ആരൊ­ക്കെ­ അഴി­ക്കു­ള്ളി­ലാ­കും?


ജെ. ബിന്ദുരാജ്

 

ർക്കാർ സംവിധാനങ്ങൾ എങ്ങനെ ധനസന്പാദനത്തിനായി ദുർവ്വിനിയോഗം ചെയ്യാമെന്നറിയാവുന്ന ഇടനിലക്കാരും ഭരണചക്രം തിരിക്കുന്നവരും കൂട്ടുചേർന്ന് നടത്തിയ കോടികളുടെ പകൽക്കൊള്ളയാണ് ട്രാവൻകൂർ ടൈറ്റാനിയത്തിൽ നടന്നതെന്ന കാര്യത്തിൽ ഇപ്പോൾ വിജിലൻസ് കൂടുതൽ തെളിവുകൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. പി.കെ കുഞ്ഞാലിക്കുട്ടിയും അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞും എങ്ങനെയാണ് ഗ്രിൻടെക്‌സ് രാജീവൻ എന്ന കോർപ്പറേറ്റ് ഇടനിലക്കാരനുമായി ചേർന്ന് ടൈറ്റാനിയത്തിലേക്ക് വിവാദമായ മാലിന്യനിർമ്മാർജന പ്ലാന്റ് പദ്ധതി എത്തിച്ചതെന്നും അതിനു പിറകിൽ നടന്ന ഗൂഢാലോചനയും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപി സിസി അദ്ധ്യക്ഷനായ രമേശ് ചെന്നിത്തലയുമൊക്കെ ഇതുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതിനെക്കുറിച്ചും രണ്ടു മാസത്തിനുള്ളിൽ തന്നെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതി വിജിലൻസ് ബ്യൂറോയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കേസ് അന്വേഷണം പൂർത്തിയാക്കാൻ നാലുമാസം കൂടി സമയം അനുവദിക്കണമെന്ന വിജിലൻസിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് ജഡ്ജി എ ബദറുദ്ദീന്റെ ഈ ഉത്തരവ് ജൂലൈ അവസാന വാരമുണ്ടായത്. 2016 ജൂലൈയിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ടൈറ്റാനിയം ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ ടൈറ്റാനിയത്തിലെ മാലിന്യസംസ്‌കരണ പ്ലാന്റിലേക്ക് സാധനങ്ങൾ വാങ്ങിയതിൽ ക്രമക്കേടുണ്ടായിട്ടുണ്ടെന്നതിനെ സംബന്ധിച്ച് നിർണ്ണായകമായ പല വിവരങ്ങൾ കണ്ടെത്തിയെന്നും വിജിലൻസ് കോടതിയെ അറിയിക്കുകയുമുണ്ടായി.

2005ൽ തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിൽ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതിൽ 256 കോടി രൂപയുടെ അഴിമതി നടന്നതായാണ് കേസ്. 2006−ൽ തിരുവനന്തപുരം പാറ്റൂർ സ്വദേശി ജി സുനിൽ, ടൈറ്റാനിയത്തിലെ മുൻ ജീവനക്കാരൻ എസ് ജയൻ എന്നിവർ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ഈ കേസ്സിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹീംകുഞ്ഞ് എന്നിവർക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയുമാണ്. 

ട്രാവൻകൂർ ടൈറ്റാനിയത്തിലെ 256 കോടി രൂപയുടെ മാലിന്യനിർമ്മാർജ്ജന പ്ലാന്റിന്റെ ഇടപാടിനെക്കുറിച്ചുള്ള വിജിലൻസ് റിപ്പോർട്ട് തള്ളുകയും പുനരന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് കോടതി 2014 ആഗസ്റ്റ് 28ാം തീയതി ഉത്തരവിടുകയും ചെയ്തുവെങ്കിലും മുൻ വ്യവസായ സെക്രട്ടറി ടി ബാലകൃഷ്ണൻ നൽകിയ അപ്പീലിൽ പുനരന്വേഷണത്തിന് ഹൈക്കോടതി േസ്റ്റ അനുവദിച്ചിരുന്നുവെങ്കിലും 2016 ജനുവരി 19ന് ഹൈക്കോടതി ഈ േസ്റ്റ നീക്കം ചെയ്യുകയായിരുന്നു. ടൈറ്റാനിയം കേസ്സിലുൾപ്പെട്ടവരെ ചോദ്യം ചെയ്യുക പോലും ചെയ്യാതെ നേരത്തെ വിജിലൻസ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി നൽകിയതെന്നിരിക്കേ, കേസ്സിൽ നടക്കുന്ന പുനരന്വേഷണത്തിൽ ഈ ഇടപാടുകളുടെ സൂത്രധാരനാണെന്ന് ആരോപിക്കപ്പെടുന്ന ഗ്രിൻടെക്‌സ് രാജീവൻ എന്ന ഇടനിലക്കാരനേയും മെക്കോണിന്റെ ജനറൽ മാനേജർ ഡി കെ ബസുവിനേയും വിജിലൻസ് ചോദ്യം ചെയ്യുമോ എന്നും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. 

എന്താണ് ടൈറ്റാനിയം കേസ്സ്? 2003ൽ കേന്ദ്ര സർക്കാർ ഹസാഡസ് വേസ്റ്റ് മാനേജ്‌മെന്റ് നിയമം കൊണ്ടു വന്നപ്പോൾ അത് നടപ്പാക്കാതിരിക്കുന്നതിനെക്കുറിച്ച് ഹൈക്കോടതിയും സുപ്രീം കോടതിയും വിവിധ ഫാക്ടറികളിൽ അടിയന്തരമായി മാലിന്യനിർമ്മാർജന പ്ലാന്റുകൾ നിർമ്മിക്കണമെന്ന് വിധി പ്രസ്താവിച്ചിരുന്നതിനെ തുടർന്നാണ് ഇതിൽ എങ്ങനെ അഴിമതി നടത്താമെന്ന അന്വേഷണം നമ്മുടെ ഭരണകർത്താക്കൾ ചില ഇടനിലക്കാരുമായി ചേർന്ന് ആരംഭിക്കുന്നത്. മാലിന്യനിർമ്മാർജന പ്ലാന്റുകൾ ഫാക്ടറികളിൽ നിർമ്മിക്കണമെന്ന ഈ അടിയന്തര സാഹചര്യം മുതലെടുത്തുകൊണ്ടാണ് കോടിക്കണക്കിനു രൂപയുടെ പദ്ധതിയുമായി ടൈറ്റാനിയത്തിൽ ചിലർ മുന്നോട്ടു പോയത്. ഇതിനായുള്ള ഗൂഢാലോചനകൾ നടന്നത് എറണാകുളം കേന്ദ്രീകരിച്ച് ലേ മെറിഡിയൻ ഹോട്ടലിലും മുൻ വ്യവസായമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വസതിയിൽ കുഞ്ഞാലിക്കുട്ടിയുടേയും ഗ്രിൻടെക്‌സ് രാജീവന്റേയും തന്റേയും സാന്നിധ്യത്തിലാണെന്ന് കുഞ്ഞാലിക്കുട്ടിയുടെ മുൻ അനുചരൻ കെ എ റൗഫ് വിജിലൻസിന് മൊഴി നൽകുകയും ചെയ്തിട്ടുണ്ടെന്നിരിക്കേ, അന്വേഷണം അവരിലേക്ക് എത്തുമോയെന്നും കണ്ടറിയേണ്ടിയിരിക്കുന്നു. 2005 ഏപ്രിൽ 19 മുന്പ് സർക്കാരിൽ നിന്നും പ്ലാന്റിന്റെ നിർമ്മാണത്തിനുള്ള സർക്കാർ ഉത്തരവ് വാങ്ങിത്തരാമെന്ന് കുഞ്ഞാലിക്കുട്ടി ഗ്രിൻടെക്‌സ് രാജീവന് ഉറപ്പു നൽകിയതായും റൗഫ് വിജിലൻസിനു നൽകിയ മൊഴിയിലുണ്ട്. പൊതുമേഖലാ സ്ഥാപനമായ മെക്കോണുമായി ഒത്തുചേർന്ന് രാജീവൻ ലാഭക്കൊതിയന്മാരായ ചില രാഷ്ട്രീയ നേതാക്കൾക്ക് കോഴ നൽകി പൊതുമേഖലാസ്ഥാപനം കൊള്ളയടിക്കുകയായിരുന്നുവോ? അതിന് ആരെല്ലാമാണ് കൂട്ടുനിന്നത്?

പ്ലാന്റിന്റെ കാര്യത്തിൽ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയ തിടുക്കം വ്യക്തമാക്കാൻ തുടർന്നുള്ള സർക്കാർ തീരുമാനങ്ങളുടെ തീയതികൾ പരിശോധിച്ചാൽ മതിയാകും. 2005 മാർച്ച് 11ന് കന്പനിയുടെ ഡയറക്ടർ ബോർഡ് മതിയായ പഠനങ്ങളൊന്നും നടത്താതെ മാലിന്യ നിർമ്മാർജന പദ്ധതിക്ക് അംഗീകാരം നൽകുന്നു. പദ്ധതിക്കായി മെക്കോണിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു കാട്ടി ഉമ്മൻ ചാണ്ടി 2005 ഏപ്രിൽ 23ാം തീയതി സുപ്രീം കോടതി മോണിട്ടറിങ് സമിതി അദ്ധ്യക്ഷൻ ഡോക്ടർ ജി ത്യാഗരാജന് കത്തെഴുതുന്നു. 2005 മേയ് 13ന് പദ്ധതി പബ്ലിക് എന്റർൈപ്രസസ് ബോർഡിനു മുന്നിലെത്തുന്നു, അഞ്ചു ദിവസത്തിനുള്ളിൽ 2005 മേയ് 18ന് അത് കാബിനറ്റിനു മുന്നിൽ വെയ്ക്കുകയും തൊട്ടടുത്ത ദിവസം മേയ് 19ന് പദ്ധതിക്ക് അംഗീകാരം ലഭിക്കുകയും ചെയ്യുന്നു. മെക്കോൺ സമർപ്പിച്ച ഈ പദ്ധതി യാതൊരു വിദഗ്ദ്ധ പഠനവും കൂടാതെയാണ് സർക്കാർ അംഗീകാരം നൽകിയതെന്നത് പ്രധാനമാണ്. മാത്രവുമല്ല 2005 മേയ് 13നു മാത്രമേ പബ്ലിക് എന്റർൈപ്രസസ് ബോർഡ് മെക്കോൺ തയ്യാറാക്കിയ പദ്ധതിപ്രകാരമുള്ള പദ്ധതിക്ക് അംഗീകാരം കൊടുക്കുന്നുള്ളുവെന്നിരിക്കേ, 2005 ഏപ്രിൽ 23ന് മുഖ്യമന്ത്രി സുപ്രീം കോടതി മോണിട്ടറിങ് സമിതി അദ്ധ്യക്ഷന് കത്തെഴുതിയപ്പോൾ എങ്ങനെയാണ് മെക്കോണിന്റെ പേര് പരാമർശവിധേയമായത്? നേരത്തെ മെക്കോണുമായി ടിടിപിക്ക് ബന്ധമുണ്ടെന്നു വന്നാലും മെക്കോണിനെ പദ്ധതി ഏൽപ്പിക്കാൻ അതിനു മുന്പേ തീരുമാനമായിരുന്നുവെന്ന് അതിൽ നിന്നും വ്യക്തം.

മലിനീകരണ നിയന്ത്രണ ബോർഡ് 12 കാരണങ്ങൾ ചൂണ്ടിക്കാട്ടി പദ്ധതിയെ എതിർത്തെങ്കിലും 2006 ജനുവരി അഞ്ചാം തീയതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ പദ്ധതിക്കുണ്ടെന്ന് കാട്ടി മുഖ്യമന്ത്രി ഡോക്ടർ ജി ത്യാഗരാജന് കത്തെഴുതിയതിന് തൊട്ടടുത്ത ദിവസം പദ്ധതിയെ എതിർത്ത അന്നത്തെ ആരോഗ്യമന്ത്രി കെകെ രാമചന്ദ്രൻ മാസ്റ്ററെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുമതലയിൽ നിന്ന് മാറ്റി വനംപരിസ്ഥിതി മന്ത്രിയായിരുന്ന എ സുജനപാലിന് മലിനീകരണ നിയന്ത്രണ ബോർഡ് ഏൽപിച്ചു നൽകിയതിലുമുണ്ടായിരുന്നു കാര്യങ്ങൾ. അഴിമതി നടത്താനാണ് തന്നെ മാറ്റിയതെന്ന് കെകെ രാമചന്ദ്രൻ മാസ്റ്റർ കഴിഞ്ഞയാഴ്ച പുതിയ സംഭവവികാസങ്ങൾ മുൻനിർത്തി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. 

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിൽ അന്ന് മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിക്കേണ്ടത് അടിയന്തര ആവശ്യമായിരുന്നുവെന്ന കാര്യത്തിൽ തർക്കമില്ല. അന്ന് പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനമെടുത്തില്ലായിരുന്നുവെങ്കിൽ ഫാക്ടറി പൂട്ടിപ്പോകുക പോലും ചെയ്യുമായിരുന്നുവെന്നത് ഒരു വാസ്തവമാണ്. സൾഫർ ഉപയോഗിച്ചുള്ള മാർഗ്ഗത്തിലൂടെ ടൈറ്റാനിയം ഓക്‌സൈഡ് നിർമ്മിക്കുന്ന ഫാക്ടറി ലോകത്തെ തന്നെ ഏറ്റവും മലീനികരണമുണ്ടാക്കുന്ന വ്യവസായങ്ങളിലൊന്നാണെന്ന് വിദഗ്ദ്ധർ പറയുന്നു. സാധാരണഗതിയിൽ ആ പ്രക്രിയയിൽ ഉപയോഗിക്കുന്ന സൾഫ്യൂറിക് ആസിഡ് കടലിലേയ്ക്ക് തള്ളുകയായിരുന്നു പതിവെങ്കിലും 2003ലെ നിയമത്തിന്റെ വരവോടെ അത് അസാധ്യമായി. സർക്കാർ നേരത്തെ തന്നെ ഡോക്ടർ എഡി ദാമോദരൻ അദ്ധ്യക്ഷനായി ഒരു കമ്മിറ്റി രൂപീകരിച്ച് ഈ പ്രശ്‌നത്തെപ്പറ്റി പഠിക്കുകയും ചെയ്തതാണ്. നിർവീര്യമാക്കപ്പെട്ട മാലിന്യങ്ങൾ കടലിലേയ്ക്ക് തള്ളുന്ന യൂറോപ്യൻ നിലവാരമുള്ള പദ്ധതിയാണ് അദ്ദേഹം നിർദ്ദേശിച്ചത്. 2000 നവംബറിൽ ഏത് പദ്ധതി നടപ്പാക്കണമെന്ന് പരിശോധിക്കാൻ ഫെഡോയെ (ഫാക്ട് എഞ്ചിനീയറിങ് ആന്റ് ഡിസൈൻ ഓർഗനൈസേഷൻ) പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റായി നിയമിക്കുകയും അവർ 108.30 കോടി രൂപ ചെലവിൽ ന്യൂൈട്ര
ലൈസേഷൻ പ്ലാന്റും (എൻപി) ആസിഡ് റിക്കവറി പ്ലാന്റും (എ ആർ പി) കോപ്പറാസ് റിക്കവറി പ്ലാന്റും (സിആർപി) നിർമ്മിക്കാനാകുമെന്ന് 2001ൽ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതിന് 2001ൽ തന്നെ സർക്കാർ അംഗീകാരം നൽകിയെങ്കിലും കോടതികൾക്കു മുന്നിലും ലോകായുക്തയ്ക്കു മുന്നിലും ഇതു സംബന്ധിച്ച് പരാതികൾ ഉയർന്നു. 2003 ഒക്ടോബറിൽ ഹൈക്കോടതി പദ്ധതി നടപ്പാക്കാൻ രണ്ടര വർഷം കൂടി സമയം അനുവദിച്ചു. ആ സമയത്താണ് പുതിയ പദ്ധതി പിൻവാതിലൂടെ ടൈറ്റാനിയത്തിലേയ്ക്ക് പ്രവേശിക്കുന്നത്.

ഫെഡോയുടെ പ്രോജക്ടിന് അംഗീകാരം നൽകപ്പെട്ടില്ല. പകരം മൊത്തം 256 കോടി രൂപ ചെലവിൽ പദ്ധതി നടപ്പാക്കാനായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോണിനെ പ്രോജക്ട് കൺസൾട്ടന്റായി വെയ്ക്കുകയും ഫിൻലാൻഡിലെ ചെമട്ടൂർ ഇക്കോപ്ലാനിങ് പദ്ധതി നടപ്പാക്കുകയും ചെയ്യുമെന്നായിരുന്നു കരാർ. ഇത് ഫാക്ടറിയെ സംബന്ധിച്ചിടത്തോളം താങ്ങാനാകുന്നതല്ലെന്ന് അന്നത്തെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മെന്പർ സെക്രട്ടറി (ടെക്‌നിക്കൽ) ആയിരുന്ന ഡോക്ടർ എസ്ഡി ജയപ്രസാദ് റിപ്പോർട്ട് നൽകിയെങ്കിലും അത് അവഗണിക്കപ്പെട്ടു. കാരണം ഈ പദ്ധതിക്ക് മൂന്നു ഘടകങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന്, ഫെറസ് സൾഫേറ്റ് റിക്കവർ ചെയ്യാനുള്ള സിആർപി, രണ്ട്, എആർപി. മൂന്ന്, എൻപി. അതിൽ ആദ്യത്തേത് ഫെറസ് സൾഫേറ്റ് റിക്കവറി സാധ്യമായ കാര്യമാണെന്ന് മുന്പൊരു കന്പനി കാണിച്ചിട്ടുള്ളതാണ്. എന്നാൽ ആസിഡ് റിക്കവറി ചെലവേറിയ പ്രക്രിയയായിരുന്നു. മൂന്നാമത്തെ ഘടകമായ ന്യൂൈട്ര
ലൈസേഷനും അസാധ്യമായിരുന്നു. മൊത്തം 68.87 കോടി രൂപ ചെലവഴിക്കപ്പെട്ട എആർപിയോ സിആർപിയോ 34.68 കോടി രൂപ ചെലവഴിച്ച എൻപിയോ ഇന്ന് ഉപയോഗശൂന്യമായി ടൈറ്റാനിയത്തിൽ കിടക്കുന്നു.

അപ്പോൾ പിന്നെ സുപ്രീം കോടതി മോണിട്ടറിങ് കമ്മിറ്റിയുടെ നിർദ്ദേശം മറയാക്കിക്കൊണ്ട് മാലിന്യനിർമ്മാർജന പ്ലാന്റ് നിർമ്മിക്കുകയെന്നതിനപ്പുറം കന്പനിക്ക് ലാഭമുണ്ടാക്കി നൽകാനാണെന്ന വ്യാജേനെ ആധുനീകരണ വിഭാഗീകരണ പദ്ധതികൾ കൂടി അതിന്റെ ഭാഗമാക്കി എഴുതിച്ചേർത്ത് ഒരു പുതിയ പ്രോജക്ടിന് സർക്കാർ എന്തിനാണ് രൂപം നൽകിയത്? ചെലവു കുറഞ്ഞ ഒരു എൻപി കൊണ്ട് മാത്രം പരിഹരിക്കപ്പെടുമായിരുന്ന പ്രശ്‌നം നവീകരണ ജോലികൾ ആവശ്യമാണെന്ന് വരുത്തിത്തീർത്ത് വലുതാക്കി മാറ്റുകയായിരുന്നു സർക്കാർ. ഡോക്ടർ എസ് പുഷ്പവനം 2008 ഏപ്രിലിൽ സമർപ്പിച്ച റിപ്പോർട്ടിൽ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഒന്നാം ഭാഗം നടപ്പാക്കുന്നത് സാന്പത്തികമായി ഗുണകരമാവില്ലെന്നും രണ്ടാം ഭാഗം നടപ്പാക്കുന്നത് സാങ്കേതികമായി നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടിയതും ഇതിനു തെളിവാണ്. അതിനർത്ഥം മെക്കോണിലൂടെ ടിടിപി നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതി ഒരു സന്പൂർണ പരാജയമാണെന്നു തന്നെയാണ്.  

1998ൽ ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഫെഡോ ന്യൂൈട്രലൈസേഷൻ പ്ലാന്റിലൂടെ കേവലം 10.8 കോടി രൂപ ചെലവിൽ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്ന് കണ്ടെത്തിയതായിരുന്നു. സിആർപി, എആർപി കൂടി ഉൾപ്പെടുത്തിയാൽ തന്നെയും 72.48 കോടി രൂപയേ അതിനുള്ള ചെലവായി ആ റിപ്പോർട്ടിൽ കണക്കാക്കിയിരുന്നുള്ളു. അതായത് 83.28 കോടി രൂപ ചെലവുള്ള പദ്ധതി. 2004ൽ എകെ ആന്റണി മുഖ്യമന്ത്രിയായപ്പോൾ ഫെഡോയുടെ ഈ പദ്ധതിയാണ് നടപ്പാക്കാൻ നിർദ്ദേശം നൽകിയത്. എന്തായാലും അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണകാലത്തു തന്നെ (2004-2005) കാലയളവിൽ തന്നെ ലൈറ്റർ ഓഫ് ക്രെഡിറ്റ് അടക്കമുള്ള പണം കൈമാറൽ സംവിധാനങ്ങൾ നിലവിൽ വന്നിരുന്നു. അതിവേഗത്തിലായിരുന്നു പ്ലാന്റ് സംബന്ധിച്ച നടപടികൾ ചാണ്ടി സർക്കാർ മുന്നോട്ട് നീക്കിയത്. ടിടിപിക്കായി മെക്കോണും ന്യൂൈട്രലൈസേഷൻ പ്ലാന്റിന്റെ നിർമ്മാതാക്കളായ വിഎ ടെക് വബാഗ് ലിമിറ്റഡും തമ്മിൽ 2006 ഏപ്രിൽ 25ന് കരാരൊപ്പിട്ടെങ്കിൽ എആർപിക്കും സിആർ പിക്കുമായി ചെമട്ടൂർ ഇക്കോ പ്ലാനിങ്ങുമായും (സിഇ പി) എവി ഐ യൂറോപ്പുമായും (എവിഐ) 2006 ഫെബ്രുവരി 10 ഒരു ത്രികക്ഷി കരാറിൽ മെക്കോൺ ഏർപ്പെട്ടു. കരാർ മൂല്യത്തിന്റെ 90 ശതമാനത്തിനായുള്ള ലെറ്റർ ഓഫ് ക്രെഡിറ്റ് 2006 മാർച്ചിൽ ഓപ്പൺ ചെയ്യുകയും ചെയ്തു. സിഇപിയുമായും എവിഐയുമായുള്ള ടിടിപിയുടെ കരാർ പ്രകാരം കരാറിന്റെ ആരംഭത്തിനു മുന്പായി തന്നെ കരാറിന്റെ 100 ശതമാനം എൽസി ഓപ്പൺ ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. എൽ സി ഓപ്പൺ ചെയ്ത മുറയ്ക്ക് എട്ടു കോടി രൂപ കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിം കുഞ്ഞിനും ലഭിച്ചുവെന്നാണ് 23ാം സാക്ഷിയായ കെഎ റൗഫ് വിജിലൻസിന് നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയിട്ടുള്ളത്. അച്യുതാനന്ദൻ മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ആണ് 2006 ഒക്ടോബർ ആറിന് പദ്ധതിക്ക് തറക്കല്ലിട്ടത്. പക്ഷേ പദ്ധതിയുടെ നടത്തിപ്പ് പല കാരണങ്ങളാൽ വൈകിയതിനെ തുടർന്ന് 2007 ജൂണിൽ പദ്ധതിയുടെ കൺസൾട്ടന്റായ മെക്കോൺ സർക്കാരിനെ സമീപിക്കുകയും പദ്ധതിയുടെ ചെലവ് നേരത്തെ പറഞ്ഞ 256 കോടി രൂപയിൽ നിന്നും 158 കോടി രൂപ ഉയർന്ന് 414 കോടി രൂപ ആയെന്ന് അറിയിക്കുകയും ചെയ്തു. തുടർന്നാണ് പദ്ധതിയെപ്പറ്റി വിശദമായി അന്വേഷണം നടത്താൻ സർക്കാർ കിറ്റ്‌കോയെ ഏൽപ്പിച്ചത്. അതിനിടെ തന്നെ പദ്ധതിയുടെ കൺസൾട്ടേഷൻ വകയിലും ഉപകരണങ്ങൾ എത്തിച്ച വകയിലും സർക്കാർ ഖജനാവിൽ നിന്നുംകോടികൾ ചെലവഴിച്ചു കഴിഞ്ഞിരുന്നു. ഈ പദ്ധതി ഫാക്ടറിക്ക് വലിയ സാന്പത്തികനഷ്ടം ഉണ്ടാക്കുമെന്ന നിലപാട് തന്നെയാണ് കിറ്റ്‌കോയും സ്വീകരിച്ചത്. പക്ഷേ കിറ്റ്‌കോയുടെ റിപ്പോർട്ട് അനുസരിച്ച് ഒരു നടപടിയെടുക്കാനാകാത്തതിനെ തുടർന്നാണ് മദ്രാസ് ഐഐടിയിലെ കെമിക്കൽ എഞ്ചിനീയറിങ് വിഭാഗം മേധാവിയായ ഡോക്ടർ പുഷ്പവനം അദ്ധ്യക്ഷനാക്കി പദ്ധതിയെപ്പറ്റി പഠിക്കാൻ സംസ്ഥാന സർക്കാർ കമ്മിറ്റിയുണ്ടാക്കിയത്. ഈ കമ്മിറ്റി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പദ്ധതി വലിയ സാന്പത്തിക ബാധ്യതയ്ക്കിടയാക്കുമെന്ന് വ്യക്തമാക്കിയതിനെ തുടർന്നാണ് അന്നത്തെ ഇടതു സർക്കാർ ഇക്കാര്യത്തിൽ 2008 നവംബറിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. 

മെക്കോണിന്റെ ജനറൽ മാനേജർ ഡികെ ബസുവും രാജീവനും എറണാകുളം കേന്ദ്രീകരിച്ചു നടത്തിയ ഗൂഢാലോചനയിലൂടെയാണ് പദ്ധതി രൂപപ്പെടുന്നതെന്നുള്ള വിവരം വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ചെമട്ടൂർ ഇക്കോപ്ലാനിങ്ങിന്റെ ഏജന്റ് ആയാണ് വാസ്തവത്തിൽ രാജീവന്റെ അവതാരം. പദ്ധതിയുടെ പ്രധാന സൂത്രധാരന്മാരായ ഇവരെ രണ്ടു പേരെയും കണ്ടെത്താനായില്ലെന്ന ഒഴിവുകഴിവ് നിരത്തിക്കൊണ്ടാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ 2014ൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതെന്നതാണ് വിരോധാഭാസം. മെക്കോൺ ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് ബസുവിനേയും ഇടനിലക്കാരനും ചെമട്ടൂർ ഇക്കോ പ്ലാനിങ്ങിന്റെ ഏജന്റായി പ്രവർത്തിച്ചുവെന്ന് പറയപ്പെടുന്ന ഗ്രിൻടെക്‌സിന്റെ രാജീവനേയും ചോദ്യം ചെയ്യാതെ അന്വേഷണം പൂർണമാകുകയില്ല. പ്രത്യേകിച്ചും 2006 ഫെബ്രുവരി 10ന് മെക്കോണുമായി സർക്കാർ കരാറിൽ ഏർപ്പെട്ടെങ്കിലും 12 മാസത്തിനുള്ളിൽ അവർ ചെയ്യാമെന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ആകെ പൂർത്തീകരിച്ചത് ഉപകരണങ്ങളുടെ ഇറക്കുമതി മാത്രമായതിനാൽ. 

സ്വാർത്ഥ താൽപര്യങ്ങൾക്കായി അടിയന്തര സാഹചര്യങ്ങളെ മുതലെടുക്കുകയും തങ്ങളുടെ നേട്ടങ്ങൾക്കായി അവയെ വിനിയോഗിക്കുകയും ചെയ്യുന്പോൾ സർക്കാർ ഖജനാവിനുണ്ടാകുന്ന ഭീമമായ നഷ്ടം ഒരർത്ഥത്തിൽ ഒരു പകൽക്കൊള്ള തന്നെയാണ്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും 60 കോടിയും ഫെഡറൽ ബാങ്കിൽ നിന്ന് 20 കോടി രൂപയും 15 കോടി രൂപ േസ്റ്ററ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ വായ്പയെടുത്താണ് ഈ പദ്ധതി മുന്നോട്ടുപോയതെന്നത് പ്രധാനമാണ്. അതുമൂലം കന്പനി ഇപ്പോഴും കടുത്ത സാന്പത്തിക പ്രശ്‌നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു. തൊഴിലാളികളുടെ ആശങ്കകളെ കരുവാക്കി പൊതുഖജനാവിലെ പണം നശിപ്പിക്കാൻ കൂട്ടുനിന്നവരെ നിയമത്തിനു മുന്നിലെത്തിക്കാൻ വിജിലൻസ് ഇച്ഛാശക്തി പ്രകടിപ്പിക്കുമോ എന്നാണ് ഇനി കാണേണ്ടത്.

You might also like

Most Viewed