അടിയന്തരശ്രദ്ധ വൃദ്ധജനക്ഷേമത്തിന് !
രഞ്ജിത്തിന്റെ കേരളാ കഫേ എന്ന സിനിമയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ദ ബ്രിഡ്ജ് എന്നൊരു കൂട്ടുചിത്രം ഓർമ്മയുണ്ടോ? പ്രായമായ മാതാവിനെ ഒരു പൂച്ചക്കുഞ്ഞിനെ കൊണ്ടുപോയി കളയുന്ന ലാഘവത്തോടെ ഉപേക്ഷിക്കുന്ന സലിം കുമാറിനെയാണ് ആ ചിത്രത്തിൽ നമ്മൾ കണ്ടത്. അത് സിനിമയല്ല ജീവിതം തന്നെയാണെന്ന് അതിനു മുന്പും പിന്പും പുറത്തുവന്ന റിപ്പോർട്ടുകളിലൂടെ നമുക്ക് നേരത്തെ തന്നെ ബോധ്യപ്പെട്ടിട്ടുമുണ്ട്. മാതാപിതാക്കളെ വയസ്സുകാലത്ത് ഉപേക്ഷിക്കുന്ന വാർത്തകൾ ഓരോ ദിവസവും കേരളത്തിൽ പുറത്തുവരുന്നുണ്ട്. അമ്മയെ തൊഴുത്തിൽ പൂട്ടിയിട്ടതും വീട്ടിലെ മുറിയിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ മാതാവിനെ കണ്ടെത്തിയതും ഉത്സവപ്പറന്പിൽ ഓർമ്മശക്തി നഷ്ടപ്പെട്ട മാതാവിനെ ഉപേക്ഷിച്ചു പോന്നതും കൈവശമുള്ള ഭൂമി മുഴുവനും എഴുതി വാങ്ങിയശേഷം മക്കൾ അമ്മയെ തെരുവിൽ ഉപേക്ഷിച്ചതുമായ വാർത്തകൾ നാം സമീപകാലങ്ങളിലൊക്കെ തന്നെയും കേട്ടിട്ടുമുണ്ട്. പ്രായമായ മാതാപിതാക്കൾ തങ്ങൾക്കൊപ്പം കഴിയേണ്ടവരല്ലെന്ന ഒരു മനോഭാവം മലയാളികൾക്കിടയിൽ രൂഢമൂലമായിട്ടുണ്ടെന്നതിന്റെ തെളിവാണ് കേരളത്തിൽ മുക്കിനു മുക്കിനു മുളച്ചുപൊന്തുന്ന വൃദ്ധസദനങ്ങളും 2011 മുതൽ 2016 വരെ കേരളത്തിൽ വൃദ്ധരായ മാതാപിതാക്കൾ തങ്ങളുടെ മക്കൾക്കെതിരെ ജീവനാംശത്തിന് ഫയൽ ചെയ്ത 8693 കേസ്സുകളും.
കേരളത്തിൽ കൊച്ചിയിലും കോട്ടയത്തും പത്തനംതിട്ടയിലും മറ്റു പല ജില്ലകളിലുമൊക്കെ ഓൾഡ് ഏജ് ഹോമുകൾ എന്ന പേരിലല്ലാതെ, സ്റ്റൈലൻ പേരുകളിൽ മുളപൊട്ടുന്ന ആഡംബര വൃദ്ധസദനങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ തന്നെയും മാതാപിതാക്കളോടുള്ള മലയാളി മക്കളുടെ മനസ്ഥിതി വെളിവാക്കപ്പെടും. പ്രായമായ അച്ഛനമ്മമാർ തങ്ങളോടൊപ്പം കഴിയുന്നതിനോട് താൽപര്യമില്ലാത്തവരാണ് അണുകുടുംബങ്ങളിൽപ്പെട്ട് പലരുമെങ്കിൽ മറ്റു പലരും തങ്ങൾ വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുകയാണെന്ന കാരണം ചൂണ്ടിക്കാട്ടി മാതാപിതാക്കൾക്ക് ആഡംബര വൃദ്ധസദനങ്ങളിൽ മുറികളൊരുക്കി അവരെ അകറ്റിനിർത്താനാണ് ശ്രമിക്കുന്നത്. സ്നേഹവും പരിചരണയുമൊക്കെ വേണ്ടുന്ന അന്ത്യകാലങ്ങളിൽ മക്കളിൽ നിന്നുമുണ്ടാകുന്ന കടുത്ത അവഗണന അവരെ മാനസികമായി കൂടുതൽ പരിക്ഷീണരാക്കുന്നു. തങ്ങളുടെ വിധിയിൽ പരിതപിച്ച് മരണത്തോടടുക്കുന്ന നിമിഷങ്ങൾ ചെലവഴിക്കാൻ അവർ നിർബന്ധിതരാകുന്നു. മക്കൾ ആർഭാഢത്തിന്റെ നെറുകയിൽ കഴിയുന്പോഴും അച്ഛനമ്മമാരോടുള്ള തങ്ങളുടെ കടപ്പാട് പണത്തിന്റെ മൂല്യത്തിൽ മാത്രം നോക്കിക്കാണാൻ താൽപര്യപ്പെടുന്നു അവർ. പഴുത്തില വീഴുന്പോൾ ചിരിക്കുന്ന പച്ചിലകൾ മാത്രമാണ് തങ്ങളെന്ന വാസ്തവം അപ്പോഴൊന്നും അവർ തിരിച്ചറിയുന്നില്ലെന്നതാണ് സ്ത്യം.
കേരളത്തിൽ മക്കളിൽ നിന്നും ജീവനാംശം തേടി മെയിന്റ്നൻസ് ട്രൈബ്യൂണലുകളെ സമീപിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമാണ് സമീപകാലങ്ങളിലായി ഉണ്ടായിരിക്കുന്നത്. മാതാപിതാക്കൾക്കും വൃദ്ധജനങ്ങൾക്കുമെതിരെയുള്ള മക്കളുടെ ക്രൂരതകൾ അവസാനിപ്പിക്കുന്നതിനായാണ് 2007ൽ മെയിന്റനൻസ് ഓഫ് പാരന്റ്സ് ആന്റ് സീനിയർ സിറ്റിസൺസ് എന്ന നിയമം ഉണ്ടാക്കപ്പെട്ടത്. ഈ നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരമാണ് ഓരോ സബ് ഡിവിഷനുകളിലും റവന്യു ഡിവിഷണൽ ഓഫീസർമാർ പ്രിസൈഡിങ് ഓഫീസർമാരായി മെയിന്റനൻസ് ടൈബ്യൂണലുകൾ രൂപീകരിക്കപ്പെട്ടത്. 60 കഴിഞ്ഞ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ പിഴ സഹിതം തടവുശിക്ഷയ്ക്ക് വിധേയമാക്കാനും 10,000 രൂപ വരെ സംരക്ഷണച്ചെലവ് നൽകാനും ദാനം ചെയ്ത വസ്തുക്കൾ തിരിച്ചുപിടിക്കാനുമൊക്കെ ഈ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. 2011 മുതൽ 2016 വരെ കേരളത്തിലെ മെയിന്റനൻസ് ട്രൈബ്യൂണലുകളിൽ മക്കളിൽ നിന്നുള്ള ജീവനാംശത്തിനും മക്കൾ വഞ്ചിച്ചതുമായി ബന്ധപ്പെട്ടും ആകെ ഫയൽ ചെയ്യപ്പെട്ടത് 8693 കേസ്സുകളാണ്. ഇവയിൽ ഏറ്റവും കൂടുതൽ പരാതികൾ ഫയൽ ചെയ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്; 1705 കേസ്സുകൾ. 1388 കേസ്സുകളുമായി എറണാകുളം തൊട്ടുപിന്നിലും 890 കേസ്സുകളുമായി പത്തനംതിട്ട മൂന്നാം സ്ഥാനത്തും 694 കേസ്സുകളുമായി കണ്ണൂർ നാലാം സ്ഥാനത്തുമാണ് ഉള്ളത്. ഈ കേസ്സുകളിൽ 5979 കേസ്സുകൾക്ക് പരിഹാരം കാണാൻ ഇന്ന് ട്രൈബ്യൂണലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. സ്വത്ത് മക്കൾക്ക് എഴുതി നൽകിയതിനെ തുടർന്ന് പുറന്തള്ളപ്പെട്ട മാതാപിതാക്കൾക്ക് ഭൂമി തിരിച്ചു ലഭിക്കാനും ഉപേക്ഷിക്കപ്പെട്ടവർക്ക് അർഹമായ മെയിന്റനൻസ് തുക പ്രതിമാസം മക്കളിൽ നിന്നും വാങ്ങി നൽകാനുമൊക്കെ ഈ ട്രൈബ്യൂണലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. സാധാരണ ജീവിതച്ചെലവുപോലും മക്കളോ ബന്ധുക്കളോ നൽകുന്നില്ലെങ്കിൽ സബ്ഡിവിഷണൽ മജിസ്ട്രേറ്റിനോ (ആർഡിഒ), മെയിന്റനൻസ് ട്രൈബ്യൂണലിലോ ഇന്ന് വൃദ്ധർക്ക് പരാതി നൽകാം. ട്രൈബ്യൂണലിന്റെ ഉത്തരവനുസരിച്ച് ജീവനാംശം മക്കൾ കൊടുത്തില്ലെങ്കിൽ ട്രൈബ്യൂണലിന് വാറണ്ട് പുറപ്പെടുവിക്കാനും അച്ഛന് നൽകാൻ ഉത്തരവായ തുകയും കുടിശ്ശികയുള്ള മാസങ്ങളിലെ ജീവനാംശവും നടപടിക്രമങ്ങളുടെ ചെലവുമൊക്കെ മക്കളിൽ നിന്നും ഈടാക്കാനുള്ള അവകാശവുമുണ്ട്. അത് പാലിച്ചില്ലെങ്കിൽ മക്കൾക്ക് ഒരു മാസം വരെ തടവുശിക്ഷയും ലഭിക്കാം. പക്ഷേ വാർദ്ധക്യകാലത്ത്, ജീവിക്കുന്നതിനായി സ്വന്തം മക്കളുമായി പണത്തിനായി പോരടിക്കേണ്ടി വരുന്നതിൽപരം മറ്റെന്ത് ദുരന്തം വേറെ ഉണ്ടാകാനാണ്?
വൃദ്ധജനങ്ങൾ നിരന്തരം ഇത്തരം ദുരിതക്കയങ്ങളിലേക്ക് വീഴ്ത്തപ്പെടുന്പോഴും സംസ്ഥാന സർക്കാരിന്റെ പക്ഷത്തു നിന്നും അവരുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ തുലോം തുച്ഛമാണെന്ന് പറയാതെ വയ്യ. കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വയോമിത്രം പദ്ധതി മാത്രമാണ് ഏക ആശ്വാസം. കോർപ്പറേഷന്റേയും മുൻസിപ്പാലിറ്റിയുടേയും പരിധിയിൽ ജീവിക്കുന്ന 65 വയസ്സ് കഴിഞ്ഞവർക്ക് മരുന്നും ചികിത്സയും പരിപാലന സംവിധാനങ്ങളുമെല്ലാം എത്തിച്ചു നൽകുന്നതാണ് വയോമിത്രം പദ്ധതി. ഈ പദ്ധതി നിലവിൽ ആറ് കോർപ്പറേഷനുകളിലും 34 മുൻസിപ്പാലിറ്റികളിലും നടപ്പാക്കുകയും ചെയ്തിരിക്കുന്നു. ഈ പദ്ധതി പ്രകാരം കിടപ്പുരോഗികൾക്ക് മൊബൈൽ ക്ലിനിക്ക് സംവിധാനമടക്കം പലതും ഏർപ്പാടാക്കിയിട്ടുണ്ടെന്നത് പല വൃദ്ധജനങ്ങളേയും വൃദ്ധസദനങ്ങളിലാകാതെ, സ്വന്തം വീടുകളിൽ തന്നെ കഴിയാൻ പര്യാപ്തമാക്കിയിട്ടുമുണ്ട്. വിദഗ്ദ്ധരായ ഡോക്ടർമാരുടെ ചികിത്സ വൃദ്ധജനങ്ങൾക്ക് ഉറപ്പാക്കാൻ വയോമിത്രം പദ്ധതിക്കാവുന്നുണ്ടെന്നാണ് ഇതുവരെയുള്ള അവരുടെ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത്. പദ്ധതി ആരംഭിച്ച് മൂന്നു വർഷം പിന്നിട്ടവേളയിൽ ഏതാണ്ട് 24 കോടി രൂപയോളം ഇതിനായി ചെലവഴിക്കപ്പെട്ടിട്ടുണ്ട്. 1,32,944 വൃദ്ധജനങ്ങൾക്ക് ഈ പദ്ധതി മൂലം ഗുണവുമുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. വയോമിത്രം ക്ലിനിക്കുകളിൽ എത്താൻ കഴിയാത്തവരുെട വീടുകൾ സന്ദർശിച്ച് വൃദ്ധജനങ്ങൾക്ക് ഭക്ഷണവും വസ്ത്രവും സഹായ ഉപകരണങ്ങളും സ്പോൺസർഷിപ്പിലൂടെ നൽകുവാനും പലയിടത്തും കഴിയുന്നുണ്ട്. കുടുംബശ്രീ, ആശാ-അംഗനവാടി പ്രവർത്തകരുടെ സഹകരണവും ഈ പദ്ധതിക്കു ലഭിക്കുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ചില പടലപ്പിണക്കങ്ങൾ മൂലം വൃദ്ധജനങ്ങൾക്ക് ലഭിക്കുന്ന മരുന്നും സഹായവുമൊക്കെ മുടങ്ങിപ്പോയതായി ചില വാർത്തകളുണ്ടായിരുന്നു. അത്തരം പ്രതിസന്ധികളൊന്നും പദ്ധതിയെ ബാധിക്കാതിരിക്കാൻ വേണ്ട നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതാണ്. മുതിർന്ന പൗരന്മാർക്കായുള്ള പകൽവീട് പോലുള്ള പദ്ധതികൾ അവരുടെ മാനസികോല്ലാസത്തിന് ഉപകരിക്കുമെന്നതും പ്രധാനം. വയോമിത്രം പദ്ധതി എല്ലാ നഗരസഭകളിലേയ്ക്കും പഞ്ചായത്തുകളിലേക്കുമൊക്കെ വ്യാപിപ്പിക്കുകയാണെങ്കിൽ വൃദ്ധജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെയെങ്കിലും പരിഹാരമാകും.
1985-ൽ പത്മരാജൻ തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമയെടുക്കുന്പോൾ വൃദ്ധസദനങ്ങൾ എന്ന സങ്കൽപം പോലും കേരളത്തിലുണ്ടായിരുന്നില്ല. അമ്മയെ വൃദ്ധസദനത്തിലെത്തിക്കാൻ പോകുന്ന മകൻ അന്ന് പ്രേക്ഷകർക്കിടയിൽ തീരെ സ്വീകരിക്കപ്പെട്ടില്ല. അങ്ങനെയൊക്കെ അമ്മമാരെ ഉപേക്ഷിക്കുന്നവർ ഉണ്ടാകുമോയെന്നായിരുന്നു അന്ന് വിമർശകരുടെ ചോദ്യം. പക്ഷെ ഇന്ന് ഓരോ പ്രദേശത്തേയും വൃദ്ധസദനങ്ങളിൽക്കഴിയുന്ന അച്ഛനന്മമാരുടെ കണക്കുപരിശോധിച്ചാൽ മലയാളിയുടെ മാറിയ മനസ്ഥിതി എത്രത്തോളം മനുഷ്യത്വരഹിതമായി മാറിയിരിക്കുന്നുവെന്ന് നമുക്ക് ബോധ്യപ്പെടും. അവനവന്റെ സുഖത്തിനും സൗകര്യങ്ങൾക്കുമായുള്ള യാത്രയിൽ പ്രതിസന്ധിയായി മാറുന്ന ആരേയും അവൻ ഒപ്പം ചേർക്കാൻ തയ്യാറല്ല. മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേയ്ക്ക് അയച്ച് അവൻ നോട്ടെണ്ണുന്ന യന്ത്രത്തിൽ കണ്ണെറിഞ്ഞു കഴിയുന്നു. അച്ഛനും അമ്മയ്ക്കും സ്നേഹവും പരിചരണവും ഏറ്റവും ആവശ്യമായി മാറുന്ന അവരുടെ രണ്ടാം ബാല്യത്തിൽ തങ്ങൾ വളർത്തി വലുതാക്കിയ മക്കൾ അവരെ കൈവെടിയുന്നു. പല വൃദ്ധസദനങ്ങളിലുമാകട്ടെ അടിസ്ഥാനപരമായ സൗകര്യങ്ങൾ പോലുമില്ലെന്നത് വേറെ കാര്യം. ജീവിതാന്ത്യം നരകതുല്യമാണ് അവിടങ്ങളിൽ എത്തുന്നവർക്ക്.
ഇടതുപക്ഷ സർക്കാർ അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ട ഒരു മേഖലയാണ് വൃദ്ധജനക്ഷേമം. കേരളത്തിൽ 60 വയസ്സുകഴിഞ്ഞവരുടെ എണ്ണം ഇന്ന് 32 ലക്ഷമായി മാറിയിരിക്കുന്നു. അതായത് ജനസംഖ്യയുടെ 11 ശതമാനം. 2020 ആകുന്പോഴേക്കും ഇത് 20 ശതമാനമായി വർദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2021-ൽ കേരളത്തിൽ വൃദ്ധന്മാരുടെ എണ്ണം 60 ലക്ഷത്തിലധികമായി വർദ്ധിക്കുമെന്നാണ് കണക്കുകൾ പറയുന്നത്. നിലവിൽ ഈ വൃദ്ധജനങ്ങളിൽ 67 ശതമാനം പേർ വിഭാര്യരോ വിധവകളോ ആണ്. കേരളത്തിൽ മക്കൾക്ക് അച്ഛനമ്മമാർ അധികപറ്റായി വരുന്നതോടെ കൂടുതൽ കൂടുതൽ വൃദ്ധസദനങ്ങളും നമുക്കാവശ്യമായി വരുമെന്നത് ഒരു യാഥാർത്ഥ്യമാണെന്നിരിക്കേ, അതിനുള്ള പ്രാരംഭ നടപടികൾ സർക്കാർ ഇപ്പോഴേ തുടങ്ങിെവയ്ക്കേണ്ടതുണ്ട്. നിലവിൽ സർക്കാരിന്റേതായി 16 വൃദ്ധസദനങ്ങളാണ് കേരളത്തിൽ ആകെയുള്ളത്. സംസ്ഥാനത്തെ വൃദ്ധസംരക്ഷണ നയത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വൃദ്ധസദനങ്ങളും പകൽ വീടുകളും ആരംഭിക്കാൻ സർക്കാർ 2 ലക്ഷം രൂപ വീതം ഓരോ സ്ഥാപനത്തിനും അനുവദിക്കുന്നുണ്ട്. പക്ഷേ ഈ തുക കൊണ്ടോ ഈ സ്ഥാപനങ്ങൾ കൊണ്ടോ പരിഹൃതമാകാത്തവിധം വ്യാപ്തിയുള്ള ഒരു പ്രശ്നമായി വൃദ്ധരുടെ ക്ഷേമം കേരളത്തിൽ വളരുകയാണ്. ഇതിനു പുറമേ വൃദ്ധർക്കു നേരെയുള്ള ക്രൂരമായ പീഡനങ്ങളും വർദ്ധിച്ചുവരുന്നുണ്ടെന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വന്തം വീട്ടിനുള്ളിൽ നിന്നുള്ള പീഡനത്തിൽപ്പെട്ട് മരിക്കുന്നവർക്കു പുറമേയാണ് മറ്റുമരണങ്ങൾ. സമീപകാലത്ത് തിരുവനന്തപുരത്ത് 65-കാരിയായ സ്ത്രീ നായകളുടെ കടിയേറ്റു മരിച്ചത് വലിയ വാർത്തയായിരുന്നു. ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധർ മോഷ്ടാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിനു പുറമേ, വൃദ്ധകളെ ബലാൽക്കാരം ചെയ്ത് കൊലപ്പെടുത്തുന്ന സംഭവങ്ങളും കേരളത്തിൽ സമീപകാലത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മക്കളോടുള്ള അമിത സ്നേഹത്താൽ അവരുടെ ജീവിതകാലത്തു തന്നെ മക്കൾക്ക് സ്വത്ത് വീതിച്ചുനൽകുന്നതും നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. അതിനു പകരം ഒസ്യത്തിലൂടെ മരണശേഷം മാത്രം സ്വത്ത് കൈമാറ്റം ചെയ്യാൻ അവരെ ബോധവാന്മാരാക്കണം.
ചുരുക്കത്തിൽ, വൃദ്ധരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി വയോമിത്രം പദ്ധതിക്കു പുറമേ, കൂടുതൽ വൃദ്ധസദനങ്ങൾ ആരംഭിക്കുന്നതിനും വൃദ്ധജന പരിപാലത്തിനായി മെച്ചപ്പെട്ട പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമാണ് സർക്കാർ ഊന്നൽ നൽകേണ്ടത്. പെൻഷൻ വീട്ടിലെത്തിച്ചു കൊടുക്കുന്ന സംവിധാനം പുനസ്ഥാപിച്ച ഇടതു സർക്കാരിന്റെ വൃദ്ധരോടുള്ള മനോഭാവം അനുതാപപൂർവ്വമുള്ളതാണെന്ന് കേരളം കണ്ടുകഴിഞ്ഞു. വരാനിരിക്കുന്ന നാളുകളിൽ അവരെ സംരക്ഷിക്കാനുതകുന്ന പദ്ധതികളുമായി മുന്നോട്ടുവരികയാണ് ഇനി ചെയ്യേണ്ടത്.