കള്ളപ്പണവേട്ടയുടെ നാനാർത്ഥങ്ങൾ
ജെ. ബിന്ദുരാജ്
നവംബർ എട്ടാം തീയതി അർദ്ധരാത്രി മുതൽ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും പഴയ നോട്ടുകളുടെ വിനിമയം സർക്കാർ അസാധുവാക്കിയപ്പോൾ വാസ്തവത്തിൽ നെഞ്ചിടിച്ചത് ഹവാല ഇടപാടുകാർക്കാണ്. കാരണം കേരളത്തിലെ ഒരാഴ്ചത്തെ ഹവാല ഇടപാടുകൾ 700 കോടി രൂപയുടേതാണെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണക്കുകൾ. ഹവാലപ്പണമെത്തിക്കുന്നവർക്കൊപ്പം തന്നെ കുടുക്കിലായിരിക്കുന്നത് കള്ളനോട്ട് മാഫിയക്കാരാണ്. ഈ രണ്ടു കൂട്ടരും കൂട്ടായും അല്ലാതെയും പ്രവർത്തിച്ചിരുന്നതാകട്ടെ കേരളത്തിലെ റിയൽ എേസ്റ്ററ്റ് മേഖലയിലും ചലച്ചിത്ര നിർമ്മാണരംഗത്തും സ്വർണവ്യാപാര രംഗത്തുമാണെന്നത് വേറെ കാര്യം. അതുകൊണ്ടു തന്നെ ഈ മൂന്നു മേഖലകളിലും അധികം വൈകാതെ തന്നെ വലിയ മാന്ദ്യത്തിനുള്ള സാധ്യതകളാണ് ഇപ്പോൾ തെളിഞ്ഞുകാണുന്നത്. തങ്ങളുടെ കൈവശമുള്ള 500ന്റേയും ആയിരത്തിന്റേയും നോട്ടുകൾ എങ്ങനെ ഇനി വിപണിയിലേയ്ക്ക് എത്തിക്കുമെന്നത് അവരെ ശരിക്കും മുൾമുനയിലാക്കിയിരിക്കുന്നു. ബാങ്കുകളിലൂടെ അവ പുതിയ നോട്ടുകളാക്കി മാറ്റാമെന്ന് പ്രതീക്ഷ അസ്ഥാനത്താണ്. പ്രത്യേകിച്ചും സർക്കാർ നോട്ടുകളെത്തിക്കുന്നവരുടെ ഐഡി കാർഡുകളുടെ കോപ്പികൾ കറൻസി നോട്ടുകൾക്കൊപ്പം ആവശ്യപ്പെടുന്നതിനാൽ. മാത്രവുമല്ല ഒരാൾക്ക് ഒരു തവണ 4000 രൂപ മാത്രമേ പണമായി മാറ്റി ലഭിക്കുകയുള്ളുവെന്ന നിബന്ധനയും ബാക്കി അക്കൗണ്ടിലേക്ക് പോകുമെന്നതും കള്ളപ്പണക്കാരെ വെട്ടിലാക്കുകയും ചെയ്യും. മൂന്നു ലക്ഷം രൂപയ്ക്കുമേലുള്ള ഏതൊരു വിനിമയവും കർശനമായി നിരീക്ഷിക്കപ്പെടുമെന്നതിനു പുറമേ, ഈ വർഷം അവസാനം വരെ ബാങ്കുകളിൽ നിക്ഷേപിക്കപ്പെടുന്ന 10 ലക്ഷം രൂപയ്ക്കു മുകളിലുള്ള നിക്ഷേപങ്ങൾ അക്കൗണ്ട് ഹോൾഡറുടെ ആദായനികുതി റിട്ടേണുകളുമായി യോജിച്ചുപോകുന്നില്ലെങ്കിൽ അതിന് 200 ശതമാനം പിഴ ഈടാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കള്ളപ്പണത്തിന്റെ കുത്തൊഴുക്കുള്ള കേരളത്തിലെ റിയൽ എേസ്റ്ററ്റ്, സിനിമ, സ്വർണവ്യാപാരം തുടങ്ങിയ മേഖലകളിലെ തളർച്ച കേരളത്തിന്റെ സന്പദ് വ്യവസ്ഥയെ എങ്ങനെയാകും ബാധിക്കുക എന്നതാണ് വരാനിരിക്കുന്ന നാളുകളിൽ കേരളം കാണാനിരിക്കുന്ന കാഴ്ച. സംസ്ഥാനത്തെ സ്ഥലവിലയും അപ്പാർട്ട്‌മെന്റുകളുടെ വിലകളും അനിയന്ത്രിതമാകുംവിധം വർദ്ധിക്കാൻ ഇടയാക്കിയതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഹവാല റാക്കറ്റുകൾ വഴി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുമുള്ള കള്ളപ്പണത്തിന്റെ ഒഴുക്കും കള്ളനോട്ടിന്റെ വ്യാപനവുമാണെന്നതാണ് വാസ്തവം. കേരളത്തിൽ കള്ളപ്പണത്തിലൂടെ സമീപകാലത്ത് ചില ഇടപാടുകാരും ഇടനിലക്കാരും വാങ്ങിക്കൂട്ടിയ അപ്പാർട്ട്‌മെന്റുകളും ഭൂമിയുമൊക്കെയാണ് വാസ്തവത്തിൽ അനിയന്ത്രിതമായവിധത്തിൽ കേരളത്തിൽ ഭൂമി വില ഗ്രാമപ്രദേശങ്ങളിൽ പോലും വർദ്ധിക്കാൻ ഇടയായതും. സാധാരണക്കാരന് മൂന്നുസെന്റ് ഭൂമിയിൽ ചെറിയൊരു കൂര നിർമ്മിക്കാൻ പോലുമാകാത്തവിധം കെട്ടിട നിർമ്മാണ ചെലവുകൾ കുതിച്ചുയർന്നതും. ഇന്ത്യയിലെ എല്ലായിടത്തും തന്നെ റിയൽ എേസ്റ്ററ്റ് ഇടപാടുകളുടെ 20 ശതമാനം കള്ളപ്പണയിടപാടിലൂടെയാണെങ്കിൽ കേരളത്തിൽ ഇത് 40 ശതമാനത്തോളമാണെന്നാണ് ഈ രംഗത്തുള്ളവർ തന്നെ തുറന്നു സമ്മതിക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളത്തിലെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുണ്ടായ ഭൂവിലയുടെ വർദ്ധനവ് പരിശോധിച്ചാൽ തന്നെയും ഇപ്പോഴത്തെ സാന്പത്തികക്രമത്തിന്റെ വലിയ അസന്തുലിതാവസ്ഥ നമുക്ക് ബോധ്യപ്പെടും. രാജ്യത്തെ സ്വകാര്യ മേഖലയിലെയോ സർക്കാർ മേഖലയിലെയോ വരുമാനത്തിന്റെ വളർച്ചയ്ക്ക് അനുസൃതമായല്ല ആ വളർച്ച ഉണ്ടായിരിക്കുന്നത്. ഗൾഫിൽ നിന്നോ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ അയക്കുന്ന പ്രവാസി നിക്ഷേപവുമായി ഒത്തുനോക്കിയാൽപോലും ഭൂവിലയുടെ വർദ്ധനവ് അതുമായി തുലനം ചെയ്യാനാവില്ല. ഇതിനു പുറമേയാണ് ആഡംബര കാറുകളുടെ വിൽപ്പനയിൽ കേരളം 40 ശതമാനം കണ്ട് വളർച്ച വേറെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെല്ലാം അർത്ഥം കള്ളപ്പണം അതിശക്തമായി കേരളത്തിലെ വിപണികളിലേയ്ക്ക് കുത്തൊഴുക്ക് നടത്തുന്നുണ്ടെന്നു തന്നെയാണ്.
14 ലക്ഷം കോടിയോളം ആയിരത്തിന്റേയും അഞ്ഞൂറിന്റേയും കറൻസി നോട്ടുകളാണ് സർക്കാർ നവംബർ എട്ടിലെ ഉത്തരവ് പ്രകാരം റദ്ദാക്കി മാറ്റിയത്. അങ്ങനെ വരുന്പോൾ അതിനേക്കാളധികം രൂപ ബാങ്കുകളിലേയ്ക്ക് എത്താനുള്ള സാധ്യത വിരളമാണ്. കള്ളനോട്ടുകളുടെ വിനിമയം പൂർണ്ണമായും ഇല്ലാതാകുമെന്നതാണ് അതിൽ നിന്നും ലഭിക്കുന്ന ഗുണം. പാകിസ്ഥാനിൽ നിന്നും കേരളത്തിലേയ്ക്ക് വൻതോതിൽ കള്ളനോട്ടുകൾ ഗൾഫ് രാജ്യങ്ങൾ വഴി എത്താറുണ്ടെന്നത് തെളിയിക്കപ്പെട്ടിട്ടുള്ള യാഥാർത്ഥ്യമാണ്. 2008ൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 72 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് ഒരു മലയാളിയിൽ നിന്നും പിടികൂടിയത്. ഈ കേസ്സ് വിശദമായി അന്വേഷിച്ചപ്പോൾ മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയായ താഹിർ ടാൽകിയ എന്നയാളുമായി ആ റാക്കറ്റിനുള്ള ബന്ധം വെളിപ്പെട്ടു. പാകിസ്ഥാനിൽ നിന്നുള്ള ഇംതിയാസ് ഇബ്രാഹിമിൽ നിന്നുമാണ് ആ കറൻസി നോട്ടുകൾ അയാൾക്ക് കൈമാറ്റം ചെയ്യപ്പെട്ടുകിട്ടിയത്. കള്ളനോട്ടുകൾ വ്യാപകമായി കേരളത്തിലേയ്ക്ക് എത്തപ്പെടുന്നുണ്ട് എന്ന വിവരത്തെ ആശ്രയിച്ചായിരുന്നു രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പി എന്ന സിനിമ തന്നെ രൂപപ്പെട്ടത്. ഇന്ത്യൻ രൂപയ്ക്കു ബദലായി കള്ളനോട്ടുകൾ കൈക്കലാക്കി റിയൽ എേസ്റ്ററ്റ് കച്ചവടത്തിനൊരുങ്ങുന്ന നായകനും തുടർന്നുണ്ടാകുന്ന പ്രതിസന്ധികളുമായിരുന്നു സിനിമയുടെ ഇതിവൃത്തം. 2014ൽ കേരളത്തിൽ നിന്നും 12,441 അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളും 2013ൽ 8997 കറൻസി നോട്ടുകളുമാണ് ആർ ബി ഐയും പോലീസും പിടികൂടിയത്. കേരളത്തിലേയ്ക്ക് എത്തപ്പെടുന്ന കള്ളനോട്ടുകളുെട ചെറിയൊരു ശതമാനം മാത്രമാകും ഇതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കള്ളനോട്ടുകളും വ്യാജനോട്ടും തിരിച്ചറിയാനാകാത്തവിധം സാമ്യമുള്ളതായതിനാലാണ് ഈ പരിശോധനകൾ ബുദ്ധിമുട്ടുള്ളതായി മാറിയത്.
പാകിസ്ഥാനിലുള്ള അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘമാണ് കേരളത്തിലേക്കുള്ള കള്ളനോട്ടുകളുെട വ്യാപനത്തിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് എൻഐഎ പറയുന്നത്. 2007നുശേഷം ഇന്ത്യൻ കറൻസിക്കു ബദലായി കള്ളനോട്ടുകൾ കൈമാറി പണം നൽകുന്ന ദാവൂദിന്റെ ശൃംഖല മലപ്പുറം, കോഴിക്കോട് മേഖലകളിലുള്ള ചിലരുമായി ചേർന്ന് പ്രവർത്തിച്ചുവരുന്നുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കള്ളനോട്ടുകൾ പിടിച്ച കേസ്സിൽ എൻഐഎ ഒന്പതുകേസ്സുകളിൽ ഇതിനകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ആയിരം രൂപയുടെ കള്ളനോട്ടുകളേക്കാളേറെ കേരളത്തിൽ പിടിക്കപ്പെട്ടിട്ടുള്ളത് അഞ്ഞൂറു രൂപയുടെ നോട്ടുകളാണെന്നതാണ് മറ്റൊരു രസകരമായ കാര്യം, 2014ൽ കേരളത്തിൽ നിന്നും 5239 ആയിരം രൂപയുടെ കള്ളനോട്ടുകളാണ് പിടിക്കപ്പെട്ടതെങ്കിൽ 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തപ്പെട്ടത് 7202 എണ്ണമാണ്. കള്ളനോട്ടുകൾ കൂടുതലായി കണ്ടെത്തപ്പെടാത്തതിനുള്ള ഒരു പ്രധാന കാരണം ഈ നോട്ടുകൾ നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് ശന്പളം നൽകാനും റിയൽ എേസ്റ്ററ്റ് ഇടപാടുകളിലുമാണ് ഉപയോഗിക്കപ്പെടുന്നതെന്നതിനാലാണ്. നാട്ടിലേക്ക് പോസ്റ്റ് ഓഫീസുകൾ വഴി ഈ തൊഴിലാളികൾ പണമയക്കുന്പോൾ പലയിടത്തും വ്യാജ നോട്ടുകൾ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ വേണ്ടവിധം വിനിയോഗിക്കപ്പെടുന്നുമില്ല.
കേരളത്തിൽ കള്ളപ്പണം നിക്ഷേപിക്കപ്പെട്ടിരിക്കുന്നതിൽ സഹകരണബാങ്കുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന പ്രചാരണം കാലങ്ങളായി ഉള്ളതാണ്. സാധാരണക്കാരായ ചെറുകിട കച്ചവടക്കാരുടേയും വിരമിച്ച സർക്കാർ ജീവനക്കാരുടേയും പ്രോവിഡൻഡ് ഫണ്ടും ഗ്രാവിറ്റിയുമായി കിട്ടിയ പണം ഒട്ടുമിക്കവരും കൂടുതൽ പലിശ ലഭിക്കുമെന്നതിനാൽ നിക്ഷേപിച്ചിട്ടുള്ളത് ഈ ബാങ്കുകളിലാണ്. കേരളത്തിന്റെ സന്പദ് വ്യവസ്ഥയുടെ നെടുംതൂണായി വർത്തിക്കുന്ന സഹകരണബാങ്കുകളിൽ 75,000 കോടി രൂപയോളം നിക്ഷേപമുള്ളതായാണ് ധനമന്ത്രി ടി എം തോമസ് ഐസക് പറയുന്നത്. സാധാരണക്കാരായ ജനങ്ങൾക്ക് വായ്പയടക്കമുള്ള സൗകര്യങ്ങൾ വലിയ ബുദ്ധിമുട്ടുകളില്ലാതെ ലഭിക്കാൻ അവസരം നൽകുന്ന ഈ സംവിധാനം കേരളത്തിന്റെ വികസനത്തിന്റെ ചാലകശക്തികളിലൊന്നാണ്. ആ സംവിധാനത്തെ അട്ടിമറിച്ചാൽ അത് കേരളത്തിൽ കൂട്ട ആത്മഹത്യകൾക്കാകും വഴിെവയ്ക്കുക. പൊതുമേഖലാ ബാങ്കുകളേക്കാളും സ്വകാര്യ ബാങ്കുകളേക്കാളും ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് ഇന്നും വിശ്വാസ്യത അവരുടെ ദൈനംദിന ജീവിതത്തെ സഹായിക്കുന്ന ഇത്തരം സംവിധാനങ്ങളോടാണ്. പ്രാഥമിക സഹകരണസംഘങ്ങളേയും ജില്ലാ സഹകരണ ബാങ്കുകളേയുമൊക്കെ നികുതിവലയിലെത്തിക്കേണ്ടത് ആവശ്യം തന്നെ. പക്ഷേ അത്തരം സംഘങ്ങളിലോ ബാങ്കുകളിലോ പണം നിക്ഷേപിച്ചിട്ടുള്ള ലക്ഷക്കണക്കിനു നിക്ഷേപകരെ കറൻസി നോട്ട് മാറ്റി നൽകാൻ അനുവദിക്കാത്തതിലൂടെ കേരളത്തിൽ പരിഭ്രാന്തജനകമായ ഒരു സാഹചര്യം സൃഷ്ടിക്കാനാണ് കേന്ദ്ര സർക്കാരും ആർബിഐയും ശ്രമിച്ചത്.
എന്നാൽ കള്ളപ്പണത്തിന്റെ മുഖ്യമായ ഒരിടം രാഷ്ട്രീയപാർട്ടികളാണെന്ന കാര്യത്തിൽ സംശയം വേണ്ട. സംസ്ഥാനത്തിനകത്തും പുറത്തും നിന്നും തെരെഞ്ഞെടുപ്പുകാലത്ത് കോടിക്കണക്കിനു രൂപയാണ് രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും പ്രചാരണ ആവശ്യങ്ങൾക്കായി എത്തുന്നതെന്ന് ആർക്കാണ് അറിയാത്തത്? തെരഞ്ഞെടുപ്പിലേക്ക് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാൻ നടത്തിയ പരിശോധനകളിൽ കഴിഞ്ഞ മേയിൽ മാത്രം കോടിക്കണക്കിനു രൂപയാണ് പിടിച്ചെടുത്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വെളിപ്പെടുത്തിയിരുന്നു. കേരളത്തിൽ മേയിൽ പിടിച്ചെടുത്ത കള്ളപ്പണം തെരഞ്ഞെടുപ്പുകാലത്ത് ഇക്കാലമത്രയും പിടിച്ചെടുക്കപ്പെട്ട കള്ളപ്പണത്തേക്കാൾ വളരെ വലുതായിരുന്നുവെന്നതാണ് മറ്റൊരു കാര്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ സംസ്ഥാനത്തുള്ള ഒരു സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പിൽ 70 ലക്ഷം രൂപയും ചെറിയ സംസ്ഥാനത്ത് ഒരു സ്ഥാനാർത്ഥിക്ക് 54 ലക്ഷം രൂപയുമാണ് ചെലവഴിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വെച്ചിരിക്കുന്ന ചെലവഴിക്കൽ പരിധി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് 28 ലക്ഷം രൂപയാണ്. പക്ഷേ ഈ പരിധിയേക്കാളൊക്കെ വളരെയധികം തുക കേരളത്തിലെ പല സ്ഥാനാർത്ഥികളും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി അവരുടെ പ്രചാരണങ്ങളിൽ നിന്നു തന്നെ വ്യക്തവുമായിരുന്നു. രാഷ്ട്രീയ പാർട്ടികളിൽ ആഭ്യന്തര ജനാധിപത്യവും സാന്പത്തിക സുതാര്യതയും ഉത്തരവാദിത്തവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിക്കൊണ്ടായിരുന്നു ലോ കമ്മീഷണൻ ഓഫ് ഇന്ത്യ 1999 മേയിൽ അവരുടെ 170ാമത് റിപ്പോർട്ട് സമർപ്പിച്ചതെന്ന് ഓർക്കണം. തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ പരിഷ്‌കരണത്തെപ്പറ്റിയായിരുന്നു കമ്മീഷന്റെ റിപ്പോർട്ട്. രാഷ്ട്രീയ പാർട്ടികളുടെ രൂപീകരണവും പ്രവർത്തനവും നിയമം മൂലം നിയന്ത്രിക്കപ്പെടേണ്ടതിന്റെ ആവശ്യകത കമ്മീഷൻ ചൂണ്ടിക്കാട്ടിയതിനു പ്രധാന കാരണം കള്ളപ്പണക്കാരുടെ പണം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കപ്പെടുന്നുണ്ടെന്ന ബോധ്യം മൂലമായിരുന്നു. ജനപ്രാതിനിധ്യനിയവും ആദായനികുതി നിയമവും കന്പനി നിയമവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതാ മാർഗനിർദ്ദേശ ചട്ടങ്ങളും അവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വിവരാവകാശ നിയമം രാഷ്ട്രീയ പാർട്ടികൾക്ക് കർശനമായി ബാധകമാക്കുകയും ചെയ്യാൻ കമ്മീഷൻ ശുപാർശ ചെയ്തതിന്റെ പ്രധാന കാരണമിതാണ്. എന്നാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കി കൊടുക്കണമെന്നായിരുന്നു പാർട്ടികളുടെ അടുത്ത പരിദേവനം. ആദായനികുതി വകുപ്പിൽ രാഷ്ട്രീയ പാർട്ടികൾ സമർപ്പിച്ചിട്ടുള്ള വരുമാനക്കണക്കുകളെല്ലാം തന്നെ വ്യാജമാണെന്നതിന്റെ തെളിവുകൾ താമസിയാതെ തന്നെ മറനീങ്ങി പുറത്തുവരുന്നതിന് അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് എന്ന സംഘടന നൽകിയ വിവരാവകാശ അപേക്ഷ വഴിവെയ്ക്കുകയും ചെയ്തു. സെൻട്രൽ ബ്യൂറോ ഓഫ് ഡയറക്ട് ടാക്‌സസിന് 2006ലാണ് ഒഡിആർ 22 രാഷ്ട്രീയ പാർട്ടികളുെട ആദായനികുതി റിട്ടേൺസിന്റെ (ഐടിആർ) കോപ്പി ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ അപേക്ഷ നൽകുന്നത്. ഈ ഐടിആറുകളുടെ പകർപ്പുകളുടെ പരിശോധനയിൽ കോടിക്കണക്കിനു രൂപയുടെ വരുമാനം രാഷ്ട്രീയ പാർട്ടികൾക്കുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇവരിൽ ഭൂരിപക്ഷം പാർട്ടികളും തന്നെ 13 എ വകുപ്പു പ്രകാരം 20,000 രൂപയിൽ കൂടുതൽ സംഭാവന ചെയ്തവരുടെ പേരു വിവരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടു. മൊത്തം വെളിപ്പെടുത്തിയ വരുമാനത്തിന്റെ 2530 ശതമാനം മാത്രമേ രാഷ്ട്രീയ പാർട്ടികൾ ആ പണത്തിന്റെ ഉറവിടം വ്യക്തമാക്കിയവരുടെ പട്ടികയിലുള്ളു. ബാക്കിയുള്ളവർ മുഴുവനും തന്നെ 20,000 രൂപയിൽ താഴെ മാത്രമേ സംഭാവന നൽകിയിട്ടുള്ളുവെന്നായിരുന്നു അവരുടെ വാദം. അതിൽ നിന്നും എഡിആറിന് ഒരു കാര്യം പകൽ പോലെ വ്യക്തമായി. രാഷ്ട്രീയ പാർട്ടികളുടെ മൊത്തം വരുമാനത്തിന്റെ 80 ശതമാനത്തോളം വരുന്നത് അജ്ഞാതരായി നിലകൊള്ളുന്നവരിൽ നിന്നോ കള്ളപ്പണക്കാരിൽ നിന്നോ ആണെന്ന കാര്യം.
സന്പദ് വ്യവസ്ഥയിൽ നിന്നും കള്ളപ്പണം പൂർണ്ണമായും ഒഴിവാക്കാനാവില്ലെന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തന്നെ ഈ നിലപാടുകൾ തെളിയിക്കുന്നുണ്ട്. ഇപ്പോഴത്തെ കള്ളപ്പണ, കള്ളനോട്ട് വേട്ടയ്ക്കു പിന്നിൽ പൊതുമേഖലാ ബാങ്കുകളെ വലിയൊരു പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാനുള്ള ലക്ഷ്യങ്ങൾ കൂടി പതിയിരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുമുണ്ട്. ഇന്ത്യയിലെ നിലവിലെ സന്പദ് വ്യവസ്ഥ ബ്ലാക്ക്മണിയുടേയും വൈറ്റ് മണിയുടേയും സങ്കരമാണെന്നും യാചകൻ മുതൽ കോർപ്പറേറ്റ് കന്പനികൾ വരെ കള്ളപ്പണം കൈകാര്യം ചെയ്യുന്നുണ്ടെന്നും വരുന്പോൾ കള്ളപ്പണത്തിന്റെ വേരറുക്കാനുള്ള കടുത്ത നടപടികൾ സന്പദ് വ്യവസ്ഥയെ വല്ലാതെ ഉലയ്ക്കാനുള്ള സാധ്യതകളുമുണ്ട്. വീടിന്റെ അടിത്തറയിലേക്ക് വളർന്ന മരം പിഴുതെറിയുന്നതുപോലെ ദുഷ്‌കരമായ ഒരു കൃത്യമാണത്.
പക്ഷേ കറൻസി നോട്ട് അസാധുവാക്കിയതും തുടർന്ന് പണം മാറ്റിനൽകിയ നടപടിക്രമത്തിലെ ആസൂത്രണരാഹിത്യവുമെല്ലാം ഒരു രജനീകാന്ത് കഥാപാത്രത്തെപ്പോലെയാകാൻ നോക്കിയ മോഡിയുടെ പുറംപൂച്ച് പുറത്താക്കി. തിരക്കിനിടയിൽ കള്ളനോട്ടാണോ ഒറിജിനിലാണോ എന്നുപോലും നോക്കാതെ ബാങ്കുകാർ നോട്ടുകൾ കൈപ്പറ്റി പുതിയ നോട്ടുകൾ നൽകി. രാജ്യത്തെ നിർമ്മാണപ്രവർത്തനങ്ങളും വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും പൂർണമായി തന്നെ നിലച്ചു. മരുന്നു വാങ്ങാനാകാതെ രോഗികൾ വലഞ്ഞു. ആശുപത്രികൾ അസാധുവാക്കപ്പെട്ട നോട്ടുകൾ സ്വീകരിക്കണമെന്ന സർക്കാരിന്റെ ഉത്തരവ് കാറ്റിൽ പറത്തി. പുതുതായി കിട്ടിയ 2000 രൂപ നോട്ട് നൽകി െപട്രാൾ പോലുമടിക്കാനാകാതെ ജനം വലഞ്ഞു. പലരും പട്ടിണി കിടന്നു. അന്യസംസ്ഥാന തൊഴിലാളികൾ അക്ഷരാർത്ഥത്തിൽ കുത്തുപാളയെടുത്തു. വിവാഹങ്ങളും മരണങ്ങളുമൊക്കെയായി പൊതുജനം ശരിക്കും വലഞ്ഞു. ചെറുകിട കച്ചവടക്കാർക്കും ഹോട്ടലുകൾക്കും പണമിടപാടുകൾ അസാധ്യമാകുകയും പ്ലാസ്റ്റിക് കാർഡ് ഇടപാടുകൾ നടത്തുന്ന കടകൾ മാത്രം ലാഭം കൊയ്യുകയും ചെയ്തു. പക്ഷേ ഈ ബുദ്ധിമുട്ടുകൾ കൊണ്ടൊന്നും വലിയ മാറ്റങ്ങളൊന്നും തന്നെയുണ്ടാവില്ലെന്ന് സാന്പത്തിക വിദഗ്ദ്ധർ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. നിലവിലുള്ള കണക്കിൽപെടാത്ത പണം കുറെയൊക്കെ നശിപ്പിക്കാൻ അതിടയാക്കിയിട്ടുണ്ടാകാം. പക്ഷേ ഭൂമിയിലും സ്വർണത്തിലുമൊക്കെ പണം നിക്ഷേപിച്ചവർ ഇതൊക്കെ കണ്ട് പൊട്ടിച്ചിരിക്കുന്നുണ്ടാകാം. പക്ഷേ കള്ളപ്പണവേട്ടയുടെ അടുത്ത ഘട്ടമെത്തുന്നത് സ്വർണ വിപണിയിലേക്കും റിയൽ എേസ്റ്ററ്റ് വിപണിയിലേക്കുമാകുമെന്ന സൂചന ഇപ്പോൾ തന്നെ പുറത്തുവന്നിട്ടുണ്ട്.