ജേക്കബ് തോമസ് ഒരു പ്രതീകമാണ് ; പ്രതീക്ഷയും!
ജേക്കബ് തോമസ് മികച്ച ഒരു കളിക്കാരനാണ്. ഒരുപക്ഷേ കേരളത്തിലെ രാഷ്ട്രീയക്കാരേക്കാൾ മികച്ച ഒരു കളിക്കാരൻ. സംസാരിക്കുന്പോൾ ചുവപ്പു കാർഡും മഞ്ഞ കാർഡുമൊക്കെ പുറത്തെടുത്ത് ഒരു റഫറിയെപ്പോലെ കളി നിയന്ത്രിക്കുകയും ചെയ്യുമെന്ന പ്രത്യേകതയുമുണ്ട് ജേക്കബ് തോമസിന്. യുഡിഎഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രിക്കെതിരേയും ഭരണത്തിലെ അഴിമതിക്കെതിരെയുമൊക്കെ ആഞ്ഞടിച്ചതിനെത്തുടർന്ന് വിജിലൻസ് വകുപ്പിൽ നിന്നും അപ്രധാന വകുപ്പുകളിലേയ്ക്ക് മാറ്റപ്പെട്ട ആ ഉദ്യോഗസ്ഥനെ, ഇടതു മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ വിജിലൻസ് ഡയറക്ടറായി നിയമിച്ചത് ഇടതു മന്ത്രിസഭയുടെ പ്രഖ്യാപിത അഴിമതിവിരുദ്ധ പ്രതിഛായയ്ക്ക് വലിയ ഇന്ധനമാണ് പകർന്നു നൽകിയത്. ജേക്കബ് തോമസാകട്ടെ അവസരത്തിനൊത്ത് ഉയർന്നു പ്രവർത്തിക്കാനാരംഭിക്കുകയും ചെയ്തു. മുൻ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെയും മുൻ ധനമന്ത്രി കെഎം മാണിക്കെതിരെയും അനധികൃത സ്വത്ത് സന്പാദന പരാതിയിൽ മുൻ ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി കെഎം എബ്രഹാമിനെതിരെയും ബാർ കോഴക്കേസിൽ എസ്പി സുകേശനുമേൽ സമ്മർദ്ദം ചെലുത്തി റിപ്പോർട്ട് തിരുത്തിച്ചുവെന്ന ആരോപണത്തിൽ ശങ്കർ റെഡ്ഢിക്കെതിരെയും മലബാർ സിമന്റ്‌സ് എംഡിയായിരുന്ന പത്മകുമാറിനെതിരെയും ഐഎഎസ് ഉദ്യോഗസ്ഥനായ ടോം ജോസിനെതിരെയും എന്തിന്, ഏറ്റവുമൊടുവിൽ ബന്ധുനിയമന വിവാദത്തിൽ രാജി വെച്ചൊഴിഞ്ഞ മുൻ വ്യവസായ മന്ത്രി ഇപി ജയരാജനെതിരെയുമൊക്കെ വിജിലൻസ് വകുപ്പ് അന്വേഷണം ആരംഭിച്ചു. മുൻ മന്ത്രി കെ ബാബു വിജിലൻസിന്റെ മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ എട്ടുതവണ വെള്ളം കുടിച്ചതും വിജിലൻസിൽ നിന്നും നീതി ലഭിക്കാനിടയില്ല എന്നു കേഴുന്നതുമൊക്കെ നമ്മൾ കാണുകയും കേൾക്കുകയും ചെയ്തു. വിജിലൻസ് ഒരു സംഭവമാണെന്ന് കേരളം ആദ്യമായി കണ്ടറിഞ്ഞ സമയത്താണ് ജേക്കബ് തോമസിനെതിരെ അദ്ദേഹം തുറമുഖ ഡയറക്ടറായിരുന്ന സമയത്തെ ചില ക്രമക്കേടുകളെപ്പറ്റി ധനകാര്യ പരിശോധനാ വിഭാഗം ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് തയാറാക്കിയ ഒരു റിപ്പോർട്ട് രംഗത്തു വന്നത്. ഇതിനു പിന്നിൽ സ്വാഭാവികമായും പ്രവർത്തിച്ചത് നിലവിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ചില ഐഎഎസുകാരുമാണെന്ന് ഭരണത്തോട് അടുത്തുനിൽക്കുന്നവർക്കറിയുകയും ചെയ്യാം. തുറമുഖ വകുപ്പിൽ ചില കരാറുകൾ നൽകിയതിൽ അപാകതകളുണ്ടെന്ന ഈ കണ്ടെത്തലുകൾ മുൻനിർത്തി ജേക്കബ് തോമസിനെ തൽസ്ഥാനത്തു നിന്നും ഒഴിപ്പിക്കാൻ അഴിമതിയാരോപണങ്ങളിൽപ്പെട്ട യുഡി എഫുകാർ ഒറ്റക്കെട്ടായി നിലകൊള്ളുകയും ചെയ്തു. എന്നാൽ ഇപി ജയരാജനെതിരെ
യുള്ള ബന്ധു നിയമന അന്വേഷണം മുഖ്യമന്ത്രിയിലേയ്ക്കും എത്തപ്പെടുമെന്നു ഭയക്കുന്ന സിപിഎമ്മാണ് ജേക്കബ് തോമസിനെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. ജേക്കബ് തോമസിനെ തള്ളുന്നവർ ആരായാലും അവർ അഴിമതിക്കാരായി മുദ്ര കുത്തപ്പെടുമെന്നിരിക്കേയാണ് നാടകീയമായി തന്നെ വിജിലൻസ് സ്ഥാനത്തു നിന്നും നീക്കണമെന്ന് ജേക്കബ് തോമസ് തന്നെ അഭ്യർത്ഥിച്ചതും സിപിഎം ജേക്കബ് തോമസിനെ നീക്കേണ്ടതില്ലെന്ന് തീരുമാനമെടുക്കുന്നതും.
ജേക്കബ് തോമസിന്റേത് വ്യക്തമായ അവസരോചിതമായ ഒരു കരുനീക്കമായിരുന്നു. അഴിമതിക്കെതിരെയുള്ള തന്റെ നിലപാട് പൊതുസമക്ഷം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം കേരളത്തിലെ അഴിമതിവിരുദ്ധ നിലപാട് വെച്ചുപുലർത്തുന്ന ബഹുഭൂരിപക്ഷം വരുന്നവരുടെ മുന്നിലേയ്ക്ക് താൻ ഒഴിയാൻ നിർബന്ധിതനാക്കപ്പെട്ട കാരണങ്ങൾ മറ്റുള്ളവരിലൂടെ കേരളം ചർച്ച ചെയ്യാൻ ഇടയാക്കുക വഴി ഒരു ചതുരംഗപ്പലകയിലെ അതിബുദ്ധിപരമായ നീക്കമെന്ന പോലെയുള്ള ഒരു നീക്കം അദ്ദേഹം നടത്തിയത്. തന്നെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടശേഷമുള്ള മണിക്കൂറുകളെല്ലാം തന്നെ കേരളത്തിലെ ജനതയും ഭരണപക്ഷവും പ്രതിപക്ഷവും അഴിമതി വിരുദ്ധ നിലപാട് പുലർത്തുന്ന ആ ഉദ്യോഗസ്ഥനെ ക്രൂശിക്കരുതെന്നും അദ്ദേഹത്തെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നും പറയുന്ന കാഴ്ചകളാണ് കണ്ടത്. അതായത് രാജി ഭീഷണി മുഴക്കിയതിലൂടെ, വിജിലൻസ് ഡയറക്ടർ എന്ന തന്റെ സ്ഥാനം കൂടുതൽ ശക്തമാക്കി മാറ്റാനും വിജിലൻസിന് പല്ലും നഖവും അധികാരവും കൂടുതലായി ലഭിക്കാൻ അദ്ദേഹം മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ കൂടുതൽ അംഗീകരിക്കപ്പെടുകയും ചെയ്തു. വിജിലൻസിനെ സ്വതന്ത്രമാക്കാനും ശക്തിപ്പെടുത്താനുമായി ജേക്കബ് തോമസ് മുന്നോട്ടുവെച്ച 30 ആവശ്യങ്ങൾ ചുവപ്പുനാടക്കുരുക്കിൽ കുരുങ്ങി എങ്ങുമെത്താതെ കിടക്കുകയാണെന്നും ആ നിലയിൽ അത് തുടർന്നാൽ തൽസ്ഥാനത്ത് തുടരുന്നതു കൊണ്ട് പ്രയോജനമില്ലെന്ന തിരിച്ചറിവുമാണ് ജേക്കബ് തോമസിനെക്കൊണ്ട് തന്നെ തൽസ്ഥാനത്തു നിന്നു മാറ്റാൻ സർക്കാരിനോട് ആവശ്യപ്പെടുന്നതിൽ കൊണ്ടെത്തിച്ചത്. വിജിലൻസിന് സ്വന്തമായി പ്രോസിക്യൂട്ടറും ഡയറക്ടറുടെ കീഴിൽ എഡിജിപിമാരും വിവിധ സ്ഥലങ്ങളിൽ എസ്പി റാങ്കിലുള്ളവരും വേണമെന്നതിനു പുറമേ ലോക്കപ്പ് സൗകര്യവും വിവിധ സ്ഥാപനങ്ങളിൽ അഴിമതിവിരുദ്ധ അറിയിപ്പു സേനകൾ നിർമ്മിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു. സാധാരണക്കാരന് സർക്കാരിൽ കൂടുതൽ വിശ്വാസമുണ്ടാക്കി നൽകുന്ന നിർദ്ദേശങ്ങളായിരുന്നു അതെല്ലാം തന്നെ. അതുകൊണ്ടു തന്നെ ജേക്കബ് തോമസിനെ തൽസ്ഥാനത്തു തന്നെ നിലനിർത്താൻ തീരുമാനിക്കുന്നതിലൂടെ ലഭിക്കുന്ന മൈലേജ് സംസ്ഥാന സർക്കാരും ജേക്കബ് തോമസിന് അനുകൂലമായി തീരുമാനമെടുക്കുന്നതിലേയ്ക്ക് നീങ്ങി.
എന്തുകൊണ്ടാണ് ഇത്തരമൊരു സ്ഥിതിവിശേഷം കേരളത്തിലുണ്ടായത്? ജേക്കബ് തോമസ് എന്ന ഒരൊറ്റ ഉദ്യോഗസ്ഥനിൽ മാത്രം എന്തുകൊണ്ടാണ് കേരളത്തിലെ ജനത അഴിമതിവിരുദ്ധ ഉദ്യോഗസ്ഥനെന്ന പ്രതീക്ഷയർപ്പിച്ചത്? അതിനുള്ള ഉത്തരം എല്ലാവർക്കും തന്നെ അറിയാവുന്നതുമാണ്. അഴിമതിക്കെതിരെ നിലകൊള്ളുന്നവർ എടുക്കാച്ചരക്കുകളായ ഒരു നാടാണ് നമ്മുടേതെന്നും നമ്മുടെ പൊതുജീവിതത്തിന്റെ ഭാഗമായി അഴിമതി മാറിയിരിക്കുന്നുവെന്നും നമുക്കറിയാവുന്ന കാര്യമാണ്. അങ്ങനെയൊരു നാട്ടിൽ അഴിമതിക്കതിരെ നിലകൊള്ളുന്ന ഏതൊരു ഉദ്യോഗസ്ഥനും വിഗ്രഹവൽക്കരിക്കപ്പെടുമെന്നും ജനങ്ങളാൽ വാഴ്ത്തപ്പെടുമെന്നുമുള്ള കാര്യത്തിൽ സംശയം വേണ്ട. പ്രത്യേകിച്ചും, അങ്ങനെയൊരാൾക്ക് നേരത്തെ മുൻ മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിപ്രമുഖരുമായുമൊക്കെ ഏറ്റുമുട്ടിയ ചരിത്രം കൂടിയുണ്ടെങ്കിൽ. ജേക്കബ് തോമസ് അങ്ങനെയാണ് മലയാളിയുടെ വിഗ്രഹപുരുഷനായി മാറുന്നത്. പക്ഷേ ഈ വിഗ്രഹവൽക്കരണം അഴിമതിക്കാരായവരെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ തള്ളാനോ കൊള്ളാനോ പറ്റാത്ത അവസ്ഥയിലെത്തിച്ചുവെന്നതാണ് അതിന്റെ തമാശ. ജേക്കബ് തോമസ് തുടരണമെന്ന് പറയുന്നപക്ഷം തങ്ങളുടെ കൂട്ടത്തിലുള്ള അഴിമതിക്കാർക്കെതിരെയുള്ള നിലപാട് അവർക്ക് സ്വീകരിക്കേണ്ടി വരുമെങ്കിൽ ജേക്കബ് തോമസിനെ നീക്കണമെന്നാവശ്യപ്പെട്ടാൽ അഴിമതിക്കാരനായി കണക്കാക്കപ്പെടുകയും ചെയ്യും. ആർക്കും വശംവദനാകാതെ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെ ഹോട്ട്‌സീറ്റിൽ ഇരുത്തിയതിന്റെ പ്രശ്‌നങ്ങൾ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇത്രത്തോളം അനുഭവിച്ച മറ്റൊരു കാലം വേറെ ഉണ്ടായിട്ടില്ല.
കേരളത്തിൽ ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥൻ മാത്രമാണോ അഴിമതിവിരുദ്ധൻ? നിശ്ചയമായും അല്ല. പക്ഷേ അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിട്ടുള്ള, അതിനെതിരെ ഭരണവർഗ്ഗത്തോടു പോലും എതിരിട്ട് അവരുടെ അപ്രിയന്മാരുടെ പട്ടികയിൽ ഇടം തേടിയെന്നതാണ് ജേക്കബ് തോമസിനെ ജനമനസ്സുകളിൽ മതിപ്പുള്ളവനാക്കി മാറ്റിയത്. അഴിമതിക്കാരെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഏതൊരാളും പൊതുജനങ്ങളുടെ പ്രിയപ്പെട്ടവനാകുമല്ലോ. രാഷ്ട്രീയാതിപ്രസരമുള്ള കേരളത്തിൽ പക്ഷേ സ്വന്തം രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട നേതാക്കൾക്കെതിരെ കേസ്സെടുക്കുന്ന അവസ്ഥ സംജാതമാകുംവരേയ്ക്ക് മാത്രമേ ഈ ജനപ്രിയത നിലനിൽക്കുകയുള്ളുവെന്നതാണ് വേറെ കാര്യം. അഴിമതിക്കാരായ യുഡിഎഫുകാർ ഒന്നിനു പിറകേ ഒന്നായി വിജിലൻസിന്റെ പിടിയിലേക്ക് വീണുകൊണ്ടിരിക്കുന്പോൾ ഭരണക്കാരുടെ നിർദ്ദേശപ്രകാരം കാർഡെടുക്കുന്ന തത്തയായി ജേക്കബ് തോമസ് അവേഹളിക്കപ്പെട്ടതിൽ അത്ഭുതവുമില്ല. ആരോപണവിധേയനായ ജേക്കബ് തോമസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മുഖപത്രമായ വീക്ഷണം മുഖപ്രസംഗമെഴുതി അവരുടെ ആദർശ പാപ്പരത്തം വെളിപ്പെടുത്തുകയും ചെയ്തു. നേരത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബാർ കോഴക്കേസ്സിൽ ധനമന്ത്രി കെഎം മാണിക്കെതിരായ അന്വേഷണം അവസാനഘട്ടത്തിൽ നിൽക്കുന്ന വേളയിൽ അദ്ദേഹത്തിനെതിരെ കേസ്സെടുക്കാൻ തെളിവുണ്ടെന്ന് എസ്പി സുകേശൻ കണ്ടെത്തിയ സമയത്താണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയിൽ നിന്നും ജേക്കബ് തോമസിനെ ഫയർ ആന്റ് റസ്‌ക്യൂ സർവ്വീസസിന്റെ ഡയറക്ടറായി നിയമിക്കുന്നത്. അവിടെ പരിഷ്‌കരണങ്ങൾക്ക് തുടക്കമിട്ടതോടെ അദ്ദേഹത്തെ പോലീസ് ഹൗസിങ് ആന്റ് കൺസ്ട്രഷൻ കോർപ്പറേഷനിലേയ്ക്കും മാറ്റി. സംസ്ഥാനത്തെ വന്പൻ റിയൽ എസ്‌റ്റേറ്റ് ഗ്രൂപ്പുകൾ ഫയർ ആന്റ് സേഫ്റ്റി മാനദണ്ധങ്ങൾ പാലിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ് അവരോട് നിലവിലുള്ള നിയമങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടതാണ് ഫയർ ആന്റ് റസ്‌ക്യുവിൽ നിന്നും അദ്ദേഹത്തെ പുറത്താക്കാൻ ഇടയാക്കിയത്. ചാണ്ടിയോട് അടുപ്പമുള്ള കൊച്ചിയിലെ ഒരു റിയൽ എസ്‌റ്റേറ്റ് വന്പനും മുൻ ആഭ്യന്തര മന്ത്രിയോട് അടുത്ത തിരുവനന്തപുരത്തെ മറ്റൊരു റിയൽ എസ്‌റ്റേറ്റ് വന്പനുമായിരുന്നുവത്രേ ജേക്കബ് തോമസിനെ അവിടെ നിന്നും മാറ്റുന്നതിൽ നിർണായക ചരടുവലികൾ നടത്തിയത്. 30 വർഷത്തോളം നീണ്ട സർവീസിൽ ആകെ ഈ ഐപിഎസുകാരന് പൊലീസ് കുപ്പായം ഇടാനായത് കേവലം രണ്ടു വർഷം മാത്രമാണെന്നതു വേറെ കാര്യം. എന്തിന് മുൻകാല ഇടതു സർക്കാരിന്റെ കാലത്തും ഈ ഉദ്യോഗസ്ഥനെ ഇരുത്തിയിട്ടുള്ളത് ചലച്ചിത്ര വികസന കോർപ്പറേഷനിലും വനിതാ കമ്മീഷനിലുമൊക്കെയായിരുന്നുവെന്നത് വേറെ കാര്യം.
എന്നാൽ അഴിമതിക്കു ചൂട്ടുകത്തിക്കുന്ന ഉദ്യോഗസ്ഥവൃന്ദം എക്കാലത്തും സംരക്ഷിക്കപ്പെട്ടുപോകുന്ന ചരിത്രമാണ് കേരളത്തിലുള്ളത്. അഴിമതിവിരുദ്ധന്റെ കുപ്പായമിടാൻ ശ്രമിച്ചുകൊണ്ട്, സ്വയം ഫ്‌ളക്‌സുകൾ അടിച്ചിറക്കി ജനകീയനാകാൻ ശ്രമിക്കുന്ന കൂട്ടരിൽ പ്രധാനിയാണ് ഐജി ടോമിൻ തച്ചങ്കരി. മാർക്കറ്റ് ഫെഡ് എംഡിയായിരിക്കുന്ന സമയത്ത് അഴിമതിവിരുദ്ധനെന്ന പ്രതിഛായ കെട്ടിപ്പൊക്കിയശേഷം ട്രാൻസ്‌പോർട്ട് കമ്മീഷണറായി വലിയ വായിൽ നല്ല വർത്തമാനങ്ങളൊക്കെ പറഞ്ഞ് ജനങ്ങളെ കൈയിലെടുക്കാൻ ശ്രമിച്ചെങ്കിലും ഗതാഗത കമ്മീഷണറുടെ പുറംപൂച്ച് മാത്രമാണ് അതൊക്കെയെന്നായിരുന്നു വാഹനഡീലർമാരുടെ ആക്ഷേപം. പച്ചയ്ക്ക് കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു തച്ചങ്കരിയെന്നാണ് വാഹനഡീലർമാർക്കിടയിലെ സംസാരം. എന്തായാലും ബുക്‌സ് ആന്റ് പബ്ലിക്കേഷൻസിൽ ചൊറിയുംകുത്തിയിരിക്കാനാണ് ഈ അഴിമതിക്കാരന്റെ പുതിയ യോഗം. പക്ഷേ അതൊന്നും എല്ലാ രാഷ്ട്രീയകക്ഷികൾക്കും ഒരുപോലെ വേണ്ടപ്പെട്ടവനായ തച്ചങ്കരിയുടെ അവസാനമാണെന്ന് ആരും കരുതണ്ട. അധികം വൈകാതെ തന്നെ ഏതെങ്കിലുമൊരു താക്കോൽ സ്ഥാനത്തേക്ക് തന്നെ തച്ചങ്കരി മടങ്ങിയെത്തുമെന്ന കാര്യത്തിൽ ഈയുള്ളവന് യാതൊരു സംശയവുമില്ല. അഴിമതിക്കാരായ രാഷ്ട്രീയ മേലാളന്മാരെ സംപ്രീതരാക്കിക്കൊണ്ട് നിലകൊള്ളുകയും അവരെ കൂടുതൽ വലിയ അഴിമതികൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണ് അവരിൽ ഭൂരിപക്ഷം പേരും. ഇവരിൽ പലരും പരൽ മത്സ്യങ്ങളായി വന്ന് വന്പൻ സ്രാവുകളായി രൂപാന്തരപ്പെട്ടവരാണ്. വേറെ ചില കൂട്ടരാകട്ടെ, തങ്ങൾക്ക് നൽകിയ തൊഴിൽ എങ്ങനെ ചെയ്യാതെ, സൈഡ് ബിസിനസും വിദേശയാത്രകളുമായി അർമാദിച്ചു കഴിയാൻ താൽപര്യപ്പെടുന്നവർ. നേരത്തെ ജേക്കബ് തോമസ് വിജിലൻസിൽ അഡീഷണൽ ഡയറക്ടർ സ്ഥാനം വഹിക്കുന്പോൾ അനധികൃതസ്വത്ത് സന്പാദനക്കേസിൽ പഴയ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റെ വീട് വിജിലൻസ് റെയ്ഡ് ചെയ്തപ്പോൾ മറ്റു പല ഉദ്യോഗസ്ഥർക്കും ഉള്ളുകാളിയത് സൂരജിനോടുള്ള സ്‌നേഹം കൊണ്ടാണെന്ന് ധരിക്കരുത് മറിച്ച് തങ്ങളുടെ ഇടപാടുകളും നാളെ മറനീങ്ങിയേക്കുമോ എന്ന ഭയത്തിലായിരുന്നു അവരിൽ പലരും. ഏത് വകുപ്പുകളിലെത്തിയാലും അഴിമതിയാരോപണങ്ങൾ സൂരജിനെ പിന്തുടർന്നിരുന്നുവെങ്കിലും പല കേസ്സുകളിൽ നിന്നും റിപ്പോർട്ട് സമർപ്പിക്കുന്പോൾ സൂരജിന്റെ പേര് അപ്രത്യക്ഷമാകുന്നത് പണ്ടേ തന്നെ ചർച്ചയായിരുന്നു. ഉദ്യോഗസ്ഥർ പലർക്കും വഴിവിട്ട് കാര്യങ്ങൾ ചെയ്തു കൊടുക്കാൻ നിർബന്ധിതരാകുകയോ തന്നിട്ടപ്രകാരം ചെയ്തു കൊടുത്ത് മേലാളരുടെ പ്രീതി പിടിച്ചുപറ്റുകയോ ചെയ്യുന്നത് അഴിമതി എല്ലാ തട്ടുകളിലേയ്ക്കും പടർന്നേറാൻ ഇടയാക്കുന്നുവെന്ന കാര്യത്തിൽ സംശയമില്ല. വിഎസ് അച്യുതാനന്ദൻ മുന്പൊരിക്കൽ കമ്മീഷൻ ദാഹിയെന്ന വിളിച്ചാക്ഷേപിച്ച മുൻ പൊതുമരാമത്ത് സെക്രട്ടറി ടോം ജോസും ഇപ്പോൾ വിജിലൻസിന്റെ കുരുക്കിൽപ്പെട്ടിട്ടുണ്ടെങ്കിലും സംരക്ഷിക്കാൻ മേലാളന്മാരുള്ളപ്പോൾ അവരൊക്കെ ഊരിപ്പോരാനുള്ള സാധ്യതകൾ വലുതാണ്. പക്ഷേ കടിഞ്ഞാൺ ജേക്കബ് തോമസിന്റെ കൈകളിലാണെങ്കിൽ പുറത്തുവരാനുള്ള സാധ്യതകൾക്ക് മങ്ങലേൽക്കുമെന്ന ഭയമാണ് ജേക്കബ് തോമസിനെതിരായ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ പഴയ റിപ്പോർട്ട് പുറത്തുവിട്ട് അദ്ദേഹത്തിനു മേൽ കരിനിഴൽ വീഴ്ത്താൻ അവർ ബോധപൂർവം ശ്രമിച്ചത്.
അവിടെയാണ് ജേക്കബ് തോമസ് എന്ന വ്യക്തിയുടെ പ്രഭാവം വ്യക്തമാകുന്നത്. വിജിലൻസിന് പല്ലും നഖവും നൽകി ശക്തമായ ഒരു സംവിധാനമാക്കി മാറ്റാനും അതിനെ അഴിമതിക്കാരുടെ പേടിസ്വപ്‌നമാക്കി മാറ്റാനും ജേക്കബ് തോമസിനു കഴിയുമെന്ന് കേരളത്തിനുറപ്പുണ്ട്. ജേക്കബ് തോമസിനെതിരെ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ, നടന്നുവെന്നു ധനകാര്യ വകുപ്പ് പരിശോധനാ കമ്മിറ്റി കണ്ടെത്തിയ കാര്യങ്ങളിലും വലിയ കഴന്പൊന്നുമുണ്ടെന്നു തോന്നുന്നില്ല. തുറമുഖ ഓഫീസുകളിൽ നടപ്പാക്കാനിരുന്ന സോളാർ പദ്ധതികളുടെ മേൽനോട്ടം അനർട്ടിന്റെ അനുമതിയില്ലാതെ കേരളാ സ്‌മോൾ ഇൻഡസ്ട്രീസ് ഡവലപ്‌മെന്റ് കോർപ്പറേഷനും (സിഡ്‌കോ) കെൽട്രോണിനും നൽകിയെന്നതാണ് അവർ ഒരു ആക്ഷേപമായി പറയുന്നത്. അനർട്ടിന്റെ സോളാർ പട്ടികയിൽ ഇടം തേടാത്ത കന്പനികൾക്കായിരുന്നു ജേക്കബ് തോമസ് സോളാർ പാനലുകൾ സ്ഥാപിക്കാൻ അധികാരം നൽകിയതെന്നതാണ് വലിയ ആക്ഷേപമായി ഉന്നയിക്കപ്പെടുന്നത്. ഇതിനുപുറമേ ലാപ്‌ടോപ്പുകളും കന്പ്യൂട്ടറുകളും വാങ്ങിയതിലും ക്രമക്കേടുകളുണ്ടെന്നും ഐ ടി വകുപ്പിന്റെ അനുമതി അതിനുണ്ടായിരുന്നില്ലെന്നും ആരോപിക്കപ്പെടുന്നു. തുറമുഖ വകുപ്പ് പദ്ധതി നടപ്പാക്കുന്നതിനായി 2.10 കോടി രൂപയാണ് പദ്ധതി നടപ്പാക്കാൻ കണക്കാക്കിയതെങ്കിലും ഈ പദ്ധതിയ്ക്കായി 5.84 കോടി രൂപ ചെലവാെയന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്. 2013-14 കാലയളവിലാണ് ഈ പദ്ധതി നടപ്പാക്കപ്പെട്ടത്. സർക്കാരിന് നഷ്ടമുണ്ടാക്കിയ ഇടപാടായിരുന്നു ഇതെങ്കിൽ തീർച്ചയായും ഇക്കാര്യത്തിൽ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തേണ്ടതുണ്ട്. അത് സർക്കാർ ചെയ്യേണ്ടതുമാണ്. താൻ ഈ ഇടപാടിൽ കുറ്റക്കാരനാണെന്ന് ജേക്കബ് തോമസിന് തോന്നുന്നുണ്ടെങ്കിൽ ആ സ്ഥാനത്ത് തുടരാൻ അദ്ദേഹം താൽപര്യപ്പെടില്ലെന്നുറപ്പ്.
എന്തായാലും ജേക്കബ് തോമസിന്റെ സ്ഥാനത്തെപ്പറ്റിയുള്ള തർക്കങ്ങൾ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ അഴിമതിയെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്നതെന്നാണ് വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്. തന്റെ മേലുള്ള അഴിമതിയാരോപണങ്ങൾക്ക് വിജിലൻസ് തെളിവുകൾ കണ്ടെത്തിയപ്പോൾ, കുടുങ്ങുമെന്നുറപ്പായപ്പോൾ മുൻ എക്‌സൈസ് മന്ത്രി കെ ബാബു ‘തനിക്ക് വിജിലൻസിൽ നിന്നും നീതി ലഭിക്കാനിടയില്ല’ എന്നു വിലപിച്ചതു തന്നെ അതിന്റെ ഏറ്റവും വലിയ തെളിവ്. നീതി എന്നത് അഴിമതിക്കേസ്സിൽ നിന്നും അഴിമതിക്കാരനായ താൻ ഊരിപ്പോരുന്നതാണെന്നാണ് ബാബു ധരിച്ചുവശായിരിക്കുന്നത്. ഉളുപ്പില്ലായ്മയുടെ പരമകാഷ്ഠയിലെത്തിയവർക്കു മാത്രമേ അങ്ങനെ വിലപിക്കാനാകൂ എന്നത് വേറെ കാര്യം. ബാർ ലൈസൻസുകൾ നൽകിയതിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണമാണ് ബാബുവിനെ കുരുക്കിയിരിക്കുന്നത്. ചില ബാർ ലൈസൻസുകൾ അപേക്ഷ ലഭിച്ച അതേ ദിവസം അനുവദിച്ചു നൽകിയ ബാബു, മറ്റു ചില ബാർ ലൈസൻസുകൾ നാലു മാസത്തോളം അതിനുമേൽ അടയിരുന്നശേഷമാണ് നൽകിയിട്ടുള്ളത്. ഏതാണ്ട് 200ഓളം പുതിയ ലൈസൻസുകൾ ബാബു തന്റെ ഭരണകാലത്ത് അത്തരത്തിൽ നൽകിയിട്ടുണ്ടുതാനും. ബാബുവിന്റെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന ബാബുറാമിനെ തൊടുന്പോൾ വെറുതെയല്ല മുൻ മന്ത്രിക്ക് നോവുന്നതെന്ന് വ്യക്തം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാകട്ടെ ഹരിപ്പാട് മെഡിക്കൽ കോളേജിലെ ഇടപാടുകൾ വിജിലൻസ് പുറത്തുകൊണ്ടു വന്നാൽ തനിക്കുണ്ടാകുന്ന പ്രശ്‌നങ്ങളെപ്പറ്റിയുള്ള തിരിച്ചറിവുമുണ്ടാകും. ജേക്കബ് തോമസിനെപ്പോലൊരാൾ വിജിലൻസ് തലപ്പത്ത് ഇരിക്കുന്നത് അതൊക്കെ കൊണ്ടു തന്നെയാണ് ജനം താൽപര്യപ്പെടുന്നതും.