അഴിക്കുള്ളിലാകട്ടെ വിവാഹ കുറ്റവാളികൾ!

ജെ. ബിന്ദുരാജ്
വിവാഹം ഏത് സ്വർഗത്തിൽ വെച്ച് നടന്നാലും ദന്പതികൾ ജീവിക്കേണ്ടത് ഈ ഭൂമിയിലാണെന്ന കാര്യത്തിൽ ഒരു മതസ്ഥർക്കും അഭിപ്രായ വ്യത്യാസമുണ്ടാകില്ല. എന്നാൽ വിവാഹമോചനത്തിന്റെ കാര്യത്തിൽ മാത്രമല്ല വിവാഹസംബന്ധിയായ മറ്റു പല കാര്യങ്ങളിലും നമ്മുടെ നിയമനിർമ്മാണ സഭ നിലവിലുള്ള നിയമങ്ങൾ ശക്തിപ്പെടുത്തുകയോ അവയിൽ ഭേദഗതികൾ കൊണ്ടുവന്ന് അവയെ കൂടുതൽ കാര്യക്ഷമമാക്കുകയോ ചെയ്യേണ്ടതുണ്ട്. സ്ത്രീധനം, ആഢംബര വിവാഹങ്ങൾ, വിവാഹ മാർക്കറ്റിലെ സ്വർണ്ണം തുടങ്ങി സാമൂഹ്യമായും സാന്പത്തികമായും സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ചില ‘പരന്പരാഗത ആചാരങ്ങൾ’ ഇന്നും വലിയ എതിർപ്പുകളൊന്നും കൂടാതെ മുന്നോട്ടു ചലിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതുമൊക്കെ നിരോധിക്കപ്പെട്ടിരിക്കുന്ന ഒരു രാജ്യത്ത് സ്ത്രീധനം ചോദിച്ചു വാങ്ങുന്ന രീതി തുടർന്നുകൊണ്ടേയിരിക്കുന്നു, സാന്പത്തികശേഷി തീരെയില്ലാത്ത കുടുംബങ്ങൾ പോലും മുണ്ടു മുറുക്കിയുടുത്ത് പെൺകുട്ടിയെ വിവാഹം ചെയ്തയക്കാൻ സ്വർണം വാങ്ങി വീട്ടിൽ കൂട്ടിവയ്ക്കുന്ന വിചിത്രമായ കാഴ്ച ഇവിടെ നടന്നുകൊണ്ടേയിരിക്കുന്നു, 500 കോടി രൂപയ്ക്ക് വിവാഹമാമാങ്കം നടത്താൻ അനുവദിക്കുംവിധം ഇവിടത്തെ വ്യവസ്ഥിതി ആരാലും ചോദ്യം ചെയ്യപ്പെടാത്ത ഒന്നായി മാറിയിരിക്കുന്നു.
കഴിഞ്ഞ ഒന്പതു വർഷക്കാലത്തിനിടയ്ക്ക് മാത്രം കേരളത്തിൽ രജിസ്റ്റർ ചെയ്ത സ്ത്രീധന സംബന്ധിയായ ആത്മഹത്യകളുടേയും മരണങ്ങളുടേയും എണ്ണം 212 ആണ്. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീധന പീഡന മരണങ്ങളേക്കാൾ അഞ്ചോ ആറോ ഇരട്ടിയിലധികം വരും യഥാർത്ഥ മരണങ്ങളുടെ കണക്ക് എന്ന കാര്യത്തിൽ സംശയം വേണ്ട. ഭർത്താവിന്റെയോ ബന്ധുജനങ്ങളുടെയോ ക്രൂരതയ്ക്കിരയായെന്ന പേരിൽ ഇവിടെ ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് അയ്യായിരത്തിനു മേൽ പരാതികളാണ്. സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2011−ലാണ് ഇത്തരം കേസ്സുകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടത് (5377). ഈ വർഷം ഒക്ടോബർ വരെ മാത്രം 1966 കേസ്സുകളും ഈ ഗണത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളും സ്ത്രീയോട് ക്രൂരത കാട്ടുന്നുവെന്ന ഒട്ടുമിക്ക പരാതികളുടേയും മൂലകാരണം സ്ത്രീധനമല്ലാതെ മറ്റൊന്നല്ലെന്ന് ആർക്കാണറിയാത്തത്? ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 498 എ−യിലാണ് ഇതേപ്പറ്റി പരാമർശിക്കുന്നത്. ഭർത്താവ് ഭാര്യയിൽ നിന്നോ അവളുടെ ബന്ധുക്കളിൽ നിന്നോ വസ്തുവോ വിലപിടിച്ച പ്രമാണപത്രമോ ലഭിക്കാനുള്ള ഉദ്ദേശത്തോടുകൂടി മനപൂർവം നടത്തുന്ന പീഡനങ്ങളുടെ ഗണത്തിലാണത് പെടുന്നത്. മൂന്നു വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണതെങ്കിലും പലപ്പോഴും ഭർതൃപീഡനത്തെപ്പറ്റി സ്ത്രീകൾ പരാതിപ്പെടാറില്ലെന്നതാണ് സത്യം. അതേപാലെ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി പ്രകാരം വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ഏഴു കൊല്ലത്തിനകം തീപൊള്ളലേറ്റോ, മറ്റു മുറിവുകൾ മൂലമോ, ദുരൂഹ സാഹചര്യത്തിലോ മരണപ്പെടുകയും ഭർത്താവോ അയാളുടെ ബന്ധുക്കളോ മരണത്തിനു തൊട്ടു മുന്പ് സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി പെരുമാറുകയും ചെയ്താൽ അത്തരം മരണം സ്ത്രീധന കൊലപാതകമാണ്. സ്ത്രീധന കൊലപാതകത്തിനു ചുരുങ്ങിയത് 7 വർഷം തടവും പരമാവധി ജീവപര്യന്തം ശിക്ഷയുമാണ് ഇപ്പോഴുള്ളത്. സ്ത്രീധനത്തിനെതിരെ പറയുന്നവർ പോലും സ്വന്തം മകളുടെ വിവാഹം വരുന്പോൾ നാട്ടുനടപ്പനുസരിച്ച് മകൾക്കുള്ള ഓഹരി നൽകുന്നതിനെപ്പറ്റി പലപ്പോഴും വാചാലരാകുന്നത് കണ്ടിട്ടുണ്ട്. ആ ഇരട്ടത്താപ്പാണ് വാസ്തവത്തിൽ സ്ത്രീധനനിരോധന നിയമം ശക്തമായി നടപ്പാക്കുന്നതിൽ നിന്നും സർക്കാരിനെ പിന്നോട്ടുവലിക്കുന്നത്. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പല നേതാക്കളുടെ പോലും മക്കൾ പൊന്നിൽ കുളിച്ചു നിൽക്കുന്ന കാഴ്ച നാം കണ്ടിട്ടുള്ളതാണല്ലോ.
ഇന്ത്യയിൽ ഓരോ മണിക്കൂറിലും ഒരു സ്ത്രീ സ്ത്രീധനത്തിന്റെ കൊല്ലപ്പെടുന്നുണ്ടെന്നാണ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ. സ്ത്രീധനത്തിന്റെ പേരിലുള്ള ക്രൂരതകൾ വർധിച്ചതിനെ തുടർന്നാണ് 1961−ലെ സ്ത്രീധന നിരോധന നിയമത്തിലൂടെ സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ചത്. പക്ഷേ ഈ നിയമം വ്യാപകമായി അതിലെ പഴുതുകൾ ഉപയോഗിച്ച് ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്നാണ് എന്താണ് സ്ത്രീധനം എന്ന് നിർവചിച്ചുകൊണ്ട് 1985−ൽ ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടത്. വിവാഹത്തിന്റെ അനുബന്ധമായി വിവാഹത്തിന് മുന്പോ പിന്പോ സ്ത്രീയോ സ്ത്രീയുടെ വീട്ടുകാരോ കൊടുക്കുന്ന സ്വത്തുക്കളും പ്രമാണവുമെല്ലാം സ്ത്രീധനമായിത്തന്നെയാണ് നിയമം കണക്കാക്കുന്നത്.
സ്ത്രീധനത്തിന്റെ ഏറ്റക്കുറച്ചിലുകൾക്ക് ഇന്ന് കേരള സമൂഹത്തിൽ വ്യക്തമായ ചില രൂപരേഖകൾ കാലം ഉണ്ടാക്കിയെടുത്തിട്ടുണ്ടുതാനും. 20 പവൻ മുതൽ 200 പവൻ വരെ നീളുന്ന സ്വർണത്തിന്റേയും അഞ്ചു ലക്ഷം രൂപ മുതൽ രണ്ടു കോടി രൂപയുടെ ആഡംബര വാഹനം വരെ നീളുന്ന പണത്തിന്റേയും ഒരു പട്ടികയാണത്. ഓരോരോ കാലത്തിലും അതിന് വർധനവുണ്ടായിട്ടുള്ളതല്ലാതെ കുറവ് ഉണ്ടായിട്ടില്ല താനും. ഇതിനു പുറമേയാണ് അഞ്ചു ലക്ഷം രൂപ വരെ വിലവരുന്ന ആഡംബര വാച്ചുകളുടെ വേറെ നിര. കൊച്ചിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ആഡംബര വാച്ച് വിപണനക്കാരുമായി സംസാരിച്ചാൽ അവർ പറഞ്ഞുതരും വിവാഹ വിപണിയിലേക്ക് ഒഴുകുന്ന ആഡംബര വാച്ചുകളുടെ കച്ചവടത്തിന്റെ അന്പരപ്പിക്കുന്ന കഥകൾ. വധുവിന്റെ പിതാവ് ജീവിതകാലം മുഴുവനും അധ്വാനിച്ച്, സ്വരൂപിച്ചുണ്ടാക്കിയ പണം രണ്ടോ മൂന്നു ദിവസം കൊണ്ട് ദന്പതികൾ ‘അടിച്ചുപൊളിക്കുന്ന’ അതിഗംഭീരമായ കാഴ്ചയും പിന്നീട് വീണ്ടും പണത്തിനായി ആവശ്യപ്പെടുന്ന കാഴ്ചയും വിരളമല്ല.
കേരളത്തിന്റെ സ്ത്രീധന വിപണിയിലെ നിലവിലെ അവസ്ഥ അറിയണമെങ്കിൽ ഇടനിലക്കാരോട് ചോദിച്ചാൽ മതി. 15,000 രൂപയോളം ശന്പളമുള്ള തൊഴിലാണ് പുരുഷനെങ്കിൽ 20 പവനും അഞ്ചു ലക്ഷം രൂപയുമാണ് വിദ്യാഭ്യാസം പോലുമില്ലാത്ത ഒരുവന് കണക്കാക്കിയിട്ടുള്ള സ്ത്രീധനം. ഏറ്റവും താഴ്ന്ന പദവിയുള്ള സർക്കാർ ഉദ്യോഗസ്ഥന് അത് 35 പവനും പത്ത് ലക്ഷം രൂപയ്ക്കു താഴെ വിലയുള്ള കാറുമാണ്. ഡോക്ടർമാർക്ക് 200 പവനും 25 ലക്ഷത്തിൽ കുറയാത്ത കാറുമാണെങ്കിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പ്രമാണങ്ങളുടെ കൈമാറ്റത്തിലാണ് ഇടപാടുകൾ. സ്ഥിരവരുമാനമില്ലാത്ത, പത്താം ക്ലാസ് പാസ്സായിട്ടില്ലാത്ത് ദിവസക്കൂലിപ്പണിക്കാരനു പോലും അഞ്ചു ലക്ഷം രൂപ മിനിമം സ്ത്രീധനം ലഭിക്കുന്ന നാടാണ് കേരളം. സ്ത്രീധനത്തിന്റെ ദുരവസ്ഥ മൂലമാണ് കേരളത്തിൽ ഹരിയാന വിവാഹങ്ങളും അറബിക്കല്യാണങ്ങളുമൊക്കെ നടക്കുന്നതെന്നത് ആർക്കുമറിയുന്ന കാര്യം. പെൺദൗർലഭ്യമുള്ള ഹരിയാനയിലേക്ക് ഇപ്പോഴും വടക്കൻ കേരളത്തിൽ നിന്നും വിവാഹങ്ങൾ ധാരാളമായി തന്നെ നടക്കുന്നുണ്ട്. ഡ്രൈവർമാരാണ് പ്രധാനമായും ഇവിടെ നിന്നുള്ള വരന്മാർ.
ആഡംബര വിവാഹങ്ങളുടെ ധൂർത്തിനു വിലക്കു വരേണ്ട കാലവും അതിക്രമിച്ചിരിക്കുന്നു. കർണാടകയിലെ മുൻ ബി.ജെ.പി മന്ത്രി ജനാർദ്ദൻ റെഡ്ഢിയുടേയും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടേയും മുൻ മന്ത്രി അടൂർ പ്രകാശിന്റേയും മക്കളുടേയും വിവാഹച്ചടങ്ങുകളിൽ പൊടിച്ച പണത്തിന്റെ കണക്കുകൾ നാം കേട്ടതാണ്. 50,000 പേർ പങ്കെടുത്ത റെഡ്ഢിയുടെ മകളുടെ വിവാചടങ്ങിൽ കാറ്ററിങ്ങിന് 60 കോടി രൂപയും വധു അണിഞ്ഞിരുന്ന ആഭരണത്തിന് 150 കോടി രൂപയും അലങ്കാരങ്ങൾക്ക് 25 കോടി രൂപയും മേക്കപ്പിനും ഡിജെയ്ക്കും ഫോട്ടോഗ്രാഫർമാർക്കുമായി 50 ലക്ഷം രൂപയും 3000−ത്തോളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് 60 ലക്ഷം രൂപയും വിവാഹചടങ്ങിൽ കലാപ്രകടനങ്ങൾക്കായി എത്തിയ താരങ്ങൾക്ക് വേറെ ലക്ഷങ്ങളുമടക്കം നൽകിക്കൊണ്ടായിരുന്നു ഈ വിവാഹമാമാങ്കം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചടങ്ങ് നിരീക്ഷിച്ചതല്ലാതെ ഇത്തരത്തിലുള്ള വിവാഹമാമാങ്കങ്ങൾക്ക് വിലക്കേർപ്പെടുത്താനാകുന്ന ഒരു നിയമവും നിലവിൽ ഇന്ത്യയിലില്ലെന്നതാണ് വാസ്തവം. വിവാഹധൂർത്ത് നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുമെന്ന് 2014−ൽ അന്നത്തെ സാമൂഹ്യനീതി വകുപ്പ് മന്ത്രി എം.കെ മുനീർ സംസ്ഥാന നിയമസഭയിൽ പ്രസ്താവന നടത്തിയിരുന്നുവെങ്കിലും അക്കാര്യത്തിലും മുന്നോട്ടുപോക്കുണ്ടായില്ല. ഈ നിയമം നിർമ്മിക്കുന്നതിനു മുന്പായി മതനേതാക്കളുടേയും സാമൂഹ്യപ്രവർത്തകരുടേയും അഭിപ്രായസമന്വയം നടത്തുമെന്നും കോടതിക്കു മുന്നിൽ നിയമം ചോദ്യം ചെയ്യപ്പെടാത്തവണ്ണം കുറ്റമറ്റതാക്കുമെന്നുമൊക്കെ അന്ന് മുനീർ തട്ടിവിട്ടിരുന്നു. ഇതേപ്പറ്റി പഠനം നടത്താൻ സംസ്ഥാന വനിതാ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നതുമാണ്. കമ്മീഷനാകട്ടെ വായിൽ തോന്നിയതൊക്കെ കോതയ്ക്കു പാട്ടെന്ന മട്ടിൽ ചില കാര്യങ്ങൾ എഴുതിപ്പിടിപ്പിക്കുകയും ചെയ്തു− വിവാഹത്തിന് ക്ഷണിക്കുന്ന അതിഥികളുടെ എണ്ണം 200 ആയി പരിമിതപ്പെടുത്തുകയും പരമാവധി വിവാഹച്ചെലവ് ആറു ലക്ഷം രൂപയാക്കി നിർത്തുകയും വേണമെന്നായിരുന്നു അവരുടെ നിർദ്ദേശം. പക്ഷേ നിയമം നിർമ്മിക്കുമെന്ന പ്രസ്താവനയ്ക്കപ്പുറം സർക്കാർ മുന്നോട്ടുപോയില്ല. വിവാഹസംബന്ധിയായ ധൂർത്ത് വിലക്കാൻ മറ്റു പല മാർഗങ്ങളും സർക്കാരിന് ആലോചിക്കാവുന്നതാണ്. വിവാഹത്തിന് ചെലവാക്കുന്ന തുകയ്ക്ക് പരിധി വയ്ക്കൽ, ഇത്ര രൂപയ്ക്കുമേൽ നടത്തുന്ന വിവാഹങ്ങൾക്ക് കനത്ത നികുതി ഈടാക്കൽ, ആഢംബര വിവാഹം ഒരു കുറ്റകൃത്യമാക്കൽ എന്നിങ്ങനെ പോകുന്നു അത്.
വിവാഹധൂർത്ത് വലിയ സാമൂഹ്യവിപത്തുകൾക്കും ദുരന്തങ്ങൾക്കും ഇടയാക്കുന്നുണ്ടെന്ന കാര്യത്തിൽ തർക്കം വേണ്ട. കേരളത്തിൽ പ്രതിവർഷം നടക്കുന്ന ആത്മഹത്യകളിൽ 35 ശതമാനമെങ്കിലും വിവാഹധൂർത്തിനെ തുടർന്നുണ്ടാകുന്ന സാന്പത്തിക ദുരന്തത്തെ തുടർന്നുള്ളതാണ്. വിവാഹത്തോടെ ആജീവനാന്തം സന്പാദിച്ചുണ്ടാക്കിയ ധനം മുഴുവൻ ഇല്ലാതാകുന്ന കാഴ്ചയാണ് പല കുടുംബങ്ങളും കാണുന്നത്. വിവാഹത്തെ തുടർന്ന് കുടുംബനാഥന്മാർ കടംകയറി നാടുവിടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്ത നിരവധി കേസ്സുകൾ കേരളത്തിൽ തന്നെയുണ്ടെങ്കിലും അവയൊന്നും പൊതുസമൂഹത്തിന്റെ മുന്നിൽ വലിയ വാർത്തകളായി മാറുന്നില്ല. വിവാഹച്ചടങ്ങിന്റെ ചെലവ് ഇത്ര രൂപയ്ക്കു മേലെയാണെങ്കിൽ നടത്തിപ്പുകാർ കോടതി കയറേണ്ടി വരുമെന്നു നിയമം വരികയും ആഢംബര വിവാഹം ഒരു കുറ്റകൃത്യം പോലെ കണക്കാക്കപ്പെടുകയും ചെയ്താൽ മാത്രമേ ഇത്തരം പൊങ്ങച്ച പ്രകടനങ്ങളിൽ നിന്നും ജനങ്ങൾ മാറിനിൽക്കുകയുള്ളു. മാത്രവുമല്ല, സമൂഹതതിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരും ജനപ്രതിനിധികളും ലളിത വിവാഹത്തിന്റെ മാതൃകകൾ അനുവർത്തിക്കുകയും വേണം. അക്കാര്യത്തിൽ നമുക്കിന്നു ചൂണ്ടിക്കാട്ടാൻ ഒരു എ.കെ ആന്റണിയും ഒരു ബിനോയ് വിശ്വവുമൊക്കെയേ ഉള്ളുവെന്നത് വേറെ കാര്യം. തന്റെ രണ്ട് പെൺമക്കളുടേയും വിവാഹചടങ്ങുകൾ ബിനോയ് വിശ്വം നടത്തിയത് രജിസ്ട്രാർ ഓഫീസിലെ ലളിതമായ ചടങ്ങിൽ വച്ചായിരുന്നുവെന്നത് പ്രത്യേകം സ്മരിക്കേണ്ട കാര്യം.
വിവാഹങ്ങൾ ലക്ഷ്യം വച്ചുകൊണ്ടുള്ള സ്വർണവിപണിയുടെ പ്രചാരണങ്ങളും കുടുംബങ്ങളിലേക്കുള്ള അവരുടെ തള്ളിക്കയറ്റവുമാണ് നിരുത്സാഹപ്പെടുത്തേണ്ട മറ്റൊരു കാര്യം. കൈവശം വയ്ക്കാവുന്ന സ്വർണത്തിന് പരിധി സർക്കാർ പ്രഖ്യാപിച്ചിട്ട് ഇപ്പോൾ രണ്ടു ദശാബ്ദത്തോളമായിട്ടുണ്ടെങ്കിലും അത് ഇതുവരേയും ശരിയായ വിധത്തിൽ നടപ്പാക്കിയിരുന്നില്ല എന്നതാണ് സ്ത്രീധനത്തിൽ സ്വർണ നിക്ഷേപത്തിന്റെ അളവ് ക്രമാതീതമായ വിധം വർധിക്കാൻ ഇടയാക്കിയത്. വീടുകളിൽ നിർജീവാസ്ഥയിൽ കിടക്കുന്ന സ്വർണം പണമാക്കി മാറ്റാനുള്ള അവസരമൊരുക്കിക്കൊണ്ട് ആ പണം രാജ്യത്തിനായി പ്രയോജനപ്പെടുത്തുമെന്ന് നരേന്ദ്ര മോഡി കഴിഞ്ഞ വർഷം പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. കൈവശമുള്ള സ്വർണം ബാങ്കിൽ നിക്ഷേപിക്കുന്പോൾ പലിശ ലഭിക്കുന്ന സംവിധാനവും സ്വർണത്തിനു പകരം സ്വർണത്തിന്റെ മൂല്യമുള്ള ബോണ്ട് പേപ്പർ ലഭിക്കുകയും ഈ ബോണ്ട് വിൽക്കുന്പോൾ സ്വർണവിലയ്ക്ക് തുല്യമായ പണം ലഭിക്കുകയും ചെയ്യുന്ന രീതിയാണത്. നോട്ട് അസാധുവാക്കലിനുശേഷം ഈ പദ്ധതി നടപ്പാക്കാനുള്ള തന്ത്രമാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്നാണ് ഇപ്പോഴത്തെ വർത്തമാനം. ക്ഷേത്രങ്ങളിലെ സ്വർണനിക്ഷേപങ്ങളിൽ തൊട്ടാൽ പ്രതിഷേധം ഉണ്ടാകുമെന്ന് ഭയക്കുന്ന പ്രധാനമന്ത്രി ജനങ്ങളുടെ സ്വർണനിക്ഷേപത്തിൽ കൈവയ്ക്കാനുള്ള സാധ്യത വലുതാണ്. വിവാഹങ്ങളിലെ സ്വർണാധിപത്യത്തിന് തടയിടാൻ ഒരു പരിധി വരെയെങ്കിലും ഈ നിയമം സഹായിക്കാനിടയുണ്ടു താനും.
വിവാഹധൂർത്ത് പോലെയുള്ള കാര്യങ്ങളിൽ പുതിയ നിയമം കൊണ്ടുവരുന്നതിനു പുറമേ 1961−ലെ സ്ത്രീധന നിരോധന നിയമം ശക്തമായി നടപ്പാക്കാനുള്ള ആർജവം കൂടി കാണിച്ചാൽ തീരുന്ന പ്രശ്‌നങ്ങൾ മാത്രമേ വിവാഹത്തിന്റെ കാര്യത്തിൽ ഇപ്പോഴുള്ളു. സംസ്ഥാന സർക്കാരിനു കീഴിലുള്ള സ്ത്രീധന നിരോധന ഓഫീസർമാർക്ക് പല്ലും നഖവും ഉപയോഗിച്ച് പ്രവർത്തിക്കാൻ അവസരം നൽകുകയാണ് അതിലൊന്ന്. സ്ത്രീധന നിരോധന നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും സ്ത്രീധനം ആവശ്യപ്പെട്ടവരെ അഴിക്കുള്ളിലാക്കാനാവശ്യമായ തെളിവുകൾ ശേഖരിക്കാനാവശ്യമായ ബോധവൽക്കരണം ഇവർ ജനങ്ങൾക്കിടയിൽ നടത്തുകയും വേണം. ഒരു പൊലീസ് ഓഫീസർക്കുള്ളതുപോലുള്ള അധികാരം ഈ ഉദ്യോഗസ്ഥർക്ക് വേണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെന്നിരിക്കേ, അത് നൽകപ്പെടുകയും വേണം. ഗ്രാമങ്ങളിലും നഗരങ്ങളിലും സ്ത്രീധനം ആവശ്യപ്പെടുന്നത് കണ്ടെത്താനും അവരെ തെളിവുകൾ ആധാരമാക്കി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക സ്‌ക്വാഡുകൾ തന്നെ രൂപീകരിക്കുന്നതും പരിഗണിക്കാവുന്നതാണ്.
വ്യത്യസ്ത ലിംഗത്തിൽപ്പെട്ടതോ ഒരേ ലിംഗത്തിൽപ്പെട്ടവരോ മൂന്നാം ലിംഗത്തിൽപ്പെട്ടവരോ ആയ രണ്ടു പേർ ഒരുമിച്ചുജീവിക്കാൻ തീരുമാനിക്കുന്ന കേവലമായ ഒരു കരാർ മാത്രമാണ് വിവാഹം. നമ്മുടെ വ്യവസ്ഥിതിയും പാരന്പര്യവും പക്ഷേ അതിനെ ഒരു വലിയ ഉത്സവമാക്കി മാറ്റിയിരിക്കുന്നു. ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം വിവാഹവും വീടുവയ്ക്കലുമാണ് ഏറ്റവും വലിയ കാര്യങ്ങൾ. ഇവ രണ്ടും മറ്റുള്ളവർക്കു മുന്നിൽ തങ്ങളുടെ അന്തസ്സ് ഉയർത്തുമെന്ന് അവർ കരുതുന്നു. ആഢംബര വിവാഹത്തിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലുമൊക്കെ കേരളത്തിൽ പലരും അഴിക്കുള്ളിലായാൽ അവസാനിക്കുന്ന അഭിമാനം മാത്രമേ ഇതിനുള്ളുവെന്ന് ഓർക്കണം. ആഢംബര വിവാഹം ഒരു കുറ്റകൃത്യമാക്കുകയും സ്ത്രീധനം വാങ്ങലും നൽകലും കൂടുതൽ കർശനമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന കുറ്റമാകുകയും ചെയ്താൻ തീരുന്ന പ്രശ്‌നങ്ങളേ നമുക്കുള്ളു. ഈ സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ വിപ്ലവകരമായ ഒരു മാറ്റം ഇന്ത്യയിൽ സാധ്യമാകും.