ശശി­കലയും കു­റെ­ ശശി­മാ­രും!


ജെ. ബിന്ദുരാജ്

 

രണം ഏകാധിപതികളുടെ ഭരണങ്ങളെപ്പോലും പാടിപ്പുകഴ്ത്താനുള്ള അവസരങ്ങളായി മാധ്യമങ്ങളും സ്തുതിപാഠകരും മാറ്റാറുണ്ട്. മരിച്ചവരെ കുറ്റം പറയരുതെന്ന സാമാന്യമായ ചിന്തയാണ് കടമ്മനിട്ടയുടെ ചാക്കാല എന്ന കവിതയിലെന്ന പോലെ മരിച്ചവർ പരമ ബോറന്മാർ ആണെങ്കിലും അവരെപ്പറ്റി നല്ലതെ പറയാവൂ എന്ന മട്ടിൽ പലരെക്കൊണ്ടും പലതും പറയിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത അന്തരിച്ചപ്പോഴും വാർത്താമാധ്യമങ്ങൾ ആ കർമ്മം ഭംഗിയായി നിർവഹിച്ചു. ഏകാധിപതിയും ജനാധിപത്യ മര്യാദകൾ പാലിക്കാതെ ഭരണ നിർവഹണം നടത്തുകയും ചെയ്തുകൊണ്ടിരുന്ന ജയലളിത മരണത്തിലൂടെ പോലും തന്റെ ബ്രാൻഡ് മൂല്യം വർദ്ധിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. മാധ്യമങ്ങളോട് അകന്നു നിൽക്കുകയും തനിക്കും സർക്കാരിനുമെതിരെ ശബ്ദിക്കുന്നവർക്കെതിരെ അപകീർത്തിക്കേസുകൾ നൽകി ഒതുക്കുകയും ചെയ്യുകയും അതീവ രഹസ്യമായ രീതിയിൽ ഭരണ നിർവഹണം നടത്തുകയും തനിക്കിഷ്ടമല്ലാത്തവരെ തുരത്തുകയോ നശിപ്പിക്കുകയോ ചെയ്യുകയും ചെയ്തിരുന്ന ഏകാധിപതിയായ സ്ത്രീജനങ്ങളുടെ ഹൃദയത്തെ തൊട്ടിരുന്ന ബിംബമായി വാഴ്ത്തപ്പെടുന്ന അസാധാരണമായ ഒരു മരണാനുകൂല്യമാണ് മാധ്യമങ്ങൾ ജയയുടെ മരണത്തിന് കൽപിച്ചു നൽകിയത്. അമ്മ എന്ന തന്റെ വിളിപ്പേർ ബ്രാൻഡ് നെയിമാക്കി മാറ്റി സർക്കാർ പദ്ധതികളെപ്പോലും സമർത്ഥമായി വിപണനം ചെയ്തിരുന്ന ജയലളിത കരുണാമയിയായ ദേവതയുടെ രൂപത്തിലാണ് സാധാരണക്കാർക്കിടയിൽ തന്നെ സ്വയം മാർക്കറ്റ് ചെയ്തിരുന്നത്. അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ചു നിവരുന്പോഴും പാവപ്പെട്ടവന് സർക്കാർ ചെലവിൽ സൗജന്യങ്ങൾ പ്രഖ്യാപിക്കുകയും മുൻകാല എം.ജി.ആർ സിനിമകളിലെ ‘ഏഴ’സ്നേഹ ഡയലോഗുകൾ ഉരുവിടുകയും ചെയ്താൽ വോട്ടർമാരുടെ പ്രിയം പിടിച്ചുപറ്റുകയും അധികാരത്തിൽ തുടരാമെന്നും കണ്ടെത്തിയ അധികാര രാഷ്ട്രീയത്തിന്റെ പ്രയോക്താവായിരുന്നു അവർ. എന്നാൽ പ്രതിപക്ഷത്തെ നേതാക്കളും അഴിമതിയിൽ കുളിച്ചു നിൽക്കുന്നവരായതിനാൽ അവരെ ചോദ്യം ചെയ്യാനുള്ള ത്രാണി ആർക്കും ഉണ്ടായിരുന്നില്ലെന്നു മാത്രം. അതുകൊണ്ടുതന്നെ സ്ത്രീശക്തിയുടെ ഉത്തമ മാതൃകയായും പോരാളിയായും ഭരണ നിപുണയായ സ്ത്രീയായുമൊക്കെ അവരെ വാഴ്ത്തുന്നതിൽ നമ്മുെട നാട്ടിലെപ്പോലും പരമ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും യാതൊരു ലോഭവും കാണിച്ചില്ലെന്നത് അവരുടെ അൽപത്തത്തിന്റെ തെളിവായി മാറുകയും ചെയ്തു. ഇപ്പോഴിതാ, ജയലളിതയുടെ കാലത്ത് അട്ടിമറിക്കപ്പെട്ടിരുന്ന ജനാധിപത്യ മൂല്യങ്ങൾ അവരുടെ മരണത്തെ തുടർന്നും അട്ടിമറിച്ചുകൊണ്ടിരിക്കുന്നതിൽ കഴിഞ്ഞ മൂന്നു ദശാബ്ദക്കാലമായി അവരുടെ നിഴലായി തങ്ങിയിരുന്ന ശശികലയെന്ന ‘തോഴി’ വിജയിച്ചിരിക്കുന്നു. ജയലളിതയുടെ മരണശേഷം നിലവിലുള്ള സ്ഥിതി തുടരാൻ ആജ്ഞാപിക്കുകയും പനീർശെൽവത്തെ മുഖ്യമന്ത്രിയാക്കാൻ നിർദേശിച്ചുകൊണ്ടും വാസ്തവത്തിൽ ശശികല താൻ എ.ഐ.എ.ഡി.എം.കെയിലെ നേതൃത്വ സ്ഥാനത്തേക്ക് ഉയരുമെന്ന് വെളിവാക്കിയിരിക്കുകയാണ്. 

ബ്രാഹ്മണാധിപത്യത്തിനെതിരെ ശബ്ദിച്ചുകൊണ്ടും സവർണവിരുദ്ധ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ടും പിറവി കൊണ്ട ഒരു പ്രസ്ഥാനത്തിന്റെ അമരത്തേക്ക് പിൽക്കാലത്ത് മൈസൂരിലെ തമിഴ് അയ്യങ്കാർ കുടുംബത്തിൽ നിന്നുള്ള ഒരു സ്ത്രീ കടന്നുവന്നത് കാലം ചമച്ച വൈരുദ്ധ്യങ്ങളിലൊന്നായിരിക്കാം. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ കോൺഗ്രസിന് മേൽക്കോയ്മ ലഭിക്കുകയും കോൺഗ്രസിന്റെ നേതാക്കൾ ബ്രാഹ്മണരടക്കമുള്ള സവർണജാതിക്കാരാണെന്ന തോന്നലിൽ നിന്നുമാണ് പെരിയാർ ഇ.വി രാമസ്വാമി ഈ ആധിപത്യത്തിൽ നിന്നും മോചനം നേടാൻ സ്വാഭിമാന പ്രസ്ഥാനത്തിനും ജസ്റ്റിസ് പാർട്ടിക്കും രൂപം നൽകിയത്. ദ്രാവിഡ ജനവിഭാഗത്തിന്റെ സ്വത്വബോധം ഉണർത്തുന്ന രീതിയിൽ പ്രാദേശികതാവാദം അദ്ദേഹം ഉന്നയിക്കുകയും ദ്രാവിഡ നാട് എന്ന ആശയം മുന്നോട്ടുവയ്ക്കുകയും ചെയ്തതിന്റെ ഭാഗമായാണ് ദ്രാവിഡ കഴകത്തിന്റെ പിറവി. പെരിയാറിന്റെ അരുമ ശിഷ്യന്മാരിലൊരാളായിരുന്നു എഴുത്തുകാരനുമായ സി.എൻ അണ്ണാദുരെ പക്ഷേ ഒരുപടി കൂടി മുന്നോട്ടു കടന്ന് ഇന്ത്യാരാജ്യത്തിൽ നിന്നും ദ്രാവിഡ നാട് വേറിട്ടു നിൽക്കണമെന്നും മറ്റൊരു രാജ്യമായി മാറണമെന്നുമാഗ്രഹിച്ചതോടെയാണ് പെരിയാറും അണ്ണാദുരെയും തമ്മിൽ തെറ്റിയത്. തന്നെക്കാൾ വളരെ പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയെ പെരിയാർ വിവാഹം ചെയ്തതാകട്ടെ ഈ ഭിന്നിപ്പ് മൂർച്ഛിപ്പിച്ചു. അങ്ങനെയാണ് അണ്ണാദുരെ ദ്രാവിഡ കഴകത്തിൽ നിന്നും വേറിടുകയും ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) രൂപീകരിക്കുകയും ചെയ്യുന്നത്. ചലച്ചിത്ര തിരക്കഥാകൃത്തു കൂടിയായിരുന്ന അണ്ണാദുരെയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി ഡി.എം.കെയിലെത്തിയ ചലച്ചിത്ര തിരക്കഥാകൃത്തായ കെ. കരുണാനിധിയാണ് അന്നത്തെ താരബിംബമായ എം.ജി രാമചന്ദ്രനെ പാർട്ടിലേക്ക് എത്തിക്കുക വഴി ഡി.എം.കെയുടെ വിപണി മൂല്യം ഉയർത്താമെന്ന് കണ്ടെത്തിയത്. സിനിമകളിൽ പാവപ്പെട്ടവന്റെ തോഴനായുള്ള റോളുകൾ ചെയ്തിരുന്ന എം.ജി.ആറിന്റെ ജനപ്രിയതയാണ് വാസ്തവത്തിൽ ഡി.എം.കെയ്ക്ക് ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെക്കാളും പ്രാദേശികതാ വാദത്തെക്കാളുമൊക്കെ പേരും പെരുമയും ഉണ്ടാക്കി നൽകിയത്. എന്നാൽ അണ്ണാദുരെയുടെ മരണത്തിനുശേഷം പൂർണമായും തഴയപ്പെട്ട എം.ജി. ആർ, കരുണാനിധി നേതൃത്വം നൽകുന്ന ഡി.എം.കെയിൽ നിന്നും വേറിട്ട് ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാർട്ടി രൂപീകരിച്ചതോടെയാണ് ആശയങ്ങൾക്കുപരിയായി താരബിംബങ്ങൾ ജനതയുടെ ആരാധ്യരായി മാറ്റപ്പെട്ടതും കരുണാനിധി വിരുദ്ധരുടെ കൂട്ടായ്മ എന്ന നിലയിലേക്ക് ആ പാർട്ടി വളർന്നതും. എം.ജി.ആറിനൊപ്പം സിനിമകളിൽ വേഷമിട്ട ഇദയക്കനിയെ സംബന്ധിച്ചിടത്തോളം എ.ഐ.എ.ഡി.എം.കെ തന്റെ അധികാര മോഹങ്ങളെ താലോലിക്കാനുള്ള ഇടമായി പിന്നീട് മാറുകയുമായിരുന്നു. എം.ജി.ആറിന്റെ മരണശേഷം എം.ജി.ആറിന്റെ ഭാര്യ ജാനകിരാമചന്ദ്രന്റെ മരുമകനും നടനുമായ ദീപനാൽ ആക്ഷേപിക്കപ്പെട്ട് ശവമഞ്ചത്തിൽ നിന്നു പോലും പുറത്താക്കപ്പെട്ട ജയലളിത പ്രതികാരവാഞ്ഛയോടെ പാർട്ടിയിൽ തിരിച്ചെത്തുകയും തന്റെ ശത്രുക്കളെ ഉന്മൂലനം ചെയ്യാനൊരുങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് തമിഴകം കണ്ടത്. സുതാര്യതയില്ലാത്ത ഭരണവും തന്റെ ബ്രാൻഡ് എല്ലായിടത്തും കെട്ടിപ്പൊക്കാൻ ശ്രമിക്കുന്ന ഏകാധിപതിയുടെ ശ്രമങ്ങളുമാണ് പിന്നീട് തമിഴകം കണ്ടത്. തനിക്കെതിരെ നിലകൊള്ളുന്നവരെ ഭീഷണിപ്പെടുത്താനും അവർക്കെതിരെ കള്ളക്കേസുകൾ ചമയ്ക്കാനും ജയലളിതയ്ക്ക് യാതൊരു മനസ്സാക്ഷിക്കുത്തുമുണ്ടായില്ല. ഭരണകൂടത്തെ തന്റെ കാൽക്കീഴിൽ വീഴുന്ന നാലാംകിട രാഷ്ട്രീയക്കാരന്റെ വിലയാണ് അവർ കൽപിച്ചിരുന്നത്. സ്പിക് ഓഹരിയിടപാടിൽ ജയലളിതയുടെ അഭീഷ്ടത്തിന് എതിരെ നിലകൊണ്ട വ്യവസായ സെക്രട്ടറി ചന്ദ്രലേഖയ്ക്കെതിരെ നടന്ന ആസിഡ് ആക്രമണവും തനിക്കെതിരെ വിധി പറഞ്ഞ ജസ്റ്റിസ് ലക്ഷ്മണയുടെ മരുമകനെ കഞ്ചാവു കേസിൽ അകത്താക്കിയതും വിവാദമായ എൻകൗണ്ടർ കൊലപാതകങ്ങളും തുടങ്ങി ജയക്കെതിരെ നിരവധി ആരോപണങ്ങളാണ് നിലനിൽക്കുന്നത്. ഇതിനൊക്കെ പുറമേയാണ് അഴിമതിയാരോപണങ്ങളുടെ പ്രളയം. ആദ്യവട്ടം അഴിമതിയാരോപണങ്ങളിൽ കുളിച്ച് നിലംപൊത്തിയെങ്കിലും സൗജന്യ വാഗ്ദാനങ്ങൾ നൽകി വോട്ടർമാരെ തൃപ്തിപ്പെടുത്തി അധികാരത്തിലേക്ക് തിരിച്ചെത്തിയിരുന്ന അവർ പാവപ്പെട്ടവന്റെ പ്രിയപ്പെട്ടവളാകാൻ പരമാവധി കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ജയലളിതയുടെ പിൻഗാമിയായി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തപ്പെടാനുള്ള കരുനീക്കങ്ങൾ നടത്തുന്ന ശശികലയും ജയലളിതയുടെ അതേ റൂട്ടിൽ തന്നെയാണ് മുന്നേറുന്നത്. പനീർശെൽവത്തെ മുഖ്യമന്ത്രി പദത്തിൽ നിലനിർത്താനും ജയലളിതയുടെ മരണത്തിനു മണിക്കൂറുകൾക്കു ശേഷം തന്നെ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാനും ശശികല നടത്തിയ നീക്കം അവരുടെ രാഷ്ട്രീയ കൂർമ്മ ബുദ്ധി തന്നെയാണ് വെളിവാക്കിയിരിക്കുന്നത്. 

ജയലളിതയ്ക്കുശേഷം എ.ഐ.എ.ഡി.എം.കെയിൽ ആരെന്ന ചോദ്യമാണ് ഇപ്പോൾ പ്രസക്തമായിട്ടുള്ളത്. ജനാധിപത്യത്തിനു പുല്ലു വിലയുള്ള, കാൽക്കൽ വീഴുന്ന മന്ത്രിമാരും ശിങ്കിടിമാരുമുള്ള ഒരു കോമാളി ഭരണം കാഴ്ചവച്ച എ.ഐ.എ.ഡി.എം.കെയെ സംബന്ധിച്ചിടത്തോളം 136 എം.എൽ.എമാരുടെ ഭൂരിപക്ഷമെന്നത് യഥാർത്ഥത്തിൽ ഇന്ന് വലിയൊരു ഭാരമാണ്. ജാതി സമവാക്യങ്ങളിൽ അധിഷ്ഠിതമായ പ്രാദേശികമായ അടിത്തറയാണ് ആന്റി കരുണാനിധി സെന്റിമെന്റിൽ മാത്രം കെട്ടിപ്പൊക്കിയ ആ പാർട്ടിയുടെതെന്നത് അതിന്റെ നിലനിൽപ് കൂടുതൽ ഭയാനകമാക്കുന്നു. ജയലളിത ഭരണത്തിൽ നിന്ന് ഒഴിഞ്ഞു നിന്നപ്പോഴെല്ലാം മുഖ്യമന്ത്രി പദത്തിലേറിയ ഒ. പനീർ ശെൽവത്തെ മുഖ്യമന്ത്രിയായി പാർട്ടി അവരോധിച്ചെങ്കിലും ജയലളിത തനിക്ക് ഭീഷണിയല്ലാത്ത ഒരു കാവലാളായി മാത്രമേ പനീറിനെ കണ്ടിരുന്നുള്ളുവെന്നത് പാർട്ടിക്കാർക്ക് അറിയാവുന്ന സത്യമാണ്. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറായ തന്പിദുരെയും ഗൗണ്ടർ സമുദായക്കാരനായ പളനിസ്വാമിയും എന്തിന് ജയലളിതയുടെ തോഴിയായ ശശികല വരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജയലളിതയുടെ മരണത്തിനു മുന്നേ തന്നെ കണ്ണുനട്ടിരുന്നുവെന്നതാണ് പാർട്ടി അനുയായികൾക്കിടയിൽ നിന്നു തന്നെ ലഭിക്കുന്ന വാർത്തകൾ. ഗൗണ്ടർ സമുദായത്തിൽപ്പെട്ടവർക്കാണ് 2014ലെ തിരഞ്ഞെടുപ്പിനുശേഷം എ.ഐ.എ.ഡി.ഐ.എം.കെയിൽ ആധിപത്യമെന്നത് പളനിസ്വാമിയും തന്പിദുരെയുമൊക്കെ വരാനിരിക്കുന്ന ദിവസങ്ങളിൽ പാർട്ടിയിൽ ഉണ്ടാകാനിരിക്കുന്ന വലിയ കൊടുങ്കാറ്റിന്റെ സൂചനകളാണ് നൽകുന്നത്. പനീർ ശെൽവവും ശശികലയും തേവർ സമുദായക്കാരാണെന്നിരിക്കെ, ഗൗണ്ടർ സമുദായക്കാരായവരെ തങ്ങളിലേക്ക് എത്തിക്കുകയെന്ന തന്ത്രം ബി.ജെ.പിയും തേവർ സമുദായക്കാർക്കൊപ്പം കോൺഗ്രസും ചുവടുറപ്പിക്കുകയാണെങ്കിൽ എ.ഐ.എ.ഡി.എം.കെയിൽ ഒരു ഭിന്നിപ്പിനുള്ള സാധ്യതയേറുമെന്ന കാര്യത്തിൽ സംശയം വേണ്ട. ജയലളിത ആശുപത്രിയിലായ സമയത്തു തന്നെ, തന്പിദുരെയെ മുഖ്യമന്ത്രിയായി എത്തിക്കാനുള്ള ഒരു നീക്കം അണിയറയിൽ ബി.ജെ.പി ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് വാർത്തകൾ. കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു അതിനുള്ള പദ്ധതി തയാറാക്കിയതിന്റെ ഭാഗമായാണ് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി തമിഴ്നാട്ടിൽ ജയലളിതയുടെ അഭാവത്തിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യമുന്നയിക്കുകയും ചെയ്തത്. എന്നാൽ ഗൗണ്ടർ, വണ്ണിയർ, തേവർ തുടങ്ങിയ സമുദായങ്ങൾ എ.ഐ.എ.ഡി.എം.കെയുടെ വോട്ട് ബാങ്കാണെന്നിരിക്കേ, പനീർ ശെൽവത്തിന്റെ നിലവിലെ ആരോഹണം അധിക കാലം നിലനിൽക്കാനിടയില്ല. ജയലളിത ഉള്ളപ്പോൾ അവരുടെ തീരുമാനത്തിനെതിരെ പാർട്ടിയിൽ കലാപക്കൊടി ഉയരില്ലായിരുന്നുവെങ്കിൽ ഇന്ന് അവസ്ഥ ഭിന്നമാണ്. വരവിൽ കവിഞ്ഞ സ്വത്ത് സന്പാദിച്ച കേസിൽ ശശികലയും ഇളവരശിയും വി.എൻ സുധാകരനും ജയലളിതയുടെ കൂട്ടുപ്രതികളായതിനാൽ ഈ കേസിന്റെ വിധി സുപ്രീംകോടതിയിൽ നിന്നു വരാനിരിക്കേ, അതിനെ ആശ്രയിച്ചിരിക്കും തമിഴ്‌നാട് രാഷ്ട്രീയത്തിലെ പിന്നീടുള്ള അന്തർനാടകങ്ങൾ. എന്തായാലും അഭിനേതാക്കളായ അജിത്തോ വിജയോ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്താനുള്ള സാധ്യത ഇപ്പോൾ വിരളമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളുവെന്നതിനാൽ കരുത്തനായ ഒരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി അവതരിപ്പിക്കാൻ ഇനിയും അവർക്ക് 2021 വരെ സമയമുണ്ടു താനും.

മൊത്തം 234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിൽ എ.ഐ.എ.ഡി.എം.കെയ്ക്ക് 136 അംഗങ്ങളും പ്രതിപക്ഷമായ ഡി. എം.കെയ്ക്ക് 89 പേരും കോൺഗ്രസിന് എട്ടും മുസ്ലിംലീഗിന് ഒരു അംഗവുമാണുള്ളത്. കുടുംബപരമായി ഭരണം പങ്കിട്ടുവരുന്ന സമാജ്്വാദി പാർട്ടിയിൽ നിന്നും കോൺഗ്രസിൽ നിന്നും ശിവസേനയിൽ നിന്നും ഡി.എം.കെയിൽ നിന്നും അകാലിദളിൽ നിന്നും ഭിന്നമാണ് എ.ഐ.എ.ഡി.എം.കെയുടെ അവസ്ഥ. മായാവതിയുടെ ബി.എസ്.പിയെപ്പോലെയും മമതയുടെ തൃണമൂൽ കോൺഗ്രസ് പോലെയും ഒറ്റ നേതാവിന്റെ പ്രഭാവത്തെ ആശ്രയിച്ചു മാത്രം നിലകൊള്ളുന്ന പാർട്ടിയാണത്. ജയലളിതയുടെ ഭരണകാലത്തൊരിക്കൽ പോലും പാർട്ടിയിൽ അവരല്ലാതെ മറ്റൊരു നേതാവിനെ വളർത്താൻ അവർ ശ്രമിച്ചിട്ടില്ലായിരുന്നു. സ്വന്തം പാർട്ടി നേതാക്കളെപ്പോലും അവിശ്വാസത്തോടെ മാത്രം നോക്കിക്കണ്ടിരുന്ന അവർ തന്റെ ആജ്ഞാനുവർത്തികളല്ലാത്ത മറ്റൊരാളേയും പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നതാണ് വാസ്തവം. ജയലളിതയുടെ വിയോഗം ആ ഒരു അവസ്ഥയിലാണ് തമിഴ്നാട്ടിലെ ഭൂരിപക്ഷ പാർട്ടിയെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടിരിക്കുന്നത്. ജയലളിതയെ വ്യക്തിജീവിതത്തിൽ ചീത്തപ്പേര് കേൾപ്പിക്കാനിടയാക്കിയത് ശശികലയാണെന്ന ധാരണ ജനിപ്പിക്കാൻ, 1996ൽ ജയലളിത അഴിമതിക്കേസിൽ കുടുങ്ങിയപ്പോഴും 2011ൽ അധികാരത്തിൽ ജയലളിത തിരിച്ചെത്തിയപ്പോഴും ശശികലയെ പോയസ് ഗാർഡൻസിൽ നിന്നും പുറത്താക്കിയത് ഇടയാക്കിയിരുന്നു. തിരുവാരൂരിലെ മണ്ണാർകുടിയിൽ നിന്നുള്ള ഈ സ്ത്രീയുമായുള്ള ജയലളിതയുടെ ബന്ധം പല വിമർശനങ്ങൾക്കും അധിക്ഷേപങ്ങളും കാരണമായിട്ടുള്ളതാണു താനും. ശശികലയുടെ വളർത്തുമകൻ വി.എൻ സുധാകരനെ ജയലളിത വളർത്തുമകനാക്കിയതും അത്യാഡംബരപൂർവമായി സുധാകരന്റെ വിവാഹച്ചടങ്ങ് ഒരുക്കിയതുമൊക്കെ ജയലളിതയ്ക്ക് ചീത്തപ്പേരിനിടയാക്കിയിരുന്നു. മണ്ണാർകുടി മാഫിയ എന്ന കുപ്രസിദ്ധിലേക്ക് ശശികലയും കുടുംബക്കാരും എത്തിച്ചേർന്നെങ്കിലും ജയലളിതയുടെ മനസറിഞ്ഞു നിൽക്കുന്നതിനാൽ അന്ത്യനിമിഷംവരെയും അവർക്കൊപ്പം ശശികലയ്ക്ക് തുടരാനായിയെന്നത് അവരുടെ പ്രാമുഖ്യം വർദ്ധിപ്പിക്കുന്നുണ്ട്. പക്ഷേ ജനങ്ങളിൽ അവർക്കെതിരെ എതിർപ്പുകൾ ഉണ്ടാകാത്തപക്ഷം ശശികലയെ പാർട്ടി സെക്രട്ടറി പദത്തിലേക്ക് എത്തിക്കുന്നതിന് തൽക്കാലം ഭൂരിപക്ഷം നേതാക്കളും അനുകൂലമായ നിലപാട് സ്വീകരിക്കാനാണ് സാധ്യത. എന്നാൽ അധികാര രാഷ്ട്രീയത്തിന്റെ അപ്പസ്തോലന്മാർ നിറയെ ഉള്ള പാർട്ടിയെ അധികകാലം അവർക്ക് കൈപ്പിടിയിൽ വയ്ക്കാനാവില്ലെന്നുറപ്പ്. ജയലളിത ഇല്ലാത്ത എ.ഐ.എ.ഡി.എം.കെ ജയലളിത നേതൃത്വം നൽകിയിരുന്ന പാർട്ടിയിൽ നിന്നും തീർത്തും ഭിന്നമായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ശശികല ജയലളിതയുടെ മണ്ധലമായ ആർ.കെ നഗറിൽ നിന്നും അങ്കത്തിനിറങ്ങാൻ തീരുമാനിച്ചാൽ അതിനെതിരെ എതിർപ്പുകൾ ഉയരാനിടയുണ്ട്. ജയലളിതയുടെ മരണത്തിനുശേഷം ശശികലയുടെ ഭർത്താവ് നടരാജൻ അവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയതും ശശികലയുടെ കുടുംബാംഗങ്ങൾ പോയ്‌സ് ഗാർഡനിലേക്ക് പ്രവഹിക്കുന്നതും ഇനി കളിക്കാൻ പോകുന്ന കരുക്കളുടെ സൂചനയാണ് നൽകുന്നത്. 

ജയലളിത ഇല്ലാത്ത എ.ഐ.എ.ഡി.എം.കെ വരുന്ന തിരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ എം.കെ സ്റ്റാലിനോട് എങ്ങനെയാകും എതിരിട്ടു നിൽക്കുകയെന്നത് കാണാനിരിക്കുന്ന കാഴ്ചയാണ്. കരുണാനിധിയെപ്പോലെ വ്യക്തിപ്രഭാവമുള്ള നേതാവല്ല അദ്ദേഹത്തിന്റെ പിൻഗാമിയായി എത്തുന്ന മകൻ എന്നത് പ്രധാനമാണെങ്കിലും എതിർപക്ഷത്ത് ശക്തനായ നേതാവില്ലാത്തത് സ്റ്റാലിന്റെ താവളത്തിലേക്ക് എ.ഐ.എ.ഡി.എം.കെയിലെ അസംതൃപ്തർ ചേക്കേറാൻ ഇടയാക്കുമെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം പ്രാദേശികമായ ഈ തിരഞ്ഞെടുപ്പുകളിൽ ജാതി സംഘടനകളായ രാം ദാസിന്റെ പാട്ടാളി മക്കൾ കച്ചിയും (പി.എം.കെ) വിജയകാന്തിന്റെ ഡി.എം.ഡി.കെയും വൈകോയുടെ എം.ഡി.എം.കെയുമൊക്കെ നിർണായകശക്തികളായി ഉയരാനുള്ള സാധ്യതകളുമുണ്ട്. എന്നാൽ കാമരാജിനുശേഷം ഒരിക്കൽപോലും മുഖ്യമന്ത്രി പദത്തിലെത്താൻ കഴിഞ്ഞിട്ടില്ലാത്ത കോൺഗ്രസ് ആഞ്ഞുപിടിക്കുകയും ബി.ജെ.പി എ.ഐ.എ.ഡി.എം.കെയിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാൻ ശ്രമിക്കുകയും ചെയ്താൽ പ്രാദേശികവാദത്തിൽ നിന്നും തമിഴ്നാട് ദേശീയ രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോക്ക് നടത്തുവാനുള്ള സാധ്യതകളും കാണുന്നുണ്ട്. ജയലളിത ആശുപത്രിയിലായിരുന്ന സന്ദർഭത്തിൽ ആശുപത്രിയിലേക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെത്തിയത് ശശികലയുടെ നിർദേശ പ്രകാരമായിരുന്നുവെന്ന് അഭ്യൂഹങ്ങൾ പരക്കുകയും ബി.ജെ.പിയുടെ വെങ്കയ്യ നായിഡു തന്പിദുരെയെ മുഖ്യമന്ത്രിയാക്കാൻ ചരടുവലികൾ നടത്തിയെന്നുമൊക്കെയുള്ള വാർത്തകൾ വിശ്വസിക്കാമെങ്കിൽ എ.ഐ.എ.ഡി.എം.കെയിൽ പൊട്ടിത്തെറികൾ അധികം വൈകാതെ തന്നെ ആരംഭിക്കാനിടയുണ്ട് എന്നാണ് അർത്ഥം. 

ആർക്കും പ്രവചിക്കാനാകാത്ത വിധം നിഗൂഢമായ രാഷ്ട്രീയക്കളികളിൽ ആരാണ് നേട്ടം കൊയ്യാൻ പോകുന്നതെന്നത് വരാനിരിക്കുന്ന ദിനങ്ങളിൽ കാണാനിരിക്കുന്ന കാഴ്ച!

You might also like

Most Viewed