ബാറുകളുടെ ഉയിർത്തെഴുന്നേൽപ്പ്
വെറുക്കപ്പെട്ടവനായ മാണി വേണ്ടപ്പെട്ടവനായി മാറിക്കൊണ്ടിരിക്കുന്ന സമയമാണിത്. കോഴ വാങ്ങിയവനെന്നും ബജറ്റ് കച്ചവടക്കാരനെന്നും ധനകാര്യതിരിമറിക്കാരനെന്നുമൊക്കെ സിപിഎമ്മിലെ ഉന്നത നേതാക്കൾ തന്നെ ആക്ഷേപിച്ച മാണി പക്ഷേ ചരൽക്കുന്നിൽ സമദൂര സിദ്ധാന്തം അവതരിപ്പിച്ചതോടെ അവർക്ക് പ്രിയപ്പെട്ടവനായി മാറിയിരിക്കുന്നു. കേരളാ കോൺഗ്രസ് എം എന്ന സുന്ദരിയെ ഒപ്പം ചേർക്കാൻ കോടിയേരി കണ്ണെറിഞ്ഞു തുടങ്ങിയതിനൊപ്പം മറ്റൊരു സ്ഥിതി വിശേഷത്തിനു കൂടി കേരളം സാക്ഷിയാകുന്നുണ്ട്− സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിന്റെ പ്രഖ്യാപനമാണ് അത്. ഇടതു സർക്കാർ അധികാരത്തിൽ തിരിച്ചെത്തുന്ന മുറയ്ക്ക് പൂട്ടിപ്പോയ ബാറുകളെല്ലാം തുറന്നു പ്രവർത്തിക്കുമെന്നായിരുന്നു പൊതുധാരണയെങ്കിലും അങ്ങനെ ചെയ്യുന്നപക്ഷം ജനവികാരം എതിരായി മാറുമോ എന്ന ചിന്തയായിരുന്നു ഇക്കാലമത്രയും സർക്കാരിനെ നയിച്ചുകൊണ്ടിരുന്നത്. പക്ഷേ അധികാരമേറ്റടുത്തയുടനെ തന്നെ ബാറുകൾ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ അണിയറയിൽ ആരംഭിച്ചിട്ടുണ്ടായിരുന്നു. അതിന്റെ പ്രാരംഭ നടപടിയെന്ന നിലയ്ക്കാണ് സർക്കാർ ‘കേരള ടൂറിസം ട്രെൻഡ്‌സ്, ട്രേഡ് സർവ്വേ ജൂലൈ 2016’ എന്ന പേരിൽ സർവ്വേ സംഘടിപ്പിച്ചതും ഹോട്ടലുകളിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യ (ഐ.എം.എഫ്.എൽ) നിരോധനം വന്നതുമൂലം തങ്ങളുടെ ബിസിനസ് ഇടിഞ്ഞുവെന്ന് കണ്ടെത്തുകയും ചെയ്തിരിക്കുന്നത്.
വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ഈ സർവ്വേയെ ഉപേയാഗിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന മദ്യനയത്തെ അപ്പാടെ അട്ടിമറിക്കാനാകുമെന്നാണ് ഇടതുമുന്നണിയിലെ ബാർ അനുകൂലികൾ ഇപ്പോൾ പ്രത്യാശ വെച്ചുപുലർത്തുന്നത്. മീറ്റിങ്‌സ്, ഇൻസെന്റീവ്‌സ്, കോൺഫ്രൻസ്, ഈവന്റ് (മൈസ്) ബിസിനസിൽ യു.ഡി.എഫ് സർക്കാരിന്റെ മദ്യനയം മൂലം വന്പൻ ഇടിവുണ്ടായിട്ടുണ്ടെന്ന് സർവ്വേയിൽ ഹോട്ടൽ--റിസോർട്ട് ബിസിനസ്സുകാർ അറിഞ്ഞു പരിതപിക്കുന്നത് മദ്യനയത്തിലെ മാറ്റത്തിനായി തന്നെയാണെന്നു വ്യക്തം. 2014−ൽ 4.8 ശതമാനം വളർച്ചയുണ്ടായ ഈ മേഖല യു.ഡി.എഫ് മദ്യനയം വന്നശേഷം മൈനസ് 0.6 ശതമാനം വളർച്ചയിലേക്ക് കൂപ്പുകുത്തിയെന്ന് സർവ്വേ കണ്ടെത്തുന്നു. മദ്യനയം മാറ്റുന്നതിനെപ്പറ്റി സർക്കാർ ഈ റിപ്പോർട്ടിനെ മുൻ നിർത്തി ചിന്തിക്കാനാരംഭിച്ചു കഴിഞ്ഞുവെന്ന് ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ വി വേണു ഒരു മുഴം നീട്ടിയെറിഞ്ഞത് ഇതേപ്പറ്റിയുള്ള ചർച്ചകൾ പൊതുരംഗത്ത് ഉടനടി ഉണ്ടാകുകയെന്ന ലക്ഷ്യത്തോടെയാണെന്നും വ്യക്തം. കേരളാ ട്രാവൽ മാർട്ടിലെ 316 അംഗങ്ങൾക്ക് ഇ−മെയിലിലൂടെ ചോദ്യങ്ങൾ അയക്കുകയും ടെലിഫോണിലൂടെ 103 ഹോട്ടൽ റിസോർട്ട് ഉടമസ്ഥരുടേയും 26 ടൂർ ഓപ്പറേറ്റർമാരുടേയും പ്രതികരണം ആരായുകയും ചെയ്തശേഷമാണത്രേ സർവ്വേയിലെ ഫലങ്ങളിൽ സർക്കാർ എത്തിയിട്ടുള്ളതെന്നാണ് പറയുന്നത്. എന്നാൽ ഈ സർവ്വേ നടത്തപ്പെട്ടിട്ടുള്ളതു തന്നെ മദ്യനയം അട്ടിമറിക്കാനും മദ്യത്തെ തിരിച്ചെത്തിക്കാനുമാണെന്ന് ഇതിനകം തന്നെ വിവിധയിടങ്ങളിൽ നിന്നും ആരോപണം ഉയർന്നു തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാര വകുപ്പ് തന്നെ നേരത്തെ നടത്തിയ അന്വേഷണത്തിൽ മദ്യനയം വിനോദസഞ്ചാരത്തെ കടുത്ത രീതിയിൽ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്.
ഒക്ടോബർ മുതൽ വരെ നീളുന്ന വിനോദസഞ്ചാര സീസൺ സമയത്താണ് 70 ശതമാനം ടൂറിസ്റ്റുകളും കേരളം സന്ദർശിക്കുന്നത്. അതുകൊണ്ടു തന്നെ ഇക്കൊല്ലം ഒക്ടോബറിൽ തന്നെ ഇടതു സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. മദ്യനയം മാറ്റിയില്ലെങ്കിൽ കേരളത്തിൽ ഈ സമയത്ത് നടക്കാനിരിക്കുന്ന പല കോൺഫ്രൻസുകളും മീറ്റിങ്ങുകളുമൊക്കെ ഗോവ പോലുള്ള സംസ്ഥാനങ്ങളിലേക്കോ ശ്രീലങ്ക പോലുള്ള രാജ്യങ്ങളിലേക്കോ മാറിപ്പോകാനുള്ള സാധ്യതകളും കൂടുതലാണെന്നാണ് ടൂർ ഓപ്പറേറ്റർമാരുടെ വിലാപമെന്നതും മദ്യത്തെ തിരിച്ചെത്തിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗം തന്നെയായി വേണം കരുതാൻ.
യുഡിഎഫ് സർക്കാരിന്റെ മദ്യനയം അനവസരത്തിലുള്ളതും താൻപോരിമ പോരിന്റെ ഭാഗവുമായിരുന്നുവെന്ന കാര്യത്തിൽ പക്ഷേ ആർക്കും തർക്കമുണ്ടാകാനിടയില്ല. നിലവാരമില്ലാത്ത 418 ബാറുകൾ അടച്ചുപൂട്ടണമെന്ന നിലപാടിൽ കെപിസിസി അദ്ധ്യക്ഷൻ വിഎം സുധീരൻ ഉറച്ചുനിൽക്കുകയും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയേയും കൂട്ടരേയും മദ്യലോബിയുടെ വക്താക്കളായി ചിത്രീകരിക്കുകയും ചെയ്തതിൽ നിന്നായിരുന്നു ആ പോരിന്റെ തുടക്കം. സുധീരൻ ഒറ്റയ്ക്ക് മദ്യവിരുദ്ധനായി നിലകൊള്ളുന്നതിൽ വെറിപൂണ്ട മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മദ്യത്തിൽ നിന്നുള്ള 8000 കോടി രൂപ റവന്യൂ വരുമാനം− സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ മൂന്നിലൊന്നാണ് ഇത്− കൂടി വേണ്ടെന്നുെവയ്ക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
കേരളത്തിൽ 2014 ഏപ്രിൽ ഒന്നിനു മുന്പ് വരെ മൊത്തം പ്രവർത്തിച്ചിരുന്നത് 732 ബാറുകളാണ്. ഇതിൽ നിലവാരമില്ലാത്ത 418 ബാറുകൾ 2014 ഏപ്രിൽ ഒന്നു മുതൽ അടച്ചു പൂട്ടാൻ സർക്കാർ തീരുമാനിച്ചതോടെയായിരുന്നു സംഭവപരന്പരകളുടെ തുടക്കം. 2006 ജനുവരി ഏഴിനു മുന്പ് ടു സ്റ്റാർ ലൈസൻസ് പോലും ഇല്ലാത്തവയായിരുന്നു ഇവയെന്നാണ് സർക്കാർ പറയുന്നതെങ്കിലും ഇതിൽ തന്നെ 67 ബാറുകൾക്ക് ടു സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മേലെയോ നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്നാണ് കേരള ബാർ ഓണേഴ്‌സ് അസോസിയേഷന്റെ വാദം. ഈ 67 ബാറുകൾക്ക് ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് നേരത്തെ ലഭിച്ചിട്ടുണ്ടെങ്കിലും കാലാകാലങ്ങളിലുള്ള പരിശോധന ഇവയിൽ നടത്തപ്പെടാതിരിക്കുകയും ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് പുതുക്കാതിരിക്കുകയും ചെയ്തതിനാലാണ് അവയും അടച്ചു പൂട്ടലിൽ എത്തപ്പെട്ടത്.
സർക്കാരുകൾ 1980−കൾ വരെ ലൈസൻസ് നൽകിയിരുന്നത് ക്ലാസിഫിക്കേഷൻ ഇല്ലാത്ത ബാറുകൾക്കാണ്. 1982−ൽ ടു സ്റ്റാർ ക്ലാസിഫിക്കേഷൻ വന്നതിനുശേഷവും ക്ലാസിഫിക്കേഷൻ ഉള്ള ബാറുകൾക്കു മാത്രമേ ലൈസൻസ് കൊടുക്കാവൂ എന്ന് അബ്കാരി നിയമത്തിൽ വ്യവസ്ഥ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ക്ലാസിഫിക്കേഷൻ ഇല്ലാത്ത ബാറുകൾക്കും ലൈസൻസ് നൽകിയിരുന്നു. 1992−ലാണ് ടു സ്റ്റാർ ക്ലാസിഫിക്കേഷൻ ലഭിക്കുന്ന ബാറുകൾക്കുള്ള സൗകര്യങ്ങൾ പുതിയ ബാറുകൾ അനുവദിക്കുന്പോൾ ആവശ്യമാണെന്ന തീരുമാനമെടുത്തത്. 1997−98−ലാണ് ശിവദാസമേനോന്റെ കാലത്ത് ത്രീ സ്റ്റാർ ക്ലാസിഫിക്കേഷൻ വന്നത്. പക്ഷേ ആ കാലയളവിലും ക്ലാസിഫിക്കേഷൻ ഇല്ലാത്ത ബാറുകൾക്ക് ലൈസൻസ് നൽകിക്കൊണ്ടിരുന്നു. അങ്ങനെ അനേക വർഷത്തെ പാരന്പര്യമുള്ളതാണ് ആദ്യം അടച്ചുപൂട്ടപ്പെട്ട് 418−ൽ ഉൾപ്പെട്ട ബാറുകളെന്നാണ് അന്നേ തന്നെ ഇടതിന്റെ വാദമെന്നതിനാൽ അവർ ബാറുകളോട് പുലർത്തുന്ന അനുഭാവ സമീപനം വ്യക്തവുമാണ്.
2006−ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഡോക്ടർ വേണു എക്‌സ്‌സൈസ് കമ്മീഷണറാണ് 2014 ഏപ്രിലിൽ ആദ്യം അടച്ചുപൂട്ടുകയും പിന്നീട് ബിയർ−വൈൻ പാർലറുകളായി രൂപാന്തരപ്പെടുകയും ചെയ്ത 418 ബാറുകളുടെ പട്ടിക തയ്യാറാക്കിയത്. 2006 ജനുവരിയിൽ വേണുവാണ് 418 ടു സ്റ്റാർ ക്ലാസിഫിക്കേഷൻ ഇല്ലാത്ത ബാറുകളുടെ പട്ടിക തയ്യാറാക്കിയത്. 2007−08−ൽ ത്രീ സ്റ്റാർ ക്ലാസിഫിക്കേഷൻ ഉള്ള ബാറുകൾക്ക് മാത്രം ലൈസൻസ് കൊടുക്കാൻ അബ്കാരി നയം തീരുമാനിക്കുന്ന സമയത്താണ് ഈ പട്ടിക തയ്യാറാക്കിയത്. കേരള ബാർ ഹോട്ടൽസ് അസോസിയേഷൻ പറയുന്നത് യാതൊരു വിധ പരിശോധനയും ഇക്കാര്യത്തിൽ നടത്തുകയോ ഉദ്യോഗസ്ഥർ ഈ ഹോട്ടലുകളിൽ പരിശോധന നടത്തുകയോ ചെയ്തിട്ടില്ലെന്നാണ്. പക്ഷേ എൽഡിഎഫ് സർക്കാർ ഈ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചു നൽകിയതിനു പുറമേ അവ റഗുലറൈസ് ചെയ്യാനും തീരുമാനിച്ചു.
ബാറുകൾക്ക് ഓരോ വർഷവും ലൈസൻസ് പുതുക്കി നൽകുന്ന സമയത്ത് കൈക്കൂലി ഇടപാടുകൾ തകൃതിയായി നടക്കാറുണ്ടായിരുന്നുവെന്നത് വേറെ കഥ. റഗുലറൈസ് ചെയ്താൽ ലൈസൻസ് ഫീ വാങ്ങിച്ചാൽ മാത്രം മതിയെന്നതിനാലാണ് അനേക വർഷം പഴക്കമുള്ള ബാറുകൾ റഗുലറൈസ് ചെയ്യാൻ അന്നത്തെ ഇടതു സർക്കാർ തീരുമാനിച്ചത്. അന്നത്തെ എക്‌സൈസ് മന്ത്രി പികെ ഗുരുദാസനുമായുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് കമ്മീഷണർ അത്തരമൊരു ശുപാർശ നൽകിയതെന്ന് 2012 ജനുവരി 30−ന്റെ കംപ്ട്രാളർ ആന്റ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ നിന്ന് വ്യക്തവുമാണ്.
പക്ഷേ തമാശ അതല്ല. യുഡിഎഫ് സർക്കാരിന്റെ ഈ മദ്യനയം വരുന്നതിനു മുന്പ് 2013−ൽ സംസ്ഥാനത്ത് വിറ്റഴിഞ്ഞ മദ്യത്തിന്റെ 76 ശതമാനവും വിറ്റഴിഞ്ഞത് കേരള സംസ്ഥാന ബെവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലൂടെയായിരുന്നുവെന്നതാണ് അത്. സംസ്ഥാനത്തെ 732 ബാറുകളിലൂടെ വിറ്റഴിഞ്ഞതാകട്ടെ കേവലം 24 ശതമാനം മദ്യവും. ബാറുകളുടെ എണ്ണം കുറയ്ക്കുക വഴി സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറച്ചുകൊണ്ടു വരികയാണെന്ന ഉമ്മൻ ചാണ്ടിയുെട പ്രസ്താവനകളുടെ പൊള്ളത്തരം ബോധ്യപ്പെടാൻ അത് ധാരാളം മതിയെന്നത് വേറെ കാര്യം. സംസ്ഥാനത്തുടനീളം അന്ന് 334 ബെവ്കോ ഔട്ട്‌ലൈറ്റുകളാണ് ഉണ്ടായിരുന്നത്. ബാർ ഹോട്ടലുകൾ വന്നാൽ മദ്യത്തിന്റെ ഉപഭോഗം വർദ്ധിക്കില്ലെന്ന ന്യായം ഈ കണക്കുകളിലൂടെ ഇടതു സർക്കാരിന് ആവർത്തിക്കുകയും ചെയ്യാം.
യുഡിഎഫിന്റെ മദ്യനയത്തിന് മറ്റൊരു പിന്നാന്പുറവുമുണ്ട്. യുഡിഎഫ് സർക്കാർ 2011−ൽ പ്രഖ്യാപിച്ച മദ്യനയ പ്രകാരം ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ അനുവദിക്കുന്നത് 2012 മാർച്ച് വരേയും ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ അനുവദിക്കുന്നത് 2013 മാർച്ച് വരേയ്ക്കുമായി നിജപ്പെടുത്തിയിരുന്നു. 2014 മാർച്ചിനുശേഷം ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രമേ നയപ്രകാരം ബാർ അനുവദിക്കുകയുള്ളു. പുതുതായി നിർമ്മിച്ച ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് സർക്കാർ നിഷേധിച്ചതിനെ തുടർന്നാണ് അതിനെതിരെ 23 ഹോട്ടലുടമകൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പുതിയ ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിക്കരുത് എന്ന സർക്കാരിന്റെ ഉത്തരവും ദൂരപരിധി സംബന്ധിച്ച ഉത്തരവും തുടർന്ന് ഹൈക്കോടതി റദ്ദു ചെയ്തു. സർക്കാർ ഇതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഒപ്പം അബ്കാരി മേഖലയെക്കുറിച്ച് പഠിക്കാൻ ജസ്റ്റിസ് എം രാമചന്ദ്രനെ ഏകാംഗ കമ്മീഷനായി നിയമിക്കുകയും ചെയ്തു. 2014 മാർച്ച് അഞ്ചാം തീയതി സുപ്രീം കോടതി കേസ്സിൽ വിധി പുറപ്പെടുവിച്ചു. ത്രീ സ്റ്റാർ ക്ലാസിഫിക്കേഷൻ ഇല്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിക്കരുതെന്ന സർക്കാർ തീരുമാനം കോടതി ശരിെവച്ചെങ്കിലും ഈ ബാർ ഉടമകൾ 418 ബാറുകളെ സംബന്ധിച്ച 2006−ലെ റിപ്പോർട്ട് കോടതിയുടെ ശ്രദ്ധയിൽ എത്തിച്ചിരുന്നതിനാൽ കോടതി അതു സംബന്ധിച്ച് ചില നിർദ്ദേശങ്ങൾ മുന്നോട്ടു വെയ്ക്കുകയായിരുന്നു. ഏകാംഗ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവാരമില്ലാത്ത ബാറുകൾക്കെതിരെ നടപടി സ്വീകരിക്കും വരേയ്ക്ക് പുതിയ ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നിഷേധിക്കരുതെന്നായിരുന്നു സുപ്രീം കോടതി വിധി.
418 നിലവാരമില്ലാത്ത ബാറുകളുടെ പട്ടിക കോടതിയുടെ ശ്രദ്ധയിലെത്തിച്ചതും അത്തരം ബാറുകൾക്ക് സർക്കാർ ലൈസൻസുകൾ പുതുക്കി നൽകാറുണ്ടെന്ന കാര്യം കോടതിയുടെ ശ്രദ്ധയിലെത്തിച്ചതും 23 ബാറുടമകൾ തന്നെയാണ്. നിലവാരമില്ലാത്ത ഒരു ബാറിന് ത്രീ സ്റ്റാറിനും അതിനുമേലെയും പദവിയുള്ള ഹോട്ടലിന് അടുത്ത് അനുവാദം നൽകരുതെന്ന ഉപ ചട്ടം സർക്കാർ മാറ്റിച്ചത് ക്ലാസിഫൈ ചെയ്യാത്ത ബാറുകളെ സഹായിക്കാൻ വേണ്ടിയായിരുന്നുവെന്ന ആരോപണവും അന്നുയർന്നിരുന്നു.
ഇടതു സർക്കാരിന് ബാറുകൾ തിരിച്ചു കൊണ്ടുവരുന്നതിൽ പ്രത്യേക താൽപര്യമുണ്ടെന്ന് വേറെ കാര്യം. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്താണ് ഏറ്റവുമധികം പുതിയ ബാറുകൾ കേരളത്തിൽ പുതുതായി (152 എണ്ണം) അനുവദിച്ചത്. 72 ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലൈറ്റുകളും ആ കാലയളവിൽ അനുവദിക്കപ്പെട്ടു. ടു− ത്രീ സ്റ്റാർ പദവികൾ നേടിയെടുക്കുന്നത് ബാറുകൾ അനുവദിച്ചു കിട്ടാനുള്ള ഒരു ഉപാധി മാത്രമാക്കുകയും പിന്നീട് ആ സൗകര്യങ്ങൾ നിലനിർത്തിപ്പോരാതിരിക്കുകയും ചെയ്യുന്ന നിരവധി ബാറുകൾ കേരളത്തിലുണ്ടായതിനു കാരണഭൂതർ വാസ്തവത്തിൽ മുൻ ഇടതു മുന്നണി സർക്കാരാണ്. ഒരിക്കൽ ക്ലാസിഫിക്കേഷൻ ലഭിച്ചു കഴിഞ്ഞാൽ ബാർ ലൈസൻസ് അനുവദിക്കുന്നതിന് റീ ക്ലാസിഫിക്കേഷൻ നിയമപരമായി ആവശ്യമില്ലെന്ന് 2012 ജൂൺ 28−ലെ ഹൈക്കോടതി വിധിയിൽ (ഡബ്ല്യുപി (സി)നന്പർ 6494) പറയുന്നുള്ളതിനാൽ പഴയ ബാറുകൾ തിരിച്ചുകൊണ്ടുവരാൻ ഇടതു സർക്കാരിന് വലിയ ബുദ്ധിമുട്ടും ഉണ്ടാകില്ല.
മുൻകാലങ്ങളിൽ ബാർ മുതലാളിമാരിൽ നിന്നാണ് പാർട്ടികളുടെ വലിയൊരു ഫണ്ട് ലഭിച്ചിരുന്നതെങ്കിലും ഇന്നിപ്പോൾ ക്വാറികളുമായി താരതമ്യപ്പെടുത്തുന്പോൾ അവരിൽ നിന്നും ലഭിക്കുന്ന 50 ലക്ഷം രൂപയ്ക്ക് മുഖ്യധാരാ പാർട്ടികൾ വലിയ മൂല്യമൊന്നും കൽപ്പിക്കുന്നില്ല. അതുകൊണ്ടു തന്നെ ബാർ ലൈസൻസ് അനുവദിക്കുന്പോൾ കിട്ടുന്ന കൈക്കൂലിയിലാണ് ഏതു ഭരണക്കാരുടേയും കണ്ണ്. പക്ഷേ പഴയ മദ്യനയം ചില നിയന്ത്രണങ്ങളോടെ തിരിച്ചുകൊണ്ടുവരിക വഴി മദ്യബിസിനസുകാർക്ക് വലിയ നേട്ടമുണ്ടാക്കി നൽകാൻ ഇടതു സർക്കാരിന് കഴിയുമെന്ന കാര്യത്തിൽ സംശയം വേണ്ട. ആത്യന്തികമായി പാർട്ടിക്ക് അവരിൽ നിന്നും വലിയൊരു തുക സംഭാവന ഇനത്തിൽ മറിയുകയും ചെയ്യും. പരസ്പര സഹകരണത്തോടെയുള്ള ഈ പ്രവൃത്തിക്ക് അസ്തിവാരമിടാനുള്ള ആദ്യപടിയാണ് ടൂറിസം വകുപ്പിന്റെ സർവേയെന്ന കാര്യത്തിൽ സംശയം വേണ്ട. വിനോദസഞ്ചാരികളുടെ വരവിനെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് യുഡിഎഫിന്റെ മദ്യനയമാണെന്ന് (32 ശതമാനം) പ്രത്യേകം എഴുതിവച്ചിട്ടുള്ളതിനാൽ ഒക്ടോബറിൽ തന്നെ മദ്യം പൂർവ്വാധികം ശക്തിയായി കേരളത്തിൽ ഒഴുകാൻ തുടങ്ങുമെന്നാണ് ഈയുള്ളവന്റെ പ്രവചനം.