സി.ബി.ഐ കാണാതെ പോയത്!
2013 ജൂൺ 13ാം തീയതി രാത്രി പത്തുമണിക്കാണ് ക്ലിഫ് ഹൗസിലെത്തി കളമശ്ശേരി ആഞ്ഞിക്കാട്ടു വീട്ടിൽ എ.കെ നാസറും അദ്ദേഹത്തിന്റെ അനുജൻ നൗഷാദും അവരുടെ ഒരു സുഹൃത്തും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടത്. കളമശ്ശേരി പത്തടിപ്പാലത്ത് നാസറിന്റെ ഉമ്മ ഷെരീഫയും കുടുംബവും കൈവശം വെച്ചിരിക്കുന്ന, ഇരുപത്തഞ്ചു കോടി രൂപയോളം വിലമതിപ്പുള്ള ഒരേക്കർ പതിനാറ് സെന്റ് ഭൂമി മുഖ്യമന്ത്രിയുടെ ഗൺമാൻ സലിം രാജ് അയാളുടെ ബന്ധുവും നാസറിന്റെ അയൽവാസിയുമായ അബ്ദുൾ മജീദിന്റെ സഹായത്തോടെ കൈവശപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന പരാതിയുമായാണ് അവർ ഉമ്മൻ ചാണ്ടിയെ കാണാനെത്തിയത്.
അവരുടെ പരാതി കേട്ട ഉമ്മൻ ചാണ്ടി സലിം രാജിനെ അഞ്ചു മിനിറ്റിനുള്ളിൽ മുറിയിലേയ്ക്ക് വിളിച്ചുവരുത്തി. ‘എന്താണ് ഞാനീ കേൾക്കുന്നതെന്ന്’’ അദ്ദേഹം സലിം രാജിനോട് ചോദിച്ചു. ആദ്യം നാസറിനേയും നൗഷാദിനേയും അറിയില്ലെന്ന് നടിച്ച സലിം രാജ് പിന്നീട് അവരെ ഓർമ്മ വന്നതായി തുറന്നു സമ്മതിച്ചു. പിന്നീട് കണ്ട കാഴ്ച നാസറിനേയും നൗഷാദിനേയും ഞെട്ടിച്ചു. സലിംരാജ് നടന്ന കാര്യങ്ങളൊക്കെ ഒരു ധീരനെപ്പോലെ നിന്ന് മുഖ്യമന്ത്രി ചാണ്ടിയോട് ഒരു ഉളുപ്പുമില്ലാതെ സമ്മതിച്ചു. ഭൂമി സംബന്ധിയായ സർക്കാർ ഉത്തരവ് ഇറക്കിയതടക്കമുള്ള എല്ലാ കാര്യങ്ങളും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്താണെന്ന് സലിംരാജ് മുഖ്യമന്ത്രിയോട് സമ്മതിച്ചു. എല്ലാം പറഞ്ഞുകഴിഞ്ഞശേഷം മുഖ്യമന്ത്രിയുടെ മുന്നിൽ നിന്ന് സലിം രാജ് ധാർഷ്ഠ്യത്തിൽ ‘ഇതിനൊക്കെ എന്താണ് നിങ്ങളുടെ കൈയിൽ തെളിവുള്ളതെന്ന്’ നാസറിനോട് ചോദിച്ചു.
അതിന് നാസർ സലിം രാജിനോടല്ല മറിച്ച് മുഖ്യമന്ത്രിയ്ക്കാണ് മറുപടി നൽകിയത്. ‘ഇത് ജാംബവാന്റെ കാലമല്ലെന്നും ആധുനിക യുഗമാണെന്നും സലിം രാജിന് എതിരെയുള്ള തെളിവുകൾ സാറിന് വേണമോ’ എന്നുമായിരുന്നു ഉമ്മൻ ചാണ്ടിയോടുള്ള നാസറിന്റെ ചോദ്യം. ‘എന്തിനാ വേറെ തെളിവ്; സലിംരാജ് എല്ലാം സമ്മതിച്ചല്ലോ. ഇനി വേറെ തെളിവിന്റെ ആവശ്യമില്ലെന്ന്’ ആയിരുന്നു ചാണ്ടിയുടെ മറുപടി. നാസർ നൽകിയ പരാതി കൈയിൽ സ്വീകരിച്ചുകൊണ്ട് ‘ഇത് ഇനി എന്റെ സ്വന്തം പരാതിയാണെന്നും ഇനി ഈ വിഷയം എന്റേതാണെന്നും ഇതിന് നിങ്ങൾക്ക് ഞാൻ പരിഹാരമുണ്ടാക്കിത്തരുമെന്നും നടപടി സ്വീകരിക്കുമെന്നും’ മുഖ്യമന്ത്രി നാസറിനും സംഘത്തിനും ഉറപ്പുനൽകി. പക്ഷേ മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ച് മടങ്ങിപ്പോന്ന നാസർ ഒരു നടപടിയും ഉണ്ടാകാതിരുന്നതിനെ തുടർന്ന് 2013 ജൂൺ 21−ാം തീയതി വീണ്ടും ചാണ്ടിയെ കാണാനെത്തി. ‘താനിന്ന് ഒന്നര മണിക്കൂറോളം നിങ്ങളുടെ വിഷയം റവന്യൂമന്ത്രിയുമായി ചർച്ച ചെയ്തിരുന്നുവെന്നും റവന്യൂ വകുപ്പിൽ നിന്നും നോട്ട് എടുത്തപ്പോൾ ഈ ഭൂമി നിങ്ങളുടെ ഭൂമി തന്നെയാണെന്ന്’ ബോധ്യപ്പെട്ടുവെന്നും ചാണ്ടി അവരോട് പറഞ്ഞു. പക്ഷേ ഇതേപ്പറ്റി നാസർ അന്നത്തെ പ്രതിപക്ഷ നേതാവായ അച്യുതാനന്ദന് പരാതി നൽകിയതിനാൽ ‘വി എസ് അതേപ്പറ്റി വല്ലാതെ ബഹളമുണ്ടാക്കുകയാണെന്നും ഭൂമി സർക്കാരിലേയ്ക്ക് തന്നെ കണ്ടുകെട്ടണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യമെന്നും’ ചാണ്ടി തുടർന്നുപറഞ്ഞു. ‘സർക്കാരിലേയ്ക്ക് നിങ്ങളുടെ ഭൂമി കണ്ടുകെട്ടാൻ എന്താണ് മാർഗമെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ’ എന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ നാസർ കയർത്തു. ‘86 വർഷമായി തങ്ങളുടെ കൈയിലിരിക്കുന്ന ഭൂമി എങ്ങനെ നിങ്ങൾക്ക് സർക്കാർ ഭൂമിയാക്കാനാകുമെന്ന്’ നാസർ ചാണ്ടിയോട് ചോദിച്ചു. ‘അതിനുള്ള മാർഗങ്ങൾ ഞങ്ങൾ തേടുകയാണെന്നായിരുന്നു’ മുഖ്യമന്ത്രി ചാണ്ടിയുടെ മറുപടി.
‘ഭൂമി കണ്ടുകെട്ടുമെന്ന’ മുഖ്യമന്ത്രിയുടെ ഭീഷണി വന്നതിനു പ്രധാന കാരണം സലിംരാജ് തന്നെയായിരുന്നുവെന്നാണ് നാസർ പറയുന്നത്. അവർ പരാതി നൽകി മടങ്ങിയതിനുശേഷമുള്ള ഒരാഴ്ച കൊണ്ട് സലിം രാജ് മുഖ്യമന്ത്രിയെ കൈയിലെടുത്തുവെന്ന് സാരം. 2013 ജൂൺ 13−ാം തീയതി നാസറും കൂട്ടരും ചെന്നു കണ്ടതിന് തൊട്ടടുത്ത ദിവസം സലിം രാജിനെ ഗൺമാൻ സ്ഥാനത്തു നിന്ന് സർക്കാർ നീക്കിയിരുന്നു. സോളാർ കേസ്സിലാണ് സലിംരാജിനെ പുറത്താക്കിയതെന്നാണ് പുറമേയ്ക്കുള്ള അറിവെങ്കിലും യഥാർത്ഥത്തിൽ സലിം രാജ് പുറത്തായത് കളമശ്ശേരി ഭൂമി തട്ടിപ്പിനെപ്പറ്റിയുള്ള പരാതിയുടെ അക്കൗണ്ടിലാണെന്നതാണ് വാസ്തവം.
പക്ഷേ കളമശ്ശേരി− കടകംപള്ളി ഭൂമി തട്ടിപ്പുകേസ്സിൽ കഴിഞ്ഞയാഴ്ച സലിംരാജ് ഉൾപ്പെടെ 22 പ്രതികളെ ഒഴിവാക്കിക്കൊണ്ടാണ് സി.ബി.ഐ കുറ്റപത്രം പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. തട്ടിപ്പിൽ ഉന്നതർക്കുള്ള ബന്ധം സി.ബി.ഐ തള്ളിക്കളഞ്ഞു. റവന്യു ഉദ്യോഗസ്ഥരേയും സലിംരാജിന്റെ ബന്ധുക്കളേയും മാത്രമാണ് തട്ടിപ്പിൽ പ്രതി ചേർത്തിരിക്കുന്നത്. കളമശ്ശേരി ഭൂമി തട്ടിപ്പുകേസ്സിൽ സലീംരാജിന്റെ ബന്ധുക്കളായ അബ്ദുൾ മജീദ്, അബ്ദുൾ സലാം എന്നിവരും റവന്യു ഉദ്യോഗസ്ഥരായ സാബു, മൊറാദ്, എറണാകുളം കളക്‌ട്രേറ്റിലെ യു.ഡി ക്ലാർക്കായ ഗീവർഗീസ്, അഡീഷണൽ തഹസിൽദാറായ കൃഷ്ണകുമാരി എന്നിവരുമാണ് മറ്റ് നാല് പ്രതികൾ. കടകംപള്ളി ഭൂമി തട്ടിപ്പുകേസ്സിൽ മുൻ ഡെപ്യൂട്ടി തഹസീൽദാർ വിദ്യോദയ കുമാർ അടക്കം അഞ്ചു പ്രതികളാണുള്ളത്. നിസ്സാർ അഹമ്മദ്, സുഹറാ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി, അബ്ദുൾ മജീദ് എന്നിവരാണ് മറ്റു പ്രതികൾ. 2014 ഏപ്രിലിൽ കടകംപള്ളി ഭൂമി തട്ടിപ്പുകേസ്സിൽ സി.ബി.ഐ കേസ്സ് രജിസ്റ്റർ ചെയ്യുന്പോൾ അതിലുണ്ടായിരുന്ന 27 പ്രതികളിൽ നിന്നാണ് ഇപ്പോൾ പ്രതികൾ ആറായി ചുരുങ്ങിയത്.
കടകംപള്ളി കേസ് അന്വേഷിക്കുന്ന സിബിഐ തിരുവനന്തപുരം യൂണിറ്റും കളമശ്ശേരി കേസ് അന്വേഷിക്കുന്ന സിബിഐ കൊച്ചി യൂണിറ്റും സംയുക്തമായാണ് സലിം രാജിനെ 2014−ൽ അറസ്റ്റ് ചെയ്തത്. കടകംപള്ളിയിലെ 44.5 ഏക്കർ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് തിരുവനന്തപുരത്തെ കേസ്. സി.ബി.ഐ തിരുവനന്തപുരത്തെ പ്രത്യേക കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറിൽ സലിംരാജ് 21−ാം പ്രതിയും ഭാര്യ ഷംഷാദ് 22−ാം പ്രതിയുമായിരുന്നു. വിശ്വാസ വഞ്ചന, ഗൂഢാലോചന, അഴിമതി നിരോധന നിയമം അടക്കമുള്ള വകപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നതെങ്കിലും സലിം രാജ് അടക്കമുള്ളവരെ പ്രതിചേർക്കാൻ വേണ്ട തെളിവുകൾ ലഭിക്കാത്തതിനാലാണത്രേ സി.ബി.ഐ അവരെ ഇപ്പോൾ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയത്.
റവന്യൂവകുപ്പിൽ ജോലി ചെയ്യുന്ന സലിംരാജിന്റെ ഭാര്യക്കെതിരെ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ടു നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. 450 കോടിയിൽപ്പരം രൂപ വില മതിക്കുന്ന 44.5 ഏക്കർ ഭൂമി തട്ടിയെടുക്കാനായിരുന്നു കടകംപള്ളി ഭൂമിയിടപാടിൽ ശ്രമം നടന്നതെന്നാണ് ഇതു സംബന്ധിച്ച പരാതികൾ. ഈ കേസിൽ വിജിലൻസ് അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരുന്നതെങ്കിലും പിന്നീട് നാസറിന്റെ പരാതിയിലാണ് കേസന്വേഷണം സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവായത്. എന്നാൽ ഒരു വർഷം നീണ്ട അന്വേഷണത്തിനുശേഷം സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ സലിംരാജ് അടക്കം 22 പേരെ ഒഴിവാക്കിയതിനുള്ള കാരണം സി. ബി.ഐ ബോധിപ്പിച്ചില്ല. ഇക്കാര്യം മുൻ നിർത്തിയാണ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി പി.വി ബാലകൃഷ്ണൻ 2016 ജൂലൈ 25−ാം തീയതി പ്രസ്തുത കുറ്റപത്രം ഇപ്പോൾ തിരിച്ചയച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ഇനി നിയമോപദേശം തേടിയശേഷം മാത്രമേ സി.ബി.ഐ ആ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുള്ളുവെന്നാണ് അറിയുന്നത്.
സലിംരാജും ഭാര്യയും കുറ്റപത്രത്തിൽ നിന്നും എങ്ങനെ ഒഴിവാക്കപ്പെട്ടുവെന്നതിനെപ്പറ്റി സി.ബി. ഐ ഒന്നും തന്നെ പറയുന്നില്ലെന്നിരിക്കേ, അതേപ്പറ്റി സംശയങ്ങളുണ്ടാകുക സ്വാഭാവികം മാത്രം. പ്രത്യേകിച്ചും ഇടപാടിൽ അവർക്കുള്ള പങ്കും ഉന്നത ബന്ധങ്ങളുമൊക്കെ നേരത്തെ സി.ബി.ഐയുടെ പ്രഥമ വിവര റിപ്പോർട്ടിൽ ഉണ്ടായിരുന്നതിനാൽ! കളമശ്ശേരി ഭൂമി തട്ടിപ്പുകേസ്സു തന്നെ വിശദമായി പരിശോധിച്ചാൽ സലിംരാജിന്റെ പങ്ക് ബോധ്യപ്പെടാവുന്നതേയുള്ളു. എ.കെ നാസറിന്റെ അമ്മയുടെ പേരിലുള്ള ഭൂമിയിൽ 78 സെന്റ് ഭൂമി തങ്ങളുടേതാണെന്ന് കാണിച്ച് 2007−ൽ തന്നെ സലിംരാജിന്റെ ബന്ധുവായ അബ്ദുൾ മജീദ് ഒരു കേസ്സ് നാസർ കുടുംബത്തിനെതിരെ എറണാകുളം സബ്‌കോടതിയിൽ നൽകിയിരുന്നു. അവരുടെ ഒരേക്കർ പതിനാറു സെന്റ് സ്ഥലത്തെ 78 സെന്റ് മജീദിന്റേതാണെന്നായിരുന്നു പരാതി. മൂന്നു രേഖകളാണ് അവർ അതിനായി കോടതിയിൽ ഹാജരാക്കിയത്. അതിൽ ഒരു ആധാരം വെട്ടിത്തിരുത്തിയ നിലയിലായിരുന്നു. ഇത് സബ്ജഡ്ജിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് സബ്ജഡ്ജി സർട്ടിഫൈഡ് കോപ്പി ആവശ്യപ്പെട്ടു. സർട്ടിഫൈഡ് കോപ്പിയിൽ വെട്ടിത്തിരുത്തുകളുണ്ടായിരുന്നില്ല. അത് തട്ടിപ്പാണെന്ന് അതോടെ കോടതിക്ക് ബോധ്യപ്പെട്ടു. ആലുവ മജിസ്‌ട്രേറ്റിന് തുടർന്നു നാസറും കുടുംബവും പരാതി നൽകുകയും കളമശ്ശേരി പോലീസ് അവരുടെ പേരിൽ വ്യാജരേഖ ചമയ്ക്കലും വഞ്ചനാകുറ്റമടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസ്സെടുക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയിൽ ഈ വിധിക്കെതിരെ മജീദും കൂട്ടരും പോയെങ്കിലും ഫലമുണ്ടായില്ല. ആദ്യനീക്കത്തിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് സലിം രാജുമായി കൂടിച്ചേർന്ന് വില്ലേജ് ഓഫീസറുമായി ചേർന്ന് നാസറിന്റെ അച്ഛൻ കാദർപിള്ളയുടെ പേരിലുണ്ടായിരുന്ന 67 സെന്റ് ഭൂമിയുടെ തണ്ടപ്പേര് തിരുത്തൽ നടന്നത്. 1960ലെ ആ തണ്ടപ്പേര് പേജിന്റെ സ്ഥാനത്ത് 1990ലെ മറ്റൊരാളുടെ പേരിലുള്ള തണ്ടപ്പേര് പേജ് കയറ്റിയെഴുതുകയായിരുന്നു. മുന്പിലേക്കും പുറകിലേക്കും 10 പേജുകൾ വീതം നാസർ വിവരാവകാശ പ്രകാരം കോപ്പിയെടുത്തപ്പോഴാണ് ഈ കള്ളക്കളി വ്യക്തമായത്. വ്യത്യസ്തമായ മഷിയിലും വേറെ കൈയക്ഷരത്തിലുമാണ് ഇത് എഴുതിയിരുന്നത്. 2007ൽ നാസർ തണ്ടപ്പേര് പേജ് വിവരാവകാശ നിയമപ്രകാരം എടുത്തിരുന്നു. അതിനുശേഷമാണ് മജീദും സലിംരാജും ഈ കള്ളക്കളി നടത്തിയത്. തിരുവനന്തപുരത്തെ സെൻട്രൽ ആർക്കൈവ്‌സിലുള്ള പഴയ തണ്ടപ്പേര് പേജുകളുടെ ഒരു സെറ്റ് ആണ് നാസറിന് അനുഗ്രഹമായത്.
2011−ൽ ചാണ്ടി മുഖ്യമന്ത്രി ആയ ഉടനേയാണ് സലിം രാജിന്റെ തട്ടിപ്പിന് തുടക്കമായത്. 2011ൽ അബ്ദുൾ മജീദിന്റെ സഹോദരൻ അബ്ദുൾ സലാമിന്റെ പേരിൽ നാസറിനെതിരെ ഒരു പരാതി സമർപ്പിക്കുന്നതോടെയാണ് അതിനു തുടക്കം. പരാതിയിലൂടെ ആദ്യം നാസറിന്റെ ഭൂമിയുടെ കരമടയ്ക്കൽ നിർത്തി വയ്പിക്കുന്നതിലാണ് അത് ആരംഭിക്കുന്നത്. അപ്പീലിന്റെ പുറത്ത് ലാൻഡ് റവന്യൂ കമ്മീഷണർ ഹിയറിങ് നടത്താനായി പറഞ്ഞു. നാസറിനെതിരായിരുന്നു റിപ്പോർട്ട്. സ്ഥലം സംബന്ധിച്ച് കേസ്സുണ്ടെന്നും അതിനാൽ ഇടപെടാനാവില്ലെന്നും അതിന്റെ അവസാനം പക്ഷേ എഴുതിച്ചേർത്തിരുന്നു. ഇതിനുശേഷം ഒരു മാസം കഴിഞ്ഞാണ് സലിം രാജിന്റെ ഭാര്യ ഷംഷാദ് എം.എൻ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ ജോയിൻ ചെയ്യുന്നത്. യു.ഡി ക്ലർക്കായിരുന്ന അവർ ഫിനാൻസ് 2 ആയാണ് അവിടെ നിയമിക്കപ്പെട്ടത്. പിന്നീട് പലമട്ടിൽ നാസറിനും കുടുംബത്തിനുമെതിരെയുള്ള ഓപ്പറേഷനുകൾക്ക് തുടക്കമാകുകയായിരുന്നു. പല നാടകങ്ങളും ഒപ്പം അരങ്ങേറി. 26.6.2011−ൽ സലിം രാജ് നാസറിന്റെ കളമശ്ശേരിയിലെ വസതിയിലെത്തി. ഒപ്പം അബ്ദുൾ മജീദും കൂട്ടാളിയായ ദിലീപുമുണ്ടായിരുന്നു. ഈ വസ്തു അബ്ദുൾ മജീദിന്റെ വാപ്പയ്ക്ക് നോട്ടമുണ്ടായിരുന്ന വസ്തുവാണെന്നും ഈ സ്ഥലം സംബന്ധിച്ച് ഇപ്പോൾ പല കേസ്സുകളുമുള്ളതിനാലും തങ്ങൾക്ക് ആ ഭൂമി നൽകിക്കോളാനും അതിന് നാലു കോടി രൂപ നൽകാമെന്നും അവർ പറഞ്ഞു. സെന്റിന് 20 ലക്ഷം രൂപയുള്ള സ്ഥലമായതിനാൽ കുറഞ്ഞത് 25 കോടി രൂപ വിലവരുന്ന ഭൂമിയാണ് നാലു കോടി രൂപയ്ക്ക് അവർ ചോദിച്ചത്. 20,000 ചതുരശ്ര അടിയുള്ള വീടടക്കമുള്ള കെട്ടിടവും അതിലുണ്ട്. മൊത്തം 35 കോടി രൂപ വിലവരുന്ന വസ്തു ആ വിലയ്ക്ക് തരാനാകില്ലെന്നും കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്നും നാസർ മറുപടി നൽകി. അതോടെ സലിം രാജിന്റെ സംഭാഷണത്തിന്റെ രീതി മാറുകയായിരുന്നു. താൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ആണെന്നും തന്റെ സ്വഭാവം നിങ്ങൾക്കറിയില്ലെന്നും ഭീഷണി. താൻ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ നാസറും കുടുംബവും തെരുവിൽ കിടക്കുമെന്നും ടെന്റ് കെട്ടി റോഡിൽ താമസിക്കേണ്ടി വരുമെന്നും സലിംരാജ് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരാളുടെ വീട്ടിൽ മറ്റൊരാൾ കയറിവന്ന് ഭൂമിക്ക് വിലപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയെന്ന് സിനിമകളിലൊക്കെ കാണുംപോലെ ഒരു ഗുണ്ടായിസമാണ് സലിംരാജ് നടത്തിയത്. ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലാത്ത ഈ കുടുംബത്തിൽ നിന്നുള്ള സലിം രാജ് ഭൂമാഫിയകളുടേയും പല തട്ടിപ്പുകാരുടേയും പിണിയാളാകുകയും സർക്കാരിൽ സ്ഥലംമാറ്റത്തിനും നിയമനത്തിനുമൊക്കെ വരെ സ്വാധീനം ചെലുത്താനാകുന്ന ഒരാളായി മാറിയതെന്നുമൊക്കെ ഈ ഭൂമി തട്ടിപ്പ് വാർത്തകൾ പുറത്തുവന്ന സമയത്ത് കേരളം ചർച്ച ചെയ്തതുമാണ്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ എന്തെങ്കിലും തരത്തിൽ ആധാരത്തിലോ തണ്ടപ്പേരിലോ ഒക്കെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തുന്ന ഭൂമികളിലും ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ രേഖകൾ പലതും മുക്കിക്കൊണ്ടും ഭൂമി ഉടമകളെ കെണിയിൽ വീഴ്ത്തിക്കൊണ്ടും അവരുടെ ഭൂമി ചുളുവിലയ്ക്ക് അടിച്ചുമാറ്റുന്നതാണ് ഇവരുടെ പ്രവർത്തനതന്ത്രമെന്നാണ് ഹൈക്കോടതിയിൽ നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ട ചില കേസ്സുകൾ പരിശോധിക്കുന്പോൾ വ്യക്തമാകുന്നത്. അതേപ്പറ്റി ഈ ലേഖകനോട് നാസർ മുന്പ് പറഞ്ഞത് ഇങ്ങനെയാണ്. ‘പ്രശ്‌നമുള്ള ഭൂമി കണ്ടെത്തിയ ഉടനെ സലിംരാജിനെ മജീദ് വിവരമറിയിക്കുന്നു. സലിം രാജ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അവിടെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിളിക്കുന്നതു പോലെ പരാതിക്കാരൻ ഏത് ഓഫീസിലാണോ പരാതി നൽകിയത് ആ ഓഫീസിലേക്ക് വിളിക്കുന്നു. പരാതി ഉടനെ അത് കൈകാര്യം ചെയ്യുന്ന സ്ഥലത്തേയ്ക്ക് ഫോർവേഡ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ഹിയറിങ്ങിന് ഭൂമി ഉടമ രേഖകൾ ഹാജരാക്കുമെങ്കിലും അവയൊന്നും തന്നെ ഉദ്യോഗസ്ഥരെക്കൊണ്ട് അവർ പരിശോധിപ്പിക്കാത്ത വിധം അവർ കാര്യങ്ങൾ മുന്നോട്ടുനീക്കുന്നു.’
സലിം രാജ് എന്ന പോലീസുകാരന് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിക്കു മേൽ ഇത്രമേൽ സ്വാധീനം ചെലുത്താനാകുന്നതെങ്ങനെയെന്ന് പലരും അത്ഭുതപ്പെട്ടിരുന്നു. തലസ്ഥാനത്തും പുറത്തും ഇതുസംബന്ധിച്ച് പല കഥകളും അക്കാലത്ത് പ്രചരിക്കുകയും ചെയ്തിരുന്നു. അത്തരമൊരു കഥ നിയമസഭയിൽ അന്നത്തെ പ്രതിപക്ഷ നേതാവ് അച്യുതാനന്ദൻ വ്യക്തമാക്കിയതും പിന്നീടത് സഭാരേഖകളിൽ നിന്നും നീക്കം ചെയ്തതുമാണ്. സലിംരാജിനും ഭാര്യയ്ക്കുമെതിരെ നിരവധി സാക്ഷിമൊഴികൾ നിലനിൽക്കുന്പോഴാണ് കേസ്സിന്റെ കുറ്റപത്രത്തിൽ നിന്നും അവർ ഇരുവരും ഒഴിവാക്കപ്പെട്ടിരിക്കുന്നതെന്നത് പ്രധാനമാണ്. സാക്ഷിമൊഴികൾക്കപ്പുറം അവർക്കെതിരെ തെളിവുകൾ കണ്ടെത്തുന്നതിൽ സി.ബി.ഐ എന്തുകൊണ്ടാകും പരാജയപ്പെട്ടത്? അതോ അവർ സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയായിരുന്നുവോ? എന്തായാലും അവരെ ഒഴിവാക്കിക്കൊണ്ട് സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയതിനാൽ അവരെ ഒഴിവാക്കിയതിനുള്ള കാരണങ്ങൾ അന്വേഷണ ഏജൻസിക്ക് തീർച്ചയായും വെളിപ്പെടുത്തേണ്ടി വരുമെന്നുറപ്പ്.