കേരളമല്ലിത്, കാറളം!
ജെ. ബിന്ദുരാജ്
വാഹനങ്ങളുടെ കാര്യത്തിൽ അതീവ തൽപരനാണ് ഭീമ ജ്വല്ലേഴ്‌സ് ചെയർമാനായ ഡോക്ടർ ബി ഗോവിന്ദൻ. അദ്ദേഹത്തിന്റെ അച്ഛൻ ഭീമ ഭട്ടരുടെ അതേ വാഹനഭ്രമം തന്നെയാണ് ഗോവിന്ദനുമുള്ളത്. 1961ൽ അച്ഛൻ വാങ്ങിയ ഷെവർലേയിൽ തുടങ്ങുന്നു ആ താൽപര്യം. പിന്നീട് അച്ഛൻ അംബാസിഡറും ഹെറാൾഡുമൊക്കെ ഉണ്ടായിരുന്നതിനാൽ വിദേശ വാഹനങ്ങളോടായിരുന്നു ഗോവിന്ദന് കൂടുതൽ താൽപര്യം. 15 വയസ്സിൽ തന്നെ ഡ്രൈവിങ് പഠിച്ചതിനാൽ ഈ ഹരം സ്വന്തമായി പണമുണ്ടാക്കാൻ തുടങ്ങിയതോടെ പരമകാഷ്ഠയിലെത്തി. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത മെർസിഡസ് ബെൻസ് 190യിൽ തുടങ്ങിയ താൽപര്യം ഇന്ന് റോൾസ് റോയ്‌സ് ഗോസ്റ്റ് 2, ബെന്റ്‌ലി, ബെൻസ് ഇക്ലാസ്, എസ് ക്ലാസ്, ലാൻഡ് ക്രൂയ്‌സർ, പോർഷെ കെയ്ൻ, ബി.എം ഡബ്ല്യു എക്‌സ് 5, ഔഡി എ 4, ജാഗ്വർ എക്‌സ് ജെ എൽ, ഫാക്‌സ് വാഗൺ ബീറ്റിൽ എന്നിങ്ങനെയുള്ള ആഡംബര വാഹനങ്ങളിലെത്തി നിൽക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ മാത്രം 30 കോടിയോളം രൂപ വാഹനങ്ങൾ വാങ്ങാനായാണ് ഗോവിന്ദൻ നീക്കിവച്ചത്. തിരുവനന്തപുരത്ത് കവടിയാർ റോഡിലുള്ള തന്റെ മൂന്നു നില വീടായ കൃഷ്ണയുടെ ഗ്രൗണ്ട് ഫളോർ പൂർണമായും വാഹനങ്ങളുടെ പാർക്കിങ്ങിനായാണ് അദ്ദേഹം സജ്ജീകരിച്ചിട്ടുള്ളത്. 11 വാഹനങ്ങൾക്ക് ഒരേ സമയം അവിടെ പാർക്ക് ചെയ്യാനാകും. ഓരോ കാര്യങ്ങൾക്കും ഗോവിന്ദൻ ഇറങ്ങിത്തിരിക്കുന്നത് ഓരോ വാഹനങ്ങളിലാണെന്നത് വേറെ കാര്യം.
ഇത് ഗോവിന്ദന്റെ മാത്രം കാര്യമല്ല. കേരളത്തിൽ സൂപ്പർ കാറുകളും ആഡംബര കാറുകളുമൊക്കെ സ്വന്തമാക്കുന്നവരുടെ എണ്ണം ഓരോ വർഷം ചെല്ലുന്തോറും വർദ്ധിച്ചുവരികയാണ്. ജാഗ്വർ− ലാൻഡ്‌റോവർ പ്രതിമാസം 20−ഓളം യൂണിറ്റുകളും ഔഡി 50−60 യൂണിറ്റുകളും മെർസിസഡസ് ബെൻസ് 75−ഓളം യൂണിറ്റുകളും ബി.എം.ഡബ്ല്യു 50−ഓളം യൂണിറ്റുകളും പ്രതിമാസം വിൽക്കുന്ന സ്ഥിതി കേരളത്തിൽ സംജാതമായിരിക്കുന്നു. കഴിഞ്ഞ വർഷം കേരളത്തിലെത്തിയ ജർമ്മൻ കാർ നിർമ്മാതാക്കളായ പോർഷെ 130−ൽ അധികം കാറുകൾ വിറ്റുകൊണ്ട് മലയാളിയെ ഞെട്ടിച്ചിരിക്കുന്നു. മെർസിഡസ് ബെൻസും ബി.എംഡബ്ല്യുവും കേരളത്തിന്റെ രണ്ടാമത്തെ ഡീലർഷിപ്പിന് പച്ചക്കൊടി കാട്ടുകയും ചെയ്തതോടെ ആഡംബര കാർ വിപണിയിൽ അത്യുത്സാഹകരമായ മത്സരത്തിനാണ് കേരളത്തിൽ തിരിതെളിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ പതിനെട്ടിന് ബി.എം.ഡബ്ല്യുവിന്റെ രണ്ടാമത്തെ ഷോറൂമിന് കൊച്ചിയിൽ തുടക്കമായ ദിവസം തന്നെ മൂന്നുകോടി രൂപയ്ക്കുമേൽ വിലയുള്ള ഏറ്റവും പുതിയ ഐ 8 വിറ്റുപോയി. രഹ്ന ഹോംസിന്റെ മാനേജിങ് ഡയറക്ടറും ആഡംബര കാർ പ്രേമിയുമായ സക്കീർ ഹുസൈൻ ചോലയിലാണ് അന്നേ ദിവസം ആ കാർ സ്വന്തമാക്കിയത്. റേഞ്ച്‌റോവർ സ്‌പോർട്ടും മിനി കൂപ്പർ കൺവെർട്ടിബിളുമൊക്കെ അടക്കം ആറു കോടിയിലധികം രൂപയുടെ ആഡംബര വാഹനങ്ങൾ സക്കീറിനുമുണ്ട്.
കോയൻകോ ഗ്രൂപ്പ് ഓഫ് കന്പനീസിന്റെ ഡയറക്ടറായ പി.പി ജസീക്കിന്റെ കൈവശമാകട്ടെ ഫെരാരി 458 ഇറ്റാലിയയും പോർഷെ കേയനുമടക്കം ആഡംബര വാഹനങ്ങളുടെ നിര തന്നെയുണ്ട്. കോളേജിൽ പഠിക്കുന്ന കാലത്ത് രണ്ട് ഡോറുള്ള മിസ്തുബിഷി പജേറോ വാങ്ങിക്കൊണ്ടായിരുന്നു ഇറക്കുമതി കാറുകളുമായുള്ള ചങ്ങാത്തത്തിന് തുടക്കം. ലംബോർഗിനി ഗലാർഡോയെ കേരളത്തിലെത്തിച്ചത് ആദ്യമായി അദ്ദേഹമായിരുന്നു. റോൾസ് റോയിസ് ഗോസ്റ്റ് അടക്കം പല വാഹനങ്ങളും അദ്ദേഹത്തിനുണ്ട്. ഖത്തറിലേയും യു.എ.ഇ−യിലേയും പ്രമുഖ ഓഫ്‌ഷോർ−ഓൺഷോർ ഫ്യുവൽ ബങ്കറിങ് ബിസിനസുകാരായ സൺഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ തൃശൂർ തെക്കേ അടിയാട്ട് സുന്ദർമേനോൻ മുത്തച്ഛന്റെ ഓസ്റ്റിൻ ഇംഗ്ലണ്ടിലാണ് ൈഡ്രവിങ്ങ് പഠിച്ചതെങ്കിലും 2003−ൽ കേരളത്തിൽ വന്നപ്പോൾ ആദ്യം വാങ്ങിയത് ഒരു ലക്‌സസ് 570 ആണ്. കേരളത്തിലെ ആദ്യത്തെ ബി.എം.ഡബ്ല്യു 7 സീരിസ് കാറിനു പുറമേ മേനോന് ഒരു ടെയോട്ട ലാൻഡ് ക്രൂസിസറടക്കം പല ആഡംബര വാഹനങ്ങളും കേരളത്തിലുണ്ട്. വിദേശത്ത് സ്വന്തമായി എണ്ണക്കപ്പലുകളുള്ള മേനോന്റെ അവിടത്തെ സഞ്ചാരം ലക്‌സസിലും മേഴ്‌സിഡസ് ബെൻസിന്റെ ഏറ്റവും മുന്തിയ വാഹനങ്ങളിലുമൊക്കെയാണ്.
കേരളത്തിൽ പ്രതിവർഷം 2000 എണ്ണം ആഡംബര വാഹനങ്ങൾ വരെ വിറ്റഴിയുന്നുണ്ടെന്നാണ് കണക്കുകൾ. സംസ്ഥാനത്തെ 2000 കോടി രൂപ മതിപ്പുള്ള ആഡംബര കാർ വിപണി ഇന്ന് നാൽപതു ശതമാനം നിരക്കിൽ പ്രതിവർഷം വളർച്ച കൈവരിക്കുന്നുമുണ്ട്. ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം രാജ്യത്തെ ആഡംബര കാർ വിപണിയുടെ പത്തു ശതമാനവും ഇന്ന് കേരളത്തിലാണെന്നാണ് റിപ്പോർട്ടുകൾ. 2015−ൽ മാത്രം ഇന്ത്യയിൽ 35,300 ആഡംബര വാഹനങ്ങൾ വിറ്റഴിഞ്ഞുവെന്നാണ് കണക്കുകൾ. ഡൽഹി സർക്കാർ 2000 സി.സിക്കു മുകളിലുള്ള വാഹനങ്ങൾക്ക് നിരോധനം കൊണ്ടുവരികയും ഗ്രീൻ ട്രൈബ്യൂണൽ അവയ്ക്ക് ചില സംസ്ഥാനങ്ങളിൽ നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തുവെങ്കിലും ആഡംബര കാർ വിപണി ഇന്ത്യയിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇരട്ടിയിലധികമായി വർദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് 2020−ഓടെ 87,600 ആഡംബര വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽ ഉണ്ടാകുമെന്നർത്ഥം. ഇപ്പോഴുള്ള ബ്രാൻഡുകൾക്കു പുറമേ, ലക്‌സസും ഇൻഫിനിറ്റിയും ജെനിസസുമൊക്കെ 2020−ഓടെ ഇന്ത്യയിലെത്തും. ഇപ്പോൾ ആഡംബര കാർ വിൽപനയിൽ ഒന്നാം സ്ഥാനത്ത് മെർസിഡസ് ബെൻസും (12,900 യൂണിറ്റുകൾ) രണ്ടാം സ്ഥാനത്ത് ഔഡിയും മൂന്നാം സ്ഥാനത്ത് ബി.എം.ഡബ്ല്യുവുമാണ്. വിലയുടെ ആധിക്യം കൊണ്ട് പോർഷെയും വോൾവോയും നിലവിൽ പിന്നിലാണെങ്കിലും അവയും പുതിയ മോഡലുകൾ ഇന്ത്യയിലെത്തിക്കുന്നതിനാൽ കുതിച്ചു കയറ്റത്തിനുള്ള സാധ്യതകൾ തന്നെയാണ് കാണുന്നത്.
സാന്പത്തിക ശേഷിയുള്ള ഉപഭോക്താക്കളും പ്രതീക്ഷ പകരുന്ന വിപണിയുമായതിനാൽ കേരളത്തിൽ ആഡംബര കാർ വിപണിക്ക് വലിയ സാധ്യതയാണ് കൽപിക്കപ്പെടുന്നത്. രൂപയുടെ മൂല്യത്തകർച്ച മൂലം കൂടുതൽ പണം പ്രവാസികളിൽ നിന്നുള്ള നിക്ഷേപമായി കേരളത്തിലേക്കെത്തുന്നതും ആഡംബര കാർ വിപണിയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടായിട്ടുണ്ട്. ഇഷ്ടവാഹനത്തിനായി എത്ര തുക വേണമെങ്കിലും മുടക്കാൻ ഇന്ന് സന്പന്ന വിഭാഗത്തിൽപ്പെട്ടവർ തയാറാകുന്നുവെന്നതിന്റെ സൂചന കൂടിയാണ് വളർന്നുവരുന്ന ഈ വിപണി. ലൈഫ് ൈസ്റ്റൽ വ്യക്തമാക്കുന്ന ഉൽപന്നങ്ങളാണ് ആഡംബര കാറുകൾ. സമൂഹത്തിൽ വ്യക്തിയുടെയും കുടുംബത്തിന്റെയും സ്റ്റാറ്റസ് നിശ്ചയിക്കുന്ന ഒന്നായി വാഹനങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നതാണ് വാസ്തവം. ആളുകളുടെ കൈവശം കൂടുതൽ പണം വന്നതോടെ ആളുകൾ കൂടുതൽ ബ്രാൻഡിന്റെ പിറകേ സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്തു. അതിവേഗമാണ് ആഡംബര വാഹനങ്ങളുടെ കേരളത്തിലെ ഈ വളർച്ച. 2008−നു മുന്പ് ഏകദേശം 150−200 ആഡംബര കാറുകൾ മാത്രം വിറ്റിരുന്ന ഒരു നാട്ടിലാണ് ഇപ്പോൾ 1500−2500 കാറുകൾ വരെ വിവിധ കന്പനികളുടേതായി കേരളത്തിൽ വിൽക്കപ്പെടുന്നത്. അതായത് കേവലം അഞ്ചു വർഷം കൊണ്ട് 12−15 ശതമാനത്തിലേറെ വർദ്ധനവ്.
50 ലക്ഷത്തിനു മേലെ മാത്രമുള്ള വാഹനങ്ങൾ മാത്രമുള്ള ജാഗ്വാറിനും വോൾവോയ്ക്കുമൊക്കെപ്പോലും കേരളത്തിൽ പ്രതിമാസം 15−ഓളം വാഹനങ്ങൾ വിറ്റഴിക്കാനാകുന്നുണ്ടെന്നത് മലയാളിയുടെ കാർ ഭ്രമത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി മാറുകയാണ്. ജാഗ്വാറിൽ എക്‌സ് എഫ് സീരീസാണ് ഏറ്റവുമധികം വിറ്റഴിയുന്ന വിഭാഗം. 50 ലക്ഷം രൂപ മുതൽ 4 കോടി രൂപ വരെയുള്ള കാറുകളാണ് കേരളത്തിൽ ലാൻഡ് റോവർ വിൽപനയ്‌ക്കെത്തിച്ചിട്ടുള്ളത്. ഡിസ്‌കവറി സ്‌പേപാട്ടും റേഞ്ച് റോവർ ഇവോക്കുമാണ് ലാൻഡ് റോവറിൽ കേരളത്തിൽ ഏറ്റവുമധികം വിൽക്കപ്പെടുന്നത്. 4 കോടി രൂപയിലധികം വിലവരുന്ന അവരുടെ ഓട്ടോബയോഗ്രഫിയും കേരളത്തിൽ അഞ്ചോളം വിറ്റു കഴിഞ്ഞിരിക്കുന്നു. ഈ കാറുകൾ വാങ്ങുന്നതിൽ ഭൂരിഭാഗവും ബിസിനസുകാരും പ്രവാസി ഇന്ത്യക്കാരുമാണെന്നതാണ് വാസ്തവം. അതിൽ തന്നെ മധ്യകേരളത്തിൽ നിന്നും വടക്കൻ കേരളത്തിൽ നിന്നുള്ളവരുമാണ് പ്രധാന ഉപഭോക്താക്കൾ.
ബി.എം.ഡബ്ല്യുവിന്റെ വിൽപനയും കുത്തനെ ഉയരുന്ന കാഴ്ചയാണ് കാണാനാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ 550−ൽ അധികം കാറുകൾ കേരളത്തിലെ വിപണിയിൽ വിറ്റഴിക്കാൻ അവർക്കായി. പ്രതിമാസം 50 കാറുകൾ വീതം കേരളത്തിൽ വിൽക്കാൻ അവർക്കിന്ന് കഴിയുന്നുണ്ട്. ഓരോ കന്പനികളും രണ്ടു മാസത്തിലൊരിക്കൽ പുതിയ മോഡലുകൾ ഇറക്കുകയും ചെയ്യുന്നുണ്ട് ഇപ്പോൾ. ഔഡിയുടെ പുതിയ ക്യു 7, ക്യു 3, എ 4, എ 6 മോഡലുകൾക്കാണ് കേരളത്തിൽ ഡിമാന്റ്. 1.40 കോടി രൂപ വിലയുള്ള ആർ 8−ഉം ആർ.എസ് 7−നുമൊക്കെ നിരവധി ഉപഭോക്താക്കളുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ ആഡംബര കാറുകളുടെ അവസ്ഥ മറ്റു കാറുകളെ അപേക്ഷിച്ച് മോശമാണെന്ന കാര്യം ഉടമകളും കന്പനികളും ഒരുപോലെ സമ്മതിക്കുന്നുവെങ്കിലും സന്പന്നരായവർ റീസെയിൽ വാല്യു നോക്കാറില്ലെന്നതാണ് വാസ്തവം. അവരെ സംബന്ധിച്ചിടത്തോളം നിരത്തിലിറങ്ങുന്ന പുതിയ വാഹനങ്ങൾ വാങ്ങുകയെന്നത് അവരുടെ സമൂഹത്തിനു മുന്നിലുള്ള സ്റ്റാറ്റസ് ഉയർത്തിപ്പിടിക്കാനുള്ള ഒരു മാർഗമാണ്. എന്നാൽ ജഗ്വാറിന്റേയും ലാൻഡ് റോവറിന്റേയുമൊക്കെ വില കേരളത്തിൽ ലോഞ്ച് ചെയ്തതിനുശേഷം 10−15 ശതമാനം കണ്ട് ഉയരുകയാണുണ്ടായിട്ടുള്ളതെന്നാണ് കന്പനിക്കാരുടെ അവകാശവാദം. പക്ഷേ 50 ലക്ഷം രൂപ വിലയ്ക്ക് വാങ്ങിയ മേഴ്‌സിഡസ് ബെൻസ് ഇ−ക്ലാസ് വിറ്റപ്പോൾ 17 ലക്ഷം രൂപയ്ക്കും പജേറോ വിറ്റത് കേവലം 12 ലക്ഷം രൂപയ്ക്കുമാണെന്നുമൊക്കെ ആഡംബര കാർ വാങ്ങുന്നവർ തുറന്നുപറയും. ആഡംബര വാഹനങ്ങളുടെ മറിച്ചു വിൽക്കലിൽ ഏതാണ്ട് 50 ശതമാനം വരെ കുറവു വരുമെന്നതാണ് സത്യം.
മെയിന്റൻസിന്റെ കാര്യത്തിലുമുണ്ട് ഈ വിലക്കയറ്റം. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഏത് കാറിനും അതിനു താഴെയുള്ള ഏതൊരു കാറിനേക്കാളും 40 ശതമാനത്തോളം മെയിന്റൻസ് ചെലവ് കൂടുമെന്നത് വാസ്തവമാണ്. സ്‌പെയർ പാർട്‌സിന്റെ വിലയും മറ്റു വാഹനങ്ങളേക്കാൾ കൂടുതലുമാണ്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന കേരളത്തിലെ നിരത്തുകളിലൂടെ പല ആഡംബര വാഹനങ്ങളുമോടിച്ചാൽ അവയ്ക്ക് ടയറുകൾ പൊട്ടുന്നതിനു പുറമേ യന്ത്രത്തകരാറുകൾ വരെ സംഭവിക്കാറുണ്ടെന്നതാണ് വാസ്തവം. എന്നാൽ ദുർഘട പാതകളിലൂടെ പോകാൻ സജ്ജമാക്കി തയാറാക്കിയ എസ്.യു.വി ടൈപ്പ് ആഡംബര വാഹനങ്ങൾക്ക് അത്തരം തകരാറുകൾ സംഭവിക്കുന്നത് കുറവാണു താനും.
കേരളത്തിലെ ആഡംബര കാർ വിപണി ഇന്ന് അവിശ്വസനീയമായ മട്ടിലാണ് വളർച്ച നേടിക്കൊണ്ടിരിക്കുന്നത്. വരും കാലത്ത് ആഡംബര വാഹനങ്ങൾ കൈവശമുള്ളവരുടെ സൂപ്പർ കാർ ക്ലബ്ബുകൾ വരുമെന്ന കാര്യത്തിൽ സംശയമില്ല. ഈ വിപണിയിലേക്ക് കള്ളപ്പണത്തിന്റെ കുത്തൊഴുക്കും ഉണ്ടാകുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ നികുതി വരുമാനമാണ് ആഡംബര കാറുകളുടെ വിൽപനയിൽ നിന്നും ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വാഹനത്തിന് 20 ശതമാനത്തോളം നികുതിയാണ് ഉടമസ്ഥൻ സർക്കാരിന് വാഹനികുതിയിനത്തിൽ ഇന്ന് നൽകേണ്ടതെന്നിരിക്കേ, ആഡംബര കാർ വിപണിയിലെ വളർച്ച മൂലം സർക്കാരിന് ലഭിക്കുന്ന ധനം ഊഹിക്കാവുന്നതേയുള്ളു.