പി­ടി­ച്ചു­പറി­യു­ടെ­ രാ­ഷ്ട്രീ­യമറകൾ


ജെ. ബിന്ദുരാജ് 

താനും വർഷങ്ങൾക്കു മുന്പാണ്. രാത്രി വൈകി ഒരു ഫോൺ കോൾ. നോക്കുന്പോൾ സുഹൃത്താണ്. ഫോൺ എടുത്തപ്പോൾ തന്നെ സന്പൂർണ ചീത്തവിളി. പിന്നെ തീരാവിലാപം. “എന്നെയെന്തിനാടാ നീ കൊലയ്ക്ക് കൊടുത്തത്? എന്നെയും അവനേയും അയാൾ ഇവിടെ ബന്ദിയാക്കി െവച്ചിരിക്കുകയാണ്. നിനക്കൊക്കെ ഓരോന്ന് എഴുതിപ്പിടിപ്പിച്ചാ മതി. അനുഭവിക്കുന്നത് നിന്നെ സഹായിച്ച ഞങ്ങളാ,” സുഹൃത്തിനേയും അയാളുടെ കൂട്ടുകാരനേയും കൊച്ചിയിലെ ഒരു കുപ്രസിദ്ധ ഗുണ്ട അയാളുടെ വീട്ടിനുള്ളിൽ നിന്നും പുറത്തുവിടാതെ ബന്ദിയാക്കിയിരിക്കുകയാണെന്നും അതിനുത്തരവാദി ഞാനാണെന്നും പാതി കരച്ചിലിനിടയിൽ സുഹൃത്ത് പറഞ്ഞൊപ്പിച്ചു. കാരണം? ഗുണ്ടാ നിയമം പ്രാബല്യത്തിൽ വന്നിട്ടും സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സ്ഥിതിവിശേഷത്തെപ്പറ്റി അന്ന് ഞാൻ തൊഴിലെടുത്തിരുന്ന ഇന്ത്യാ ടുഡേയിൽ ഒരു കവർ സ്റ്റോറി വന്നിരുന്നു. ആ സ്റ്റോറി തയ്യാറാക്കുന്നതിനായി ഞാൻ അഭിമുഖം നടത്തിയ ഒരു ഗുണ്ടയാണ് ഇപ്പോൾ അയാളുമായി എന്നെ ബന്ധിപ്പിക്കാൻ സഹായിച്ചവരെ പിടിച്ചുെവച്ചിരിക്കുന്നത്. ഗുണ്ടയുടെ ആവശ്യമിതാണ്. സ്റ്റോറിയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ആൾക്ക് ഗുണ്ടുകളുണ്ടെന്നും അവർ നെട്ടൂരിൽ തലേ ആഴ്ച വലിയ പ്രശ്നങ്ങളുണ്ടാക്കിയെന്നുമൊക്കെ കഥാനായകനായ ഗുണ്ട ഓൺ റെക്കോർഡ് പരാമർശങ്ങൾ നടത്തിയിരുന്നു. വാരികയിൽ അതെല്ലാം അച്ചടിച്ചുവരികയും ചെയ്തു. പക്ഷേ വാരിക ന്യൂസ് സ്റ്റാൻഡിലെത്തി  മണിക്കൂറുകൾ കഴിയുംമുന്പു തന്നെ പോലീസ് കൊച്ചിയിലുള്ള ഗുണ്ടയുടെ വീടു വളഞ്ഞു. മുഖ്യമന്ത്രിയെപ്പറ്റി ‘അനാവശ്യം’ പറയാൻ മാത്രം ഗുണ്ട വളർന്നോ എന്നതായിരുന്നു പോലീസിന്റെ ചോദ്യം. എത്ര ഭീകരനായ ഗുണ്ടയായാലും രാഷ്ട്രീയക്കാർ അവനെതിരെ തിരിഞ്ഞാലുള്ള പ്രശ്നങ്ങൾ നന്നായി അറിയാം. താൻ പറഞ്ഞ കാര്യങ്ങളൊക്കെ വാരികയിൽ നിഷേധിച്ചുകൊണ്ട് കുറിപ്പ് കൊടുക്കണമെന്നതായിരുന്നു ഗുണ്ടയുടെ എന്നോടുള്ള ആവശ്യം. അത് പ്രസിദ്ധീകരിക്കുമെന്ന ഉറപ്പിൽ മാത്രം സുഹൃത്തുക്കളെ വിടാമെന്നാണ് ഗുണ്ടയുടെ വാഗ്ദാനം. ഗുണ്ടയെ സമ്മർദ്ദത്തിലാക്കുന്ന തന്ത്രം മുഖ്യമന്ത്രിയുടെ ഓഫീസ് പയറ്റുന്നുണ്ടോയെന്നറിയാൻ അപ്പോൾ തന്നെ ഓഫീസിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഗുണ്ടയുടെ വീട് വളഞ്ഞ് പോലീസ് അയാളെക്കൊണ്ട് കത്തെഴുതി മാധ്യമത്തിന് നൽകാൻ ശ്രമിക്കുന്നത് തങ്ങളറിഞ്ഞിട്ടില്ലെന്ന് അവരുടെ അവകാശവാദം. അധികം വൈകാതെ ഗുണ്ടയുടെ ഫോൺ വീണ്ടുമെത്തി. എങ്ങനെയെങ്കിലും പോലീസിന്റെ ഇടിയിൽ നിന്നും തന്നെ രക്ഷിക്കണമെന്നാണ് അപേക്ഷ. ഒടുവിൽ നാടിനെ വിറപ്പിക്കുന്ന ഗുണ്ടയെ പോലീസിന്റെ മർദ്ദനത്തിൽ നിന്നും രക്ഷിക്കാൻ കത്ത് പ്രസിദ്ധപ്പെടുത്താമെന്ന് ഉറപ്പുനൽകി, ബന്ദികളാക്കപ്പെട്ട സുഹൃത്തുക്കളെ മോചിപ്പിക്കാൻ ഞാൻ നിർബന്ധിതനായി. ഗുണ്ട വലിയ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുകയും ചെയ്തു. അതാണ് രാഷ്ട്രീയക്കാരനും ഗുണ്ടയും പോലീസുമൊക്കെ ചേരുന്ന സമൂഹത്തിലെ സമവാക്യം. പരസ്പരസഹകാരികളായി തുടരുന്നിടത്തോളം കാലം ഗുണ്ടയും രാഷ്ട്രീയക്കാരനും ബിസിനസുകാരനുമൊക്കെ ഭായ് ഭായ്−കളാണ്. പക്ഷേ ആ സന്തുലിതാവസ്ഥയിൽ മാറ്റമുണ്ടാക്കാൻ ശ്രമിക്കുന്നപക്ഷം ഗുണ്ടകളുടെ വിളയാട്ടം അവസാനിക്കുക തന്നെ ചെയ്യും. 

കഴിഞ്ഞ രണ്ടാഴ്ചയായി കേരളം ഗുണ്ടകളെപ്പറ്റി തന്നെയാണ് ചർച്ച ചെയ്തുകൊണ്ടിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ആൾക്കാരാണെന്നു പറഞ്ഞു കൊണ്ടാണ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ സിദ്ധിക് ഒരു വനിതാസംരംഭകയിൽ നിന്നും പണം തട്ടിയതിനെ തുടർന്നാണ് സംഭവപരന്പരകളുടെ തുടക്കം. ഒടുവിൽ മറ്റൊരു പരാതിയിൽ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ ഒളിവിൽ പോകേണ്ടി വരികയും കൂടി ചെയ്തതോടെയാണ് മധ്യസ്ഥ്യം നിന്ന് പണം പിടിച്ചുപറിക്കുന്ന രാഷ്ട്രീയ സഹായത്തോടെ പ്രവർത്തിക്കുന്ന ഗുണ്ടാസംഘത്തിന്റെ പ്രവർത്തനങ്ങൾ വെളിച്ചത്തായത്. നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും കൈയൂക്കുകൊണ്ടും കാര്യങ്ങൾ നടത്തിയിരുന്ന ഒരു ഗ്യാങ്ങാണ് രാഷ്ട്രീയ നേതൃത്വം പിന്തുണയ്ക്കില്ലെന്ന് പരസ്യ നിലപാടെടുത്തതോടെ തകർന്നുവീണത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതാരങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാട് ശക്തിപ്പെടുത്തിയതോടെ രാഷ്ട്രീയപാർട്ടികളുടെ പിൻബലത്തിൽ ഗുണ്ടാ പ്രവർത്തനം നടത്തിയിരുന്ന സംഘങ്ങൾ പലതും നാട്ടിൽ നിന്നും മുങ്ങിയിരിക്കുകയാണ് ഇപ്പോൾ. ഒരു രാഷ്ട്രീയ പാർട്ടിയും ഗുണ്ടകളെ ഉപയോഗിക്കുന്നതിൽ നിന്നും മുക്തരല്ലെന്ന് വ്യക്തവുമാണ്. മരട് മുൻസിപ്പാലിറ്റി വൈസ് ചെയർമാനും കോൺഗ്രസ് നേതാവുമായ ആന്റണി ആശാൻപറന്പിലിനെതിരേയും കോൺഗ്രസ് കൗൺസിലറായ ജിൻസൺ പീറ്ററിനെതിരെയും നവംബർ ഒന്നിന് പനങ്ങാട് പോലീസ് കേസ്സെടുത്തത് ഗുണ്ടകളുടെ സഹായത്തോടെ ഷുക്കൂർ എന്ന  ഐഎൻടിയുസി പ്രവർത്തകനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസ്സിലായിരുന്നു. പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടകളായ ഭരതൻ ഷിജു, ഓട്ടോ അഭി, കൊഞ്ച് സലാം, റംഷാദ് എന്നിവരുമായി ഈ ജനപ്രതിനിധികൾക്കുള്ള ബന്ധം അതോടെ വ്യക്തമായിരുന്നു. സ്ഥലമിടപാടുകൾക്കും കരാർ ജോലികൾ നേടിയെടുക്കുന്നതിനും ഗുണ്ടകളെയാണ് ഈ രാഷ്ട്രീയക്കാർ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

അധോലോകം, ഡോൺ, ഗുണ്ട എന്നൊക്കെ കേൾക്കുന്പോൾ നമ്മുടെ മനസ്സിലേയ്ക്ക് വരിക അധോലോക സിനിമയിലെ നായകന്മാരോ ദാവൂദ് ഇബ്രാഹിമോ ഒക്കെയായിരിക്കും. ആർഭാഢ ജീവിതം നയിച്ചുകൊണ്ട്, കട്ടിക്കണ്ണട ധരിച്ച് തോക്കുധാരികളായ പരിവാരങ്ങൾക്കൊപ്പം നീങ്ങുന്നവർ. മയക്കുമരുന്ന്, ഹവാല ഇടപാടുകൾ, സ്വർണക്കള്ളക്കടത്ത്, ക്വട്ടേഷൻ ജോലികൾ, കള്ളനോട്ട്, പെൺവാണിഭം തുടങ്ങി അനധികൃതമായതെന്തും വിപണനം ചെയ്യുന്ന കൂട്ടർ. കേരളത്തിലുമുണ്ട് ഇതിന്റെ നാടൻ പതിപ്പുകൾ. അവയിൽ സ്വർണക്കള്ളക്കടത്ത് ഒഴികെയുള്ളവയൊക്കെ തന്നെയും നാടൻ റാക്കറ്റുകളായി പ്രവർത്തിക്കുന്നവയാണ്. അവർക്കൊന്നും പക്ഷേ ദാവൂദ് ഇബ്രാഹിമിനെപ്പോലെ സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്ന വലിയ കന്പനികളൊന്നുമായല്ല പ്രവർത്തിക്കുന്നത്. പലരും ആൾബലത്തിന്റേയും സംഘശക്തിയുടേയും ബലത്തിൽ പ്രവർത്തിക്കുന്നവർ. രാഷ്ട്രീയക്കാരും പോലീസുകാരും ബിസിനസുകാരും ബാങ്കിങ് സ്ഥാപനങ്ങളുമായുള്ള ഇവരുടെ അവിഹിതബന്ധമാണ് അവരുടെ വളർച്ചയ്ക്ക് വളമിടുന്നത്. വൈറ്റില തേവറാൻ വീട്ടിൽ സുരേഷ് (38) എന്ന വെട്ടിൽ സുരേഷ് മുതൽ തന്ത്രിക്കേസിലും പറവൂർ പെൺവാണിഭക്കേസിലും പഞ്ചകർമ്മ ചികിത്സയുടെ പേരിൽ മാംസക്കച്ചവടം നടത്തിയിരുന്ന കേരളത്തിലെ ആദ്യ പെൺഗുണ്ടയായ ശോഭാ ജോൺ വരെ അവരുടെ വ്യവസായം തഴച്ചു തളർത്തിയത് ഈ അധികാരകേന്ദ്രങ്ങളുടെ സഹായത്താലാണ്. 

പൊലീസുമായി സംസാരിച്ചതിനുശേഷമാണ് കുപ്രസിദ്ധ ഗുണ്ടയായ വെട്ടിൽ സുരേഷിനെ കാണാൻ മുന്പൊരിക്കൽ ഈ ലേഖകൻ ഇറങ്ങിത്തിരിച്ചത്. വൈറ്റിലയിലെ തേവറാൻ വീടിനു മുന്നിൽ പണിത കാളീക്ഷേത്രത്തിനടുത്തുള്ള ചെറിയ വീട്ടിലായിരുന്നു അന്ന് സുരേഷിന്റെ താമസം. സുരേഷ് പുറത്തേക്കിറങ്ങി വന്ന് വരവിന്റെ ഉദ്ദേശ്യത്തെപ്പറ്റി ചോദിച്ചു. ചില പോലീസുകാരുടേയും രാഷ്ട്രീയക്കാരുടേയും പേരു പറഞ്ഞതോടെ, സുരേഷ് അവരെ ഫോൺ ചെയ്ത് സംഗതി സത്യമാണോയെന്ന് തിരക്കി. അങ്ങനെയാണ് സുരേഷ് ചില ഏറ്റുപറച്ചിലുകൾ അന്ന് നടത്തി.  2008ൽ കടവന്ത്രയിലെ ഡിവൈഎഫ്ഐ നേതാവ് വിജയകുമാറിന്റെ കൊലയാളികളെ സംരക്ഷിച്ചുവെന്ന കേസിൽ പൊലീസ് അന്വേഷിക്കുന്നതിനിടെ മുങ്ങിയ സുരേഷിനെ തമിഴ്നാട്ടിലെ ഗുഢല്ലൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  ഈ കേസിലെ പ്രതികളും സുരേഷിന്റെ സഹോദരന്മാരുമായ സുനി, അനി എന്നിവരും തമിഴ്നാട്ടിലേയ്ക്ക് രക്ഷപെട്ടിരുന്നുവെങ്കിലും ഇതിൽ സുനിയെ മരിച്ച നിലയിൽ ഒരു കിണറ്റിൽ കണ്ടെത്തുകയായിരുന്നു. തെങ്കാശിയിൽ വച്ച് പൊലീസിനെ വെട്ടിച്ച് ഓടുന്നതിനിടയിൽ കിണറ്റിൽ വീണു മരിച്ചതാണെന്നും ആരോ കൊന്ന് കിണറ്റിലിട്ടതാണെന്നുമൊക്കെ ആയിടയ്ക്ക് സംസാരവുമുണ്ടായിരുന്നു. 

ബ്ലേഡ് മാഫിയകളും വൻകിട ന്യൂജനറേഷൻ ബാങ്കുകളും ഇത്തരം ഗുണ്ടകളെ നന്നായി ഉപയോഗിക്കുന്നുണ്ട്. രണ്ടായിരത്തിന്റെ തുടക്കം മുതൽ അതുകൊണ്ടു തന്നെ ഇത്തരം ഗുണ്ടാസംഘങ്ങൾക്ക് കേരളത്തിൽ വലിയ വളർച്ചയാണുണ്ടായത്. വികസനത്തിന്റെ ഇരകളാക്കപ്പെട്ട്, പുനരധിവാസം നൽകാതെ, റെയിൽവേ പുറന്പോക്കുകളിലെ കോളനി ജീവിതങ്ങളിലേക്ക് എത്തപ്പെട്ടവരായിരുന്നു ഇവരുെട പൂർവികർ. എച്ച്എംടിക്കും എഫ്എസിടിക്കും നേവൽ ബേയ്സിനും ഷിപ്പ് യാർഡിനും റിഫൈനറിക്കുമൊക്കെ ഭൂമി ഏറ്റെടുക്കപ്പെട്ടപ്പോൾ തുച്ഛമായ നഷ്ടപരിഹാരം ലഭിച്ച അവരുടെ പൂർവ്വികർ ഈ പുറന്പോക്ക് കോളനികളിൽ ജീവിക്കാൻ നിർബന്ധിതരായി. പണമില്ലാത്ത അവസ്ഥ പണത്തിനായി എന്തും ചെയ്യാനുള്ള ഒരു ധൈര്യം അവർക്കു നൽകി. കഞ്ചാവ് വിൽപന, ചെറിയ തല്ലുകേസ്സുകൾ എന്നിങ്ങനെ തുടങ്ങി വൻകിട ക്വട്ടേഷനുകളിലേയ്ക്ക് അവർ പതിയെ വളർന്നപ്പോൾ കേരളത്തിന്റെ ഈ അരികുജീവിതക്കാർക്കിടയിൽ നിന്നും കുറ്റവാളികൾ പിറവിയെടുത്തുവെന്നതാണ് വാസ്തവം. സത്യത്തിൽ വികസനഭ്രാന്തു പിടിച്ച ഭരണകൂടത്തിന്റെ കുടിയിറക്കലുകളാണ് അവരെ കുറ്റവാളികളാക്കിയത്. സമൂഹം അത് സ്വാർത്ഥലാഭങ്ങൾക്കായി പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തതോടെ അവർ ഗുണ്ടകളായി അവരോധിക്കപ്പെട്ടു. അത് അവർക്ക് ഒരു തൊഴിലായി!

ഒരു ഗുണ്ട എങ്ങനെ കൊടുംഭീകരനായ ഒരാളായി രൂപാന്തരപ്പെടുന്നുവെന്നുമനസ്സിലാക്കാൻ തില്ലേരി ഷാജി എന്ന ജീവിതചക്രം പരിശോധിച്ചാൽ മതിയാകും. ഏതു ഗുണ്ടകളും ഗുണ്ടാപ്രവർത്തനത്തിലേക്ക് കടന്നുവരുന്ന മേഖലയിൽ സിസി കുടിശ്ശിക വരുത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്ന തൊഴിൽ ആണ് ഷാജിയും പ്രവർത്തിക്കാൻ തുടങ്ങിയത്. പിന്നെ കൂലിത്തല്ലുകാരന്റെ പരിവേഷമായിരുന്നു ഷാജിക്ക്. കൊല്ലത്ത് മാത്രം ഷാജിക്കെതിരെ ഏഴ് കേസ്സുകൾ നിലനിൽക്കുന്പോഴാണ് ഷാജി താവളം കാസർകോടേക്ക് മാറ്റുന്നത്. സിഐടിയു പ്രവർത്തകനായ എക്കാൽ രാഘവനെ വെട്ടിയ കേസ്സിൽ പൊലീസ് പിടികൂടിയെങ്കിലും പൊലീസുകാരനെ ആക്രമിച്ച് രക്ഷപ്പെട്ടു. തുടർന്ന് മംഗലാപുരത്തേക്ക് താമസം മാറ്റിയ ഷാജി ഗൾഫ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവന്നിരുന്ന അധോലോക നേതാവ് ബെനഞ്ചെ രാജയുടെ പിണിയാളാകുകയായിരുന്നു. ആഡംബര ജീവിതം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ പണം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് ഗുണ്ടായിസത്തിലേക്ക് എത്തിക്കുന്ന തൊഴിലാണ് ഷാജി ഏറ്റവുമൊടുവിൽ ചെയ്തിരുന്നത്. മലയാളികളായ പല വിദ്യാർത്ഥികളുടേയും അറസ്റ്റിനെ തുടർന്നാണ് പൊലീസിന് ഒടുവിൽ ഷാജിയുടെ താവളം കണ്ടുപിടിക്കാൻ കഴിഞ്ഞത്. വാളെടുത്തവൻ വാളാലെ എന്നു പറയുന്നത് ഷാജിയുടെ കാര്യത്തിൽ അന്വർത്ഥമായി. പാറിപ്പറന്നു കിടക്കുന്ന മുടിയും നിർവികാരത നിഴലിക്കുന്ന കണ്ണുകളും ആരേയും കൂസാത്ത ഭാവവുമുള്ള ഷാജി അതിനകം തന്നെ കൊലപാതകം, വധശ്രമം, ബലാൽസംഗം, പിടിച്ചുപറി തുടങ്ങിയ കേസ്സുകളിലൊക്കെ തന്നെയും പ്രതിയായിരുന്നു. 2006 ജനുവരി 19. രാത്രി 11.45നോടടുത്ത് മംഗലാപുരത്തെ ഡാൻസ് ബാറിൽ നിന്നും മടങ്ങവേയാണ് മംഗലാപുരം ആന്റി റൗഡി സ്‌ക്വാഡുമായുള്ള ഏറ്റുമുട്ടലിൽ തില്ലേരി ഷാജിയുെട ജീവിതം അവസാനിച്ചത്.

വാഹനവായ്പ കൊടുക്കുന്നവരും ബ്ലേഡ് മാഫിയയും രാഷ്ട്രീയക്കാരുമൊക്കെയാണ് ഗുണ്ടകളെ തീറ്റിപ്പോറ്റി വളർത്തുന്നത്. പൊലീസുകാരാകട്ടെ മറ്റു ചില ഗുണ്ടകളെ ഉന്മൂലനം ചെയ്യാനും ഒതുക്കാനും അവരുടെ സഹായം തേടുന്നുമുണ്ട്. 1998ൽ കോട്ടക് മഹീന്ദ്രയ്ക്ക് വേണ്ടി വാഹനം പിടിച്ചെടുക്കാൻ പോയ ഗുണ്ടകൾ രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തോടെയാണ് ബാങ്കിങ് സ്ഥാപനങ്ങളും ഗുണ്ടകളും തമ്മിലുള്ള ബാന്ധവം ചുരുളഴിയുന്നത്. 2005 ഫെബ്രുവരി 15ന് ഡിവൈഎസ്പിയായിരുന്ന ആർ ഷാജി പ്രിയൻ, സുനിൽ തുടങ്ങിയ ഗുണ്ടകളുടെ സഹായത്തോടെ പ്രവീണിനെ വധിച്ചതോടെ പോലീസും ഗുണ്ടകളുമായുള്ള ബന്ധത്തിനും തെളിവായി. പള്ളുരുത്തിയിൽ എസ്ഐ ആയിരിക്കുന്ന സമയത്താണ് ഷാജിയും പ്രിയനും തമ്മിൽ സുഹൃത്തുക്കളാകുന്നത്. സവാള വിൽപനക്കാരനായിട്ടായിരുന്നു പ്രിയൻ പിന്നീട് അറിയപ്പെട്ടിരുന്നത്. ഷാജിക്കായി സ്പിരിറ്റ് കടത്തുന്നവനായിരുന്നത്രേ അന്ന് പ്രിയൻ. ഷാജിയുടെ വാനിൽ സ്പിരിറ്റ് കടത്തുന്പോൾ അത് മറയ്ക്കാൻ ഉപയോഗിച്ചിരുന്ന സവാളയായിരുന്നുവത്രേ പ്രിയന്റെ പ്രതിഫലം. പ്രവീൺ വധക്കേസിൽ ഷാജിയും സഹായിയായ ബിനുവും പിടിക്കപ്പെടുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തശേഷം 11 മാസത്തിനുശേഷം 2006 ജനുവരിയിലാണ് പ്രിയനും സുനിലും പൊലീസിന് കീഴടങ്ങിയത്. പ്രവീണിനെ കൊലപ്പെടുത്താനും ശരീരം വെട്ടിമുറിച്ച് പലയിടങ്ങളിൽ തള്ളുവാനും ഷാജിയെ സഹായിച്ചത് പ്രിയനും സുനിലുമായിരുന്നു. ആലുവപ്പുഴയിൽ വച്ച് സ്വാമി ശാശ്വതീകാനന്ദ മരണപ്പെട്ടതിലും പ്രിയന്റെ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. ചിട്ടി സംഘങ്ങളും ഗുണ്ടകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് 2005 ജൂലൈയിൽ കണിച്ചുകുളങ്ങര കൊലക്കേസിലൂടെ വ്യക്തമായതാണ്. ഹിമാലയ ചിട്ടി ഗ്രൂപ്പ് ഉടമകളായ ബിനീഷും സജിത്തും ചേർന്ന് മുൻ ജീവനക്കാരനും എവറസ്റ്റ് ചിട്ടി ഉടമയുമായ രമേഷിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് കുപ്രസിദ്ധ ഗുണ്ടയായ മൃഗം സാജുവിന്റെ സഹായത്തോടെയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഗുണ്ടകളെ പോറ്റി വളർത്തിയും രാഷ്ട്രീയക്കാരെ പ്രീണിപ്പിച്ചും പൊലീസിനെ വിലയ്ക്കെടുത്തുമായിരുന്നുവത്രേ ഹിമാലയക്കാരുെട പ്രവർത്തനം. ആ സമയത്ത് ഹിമാലയയുടെ നേതൃത്വത്തിലുള്ള ചാരിറ്റബിൾ ട്രസ്റ്റിന് സഹായം ചെയ്തു നൽകിയതിന് ഒരു പ്രമുഖ കോൺഗ്രസ് നേതാവ് വൻതുക കമ്മീഷനായി കൈപ്പറ്റിയെന്നും ആരോപണം ഉയർന്നിരുന്നു. 

കൊച്ചിയിൽ ഒരുകാലത്ത് തമ്മനം ഷാജിയുടെ സംഘവും വെട്ടിൽ സുരേഷിന്റെ സംഘവും തമ്മിലുള്ള സംഘർഷങ്ങൾ സ്ഥിരമായിരുന്നു. ഷാജി ഒരു ഉത്തരേന്ത്യൻ രാഷ്ട്രീയ പാർട്ടിയുടെ നേതാവായി മാറിയതിനെ തുടർന്ന് ഫിറോസ് എന്നയാളായിരുന്നുവത്രേ ഷാജിയുടെ സംഘത്തെ മുന്നോട്ടു നയിച്ചിരുന്നത്. പട്ടി ജോയി, ഭായി നസീർ, പുലി നാസർ, ആലുവ ഫൈസൽ, കോഴി അസീസ്, സവാള റഹിം തുടങ്ങിയവരൊക്കെ രണ്ടായിരത്തിന്റെ തുടക്കത്തിൽ മുതൽ കൊച്ചിയിൽ സജീവമായിരുന്നു. തൃശൂർ നഗരത്തിൽ ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടത്തിയിരുന്ന സംഘമായിരുന്നു ചാപ്ലി ബിജുവിന്റേത്. 2002ൽ എതിരാളികൾ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടർന്ന് ചാപ്ലിയുടെ സംഘം പലതായി വഴിപിരിയുകയായിരുന്നു. 

ഗുണ്ടാ നിയമപ്രകാരം ആദ്യം കേരളത്തിൽ അറസ്റ്റിലായ ആളാണ് ശോഭ ജോൺ. ശബരിമല മുൻ തന്ത്രി കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്ന കേസ്സിലാണ് ശോഭ ജോണിന്റെ പേര് ആദ്യം പ്രത്യക്ഷപ്പെടുന്നത്. 2006 ജൂലൈ 23നാണു തന്ത്രി കണ്ഠരര് മോഹനരെ എറണാകുളത്തെ ഫ്ളാറ്റിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും രത്നങ്ങളും മൊബൈൽ ഫോണും കവർന്നുവെന്നാണു കേസ്. കൂടാതെ ഒരു സ്ത്രീയ്ക്കൊപ്പം തന്ത്രിയെ നഗ്നനായി നിർത്തി ഫോട്ടൊയെടുത്ത ശേഷം ചിത്രം പുറത്തുവിടാതിരിക്കാൻ പ്രതികൾ 30 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തുവത്രേ. ശോഭ ജോൺ ഉൾപ്പെടെ ആറു പേർക്ക് ഈ കേസ്സിൽ ഏഴു വർഷം തടവിന് കോടതി ശിക്ഷ വിധിച്ചിരുന്നു. തന്ത്രിക്കേസ്സിൽ ജാമ്യത്തിൽ ഇറങ്ങിയ സമയത്ത് ഇവർ വരാപ്പുഴ പറവൂർ പെൺവാണിഭക്കേസുകളിലും പ്രതിയായി. വരാപ്പുഴ പെൺവാണിഭക്കേസിൽ ഉൾപ്പെട്ട ഉന്നതരുടെ പേരുകൾ താൻ പുറത്തുവിടുമെന്ന് ഇവർ പിടിയിലായ സമയത്ത് ഭീഷണി മുഴക്കിയത് രാഷ്ട്രീയത്തിലും പൊലീസിലും ഇവർക്കുള്ള ബന്ധങ്ങൾക്കുള്ള തെളിവായിരുന്നു. വരാപ്പുഴയിലെ പീഡനത്തിനിരയായ പെൺകുട്ടിയെ താൻ ഒരു ലക്ഷം രൂപ നൽകി മാതാപിതാക്കളിൽ നിന്നും വാങ്ങിയതാണെന്നു പോലും ശോഭ ജോൺ തുറന്നടിച്ചിരുന്നു. 

സ്പിരിറ്റ് മാഫിയയുടേയും രാഷ്ട്രീയക്കാരുടേയും ബാങ്കുകളുടേയുമൊക്കെ പിണിയാളുകളായി കേരളത്തിൽ ഇപ്പോഴും ഗുണ്ടകൾ തങ്ങളുടെ തേർവാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ ഗുണ്ടകളുടെ പട്ടികയിൽ കണ്ണൂരാണ് കേരളത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നതെങ്കിൽ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലാണ് ഗുണ്ടകൾ ഇന്ന് തങ്ങളുടെ വിഹാരകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. കാക്ക ബിനു, ഗുണ്ടുകാട് സാബു തുടങ്ങി ഗുണ്ടകളുടെ പട്ടിക നീളുകയാണ്... ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടാൽ പോലും മേലാളരുടെ തണലും സഹായവുമൊക്കെയുള്ളതിനാൽ തങ്ങളെ അവർ സംരക്ഷിച്ചോളുമെന്ന് അവർക്കൊക്കെ നന്നായി അറിയുകയും ചെയ്യാം. പക്ഷേ രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ നഷ്ടപ്പെട്ടാൽപ്പിന്നെ ഒരു ഗുണ്ടയ്ക്കും അവരുടെ സാമ്രാജ്യം കെട്ടിപ്പടുക്കാനാവില്ല. മേലാളന്മാർക്ക് അവരെ പിണിയാളുകളായി ആവശ്യമില്ലാതകുന്നതോടെ ഗുണ്ടകളുടെ തേർവാഴ്ച അവസാനിക്കുകയും ചെയ്യും. പക്ഷേ കൊടി സുനിമാരും സിദ്ധിക്കുമൊക്കെ ചെങ്കൊടിയെ മറയാക്കിക്കൊണ്ട് നടത്തുന്ന ഗുണ്ടാപ്രവർത്തനങ്ങൾക്ക് എന്നു കടിഞ്ഞാൺ വീഴുമോ അന്ന് മറ്റ് രാഷ്ട്രീയക്കാർക്കായി പ്രവർത്തിക്കുന്ന ഗുണ്ടകൾക്കും പൂട്ടുവീഴുമെന്നുറപ്പാണ്. അതിനുള്ള ഇച്ഛാശക്തി ഭരിക്കുന്നവർക്ക് ഉണ്ടാകുമോയെന്നത് വേറെ കാര്യം.

You might also like

Most Viewed