അവരെ ഇനിയുമിങ്ങനെ പീഡിപ്പിക്കരുത് !
ജെ. ബിന്ദുരാജ്
സംസ്ഥാനത്തെ എട്ട് നിർഭയ ഹോമുകളുടെ മേൽനോട്ടം വഹിക്കുന്ന മഹിളാ സമഖ്യ സൊസൈറ്റിയുടെ ഉദ്യോഗസ്ഥയ്ക്ക് കുറച്ചുകാലം മുന്പ് ഒരു വലിയ വാഗ്ദാനം ഒരാൾ വെച്ചുനീട്ടി. അവരുടെ കീഴിലുള്ള നിർഭയ ഹോമുകളിലൊന്നിൽ പാർപ്പിച്ചിട്ടുള്ള പീഡനത്തിനിരയായ ഒരു പെൺകുട്ടിയുമായി ഒത്തുതീർപ്പിന് സഹായിക്കുകയാണെങ്കിൽ അഞ്ചു കോടി രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയക്കാൻ എല്ലാ സഹായവും നൽകാമെന്നും പുനരധിവസിപ്പിക്കാമെന്നുമൊക്കെ കേസ്സിലെ പ്രതികളുടെ ഇടനിലക്കാരനായി വർത്തിച്ച അയാൾ അവരോട് പറഞ്ഞെങ്കിലും അവരോ പെൺകുട്ടിയോ അത്തരം വാഗ്ദാനങ്ങളൊന്നും തന്നെ സ്വീകരിച്ചില്ല. സമൂഹത്തിൽ രാഷ്ട്രീയമായും സാമൂഹ്യമായും സ്വാധീനശേഷിയുള്ള 15 പേർ കുറ്റപത്രത്തിലുള്ള ലൈംഗിക പീഡനക്കേസ്സായതിനാൽ (അതിൽ മൂന്നുപേരെ കോടതി ഒഴിവാക്കി), 2008ൽ കോഴിക്കോട് നടന്ന ഈ പീഡനം 2009ൽ അന്വേഷിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് പുറത്തുവന്നപ്പോൾ മുതൽ നേതാക്കന്മാരും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ പ്രതികളെ രക്ഷിക്കാൻ പെടാപ്പാടു പെടുകയായിരുന്നു. മുസ്ലിം ലീഗിന്റെ ഒരു പ്രമുഖ വനിതാ നേതാവു പോലും പ്രതികൾക്കായി വിലപേശലിനിറങ്ങി. തെക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു നടന്ന് 12−കാരിയായ ഈ മുസ്ലിം പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ അച്ഛനും വളർത്തച്ഛനും അമ്മയും പല ബന്ധുക്കളുമൊക്കെ ഉൾപ്പെട്ടിരിക്കുന്നു. കേസ്സിൽ നിന്നും തലയൂരിപ്പോരാൻ ബന്ധുക്കൾ പല കളികളും കളിച്ചു. മഹിളാ സമഖ്യയുടെ നിർഭയ ഹോമിൽ നിന്നും പെൺകുട്ടിയെ വീണ്ടെടുക്കാൻ അച്ഛൻ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും അടുത്ത ബന്ധുക്കൾ പെൺകുട്ടിയെ കാണാനും സ്വാധീനിക്കാനും അവസരം തേടുകയുമൊക്കെ ചെയ്തതാണ്. പക്ഷേ അവയൊന്നും തന്നെ വിലപ്പോയില്ല. അതുകൊണ്ടാണ് ഈ കേസ്സിൽ ഒത്തുതീർപ്പുണ്ടാക്കി കേസ്സിൽ നിന്നും ഊരിപ്പോരാൻ ബന്ധുക്കൾ തന്നെ ഒരു ഇടനിലക്കാരനെ അഞ്ചുകോടി രൂപ വാഗ്ദാനവുമായി ഉദ്യോഗസ്ഥയ്ക്കരികിലേയ്ക്ക് അയച്ചത്. പന്ത്രണ്ടു വയസ്സിൽ പീഡിപ്പിക്കപ്പെട്ട ആ പെൺകുട്ടിയെ ഒരിക്കൽ കോഴിക്കോട് കോടതിയിൽ ഹാജരാക്കിയതു പോലും അതീവ സുരക്ഷയൊരുക്കിയ ശേഷമായിരുന്നു.
ഈ പെൺകുട്ടി ഇന്ന് മഹിളാ സമഖ്യയുടെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാനത്തെ എട്ട് നിർഭയാ ഹോമുകളിലൊന്നിലുണ്ട്. താൻ ചെറുപ്പത്തിൽ നേരിട്ട ലൈംഗിക ചൂഷണത്തിന്റെ വ്യാപ്തി ഇപ്പോൾ അവൾ നന്നായി തിരിച്ചറിയുകയും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു. ഡാറ്റാ എൻട്രി ഓപ്പറേറ്ററായി തൊഴിലെടുക്കുകയാണ് ഇന്ന് അവർ. സംസ്ഥാനത്ത് ഇന്ന് മൊത്തം പ്രവർത്തിച്ചുവരുന്ന 11 നിർഭയാ ഹോമുകളിൽ താമസിച്ചുവരുന്ന വിവിധ തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയയായ 400 ഓളം വരുന്ന അന്തേവാസികൾ താമസിച്ചുവരുന്ന നിർഭയ ഹോമുകളിലൊന്നിലാണ് അവരുടേയും താമസം. മാതാപിതാക്കൾ അടക്കമുള്ള ബന്ധുക്കളാൽ പീഡനം നേരിട്ട ഇത്തരത്തിലുള്ള ദൗർഭാഗ്യവതികളായ സ്ത്രീകൾക്ക് ഏക ആശ്രയമാണ് 2012 ജൂണിൽ കേന്ദ്ര സർക്കാരിന്റെ നിർഭയ നയത്തെ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ ആരംഭിച്ച ഇത്തരം ഹോമുകൾ. പക്ഷേ ഇവിടത്തെ അന്തേവാസികളുടെ ജീവിതം ഇന്ന്, പുറമേ നിന്നുള്ള വ്യക്തികളുടെ ഭീഷണികൾക്കു പുറമേ, സർക്കാരിന്റെ കൃത്യസമയത്ത് ലഭ്യമല്ലാത്ത ഫണ്ടുകളിലും മറ്റ് പരാധീനകളിലും പെട്ടുഴലുകയാണെന്നതാണ് വാസ്തവം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിർഭയ ഹോമുകളില്ലെന്നതും പല ഹോമുകളും പ്രവർത്തിക്കുന്നതും അവയ്ക്ക് ഉൾക്കൊള്ളാനാകുന്നതിലും ഇരട്ടി അംഗങ്ങളുമായാണെന്നതും ഇരയാക്കപ്പെട്ടവരുടെ ജീവിതം കൂടുതൽ ദുരിതമയമായി മാറാൻ ഇടയാക്കുകയും ചെയ്യുന്നു. എന്തിന്, 35 പേരെ മാത്രം താമസിപ്പിക്കാനാകുന്ന തിരുവനന്തപുരം വെഞ്ഞാറന്മൂടിലെ നിർഭയ ഹോമിൽ നിലവിൽ 72 പേരെയാണ് പാർപ്പിച്ചിരിക്കുന്നതെന്നറിയുക!
കേരളത്തിൽ ഇന്ന് പ്രവർത്തിക്കുന്ന മൊത്തം 11 നിർഭയാ ഹോമുകളിൽ എട്ടെണ്ണം പ്രവർത്തിക്കുന്നത് മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിലാണ്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോഡ് എന്നിവിടങ്ങളിലാണ് സമഖ്യയുടെ കീഴിലുള്ള ഹോമുകളെങ്കിൽ കോഴിക്കോടും എറണാകുളത്തും തൃശൂരും ഈ ഹോമുകൾ നടത്തുന്നത് സന്നദ്ധ സംഘടനകളാണ്. കേരളത്തിൽ അഞ്ചു ജില്ലകളിൽ (കണ്ണൂർ, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ) നിർഭയ ഹോമുകൾ നിലവിൽ പ്രവർത്തിക്കുന്നുമില്ല. പക്ഷേ ഹോമുകൾ ഉണ്ടെന്നു പറഞ്ഞിട്ടു മാത്രം ഒരു കാര്യവുമില്ല. ഈ ഹോമുകളിൽ പാർക്കുന്നവർക്കായി സർക്കാർ പ്രതിമാസം വാഗ്ദാനം ചെയ്യുന്ന തുക കൃത്യമായി ഒരിക്കൽപോലും നടത്തിപ്പുകാർക്ക് എത്താറില്ലെന്നതാണ് വാസ്തവം. കഴിഞ്ഞ രണ്ടു മാസക്കാലമായി സംസ്ഥാനത്തെ ഈ അഭയകേന്ദ്രങ്ങൾക്ക് ഒരാൾക്ക് 2000 രൂപ കണക്കിൽ ലഭിക്കേണ്ടുന്ന തുക പോലും ഇനിയും ലഭിച്ചിട്ടില്ലെന്നതാണ് ഏറ്റവും വലിയ ദുരവസ്ഥ. ജീവിതത്തിൽ വലിയ പീഡനങ്ങളേൽക്കുകയും വീടുകളിലേയ്ക്ക് മടങ്ങാനാകാത്ത അവസ്ഥയുള്ളവരുമായി ഈ സ്ത്രീകളേയും പെൺകുട്ടികളേയും മറ്റെന്തിനേക്കാളും ശ്രദ്ധാപൂർവ്വം പരിചരിക്കേണ്ടതാണെന്ന തിരിച്ചറിവ് നിർഭയ സെല്ലിന്റെ നടത്തിപ്പുകാർക്കും സർക്കാരിനും ഇല്ലാതെ പോകുന്നത് വലിയൊരു അപരാധം തന്നെയാണ്. ഇപ്പോൾ തന്നെ മതിയായ കിടക്കകളോ കട്ടിലുകളോ കിടക്ക വിരികളോ അംഗങ്ങൾക്കായുള്ള വസ്ത്രങ്ങളോ ഇല്ലാത്ത അവസ്ഥയിലാണ് മിക്ക ഹോമുകളും. എന്നാൽ വരവു ചെലവു കണക്കുകൾ കൃത്യസമയത്ത് ലഭിക്കാതിരുന്നതു മൂലമാണ് ഫണ്ട് റിലീസ് ചെയ്യാൻ കാലതാമസമുണ്ടാക്കുന്നതെന്നാണ് നിർഭയ സെൽ ഡയറക്ടറായ മിനി നായരുടെ വിശദീകരണം.
ഈ അന്തേവാസികളുടെ ദൈനംദിന ഭക്ഷണത്തിനും അനുബന്ധ ചെലവുകൾക്കും പ്രതിമാസം 2000 രൂപ നൽകുന്നത് തീർത്തും അപര്യാപ്തമാണെന്ന് അറിയാത്തവരല്ല ആരും തന്നെ. 2013-14ൽ നിർഭയ പദ്ധതിയ്ക്കായുള്ള ഫണ്ട് ഇനത്തിൽ കേന്ദ്ര സർക്കാർ 1000 കോടി രൂപ വീതമാണ് മാറ്റിവെച്ചത്. ഓരോ വർഷവും 1000 കോടി രൂപ വീതം പദ്ധതിയ്ക്കായി മാറ്റിെവച്ചിട്ടുണ്ടെങ്കിലും ഈ തുകയൊന്നും കൃത്യമായി ചെലവഴിക്കപ്പെടുന്നില്ലെന്ന് കണക്കുകൾ പറയുന്നു. ഇതുവരേയ്ക്കും 3000 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ പദ്ധതി ആസൂത്രണമില്ലാത്തതിനാൽ ഇവ സംസ്ഥാനങ്ങളിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള അതാത് സമിതികൾക്ക് ശരിയായ വിധത്തിൽ ലഭ്യമാക്കാൻ കേന്ദ്രത്തിനുമാവുന്നില്ല. ഏകജാലക ക്രൈസിസ് മാനേജ്‌മെന്റ് സംവിധാനത്തിനായും ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായും പോലീസിനു കീഴിൽ വിവിധ അന്വേഷണ യൂണിറ്റുകൾ ഉണ്ടാക്കുന്നതിനുമൊക്കെയായി ഈ വർഷം അനുവദിക്കപ്പെട്ട 600 കോടി രൂപയുടെ അവസ്ഥയും ഇതു തന്നെ.
ശന്പളത്തിന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. നിർഭയ ഹോമുകളിൽ പ്രവർത്തിക്കേണ്ടുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾക്ക് സർക്കാർ പ്രതിമാസം നിശ്ചയിച്ചിരിക്കുന്ന ശന്പളം കേവലം 5000 രൂപയാണ്. ഈ തുകയ്ക്ക് ഏത് സൈക്കോളജിസ്റ്റാണ് അവിടെ തൊഴിലെടുക്കാൻ സന്നദ്ധയാകുക? സ്ഥാപനത്തിൽ താമസിക്കേണ്ടി വരുന്ന പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടവരുടെ ആരോഗ്യപരവും വിദ്യാഭ്യാസപരവും തൊഴിൽ പരിശീലനവും ഭക്ഷണവും താമസവുമൊക്കെ പ്രതിമാസം നൽകുന്ന 2000 രൂപ കൊണ്ട് സാധ്യമാകുന്ന ഒന്നല്ലെന്ന് എങ്ങനെയാണ് ഭരണാധികാരികളെ അവർ ബോധ്യപ്പെടുത്തുക? ഇവർക്ക് ഇത്രയൊക്കെ മതിയെന്ന് ഭരണാധികാരികൾ നിശ്ചയിക്കുന്പോഴാകട്ടെ, ഇരകൾക്കുനേരെയുള്ള അവരുടെ മനോഭാവം കൂടിയാണ് വാസ്തവത്തിൽ മറ നീങ്ങി പുറത്തുവരുന്നത്.
നിർഭയ ഹോമുകളുടെ നടത്തിപ്പിൽ വിവിധ വകുപ്പുകൾ തമ്മിൽ സഹകരണമില്ലാത്തതും ഇവയുടെ പ്രവർത്തനമാന്ദ്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. സാമൂഹ്യനീതി വകുപ്പും ആരോഗ്യ വകുപ്പും പോലീസും പട്ടികജാതി പട്ടിക വർഗക്ഷേമ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും തൊഴിൽ വകുപ്പുമെല്ലാം സഹകരിച്ചു പ്രവർത്തിക്കേണ്ട മേഖലയാണിത്. വിവിധ പീഡനക്കേസുകളിൽ ഉൾപ്പെട്ട് ഇവിടെ കഴിയുന്ന 400 സ്ത്രീകളിൽ 75 ശതമാനം പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരാണെന്ന കാര്യം ആ വകുപ്പ് ഗൗരവമായി തന്നെയെടുക്കേണ്ടതാണ്. പീഡനത്തിന് ഇരയാക്കപ്പെട്ടവരിൽ വലിയൊരു വിഭാഗവും സ്വന്തം കുടുംബാംഗങ്ങളിൽ നിന്നും പീഡനത്തിന് ഇരയായവരായതിനാൽ ഇവർക്ക് ആ വീടുകളിലേയ്ക്ക് തന്നെ മടങ്ങിപ്പോകേണ്ടി വരുന്ന ദുരവസ്ഥ ഒഴിവാക്കാൻ സർക്കാർ തലത്തിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകേണ്ടതും അവർക്കായി പുനരധിവാസപ്രവർത്തനങ്ങൾ നടത്തേണ്ടതും അനിവാര്യമാണ്. പീഡനത്തിനിരയായ ചില പെൺകുട്ടികൾ പ്രസവത്തിനായി തങ്ങളുടെ വീടുകളിലേയ്ക്ക് മടങ്ങിയതും പിന്നീട് അവർ വീണ്ടും ലൈംഗിക പീഡനങ്ങൾക്ക് ഇരയായതുമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നതും നാം മനസ്സിലാക്കണം. അതായത് നിലവിലെ അവസ്ഥയിൽ പീഡനത്തിനിരയായ പെൺകുട്ടികൾക്ക് താമസിക്കാനാകുന്ന ഹ്രസ്വകാല താമസയിടം മാത്രമാണ് നിർഭയ ഹോമുകൾ. തിരുവനന്തപുരത്തെ നിർഭയ ഹോമുകളിൽ പ്രതിസന്ധികളെ അതിജീവിച്ചും പൊരുതിക്കൊണ്ട് പുതിയൊരു ജീവിതം കെട്ടിപ്പടുത്ത സ്ത്രീകളുണ്ടെന്നത് ആ പറഞ്ഞതിന് ഒരു അപവാദമാണെന്നതു സമ്മതിക്കുന്നു അഞ്ച് പെൺകുട്ടികളാണ് ഇവിടെ നിന്നും വിധിക്കെതിരെ പോരാടി സ്വന്തം കാലിൽ നിൽക്കുന്നതിനായുള്ള തൊഴിലുകളിലെത്തപ്പെട്ടത്. പക്ഷേ പീഡിപ്പിച്ചവർ താമസിക്കുന്ന സ്വന്തം വീടുകളിലേക്ക് തന്നെ മടങ്ങേണ്ടി വന്നവരെ നാം കാണാതിരുന്നുകൂടാ. അതവർക്കുണ്ടാക്കുന്ന കടുത്ത മാനസികാഘാതവും ആ വീടുകളിൽ അവർ പിന്നീട് ഏതു മട്ടിലാകും സ്വീകരിക്കപ്പെടുകയെന്ന കാര്യവും ആർക്കും പ്രവചിക്കാനാകുന്നതല്ല.
വീട്ടിനകത്തും പുറത്തുമുള്ള പീഡനങ്ങൾ സ്ത്രീകളെ എല്ലായിടത്തും പിന്തുടരുകയാണെന്നതാണ് ദയനീയമായ കാര്യം. പീഡനത്തിനിരയായ പെൺകുട്ടിയെ സ്വാധീനിക്കാനും പെൺകുട്ടിയുടെ അഭിഭാഷകനെ വരുതിയിലാക്കാനുമൊക്കെ നേരത്തെ പറവൂർ പീഡനക്കേസിലെ പെൺകുട്ടിയുടെ കാര്യത്തിലും ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് നമുക്കറിയാവുന്നതുമാണ്. ആ പെൺകുട്ടിയും സ്വന്തം വീട്ടിലേയ്ക്ക് മടങ്ങാനാകാത്ത അവസ്ഥയിൽ തന്നെയാണ് ഇത്തരം ഹോമുകളിലൊന്നിൽ ജീവിതം മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നത്. സ്വാധീനശേഷിയുള്ളവരാണ് ഇത്തരം പീഡനക്കേസ്സുകളിൽ ഉൾപ്പെടുന്നവരിൽ ഒട്ടുമിക്കവരുമെന്നത് ആ കേസ്സുകൾ അട്ടിമറിക്കാൻ നടത്തപ്പെടുന്ന ഇടപെടലുകളിൽ നിന്നു തന്നെ വ്യക്തവുമാണ്.
ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാൻ കഴിഞ്ഞ ജൂലൈ 14ന് കൊച്ചിയിലെ നിരത്തിൽ വച്ച് ഒരു വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരിയെ കടന്നുപിടിച്ചിട്ട് അധികകാലമായിട്ടില്ല. മാഞ്ഞൂരാനു വേണ്ടി അഭിഭാഷകരിലെ ഒരു തെമ്മാടിക്കൂട്ടം അണിനിരന്നെങ്കിലും ഒടുവിൽ പല സമ്മർദ്ദങ്ങളേയും അതിജീവിച്ച് പോലീസ് മാഞ്ഞൂരാനെതിരെ കുറ്റപത്രം സമർപ്പിച്ചു. യുവതിയുടെ പിതാവിനെ അടക്കം സമ്മർദ്ദത്തിലാഴ്ത്തി കേസ്സിൽ നിന്നും ഊരിപ്പോരാൻ ധനേഷ് ശ്രമിച്ചെങ്കിലും യുവതിയുടെ ഐപിസി 164 അനുസരിച്ചുള്ള മൊഴി പ്ലീഡറെ കുടുക്കി. പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്നു തന്നെയാണ് ഓഗസ്റ്റ് 16ന് അന്വേഷണ ഉദ്യോഗസ്ഥൻ ഐപിസി 354 പ്രകാരം ഫയൽ ചെയ്ത കുറ്റപത്രത്തിൽ പറയുന്നത്. സ്ത്രീയെ മാനഭംഗപ്പെടുത്താൻ മാഞ്ഞൂരാൻ ശ്രമിച്ചുവെന്ന വാർത്ത മാധ്യമങ്ങളിൽ വന്നതിനെ തുടർന്ന് ഒരു വിഭാഗം അഭിഭാഷകർ മാധ്യമപ്രവർത്തകരെ വിവിധ കോടതി പരിസരങ്ങളിൽ വച്ച് ആക്രമിക്കുകയും കോടതിയിലെ മീഡിയ മുറി അടച്ചുപൂട്ടുകയുമൊക്കെ ചെയ്തത് വലിയ വാർത്തയായിരുന്നു. പീഡനത്തിന് ഇരയായ സ്ത്രീയെ സംബന്ധിച്ചിടത്തോളം അവർക്ക് ഈ സംഭവവികാസങ്ങളുണ്ടാക്കിയ ഭയം ചെറുതാകാൻ ഇടയില്ല. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ‘താനിപ്പോൾ പത്ര വായന നിർത്തിയെന്നും ടെലിവിഷൻ വാർത്തകൾ കാണുന്നത് കുറച്ചെന്നും’ അവർ പറയുന്നത് അതുകൊണ്ടാണ്. നിയമവും നീതിയുമൊക്കെ രാഷ്ട്രം ഉറപ്പുനൽകുന്ന അവകാശമാണെന്ന് സ്‌കൂൾ ക്ലാസ്സുകളിൽ പഠിച്ച ആ സ്ത്രീ താൻ പീഡിപ്പിക്കപ്പെട്ടപ്പോൾ ഏതു രീതിയിലാണ് നിയമരക്ഷകരായി നിലകൊള്ളേണ്ട അഭിഭാഷകർ പെരുമാറിയതെന്ന് നാം നേരിട്ട് കണ്ടറിഞ്ഞ സമയങ്ങളായിരുന്നു അത്.
ഒരുപക്ഷേ ആ സംഭവത്തെ പിൻപറ്റിയായിരുന്നിരിക്കണം സ്ത്രീ സുരക്ഷയെപ്പറ്റി എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ 14 സെക്കൻഡ് നോട്ട് കമന്റ് ഉണ്ടായത്. 14 സെക്കൻഡ് നേരം ഒരു സ്ത്രീയെ ആരെങ്കിലും തുറിച്ചുനോക്കിയാൽ അയാൾക്കെതിരെ കേസ്സെടുക്കാനാകുമെന്നാണ് സിംഗ് പറഞ്ഞത്. 2012ലെ ഡൽഹി നിർഭയ കൂട്ടബലാൽസംഗക്കേസിനെ തുടർന്ന് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനാവശ്യമായ നിലവിലുള്ള നിയമങ്ങൾ പുനപ്പരിശോധിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ നിയമിച്ച ജസ്റ്റിസ് വർമ്മ കമ്മീഷൻ സ്ത്രീയെ ഒരു നിശ്ചിത സമയം ലൈംഗികച്ചുവയോടെ നോക്കിയാൽ, ആ സ്ത്രീയ്ക്ക് പരാതിയുണ്ടെങ്കിൽ എഫ്.ഐ.ആർ ഇട്ട് കേസ്സ് രജിസ്റ്റർ ചെയ്യാമെന്ന് നിർദ്ദേശിച്ചിരുന്നതായി സിംഗ് പിന്നീട് പരാമർശം വിശദീകരിക്കുകയും ചെയ്തിരുന്നു. വർമ്മ കമ്മീഷന്റെ നിർദ്ദേശപ്രകാരം ഭേദഗതി ചെയ്യപ്പെട്ട 2013ലെ ഭേദഗതി വരുത്തിയ നിയമത്തിൽ സെക്ഷൻ 351 സി പ്രകാരം ലൈംഗികച്ചുവയുള്ള നോട്ടത്തിനെതിരെ (അതിന് സമയപരിധിയൊന്നുമില്ല) സ്ത്രീയ്ക്ക് കേസ്സു കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
പീഡനങ്ങൾ കേരളത്തിൽ തുടർക്കഥയാകുകയും പീഡിപ്പിക്കപ്പെടുന്നവരിൽ 60 ശതമാനവും സ്വന്തം ബന്ധുക്കളിൽ നിന്നും രക്തബന്ധമുള്ളവരിൽ നിന്നുമാകുന്പോൾ നിർഭയ ഹോമുകളുടെ പ്രാമുഖ്യം കൂടുതൽ വലുതായി മാറിക്കൊണ്ടിരിക്കുകയാണ്. വീട്ടിലേയ്ക്ക് തിരികെ പോകാനാകാത്ത ഇവരെ പുനരധിവസിപ്പിക്കാനും അവരെ തൊഴിലുകളിലെത്തിക്കാനുമുള്ള ശ്രമങ്ങൾ വലിയ തോതിൽ നിർഭയ ഹോമുകൾ നടത്തേണ്ടതുണ്ട്. പക്ഷേ അതിന് ഇപ്പോഴത്തെ ധനസഹായം കൊണ്ടോ പ്രവർത്തനങ്ങൾ കൊണ്ടോ ഒന്നുമാവില്ല. പീഡനങ്ങൾക്ക് അറുതി വരുത്താൻ നമുക്കാകാത്ത സ്ഥിതിക്ക് പീഡനങ്ങൾക്ക് വിധേയരാവുന്നവരെ സ്വന്തം കാലിൽ നിർത്താനുള്ള സംവിധാനം ഉണ്ടാക്കി നൽകാനുള്ള ഇച്ഛാശക്തിയാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്.