മലയാളിയുടെ മരുന്നുതീറ്റ !
മദ്യപിച്ചതിലൂടെ ഉണ്ടായ ഡീഹൈഡ്രേഷൻ മൂലമുള്ള തലവേദന മാറ്റാൻ ഡോക്ടറെ കാണാനെത്തുന്ന മുത്തശ്ശിയെ കാണിക്കുന്നുണ്ട് ജൂഡ് ആന്റണിയുടെ ഒരു മുത്തശ്ശിഗദ എന്ന സിനിമയിൽ. നന്നായി വെള്ളം കുടിച്ച് ഒന്നുറങ്ങിയാൽ തലവേദന മാറുമെന്നു പറഞ്ഞ് ഡോക്ടർ മടക്കി അയക്കാൻ നോക്കുന്പോൾ മുത്തശ്ശിയും കൂടെ വന്ന സ്ത്രീയും ഡോക്ടറോട് എന്തെങ്കിലും മരുന്ന് നൽകാൻ ആവശ്യപ്പെടുന്നു. ഡോക്ടർ ഇതിന് മരുന്നൊന്നും വേണ്ടെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും ഗുളിക കിട്ടിയേ പോകൂ എന്നാണ് രോഗിയുടെ വാശി. ഒടുവിൽ രോഗിയുടെ സംതൃപ്തിക്കായി ഡോക്ടർ ഒരു വേദനസംഹാരി നൽകി രോഗിയെ പറഞ്ഞുവിടുന്നതോടെ രോഗിക്ക് പൂർണസംതൃപ്തി. ഇത് നൂറു ശതമാനം വാസ്തവമാണ്. മരുന്നുതീനികളുടെ നാടാണ് കേരളം. ചെറിയ ചുമ മുതൽ ജലദോഷം വരെയുള്ള ഏത് രോഗത്തിനും ഉടനെ തന്നെ ഡോക്ടർക്കടുത്തേക്കോ മെഡിക്കൽ സ്റ്റോറിലേക്കോ പായുന്നതിൽ മലയാളിയെ കവിഞ്ഞേ ഇന്ത്യയിൽ മറ്റാരുമുള്ളു. ഓരോ സ്ഥലങ്ങളിലും ഡോക്ടർമാരും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും മുക്കിനു മുക്കിന് സ്വകാര്യ ആശുപത്രികളുള്ളപ്പോൾ ഈ മരുന്നുതീറ്റ അതിന്റെ പരമകാഷ്ഠയിലെത്തുകയും ചെയ്യുന്നു. മരുന്നു കന്പനികളാകട്ടെ കേരളത്തെ അവരുടെ സ്വർഗരാജ്യമായി കണക്കാക്കുന്നതിനുള്ള കാരണവും മറ്റൊന്നല്ല. ആരോഗ്യത്തെപ്പറ്റിയുള്ള മലയാളിയുടെ അവബോധമാണ് വാസ്തവത്തിൽ അവനെ ഇത്തരത്തിൽ മരുന്നുതീനിയാക്കി മാറ്റിയിരിക്കുന്നതെന്നതാണ് അതിന്റെ വിരോധാഭാസം.
50,000 കോടി രൂപയ്ക്കുള്ള മരുന്ന് പ്രതിവർഷം ഇന്ത്യയിലെ മരുന്നുനിർമ്മാതാക്കളിൽ ആഭ്യന്തര മരുന്നു വിപണിയിൽ എത്തുന്നുണ്ടെന്നും അതിൽ 6500 കോടി രൂപയ്ക്കുള്ള മരുന്നും ഭക്ഷിക്കുന്നത് മലയാളികളാണെന്നാണ് കണക്കുകൾ പറയുന്നത്. അതായത് 123 കോടി ജനങ്ങളുള്ള ഇന്ത്യയിൽ കേവലം 3 കോടി ജനങ്ങൾ മാത്രമുള്ള കേരളമാണ് ഉൽപാദിപ്പിക്കപ്പെടുന്ന മരുന്നിന്റെ 13 ശതമാനവും അകത്താക്കുന്നത് എന്നു തന്നെ. മലയാളിയുടെ ഈ മരുന്നുതീറ്റ അക്ഷരാർത്ഥത്തിൽ ഇന്ന് കേരളത്തെ ഒരു ഭ്രാന്താലയമാക്കിയിട്ടുണ്ടെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. മരുന്നു കന്പനികളിൽ നിന്നും കമ്മീഷനും സമ്മാനങ്ങളും വിദേശയാത്രകളുമൊക്കെ തരപ്പെടുത്തിക്കിട്ടുന്ന ഡോക്ടർമാരാകട്ടെ യാതൊരു ധാർമ്മികതയുമില്ലാതെ പരമാവധി മരുന്നുകൾ രോഗികൾക്ക് എഴുതി അവരെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുന്നു. രോഗി പറയുന്ന രോഗലക്ഷണങ്ങൾക്ക് ഓരോന്നിനും മരുന്നെഴുതി രോഗത്തെ ചികിത്സിക്കാതെ, ലക്ഷണങ്ങളെ ചികിത്സിക്കുന്നവരായി മാറിയ ഡോക്ടർമാരും ഇവിടെയുണ്ടെന്ന് പറയാതെ വയ്യ. ഏത് ചെറിയ അസുഖത്തിനും ആന്റിബയോട്ടിക്കുകളേയും വേദനസംഹാരികളേയും കൂട്ടുപിടിക്കുന്ന ഡോക്ടർമാരും ധാരാളം. ചെറിയ ജലദോഷവുമായി എത്തുന്ന കുട്ടിക്കുപോലും അതീവ ശക്തിയുള്ള ആന്റിബയോട്ടിക്കുകൾ അവർ എഴുതി നൽകുന്നു. കുട്ടിയുടെ പിൽക്കാലത്തെ ആരോഗ്യത്തെപ്പറ്റി യാതൊരു തത്വദീക്ഷയുമില്ലാതെ, ഇവ കുഞ്ഞിനു നൽകുന്ന മാതാപിതാക്കളാകട്ടെ കുഞ്ഞിന് പിൽക്കാലത്ത് അതുണ്ടാക്കാനിടയുള്ള വലിയ ഭവിഷ്യത്തുക്കളെപ്പറ്റി അപ്പോൾ ചിന്തിക്കുകയുമില്ല.
അതുകൊണ്ടു തന്നെയാണ് 6500 കോടി രൂപയുടെ കേരളത്തിലെ മരുന്നു വിപണിയിൽ ഇന്ന് ആന്റിബയോട്ടിക്കുകളും വേദനസംഹാരികളുമൊക്കെ 75 ശതമാനം വിപണിയും കീഴടക്കിെവച്ചിരിക്കുന്നത്. ഡോക്ടറുടെ മരുന്നുകുറിപ്പടിയില്ലാതെ തന്നെ, മാതാപിതാക്കൾ നേരത്തെ ഡോക്ടർ ഒരു പ്രത്യേക അസുഖത്തിന് കുറിച്ചു നൽകിയ മരുന്ന് വീണ്ടും ഉപയോഗിക്കുന്നതും സാധാരണയായി കണ്ടു വരുന്ന കാര്യമാണ്. ഇത്ര ഡോസിലധികം മരുന്നു ഭക്ഷിച്ചാൽ പിന്നീട് അത് ഫലവത്താകില്ലെന്ന സാധാരണ കാര്യം പോലും തിരിച്ചറിയാതെയാണ് മരുന്നുകടയിൽ ചെന്നുള്ള ഈ സ്വയം ചികിത്സ. എന്നാൽ ഈ മരുന്നുകളുടെ ഗുണനിലവാരം തിരിച്ചറിയാനുള്ള സംവിധാനം കേരളത്തിൽ പരാജയമാണെന്നത് ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ വിപണിയിലെത്തിച്ച് പരമാവധി ലാഭം കൊയ്യാൻ പല മരുന്നുകന്പനികളേയും സഹായിക്കുന്നുണ്ടെന്നത് കൂടുതൽ ഗൗരവതരമായ വിഷയമായി മാറിയിരിക്കുന്നു. സംസ്ഥാനത്ത് വിൽക്കപ്പെടുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാൻ നിയുക്തരായിട്ടുള്ള സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന് സംസ്ഥാനത്ത് വിൽക്കപ്പെടുന്ന 2,64,000 മരുന്നുകളിൽ കേവലം 8000 മരുന്നുകൾ മാത്രമേ പ്രതിവർഷം പരിശോധിക്കാനുള്ള ശേഷിയുള്ളുവെന്നതാണ് ഏറ്റവും ദയനീയമായ കാര്യം.
മരുന്നുമാഫിയകൾ യാതൊരു ദാക്ഷിണ്യവും വച്ചുപുലർത്തുന്നവരല്ല. വിപണിയിലേയ്ക്ക് പരമാവധി മരുന്ന് എത്തിച്ച്, അതെങ്ങിനേയും ഉപഭോക്താവിനെക്കൊണ്ട് കഴിപ്പിച്ച് ലാഭമുണ്ടാക്കണമെന്ന ത്വര മാത്രമേ അവർക്കുള്ളു. സംസ്ഥാനത്തേയ്ക്ക് എത്തുന്ന മൊത്തം മരുന്നുകളുടേയും ഗുണനിലവാരം പരിശോധിക്കുകയെന്നത് സർക്കാരിന്റെ സംവിധാനങ്ങൾക്ക് സാധ്യമല്ലെന്ന തിരിച്ചറിവ് ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിപണിയിൽ വൻതോതിൽ അവർ എത്തിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. സംസ്ഥാനത്ത് നിലവിൽ 45 ഡ്രഗ്സ് ഇൻസ്പെക്ടർമാർ മാത്രമേ ഇന്നുള്ളു. വിവിധ മെഡിക്കൽ ഷോപ്പുകളിൽ നിന്നും ഇവർ ശേഖരിച്ച മരുന്നു സാന്പിളുകൾക്ക് ഈ മെഡിക്കൽ സ്റ്റോറുകൾക്ക് സർക്കാർ നൽകാനുള്ള 12 ലക്ഷം രൂപയോളം കൊടുത്തു തീർത്തിട്ടു പോലുമില്ലെന്ന് അറിയുക. വിവിധ സ്ഥലങ്ങളിൽ നിന്നും ഡ്രഗ് ഇൻസ്പെക്ടർമാർ കൊണ്ടുവരുന്ന മരുന്നുകൾ പരിശോധിക്കുന്നത് തിരുവനന്തപുരത്തേയും കാക്കനാട്ടേയും ഡ്രഗ്സ് കൺട്രോൾ വകുപ്പിനു കീഴിലുള്ള രണ്ട് ലാബുകളിലേയ്ക്കാണ്. തിരുവനന്തപുരത്തെ ലാബിൽ പ്രതിവർഷം 5000 സാന്പിളുകളും കാക്കനാട്ടെ ലാബിൽ പ്രതിവർഷം 3000 സാന്പിളുകൾ മാത്രമേ പരിശോധിക്കാനാകുകയുള്ളുവെന്നത് വേറെ കാര്യം. പരിശോധനയ്ക്കായുള്ള സംവിധാനവും പരിശോധകരും കേരളത്തിലെത്തുന്ന മരുന്നുകൾ പരിശോധിക്കുന്നതിന് അപര്യാപ്തമാണെന്ന് ഇതിൽ നിന്നു തന്നെ വ്യക്തം. ഗുണനിലവാരമില്ലാത്ത മരുന്നാണ് ഏതെങ്കിലുമൊരു ബാച്ചിൽ മരുന്നു കന്പനികൾ കേരളത്തിൽ എത്തിച്ചതെങ്കിൽപ്പോലും ഡ്രഗ്സ് കൺട്രോളറുടെ പരിശോധന റിപ്പോർട്ട് വരുന്പോഴേയ്ക്ക് ആ മരുന്ന് പൂർണ്ണമായും ആശുപത്രികളിലൂടേയും മെഡിക്കൽ സ്റ്റോറുകളിലൂടേയും വിൽക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകുമെന്നുറപ്പ്.
നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന കാര്യം സർക്കാരിനും അറിയാത്തതല്ല. മെഡിക്കൽ സ്റ്റോറുകളിൽ നിന്നും സാന്പിളുകൾ വാങ്ങാനായി അനുവദിച്ചിരിക്കുന്ന തുക പോലും തുലോം തുച്ഛമാണെന്നിരിക്കേ, പരിശോധനയ്ക്കായി വാങ്ങുന്ന മരുന്നുകളുടെ എണ്ണത്തിൽ പോലും വലിയ കുറവുണ്ടാകുന്നു. പല മരുന്നുകളുടേയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനവും ഈ ലാബുകളിൽ ഇല്ലെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന ഡ്രഗ്സ് കൺട്രോളർ തന്നെ ഒരു ചാനലിനോട് തുറന്നു സമ്മതിക്കുകയും ചെയ്തത്. പ്രമേഹ രോഗികൾക്ക് ആവശ്യമായ ഇൻസുലിന്റെ ഗുണനിലവാരം പരിശോധിക്കാൻ ഇപ്പോഴുള്ള സംവിധാനങ്ങൾ മതിയാകില്ലാത്തതിനാൽ അവ ടെസ്റ്റ് ചെയ്യാറില്ലെന്നായിരുന്നു ഡ്രഗ്സ് കൺട്രോളറുടെ കുന്പസാരം. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രമേഹരോഹികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെങ്കിലും ഇവിടെ വിൽക്കപ്പെടുന്ന ഇൻസുലിന്റെ ഗുണനിലവാരം അറിയാൻ യാതൊരു മാർഗവുമില്ലെന്ന് ഡ്രഗ്സ് കൺട്രോളർ തന്നെ തുറന്നു സമ്മതിച്ചിരിക്കുന്നു. എത്ര വലിയ നാണക്കേടാണത്. ആരോഗ്യരംഗത്ത് വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് നിരന്തരം പ്രസ്താവനകളിറക്കിക്കൊണ്ടിരിക്കുന്ന മന്ത്രിപുംഗവന്മാർ ഉള്ള ഒരു സംസ്ഥാനത്താണ് ഇത്തരമൊരു സ്ഥിതിവിശേഷം നിലനിൽക്കുന്നതെന്ന് ഓർക്കണം. മാത്രവുമല്ല, കൂടുതൽ മരുന്നുകൾ ടെസ്റ്റ് ചെയ്യുന്നതിനുള്ള അടിയന്തര സാഹചര്യം ഉണ്ടാക്കേണ്ട കേരളത്തിൽ തൃശൂരും പത്തനംതിട്ടയും കോഴിക്കോടുമൊക്കെ പുതിയ ലാബുകൾ ഉണ്ടാക്കി പണം എങ്ങനെ പാഴാക്കിക്കളയാമെന്നാണ് സർക്കാർ നോക്കുന്നത്. നിലവിലുള്ള രണ്ട് ലാബുകളിൽ കൂടുതൽ പരിശോധനാ സാമഗ്രികളും പരിശോധകരേയും നിയമിച്ച് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനു പകരം അതേ സംവിധാനങ്ങൾ തന്നെയുള്ള മറ്റ് ലാബുകൾ പല ജില്ലകളിലും സ്ഥാപിച്ച് കെട്ടിടവും ഉപകരണങ്ങളും വാങ്ങി പണം കളയാനാണ് സർക്കാരിന്റെ നീക്കം. ഇതിനു പുറമേ, ഈ ലാബുകളുടെ മെയിന്റനൻസിനായി വലിയൊരു തുക നിർമ്മാണ ചെലവിനു പുറമേ, സർക്കാർ വഹിക്കേണ്ടതായും വരും.
മരുന്നുമാഫിയകളുടെ നിയന്ത്രണത്തിലാണ് കേരളം ഇന്നുള്ളതെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഡോക്ടർമാർ മരുന്നുകളുടെ ജനറിക് പേര് (രാസവസ്തുക്കൾ ഏതെല്ലാം അതിൽ അടങ്ങിയിട്ടുണ്ടെന്ന് പറയുന്നത്) മാത്രമേ കുറിപ്പടിയിൽ എഴുതാവൂ എന്ന് നിബന്ധനയുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ല. മരുന്നു നിർമ്മാതാക്കളുടെ ബ്രാൻഡ് നെയിം തന്നെയാണ് ഇപ്പോഴും രോഗികളും മരുന്നു വാങ്ങാൻ ആശ്രയിക്കുന്നതെന്ന് മരുന്നുകടക്കാരും സാക്ഷ്യപ്പെടുത്തുന്നു. ഏതെങ്കിലും ഒരു മരുന്ന് ഉണ്ടാക്കിയ കന്പനിയുടെ പേറ്റന്റ് കാലാവധി കഴിഞ്ഞാൽ ജനറിക് പേരുപയോഗിച്ച് അതേ മരുന്ന് മറ്റു കന്പനികൾക്കും നിർമ്മിക്കാനാകുകയും അതിലൂടെ കന്പനികൾ തമ്മിലുള്ള മത്സരാധിക്യം മൂലം മരുന്നിന്റെ വില കുറയുകയും ചെയ്യും. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിലൂടെ ഇത്തരത്തിലുള്ള ജനറിക് മെഡിസിൻ സൗജന്യമായി നൽകുന്ന പതിവ് 2012 മുതൽ സർക്കാർ വ്യാപകമായി ആരംഭിച്ചിരുന്നു. സർക്കാരിന്റെ ഫണ്ട് ഉപേയാഗിച്ച് നടത്തുന്ന ചികിത്സകൾക്ക് ജനറിക് മരുന്നുകൾ മാത്രമേ ഉപേയാഗിക്കാവൂ എന്നും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നപക്ഷം ബ്രാൻഡഡ് മരുന്നുകൾ വാങ്ങേണ്ടി വന്നാൽ അത് ആശുപത്രി സൂപ്രണ്ട് ചെയർമാനായ വിദഗ്ദ്ധ സമിതിയുടെ അനുമതിയോടെ മാത്രമേ ചെയ്യാവൂ എന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ സർക്കാർ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നുവെങ്കിലും അതും പാലിക്കപ്പെടുന്നുണ്ടോയെന്ന കാര്യം സംശയകരമാണ്. രോഗികളെക്കൊണ്ട് ബ്രാൻഡഡ് മരുന്നുകൾ പുറത്തുനിന്നും വാങ്ങിപ്പിക്കുന്ന അവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് അറിയുന്നത്.
നമ്മുടെ നിലവിലുള്ള നിയമങ്ങളും ബ്രാൻഡഡ് മരുന്നുകളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നതാണ് ദയനീയമായ കാര്യം. ഡോക്ടർ ബ്രാൻഡഡ് മരുന്നാണ് എഴുതുന്നതെങ്കിൽ മരുന്നുകടക്കാരന് അതിന് തത്തുല്യമായ വില കുറഞ്ഞ ജനറിക് മരുന്ന് നൽകാൻ ഗ്രഗ്സ് ആന്റ് കോസ്മെറ്റിക് ആക്ടിലെ 65-ാം വകുപ്പ് അനുവദിക്കുന്നില്ല. ഈ നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ ഡ്രഗ്സ് ടെക്നിക്കൽ അഡ്വവൈസ് കമ്മിറ്റി എതിർത്തതാണ് പ്രശ്നമായത്. ബ്രാൻഡഡ് മരുന്നുകളുടെ കുറിപ്പടിയുമായി എത്തുന്നവർക്ക് ബ്രാൻഡഡ് മരുന്നുകൾ തന്നെ നൽകാൻ അതുമൂലം ജനൗഷധി കേന്ദ്രങ്ങൾ നിർബന്ധിതരാകും. മരുന്നിനു വേണ്ടി കൂടുതൽ പണം ചെലവഴിക്കാൻ ഇത് പാവപ്പെട്ടവരെ നിർബന്ധിതരാക്കും. കമ്മിറ്റിയുടെ ഈ നിർദ്ദേശം ബ്രാൻഡഡ് മരുന്നുകൾ ഉൽപാദിപ്പിക്കുന്ന കുത്തക കന്പനികളെ സഹായിക്കുന്നതിനാണെന്ന ആരോപണം ശക്തമാണെന്നും അറിയുക. ഡോക്ടർമാരാകട്ടെ മരുന്നുകളുടെ രാസനാമം (ജനറിക് നാമം) ഡോക്ടർമാർ മരുന്നുകുറിപ്പടിയിൽ എഴുതണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ 2014 ഡിസംബറിലെ ഉത്തരവ് പരസ്യമായി ലംഘിക്കുകയുമാണ്. പക്ഷേ ജനറിക് മരുന്നുകൾ രോഗിക്ക് നൽകപ്പെടുന്ന വില ബ്രാൻഡഡ് മരുന്നുകളുടെ വിലയേക്കാൾ കുറവാണോ എന്ന കാര്യം സംസ്ഥാന സർക്കാർ പരിശോധിക്കുന്നുണ്ടോയെന്നത് വേറെ കാര്യം. ചില ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകളേക്കാൾ വളരെയേറെ കുറഞ്ഞ നിരക്കിലാണ് മരുന്നുകടക്കാരന് കിട്ടുന്നതെങ്കിലും ബ്രാൻഡഡ് മരുന്നിനേക്കാൾ ഒന്നോ രണ്ടോ രൂപ കുറച്ചു മാത്രമാണത് രോഗിയുടെ കൈയിൽ എത്തുന്നത്. അതായത് രോഗി ജനറിക് മരുന്ന് വാങ്ങുന്പോൾ ലാഭമുണ്ടാകുന്നത് രോഗിയേക്കാൾ മരുന്നുകടക്കാരനാണത്രേ.
സംസ്ഥാനത്തെ മരുന്നു വിപണനത്തിലുള്ള അനാശാസ്യ പ്രവണതകൾ അവസാനിക്കുന്നതിനും ഗുണനിലവാരമുള്ള മരുന്നുകൾ കുറഞ്ഞ ചെലവിൽ രോഗികൾക്ക് എത്തിക്കുന്നതിനും ആരോഗ്യരംഗത്ത് സമൂലമായ മാറ്റങ്ങൾ നിലവിൽ ആവശ്യമായി വന്നിരിക്കുന്ന സമയമാണിത്. ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഗുണനിലവാരമുള്ള മരുന്നുകൾ ഉറപ്പുവരുത്തുന്നതിനൊപ്പം ഡോക്ടർമാർ ജനറിക് നാമമാണ് കുറിപ്പടിയിൽ രേഖപ്പെടുത്തുന്നതെന്നും ജനറിക് മരുന്നുകൾ രോഗിക്ക് ലഭിക്കുന്ന വില ബ്രാൻഡഡ് മരുന്നുകളേക്കാൾ വളരെ കുറവായിരിക്കണമെന്ന കാര്യവും സർക്കാർ അടിയന്തരമായി ഉറപ്പുവരുത്തേണ്ടതുണ്ട്.
ജെ. ബിന്ദുരാജ്