വേ­ണ്ടത്, ആരോ­ഗ്യകരമാ­യ മാ­റ്റങ്ങൾ!


ജെ. ബിന്ദുരാജ്

 

ഴിഞ്ഞയാഴ്ച മലപ്പുറത്തു നിന്നും ആരേയും അത്ഭുതപ്പെടുത്തുന്ന ഒരു വാർത്ത കേട്ടു. മലപ്പുറത്തെ സർക്കാർ താലൂക്ക് ആശുപത്രിയിൽ മഞ്ചേരി സ്വദേശിയായ യൂസഫ് എന്നയാൾക്ക് ഡോക്ടർ എം പ്രത്യൂഷയുടെ നേതൃത്വത്തിൽ ഒക്ടോബർ 17−ാം തീയതി ഹെയർ ട്രാൻസ്പ്ലാന്റ് നടത്തിയിരിക്കുന്നു. സ്വകാര്യ ആശുപത്രികളിലോ സ്വകാര്യ ഹെയർ ട്രാൻസ്പ്ലാന്റ് കേന്ദ്രങ്ങളിലോ ഒരു ലക്ഷം രൂപയോ അതിലധികമോ ഒക്കെ ചെലവുവരുന്ന ഈ ഹെയർ ട്രാൻസ്പ്ലാന്റ് സർജറി സംസ്ഥാനത്തെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കോസ്‌മെറ്റിക് ക്ലിനിക്കിൽ നടന്നത് കേവലം അഞ്ഞൂറു രൂപയ്ക്കാണ്. അണുവിമുക്തമായ ഒരു അന്തരീക്ഷത്തിൽ കൃത്യതയോടെ, ഇതാദ്യമായാണ് കേരളത്തിലെ ഒരു സർക്കാർ താലൂക്ക് ആശുപത്രിയിൽ ഇത്തരമൊരു സർജറി നടക്കുന്നത്. സംസ്ഥാനത്ത് ഹെയർ ട്രാൻസ്പ്ലാന്റ് സർജറി വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ സർക്കാർ ആശുപത്രിയായി അതോടെ മലപ്പുറത്തെ സർക്കാർ താലൂക്ക് ആശുപത്രി മാറി. കോട്ടയം മെഡിക്കൽ കോളേജാണ് ഈ സർജറി ആദ്യം വാഗ്ദാനം ചെയ്ത ആശുപത്രി. കോസ്‌മെറ്റിക് ക്ലിനിക്കിനെ സർക്കാർ ആശുപത്രിയിലേയ്ക്ക് കൊണ്ടുവരാനുള്ള സർക്കാരിന്റെ തീരുമാനം എന്തുകൊണ്ടും സർക്കാർ ആശുപത്രികളെ കൂടുതൽ ജനപ്രിയമാക്കി മാറ്റുമെന്ന കാര്യത്തിൽ തർക്കം വേണ്ട. ഹൈടെക് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ വാഗ്ദാനം ചെയ്യുന്ന ബോടോക്‌സ് ചികിത്സ, റേഡിയോ ഫ്രീക്വൻസി എനർജി ചികിത്സകൾ എന്നിവയും മലപ്പുറത്തെ ഈ ആശുപത്രി നടത്താനൊരുങ്ങുകയാണ്. ഇതിനകം തന്നെ അടുത്ത രണ്ടു മാസത്തേയ്ക്കുള്ള, ഹെയർ ട്രാൻസ്പ്ലാന്റിങ്ങിനുള്ള നൂറിലധികം അപേക്ഷകളും ഈ ക്ലിനിക്കിനു ലഭിച്ചു കഴിഞ്ഞിരിക്കുന്നു. 

സ്വകാര്യ ആശുപത്രികളും കുത്തക കന്പനികളും കൈവശം വെച്ചിരുന്ന മേഖലയിലേക്കാണ് ആരേയും ഞെട്ടിക്കുന്ന ചെലവു കുറഞ്ഞ പ്രക്രിയയിലൂടെ ഒരു സർക്കാർ താലൂക്ക് ആശുപത്രി കടന്നു ചെന്നിരിക്കുന്നത്. ഒരു വയലിൽ ഞാറു നടന്നതുപോലെ തന്നെയുള്ള പ്രക്രിയയാണ് ഹെയർ ട്രാൻസ്പ്ലാന്റ്. വളരാൻ ശേഷിയുള്ള മുടികൾ തലയുടെ പിൻഭാഗങ്ങളിൽ നിന്നെടുത്ത് ഒരു ഇംപാന്റർ ഉപയോഗിച്ച് മുടിയില്ലാത്ത സ്ഥലങ്ങളിൽ വെച്ചുപിടിപ്പിക്കുകയാണിതിൽ ചെയ്യുന്നത്. ഒരു ദിവസം പരമാവധി 7000 മുടി വരെ ഇത്തരത്തിൽ വെച്ചുപിടിപ്പിക്കാനാകും. തലയുടെ പിൻഭാഗത്ത് ഡോണർ ഏരിയ എന്ന സ്ഥലത്തുള്ള മുടി സുഷിരങ്ങളിൽ നിന്നും ഒരു യന്ത്രത്തിന്റെ സഹായത്തോടെ ഓരോന്നായി പിഴുതെടുത്താണ് ഇംപ്ലാന്റർ എന്ന ഉപകരണത്തിന്റെ സഹായത്തോടെ അവ മുടിയില്ലാത്ത സ്ഥലങ്ങളിൽ വെച്ചുപിടിപ്പിക്കുന്നത്. വെച്ചു പിടിപ്പിച്ച മുടി രണ്ടു മാസത്തിനുള്ളിൽ തന്നെ വളരാൻ ആരംഭിക്കും. ഒരു വർഷം പൂർത്തിയാകുന്നതോടെ മുടി നേരത്തെ എത്രയുണ്ടായിരുന്നുവോ അത്ര തന്നെയായി വളരും. സ്വകാര്യ കുത്തക ക്ലിനിക്കുകൾ 2000 ഹെയർ ഫോളിക്കിളുകൾ ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിന് 60,000 രൂപ വരെയൊക്കെ ആവശ്യക്കാരിൽ നിന്നും വാങ്ങുന്നുണ്ടെന്നിരിക്കേ, സർക്കാർ ആശുപത്രി ഇതു ചെയ്യുന്നത് കേവലം 500 രൂപയ്ക്കാണെന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. സാമൂഹ്യ സംഘടനകൾ നൽകിയ ധനസഹായവും അവർ നൽകിയ ഉപകരണങ്ങളുമൊക്കെ ഉപയോഗിച്ചാണ് മലപ്പുറത്ത് ഈ അത്ഭുതം സാധ്യമായിരിക്കുന്നത്.

സർക്കാർ ആശുപത്രികളെ സംബന്ധിച്ചിടത്തോളം പുതിയകാലത്തിനും സാഹചര്യങ്ങൾക്കുമനുസരിച്ച് ചികിത്സാരീതികൾ രൂപപ്പെടുത്തിയാൽ പൊതുജനാരോഗ്യരംഗത്ത് സർക്കാർ ആശുപത്രികൾക്ക് ലാഭകരമായി മുന്നേറാനാകുന്ന സാഹചര്യം ഉണ്ടാക്കാനാകുമെന്നാണ് മലപ്പുറം സർക്കാർ താലൂക്ക് ആശുപത്രിയിലെ കോസ്‌മെറ്റിക് ക്ലിനിക്ക് അനുഭവം തെളിയിക്കുന്നത്. സംസ്ഥാനത്ത് ആരോഗ്യവകുപ്പിനു കീഴിൽ നിലവിൽ പ്രവർത്തിക്കുന്ന 18 ജനറൽ ആശുപത്രികളിലും 16 ജില്ലാ ആശുപത്രികളിലും 21 സ്‌പെഷ്യാലിറ്റി ആശുപത്രികളിലും 79 താലൂക്ക് ആശുപത്രികളിലുമടക്കം 1278 ആശുപത്രികളിൽ ഇത്തരം ചികിത്സാ സംവിധാനങ്ങൾ വരുന്നതിനെപ്പറ്റി കൂടി ചിന്തിച്ചുനോക്കൂ. സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ഇപ്പോൾ നടത്തുന്ന കൊള്ളയ്ക്ക് പരിഹാരമാകുന്നതിനു പുറമേ, സർക്കാർ ആശുപത്രികളുടെ നിലവാരം മെച്ചെപ്പടുത്താനാവശ്യമായ ഫണ്ട് അവിടെ നിന്നു തന്നെ ഉണ്ടാകുന്ന അവസ്ഥ സംജാതമാകുകയും ചെയ്യും. എന്തിന്, കോസ്‌മെറ്റിക് ക്ലിനിക് പോലുള്ള സംവിധാനങ്ങൾ കുറച്ചു കൂടി ചെലവുള്ള ചികിത്സ വാഗ്ദാനം നൽകുന്നപക്ഷം സർക്കാർ ആശുപത്രികൾക്ക് അടിയന്തര ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനും ചെലവു കുറഞ്ഞ, മികച്ച ചികിത്സ കൂടുതൽ പേർക്ക് നൽകുന്നതിനും അത് സഹായകമാകുകയും ചെയ്യും.  നമ്മുടെ ആശുപത്രികളുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിക്കുന്പോൾ അത്തരമൊരു മാറ്റം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് നമുക്ക് ബോധ്യപ്പെടുകയും ചെയ്യും. 

താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യ സംവിധാനങ്ങൾ ഇന്ത്യയിൽ ലഭ്യമാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി 2015 −16ലെ സാന്പത്തിക സർവേ വ്യക്തമായി പറയുന്നുണ്ട്. നാഷണൽ സാന്പിൾ സർവ്വേ ഓർഗൈനസേഷന്റെ കണക്കുകൾ നിലവിൽ ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് (പ്രസവം ഒഴിച്ച്) സർക്കാർ ആശുപത്രികളിലേതിനേക്കാൾ നാലിരട്ടിയാണെന്നാണ് സാന്പത്തിക സർവ്വേ പറയുന്നത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ഒരാൾ ശരാശരി 25,850 രൂപ ചെലവിടുന്പോൾ സർക്കാർ ആശുപത്രിയിൽ ശരാശരി നിരക്ക് 6120 രൂപയേ ആകുന്നുള്ളു. സ്വകാര്യ ആശുപത്രികൾക്ക് കൂടുതൽ മെച്ചപ്പെട്ട ഉപകരണങ്ങളും കെട്ടിടങ്ങളും വലിയ ശന്പളം വാങ്ങുന്ന ഡോക്ടർമാരുമൊക്കെ ഉള്ളതിനാലും ലാഭേച്ഛയോടു കൂടി മാത്രം പ്രവർത്തിക്കുന്നതു കൊണ്ടുമാണ് അവർക്ക് വലിയ ഫീസ് ചികിത്സയ്ക്ക് ഈടാക്കേണ്ടി വരുന്നതെന്നാണ് അവരുടെ ന്യായീകരണം. പക്ഷേ അത് ഇന്ത്യയിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ അപര്യാപ്തകളാണ് വിളിച്ചോതുന്നതെന്നതാണ് വാസ്തവം. ഗ്രാമീണ മേഖലയിലാണ് ഇതിന്റെ ഏറ്റവും കടുത്ത വെല്ലുവിളികൾ ഇന്ത്യക്കാർ അഭിമുഖീകരിക്കുന്നത്. ഒരു അസുഖം വരുന്നതോടെ ജീവിതകാലത്ത് താനുണ്ടാക്കിയ മുഴുവൻ സന്പാദ്യവും ജീവൻ നിലനിർത്താനായി ചെലവഴിക്കേണ്ടി വരികയും പിന്നീട് കുത്തുപാളയെടുക്കേണ്ടി വരികയും ചെയ്യുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. എന്തിനധികം പറയുന്നു, പാവപ്പെട്ട രോഗികളുടെ ചികിത്സ ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നും പണമില്ലാത്തതിനാൽ അവരെ മരണത്തിനു വിട്ടുകൊടുക്കുന്നത് ഒരു തരത്തിലും അനുവദിക്കാനാകുന്ന കാര്യമാണെന്നും ഹൈക്കോടതി കഴിഞ്ഞയാഴ്ച ഒരു വിധിന്യായത്തിൽ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. പാലക്കാട്ടെ മേഴത്തൂരിലെ മനോജിന്റെ ഹർജിയിൽ തീർപ്പാക്കവേയായിരുന്നു കോടതിയുടെ പരാമർശം. പോംപീ ഡിസീസ് എന്ന ജനിതക സംബന്ധിയായ അപൂർവ്വരോഗം ബാധിച്ച അദ്ദേഹത്തിന്റെ മകന് പ്രതിവർഷം 50 ലക്ഷം രൂപയുടെ ചികിത്സ ആവശ്യമാകുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഈ വിധിന്യായം. 

മലയാളിയുടെ മെഡിക്കൽ രംഗത്തെ ചെലവുകളുടെ ഈ വർദ്ധന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത് അവന്റെ കുടുംബ ബജറ്റിനെപ്പോലും താളംതെറ്റിക്കുന്ന നിലയിൽ വർദ്ധിച്ചുവരാൻ തുടങ്ങിയിട്ട് ഇപ്പോൾ രണ്ടു ദശാബ്ദക്കാലം പിന്നിടുകയാണ്. 2001ൽ സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ മേൽനോട്ടത്തിൽ കേരള റിസർച്ച് പ്രോഗ്രാം ഓൺ ലോക്കൽ ഡവലപ്‌മെന്റ് നടത്തിയ പഠനത്തിൽ മലയാളി ചികിത്സാ ചെലവു മൂലം നേരിടുന്ന സാന്പത്തികപ്രശ്‌നങ്ങൾ അക്കമിട്ടു നിരത്തുന്നുണ്ട്. 1987 മുതൽ 1997 വരെയുള്ള കാലഘട്ടത്തിൽ മലയാളിയുടെ ചികിത്സാചെലവിലെ വർദ്ധനയാണ് ഈ പഠനം അടിവരയിടുന്നത്. ആ പത്തു വർഷത്തിനിടയിൽ ഒരാൾ അസുഖബാധിതനാകുന്പോഴുള്ള ചികിത്സാ ചെലവ് 16.56 രൂപയിൽ നിന്നും 165.22 രൂപയായി വർദ്ധിച്ചുവെന്ന് അവർ കണ്ടെത്തിയിരുന്നു. അതായത് ആ പത്തുവർഷത്തിനിടയ്ക്ക് മാത്രം 898 ശതമാനമായാണ് ചെലവ് വർദ്ധിച്ചത്. അതേ കാലയളവിൽ തന്നെ പ്രതിശീർഷ മെഡിക്കൽ ചെലവുകളാകട്ടെ 88.92 രൂപയിൽ നിന്നും 548.86 രൂപയായി വർദ്ധിക്കുകയും ചെയ്തു. ഇതിൽ ഡോക്ടറുടെ ഫീസ് 930 ശതമാനം വർദ്ധിച്ചപ്പോൾ മരുന്നുകളുടെ വില 913 ശതമാനം വർദ്ധിക്കുകയും മറ്റ് ലാബോറട്ടറി ചെലവുകൾ 859 ശതമാനം വർദ്ധിക്കുകയും ചെയ്തു. ഇപ്പോൾ മെഡിക്കൽ ചെലവുകൾ അതിന്റെ പതിന്മടങ്ങായി വർദ്ധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. സംസ്ഥാനത്ത് ആരോഗ്യവകുപ്പിനു കീഴിൽ ആധുനിക വൈദ്യശാസ്ത്രത്തിനായി മൊത്തം 1281 സ്ഥാപനങ്ങളാണ് ആകെയുള്ളത്. ഇവയിലാകെ കൂടി 38241 ബെഡ്ഡുകളാണ് ആകെയുള്ളത്. മൂന്നു കോടിയിലധികം വരുന്ന ജനതയ്ക്ക് സർക്കാർ സംവിധാനം ഒരുക്കുന്നത് എത്ര നിസ്സാരമായ എണ്ണം കിടത്തി ചികിത്സാ സംവിധാനമാണെന്ന് നാം തിരിച്ചറിയുന്നത് ഈ കണക്കുകൾ പരിശോധിക്കുന്പോഴാണ്. സംസ്ഥാനത്ത് 38241 രോഗികളെ ചികിത്സിക്കാൻ ആകെയുള്ള സർക്കാർ ഡോക്ടർമാരാകട്ടെ കേവലം 5061 പേരും. അതായത് 7.56 രോഗികൾക്ക് ഒരു ഡോക്ടർ. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയും സർക്കാർ ആശുപത്രികളിലെ കിടത്തി ചികിത്സാ സംവിധാനവും തമ്മിലുള്ള അനുപാതമാകട്ടെ 873ഉം. നിലവിൽ ഒരു കിടക്കയിൽ 873 പേർ. ഇനിയിപ്പോൾ പ്രസവത്തിന്റെ കണക്കുകൾ പരിശോധിക്കാം. സർക്കാർ ആശുപത്രികളിൽ 1,51,277 പ്രസവങ്ങളാണ് നടക്കുന്നതെങ്കിൽ സ്വകാര്യ ആശുപത്രികളിലിൽ 3,44,980 ആണ്. സിസേറിയന്റെ കാര്യത്തിൽ സർക്കാർ ആശുപത്രിയിൽ 57,648 എണ്ണമാണെങ്കിൽ സ്വകാര്യ ആശുപത്രിയിലിത് 1,40,533 ആണ്. അതിനർത്ഥം പ്രസവം പോലുള്ള, അതീവ സുരക്ഷ ആവശ്യമെന്ന് ജനം കരുതുന്ന പ്രക്രിയകളിൽ കേരളത്തിൽ ഇനിയും പൊതുജനാരോഗ്യ സംവിധാനത്തിന് ജനങ്ങളുടെ വിശ്വാസ്യത മതിയാംവണ്ണം ആർജിക്കാനായിട്ടില്ലെന്നു തന്നെയാണ്. സർക്കാർ ആശുപത്രികളിൽ മികച്ച ചികിത്സാ സംവിധാനങ്ങൾ എത്തിച്ചുവെന്നും വിജയകരമായി ശസ്ത്രക്രിയകളടക്കം നടത്തുന്പോഴും ഇപ്പോഴും പരിപൂർണ്ണമായ വിശ്വാസ്യത ആർജിക്കാൻ നമ്മുടെ ആശുപത്രികൾക്ക് കഴിയാതെ പോയിരിക്കുന്നു. 

ശിശുമരണനിരക്കിലെ കുറവും പ്രതിരോധ വാക്‌സിൻ കുത്തിവയ്പിലെ വർദ്ധനവും തൂക്കക്കുറവുള്ള കുട്ടികളുടെ എണ്ണക്കുറവും വിളർച്ചയുള്ള കുട്ടികളുടെ എണ്ണക്കുറവുമെല്ലാം നോക്കി കേരളത്തിന്റെ ആരോഗ്യരംഗവും അതിന്റെ ഭാവിയും ശോഭനമാണെന്ന് പറയുന്ന കാലം കഴിഞ്ഞിരിക്കുന്നുവെന്നതാണ് സത്യം. ശിശുമരണ നിരക്കിൽ മാത്രമാണ് കേരളം ഇപ്പോൾ ജമ്മു കശ്മീരിനേക്കാൾ മുന്നിൽ നിൽക്കുന്നത്. ആയുർ ദൈർഘ്യത്തിന്റെ കാര്യത്തിൽപ്പോലും കേരളം ഇപ്പോൾ ജമ്മു കശ്മീരിന് പിന്നിലായിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. ഇനിയുള്ള കാലത്ത് താങ്ങാനാവുന്ന നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കാനാകുന്ന പൊതുജനാരോഗ്യ സംവിധാനം കേരളത്തിൽ ഉണ്ടാകാത്തപക്ഷം ആരോഗ്യരംഗത്തെപ്പറ്റി നമുക്ക് അഭിമാനിക്കാൻ വകയുണ്ടാവില്ല. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി പൊതുജനാരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ തസ്തികകൾ പലയിടത്തും ഒഴിഞ്ഞുകിടക്കുകയാണെന്നതാണ് വാസ്തവം. കാസർകോഡ് ജില്ലയിലെ ഡോക്ടർ തസ്തികയിൽ മൂന്നിലൊരു ഭാഗത്തിലും ഇനിയും ഡോക്ടർമാരെ നിയമിച്ചിട്ടില്ലെന്നതിനു പുറമേ, ജനസംഖ്യാനുപാതികമായി ഡോക്ടർമാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കാനുള്ള നീക്കങ്ങളും സർക്കാരിൽ നിന്നും ഉണ്ടായിട്ടില്ല. ഒരു പ്രൈമറി ഹെൽത്ത് സെൻ്ററിൽ കുറഞ്ഞത് നാലു ഡോക്ടർമാരെങ്കിലും വേണമെന്നിരിക്കേ, നാല് ഹെൽത്ത് സെന്ററുകൾക്ക് ഒരു ഡോക്ടർ എന്ന നിലയിൽപ്പോലും ഡോക്ടർമാരെ നിയമിക്കാൻ സർക്കാരിനായിട്ടില്ല. മെഡിക്കൽ കോളേജുകളിലാണെങ്കിൽ ഗൈനക്കോളജിസ്റ്റുകൾ റെക്കോർഡ് പ്രസവങ്ങളാണ് ഓരോ ദിവസവുമെടുത്തുകൊണ്ടിരിക്കുന്നത്. നിരവധി പ്രസവങ്ങൾ കൈകാര്യം ചെയ്യുന്പോൾ സൂക്ഷ്മതക്കുറവ് സംഭവിക്കുന്നത് സ്വാഭാവികമായ കാര്യം മാത്രം. 

പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും മെച്ചപ്പെടുത്തുന്നതു വഴി തന്നെ പൊതുജനാരോഗ്യരംഗം കൂടുതൽ കാര്യക്ഷമമാക്കാൻ നമുക്കു സാധിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റണമെന്നും താലൂക്ക്, ജില്ലാ ആശുപത്രികളിലെ ചികിത്സകൾ എല്ലാം തന്നെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടണമെന്നുമുള്ള ഒരു ആശയം ഏറെക്കാലമായി കേട്ടുവരുന്നതാണ്. പല വികസിത രാജ്യങ്ങളിലും പ്രാവർത്തികമാക്കപ്പെട്ടിട്ടുള്ള ഈ ആരോഗ്യശൃംഖല കേരളത്തിൽ നടപ്പാക്കുന്നതിനെപ്പറ്റി പല ചർച്ചകൾ നടന്നുവെങ്കിലും ഇച്ഛാശേഷിക്കുറവു മൂലം വിവിധ സർക്കാരുകൾ ഇതുവരേയ്ക്കും അതിനു പച്ചക്കൊടി കാട്ടാതിരിക്കുകയായിരുന്നു. താലൂക്ക്, ജില്ലാ ആശുപത്രികളിൽ വിദഗ്ദ്ധ ചികിത്സയും സ്‌പെഷ്യാലിറ്റി സേവനവും വാഗ്ദാനം ചെയ്യപ്പെടുംരീതിയിൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ജൻ ഔഷധി മരുന്നു കേന്ദ്രങ്ങൾ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും സ്ഥാപിക്കുക വഴിയും മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇത്തരം കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുക വഴിയും പൊതുജനാരോഗ്യരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാൻ കേരളത്തിനാവും. ഇതോടൊപ്പം തന്നെ സർക്കാർ ആശുപത്രികളിൽ ജീവിതശൈലി രോഗ ക്ലിനിക്കുകളും മലപ്പുറത്തെപ്പോലെ കോസ്‌മെറ്റിക് ക്ലിനിക്കുകളുമൊക്കെ സ്ഥാപിക്കുക വഴി സേവനങ്ങൾ കൂടുതൽ ആകർഷകമാക്കാനും സാധിക്കും. പൊതുജനരോഗ്യരംഗത്തെ ഇത്തരമൊരു അഴിച്ചുപണിയിലൂടെ മാത്രമേ, ആരോഗ്യരംഗത്ത് ആരോഗ്യകരമായ സംവിധാനങ്ങളുള്ള ഒരു സംസ്ഥാനമെന്ന പദവി നാളെ കേരളത്തിനു നിലനിർത്താനാകൂ.

You might also like

Most Viewed