കറവ പോ­യ തൊ­ഴു­ത്തു­കൾ


രോ അഞ്ചു വർഷം കൂടുന്പോഴും ജനങ്ങൾ ആവേശാതിരേകം പോളിങ് ബൂത്തുകളിലേയ്ക്ക് നീങ്ങുന്നതും തങ്ങൾ ഭരിക്കാൻ അതുവരെ ഏൽപ്പിച്ച പലരേയും ആ പണിയിൽ നിന്നു നീക്കുന്നതും വിജയഭേരി മുഴക്കുന്നതുമൊക്കെ സ്ഥിരം കാഴ്ചയാണ്. ഓരോരോ വ്യത്യസ്തമായ പാർട്ടികളിൽ വിശ്വസിക്കുകയും അവരുടെ ചെയ്തികൾ വിലയിരുത്തുകയും ചെയ്യുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കൂട്ടരെക്കൊണ്ട് പരമാവധി സഹികെടുന്പോഴാണ് ജനങ്ങൾക്ക് ശുഭപ്രതീക്ഷകൾ നൽകി തിരിച്ചുവരവിന് കാത്തുനിൽക്കുന്ന മറുപക്ഷം അവരെ അടുത്ത അഞ്ചു വർഷക്കാല ഭരണം ഇനി തങ്ങളെ ഏൽപിച്ച് എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നത്. ജനത്തിന് തെരഞ്ഞെടുക്കാൻ ഓപ്ഷനുകൾ കുറവായതിനാലും ഓർമ്മകൾ മന്ദീഭവിച്ചതിനാലും അഞ്ചു വർഷം മുന്പ് തങ്ങൾ ഒരു ഭരണക്കാരെ എന്തുകൊണ്ടാണ് നീക്കിയതെന്നുപോലും ഓർക്കാതെ, രാഷ്ട്രീയക്കാരുടെ പച്ചച്ചിരിയിലും വാഗ്ദാനങ്ങളിലും മയങ്ങി അവരെ വീണ്ടും അധികാരത്തിലെത്തിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഓരോ അഞ്ചു വർഷം കൂടുന്പോഴും ഇടതും വലതും മാറിമാറി കേരളം ഭരിക്കുന്നു. തങ്ങളുടെ ഒരു കാലിലെ മന്തെടുത്ത് ജനം മറുകാലിലേക്ക് വെച്ചുകൊടുക്കുന്നു. അധികാരത്തിലെത്തിയാൽപ്പിന്നെ ആദർശങ്ങൾക്ക് പുല്ലുവില കൽപ്പിക്കുകയെന്നതാണ് ഇരു മുന്നണികളുടേയും പതിവെന്നതിനാൽ ജനം അടുത്ത അഞ്ചു വർഷത്തിന്റെ തെരഞ്ഞെടുപ്പ് മാമാങ്കത്തിൽ അവരെ മാറ്റാമെന്ന കണക്കുകൂട്ടലിൽ മുന്നോട്ടു നീങ്ങുകയും ചെയ്യുന്നു. 

എല്ലാ മന്ത്രിമാരും എം.എൽ.എമാരുമൊക്കെ അധികാരമേറ്റെടുക്കുന്പോൾ സത്യപ്രതിജ്ഞയെടുക്കുകയെന്ന മറ്റൊരു കടന്പ കൂടിയുണ്ട്. സ്വജനപക്ഷപാതമോ പ്രീതിയോ മുൻനിർത്തി തീരുമാനങ്ങളെടുക്കില്ലെന്നാണ് സഗൗരവമോ ദൈവനാമത്തിലോ ഇതു രണ്ടും ചേർത്തോ പ്രതിജ്ഞയെടുക്കുന്നവർ പറയുന്നത്. ആ പ്രതിജ്ഞ കേൾക്കുന്നവരോ അത് എടുക്കുന്നവരോ ആരും തന്നെ അതിന്റെ അർത്ഥം ഉൾക്കൊണ്ടിട്ടാണോ അത് പറയുന്നതെന്ന് ആർക്കും തോന്നാവുന്ന ന്യായമായ സംശയമാണ്. കാരണം മറ്റൊന്നുമല്ല. ജനങ്ങളെ സേവിക്കാൻ വേണ്ടിയാണ് രാഷ്ട്രീയ നേതാക്കന്മാർ വലിയ പണം ചെലവിട്ടും കോർപ്പറേറ്റുകളുടേയും കള്ളക്കച്ചവടക്കാരുടേയും പണം വാങ്ങിയുമൊക്കെ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം കൊയ്യുന്നതെന്ന് ഇവിടാരും വിശ്വസിക്കുന്നില്ല എന്നതു തന്നെ കാരണം. ജനോപകാരപ്രദമയ പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം തന്നെ ആ പദ്ധതികൾ നടപ്പാക്കുന്നതിൽ നിന്നും പാർട്ടിക്കും തങ്ങൾക്കും കമ്മീഷൻ എത്ര ലഭിക്കുമെന്നും കൈക്കൂലിയിനത്തിൽ എന്തുനേടാമെന്നുമൊക്കെ അവർ ലക്ഷ്യമിടുന്നുണ്ടെന്ന് പൊതുജനത്തിന് അറിയാം. പാർട്ടി എന്നത് പഴയതുപോലെ, ജനങ്ങൾക്കായി സ്വാർത്ഥലാഭേച്ഛയില്ലാതെ പൊരുതാൻ വേണ്ടി രൂപപ്പെട്ട സംവിധാനമൊന്നുമല്ല. അത് ഒരു കോർപ്പറേറ്റ് സംവിധാനവും ബിനാമി മുതലാളിത്ത സ്ഥാപനവുമായി മാറിയിരിക്കുന്നു. അമ്യൂസ്‌മെന്റ് പാർക്കുകൾ നടത്തുന്ന, ടെലിവിഷൻ ചാനലുകളും പത്രങ്ങളുമടക്കം മാധ്യമസ്ഥാപനങ്ങൾ നടത്തുന്ന, ആശുപത്രികളും മെഡിക്കൽ കോളേജുകളും ട്രസ്റ്റുകളിലൂടേയും സഹകരണപ്രസ്ഥാനങ്ങളുടേയും മുന്നോട്ടു കൊണ്ടുപോകുന്ന വലിയൊരു ബിസിനസ് സാമ്രാജ്യമാണ് ഇന്ന് സി.പി.ഐ(എം). പണമാണ് എല്ലാറ്റിന്റേയും ചാലകശക്തിയെന്ന് മൂലധന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളാക്കൾക്ക് പ്രത്യേകം ആരും പറഞ്ഞു കൊടുക്കേണ്ടതുമില്ല. ഇടതും വലതും തമ്മിൽ ഭിന്നതകളില്ലാത്ത, പുതിയ സാന്പത്തികക്രമത്തിന്റെ കാലത്ത് പാർട്ടി എന്നതും പാർട്ടിയുടെ ആദർശങ്ങളെന്നതും അധികാരത്തിലേറാൻ ജനങ്ങളെ പറഞ്ഞുപറ്റിക്കാൻ ഉപയോഗിക്കുന്ന ചില വിടലുകളും വിടുവായത്തങ്ങളും മാത്രമാണെന്ന് ജനങ്ങൾക്കു തന്നെ നന്നായി അറിയാവുന്ന കാര്യമാണ്. 

അതുകൊണ്ടു തന്നെ, സത്യപ്രതിജ്ഞയ്ക്കുശേഷം അത് ലംഘിക്കാനുള്ള സന്പൂർണ അധികാരം കൂടി തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന ഭാവത്തിലാണ് ഏതു ഭരണകാലത്താണെങ്കിലും നമ്മുടെ മന്ത്രിമാരും എം എൽ എമാരുമൊക്കെ പെരുമാറുന്നതും പ്രവർത്തിക്കുന്നതുമൊക്കെ. അണ്ടിവികസനം തൊട്ട് ഐ.ടി വികസനം വരെയും കോഴിവളർത്തൽ മുതൽ കയർ വ്യവസായം വരെയുള്ള കാര്യങ്ങൾക്ക് മുക്കിനു മുക്കിനു കോർപ്പറേഷനുകളും ബോർഡുകളുമൊക്കെ രൂപീകരിച്ചിട്ടുള്ള കേരളത്തിൽ ഭരണത്തിലേറിയാൽ ഓരോ മന്ത്രിമാരും തങ്ങളുടെ വകുപ്പുകൾക്കു കീഴിലുള്ള കോർപ്പറേഷനുകളിലേയ്ക്കും ബോർഡുകളിലേക്കുമൊക്കെ തങ്ങളുടെ ബന്ധുജനങ്ങളേയും പ്രിയപ്പെട്ടവരേയുമൊക്കെ തിരുകിക്കയറ്റുന്ന കാഴ്ച സ്വാഭാവികമാണു താനും. ഒരു കുടുംബം പോലെ ചിറ്റപ്പനും മരുമകളും മകനും അമ്മാവനുമൊക്കെയായി ഓരോ വകുപ്പിനുള്ളിലും കുടുംബത്തിൽപ്പെട്ടവരെ തന്നെ നിയമിച്ചാൽ കാരണവരെപ്പോലെയിരുന്ന്, അഴിമതിപ്പണം കരം പിരിക്കുംപോലെ പിരിച്ച് സ്വന്തം കുടുംബം മെച്ചപ്പെടുത്താൻ എത്ര എളുപ്പമായിരിക്കും. കിട്ടുന്ന പണത്തിൽ കുറച്ച് പാർട്ടിക്കും കുറച്ചു തങ്ങൾക്കും എന്ന മട്ടിൽ വീതം വെച്ച് തങ്ങളുടെ ധനസ്ഥിതി ഭരണമില്ലാതിരിക്കുന്ന അടുത്ത അഞ്ചുവർഷക്കാലത്തേക്കു കൂടി എങ്ങനെ ഭദ്രമാക്കാമെന്നതിനെപ്പറ്റിയാണ് ഇപ്പോൾ എല്ലാവരുടേയും ഗവേഷണം. അതുകൊണ്ടു തന്നെ അധികാരത്തിലേറി അധികം വൈകാതെ തന്നെ, ബന്ധുക്കളേയും ശിങ്കിടികളേയും കുത്തിനിറയ്‌ക്കേണ്ട പോസ്റ്റുകൾ എവിടെയൊക്കെയുണ്ടെന്നതിനെപ്പറ്റി റിപ്പോർട്ട് ചെയ്യാൻ അവർ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്യും. സി.പി.എമ്മിൽ കണ്ണൂർ ലോബിയുടെ കാവലാളും ദേശാഭിമാനിയുടെ മുൻ ജനറൽ മാനേജരുമൊക്കെയായ ഇ.പി ജയരാജൻ വ്യവസായമന്ത്രിയാകുകയും ബന്ധുജനസഹായത്തോടെ ഭരിക്കാൻ തീരുമാനിക്കുകയും ചെയ്തപ്പോൾ എതിർപ്പുയരുകയും നിരന്തര സമ്മർദ്ദത്തെ തുടർന്ന് ഒടുവിൽ നാണംകെട്ട് രാജിെവയ്‌ക്കേണ്ടി വരുന്നതും നാം കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ വലംകൈയായിരുന്ന ഇപിയെ പിണറായി കൈവിടില്ലെന്നാണ് അവസാന നിമിഷം വരെ പലരും കരുതിയിരുന്നതെങ്കിലും സർക്കാരിന്റെ വിശ്വാസ്യതയെ ജയരാജനോടുള്ള സൗഹൃദത്തിന്റേയും കൂറിന്റേയും മുന്നിൽ അടിയറവ് വെയ്ക്കാതിരുന്നത് അഴിമതിക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കാൻ പുതിയകാലത്തിൽ പാർട്ടി പ്രതിബദ്ധമാണെന്നതിന്റെ തെളിവാണ്.

മുന്പ് പികെ ശ്രീമതി ആരോഗ്യമന്ത്രിയായിരുന്നപ്പോൾ മകൻ പികെ സുധീറിന്റെ ഭാര്യയായ ധന്യാ വി നായരെ തന്റെ വീട്ടിൽ തന്നെ പാചകക്കാരിയായി നിയമിക്കുകയും ഒരു വർഷത്തിനുശേഷം ബിരുദധാരികളെ പ്രെമോട്ട് ചെയ്യാനുള്ള അവസരം വന്നപ്പോൾ പേഴസണൽ സ്റ്റാഫിലേക്ക് പ്രെമോട്ട് ചെയ്യുകയും സർക്കാർ വക പെൻഷനുള്ള അവകാശം നേടിക്കൊടുക്കുകയും ചെയ്തതും അതിനുമുന്പ് ആ സ്ഥാനത്ത് ഇപി ജയരാജന്റെ മകനായ ജിജിന്ദ് രാജിനെ നിയമിക്കുകയും ചെയ്തതൊക്കെ പഴയ കഥ. പാചകക്കാരി പേഴ്സണൽ സ്റ്റാഫിലെത്തിയ കഥ പുറത്താകുകയും ലോകത്തെ ഏറ്റവും കരുണാമയിയായ അമ്മായിയമ്മയായി പി.കെ ശ്രീമതി വാഴ്ത്തപ്പെടുകയുമൊക്കെ ചെയ്തപ്പോൾ മരുമകൾ കളത്തിനു പുറത്തായെങ്കിലും ആ പഴയ കടപ്പാടൊന്നും വ്യവസായ മന്ത്രിയായ സമയത്ത് ഇപി ജയരാജൻ മറന്നില്ലെന്നതാണ് സംഭവം. അതുകൊണ്ടു തന്നെ സ്‌പോർട്‌സ് കൗൺസിലിൽ തന്റെ സഹോദരനെ കുത്തിക്കയറ്റിയ അഞ്ജു ബോബി ജോർജിനെ കണ്ണുരുട്ടി പേടിപ്പിടിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത ജയരാജൻ കഴിഞ്ഞ ഒക്ടോബർ ഒന്നിന് തന്റെ കീഴിലുള്ള കേരള േസ്റ്ററ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിലേക്ക് (കെഎസ്ഐഇ) മാനേജിങ് ഡയറക്ടറായി പികെ ശ്രീമതിയുടെ മകൻ പികെ സുധീറിനെ നിയമിച്ചുകൊണ്ട് ഉത്തരവ് ഇറക്കി. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയായിരുന്നു ഊ നിയമനമെങ്കിലും ഉത്തരവ് വിവാദമായതോടെ മുഖ്യമന്ത്രി അതൊന്നും താനറിഞ്ഞില്ലെന്നു പറഞ്ഞുകൊണ്ട് തലയൂരി. ഇപി ജയരാജനെ ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി ശകാരിച്ചതോടെ പക്ഷേ ബന്ധുവായ പികെ ശ്രീമതിക്ക് നൊന്തു. അവർ മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് അമർഷം രേഖപ്പെടുത്തിയെങ്കിലും പിന്നീടത് പിൻവലിച്ച്, കൂടുതൽ കുഴപ്പങ്ങളിൽ നിന്നു തലയൂരി. പക്ഷേ ആ ഫേസ്ബുക്ക് പോസ്റ്റിനു പിന്നിൽ ഉറഞ്ഞുകൂടിയിരുന്ന വികാരം മറ്റൊന്നല്ല. മുഖ്യമന്ത്രിക്ക് ആകാമെങ്കിൽ തനിക്കെന്തുകൊണ്ട് ആയിക്കൂടാ എന്ന ഈഗോ ക്ലാഷിന്റെ തുടക്കമായിരുന്നു അതെന്നതാണ് വാസ്തവം. മുഖ്യമന്ത്രിക്ക് തന്റെ ഭാര്യാസഹോദരിയുടെ മകൻ ടി നവീനെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഹൈക്കോടതിയിലെ സ്റ്റാന്റിങ് കൗൺസിലായും ബിവറേജസ് കോർപ്പറേഷന്റെ അഭിഭാഷകനായും നിയമിക്കാമെങ്കിൽ എന്തുകൊണ്ട് തങ്ങൾക്കായിക്കൂടാ എന്ന ഭാവം. ഇതിനു പുറമേ, സിഐടിയു സംസ്ഥാന അദ്ധ്യക്ഷനായ ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ ആനന്ദനെ വ്യവസായ വകുപ്പിനു കീഴിലുള്ള കഴക്കൂട്ടത്തെ കിൻഫ്ര അപ്പാരൽ പാർക്ക് മാനേജിങ് ഡയറക്ടറായി നിയമിച്ചതും ഇപി ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തിയെ കണ്ണൂരിലെ ക്ലേ ആന്റ് സിറാമിക്‌സ് ലിമിറ്റഡിൽ ജനറൽ മാനേജറായി നിയമിച്ചതും സിപിഎം സംസ്ഥാന സമിതിയംഗമായിരുന്ന അന്തരിച്ച പികെ ചന്ദ്രാനന്ദന്റെ മകൾ ബിന്ദുവിനെ വനിതാ വികസന കോർപ്പറേഷൻ എംഡിയാക്കിയതുമൊക്കെ കൂടുതൽ വലിയ ‘കലിപ്പുകൾക്ക്’ ഇടയാക്കുകയും ചെയ്തു. നേരത്തെ 2010ൽ ഇന്നത്തെ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ ബന്ധു രാജേഷിനെ വി.എസ് സർക്കാരിന്റെ കാലത്ത്, മേഴ്‌സിക്കുട്ടിയമ്മയുടെ ഭർത്താവ് കാപ്പെക്‌സ് ചെയർമാനായിരിക്കെ കാപ്പെക്‌സിൽ എംഡിയായി ചട്ടം ലംഘിച്ച് നിയമിച്ചെന്നും മേഴ്‌സിക്കുട്ടിയമ്മയുടെ ബന്ധുവായ സേവ്യറിനെ കശുവണ്ടി വികസന കോർപ്പറേഷനിലും മറ്റൊരു ബന്ധുവായ ലോറൻസ് ഹാരോൾഡിനെ മത്സ്യഫെഡിലും നിയമിച്ചെന്നും  ഇപ്പോഴത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ മകളെ കിൻഫ്രയിൽ ഉന്നതപദവിയിൽ നിയമിച്ചതായും മകന് കണ്ണൂർ വിമാനത്താവളത്തിൽ ഉന്നതപദവിയിലേക്ക് പ്രമോഷൻ നൽകാൻ ശ്രമം ആരംഭിച്ചിട്ടുണ്ടായിരുന്നുവെന്നുമൊക്കെ ആരോപണമുയരുകയും ചെയ്തു. മകൻ വിഎ അരുൺ കുമാറിനെ നേരത്തെ കയർഫെഡ് മാനേജിങ് ഡയറക്ടറായി നിയമിക്കുകയും പിന്നീട് ഐഎച്ച്ആർഡിയുടെ കീഴിലുള്ള ഐസിടി അക്കാദമിയുടെ ഡയറക്ടറാക്കാൻ നോക്കി കൈപൊള്ളുകയുമൊക്കെ ചെയ്ത മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാകട്ടെ അക്കാര്യമൊക്കെ അപ്പാടെ വിഴുങ്ങി ബന്ധുനിയമന വിവാദം എൽ.ഡി.എഫ് സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയെന്നും അന്വേഷണം വേണമെന്നുമൊക്കെ പറഞ്ഞതാണ് പൊതുജനത്തിന് പൊട്ടിച്ചിരിക്കാനുള്ള വക വേറെ നൽകിയത്. പൊതുമേഖലയിലെ നിയമനങ്ങൾ സുതാര്യമാക്കുന്നതിനായാണ് ഇടതുസർക്കാർ റിയാബിനെ നിയമനങ്ങൾക്ക് ചുമതലപ്പെടുത്തിയതും അവർ നിയമനങ്ങൾക്ക് വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടുവന്നതും നമ്മൾ കണ്ടതാണ്. എന്നിട്ടാണ് നിയമാനുസൃതമല്ലാത്ത മാർഗങ്ങളിലൂടെ വ്യവസായ വകുപ്പു തന്നെ ബന്ധുക്കൾക്ക് നിയമനം നടത്തിയത്. എന്തായാലും ബന്ധുനിയമന വിവാദത്തിൽ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും നൽകിയ പരാതിയെ തുടർന്ന് മന്ത്രി ഇ.പി ജയരാജനെതിരേ ലഭിച്ച പരാതിയിൽ വിജിലൻസിന് അഴിമതിനിരോധന നിയമപ്രകാരം അന്വേഷണം ആവശ്യമാണെന്ന് നിയമോപദേശം കിട്ടിയതോടെ ഉപ്പുതിന്നവൻ വെള്ളം കുടിക്കണമെന്ന് തീരുമാനിക്കണമെന്ന് പാർട്ടിപ്രവർത്തകർ തീരുമാനിക്കുകയും ചെയ്തു. 

അർഹതയുള്ളവരേയും കഴിവുള്ളവരേയുമാണ് സുപ്രധാന വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ മേലാളന്മാരായി നിയമിക്കേണ്ടതെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. പൊതുജനത്തിന്റെ വോട്ട് നേടി അധികാരത്തിലെത്തുന്നവർ അത്തരക്കാരെ ഒഴിവാക്കി തങ്ങളുടെ ബന്ധുജനങ്ങളെ കുത്തിനിറച്ച് അഴിമതി നടത്താനുള്ള കേന്ദ്രങ്ങളാക്കി അവയെ മാറ്റുന്പോൾ കേരളത്തിന്റെ വികസനത്തിനുള്ള വഴികളാണ് വാസ്തവത്തിൽ അടഞ്ഞുപോകുന്നത്. മികച്ച ഉദ്യോഗസ്ഥരുടെ കീഴിൽ പല സ്ഥാപനങ്ങളും മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ടെന്നത് വാസ്തവമാണ്. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാനേജിങ് ഡയറക്ടറായുള്ള വിജെ കുര്യൻ ഐഎഎസിന്റെ പ്രവർത്തനം അതിനെ എങ്ങനെ മികച്ച എയർപോർട്ടായി മാറ്റിയതെന്നതടക്കം എത്രയോ ഉദാഹരണങ്ങൾ. സർക്കാർ സ്ഥാപനങ്ങൾ വെള്ളാനകളായി മാറാതെ, അവയെ മികവിന്റെ പര്യായങ്ങളാക്കി മാറ്റാൻ ഉത്തരവാദപ്പെട്ടവരാണ് ഭരണാധികാരികൾ. അനർഹരായ തങ്ങളുടെ ബന്ധുജനങ്ങൾക്ക് ശന്പളം കിട്ടാൻ വേണ്ടിയുള്ള സ്ഥാപനങ്ങളായി പൊതുമേഖലാ സ്ഥാപനങ്ങളെ മാറ്റുന്പോൾ അവയ്ക്ക് വളരാനുള്ള സാധ്യതകളാണ് ഇല്ലാതാകുന്നതെന്നതാണ് സത്യം. അത്തരമൊരു അവസ്ഥ ഉണ്ടാക്കുന്ന ഭവിഷ്യത്തുകൾ വലുതാണ്. പ്രത്യേകിച്ചും നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒട്ടുമിക്കവയും വലിയ സാന്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നതിനാൽ 2015−ൽ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടമായി കണക്കാക്കപ്പെട്ടത് 2030 കോടി രൂപയാണ്. 1272 കോടി രൂപയാണ് കെഎസ്ഇബിയുടെ നഷ്ടമെങ്കിൽ 621.82 കോടി രൂപയുമായി കെഎസ്ആർടിസി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. 457.84 കോടി രൂപയുമായി ജല അതോറിട്ടി മൂന്നാം സ്ഥാനത്തും 98.34 കോടി രൂപയുമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ നാലാം സ്ഥാനത്തും നിലകൊള്ളുന്നു. മറ്റു ബോർഡുകളും കോർപ്പറേഷനുകളുമൊക്കെ വലിയ നഷ്ടത്തിൽ തന്നെയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്. ടെക്ൈസ്റ്റൽ കോർപ്പറേഷൻ (24.08 കോടി രൂപ), ഹൗസിങ് ബോർഡ് (17.59 കോടി രൂപ), ട്രാവൻകൂർ ടൈറ്റാനിയം (24.25 കോടി രൂപ) കശുവണ്ടി വികസന കോർപ്പറേഷൻ (32.79 കോടി രൂപ), ട്രാൻഫോമേഴ്‌സ് ആന്റ് ഇലക്ട്രിക്കൽസ് (33.16 കോടി രൂപ) എന്നിങ്ങനെ സംസ്ഥാനത്തെ 46 സ്ഥാപനങ്ങളാണ് ഇപ്പോൾ നഷ്ടത്തിലോടിക്കൊണ്ടിരിക്കുന്നത്. ലാഭത്തിലുള്ള 44 സ്ഥാപനങ്ങളാകട്ടെ ഓരോ വർഷം ചെല്ലുന്തോറും കൊഴിഞ്ഞുപോക്കിന് വിധേയമായിക്കൊണ്ടിരിക്കുകയുമാണ്. ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളുടെ മുൻനിരയിൽ ബിവറേജസ് കോർപ്പറേഷനും (220.59 കോടി രൂപ) കെഎസ്എഫ്ഇ−യുമൊക്കെയാണെന്നും (209.48 കോടി രൂപ) മറ്റുള്ളവയുടെ ലാഭം ഇവയുടെ അടുത്തുപോലും എത്തുന്നില്ലെന്നും തിരിച്ചറിയേണ്ടതുണ്ട്. 

ഇതെല്ലാം തന്നെ കെടുകാര്യസ്ഥതയും കാര്യശേഷി കുറഞ്ഞ ഉദ്യേഗസ്ഥരുടേയും നിയമനങ്ങളിലൂടെ ഉണ്ടായ നഷ്ടങ്ങളാണെന്ന് പറയാതെ വയ്യ. ഓരോരോ കാലഘട്ടങ്ങളിലും നടത്തുന്ന രാഷ്ട്രീയ നിയമനങ്ങളും ഉത്തരവാദിത്തരഹിതമായ ഭരണവുമൊക്കെ ഇവയുടെ അടിത്തറ ഇളക്കുന്നവയാണെന്ന് പറയാതെ വയ്യ. ഇ പി ജയരാജന്റെ ബന്ധു നിയമനങ്ങൾ ഇദംപ്രഥമമായ കാര്യമൊന്നുമല്ല. ഇതിനു മുന്പും ഇത്തരം നിയമനങ്ങൾ പല രാഷ്ട്രീയ നേതാക്കളും പ്രസ്ഥാനങ്ങളും നടത്തിയിട്ടുണ്ട്. പക്ഷേ അവയൊന്നും തന്നെ അതുമൂലം അപ്രകാരം തുടർന്നുകൊണ്ടിരിക്കണമെന്ന് അതിനർത്ഥമില്ല. എന്തായാലും ഇ പിയുടെ രാജി ഒരു വലിയ സന്ദേശമാണ് പിണറായി മന്ത്രിസഭയ്ക്ക് നൽകുന്നത്. അഴിമതിയും സ്വജനപക്ഷപതാവും നടത്തുന്നവർ പൊതുശ്രദ്ധയിലെത്തിയാൽ അവർക്ക് ജോലി തെറിക്കുമെന്ന സന്ദേശം. ുഡി എഫ് കാലത്ത് നടന്നിട്ടുള്ള ഇത്തരം നിയമനങ്ങളുടെ കൂടി നിജസ്ഥിതി വെളിച്ചത്തു വരേണ്ടത് അനിവാര്യമാണ്. കാരണം പൊതുജനത്തെ കഴുതയാക്കി ഭരിക്കാൻ ശ്രമിക്കുന്നവർ ആരൊക്കെയാണ് ജനം തിരിച്ചറിയുകയും അവർക്കെതിരെ നിലകൊള്ളാൻ പ്രേരണ ചെലുത്തുകയും വേണം. 

പക്ഷേ ഒന്നുണ്ട്, ജയരാജന്റേത് വ്യക്തിപരമായ ആശ്രിത നിയമനമായിരുന്നതിനാലാണ് പാർട്ടിക്കാർ പോലും അദ്ദേഹത്തിനെതിരെ നിലകൊണ്ടതും ജയരാജൻ പുറത്തുപോകേണ്ടി വന്നതുമെന്ന വിലയിരുത്തലാണിത്. പാർട്ടി നിയമനമായിരുന്നുവെങ്കിൽ ഇത്തരത്തിലൊരു പ്രതിഷേധം ഉണ്ടാകുകയില്ലായിരുന്നുവെന്നും അതൊരു അവകാശമായി പാർട്ടി കണക്കാക്കുകയും ചെയ്യുമായിരുന്നുവെന്നാണ് വിടി ബൽറാമിനെപ്പോലുള്ളവർ പറയുന്നത്. യോഗ്യതാ മാനദണ്ധങ്ങൾ മുൻനിർത്തിയുള്ള ശരിയായ വിധത്തിലുള്ള നിയമനങ്ങളാണ് കേരളത്തിലെ ജനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ഇന്നത്തെ നിലയിൽ ആഗ്രഹിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവുമൊക്കെ അനുവദിച്ചു നൽകാതെയുള്ള നിയമനങ്ങളാകണം അവ. അതല്ലെങ്കിൽ ഉമ്മൻ ചാണ്ടിയുടെ അഴിമതിഭരണത്തിന്റെ തുടർച്ചയായി മാത്രമേ ഇടതു സർക്കാരും കണക്കാക്കപ്പെടുകയുള്ളുവെന്നുറപ്പാണ്.

You might also like

Most Viewed