കല്ലെ­ടു­ക്കു­ന്ന തുമ്പി­കൾ


വലിയ തർക്കങ്ങളാണ് എവിടേയും. സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ പ്രതിപക്ഷത്തെ ചില യുവനേതാക്കൾ നിരാഹാരസമരത്തിൽ. 20 ശതമാനം മെറിറ്റ് സീറ്റിൽ 25,000 രൂപയായി ഫീസ് നിലനിർത്തുകയും 30 ശതമാനം സീറ്റിൽ 50,000 രൂപ ഫീസ് മാത്രമേ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുള്ളുവെന്നും തലവരിപ്പണം ഒഴിവാക്കിയതും ഭരണപക്ഷത്തിന്റെ നേട്ടമാണെന്ന് ഭരണക്കാർ. അന്ന് സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകൾക്ക് കിട്ടിയിരുന്നതിനേക്കാൾ 84 കോടി രൂപ കൂടുതൽ അവർക്ക് പുതിയ നടപടിയിലൂടെ ലഭിക്കുന്നുണ്ടെന്ന് പ്രതിപക്ഷം. പിന്നെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും നേതാക്കളുടെ മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ പഠിക്കുന്ന സ്വാശ്രയ കോളേജുകളുടെ കണക്കെടുപ്പുകൾ. രക്ഷിതാക്കൾ 40−75 ലക്ഷം രൂപ തലവരിപ്പണവുമായി പഴയതുപോലെ മാനേജ്‌മെന്റുകളുടെ മുന്നിൽ സീറ്റിനു വേണ്ടി അലയുന്നു. ഇവരുടെയൊക്കെ കൈയിൽ ഇത്രത്തോളം പണം എവിടെ നിന്നു വരുന്നുവെന്ന് വേറെ ചിലർ മറുചോദ്യവുമായി രംഗത്ത്. അതിനിടെ കുട്ടികളെ അഡ്മിറ്റ് ചെയ്യാൻ അധികാരം കിട്ടിയ ചില പുതിയ മെഡിക്കൽ കോളേജുകൾ അതിനുള്ള മാനദണ്ധങ്ങളുടെ രേഖകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന വെളിപ്പെടുത്തൽ. എന്തിന് പാലക്കാട് ചെർപ്പുളശ്ശേരിയിലുള്ള കേരള മെഡിക്കൽ കോളേജിന്റെ രക്തബാങ്കിന്റെ ലൈസൻസ് പോലും വ്യാജമാണെന്ന് കണ്ടെത്തപ്പെട്ടു. കാപട്യത്തിന്റെയും ഹിപ്പോക്രസിയുടെയും ഈ ഉത്സവകാലത്ത് മലയാളി പക്ഷേ കാണാതെ പോകുന്ന ചില സത്യങ്ങളുണ്ട്. അത് നമ്മുടെ സ്‌കൂൾ വിദ്യാർത്ഥികളെപ്പറ്റിയുള്ളതാണ്. അവരുടെ മുതുകത്ത് ദിവസം തൂക്കിയിടുന്ന ബാഗുകളുടെ ഭാരം അവരെ മാറാരോഗികളാക്കിപ്പോലും മാറ്റുന്നുണ്ടെന്ന പരമാർത്ഥമാണത്. കുട്ടികളെക്കൊണ്ട് വലിയ ഭാരമുള്ള ബാഗുകൾ എടുപ്പിക്കുന്നതിനെപ്പറ്റി മുൻകാലങ്ങളിലും വലിയ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ആ ഭാരം കുറയ്ക്കാൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ.് ഇ) ചില നിർദേശങ്ങൾ നൽകുകയും ചെയ്തതാണെങ്കിലും അവയൊന്നും തന്നെ പ്രാവർത്തികമാകുന്നില്ലെന്നതാണ് വാസ്തവം. 

എന്റെ മകൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഓരോ ദിവസവും അവൾ പിറ്റേന്നത്തെ പുസ്തകങ്ങൾ ബാഗിൽ എടുത്തവച്ചശേഷം ഞാനത് ഉയർത്തി നോക്കാറുണ്ട്. ചില ദിവസങ്ങളിൽ എനിക്ക് പോലും ഒരു കൈ കൊണ്ട് ഉയർത്താനാകാത്തവിധം ഭാരമുള്ള ബാഗാണ് അവൾ നിറച്ചുവയ്ക്കുക. അതിൽ ഉച്ചഭക്ഷണവും ഒന്നേകാൽ ലിറ്റർ കൊള്ളുന്ന വാട്ടർ ബോട്ടിലും കൂടി വരുന്നതോടെ ബാഗിന്റെ ഭാരം മിനിമം 10 കിലോയിലധികമുണ്ടാകും. ഈ ഭാരവും ഉയർത്തിക്കൊണ്ടാണ് അവൾ ദിവസവും ദീർഘദൂരം നടക്കുകയും സ്‌കൂളിന്റെ മൂന്നാമത്തെ നിലയിലുള്ള ക്ലാസ് മുറിയിലേക്ക് എത്തുകയും ചെയ്യുന്നത്. കേവലം 30 കിലോയിൽ താഴെ ഭാരമുള്ള കുട്ടിയാണ് 10 കിലോ ഭാരമുള്ള ബാഗും താങ്ങി സ്‌കൂളിലേക്ക് പോകുന്നത്. ശാരീരിക ശാസ്ത്ര പ്രകാരം ഒരാൾ ചുമക്കുന്ന ഭാരം അയാളുടെ ഭാരത്തിന്റെ പത്തു ശതമാനത്തിൽ താഴെ ആയിരുന്നാൽ മാത്രമേ ശാരീരികമായ അസ്വാസ്ഥ്യങ്ങൾ അയാൾക്ക് ഉണ്ടാകാതിരിക്കുകയുള്ളുവെന്നാണ് കണക്കാക്കപ്പെടുന്നത്. കടുത്ത ശരീരവേദനയും തോളെല്ലിന്റെ ഭാഗങ്ങളിലുള്ള വേദനയും നടുവേദനയും ക്ഷീണവുമായി ഡോക്ടർമാരെ സമീപിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരുന്നതിന്റെ പ്രധാന കാരണം താങ്ങാനാകാത്തവിധത്തിലുള്ള ഈ സ്‌കൂൾ ബാഗുകളുടെ ഭാരം തന്നെയാണെന്നാണ് ശിശുരോഗ വിദഗ്ദ്ധന്മാർ പറയുന്നത്. വലിയ ഭാരവും ഉയർത്തി മൂന്നും നാലും നിലയുള്ള കെട്ടിടങ്ങളിലേക്ക് കയറുന്പോൾ അത് നട്ടെല്ലിന്റെ കശേരുക്കളെപ്പോലും അകറ്റാനുള്ള സാധ്യത വളരെ കൂടുതലാണത്രേ. പക്ഷേ സി.ബി.എസ്.ഇ യുടെ കർക്കശമായ മാനദണ്ധങ്ങളുണ്ടായിട്ടും സ്‌കൂളുകളിലെ ഈ ശിശുപീഡനം നിർബാധം തുടർന്നു കൊണ്ടിരിക്കുകയാണ്. 

എന്താണ് സി.ബി.എസ്.ഇ സ്‌കൂൾ ബാഗുകളുടെ ഭാരം നിയന്ത്രിക്കാൻ നൽകിയിട്ടുള്ള പ്രധാന നിർദേശങ്ങൾ? ഒന്നും രണ്ടും ക്ലാസുകളിലെ വിദ്യാർത്ഥികൾ സ്‌കൂൾ ബാഗുകൾ ഉപയോഗിക്കരുതെന്നാണ് ആദ്യ നിർദേശം. കുട്ടികൾ കൊണ്ടുവരുന്ന സ്‌കൂൾ ബാഗുകളുടെ ഭാരം പരമാവധി കുറയ്ക്കണമെന്നും അനാവശ്യമായ പുസ്തകങ്ങൾ ക്ലാസിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും അധ്യാപകർ ബാഗുകളുടെ ഭാരം പരിശോധിക്കണമെന്നുമാണ് മറ്റൊരു നിർദേശം. ഓരോ ദിവസവും ആവശ്യമായ പുസ്തകങ്ങൾ മാത്രം ബാഗിൽ കരുതാൻ കുട്ടികളോട് പറയുകയും അമിതഭാരം ഉണ്ടാക്കുന്ന കുഴപ്പങ്ങളെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കണമെന്നുമാണ് മറ്റൊരു നിർദേശം. പുസ്തകങ്ങൾ കൊണ്ടുവരാതിരുന്നാൽ കുട്ടികളെ ശിക്ഷിക്കുന്ന അധ്യാപകരുടെ നടപടി അവസാനിപ്പിക്കണമെന്നും സി.ബി.എസ്.ഇ മാർഗനിർദേശങ്ങളിൽ പറയുന്നുണ്ട്. എല്ലാ സ്‌കൂളുകളും സുരക്ഷിതമായ കുടിവെള്ളം വിദ്യാർത്ഥികൾക്ക് നൽകുന്നതു വഴി വാട്ടർ ബോട്ടിലിന്റെ ഭാരവും ഒഴിവാക്കാനാകുമെന്ന് അവർ പറയുന്നു. അസൈൻമെന്റുകളും പ്രോജക്ടുകളുമെല്ലാം സ്‌കൂളിൽ വച്ച് അധ്യാപകരുടെ മാർഗനിർദേശത്തോടെ തന്നെ സ്‌കൂൾ സമയത്തു തന്നെ പൂർത്തീകരിക്കണെമന്നും ടെക്സ്റ്റ്ബുക്കുകളെ ആശ്രയിക്കുന്ന പഠിപ്പിക്കൽ രീതി ഉപേക്ഷിച്ച് ഐ.സി.ടി രീതി പിന്തുടരണമെന്നും ടെക്സ്റ്റ് പുസ്തകങ്ങൾ വിദ്യാർത്ഥികൾ ഷെയർ ചെയ്യുന്ന രീതി കൊണ്ടുവരണമെന്നും സി.ബി.എസ്.ഇ നിർദേശിച്ചിട്ടുണ്ട്.  

പക്ഷേ നിർദേശങ്ങൾ എല്ലായ്‌പ്പോഴും നിർദേശങ്ങളായി തന്നെ അവശേഷിക്കുകയാണ് പതിവ്. പുസ്തകസഞ്ചിയുടെ ഭാരം കുറയ്ക്കണമെന്ന നിർദേശം ഉയരാൻ തുടങ്ങിയിട്ട് ഇപ്പോൾ വർഷങ്ങളായി. പുസ്തകഭാരം കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ ക്വാസി−ജുഡീഷ്യറി സ്ഥാപനമായ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ നിന്നും ഉണ്ടായെങ്കിലും വിദ്യാലയങ്ങൽ അതിന് പുല്ലുവിലയാണ് കൽപിക്കുന്നതെന്ന് ചുമട്ടുതൊഴിലാളികളെപ്പോലെ സ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ തന്നെ നൽകുന്ന തെളിവാണ്. 2001−ൽ മുകേഷ് ജെയ്ൻ സ്‌കൂൾ ബാഗുകൾ കുട്ടികളിലുണ്ടാക്കുന്ന ശാരീരിക പ്രശ്‌നങ്ങളെപ്പറ്റി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി ൽകിയതിനെ തുടർന്നാണ് 2005−ൽ ഇതു സംബന്ധിച്ച് കമ്മീഷൻ വിദ്യാർത്ഥികൾക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്. കട്ടിയുള്ള കവറുകളുള്ള പുസ്തകങ്ങൾ ഒഴിവാക്കണമെന്നും 200 പേജിന്റെ നോട്ട് പുസ്തകങ്ങൾക്കു പകരം 100 പേജിന്റെ നോട്ട് ബുക്കുകൾ ഉപയോഗിക്കണമെന്നും ടെക്സ്റ്റ് പുസ്തകങ്ങൾ പല ഭാഗങ്ങളായി പകുത്തു ആവശ്യമുള്ള ഭാഗം മാത്രം സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന രീതി കൊണ്ടുവരണമെന്നുമൊക്കെ അതിൽ നിർദേശങ്ങളുണ്ടായിരുന്നു. പക്ഷേ ഇന്നും ടെക്സ്റ്റ് പുസ്തകങ്ങൾ വലിയ പുസ്തകങ്ങളായി തന്നെയാണ് വിദ്യാർത്ഥികളുടെ കൈകളിലേക്ക് എത്തിക്കപ്പെടുന്നത്. ഏഴാം ക്ലാസിലെ എൻ.സി.ഇ.ആർ.ടി സയൻസ് ടെക്സ്റ്റ് ബുക്കിന് 236−നും കണക്കു പുസ്തകത്തിന് 314 പേജുകളുമാണുള്ളത്. ഈ പുസ്തകങ്ങൾ പകുത്ത് പലതാക്കി മാറ്റാതെയാണ് മിക്ക സ്‌കൂളുകളിലും കുട്ടികൾ ഇപ്പോഴും ഉപയോഗിച്ചുവരുന്നത്. അവ പല ഭാഗങ്ങളായി എൻ.സി.ഇ.ആർ.ടി തന്നെ പകുത്തു നൽകിയിരുന്നുവെങ്കിൽ ഇത്രയും ഭാരം ചുമക്കൽ ഒഴിവാക്കാൻ വിദ്യാർത്ഥികൾക്ക് സാധ്യമാകുമായിരുന്നു. രാജ്യത്തെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ബാഗിന്റെ ശരാശരി ഭാരം 3.7 കിലോയും അൺ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം ശരാശരി 5.6 കിലോയുമാണെന്ന് സമീപകാല സർവേ വെളിവാക്കിയിരുന്നു. കേന്ദ്രീയവിദ്യാലയത്തിൽ പഠിക്കുന്ന പത്താം ക്ലാസുകാരന്റെ ബാഗിനാണ് ഏറ്റവുമധികം ഭാരമെന്നാണ് സർവേയിൽ കണ്ടെത്തിയത്− 8 കിലോഗ്രാം. എന്നാൽ ഇന്ന് സ്‌കൂൾ ബാഗിനു പുറമേ, സ്‌പോർട്‌സ് ഉപകരണങ്ങളും സംഗീത ഉപകരണങ്ങളും ലൈബ്രറി പുസ്തകങ്ങളുമൊക്കെ വാട്ടർ ബോട്ടിലിനും ലഞ്ച് ബോക്‌സിനും പുറമേ കുട്ടികൾ സ്‌കൂളിലേക്ക് ചുമക്കുന്നുണ്ടെന്നതാണ് വാസ്തവം.  

2015−ൽ കുട്ടികൾക്ക്  സ്‌കൂൾ ബാഗുകൾ മൂലം ഉണ്ടാകുന്ന ശാരീരികമായ പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാനും അവയ്ക്ക് പരിഹാരം കണ്ടെത്താനും മഹാരാഷ്ട്ര സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ 58 ശതമാനത്തിനു മേൽ സ്‌കൂൾ കുട്ടികൾക്ക് അസ്ഥിസംബന്ധമായ പ്രശ്‌നങ്ങൾ സ്‌കൂൾ ബാഗിന്റെ ഭാരം മൂലം ഉണ്ടാകുന്നുണ്ടെന്ന് സമിതി കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് ഹൈക്കോടതി കുട്ടികൾക്ക് മറ്റൊരു സെറ്റ് ടെക്സ്റ്റ് ബുക്കുകൾ കൂടി നൽകാനും
അവ സൂക്ഷിക്കാൻ സ്‌കൂളിൽ ഷെൽഫുകൾ നിർമ്മിക്കാൻ ഉത്തരവിടുകയും ചെയ്തത്. കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തിലധികം ഭാരം സ്‌കൂൾ ബാഗിന്
ഉണ്ടായിരിക്കരുതെന്നും കോടതി നിർദേശിച്ചു. പക്ഷേ ഇപ്പോഴും അതൊന്നും പ്രാവർത്തികമായിട്ടില്ല.

അപ്പോൾ സ്‌കൂൾ ബാഗുകളുടെ ഭാരം ഒഴിവാക്കി വിദ്യാർത്ഥികളെ ശാരീരികമായ വിഷമതകളിൽ നിന്നും മോചിപ്പിക്കാൻ എന്താണ് ഒരു മാർഗം? ഐ.സി.ടി വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഏറ്റവും പ്രാഥമികമായി ചെയ്യേണ്ട കാര്യം. കുട്ടികൾ സ്‌കൂളുകളിലേക്ക് ദിവസവും പാഠപുസ്തകങ്ങൾ വലിച്ചുകൊണ്ടു പോകുന്ന രീതി ഒഴിവാക്കുന്നതിനായി സ്‌കൂളുകളിൽ തന്നെ അവരവരുടെ പാഠപുസ്തകങ്ങൾ സൂക്ഷിക്കാനാവശ്യമായ ഷെൽഫുകൾ നിർമ്മിച്ചു നൽകുകയാണ് ഒരു രീതി. ടെക്സ്റ്റ് പുസ്തകങ്ങൾ രണ്ടു സെറ്റുകൾ ഉണ്ടെങ്കിൽ ഒരു സെറ്റ് സ്‌കൂളിലും ഒരു സെറ്റ് വീട്ടിലും വയ്ക്കാനുമാകും. മുൻ രാജ്യസഭാഗമായ കെ.എൻ ബാലഗോപാൽ ഇത്തരമൊരു പദ്ധതി കൊല്ലത്തെ തളിക്കോട് സർക്കാർ എൽ.പി സ്‌കൂളിലും പട്ടത്താനത്തെ സർക്കാർ എസ്.എൻ.ഡി.പി യു.പി സ്‌കൂളിലും ടൗൺ യു.പി സ്‌കൂളിലും തെക്കുംഭാഗം യു.പി സ്‌കൂളിലുമൊക്കെ പ്രാവർത്തികമാക്കിയിട്ടുണ്ട്. ഇതിൽ ഒരു സെറ്റ് പാഠപുസ്തകം സർക്കാർ സൗജന്യമായി നൽകുന്പോൾ രണ്ടാമത്തെ സെറ്റ് പി.ടി.എ ഫണ്ടിൽ നിന്നും പണമെടുത്താണ് വാങ്ങി നൽകുന്നത്. ഷെൽഫുകൾ വാങ്ങുന്നതിനായി 35 ലക്ഷം രൂപയോളം ഈ സ്‌കൂളുകൾക്ക് ബാലഗോപാൽ നൽകുകയും ചെയ്തു. നോട്ടു പുസ്തകങ്ങൾക്കു പകരം കുട്ടികളോട് വർക് ഷീറ്റുകളുമായി സ്‌കൂളിൽ എത്താൻ ആവശ്യപ്പെടുകയും പിന്നീട് അവ വീട്ടിലെത്തി ഫയൽ ചെയ്യുകയും ചെയ്യുന്ന രീതിയാണ് കൊച്ചിയിലെ തേവര സേക്രട്ട് ഹാർട്ട് സ്‌കൂൾ അവലംബിക്കുന്നത്. സ്‌കൂൾ ബാഗിന്റെ ഭാരം ഒരു കിലോഗ്രാമിൽ താഴെയാക്കി മാറ്റാൻ അവർക്കായിട്ടുണ്ടെന്നാണ് അവർ അവകാശപ്പെടുന്നത്. നിലവിൽ ഒന്നു മുതൽ മൂന്നാം ക്ലാസുവരെ ആക്കിയിട്ടുള്ള വർക് ഷീറ്റ് സന്പ്രദായം അടുത്ത വർഷത്തോടെ നാലാം ക്ലാസിലും തുടങ്ങാനാണ് അവരുടെ തീരുമാനം. ഇതിനു പുറമേ തുണി കൊണ്ടുള്ള ബാഗ് ഉപയോഗിക്കാനും അവർ നിർദ്ദേശിക്കുന്നുണ്ട്. ചില സ്‌കൂളുകൾ ജാക്കറ്റ് ടൈപ്പ് ബാഗുകൾ വിദ്യാർത്ഥികൾക്കായി നിർമ്മിച്ചു നൽകിയിട്ടുമുണ്ട്. അങ്ങനെ വരുന്പോൾ ഭാരം ശരീരത്തിന്റെ പല ഭാഗങ്ങളിലുമായി വിതരണം ചെയ്യപ്പെടുമെന്ന പ്രത്യേകതയുമുണ്ട്. 

പാഠ്യപദ്ധതിയുടെ ഭാരവും ഹോം വർക്കുകളും ഒരു വശത്ത് കുട്ടികളെ തളർത്തുന്പോൾ മറുവശത്ത് സ്‌കൂൾ ബാഗുകളുടെ ഭാരം അവർക്ക് ശാരീരികമായ വിഷമതകൾക്കും കാരണമായിത്തീരുന്നു. കേരളത്തിലെ സ്‌കൂളുകളിൽ പഠിക്കുന്ന പല കുട്ടികൾക്കും മാനസിക സമ്മർദ്ദം മൂലമുള്ള അസ്വാസ്ഥ്യങ്ങൾ ഉള്ളതുപോലെ തന്നെ കടുത്ത ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നതും സാധാരണയായി മാറിയിരിക്കുന്നു. കൊച്ചിയിൽ ആറാം ക്ലാസിലും ഏഴാം ക്ലാസിലുമൊക്കെ പഠിക്കുന്ന കുട്ടികൾ നടുവേദനയും സ്‌പോണ്ടിലൈറ്റിസും ശ്വാസകോശരോഗങ്ങളും മസിൽ വേദനയുമൊക്കെയായി സ്ഥലത്തെ പ്രധാന ആശുപത്രികളിലെ ഡോക്ടർമാരെ സന്ദർശിക്കാനെത്തുന്നത് ഇന്നൊരു സാധാരണ കാഴ്ചയാണ്. സ്‌കൂൾ ബാഗുകളെന്ന പേരിൽ വിപണിയിൽ വിൽപനയ്‌ക്കെത്തിക്കപ്പെടുന്ന മിക്ക ബാഗുകൾക്കു മാത്രം രണ്ടു കിലോയോളം ഭാരമുണ്ടെന്നതും വേറെ കാര്യം. ചില കുട്ടികളാകട്ടെ സ്‌റ്റൈലിനായി ട്രക്കിങ് ബാഗുകളും സ്‌കൂളിലെ ഉപയോഗത്തിനായി വാങ്ങിക്കുന്നു. കാൻവാസു കൊണ്ടുള്ള സ്‌കൂൾ ബാഗുകൾ സ്‌കൂളുകൾ തന്നെ നിർമ്മിച്ച്, യൂണിഫോമിനൊപ്പം വിദ്യാർത്ഥികൾക്ക് നൽകുന്ന രീതി അവലംബിച്ചാൽ ഇത്തരം പ്രവണതകൾക്ക് തടയിടാനുമാകും. 

എന്തായാലും നമ്മുടെ കുട്ടികളുടെ ആരോഗ്യം അവതാളത്തിലാക്കാൻ ഇടയാക്കുന്ന ഈ അവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടാകേണ്ടത് അനിവാര്യമാണ്. ആരോഗ്യമുള്ള തലമുറയിൽ നിന്നു മാത്രമേ ആരോഗ്യമുള്ള ഒരു രാഷ്ട്രം പിറവിയെടുക്കുകയുള്ളുവെന്നതാണ് വാസ്തവം.

You might also like

Most Viewed