിടങ്ങൾക്ക് സിആർഇസഡ് പ്രകാരം അനുമതി നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് അനുവദിച്ചുകൊടുക്കില്ലെന്നാണ് കെ സി ഇസഡ് എം എയുടെ നിലപാട്. വേന്പനാട് കായലിനടുത്തുള്ള 33 കെട്ടിടങ്ങൾ സി ആർ ഇസഡ് ചട്ടങ്ങൾ ലംഘിച്ചതായി കെ സി ഇസഡ് എം എ കണ്ടെത്തിയിട്ടുണ്ടെങ്കിലും സി എ ജിയുടെ റിപ്പോർട്ടിൽ 19 കെട്ടിടങ്ങളുടെ വിവരങ്ങളാണ് പറഞ്ഞിട്ടുള്ളത്. 13 നിലകളുള്ള ഗ്യാലക്സി ഡവലപ്പേഴ്സിന്റെ 4 കെട്ടിടങ്ങൾ, ഡി എൽ എഫിന്റെ 5 ബ്ലോക്കുകളുള്ള ചെലവന്നൂരിലെ റിവർസൈഡ് അപ്പാർട്ട്മെന്റുകൾ, ബ്ലൂ ലഗൂൺ, അബാദ് ലോട്ടസ്, റെയിൻ ട്രീ റെലംസ്, ജുവൽ ഹോംസ്, ഹീര കൺസ്ട്രഷൻസ്, അന്പാടി റിട്രീറ്റ്സ്, പേൾസ് ഗാർഡൻ വ്യൂ എന്നിവയാണ് അതിൽ പ്രധാനം.

വൻകിടക്കാരായ റിയൽ എേസ്റ്ററ്റ് ഗ്രൂപ്പുകാരുടെ കായൽ കൈയേറ്റങ്ങൾക്ക്  രാഷ്ട്രീയക്കാർ വലിയ തോതിൽ ഒത്താശ ചെയ്തു കൊടുക്കുന്നുണ്ടെന്ന് നേരത്തെ തന്നെ നമുക്കറിവുള്ളതാണ്. വേന്പനാട് കായലിലെ സി ആർ ഇസഡ് ലംഘനങ്ങളുടെ കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കാൻ സുപ്രീം കോടതി 2013−ൽ ആവശ്യപ്പെട്ടപ്പോൾ ഭരണപ്രതിപക്ഷ ഭേദമന്യേ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള 15 എം എൽ എമാരും  എട്ട് ക്രിസ്ത്യൻ സഭാ വിഭാഗങ്ങളും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നിവേദനം നൽകിയ കാഴ്ച നാം കണ്ടതാണ്.  ടൂറിസത്തെ ദോഷകരമായി ബാധിക്കാത്ത തരത്തിൽ നിലവിലുള്ള നിയമലംഘനങ്ങൾ അനുവദിച്ചു നൽകണമെന്നും അങ്ങനെയല്ലാത്തപക്ഷം 50,000 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഹോട്ടലുകളും റിസോർട്ടുകളും പൊളിക്കേണ്ടതായി വരുമെന്നുമെന്നുമായിരുന്നു അവരുടെ പരിദേവനം. കോൺഗ്രസിലേയും സിപിഎമ്മിലേയും കേരളാ കോൺഗ്രസ് എമ്മിലേയും ജനതാ ദൾ സെക്യുലറിലേയുമൊക്കെ എംഎൽഎമാർ ഈ നിവേദകസംഘത്തിലുണ്ടായിരുന്നുവെങ്കിലും സംഭവം വിവാദമായതിനെ തുടർന്ന് അവരെല്ലാം തന്നെ തങ്ങളുടെ അറിവില്ലായ്മ മൂലമാണ് നിവേദനത്തിൽ ഒപ്പുവച്ചതെന്ന് പറഞ്ഞ് പിന്നീട് കൈകഴുകുകയായിരുന്നു. വ്യക്തമായ ഒരു അജണ്ട ഈ നിവേദക സംഘത്തിലെ ജനപ്രതിനിധികൾക്കുണ്ടായിരുന്നുവെന്ന് തീർച്ച. വേന്പനാട് കായലിലെ രണ്ട് ദ്വീപുകളായ വെറ്റിലത്തുരുത്തിലേയും നെടിയംതുരുത്തിലേയും രണ്ട് അനധികൃത റിസോർട്ട് സമുച്ചയങ്ങൾ പൊളിച്ചുമാറ്റണമെന്ന സുപ്രീം കോടതി ഉത്തരവിന് തടയിടുകയായിരുന്നു വാസ്തവത്തിൽ ഈ ജനപ്രതിനിധികളുടെ ഗൂഢ ലക്ഷ്യം. ഗ്രീൻ ലഗൂൺ റിസോർട്ടുകളുടേയും (വാമിക ഐലണ്ട്) കാപ്പിക്കോ റിസോർട്ടുകളുടേയും നിയമലംഘനങ്ങളാണ് കോടതി അന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നത്. 

മാറിയ സാഹചര്യത്തിൽ പരിസ്ഥിതി സംബന്ധിയായ വിഷയങ്ങളുള്ള കേസ്സുകൾ സാധാരണഗതിയിൽ നാഷണൽ ഗ്രീൻ ട്രിബ്യൂണലിന്റെ ബെഞ്ചുകളാണ് കൈകാര്യം ചെയ്യേണ്ടത്. വ്യക്തമായ പരിസ്ഥിതി സംബന്ധിയായ പരിശോധനകളോ ശാസ്ത്രീയമായ പഠനങ്ങളോ നടത്താതെ ഒരു പദ്ധതി മൂലം എത്രത്തോളം പരിസ്ഥിതി നാശമാണുണ്ടായിട്ടുള്ളതെന്നും അതിന് എത്ര തുകയാണ് പിഴ വിധിക്കേണ്ടതെന്നും കണ്ടെത്താൻ കോടതിക്കാവില്ല. വരുംതലമുറയുടേയും പ്രാദേശീയരായ ജനങ്ങളുടേയും ആവാസവ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അവിടെ നടന്നിട്ടുണ്ടോയെന്ന് പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ. നിയമലംഘനം നടത്തിയ സ്ഥാപനം തങ്ങളുടെ കെട്ടിടം പൊളിക്കാതിരിക്കാനായി നിരത്തുന്ന വാദങ്ങൾ വെള്ളം തൊടാതെ വിഴുങ്ങുന്നവരാകരുത് നമ്മുടെ നീതിപീഠങ്ങളെ അലങ്കരിക്കുന്നവർ. ഡി എൽ എഫിന് കേവലം ഒരു കോടി രൂപ പിഴയിട്ടുകൊണ്ട് അവരുടെ നിയമലംഘനം മുഴുവൻ അനുവദിച്ചു നൽകിയ ഹൈക്കോടതി വിധിക്കതിരെ കെ സി ഇസഡ് എം എയും സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കേണ്ടത് ഭാവിയിൽ വരാനിരിക്കുന്ന കൈയേറ്റങ്ങൾക്ക് തടയിടാൻ അത്യന്താപേക്ഷികമായ കാര്യമാണ്. 

തീരദേശ പരിപാലന നിയമത്തിൽ മത്സ്യത്തൊഴിലാളികൾക്കായും മറ്റു തീരദേശവാസികൾക്കായും ആനുകൂല്യങ്ങൾ നൽകണമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും തീര പ്രദേശങ്ങളിലെ ജനസാന്ദ്രതയും പരിഗണിക്കുന്പോൾ നിയമത്തിൽ പറഞ്ഞിട്ടുള്ള ഭവന നിർമ്മാണ ദൂരപരിധി നിയന്ത്രണം പ്രയോഗികമല്ലെന്ന് ബോധ്യപ്പെടും. മാത്രവുമല്ല കേരളത്തിൽ നാലു സോണുകളിലായി സി ആർ ഇസഡ് നിയന്ത്രണങ്ങൾ  നടപ്പാക്കിയപ്പോൾ നഗരപ്രദേശങ്ങളും അതിനു തൊട്ടടുത്തു കിടക്കുന്ന ദ്വീപുകളിലും തീരദേശഗ്രാമങ്ങളിലും വേറിട്ട രീതിയിൽ സോണുകൾ നിശ്ചയിച്ചതു മൂലം വലിയ അസമത്വങ്ങൾക്ക് അതിടയാക്കിയെന്ന് ആരോപണവുമുയർന്നിരുന്നു. സി ആർ ഇസഡ് സോൺ മൂന്നിലാണ് മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന തീരപ്രദേശങ്ങൾ പെടുന്നത്. കാർഷികവൃത്തിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ മാത്രമേ ഈ സോണിൽ അനുവദിക്കുകയുള്ളുവെന്നാണ് നിയമം പറയുന്നത്. 2011−ലെ സി ആർ ഇസഡ് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കാൻ 2014 ജൂണിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആറംഗ കമ്മിറ്റി രൂപീകരിക്കുകയും അവർ സി ആർ ഇസഡ് സോൺ മൂന്നിനെ ജനസാന്ദ്രതയുള്ളതും  ഗ്രാമപ്രദേശങ്ങളുമായി തിരിക്കുകയും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കുറയ്ക്കുകയും ചെയ്തിരുന്നുവെങ്കിലും അവയൊന്നും ഇനിയും ശരിയായവിധത്തിൽ അവ നടപ്പാക്കാൻ ബാധ്യസ്ഥരായവർ ഉൾക്കൊണ്ടിട്ടില്ല. 

ഒരു ഭാഗത്ത്  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും നാശോന്മുഖമായ തങ്ങളുടെ വീടുകൾ നന്നാക്കാൻ പോലുമാകാതെ കഴിയുന്പോൾ മറുഭാഗത്ത് ഉദ്യോഗസ്ഥ വൃന്ദത്തേയും കോർപ്പറേഷൻ അധികൃതരേയും രാഷ്ട്രീയ നേതാക്കളേയും കൂട്ടുപിടിച്ച് പല നിയമങ്ങളും വൻകിട റിയൽ എേസ്റ്ററ്റ് ഗ്രൂപ്പുകൾ അട്ടിമറിക്കുകയും ചെയ്യുന്നു. നീതിനിഷേധം ഒരു വശത്തെങ്കിൽ മറുവശത്ത് വ്യക്തമായ നിയമലംഘനമാണ് നടക്കുന്നത്.  പണത്തിനു മേലെ പരുന്തും പറക്കില്ലെന്നും പണമില്ലാത്തവൻ പിണമെന്നുമൊക്കെയുള്ള ചൊല്ലുകൾ ഓർത്തുപോകുന്നത് അതുകൊണ്ടൊക്കെ തന്നെയാണ്!

You might also like

Most Viewed