എയർ­പോ­ർ­ട്ടി­ലെ­ ഭക്ഷണമാ­ഫി­യകൾ


ലച്ചിത്രതാരമായ അനുശ്രീ കഴിഞ്ഞ സപ്തംബർ 23ന് തന്റെ ഫേസ്ബുക്ക് പേജിൽ ഒരു കുറിപ്പിട്ടു. രാവിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു കോഫിഷോപ്പായ കിച്ചൻ റസ്റ്റോറന്റിൽ നിന്നും രണ്ട് കാപ്പിയും രണ്ട് ചിക്കൻ പപ്‌സും കഴിച്ചപ്പോൾ 680 രൂപ ബില്ല് കിട്ടിയതിൽ അന്തംവിട്ടായിരുന്നു പോസ്റ്റ്. വിമാനത്താവളങ്ങളിലെ ഈ തീവെട്ടിക്കൊള്ള ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെങ്കിലും വിമാനങ്ങളിൽ യാത്ര ചെയ്യുന്ന ആരെങ്കിലും അനുശ്രീ ഈ പോസ്റ്റിടുന്നതിനു മുന്പ് ഇതുപോലെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇട്ട് ഈയുള്ളവൻ കണ്ടിട്ടില്ല. അത്യാവശ്യത്തിന് അതിവേഗം ദൂരസ്ഥലങ്ങളിലെത്താൻ ബജറ്റ് എയർലൈൻസിൽ സഞ്ചരിക്കുന്ന എന്നെപ്പോലുള്ള സാധാരണക്കാരും ഗൾഫിൽ തൊഴിലെടുക്കുന്ന സാധാരണക്കാരായ തൊഴിലാളികളുമൊക്കെ പലവട്ടം നേരിട്ടിട്ടുള്ള ഒരു പ്രതിസന്ധിയാണിതെങ്കിലും അവിടെ നിന്നും ഭക്ഷണം കഴിക്കാതെ, പുറത്തെവിടെ നിന്നെങ്കിലും മണിക്കൂറുകൾക്കു മുന്നേ ഭക്ഷണം കഴിച്ച് വിമാനമിറങ്ങുന്നതു വരെ അവർ സൗജന്യമായി നൽകുന്ന പച്ചവെള്ളം മാത്രം കഴിച്ച് അതിനോട് പ്രതികരിക്കാതെ നിൽക്കുകയായിരുന്നു ഇതുവരെ. വിമാനങ്ങളിൽ സഞ്ചരിക്കാനുള്ള വിമാനക്കൂലി പല വിമാനക്കന്പനികളും വൻതോതിൽ വെട്ടിക്കുറച്ചെങ്കിലും എയർപോർട്ട് അതോറിട്ടിയുടെ കീഴിലുള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലും കോഫിഷോപ്പുകളിലും ഈടാക്കുന്ന ഈ നിരക്കിന് തെല്ലും കുറവു വന്നിട്ടില്ലെന്നതാണ് സത്യം.

അനുശ്രീ കഴിച്ച ഒരു ചിക്കൻ പപ്‌സിന് 250 രൂപയാണ് പ്രസ്തുത ബില്ലിൽ വിലയിട്ടിരിക്കുന്നത്. വിമാനത്തിൽ പോലുമില്ലാത്ത നിരക്കാണിതെന്ന് വ്യക്തം. വിമാനത്തിൽ 200 രൂപയുണ്ടെങ്കിൽ ഉപ്പുമാവോ (അത് ഇൻഡിഗോയിൽ മാത്രം) മറ്റെന്തെങ്കിലും വിശപ്പടക്കാനുള്ള ഭക്ഷണമോ ലഭിക്കും. വിമാനത്തിൽ കാപ്പിക്ക് ഈടാക്കുന്ന നിരക്കായ 100 രൂപ തന്നെയാണ് ഭൂമിയിൽ വിമാനത്താവളത്തിനകത്തെ നിരക്കും. വിമാനത്താവളത്തിലെ ഈ കത്തി വിലയ്ക്ക് കാരണമായി പലതും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. വിമാനത്താവളങ്ങളിൽ ഭക്ഷണക്കടകളും മറ്റു ഷോപ്പുകളും നടത്തുന്നതിന് വന്പൻ വാടകയാണ് എയർപോർട്ട് അതോറിട്ടി ഈടാക്കുന്നതെന്നതാണ് അതിലൊന്ന്. വിമാനത്താവളമെന്നത് സന്പന്നർ മാത്രം യാത്ര ചെയ്യുന്ന ഇടങ്ങളാണെന്ന പഴയ ധാരണ തന്നെയാണ് ഇക്കാര്യത്തിൽ വിമാനത്താവള അതോറിട്ടി വെച്ചുപുലർത്തുന്നതെന്ന് വ്യക്തം. വിമാനത്താവളത്തിനകത്തേയ്ക്ക് ചെക്ക് ഇൻ ചെയ്തു കഴിഞ്ഞാൽപ്പിന്നെ പുറത്തേയ്ക്ക് പോയി ഭക്ഷണം കഴിക്കാനാവില്ലെന്ന കാരണം കൊണ്ടു തന്നെ വിമാനത്താവളത്തിനകത്തുള്ള ഒന്നോ രണ്ടോ ഭക്ഷണക്കടകളിലേയ്ക്ക് തന്നെ അവിടെയെത്തിയവർ വിശന്നാൽ എത്തപ്പെടുമെന്നതാണ് ഈ ഷോപ്പുകളെ വൻവിലയ്ക്ക് നിസ്സാരമായ ഭക്ഷണപദാർത്ഥങ്ങൾ പോലും വിൽക്കാൻ പ്രേരിപ്പിക്കുന്നതെന്നതാണ് രണ്ടാമത്തെ കാരണം. മൂന്നാമത്തെ കാരണമായി പറയുന്നത് സുരക്ഷ സംബന്ധിച്ച കാരണമാണ്. ഭക്ഷണം സുരക്ഷാ ചെക്കിങ് നടത്തിയാണ് അകത്തേയ്ക്ക് എത്തിക്കുന്നതെന്നതിനാൽ വളരെ കുറച്ച് സാമഗ്രികൾ മാത്രമേ ഓരോരോ സമയങ്ങളിൽ അകത്തേയ്ക്ക് എത്തിക്കാനാകുകയുള്ളുവേത്ര. തന്മൂലം വില വർദ്ധിപ്പിക്കാൻ കടകൾ നിർബന്ധിതമാകുന്നു. ഡിമാന്റ് കൂടുകയും സപ്ലൈ കുറയുകയും ചെയ്യുന്പോൾ വില വർദ്ധിക്കുമെന്ന ലളിതമായ സാന്പത്തികശാസ്ത്ര ലോജിക് തന്നെയാണ് അവിടെ ബാധകം. എന്നാൽ വിൽപ്പനക്കാർക്ക് അവിടെ മറ്റ് മത്സരാർത്ഥികൾ ഇല്ലെന്നതും ഒരു പ്രധാന കാരണമാണ്. എതിരാളി കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നൽകി കൂടുതൽ പേരെ ആകർഷിക്കുകയാണെങ്കിൽ മാത്രമേ ഭക്ഷണത്തിന് മറ്റു കടകളും വില കുറയ്ക്കാൻ തയ്യാറാവുകയുള്ളുവെന്നത് വേറെ കാര്യം. വിമാനത്താവളത്തിൽ ഇത്തരം മത്സരത്തിനുള്ള സാധ്യത നിലവിൽ ഇല്ല താനും. ഇത്തരം ന്യായവാദങ്ങളൊക്കെ ശരിയാണെന്ന് നമുക്കറിയാം. പക്ഷേ മുൻകാലങ്ങളിൽ വിലക്കുറവിന് കാപ്പിയും പാലുമൊക്കെ കൊടുത്തിരുന്ന ചില ബൂത്തുകൾ വിമാനത്താവളങ്ങളിൽ ഉണ്ടായിരുന്നുവെങ്കിലും ചിലരുടെ സമ്മർദ്ദങ്ങളെ തുടർന്നും ചില കത്തിവില ഷോപ്പുകാരുടെ സ്വാധീനം മൂലവും അവ പൂട്ടിപ്പോകേണ്ടി വന്ന അവസ്ഥയാണ് ഉണ്ടായത്. അതിനർത്ഥം ഇത്തരം തീവെട്ടിക്കൊള്ള നടത്തുന്ന ഷോപ്പുകൾക്കു പിന്നിൽ വന്പൻ മാഫിയകൾ പ്രവർത്തിക്കുന്നുണ്ടെന്നു തന്നെയാണ്. വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടേയും ചില രാഷ്ട്രീയ നേതാക്കളുടേയും ബിനാമി ഷോപ്പുകളാണ് ഈ തീവെട്ടിക്കൊള്ളയ്ക്കു പിന്നിലെന്ന് സംസാരവുമുണ്ട്.

വിമാനത്താവളം ഇന്ന് റെയിൽവേ േസ്റ്റഷൻ പോലെ സാധാരണക്കാരായ തൊഴിലാളികളുടേയും ജീവനക്കാരുടേയും സഞ്ചാരയിടമാണെന്ന കാര്യം മറക്കരുത്. മാളുകൾ പോലെയോ പഞ്ചനക്ഷത്ര ഹോട്ടലുകൾ പോലെയോ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിലെ കാന്റീനുകൾ പോലെയോ അല്ല അവ. പലവിധ തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കായി അതിവേഗം ഇന്ത്യയിൽ തന്നെ പല സ്ഥലങ്ങളിലുമെത്താൻ നിർബന്ധിതരായ യാത്രികരെ സംബന്ധിച്ചിടത്തോളം അവരുടെ വിമാനക്കൂലിക്കു പുറമേ വലിയൊരു തുകയാണ് ഒരു ദിവസം തന്നെ ഭക്ഷണച്ചെലവിനായി വിമാനത്താവളങ്ങളിൽ നിന്നും ചെലവാക്കേണ്ടി വരുന്നത്. സാധാരണക്കാരായ തൊഴിലാളികളെ സംബന്ധിച്ചാണെങ്കിൽ ടിക്കറ്റിനു തന്നെ കഷ്ടി തുക ഒപ്പിച്ചുകൊണ്ട് അതിരാവിലെ വിമാനത്താവളങ്ങളിലേയ്ക്ക് ബസ്സുകളിൽ സഞ്ചരിച്ചെത്തുന്നവർക്ക് പലപ്പോഴും പുറത്തെ കടകളിൽ നിന്നും ഭക്ഷണം കഴിച്ച് അകത്തേയ്ക്ക് പോകാനുള്ള സാവകാശവുമുണ്ടാകില്ല. ഒപ്പം ലഗേജുകളും മറ്റും ഉണ്ടാകുന്നതിനാൽ ബസ്സിൽ എയർപോർട്ടിന് കിലോമീറ്ററുകൾ ഇപ്പുറത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങാനായി ഇറങ്ങുന്നതും പിന്നെ മറ്റൊരു വാഹനത്തിൽ അവിടെയെത്തുന്നതുമൊക്കെ അധിക ചെലവുകൾ തന്നെ. കഴിക്കാനുള്ള ഭക്ഷണം സ്വയം കരുതുകയാണ് മറ്റൊരു മാർഗം. അപ്പോൾ ഹാൻഡ് ലഗേജു കൂടി വേറെ കരുതേണ്ടതായും വരും. മാത്രവുമല്ല, പലവിധത്തിലുള്ള നിരവധി പേർ ഇരിക്കുന്ന വിമാനത്തിനായുള്ള വെയിറ്റിങ് ലോബിയിലിരുന്ന് വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനുള്ള മടിയും പലർക്കുമുണ്ടാകും. വിമാനത്തിനും വിമാനത്താവളത്തിനുമൊക്കെ നമ്മുടെ മനസ്സുകളിലുള്ള ആഢ്യത്വം തന്നെയാണ് അതിന്റെയാക്കെ പിന്നിലുള്ള അടിസ്ഥാന വികാരം.

എൺപതിലധികം രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ള വ്യക്തിയാണ് ഓട്ടോമൊബൈൽ ജേണലിസ്റ്റായ ബൈജു എൻ നായർ. വിമാനയാത്രകൾ നിരന്തരം നടത്തേണ്ടി വരുന്ന അദ്ദേഹവും ലോകത്തെന്പാടുമുള്ള വിമാനത്താവളങ്ങളിൽ നേരിട്ട ഒരു പ്രധാന പ്രശ്‌നവും ഭക്ഷണം സംബന്ധിച്ചുള്ളതു തന്നെ. അമിതമായ നിരക്ക് ഈടാക്കുന്ന ഭക്ഷണശാലകൾ ലോകത്തെല്ലായിടത്തുമുള്ള എയർപോർട്ടുകളിലും ഒരുപോലെ തന്നെയാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. യാത്രക്കാരനിൽ നിന്നും വിമാനക്കൂലിയിൽ വിമാനത്താവളങ്ങൾ ഈടാക്കുന്ന ഹാൻഡ്‌ലിങ് നിരക്ക് കുറവായതും വിമാനങ്ങളുടെ ഹാൻഡ്‌ലിങ്ങിലൂടെ ലഭിക്കുന്ന തുക മാത്രമേ വിമാനത്താവളത്തിന്റെ വരുമാനമായി വരുന്നുള്ളുവെന്നതിനാൽ വിമാനത്താവളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇത്തരം സ്റ്റാളുകളിൽ നിന്നും വലിയ തുക വാടകയായി ഈടാക്കുന്നതാണ് ഈ വിലവർദ്ധനവിന് കാരണമായി അദ്ദേഹം കാണുന്നത്. എന്നിരുന്നാലും എല്ലാറ്റിനും ഒരു പരിധി വയ്‌ക്കേണ്ടതും നിയന്ത്രിക്കേണ്ടതും അനിവാര്യമായ കാര്യം തന്നെയാണെന്ന കാര്യത്തിൽ തർക്കമില്ല. വിമാനത്താവളത്തിലേയ്ക്ക് നേരത്തെ ഭക്ഷണം വാങ്ങി സൂക്ഷിച്ച്, ലോബിയിലിരുന്ന് അത് ഭക്ഷിക്കുന്നതിലൂടെ യാത്രാ ചെലവ് വലിയൊരു അളവ് വരെ കുറയ്ക്കാൻ തനിക്കായിട്ടുണ്ടെന്ന് ബൈജു എൻ നായർ സമ്മതിക്കുന്നുണ്ട്. വിമാനത്താവളത്തിലിരുന്ന് അത് ഭക്ഷിക്കാമെങ്കിലും അന്താരാഷ്ട്ര വിമാനങ്ങളിൽ പുറത്തുനിന്നുള്ള ഭക്ഷണം ഉപയോഗിക്കുന്നത് അവർ അനുവദിക്കാറില്ല. യാത്രക്കാരനെക്കൊണ്ട് വിമാനത്തിനകത്ത് വിതരണം ചെയ്യുന്ന ഭക്ഷണം തന്നെ കഴിപ്പിക്കണമെന്നതും അതെല്ലങ്കിൽ അവൻ വിശന്നു മരിക്കട്ടെയെന്നുമാണ് അന്താരാഷ്ട്ര വിമാനക്കന്പനികൾ പോലും ചിന്തിക്കുന്നതെന്നാണ് ഇതിൽ നിന്നും ബോധ്യപ്പെടുന്ന കാര്യം. 

വിമാനയാത്ര ഇന്ന് സന്പന്നർ മാത്രം ചെയ്യുന്ന കാര്യമല്ല. ബജറ്റ് എയർലൈൻസുകളുടേയും എക്കണോമി ക്ലാസ് ടിക്കറ്റുകളുടെ വർദ്ധനയും മൂലം വിമാനയാത്രകളെയാണ് ഇന്ന് സാധാരണക്കാർ പോലും ആശ്രയിക്കുന്നത്. പ്രത്യേകിച്ചും ആഭ്യന്തര വിമാന സർവീസുകളിൽ സഞ്ചരിക്കുന്നതിന്റെ ചെലവ് തീവണ്ടി യാത്രയേക്കാൾ കുറവായി അനുഭവപ്പെടുമെന്നതിനാൽ. ഉദാഹരണത്തിന് കൊച്ചിയിൽ നിന്നും ദൽഹിയിലേക്കുള്ള വിമാനയാത്രയ്ക്ക് മൂന്നു മണിക്കൂർ അഞ്ചുമിനിട്ടു സമയം മാത്രമേ എടുക്കുകയുള്ളുവെന്നതും യാത്ര ചെലവ് 3000 രൂപയിൽ താഴെ നിൽക്കുന്നുവെന്നതും തീവണ്ടി യാത്രയേക്കാൾ എന്തുകൊണ്ടും വിമാനയാത്ര തെരഞ്ഞെടുക്കാൻ ഏതൊരാളേയും പ്രേരിപ്പിക്കും. അത്തരക്കാരായവരാണ് ഇന്ന് കൂടുതലായും വിമാനയാത്രകളെ ആശ്രയിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം വിമാനത്താവളത്തിലെ ഈ നിരക്കുകൾ താങ്ങാനാകാത്തതുമാണ്. ഏതൊരു സംവിധാനവും കൂടുതൽ പേർ പ്രയോജനപ്പെടുത്തുന്പോൾ സ്വാഭാവികമായും അതിനനുസൃതമായ മാറ്റങ്ങൾ വിമാനത്താവള അതോറിട്ടികളും നടപ്പാക്കേണ്ടതുമാണ്. ഒരു വികസ്വര രാഷ്ട്രമായ, വലിയ ജനസംഖ്യയുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിമാനയാത്രകൾ ഇന്ന് ഒട്ടും തന്നെ ആഡംബരങ്ങളല്ല. രോഗചികിത്സയ്ക്കും തൊഴിൽ സംബന്ധിയായ ആവശ്യങ്ങൾക്കുമൊക്കെ നിരന്തരം സാധാരണക്കാരായവർക്കുപോലും വിമാനയാത്രകൾ ഇവിടെ ആവശ്യമായി വരുന്നുണ്ട്. വിമാനത്താവളങ്ങളിൽ ഇന്ന് പ്രകടമാകുന്ന വലിയ തിരക്ക് തന്നെ അതിനു തെളിവാണ്. കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് പറക്കാനുള്ള രണ്ടു മണിക്കൂർ യാത്രയ്ക്ക് ഇന്ന് വിസ്താരയിലോ ഇൻഡിഗോയിലോ 5000−ത്തിൽ താഴെ മാത്രമേ ഉച്ചസമയത്ത് പോലും വരുന്നുള്ളു. മുംബൈയിലെ ഹോട്ടൽ വാടക ഒഴിവാക്കിക്കൊണ്ട് ഒറ്റ ദിവസം കൊണ്ടു തന്നെ മടങ്ങി വരാൻ സാധാരണക്കാരായവർക്ക് ഇതിലൂടെ സാധിക്കുകയും ചെയ്യുന്നു. അത്തരമൊരു അവസ്ഥ നിലനിൽക്കുന്പോഴാണ് വിമാനത്താവളത്തിലെ ഭക്ഷണത്തിനായി വലിയ തുക അവർ ചെലവിടേണ്ടതായി വരുന്നത്. 

മാത്രവുമല്ല, വിമാനത്താവളങ്ങളിൽ ഇന്ന് ലഭിക്കുന്ന ഭക്ഷണത്തിന്റെ നിലവാരത്തിലും വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. എന്തു നൽകിയാലും അത് കഴിച്ച് വിശപ്പടക്കുവാൻ യാത്രക്കാർ തയാറായിക്കോളുമെന്ന മനോഭാവം ആ ഭക്ഷണങ്ങളിൽ പ്രകടവുമാണ്. വിമാനത്താവളത്തിലെ സ്‌നാക്‌സ് കടയിലെ ചില്ലുകൂട്ടിനുള്ളിലൂടെ കേക്കും തിന്ന് ഒരു എലി ഉല്ലസിച്ചുനടക്കുന്നതിന്റെ വീഡിയോ സമീപകാലത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നതാണ്. വലിയ വില നൽകുന്പോഴും വൃത്തിഹീനവും പഴകിയതുമായ ഭക്ഷണമാണ് വിമാനത്താവളങ്ങളിൽ യാത്രക്കാരെ കാത്തിരിക്കുന്നതെന്ന് വ്യക്തം. ബജറ്റ് എയർലൈനുകൾ വ്യാപകമാകുകയും വിമാനയാത്ര എല്ലാവർക്കും പ്രാപ്യമാകുകയും ചെയ്ത ഒരു അവസ്ഥയിൽ വിമാനത്താവളത്തിലെ ഭക്ഷണ നിരക്കുകളുടെ കാര്യത്തിൽ വിമാനത്താവള അതോറിട്ടി മാറിച്ച് ചിന്തിക്കലിനു തയ്യാറാകേണ്ടതിന്റെ ആവശ്യകതയാണ് അത് വെളിവാക്കുന്നത്. സന്പന്നർക്ക് അവരുടെ നിലവാരത്തിനനുസരിച്ചുള്ള ഭക്ഷണശാലകൾ തെരഞ്ഞെടുക്കുന്നതിനും സാധാരണക്കാർക്ക് അവർക്ക് താങ്ങാനാകുന്ന നിരക്കിൽ ഭക്ഷണം നൽകുന്ന ഹോട്ടലുകൾ റെയിൽവേ േസ്റ്റഷനുകളിലെന്നപോലെ സ്ഥാപിക്കാനും അതോറിട്ടി തയ്യാറാകണം. കുറഞ്ഞപക്ഷം നാലു രൂപ പോലും വിലയില്ലാത്ത രണ്ടു കഷണം ബ്രെഡിന് 200 രൂപ വിലയിടുന്ന ഷോപ്പുകളുടെ കൊള്ളയെങ്കിലും നിയന്ത്രണവിധേയമാക്കേണ്ടതുണ്ട്. ബജറ്റ് ഷോപ്പുകൾ സ്ഥാപിക്കുന്നതിന് പരിമിതികളുണ്ടെങ്കിൽ വലിയ വിലയിട്ട് സാധനങ്ങൾ വിൽക്കുന്ന ഷോപ്പുകളിലെ വില നിയന്ത്രിക്കാനെങ്കിലും അവർക്കായാൽ യാത്രക്കാർക്ക് വിശന്നുമരിക്കാതെ കഴിയാമായിരുന്നു. 

ഇനി അതും രക്ഷയില്ലെങ്കിൽ നമുക്കൊക്കെ ഇലയിൽ ചോറും മീനുമൊക്കെ കെട്ടിപ്പൊതിഞ്ഞു കൊണ്ടുവന്ന് അവിടത്തെ സീറ്റുകളിൽ കടലാസൊക്കെ നിരത്തിയിട്ട്, കസേരയിൽ ചമ്രംപടഞ്ഞിരുന്ന് അതൊക്കെ കുഴച്ചുമറിച്ച് അകത്താക്കിക്കൊണ്ട് പ്രതിഷേധിക്കണം... മലയാളി ഡാ!

You might also like

Most Viewed