കശാപ്പുകാരനോ കാവലാളോ ?

ജെ. ബിന്ദുരാജ്
വിദ്വേഷത്തിന്റെ വിൽപ്പനക്കാരൻ പ്രധാനമന്ത്രിയായപ്പോൾ തന്നെ പ്രതീക്ഷിച്ചിരുന്നതാണ് ഇതെല്ലാം. ഗുജറാത്തിലെ വംശഹത്യകളുടെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഒരുവൻ അൽപന് അർത്ഥം കിട്ടിയതുപോലെ, ഇന്ത്യയുടെ നേതൃത്വത്തിലേക്കുയരാനിടയാക്കിയത് വികസനത്തെപ്പറ്റിയുള്ള കാൽപനിക ജൽപനങ്ങൾ ഉരുവിട്ടും വരാനിരിക്കുന്ന സ്വർഗരാജ്യത്തെപ്പറ്റി പ്രഘോഷണങ്ങൾ നടത്തിയും ഒരു മതവിഭാഗത്തെ ഭീകരവാദികളായി മുദ്ര കുത്തിയുമൊക്കെയാണ്. വന്പൻ ബിസിനസുകാരുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട്, രാജ്യത്തെ കൊള്ളയടിക്കാനൊരുങ്ങുന്ന പ്രധാനമന്ത്രിയുടെ മുഖമാണ് കഴിഞ്ഞയാഴ്ച മുൻ പ്രധാനമന്ത്രിയും മുൻധനമന്ത്രിയും ആർ.ബി.ഐ മുൻ ഗവർണറുമായിരുന്ന മൻമോഹൻ സിംഗ് കീറിയെറിഞ്ഞത്. മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയ നോട്ട് അസാധുവാക്കൽ ചരിത്രപരമായ കെടുകാര്യസ്ഥതയാണെന്നും സംഘടിതമായ കൊള്ളയാണെന്നും നിയമനാസൃതമായ പിടിച്ചുപറിയാണെന്നും മൻമോഹൻ സിംഗ് തുറന്നടിച്ചു. ഇതെല്ലാം കേട്ടുകൊണ്ടിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി മറുപടി പോലും പറയാതെ പാർലമെന്റ് വിടുകവഴി തന്റെ ചരിത്രപരമായ മഠയത്തം അംഗീകരിക്കുകയായിരുന്നുവെന്നു വ്യക്തം. പക്ഷേ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ താൻ ഏകപക്ഷീയമായെടുത്ത ഒരു തീരുമാനത്തിന്റെ ഭവിഷ്യത്തുകൾ ചർച്ച ചെയ്യുന്പോൾ അതിനു മറുപടി പോലും നൽകാതെ സഭ വിടുകവഴി ജനാധിപത്യത്തിന്റെ എതിർപക്ഷത്താണ് താനെന്നും ഏകാധിപതിയുടെ മുഖമാണ് തനിക്കെന്നും മോഡി പരസ്യമായി വെളിവാക്കുകയായിരുന്നു.
നോട്ട് അസാധുവാക്കൽ എന്ന മോഡിയുടെ മണ്ടത്തരത്തിന്റെ പ്രത്യാഘാതങ്ങൾ ഇന്ത്യ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. മുന്നൊരുക്കങ്ങളില്ലാതെ, കൈയടി ലക്ഷ്യമാക്കി മാത്രം നടത്തിയ ഈ അഭ്യാസം ഗ്രാമീണ ജീവിതത്തിന്റെ സർവ്വമേഖലകളേയും ബാധിച്ചതിനു പുറമേ, നഗരജീവിതത്തേയും ബിസിനസുകളേയും അപ്പാടെ നിഷ്‌ക്രിയമാക്കിക്കൊണ്ടിരിക്കുകയാണ്. സഹകരണമേഖലയിലെ നിക്ഷേപത്തിന്റെ 53 ശതമാനവും നിലനിൽക്കുന്ന കേരളത്തിലെ ദൈനംദിന ജീവിതത്തെ അത് രൂക്ഷമായി ബാധിച്ചിരിക്കുന്നു. തുണിവസ്ത്ര നിർമ്മാണരംഗം, തുകൽ ഉൽപന്നങ്ങൾ, ആഭരണ മേഖല എന്നിവിടങ്ങളിലെ തൊഴിലാളികളിൽ നാലു ലക്ഷം പേർക്ക് ഇതിനകം തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നു. വാഹന, റിയൽ എേസ്റ്ററ്റ് രംഗം നിശ്ചലാവസ്ഥയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ വിനിമയമൂല്യം കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഇന്ത്യ കണ്ടതിൽ വെച്ചേറ്റവും വലിയ തകർച്ചയിലേക്ക് എത്തിയിരിക്കുന്നു. ഓഹരി വിപണിയിൽ നിന്നും കൂട്ടത്തോടെ വിദേശനിക്ഷേപകർ പിന്മാറിക്കൊണ്ടിരിക്കുന്നു. നവംബർ എട്ടു മുതൽ നവംബർ 23 വരെ മാത്രം 12,000 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ നിക്ഷപകർ വിറ്റൊഴിഞ്ഞത്. നോട്ട് അസാധുവാക്കൽ മൂലം രാജ്യത്ത് വരാനിരിക്കുന്ന വലിയ സാന്പത്തിക മാന്ദ്യവും ബിസിനസുകളുടെ തകർച്ചയും മുന്നിൽക്കണ്ടുകൊണ്ടാണ് വിദേശനിക്ഷേപകരുടെ ഈ പിന്മാറ്റമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
സ്വപ്നതുല്യമായ ഇന്ത്യയെന്ന പ്രതീക്ഷ നൽകിക്കൊണ്ട് അർദ്ധരാത്രിയിൽ നോട്ടുകൾ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഏകപക്ഷീയവും സേച്ഛാധിപത്യപരവുമായ തീരുമാനം രാജ്യത്തെ കടുത്ത അസ്ഥിരാവസ്ഥയിലേയ്ക്ക് കൊണ്ടെത്തിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകളാണ് എങ്ങും. പണത്തിനായി ക്യൂവിൽ നിൽക്കുന്ന ദുരന്തം മാത്രമാണ് ടെലിവിഷൻ ചാനലുകളും പത്രങ്ങളുമൊക്കെ പ്രധാനമായും ചർച്ച ചെയ്യുന്നതെങ്കിലും അതിനേക്കാളൊക്കെ ഭീതിദമായ ഒരു നാളെ ഇന്ത്യയെ കാത്തിരിക്കുന്നുണ്ടെന്നതാണ് വാസ്തവം. നോട്ട് അസാധുവാക്കൽ ഇന്ത്യയ്ക്ക് ഭാവിയിൽ ഗുണം ചെയ്യുമെന്ന മോഡിയുടെ വചനങ്ങളെ പരിഹസിക്കാൻ മൻമോഹൻ സിംഗ് കടമെടുത്തത് സാന്പത്തിക ശാസ്ത്രജ്ഞനായ ജോൺ മേനാർഡ് കീനെസിനെയാണ് ‘വരുംകാലത്ത് നമ്മളൊക്കെ തന്നെ നശിച്ചിരിക്കും!’ രാജ്യത്തെ മൊത്തം ജിഡിപിയിൽ വരുംവർഷം രണ്ടു ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് മുൻ ആർബിഐ ഗവർണറും മുൻ ധനമന്ത്രിയുമായ മൻമോഹൻ സിംഗ് തുറന്നടിച്ചു. രാജ്യത്തെ 90 ശതമാനം പേരും തൊഴിലെടുക്കുന്നത് അസംഘടിത മേഖലയിലും 55 ശതമാനം കാർഷിക മേഖലയിലുമാണെന്നിരിക്കേ, ഗ്രാമീണ മേഖലയെ തന്നെ നിശ്ചലമാക്കുന്ന തീരുമാനമാണ് പ്രധാനമന്ത്രിയിൽ നിന്നുണ്ടായതെന്നും മൻമോഹൻ സിംഗ് കുറ്റപ്പെടുത്തി.
അന്പതു ദിവസക്കാലം ക്ഷമിക്കണമെന്നായിരുന്നു പ്രധാനമന്ത്രി മോഡി രാഷ്ട്രത്തോട് ആവശ്യപ്പെട്ടത്. അന്പതു ദിവസക്കാലമെന്നത് ഒരു രാഷ്ട്രത്തിന്റെ സന്പദ് വ്യവസ്ഥയിൽ എത്രത്തോളം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാൻ പോന്നതാണെന്ന് പ്രധാനമന്ത്രിയായ മോഡിക്ക് അറിയില്ലെന്നു തന്നെയാണല്ലോ അതിനർത്ഥം. ബാങ്കിങ്ങിലും പണമിടപാടുകളിലുമൊക്കെ 50 ദിവസക്കാലം ഒരു രാഷ്ട്രത്തിൽ അസ്ഥിരാവസ്ഥ ഉണ്ടാക്കുകയെന്നുവെച്ചാൽ ഒരു വർഷമെടുത്താൽ കരകയറാനാകാത്തവിധമുള്ള പ്രത്യാഘാതങ്ങളാണ് ഉണ്ടാവുകയെന്നത് ഏതൊരു സാധാരണ പൗരനും മനസ്സിലാക്കാനാകുന്ന കാര്യമാണെന്നിരിക്കേയാണ് ഈ അജ്ഞത നടിക്കൽ. നോട്ട് അസാധുവാക്കൽ തീരുമാനം എത്രത്തോളം ആസൂത്രണമില്ലാതെയാണ് നടപ്പാക്കിയതെന്ന് ഓരോ ദിവസവും അതിൽ പരിഷ്‌കരണങ്ങൾ നടത്തുവാൻ ആർബിഐയും ധനമന്ത്രാലയവും നടത്തുന്ന കാഴ്ചകൾ കാണുന്പോൾ തന്നെ ആർക്കും ബോധ്യപ്പെടുന്നതുമാണ്. സഹകരണബാങ്കിങ് സംവിധാനത്തിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ മാറിമാറി കൈക്കൊണ്ട തീരുമാനങ്ങൾ തന്നെയെടുത്താൽ ബോധ്യപ്പെടും സർക്കാർ സംവിധാനത്തിന്റെ വീഴ്ചകൾ. നോട്ട് അസാധുവാക്കിയ സമയത്ത് പുറത്തിറക്കിയ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവിൽ ജില്ലാ സഹകരണബാങ്കുകളെ ആദ്യം ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും പിന്നീട് സംസ്ഥാന സർക്കാരിന്റേയും ജില്ലാ സഹകരണബാങ്ക് ഉദ്യോഗസ്ഥരുടേയും അഭ്യർത്ഥനയെ തുടർന്ന് നവംബർ പത്താം തീയതി മുതൽ അവർക്കും പഴയ നോട്ട് സ്വീകരിച്ച് പുതിയത് നൽകാനുള്ള അധികാരം നൽകി. ആർബിഐ റീജിയണൽ ഡെപ്യൂട്ടി ജനറൽ മാനേജർ എൻ ഗിരീശൻ നൽകിയ ഈ ഉത്തരവ് 14ാം തീയതി ആർബിഐ പിൻവലിച്ചതോടെ അതിനകം 2100 കോടി രൂപയുടെ നിക്ഷേപം പഴയ കറൻസികളിൽ സ്വീകരിച്ച സഹകരണ ബാങ്കുകൾ വെട്ടിലായി. സംസ്ഥാനത്തെ സഹകരണബാങ്കുകളിലായുള്ള ഈ നിക്ഷേപം ആർബിഐ ഏറ്റെടുത്താൽ തന്നെയും സഹകരണമേഖല ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരമാകില്ല. അതിനിടെ രാജസ്ഥാനിൽ എയർടെൽ പേമെന്റ് ബാങ്ക് എന്ന പേരിൽ രാജ്യത്തെ ആദ്യ പേയ്‌മെന്റ് ബാങ്ക് ആരംഭിക്കുകയും സേവിങ്‌സ് ബാങ്ക് അക്കൗണ്ടിന് 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്തുവെന്നതും ഓരോ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഹോൾഡർക്കും ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് കവറും നൽകിയതെന്നതും ശ്രദ്ധേയമായ കാര്യമാണ്. എയർടെല്ലിന്റെ മൊബൈൽ ഫോൺ നന്പർ തന്നെ അക്കൗണ്ട് നന്പറായി മാറുന്ന ഈ സംവിധാനം ഗ്രാമപ്രദേശങ്ങളിലേയ്ക്ക് കടന്നുചെല്ലാനുള്ള തയ്യാറെടുപ്പാണ് ഇപ്പോൾ നടത്തുന്നത്. ആധാർ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് കെവൈസി ഉപയോഗിച്ചുള്ള അക്കൗണ്ട് തുറക്കൽ സംസ്ഥാനത്തെ സഹകരണമേഖലയുടേയും മറ്റ് ബാങ്കുകളുടേയും കടയ്ക്കൽ കത്തിവയ്ക്കുമോ എന്നത് കണ്ടറിയേണ്ടുന്ന കാര്യം.
മൊത്തം 1.27 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലായി നിലവിലുള്ളത്. കർഷകരും പെൻഷനർമാരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യസ്ഥാപനങ്ങളിൽ നിന്നു വിരമിച്ചവരും രാഷ്ട്രീയക്കാരും പ്രവാസി കേരളീയരുമൊക്കെയായി വലിയൊരു വിഭാഗം പേർ സഹകരണ സ്ഥാപനങ്ങളിലാണ് തങ്ങളുടെ ആജീവനാന്ത സന്പാദ്യം നിക്ഷേപിച്ചിട്ടുള്ളത്. ബിനാമി പേരുകളിൽ ധാരാളം കള്ളപ്പണം ഇത്തരം സഹകരണ സ്ഥാപനങ്ങളിലെ അക്കൗണ്ടുകളിലായി നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാലാണ് കറൻസി മാറ്റിയെടുക്കലിന് ഈ സ്ഥാപനങ്ങളെ അനുവദിക്കാത്തതെന്നുമാണ് ആർബിഐയുടെ വാദം. ബിജെപിയാകട്ടെ സഹകരണ മേഖലയിൽ മുഴുവൻ കള്ളപ്പണ നിക്ഷേപമാണെന്ന അതിരുകടന്ന പ്രചാരണം അഴിച്ചുവിടുകയും ചെയ്യുന്നു. കേരളത്തിൽ 125ലേറെ സഹകരണ സ്ഥാപനങ്ങൾക്കു നേതൃത്വം നൽകുന്ന ബിജെപിയുടെ സഹകരണ സ്ഥാപനങ്ങളിൽ മാത്രം 2000 കോടി രൂപയിലധികം നിക്ഷേപമുണ്ടെന്നിരിക്കേയാണ് സംസ്ഥാനത്തെ മുഴുവൻ സഹകരണ സ്ഥാപനങ്ങളേയും സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ടുള്ള ബിജെപിയുടെ പ്രചാരണമെന്നത് സംശയകരമാണ്. സഹകരണ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവർക്ക് വലിയ മനപ്രയാസവും മാനസിക സംഘർഷവുമുണ്ടാക്കും വിധമുള്ള ഇത്തരം പ്രചാരണങ്ങൾ മൂലം കേരളത്തിൽ ഒരു വൃദ്ധൻ ആത്മഹത്യ ചെയ്തത് നിസ്സാരമായി തള്ളിക്കളയാനാവില്ല. വിരമിച്ചപ്പോൾ ലഭിച്ച പ്രോവിഡന്റ് ഫണ്ട് തുകയടക്കമുള്ളവ പ്രാഥമിക സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുകയും അവയിൽ നിന്നും ലഭിക്കുന്ന പലിശ കൊണ്ട് കഷ്ടി ജീവിച്ചുപോകുകയും ചെയ്യുന്ന നിരവധി പേർ ഇന്ന് കേരളത്തിലുണ്ട്.
പ്രാഥമിക കാർഷിക സഹകരണസംഘങ്ങൾക്ക് ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും ഒരാഴ്ചയിൽ പരമാവധി 50,000 രൂപ മാത്രമേ പിൻവലിക്കാനാകൂ എന്ന ആർബിഐ നിബന്ധനയാണ് അവർക്ക് പ്രധാനമായും കുരിശായിരിക്കുന്നത്. മൊത്തം 32 ലക്ഷം അക്കൗണ്ടുകൾ സഹകരണ സ്ഥാപനങ്ങളിൽ കേരളത്തിലുണ്ടെന്നിരിക്കേ, ആ ബാങ്കുകൾക്കുനേരെയുള്ള കള്ളപ്രചാരണങ്ങളും ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന്റെ നിലപാടുകളും ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നതിനു പുറമേ, ആയിരക്കണക്കിനു സാധാരണക്കാരുടെ ജീവിതങ്ങൾ കീഴ്‌മേൽ മറിക്കുകയും ചെയ്യും. ന്യൂ ജനറേഷൻ ബാങ്കുകളും എന്തിന്, പൊതുമേഖലാ ബാങ്കുകൾ പോലും കള്ളപ്പണത്തിന്റെ കുമിഞ്ഞുകൂടൽ ഇടങ്ങളായി മാറിയിരിക്കുന്ന കാലത്ത് സംസ്ഥാന സർക്കാരിന്റെ സഹകരണ രജിസ്ട്രാറുടെ കീഴിൽ പ്രവർത്തിക്കുന്ന ഇത്തരം ബാങ്കുകളെ ആർബിഐ ലക്ഷ്യം വെയ്ക്കുന്നതിനു പിന്നിൽ ചില പഴയ കണക്കുതീർക്കലുകൾ ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അതിൽ തർക്കിക്കേണ്ടതില്ല. സഹകരണ സ്ഥാപനങ്ങൾ ആർബിഐയുടെ ചട്ടങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണമെന്ന വൈദ്യനാഥൻ കമ്മീഷൻ നിർദ്ദേശം ഈ ബാങ്കുകൾ പാലിക്കുന്നില്ലെന്നതാണ് അവർ കാണുന്ന പ്രധാന ആക്ഷേപം. എന്നാൽ സഹകരണ സ്ഥാപനങ്ങളിൽ കെ വൈ സി (നോ യുവർ കസ്റ്റമർ) ചട്ടങ്ങൾ നിർബന്ധമാക്കുകയും ഓരോത്തരും വ്യവസ്ഥാപിതമായ നടത്തിയ അക്കൗണ്ടുകളും നിലനിർത്തുകയും ചെയ്താൽ ഇപ്പോഴത്തെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനാകുന്നതേയുള്ളു. തിരിച്ചറിയൽ രേഖ നൽകിക്കൊണ്ട് പണം നിക്ഷേപിച്ചയാളെ കണ്ടെത്താനാകുമെങ്കിൽപ്പിന്നെ എന്തിനാണ് സഹകരണ പ്രശ്‌നം വലിയൊരു പൊല്ലാപ്പിലേക്ക് ആർബിഐ കൊണ്ടെത്തിക്കുന്നതെന്നത് വേറെ കാര്യം. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് ജില്ലാ സഹകരണബാങ്കിൽ നിന്നും അവരുടെ ആവശ്യത്തിനുള്ള പണം പിൻവലിക്കാൻ അനുവദിക്കുകയും സഹകരണ ബാങ്കുകൾ കൈവൈസി മാനദണ്ടങ്ങളും ടി ഡി എസ്സും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്താൽ പ്രശ്‌നങ്ങൾ അവസാനിക്കുമെന്നത് വേറെ കാര്യം.
കറൻസി അസാധുവാക്കൽ മൂലം ഇന്ത്യൻ സന്പദ് വ്യവസ്ഥയുടെ ജിഡിപി വളർച്ച 2017 സാന്പത്തിക വർഷത്തിൽ 3.5 ശതമാനം മാത്രമായി ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ ഫിച്ച് കണ്ടെത്തിയിട്ടുള്ളത്. ജിഡിപിയിൽ 40 ശതമാനത്തോളം പങ്കാളിത്തമുള്ള നികുതിരഹിതമായ ചില്ലറ വ്യാപാര മേഖലയിലുണ്ടാകുന്ന തകർച്ചയ്ക്കു പുറമേ, കാർഷിക മേഖലയിലുണ്ടാകുന്ന പ്രശ്‌നങ്ങൾ വലിയ പ്രത്യാഘാതങ്ങളിലേയ്ക്ക് നയിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. ദേശീയ ജിഡിപിക്ക് ഓരോ ദിവസവും 25,000 കോടി രൂപയിലധികം നഷ്ടപ്പെടുന്ന ഒരു സാഹചര്യമാണ് നോട്ട് അസാധുവാക്കൽ പ്രക്രിയ ഉണ്ടാക്കിയിരിക്കുന്നത്. ഗൾഫിൽ നിന്നും മറ്റ് പ്രവാസി മലയാളികളിൽ നിന്നും കേരളത്തിലേക്കുള്ള ധനമൊഴുക്കും ഏതാണ്ട് നിലച്ചമട്ടാണ് ഇപ്പോൾ. 70,000 കോടി രൂപയാണ് പ്രതിവർഷം പ്രവാസി മലയാളികളിൽ നിന്നും കേരളത്തിലേയ്ക്ക് എത്തുന്നത്. എന്നാൽ നോട്ട് അസാധുവാക്കലിനെ തുടർന്ന് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട രേഖകളില്ലാത്ത പണത്തിന് 60 ശതമാനം വരെ നികുതി ഈടാക്കാൻ ഇൻകംടാക്‌സ് നിയമം സർക്കാർ ഭേദഗതി ചെയ്യാനൊരുങ്ങുകയാണെന്ന വാർത്ത വന്നതോടെ ഗൾഫിൽ നിന്നും കേരളത്തിലേയ്ക്കും മറ്റും സംസ്ഥാനങ്ങളിലേയ്ക്കും നിക്ഷേപമായി എത്തിക്കൊണ്ടിരിക്കുന്ന തുകയ്ക്കും കുറവുണ്ടായി. ഈ തുകയ്ക്ക് നേരത്തെ 30 ശതമാനം നികുതിയും പിഴയും ഈടാക്കുമെന്നാണ് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിൽ 21,000 കോടി രൂപയാണ് ജനധൻ അക്കൗണ്ടിലേയ്ക്ക് എത്തിയതെന്നതും ആ തുക ഇപ്പോൾ ആഴ്ചയിൽ 24,000 രൂപ വെച്ചു മാത്രമേ പിൻവലിക്കാനാകുകയുള്ളുവെന്നതും ഡിസംബർ 30−നു മുന്പായി ഈ നിയമം പാസ്സാക്കി നവംബർ എട്ടിനുശേഷമെന്ന രീതിയിൽ പ്രാബല്യത്തിൽ വരുത്താനാകും സർക്കാരിന്റെ നീക്കം. ബാങ്കുകളിൽ നിക്ഷേപിക്കാതെ കാർഷികാദായവും മറ്റും സ്വന്തം കൈയിൽ സൂക്ഷിച്ച വലിയൊരു വിഭാഗം സാധാരണക്കാരായ ജനങ്ങളെ കൊള്ളയടിക്കുന്നതിനു തുല്യമാണ് ഈ നടപടിയെന്ന കാര്യത്തിൽ സംശയം വേണ്ട.
എന്നാൽ ഇപ്പോഴത്തെ നീക്കം കൊണ്ട് ഭാവിയിൽ പലിശനിരക്കുകൾ കുറയുമെന്നും പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുമെന്നുമൊക്കെയാണ് മോഡിയുടെ വാഗ്ദാനങ്ങൾ. ഇപ്പോൾ ബാങ്കിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ള കണക്കിൽപ്പെടാത്ത പണത്തിന്റെ 60 ശതമാനം ആദായനികുതിയായി നൽകണമെന്ന തീരുമാനം വരികയും അതിൽ നിന്നുള്ള പണം പ്രധാനമന്ത്രി ഗരീബ് കല്യാൺ കോശിലേയ്ക്ക് എത്തിക്കുകയും ചെയ്യുമെന്നാണ് അഭ്യൂഹങ്ങൾ. പക്ഷേ സന്പദ് വ്യവസ്ഥയിൽ അതുണ്ടാക്കുന്ന ഇടിവ് ചെറുതായിരിക്കില്ല. റിയൽ എേസ്റ്ററ്റ് മേഖല വലിയ പ്രശ്‌നങ്ങളിലേയ്ക്ക് കൂപ്പുകുത്തുകയും ചില്ലറ വ്യാപാരരംഗം വലിയ പ്രതിസന്ധികളെ നേരിടുകയും ചെയ്യും.
രാഷ്ട്രവും അവിടത്തെ ജനതയും നീറിപ്പുകയുന്പോൾ, ആശുപത്രികളിൽ രോഗികളുടെ ബന്ധുജനങ്ങൾ പണത്തിനായി നെട്ടോട്ടമോടുന്പോൾ, കർഷകർ അരക്ഷിതാവസ്ഥയിൽ ആത്മഹത്യയ്‌ക്കൊരുങ്ങുന്പോൾ, നാലു ലക്ഷത്തിലധികം പേർക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ അവരുടെ ഉപജീവനമാർഗം നഷ്ടപ്പെടുന്പോൾ ഗുജറാത്തിലെ പഴയ വെറുപ്പിന്റെ വ്യാപാരി നാട്ടുകാർക്ക് മുന്നിൽ വിതുന്പിയും സ്മാർട്ട് ഫോണിൽ തന്റെ ആപ്പ് ഡൗൺലോഡ് ചെയ്ത് മാർക്കിടാനും പറയുന്ന കാഴ്ച ഇന്ത്യയിൽ മാത്രമേ കാണാനാകൂ. രാജ്യത്തിലെ ജനതയുടേയും സന്പദ് വ്യവസ്ഥയുടേയും കശാപ്പുകാരൻ ജനാധിപത്യ സംവിധാനങ്ങളെ അപ്പാടെ നിരസിച്ചുകൊണ്ട് ഒരു സേച്ഛാധിപതിയുടെ പേ ബാധയുടെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയിരിക്കുന്നു. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ജനതയുടെ ജീവിതത്തെ അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളിവിട്ടുകൊണ്ട് എങ്ങനെയാണ് ഈ ഏകാധിപതിക്ക് തുടരാനാകുന്നത്? ജനത കലാപത്തിലേയ്ക്ക് നീങ്ങും മുന്പ് രാഷ്ട്രപതിയും സുപ്രീം കോടതിയും ഉണരേണ്ട സമയമായിരിക്കുന്നു.